UPDATES

ജാമിദ/അഭിമുഖം: ഞാനൊരു ബിജെപിയിലും ചേരില്ല, ചേകന്നൂരിനെപ്പോലെ ഞാനും കൊല്ലപ്പെട്ടേക്കാം

ഹാദിയയെ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല, ഖുര്‍-ആന്‍ എന്താണ് എന്ന് മാത്രമാണ് ആ കുട്ടിയോട് പറഞ്ഞുകൊടുക്കാന്‍ ശ്രമിച്ചത്

ഇന്ത്യയില്‍ ആദ്യമായി ജുമാ നമസ്കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് മുസ്ലീം സമുദായത്തിലെ യാഥാസ്ഥിതികരെയും പുരുഷ മേല്‍ക്കോയ്മയേയും ഞെട്ടിച്ച സ്ത്രീയാണ് ജാമിദ എന്ന ജാമിദ ടീച്ചര്‍. ഇസ്ലാം മതതീവ്രവാദികള്‍ കൊലപ്പെടുത്തിയെന്ന് ആരോപണമുള്ള ചേകന്നൂര്‍ മൌലവി സ്ഥാപിച്ച ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയാണ് ജാമിദ. ഹാദിയ, മുത്തലാഖ് വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ മൂലം സംഘപരിവാറിന്റെ താത്പര്യങ്ങള്‍ക്കൊത്താണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജുമാ നമസ്ക്കാരത്തിനു ശേഷം ജാമിദയ്ക്കെതിരെ വധഭീഷണി ഉയര്‍ന്നതായും വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ജാമിദ ടീച്ചര്‍ അഴിമുഖവുമായി സംസാരിക്കുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച സ്വസമുദായത്തിനുള്ളില്‍ ഒരു വനിത വിപ്ലവകരമായ ഒരു ആശയം അല്ലെങ്കില്‍ തീരുമാനം നടപ്പാക്കി. സമുദായത്തിലെ പുരുഷമേധാവികളെ ഞെട്ടിച്ചുകൊണ്ട്, അവരെ ഒരുതരത്തില്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് ജുമാ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. ഇന്ത്യയില്‍ തന്നെ ആദ്യം എന്ന് അവകാശപ്പെടാവുന്ന ഒരു പ്രവൃത്തി. ഇപ്പോള്‍ ആ പ്രവൃത്തിയെ വിലയിരുത്തുന്നതെങ്ങനെയാണ്? 

