UPDATES

ട്രെന്‍ഡിങ്ങ്

ദിവ്യ ഭാരതി/അഭിമുഖം; ആദ്യം തകര്‍ക്കേണ്ടത് വീടിനുള്ളിലേയും പാര്‍ട്ടിക്കുള്ളിലേയും ഹിന്ദുത്വയെയാണ്

ഇവിടുത്തെ സിപിഎം അല്ല തമിഴ്നാട്ടിലെ പാർട്ടി. അവിടെ കമ്മ്യൂണിസ്റ്റ് ആകണമെങ്കിൽ ആദ്യം യുക്തിവാദി ആകണം. പെരിയാറിനെ വായിക്കണം. ഹിന്ദു കമ്മ്യൂണിസ്റ്റ്/ഹിന്ദു സഖാവ് എന്നൊരു സാധ്യതയില്ല

തോട്ടിപ്പണി ചെയ്യേണ്ടി വരുന്ന തൊഴിലാളികളുടെ ജീവിതം ചിത്രീകരിച്ച ‘കക്കൂസ്’ എന്ന ഡോക്യുമെൻററിയുടെ സംവിധായകയാണ് ദിവ്യഭാരതി. ഇതിൻറെ റിലീസിനെ തുടർന്ന് വലിയ തോതിലുള്ള ആക്രമണങ്ങളാണ് ഭരണകൂടവും സംഘപരിവാറും അവർക്ക് നേരെ അഴിച്ചു വിട്ടത്. എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കുന്ന കൃതി സാഹിത്യോൽസവത്തിന്റെ രണ്ടാം ദിവസം കലാകാരനും സമൂഹവും എന്ന വിഷയത്തിൽ സംസാരിക്കാന്‍ ദിവ്യ എത്തിയിരുന്നു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും രാഷ്ട്രീയവുമായി ദിവ്യ ഭാരതി അഴിമുഖവുമായി സംസാരിക്കുന്നു. 

എന്താണ് ദിവ്യയുടെ പശ്ചാത്തലം? ബാല്യം, കുടുംബം?

എൻറെ അച്ഛനൊരു കോട്ടൺ മിൽ തൊഴിലാളിയാണ്. അമ്മ ജോലി ചെയ്തിരുന്നു. എന്നെ പ്രസവിച്ചതിനു ശേഷം മുഴുവന്‍സമയ വീട്ടമ്മയായി. മധ്യവർഗ്ഗത്തിനും താഴെ നിൽക്കുന്ന കുടുംബം. മുപ്പത് – മുപ്പത്തഞ്ച് വർഷം ജോലി ചെയ്തതിനു ശേഷം പിരിഞ്ഞു പോരുമ്പോൾ അച്ഛൻറെ ശമ്പളം എണ്ണായിരം രൂപയാണ്.

രാഷ്ട്രീയം രൂപപ്പെടുന്നത്?

അച്ഛന്‍ ജോലി ചെയ്തിരുന്ന മില്ലിൻറെ ഉടമസ്ഥൻ തന്നെ ഒരു സ്കൂൾ നടത്തിയിരുന്നു.അവിടെയാണ് പഠിച്ചിരുന്നത്. എട്ടാം ക്ളാസ് വരെയേ അവിടെ എല്ലാവരും പഠിക്കൂ. അതിന് ശേഷം പഠനം നിർത്തി മില്ലിൽ തന്നെ ജോലിക്ക് കേറും. അല്ലെങ്കില്‍ കല്യാണം കഴിക്കും. ഞങ്ങൾ രണ്ട് മൂന്ന് പേരാണ് അവിടെ നിന്ന് പത്താം തരം പൂർത്തിയാക്കുന്നത്. സ്കൂൾ നടത്തുന്ന ആൾ തന്നെയാണ് ഈ ബാലവേലയ്ക്ക് ഒത്താശ ചെയ്യുക. അയാൾ അവിടെ ട്രേഡ് യൂണിയനുണ്ടാക്കാനോ മറ്റ് ആവശ്യങ്ങള്‍ ഉന്നയിക്കാനോ ഒന്നും അനുവദിക്കില്ല. ഇത്തരം അനീതികൾ കണ്ടാണ് വളർന്നത്.

അവർ തരുന്ന ഇടുങ്ങിയ കെട്ടിടങ്ങളിലാണ് ഞങ്ങൾ താമസിച്ചു പോന്നിരുന്നത്. ആഴ്ചയിലൊരിക്കൽ അവിടെ പരിശോധനയുണ്ടാകും. മുൻകൂട്ടി പറയാതെ തന്നെ മുതലാളിയും ആൾക്കാരും വരും. അവർ വരുന്ന സമയത്ത് മുഴുവന്‍ ആളുകളും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണം. അത് കുട്ടികളായാലും വയസ്സായവരായാലും ഒക്കെ കണക്ക് തന്നെ. എന്തിനാണ് അവരെ കാണുമ്പോൾ സ്ഥിരമായി നമ്മൾ എഴുന്നേൽക്കുന്നതെന്ന് ഞാൻ ചോദിക്കാൻ തുടങ്ങി. എഴുന്നേൽക്കില്ലെന്ന് ശഠിച്ചപ്പോൾ അത് ഭയങ്കര പ്രശ്നങ്ങളുണ്ടാക്കി.

ഈ അടിച്ചമർത്തലുകൾക്കെതിരെ ശബ്ദം ഉയർത്തിക്കൊണ്ടാണ് എന്റെ രാഷ്ട്രീയം രൂപപ്പെട്ട് വരുന്നത്. എട്ടാം ക്ളാസിലായപ്പോൾ സ്കൂളില്‍ പുതിയ അദ്ധ്യാപകർ വന്നു. അവർ ഏറെക്കുറേ ഇടതുപക്ഷ മനോഭാവമുള്ളവരായിരുന്നു. അവരാണ് പുസ്തകങ്ങൾ വായിക്കാന്‍ നൽകിയത്.

ആദ്യം തന്നത് പെരിയാറിൻറെ പുസ്തകങ്ങളാണ്. തമിഴ്നാട്ടിലെ രാഷ്ട്രീയ ചിന്തയുടെ അടിത്തറ തന്നെ പെരിയാറാണ്. അതിൽ നിന്ന് തുടങ്ങി അംബേദ്കറിലേക്കും മാർക്സിലേക്കും വായന എത്തി. പന്ത്രണ്ടാം ക്ളാസ് ആയപ്പോഴേക്കും റഷ്യൻ, ചൈനീസ് നോവലുകളൊക്കെ വായിച്ചു.

ഈ വായനയും കൺമുന്നിൽ കാണുന്ന ചൂഷണങ്ങളും കൂടിയായപ്പോൾ ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. സിപിഐ (എംഎൽ) ലിബറേഷനിലാണ്. അച്ഛനൊക്കെ വിയോജിപ്പ് ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ ജോലിയെ ബാധിക്കുമെന്ന ഭയമാണ് കാരണം.

അന്ന് ഞാൻ വീടിൻറെ ഭിത്തിയിൽ ചെഗുവേരയുടെ ഫോട്ടോ ഒട്ടിക്കും. അച്ഛന്‍ അത് കീറും. പകരം ഞാൻ അവരുടെ കല്യാണ ഫോട്ടോ എടുത്ത് മാറ്റും. അങ്ങനെ ചെറിയ ചെറിയ അടികൾ ഒക്കെ തുടങ്ങി.

ക്വോട്ടേഴ്സിലേക്ക് വരുന്ന കത്തുകളും പ്രസിദ്ധീകരണങ്ങളും ഒക്കെ മില്ലിലെ ആളുകൾ പൊട്ടിച്ച് വായിച്ചിട്ടേ ഉടമസ്ഥന്റെ കയ്യിലെത്തൂ. സ്വകാര്യത എന്ന സംഗതിയേയില്ല. പാർട്ടി പ്രസിദ്ധീകരണങ്ങൾ എന്റെ വിലാസത്തിൽ വരാൻ തുടങ്ങിയതോടെ അവരത് കണ്ടു പിടിച്ചു. പാർട്ടി മെമ്പറാണെന്ന കാര്യം അച്ഛൻറെ ജോലിക്ക് ഭീഷണിയായി. എങ്ങോട്ടെങ്കിലും മാറി നിൽക്കാൻ അച്ഛന്‍ തന്നെയാണ് ആവശ്യപ്പെട്ടത്.

അതിനു ശേഷമാണോ നിയമ പഠനത്തിലേക്ക് തിരിയുന്നത്?

പന്ത്രണ്ടാം ക്ളാസ് കഴിഞ്ഞതോടെ എഞ്ചിനീയറിങ്ങിന് പോകാന്‍ വീട്ടിൽ നിന്ന് നിർബന്ധമായി. എനിക്കത് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. സിനിമയായിരുന്നു താത്പര്യം. ലിബറേഷൻ പാർട്ടിയുടെ സാംസ്കാരിക സംഘങ്ങളിലൊക്കെയുണ്ടായിരുന്നു. അവിടെ നിന്ന് ലോകസിനിമകളൊക്കെ കൺമുന്നിലെത്തി. ബദൽ രാഷ്ട്രീയ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹിച്ചത്. വിഷ്വൽ കമ്മ്യൂണിക്കേഷന്‍ പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ വീട്ടിലാർക്കും ഒന്നും മനസിലായില്ല. സിനിമയെന്ന് പറയുമ്പോൾ അവർ കരുതുക അഭിനയിക്കാൻ പോകുകയാണെന്നാണ്. അയ്യേ, അഭിനയമോ എന്ന് പറയും. എഡിറ്റിങ്ങ്, സംവിധാനം തുടങ്ങിയവയെ കുറിച്ചൊക്കെ വിശദമായി പറഞ്ഞ് കൊടുക്കേണ്ടി വന്നു. എൻജിനീയറിങ്ങ് കൗൺസിലിങ്ങിന് കത്ത് വന്നപ്പോൾ വീണ്ടും നിർബന്ധം തുടങ്ങി. അവസാനം ആത്മഹത്യാ നാടകം ഒക്കെ കളിച്ചാണ് രക്ഷപ്പെടുന്നത്.

അങ്ങനെയാണ് ആദ്യമായി മധുരൈ നഗരത്തിലേക്ക് എത്തുന്നത്. 2008-ൽ മധുരൈ അമേരിക്കൻ കോളേജിൽ ചേർന്നു. ആ സമയത്ത് അവിടെ വലിയ സമരം നടക്കുകയാണ്. സ്വാഭാവികമായും അതിനോട് കൂടെ ചേർന്നു. ഇടത് സംഘടനകള്‍ ഒക്കെ ചേർന്ന് ഈ വിഷയത്തിനായി രൂപീകരിച്ച അമേരിക്കൻ കോളേജ് ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. ജൂണിൽ അഡ്മിഷന്‍ എടുത്തു, ഓഗസ്റ്റ് മുതല്‍ സമരമാണ്. അങ്ങനെ അവിടെ തുടർന്ന് പഠിക്കാന്‍ സമ്മതിക്കില്ലെന്നായി. 65,000 രൂപയാണ് കോഴ്സിന്‍റെ ഫീസ്. അച്ഛൻറെ പി.എഫ് ഫണ്ടിലുള്ള രണ്ടര ലക്ഷം രൂപയാണ് വീട്ടിലെ സമ്പാദ്യം. ആ സമയത്ത് അമ്മക്ക് കാൻസറും തുടങ്ങി.