ഒരു വലിയ സ്ത്രീ സമൂഹം, എതിര്‍ക്കാന്‍ സാധിക്കാതെ, അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ സാധിക്കാതെ ടോര്‍ച്ചര്‍ ചെയ്യപ്പെടുകയും പ്രതികരിക്കാന്‍ സാധിക്കാതെ സഹിച്ച് കഴിയുകയും ത്യാഗം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നതായി എനിക്കറിയാം. കഴിഞ്ഞ പതിനാല് വര്‍ഷങ്ങളായി ഇസ്ലാമിക വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നയാളാണ് ഞാന്‍. കൗണ്‍സിലിങ്ങുകളും പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് ക്ലാസ്സുകളും അതുപോലെ ധാരാളം വീടുകളില്‍ പോയി അവരുമായി സംവദിക്കുകയും അവരെ ബോധവത്ക്കരിക്കുകയും ചെയ്യുന്നു എന്ന രീതിയില്‍ എനിക്കിത് പറയാന്‍ സാധിക്കും. അവരുടെ ഒരു പ്രതിനിധിയായി, പുരുഷനില്‍ നിന്ന് ലഭിക്കുന്ന ഔദാര്യമാണോ സ്ത്രീകളുടെ സ്വാതന്ത്ര്യം എന്ന കാര്യത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ ചിന്തിക്കുകയും ആ വിഷയത്തെ സംബന്ധിച്ച് ഇസ്ലാമിക മതഗ്രന്ഥമായ ഖുര്‍-ആനില്‍ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കുകയും ചെയ്തു. ഇതൊരു ജനാധിപത്യ രാജ്യമാണ്. ജനാധിപത്യ രാജ്യത്തിന്റെ മുഖച്ഛായ അല്ലെങ്കില്‍ പ്രതിച്ഛായ എന്നുപറയുന്നത് തന്നെ തുല്യ അവകാശം എന്നതാണ്. ലിംഗ വിവേചനം ഒരിക്കലും ഒരു ജനാധിപത്യ രീതിയില്‍ അംഗീകരിക്കുന്നതല്ല. അതുപോലെ തന്നെയാണ് ഖുര്‍-ആനും. ഖുര്‍-ആന്‍ ഇസ്ലാമിലെ പുരുഷന്‍മാരെയാണോ ആധിപത്യം ഏല്‍പ്പിച്ചിരിക്കുന്നത്? സ്ത്രീകള്‍ ഭരിക്കപ്പെടേണ്ടവരാണോ? എന്നൊക്കെയുള്ള അന്വേഷണങ്ങളും ഗവേഷണങ്ങളും എന്നെ ഖുര്‍-ആനിലെ ചില വചനങ്ങളിലേക്ക് ശ്രദ്ധ തിരിപ്പിച്ചു. പുരുഷന്‍മാരേ, എന്ന് വിളിക്കുന്ന ഒരു വാചകവും എനിക്ക് ഖുര്‍-ആനില്‍ കാണാന്‍ കഴിഞ്ഞില്ല. സ്ത്രീകളേ എന്ന് വിളിക്കുന്ന ഒരു വാചകവും കാണാന്‍ കഴിഞ്ഞില്ല. അതുപോലെ മുസ്ലീങ്ങളേ, എന്നും വിളിക്കുന്നില്ല. ജനങ്ങളേ, വിശ്വാസി സമൂഹമേ എന്നാണ് വിളിക്കുന്നത്. അതില്‍ മുസ്ലീം, ഹിന്ദു എന്ന് തിരിച്ചെഴുതിയിട്ടില്ല. ഏകദൈവത്തില്‍ വിശ്വസിക്കുന്ന സമൂഹം-അങ്ങനെയാണ് ഖുര്‍-ആന്‍ വ്യാഖ്യാനം. അപ്പോള്‍, ഈ പുരുഷാധിപത്യ സമൂഹത്തെ ആരാണ് വാര്‍ത്തെടുക്കുന്നത്?

എല്ലാ മതങ്ങളിലേയും വ്യക്തിനിയമങ്ങള്‍ പുരുഷാധിഷ്ഠിതമാണ്. പുരുഷന്‍മാരാല്‍ എഴുതപ്പെട്ടതാണ്. എല്ലാ മതങ്ങളുടേയും തത്വസംഹിത എന്നുപറയുന്നത് സ്ത്രീ രണ്ടാംകിട പൗരയാണ് എന്ന് തന്നെയാണ്. ഈ പുരുഷാധിപത്യം സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ഇവര്‍ ഇത്ര കാലവും ശ്രമിച്ചത്. ഇസ്രായേല്‍, പലസ്തീന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ തിരിഞ്ഞെടുപ്പില്‍ മത്സരിക്കുകയും അവര്‍ രാജ്യം തന്നെ ഭരിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം ഇന്നുണ്ട്. അവിടെ പല രാഷ്ട്രങ്ങളിലും ഇസ്ലാമിക ഭരണമാണ് നിലനില്‍ക്കുന്നതും. ഖുര്‍-ആനില്‍ നോക്കിയപ്പോള്‍ ആര് സത്കര്‍മ്മം ചെയ്യുന്നുവോ, ആണാവട്ടെ പെണ്ണാവട്ടെ, അതിന് തതുല്യമായ പ്രതിഫലം നല്‍കണം എന്നാണ്. ഇപ്പോള്‍ നമ്മുടെ ഇടയില്‍ കാണുന്നത് പോലെ, പുരുഷന്‍ ചെയ്യുമ്പോള്‍ കൂടുതല്‍ വേതനവും സ്ത്രീ ചെയ്യുമ്പോള്‍ കുറഞ്ഞ വേതനവും, അങ്ങനെയല്ല, ഖുര്‍-ആന്റെ നിലപാട്.