പഠനം ആകെ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ലോ കോളേജിനെ പറ്റി അറിയുന്നത്. അവിടെ തുച്ഛം ഫീസേ ഉള്ളൂ. മാത്രമല്ല ലോ കോളേജിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാവുന്നതിനെ കുറിച്ചും അതിനു ശേഷം നടത്താവുന്ന അവകാശ പോരാട്ടങ്ങളെ കുറിച്ചുമൊക്കെ സഖാക്കളും പറഞ്ഞു. അങ്ങനെ യാദൃശ്ചികമായാണ്
നിയമപഠനത്തിനെത്തുന്നത്.

പാർട്ടി ഓഫീസിൽ തങ്ങി, ഭൂരിഭാഗം സമയവും കർഷകത്തൊഴിലാളികൾക്കിടയിൽ പ്രവര്‍ത്തിച്ചാണ് പഠിച്ചിരുന്നത്. 2014-ൽ കോഴ്സ് കഴിഞ്ഞു. ആ സമയത്ത് കാംപസിലെ വിഷയങ്ങളില്‍ എല്ലാം സജീവമായിരുന്നു. സ്ത്രീകളുടെ, ദളിത് വിദ്യാര്‍ത്ഥികളുടെ ഒക്കെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എസ്എഫ്ഐയോടൊപ്പം പ്രവർത്തിച്ചു. ഒരുപാട് കേസുകൾ ഉണ്ടായിരുന്നു.

കോഴ്സ് കഴിഞ്ഞ സമയത്താണ് ഒരു ഹൈക്കോടതി വിധി വരുന്നത്. കേസുകളുള്ള നിയമബിരുദധാരികൾക്ക് എൻറോൾ ചെയ്യാനാകില്ല. അഞ്ച് വർഷത്തെ ഡിഗ്രി സർട്ടിഫിക്കറ്റിന് ടോയ്ലറ്റ് പേപ്പറിൻറെ വിലയില്ലാതായി. ലോ കോളേജ് വിദ്യാര്‍ത്ഥികൾ സമരം ചെയ്യരുത്, ചെയ്താൽ അഡ്വക്കറ്റ് ആകാനാകില്ല എന്ന അവസ്ഥ. ഇപ്പോള്‍ തമിഴ്നാട്ടിലെ ലോ കോളേജുകളിലെല്ലാം കടുത്ത നിശബ്ദതയാണ്.

ഇപ്പോൾ ഞാനും പങ്കാളിയായ ഗോപാലകൃഷ്ണനും കൂടി ഒരു സ്റ്റുഡിയോ നടത്തുന്നു. അദ്ദേഹവും പാർട്ടി പ്രവര്‍ത്തകനാണ്. പ്രണയിച്ച ശേഷം കല്യാണമൊന്നും കഴിച്ചില്ല. ഒരുമിച്ച് താമസിക്കാൻ തുടങ്ങി. രണ്ടാളും ചേർന്ന് കല്യാണങ്ങൾക്കും മറ്റുമുള്ള കാർഡുകളും പാംലെറ്റുമൊക്കെ പ്രിൻറ് ചെയ്ത് കൊടുക്കും. മാസം പത്ത്- പതിനയ്യായിരം രൂപ കിട്ടും. അതാണ് ജീവിക്കാനുള്ള വരുമാനം. ഇങ്ങനെയൊരു ഡോക്യുമെൻററി ഷൂട്ട് ഒക്കെ കഴിഞ്ഞ് കല്യാണ വീഡിയോ എടുക്കാനും പോകണം!

കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയുടെ കൂടെയാണ് പ്രവർത്തിച്ചിരുന്നത് എന്ന് പറഞ്ഞു. സിപിഐ (എംഎൽ) ലിബറേഷനിൽ സജീവമായ ഒരാളുടെ നിലപാടുകളും എസ്എഫ്ഐയുടെ നിലപാടുകളും തമ്മില്‍ വിയോജിപ്പുകള്‍ ഏറെ ഉണ്ടാകുമല്ലോ. എങ്ങനെയാണ് ഇതിനെ നേരിട്ടിരുന്നത്?

ഡൽഹി മുതല്‍ കന്യാകുമാരി വരെ എല്ലായിടത്തും ഈ അഭിപ്രായ വ്യത്യാസങ്ങളൊക്കെ കാണും. പല വിഷയത്തിലും സിപിഎമ്മുമായി വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. മുല്ലപ്പെരിയാർ വിഷയം, ശ്രീലങ്കൻ വിഷയം, കൂടംകുളം തുടങ്ങിയ വിഷയങ്ങളില്‍ ഒക്കെ സിപിഎമ്മിന്റെ നിലപാടിനോട് യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ നമ്മളൊക്കെ ഫ്രണ്ടലി ഫോഴ്സസ് അല്ലേ. ആർഎസ്എസ് അല്ലല്ലോ ശത്രുത വെക്കാൻ.