ഫേസ്ബുക്ക്, വാട്‌സ്ആപ് ഗ്രൂപ്പുകളിലടക്കം ഇസ്ലാം മതത്തെ വളരെയധികെ പരിഹസിക്കപ്പെടാന്‍ കാരണമായിട്ടുണ്ട് ഹദീസുകളും അതിന്റെ നിയമങ്ങളുമെല്ലാം. അതെല്ലാം എഴുതപ്പെട്ട ചരിത്രകഥകളിലൂടെ വന്നതാണ്. നബി എത്ര വിവാഹം കഴിച്ചിരിക്കുന്നു എന്നൊന്നും ഖുര്‍-ആനില്‍ നോക്കിയാല്‍ കാണാനാവില്ല. ന്യൂ ജനറേഷന്‍, ഫ്രീതിങ്കേഴ്‌സ് എങ്ങനെയാണ് ഖുര്‍-ആനെ നോക്കിക്കാണുന്നതെന്ന് ഞാന്‍ ആലോചിച്ചു. എനിക്ക് രണ്ട് മക്കളാണ്. മകള്‍ക്ക് 12വയസ്സ്, മകന് ആറ് വയസ്സ്. എന്റെ അക്കൗണ്ടില്‍ ഇന്‍വെസ്റ്റ്‌മെന്റ് ആയിട്ട് ഒരു കോടി രൂപയുണ്ടെങ്കില്‍ അതില്‍ 75 ലക്ഷം മകനും 25 ലക്ഷം മകള്‍ക്കും നല്‍കിയാല്‍ എന്റെ മകള്‍ ചോദിക്കും ഉമ്മ എന്താ അങ്ങനെ ചെയ്തതെന്ന്. അവള്‍ക്ക് കൊടുക്കുന്നതിന്റെ ഇരട്ടി അവന് കൊടുക്കാമെന്നാണ് ഖുര്‍-ആനിന്റെ അധ്യാപനം. ആ കാലഘട്ടത്തില്‍ അങ്ങനയേ ഖുര്‍-ആനിന് സാധിക്കുമായിരുന്നുള്ളൂ. പക്ഷെ ഖുര്‍-ആനില്‍ ഒരു കാര്യം കൂടി എഴുതിച്ചേര്‍ത്തിട്ടുണ്ട്. അല്ലാഹു നിങ്ങളോട് കല്‍പ്പിക്കുന്നത് നീതിയോട് കൂടിയും നന്‍മയോട് കൂടിയും വിധിക്കാനാണ്. ആനുകാലികമായ, കാലാതീതമായ മാറ്റങ്ങള്‍ക്ക് വേണ്ടുന്ന തെളിവുകള്‍ ഖുര്‍-ആനിലുണ്ട്. ഖുര്‍-ആന്‍ ആരേയും വേര്‍തിരിച്ച് നിര്‍ത്തുന്നില്ല. ആണിനെയും പെണ്ണിനേയും വേര്‍തിരിച്ച് നിര്‍ത്താതിരുന്നിട്ടുകൂടി 1400 വര്‍ഷങ്ങളായി പുരുഷനാണ് എല്ലാ കാര്യങ്ങളിലും നേതൃത്വമേറ്റെടുക്കുന്നത്. നമസ്‌കാരമായിരുന്നാലും ഹജ്ജിന്റെ നേതൃത്വമായാലും എല്ലാം അങ്ങനെ തന്നെ. ഇതൊക്കെ മാറണം.

‘പള്ളിക്കമ്മിറ്റിക്ക് മുന്നില്‍ ഞാന്‍ കാത്ത് വെച്ചിരിക്കുന്ന വെല്ലുവിളി എന്റെ മരണമാണ്’; മുത്തലാഖിനെ പിന്തുണക്കുന്നവരോട് നിഷക്ക് പറയാനുളളത്

ഖുര്‍-ആനിന്റെ അധ്യാപനമനുസരിച്ച് പെണ്ണുങ്ങള്‍ക്ക് നേതൃത്വമേറ്റെടുക്കാം. പില്‍ക്കാലത്ത് എഴുതിയുണ്ടാക്കിയതാണെങ്കില്‍ പോലും നബി, നബിയുടെ കാലഘട്ടത്തില്‍ സ്ത്രീകളെ നേതൃത്വം ഏല്‍പ്പിച്ചിരുന്നതായി കാണാം. യുദ്ധങ്ങളില്‍ പോലും സ്ത്രീകള്‍ നേതൃസ്ഥാനത്ത് വന്നിട്ടുണ്ട്. ഒന്ന് ജമല്‍ യുദ്ധമാണ്. സ്ത്രീകള്‍ ഒട്ടകത്തിന്റെ പുറത്ത് കയറിയാണ് യുദ്ധം ചെയ്തത്. മറ്റൊന്ന് സിഫീന്‍ യുദ്ധം. എന്നുകരുതി ഇവര്‍ ആരെങ്കിലും അത് വകവച്ച് കൊടുക്കുമോ? മുത്തലാഖിന്റെ വിഷയം വന്നപ്പോള്‍ തന്നെ ഖുര്‍-ആന്‍ ചില നിബന്ധനകള്‍ പറയുന്നുണ്ട്. ഈ നിബന്ധനകള്‍ പ്രകാരമുള്ള തലാഖിനെ ഇവര്‍ അംഗീകരിക്കുന്നില്ല. മുഹമ്മദന്‍ നിയമപ്രകാരമുള്ള, ഒരു കാരണവും വേണ്ടാതെ തലാഖ് എന്ന് പറഞ്ഞാല്‍ തന്നെ ഒഴിവാക്കാമെന്ന നിയമത്തിന് വേണ്ടിയാണ് ഇവര്‍ ഇത്രയും കാലം പോരാടിക്കൊണ്ടിരുന്നത്. ഇവര്‍ക്ക് സ്ത്രീയെ ഭരിക്കണം, ഒന്നും രണ്ടും മൂന്നും കെട്ടണം, ആവശ്യമുള്ളപ്പോള്‍ അതില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കണം. അങ്ങനെ ധാരാളം അനാഥക്കുഞ്ഞുങ്ങളേയും വിധവകളേയും സൃഷ്ടിക്കണം, വിധവകളേയും അനാഥരേയും സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ വഴി പണമുണ്ടാക്കണം, അതൊക്കെയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാമെതിരെ, ഖുര്‍-ആനിന്റെ യഥാര്‍ഥ ആശയമെന്തെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്ന ഉദ്ദേശത്തോടെയാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.

ജുമായ്ക്ക് നേതൃത്വം നല്‍കുന്നതിലേക്ക് എത്തിച്ചേര്‍ന്ന സാഹചര്യം/പശ്ചാത്തലം എന്തായിരുന്നു?