തോട്ടിപ്പണി ചെയ്യുന്ന തൊഴിലാളികളാണ് ദിവ്യയുടെ ഡോക്യുമെൻററിയുടെ പ്രമേയം. എങ്ങനെയാണ് അവരുടെ പ്രശ്നങ്ങളെ ആവിഷ്കരിക്കണമെന്ന തോന്നലുണ്ടാകുന്നത്?

മധുരൈയിൽ വെച്ച് രണ്ട് തൊഴിലാളികൾ സെപ്റ്റിക് ടാങ്കിൽ വെച്ച് മരിക്കുകയുണ്ടായി. മൃതദേഹങ്ങൾ ഗവൺമെൻ്റ് ആശുപത്രിയില്‍ എത്തിച്ചിരുന്ന സമയത്ത് ഞാനൊരു സഖാവിനെ കാണാൻ അവിടെ പോയിരുന്നു. അന്നവിടെ നൂറ് കണക്കിന് തോട്ടിപ്പണി ചെയ്യുന്നവരാണ് ഒത്തു കൂടിയിരുന്നത്. ഞാനാദ്യമായിട്ടാണ് ഈ തൊഴിലിൽ ഏർപ്പെടുന്നവരെ കാണുന്നത് എന്ന കാര്യം വലിയ കുറ്റബോധമുണ്ടാക്കി.

പ്രതിഷേധങ്ങളിലും മുദ്രാവാക്യം വിളിക്കാനും സ്വാഭാവികമെന്നോണം പങ്കുചേരുന്ന തരത്തിലുള്ള ഒരാളാണ് ഞാൻ. അങ്ങനെ അവരുടെ കൂടെ പ്രതിഷേധത്തിന് കൂടി. അതുവരെ ഇതുപോലത്തെ മരണങ്ങളുടെ വാർത്ത സാധാരണ അപകടമരണമെന്നതിനപ്പുറം ഞാനും ശ്രദ്ധിച്ചിട്ടില്ല. അവിടെ വെച്ച് ഒരാൾ വന്ന് ഈ വിഷയത്തില്‍ പരാതി എഴുതാന്‍ സഹായം ചോദിച്ചു. അഞ്ച് വർഷം നിയമം പഠിച്ചിട്ടും, ഒരു ഇടതുപാർട്ടിയുടെ സജീവ പ്രവർത്തകയായിരുന്നിട്ടും ഈ സംഭവത്തിൽ ഏതൊക്കെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി എഴുതേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. രണ്ട് സീനിയർ അഭിഭാഷകരോട് ചോദിച്ചപ്പോഴാണ് 2013-ൽ മനുഷ്യരെ കൊണ്ട് തോട്ടിപ്പണി ചെയ്യിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം നിലവിലുണ്ടെന്ന് അറിയുന്നത്.

അന്ന് മൂന്ന് ദിവസം തുടർച്ചയായി സമരം നടന്നു. നഷ്ടപരിഹാരം ഉൾപ്പെടെ ആവശ്യപ്പെട്ട വിഷയങ്ങള്‍ ഒന്നും അംഗീകരിക്കപ്പെട്ടില്ല. മരിച്ച മുനിയാണ്ടിയുടെ ഭാര്യ മോർച്ചറിക്ക് മുന്നിൽ നിന്ന് മൃതദേഹത്തോട് സംസാരിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ചുറ്റും കൂടിയിരിക്കുന്ന നൂറ് കണക്കിന് മനുഷ്യരെ, പോലീസുകാരെയൊക്കെ മറന്ന് വീട്ടിലെന്ന പോലെ. പിന്നെ ദേഹം കൊണ്ട് വച്ചപ്പോഴും ദുർഗന്ധം സഹിക്കാതെ എല്ലാവരും പിന്നോട്ട് മാറി. പക്ഷേ മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്ന് പോയ ഭർത്താവിൻറെ ശരീരത്തിന് മേലെ വീണ് കിടന്നാണ് അവർ കരഞ്ഞിരുന്നത്.

പോസ്റ്റമോർട്ടത്തിന് ശേഷം രണ്ട് പേരുടേയും മൃതദേഹങ്ങൾ വരാന്തയിലാണ് കൊണ്ട് വെച്ചത്. എന്ത് കൊണ്ട് ഫ്രീസറിൽ വയ്ക്കുന്നില്ല എന്ന് ചോദിച്ചപ്പോൾ, ചക്ളിയൻമാർക്ക് ഫ്രീസറൊന്നും വേണ്ടെന്നായിരുന്നു മറുപടി. അതോടെ സമരം മൃതദേഹങ്ങൾ ഫ്രീസറിലേക്ക് മാറ്റാൻ വേണ്ടിയായി. സമരം നടന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ പിൻവാതിലിലൂടെ ആരെയും അറിയിക്കാതെ സംസ്കാരത്തിന് കൊണ്ടുപോകുകയും ചെയ്തു.

ചെരിപ്പെടുത്ത് ആരോ അടിച്ച പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഞാൻ റാഡിക്കൽ ഫെമിനിസം സംസാരിക്കുന്നു. പക്ഷേ മുനിയാണ്ടിയുടെ ഭാര്യ മഹാലക്ഷ്മിയും ഞാൻ പറയുന്ന ഫെമിനിസവും എവിടെയാണ് കണ്ടുമുട്ടുന്നത്? തോട്ടിപ്പണിയുമായി ബന്ധപ്പെട്ട് മേഖലയിൽ 95 ശതമാനം സ്ത്രീകളാണ്. ഇവരെ അഭിസംബോധന ചെയ്യാതെ ഞാൻ ഫെമിനിസം പറഞ്ഞിട്ട് എന്താണ് കാര്യം എന്നൊക്കെ തോന്നിത്തുടങ്ങി.