കഴിഞ്ഞ ദിവസം മലപ്പുറത്ത് ഞാന്‍ പ്രസംഗിച്ചപ്പോള്‍ വാങ്കിനെ സംബന്ധിച്ചായിരുന്നു പരാമര്‍ശിച്ചിരുന്നത്. ഒരു കിലോമീറ്ററില്‍ അഞ്ച് പള്ളി കെട്ടി അഞ്ച് നേരവും ‘അല്ലാഹു അക്ബര്‍’, ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുപറയുമ്പോള്‍ അല്ലാഹുവിന്റെ ഗതികേട് എന്താണെന്നാണ് ഞാന്‍ പറഞ്ഞത്. അതിന് ശേഷം വാങ്കിന്റെ ഈരടികളും അതിന്റെ അര്‍ഥങ്ങളുമെല്ലാം പറഞ്ഞുകൊണ്ട് അത് തെറ്റാണെന്നത് തെളിവുകള്‍ നിരത്തി ചൂണ്ടിക്കാണിച്ചു. ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുപറയുന്നതിനാണ് ഞാന്‍ എതിര്, അല്ലാതെ അല്ലാഹു വലിയവനാണ് എന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല. എന്നാല്‍ ഈ പ്രസംഗത്തിന് ശേഷം നിരവധി മതപണ്ഡിതര്‍ എനിക്കെതിരെ പ്രസംഗിക്കുകയും, വീഡിയോകളും ഓഡിയോകളും റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഒരു വിഷയം തീരുമാനിക്കേണ്ടത് മതപുരോഹിതരും മതപണ്ഡിതന്‍മാരുമാണ് എന്നാണ്. ഇസ്ലാമില്‍ നിന്ന് പുറത്തുപോയവരാണ് എന്ന്. ഇസ്ലാമിനകത്ത് എങ്ങനെയാണ് ഒരാള്‍ പോവുന്നത്. ആരെങ്കിലും പിടിച്ച് അകത്തിടുമെന്നാണോ. ഏതോ മുസ്ലീം മാതാപിതാക്കളുടെ മക്കളായി ജനിച്ചത് കൊണ്ട് മുസ്ലീമായി എന്നുള്ളതല്ലാതെ ഇസ്ലാമിലേക്കാകുക, പുറത്താകുക എന്നതിന് ഒരു മാനദണ്ഡവുമില്ല. അങ്ങനെയാണെങ്കില്‍ മുസ്ലീങ്ങളെ മാത്രം സൃഷ്ടിച്ച് അവര്‍ക്ക് ഒരു സ്വര്‍ഗവും ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും സൃഷ്ടിച്ച് അവര്‍ക്കുവേണ്ടി ഒരു നരകവും സൃഷ്ടിച്ച അല്ലാഹു എങ്ങനെ നീതിമാനെന്ന് പറയാന്‍ കഴിയും. ഒരിക്കലും അങ്ങനെ ഒരു വര്‍ഗീയത ഖുര്‍-ആനില്‍ ഇല്ല. നിങ്ങള്‍ക്ക് ഇതില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വേദക്കാരോട് ചോദിച്ച് മനസ്സിലാക്കാന്‍ ഖുര്‍-ആന്‍ തന്നെ പറയുന്നുണ്ട്. വേദക്കാര്‍ എന്നുപറഞ്ഞാല്‍ യഹൂദരും ക്രിസ്ത്യാനികളുമാണ്.

ഈ സംഘര്‍ഷ കാലത്ത് ഇസ്ലാം എന്തുചെയ്യണം?

മതപണ്ഡിതര്‍ എനിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടു. മതചിഹ്നത്തെ നിന്ദിച്ചതുകൊണ്ട് ഞാന്‍ ജീവിച്ചിരിക്കാന്‍ പാടില്ല എന്നാണ് അവര്‍ പറഞ്ഞത്. കോഴിക്കോടും മലപ്പുറത്തും പലയിടങ്ങളിലും മുസ്ലീം മതപണ്ഡിതര്‍ നടത്തിയ പ്രഭാഷണങ്ങളില്‍ ഒരു ജാമിദയെ കൊന്നാല്‍ രണ്ട് ജിഹാദ് ചെയ്തതിന്റെ പ്രതിഫലം കിട്ടുമെന്ന് വരെ പ്രസംഗിച്ചു. ഇത് കേള്‍ക്കുന്ന ഏതെങ്കിലും ഒരു മതഭ്രാന്തന്‍ പോരേ സ്വര്‍ഗം വാങ്ങിക്കാന്‍ വേണ്ടി വന്ന് കത്തി കയറ്റാന്‍? ഇത്തരം ഭീകരവാദം സൃഷ്ടിച്ച് വിടുന്നത് ഇവരാണ്. മതത്തിനെതിരെ ഒരാള്‍ പറഞ്ഞാല്‍ അവരെ കൊല്ലണമെന്ന് ഹദീസുകളുണ്ട്. ഇങ്ങനെയൊക്കെ ഒരുപാട് പ്രശ്‌നങ്ങളായി, വിമര്‍ശനങ്ങളായി. ഈ സാഹചര്യത്തില്‍ പൗരോഹിത്യത്തെക്കുറിച്ച് ഖുര്‍-ആന്‍ എന്താണ് പറഞ്ഞത് എന്ന് ഞാന്‍ നോക്കി. അപ്പോള്‍ ഖുര്‍-ആന്‍ പറയുന്നത്, പുരോഹിതന്‍മാരിലും പണ്ഡിതന്‍മാരിലും അധികമാള്‍ക്കാരും ജനങ്ങളുടെ സമ്പത്ത് അന്യായമായി ഭക്ഷിക്കുന്നവരാണ്. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും ജനങ്ങളെ തടയും എന്ന് ഖുര്‍-ആനില്‍ നിന്ന് എനിക്കാ വാചകം കിട്ടി. ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്. കാരണം അല്ലാഹു ഖുര്‍-ആനില്‍ എന്താണോ പറഞ്ഞത് അതിന് വിപരീതമാണ് ഇവര്‍ പറഞ്ഞുപരത്തുന്നത്. അപ്പോള്‍ പൗരോഹിത്യത്തെ ഞാനെന്തിന് മാനിക്കണം. കാരണം പൗരോഹിത്യത്തെ ഖുര്‍-ആന്‍ ന്യായീകരിക്കുകയല്ലല്ലോ, അവരെ വിമര്‍ശിക്കുകയല്ലേ ചെയ്തത്.

മതത്തില്‍ ഒരു കാര്യം തീരുമാനിക്കാന്‍ പണ്ഡിതര്‍ക്ക് മാത്രമേ പറ്റൂ എന്ന് വന്നാല്‍, ആദ്യമായി ഖുര്‍-ആന്‍ ഇറങ്ങിയ കാലഘട്ടില്‍ ഒരു പണ്ഡിതന്‍മാരുണ്ടാകില്ലല്ലോ. അവര്‍ പൂജ്യത്തില്‍ നിന്നേ എല്ലാം പഠിച്ചിട്ടല്ലേ വന്നത്. തന്നെയുമല്ല പണ്ഡിതന്‍മാര്‍ക്ക് മാത്രമാണ് ഖുര്‍-ആനിന്റെ വ്യാഖ്യാനം കൊടുത്തതെങ്കില്‍ അല്ലാഹു എന്നോട് അനീതിയല്ലേ കാണിച്ചത്? ഞാന്‍ ആദ്യം പാണ്ഡിത്യം നേടിയാല്‍ മാത്രമല്ലേ അല്ലാഹുവിനക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയൂ. അപ്പോള്‍ അങ്ങനെ ഒരു വിവേചനം പാടില്ല. അതുകൊണ്ട് ഈ പുരോഹിതന്‍മാര്‍ കയ്യടക്കിവച്ചിരിക്കുന്ന ഇത്തരം നേതൃസ്ഥാനങ്ങളിലേക്ക് സ്ത്രീകളെ കൊണ്ടുവരണം. സ്ത്രീകളെ ഇങ്ങനെ പുരോഗമനപരമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കണം. സ്ത്രീകളുടെ അവകാശം പുരുഷന്‍മാര്‍ നല്‍കുന്ന ഔദാര്യമല്ല, അവര്‍ക്കും അവകാശങ്ങളുണ്ടെന്ന് ഖുര്‍-ആന്‍ പറഞ്ഞിട്ടുണ്ട്. അത് നേടിയെടുക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും ഖുര്‍-ആന്‍ പറയുന്നു. ആ നിലയ്ക്ക് സ്ത്രീകളെ ഉദ്ധരിക്കാന്‍, അവരെ ഈ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനാണ് എന്റെ ശ്രമം. ഖുര്‍-ആന്‍ യഥാര്‍ഥ ആശയം എന്താണെന്ന് ജനങ്ങളെങ്കിലും ഒന്ന് ചിന്തിക്കും. കാരണം സ്ത്രീകള്‍ക്ക് നേതൃസ്ഥാനമോ എന്ന് ഖുര്‍-ആന്‍ പറഞ്ഞിട്ടുണ്ടോ എന്ന് ചിലരെങ്കിലും ചിന്തിക്കും. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായിട്ട് ഖുര്‍-ആന്‍ അത് വകവച്ച് കൊടുത്തിട്ടില്ലെങ്കില്‍ കുഴപ്പമില്ല എന്ന് ചിന്തിക്കുന്ന ഒരുപാട് ആളുകള്‍ എനിക്ക് പ്രചോദനമായി നിന്നിട്ടുണ്ട്. അങ്ങനെയാണ് ഞങ്ങളുടെ സമിതിയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരുന്നത്. ടീച്ചറെക്കുറിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ വരുന്നുണ്ടല്ലോ എന്ന് പറഞ്ഞിട്ട് ഞങ്ങളുടെ പ്രസിഡന്റ് ആണ് ടീച്ചര്‍ ഒരു കാര്യം ചെയ്യ്, ജുമായുടെ നേതൃത്വം നല്‍ക്, കമ്മിറ്റിയില്‍ എല്ലാവര്‍ക്കും സ്വീകാര്യതയാണ് എന്ന് പറഞ്ഞു. എണ്‍പതോളം ആളുകളുള്ള കമ്മിറ്റിയാണ് ഞങ്ങളുടേത്. അവര്‍ക്കെല്ലാം അത് സ്വീകാര്യമായിരുന്നു. അങ്ങനെയാണ് അത് സംഭവിച്ചത്.