മൂന്ന് ദിവസം ഉറങ്ങാനായില്ല. എന്ത് ചെയ്യാൻ പറ്റും എന്നാലോചിച്ചു. അങ്ങനെയാണ് സിനിമ എന്ന തീരുമാനത്തിലെത്തുന്നത്.

ജാതിയാണ് ഈ ചൂഷണങ്ങളിലൊക്കെ മുഖ്യപങ്ക് വഹിക്കുന്നത്. മുഖ്യധാര ഫെമിനിസവും ഇടത് പ്രസ്ഥാനങ്ങളുമൊക്കെ ഇതിനെ പ്രശ്നവൽക്കരിക്കുന്നതിലും അഭിസംബോധന ചെയ്യുന്നതിലും പരാജയപ്പെടുന്നുണ്ടോ?

ഇടത് പാർട്ടികളോട് ഞാൻ എപ്പോഴും ഉയർത്തുന്ന വിമർശനമാണിത്. ഇവർ ശുചീകരണ തൊഴിലാളികൾക്കായി ട്രേഡ് യൂണിയന്‍ ഉണ്ടാക്കുന്നു. ഞാൻ പറയുന്നത്, അതൊരു തൊഴിലല്ല. അതൊരു അപമാനവും ജാതി ഹിംസയുമാണ്. അതിനെ തൊഴിലെന്ന് പരിഗണിച്ച് പ്രവർത്തിക്കുകയല്ല വേണ്ടത്. സെപ്റ്റിക് ടാങ്കിൽ വീണ് മരിക്കുന്നത് അപകടമരണമായാണ് പരിഗണിക്കുന്നത്. അത് യഥാർത്ഥത്തിൽ ജാതിക്കൊലയാണ്.

ദിവ്യയുടെ ഡോക്യുമെന്ററിയെ ഭരണകൂടവും ഹിന്ദുത്വ സംഘടനകളും അതിഭീകരമായി ആക്രമിക്കുകയുണ്ടായല്ലോ. നിരവധി വധഭീഷണികളും ബലാത്സംഗ ആഹ്വാനങ്ങളുമൊക്കെ. എന്തായിരുന്നു സംഭവിച്ചത്?

2017 ഫെബ്രുവരിയിൽ നാഗർകോവിലിൽ ആദ്യമായി സ്ക്രീൻ ചെയ്ത ദിവസം തന്നെ ഡോക്യുമെന്ററി നിരോധിച്ചു. മുപ്പത് പേരുള്ള പരിപാടി തടയാൻ രണ്ട് ജില്ലകളിലെ പോലീസ് മേധാവികളും വലിയ പോലീസ് സന്നാഹങ്ങളുമെത്തി. ഇത് വരെ പ്രദർശിപ്പിച്ചിട്ടില്ലാത്ത ഈ സിനിമ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്നാണ് അവർ പറഞ്ഞത്! അടുത്ത കാരണം സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തതായിരുന്നു. പിന്നീട് ദിവ്യ നക്സലൈറ്റ് ആണെന്നും തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നും ആരോപിച്ചു.

പിന്നീട് എല്ലാ സ്ക്രീനിങ്ങും തടയാൻ തുടങ്ങി. എവിടെ പ്രദർശിപ്പിച്ചാലും പോലീസ് വന്ന് ഹാളുപൂട്ടി പ്രൊജക്ടർ എടുത്ത് കൊണ്ട് പോകും. ഈ ചിത്രം രാജ്യത്തിന്റെ പരമാധികാരത്തേയും ഏകതയേയും തകർക്കുമെന്നാരോപിച്ച് തമിഴ്നാട് സർക്കാർ ഔദ്യോഗികമായി തന്നെ നിരോധനം പുറത്തിറക്കി.

അതോടെ ആവിഷ്കാര സ്വാതന്ത്യത്തെ മുൻനിർത്തി നടന്ന പ്രതിഷേധങ്ങളിലൂടെ പ്രദർശനം നടത്താന്‍ ആരംഭിച്ചു. സിപിഎം വലിയ പിന്തുണ നൽകി. എന്റെ പാർട്ടി ചെറിയ ആൾബലം മാത്രം ഉള്ളതാണല്ലോ. പക്ഷേ എസ്എഫ്ഐ, ഡിവൈഎഫ്ഐ എല്ലാം ചേർന്ന് ഒരുപാട് ആളെക്കൂട്ടി പ്രതിഷേധ പ്രദർശനങ്ങൾ നടത്തി. ചില ദളിത് പ്രസ്ഥാനങ്ങളും പിന്തുണച്ചു.

പിന്നീട് ഡൽഹിയിൽ ഒരുപാട് സ്ക്രീനിങ്ങ് നടന്നു. കേരള ഹൗസിൽ നടന്നതാണ് അവിടെ തടഞ്ഞത്. അന്ന് സെൻസർ ബോർഡ് അംഗീകാരമില്ലെന്ന കാര്യമാണ് പറഞ്ഞിരുന്നത്. ഡോക്യുമെന്ററികൾക്ക് സാധാരണ സെൻസർ സർട്ടിഫിക്കറ്റ് വാങ്ങുന്ന പതിവൊന്നുമില്ല. ഇത് ചെയ്ത ആൾ, കൈകാര്യം ചെയ്യുന്ന പ്രമേയം തുടങ്ങിയവയോടുള്ള വിദ്വേഷം തീർക്കുന്നതാണ്.