കേരളീയ പൊതുസമൂഹം ഇസ്ലാമോഫോബിക്കോ? ഹാദിയയില്‍ തെളിയുന്ന ‘മതേതര കേരളം’ എന്ന മിത്ത്

‘അല്ലാഹു അക്ബര്‍’ എന്ന് ഉരുവിടുന്നത് തെറ്റാണെന്ന് പറഞ്ഞിട്ട് ജാമിദയുടെ നമസ്‌കാരത്തില്‍ അത് ചൊല്ലിയതിനെ ഒരു കൂട്ടര്‍ വിമര്‍ശിക്കുന്നുണ്ടല്ലോ?

നമസ്‌കാരത്തില്‍ ഞാന്‍ ‘അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞിരുന്നു. നിങ്ങള്‍ അല്ലാഹു അക്ബറിനെ വിമര്‍ശിച്ചിട്ട് നിങ്ങള്‍ എന്തിനാണ് അത് പറഞ്ഞത് എന്ന രീതിയില്‍ ഒരു വാദം നിലനില്‍ക്കുന്നുണ്ട്. അതായത് ഞാന്‍ ഇങ്ങനെ വിളിച്ചുകൂവുന്നതിനെ സംബന്ധിച്ചാണ് പറഞ്ഞത്. വാങ്ക് എന്ന കണ്‍സപ്റ്റ് ഖുര്‍-ആനികമല്ല. അതല്ലാതെ അല്ലാഹു അക്ബര്‍ എന്നുപറയുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. നമസ്‌കാരത്തില്‍ അല്ലാഹു അക്ബര്‍ എന്ന് പറയുന്നത് നമ്മുടെ മൂവ്‌മെന്റ് പുറകില്‍ നില്‍ക്കുന്നവരെ അറിയിക്കാനാണ്. അതിന് അറബിയില്‍ ‘ഇന്തിഹാലാഖ്’ എന്നാണ് പറയുന്നത്. അതായത് മൂവ്‌മെന്റ്. അല്ലാഹുവിനെ വാഴ്ത്താനും ‘അല്ലാഹു അക്ബര്‍’ എന്ന തക്ബീര്‍ ചൊല്ലാന്‍ ഖുര്‍-ആനില്‍ തന്നെ പറയുന്നുണ്ട്. പക്ഷെ വാങ്കിലൂടെ വിളിച്ചുചൊല്ലുന്നതൊന്നും ഖുര്‍-ആനികമല്ല. ‘അല്ലാഹു അക്ബര്‍’ ഖുര്‍-ആനികം ആണെങ്കില്‍ പോലും മൈക്ക് കെട്ടി വിളിച്ചുപറയുന്നത് ഇസ്ലാമികമല്ല. അതാണ് ഞാന്‍ പറഞ്ഞത്.