അന്ന് ‘അഴിമുഖം’ ഒരു ലേഖനം ചെയ്തിരുന്നു. അതിലൂടെയാണ് മലയാളത്തില്‍ ആദ്യമായി ഒരു മാധ്യമം ഈ വിഷയം പറയുന്നത്.

ആർഎസ്എസ് ഈ വിഷയത്തിലേക്ക് എപ്പോഴാണ് വരുന്നത്?

ദിണ്ടിഗലിൽ അണ്ണാ യൂണിവേഴ്സിറ്റിയുടെ ഒരു കാംപസുണ്ട്. അവിടത്തെ ഡീൻ ശുചീകരണ തൊഴിലാളികളെക്കൊണ്ട് വീട്ടിലെ ജോലി ചെയ്യിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്ന സംഭവമുണ്ടായി. വീട്ടിൽ ജോലി ചെയ്യിക്കുമ്പോൾ അവരുടെ ഭർത്താവ് ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കും. ഇവർ പതിനഞ്ച് പേർ ഇതിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയതോടെ ജോലിയിൽ നിന്ന് തന്നെ മുഴുവന്‍ പേരെയും പിരിച്ചു വിട്ടു. ഒരുപാട് തമിഴ് മാധ്യമങ്ങള്‍ ഇവരെ വന്ന് കണ്ടെങ്കിലും ആരും വാർത്ത കൊടുത്തില്ല. അങ്ങനെയാണ് ഞാൻ ഈ വിഷയം ഷൂട്ട് ചെയ്ത് യൂട്യൂബിലിടുന്നത്. അവിടെ നിന്ന് വീണ്ടും പ്രശ്നങ്ങൾ തുടങ്ങി.

ഈ സംഭവം നടന്ന് ഒരാഴ്ചക്കുള്ളിൽ, 2009-ൽ ലോ കോളേജിൽ വച്ച് നടത്തിയ ഒരു സമരത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു. അന്ന് ജാമ്യം കിട്ടിയെങ്കിലും എല്ലാ ദിവസവും മധുരൈ സ്റ്റേഷനില്‍ പോയി രണ്ട് നേരവും ഒപ്പിടണം. ദിണ്ടിഗലിൽ ഞാൻ എത്തരുത് എന്ന ലക്ഷ്യത്തോടെ ചെയ്തതാണിത്.

കൃഷ്ണസാമി എന്നൊരു നേതാവ് കക്കൂസ് സിനിമക്കെതിരെ പരാതി കൊടുക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചു. പള്ളാൻ സമുദായത്തെ എന്റെ ഡോക്യുമെന്ററി അപമാനിക്കുന്നു എന്നായിരുന്നു ആരോപണം. എൻറെ ഫോട്ടോയും മൊബൈൽ നമ്പറും വെച്ച് ഇവളെ വിളിച്ച് ശരിയാക്കൂ എന്ന ആഹ്വാനവും നടത്തി. അപ്പോഴേക്കും ഏതാണ്ട് ആറുമാസമായി സിനിമ ഇറങ്ങിയിട്ട്. അത് വരെ ഇല്ലാത്ത പ്രശ്നം കൃഷ്ണസ്വാമി ഉണ്ടാക്കാന്‍ ഉള്ള കാരണം ഡീൻ അയാളുടെ അതേ ജാതിക്കാരിയായതിനാലാണ്. ഇതേ സന്ദര്‍ഭത്തിൽ ഡീനിനെ പിന്തുണച്ച് ആർഎസ്എസ്സും വന്നു. സ്വച്ഛഭാരത് മിഷനെയും ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥയെയും എല്ലാം ‘കക്കൂസ്’ വിമർശിക്കുന്നത് ഇവരെ ചൊടിപ്പിച്ചിരുന്നു.

കൃഷ്ണസ്വാമിയെ ഉപയോഗിച്ച് അവരാണ് ആക്രമണം തുടങ്ങിയത്. 1700 കോളുകൾ റെക്കോർഡ് ചെയ്ത് സൈബര്‍ സെല്ലിന് കൈമാറി. ഈ വിളിക്കുന്ന നമ്പറുകളെല്ലാം ട്രൂകോളറിൽ നോക്കുമ്പോൾ ബിജെപി പ്രവര്‍ത്തകരുടെ പേരാണ് വരിക! ഈ പരാതിയില്‍ ഒന്നും കേസ് എടുത്തില്ലെങ്കിലും പതിനഞ്ച് പോലീസ് സ്റ്റേഷനുകളിൽ സമുദായത്തെ അപമാനിച്ചതിനും രാജ്യത്തിന്റെ പരമാധികാരം തകർക്കാൻ ശ്രമിച്ചതിനുമായി എനിക്കെതിരെ കേസെടുത്തു. പലതും ഗൗരവകരമായ കേസുകളായിരുന്നു.

ഏറെ ദിവസം ഒളിവിൽ താമസിച്ചു. എല്ലാ സഖാക്കളുടെ വീട്ടിലും പോലീസ് എത്താൻ തുടങ്ങി. ആ സമയത്താണ് കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തക കെ.കെ ഷാഹിന വരുന്നത്. എന്റെ അവസ്ഥ കണ്ട് ഷാഹിന കൂടെ കൊണ്ടു പോന്നു. നാല് ദിവസം എറണാകുളത്തെ അവരുടെ വീട്ടിലാണ് തങ്ങിയത്. അന്നത് വലിയ സഹായമായിരുന്നു.

ഇപ്പോൾ രാജ്യത്തിനകത്തും പുറത്തും ഒരുപാട് പ്രദർശനങ്ങൾ നടത്തി. യൂട്യൂബിൽ അഞ്ചേമുക്കാൽ ലക്ഷം പേർ കക്കൂസ് കണ്ടു കഴിഞ്ഞു.

ഡോക്യുമെന്ററിയിലൂടെ ഉന്നയിച്ച വിഷയത്തോട് തമിഴ്നാട് സർക്കാർ ഇപ്പോഴും യാതൊരു പ്രതികരണവും നടത്തിയിട്ടില്ലേ?

കക്കൂസ് ഇറങ്ങിയ സമയത്താണ് കേരളത്തിലെ സർക്കാർ ‘മാൻഹോളി’ന് അവാർഡ് നൽകുന്നത്. എന്നാൽ മുഖ്യധാരയിൽ ഒരു ചർച്ച പോലും നടത്താന്‍ തമിഴ്നാട് സർക്കാർ തയ്യാറായിട്ടില്ല. ഇതിപ്പോൾ ഒരു സ്റ്റേറ്റ് ഫണ്ടഡ് പരിപാടിക്കാണ് ഞാനിവിടെ വന്നിരിക്കുന്നത്. ഡൽഹി സർക്കാർ അവരുടെ നേതൃത്വത്തിൽ തന്നെ കക്കൂസിന്റെ സ്ക്രീനിങ്ങ് നടത്തുന്നു. എന്നാൽ സ്വന്തം നാട്ടില്‍ അങ്ങനെ ഒരു സ്വീകാര്യത എന്റെ സ്വപ്നമാണ്.

ജയലളിതയ്ക്ക് ശേഷം അവിടെ യഥാർത്ഥത്തിൽ ഭരണം നടത്തുന്നത് ബിജെപിയാണ്. അവരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും അനുകൂല നടപടികള്‍ പ്രതീക്ഷിക്കാനേ ആകില്ല.

പെരിയാറിനെ വായിച്ചാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയതെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ പെരിയാർ പ്രതിമ ആക്രമിക്കപ്പെടുകയുണ്ടായി. ത്രിപുരയിൽ ലെനിൻ പ്രതിമ തകർത്തു…

തമിഴ്നാട് നാട് പെരിയാറിന്റെ ഭൂമിയാണ്. അത് ഞങ്ങളുടെ അഭിമാനമായിരുന്നു. പക്ഷേ ഇപ്പോൾ സംഘപരിവാര്‍ താഴെത്തട്ടിൽ നിന്ന് കരുത്താർജ്ജിച്ച് വരുന്നു . അതിനെ പ്രതിരോധിക്കുന്നതിൽ നമ്മൾ പരാജയപ്പെടുകയുമാണ്. ജയലളിതയോ കരുണാനിധിയോ ഇല്ലാതായതോടെ ഉണ്ടായ ശൂന്യതയിലേക്കാണ് സംഘപരിവാര്‍ കയറി വന്നത്. ആ ഇടത്തിലേക്ക് ചെല്ലേണ്ടത് നമ്മളായിരുന്നു.

രണ്ടാമത്തെ ഡോക്യുമെന്ററിയുടെ പ്രാരംഭ ഘട്ടത്തിലാണ്. അതിനെ കുറിച്ച്?

ഓഖി ദുരന്തമാണ് പ്രമേയം. യഥാർത്ഥത്തിൽ ഓഖി കൊടുങ്കാറ്റ് കൊന്നത് അഞ്ചോ ആറോ ആളുകളെയാണ്. ബാക്കിയുള്ളവരുടെ മരണത്തിനുത്തരവാദി കേന്ദ്ര സർക്കാരാണ്. മുന്നറിയിപ്പ് നൽകുന്നതിലും രക്ഷാപ്രവർത്തനം നടത്തിയതിലുമൊക്കെയുള്ള അലംഭാവമാണ് നൂറ് കണക്കിന് പേരുടെ മരണത്തിന് കാരണമായത്. ആ അർത്ഥത്തിൽ സർക്കാർ നടത്തിയ ഒരു വംശഹത്യയാണിത്. അതിനെക്കുറിച്ചുള്ള ഒരു അന്വേഷണമാണ്. ഓഖിയിലെ ഇടപെടലിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള ഗൗരവപരമായ വിമർശനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

കേരളത്തിൽ സിപിഎം ഭരണകക്ഷിയാണ്. ദിവ്യക്ക് തമിഴ്നാട്ടിൽ അവരുടെ പിന്തുണയുണ്ടായിരുന്നു, വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഇടയ്ക്കിടെ കേരളം സന്ദർശിക്കുന്നു, ഇവിടത്തുകാർക്ക് സുപരിചിതയായ ദിവ്യ എന്ന ഇടതുപക്ഷക്കാരി ഇവിടത്തെ രാഷ്ട്രീയത്തെ എങ്ങനെ കാണുന്നു? ഹാദിയ എന്ന പെൺകുട്ടിയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട് ഒരിടത്ത് ദിവ്യ വിമർശനാത്മകമായി സംസാരിക്കുന്നത് കേട്ടിരുന്നു.

തമിഴ്നാട്ടിൽ നിന്ന് നോക്കുമ്പോൾ കേരളം ഞങ്ങൾക്ക് റോൾ മോഡലായിരുന്നു. ഇപ്പോള്‍ ഇവിടം അടുത്തറിയുമ്പോഴാണ് എത്രത്തോളം പിന്നോക്കാവസ്ഥ ഇവിടെയുണ്ടെന്നറിയുന്നത്. ജാതി, ഇസ്ളാമോഫോബിയ, സ്ത്രീകളുടെ അവസ്ഥ ഒക്കെ. ഇതൊക്കെ ഒരു ഇടത് പ്രസ്ഥാനത്തിൻറെ മണ്ണിൽ നടക്കുന്നത് സങ്കടകരമാണ്.

എന്നാല്‍ നേരത്തെ പറഞ്ഞത് പോലെ ആർഎസ്എസിനോടുള്ള മനോഭാവമല്ല, സൗഹാർദ്ദപരമായി വിമര്‍ശനമാണ് സിപിഎമ്മിനോടുള്ളത്.

ഹാദിയ വിഷയത്തില്‍ ഹൈക്കോടതി വിധി തന്നെ വലിയ അനീതിയാണ്. അത് പോലെ വനിത കമ്മീഷൻ ചെയർപേഴ്സൺന്റെ നിലപാട്. അവർ അഖില ഹാദിയ എന്ന പേരാണ് വിളിക്കുന്നത്. ഒന്നുകിൽ ആർഎസ്എസ്സിനെ പോലെ അഖില എന്ന് വിളിക്ക്. അല്ലെങ്കില്‍ അവർ പറയുന്നത് പോലെ ഹാദിയ എന്ന് വിളിക്കണം.

ഇവിടുത്തെ സിപിഎം അല്ല തമിഴ്നാട്ടിലെ പാർട്ടി. അവിടെ കമ്മ്യൂണിസ്റ്റ് ആകണമെങ്കിൽ ആദ്യം യുക്തിവാദി ആകണം. പെരിയാറിനെ വായിക്കണം. ഹിന്ദു കമ്മ്യൂണിസ്റ്റ്/ഹിന്ദു സഖാവ് എന്നൊരു സാധ്യതയില്ല. ഇവിടെ സഖാക്കളുടെ വീട്ടിൽ ചെന്നാൽ ആചാരാനുഷ്ടാനങ്ങൾ കാണാം. അത് വലിയൊരു വൈരുദ്ധ്യമാണ്. പാർട്ടിക്കുള്ളിലേയും വീടിനുള്ളിലേയും ഹിന്ദുത്വത്തെ തകർക്കാതെ ഹിന്ദുത്വത്തിന്റെ വളർച്ചയ്ക്ക് തടയിടാനാകില്ല.

അതുപോലെ സ്ത്രീകളുടെ കാര്യം. തമിഴ് സ്ത്രീകളുടെ പോലെയുള്ള ശക്തി അവർ പ്രകടിപ്പിക്കുന്നില്ല. ഇവിടെത്തന്നെ നോക്കൂ, വേദികളിലും സംഘാടകരിലും സ്ത്രീകളുടെ എണ്ണം എത്ര കുറവാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സ്ത്രീകൾ പോലും അത്തരത്തിൽ കരുത്ത് പ്രകടിപ്പിച്ച് വരുന്നില്ല.

പെരിയാറിന്റെ പ്രതിമ തകരുമ്പോൾ അതേ നാണയത്തിലുള്ള പ്രതികരണമാണ് തമിഴ്നാട്ടിൽ ബിജെപിയോട് ഉണ്ടാകുന്നത്. സംഘപരിവാറിനെ പ്രതിരോധിക്കുന്നതിൽ തമിഴ്നാടിൻറെ പാത എന്താണ്?

അവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആ വിധത്തിൽ വലിയ കരുത്തരാണ്. ഒപ്പം പെരിയാറിന്റെ സ്വാഭിമാന പ്രസ്ഥാനം കാട്ടിയ വഴിയുണ്ട്. അംബേദ്കറിസ്റ്റാകട്ടെ, കമ്മ്യൂണിസ്റ്റാകട്ടെ പെരിയാറിനെ തൊട്ടാൽ എല്ലാവരും ഒന്നാകും!

‘കക്കൂസി’ന്റെ സംവിധായിക ദിവ്യ ഭാരതി ജീവനുമായി ഓടുകയാണ്; കേസുകള്‍, വധ-ബലാത്സംഗ ഭീഷണി; പോകാനുമിടമില്ല

ആദ്യ സിനിമയാണ്; പക്ഷേ പറയുന്നത് നമ്മുടെ ഇടയിലെ ജീവിതങ്ങളെക്കുറിച്ചാണ്- വിധു വിന്‍സെന്‍റ്/അഭിമുഖം

ദിവ്യ ഭാരതി: ജാതി വിവേചനത്തെ ചോദ്യം ചെയ്താല്‍ തിരിച്ചടി എത്ര രൂക്ഷമായിരിക്കുമെന്നതിന്റെ തെളിവ്- എം എ ബേബി

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ സിനിമകളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കേണ്ടെന്ന് കേരള ഹൗസ് അധികൃതര്‍

ഹസ്ന ഷാഹിത, ശുശ്രുതൻ അസാദ്

ഹസ്ന ഷാഹിത, ശുശ്രുതൻ അസാദ്

വിദ്യാര്‍ഥിയാണ് ഹസ്ന, ശുശ്രുതൻ ജേര്‍ണലിസ്റ്റാണ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