പള്ളിയിലല്ല ജുമാ നടന്നത്, നാല്‍പ്പത് പേരെങ്കിലുമില്ലാത്ത നമസ്‌കാരം ജുമാ ആയിട്ട് കണക്കാക്കാനാവില്ലെന്നുമാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്

ഖുര്‍-ആന്‍ സുന്നത്ത് സൊസൈറ്റിയുടെ പ്രമാണം ഖുര്‍-ആന്‍ മാത്രമാണ്. നബി മരിച്ചതിന് ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യയില്‍ ജനിച്ചയൊരാള്‍ നബി പറഞ്ഞു, ചെയ്തു എന്ന കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ട കഥകളാണ് ഇന്നത്തെ ഹദീസുകള്‍. ആ ഹദീസുകള്‍ പ്രകാരമാണ് പള്ളിയില്‍ തന്നെ വേണമെന്നും നാല്‍പ്പത് പേരെങ്കിലും ഉണ്ടായിരിക്കണം എന്നുള്ള നിഗമനങ്ങള്‍ വന്നത്. നബിയുടെ കാലഘട്ടത്തില്‍ ധാരാളം പള്ളികള്‍ തന്നെയില്ല. അപ്പോള്‍ ഇവര്‍ പറയുന്നത് വെറും കെട്ടുകഥകളും ആരോപണങ്ങളും മാത്രമാണ്. തന്നെയുമല്ല ഒരു നബിയുണ്ട്, അദ്ദേഹത്തിന്റെ പേര് നൂഹ് എന്നാണ്. അദ്ദേഹത്തിന് ഏതാനും അനുയായികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അതിനര്‍ഥം അദ്ദേഹം ജുമാ നിസ്‌കരിച്ചിട്ടില്ലെന്നാണോ? മുഹമ്മദ് നബി ജുമാ നിസ്‌കാരവുമായി ഇറങ്ങിയപ്പോള്‍ നാല്‍പ്പത് പേരിലധികമുണ്ടായിരുന്നോ? ഇല്ല. ഒറ്റപ്പെട്ടയാളുകളേയുണ്ടായിരുന്നുള്ളൂ. അപ്പോള്‍ നാല്‍പ്പത് പേരിലധികം വേണമെന്നും, പള്ളി തന്നെ വേണമെന്നും പറയുന്നത് ഒരു ബിസിനസ് തന്ത്രമാണ്. അതായത് പള്ളിക്ക് വേണ്ടി സാധാരണക്കാരില്‍ നിന്ന് പണം പിരിച്ചെടുക്കാനുള്ള തന്ത്രമാണ്.

ഈ ലോകത്തുള്ള ഭൂമിയില്‍ മൂന്നിലൊന്ന് ആരാധനാലയങ്ങളുടെ കൈയ്യിലാണ്. മുസ്ലീമായിരുന്നാലും ക്രിസ്ത്യാനിയായിരുന്നാലും ഹിന്ദുക്കളായിരുന്നാലും ആരാധനാലയങ്ങള്‍ ഭൂമി കയ്യടക്കി വച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ബീമാപള്ളി എന്ന പള്ളിയുണ്ട്. തിരുവനന്തപുരത്തിന്റെ പകുതിസ്ഥലം ഈ പള്ളിയുടെ കയ്യിലാണ്. ഏക്കറ് കണക്കിന് ഭൂമിയാണ്. പലരും കൊടുക്കുന്നതാണ്. തലചായ്ക്കാനിടമില്ലാതെ നിരവധി പേര്‍ കിടക്കുന്ന സ്ഥാനത്ത് ആരാധനാലയങ്ങള്‍ ഭൂമി കൈവശം വച്ചിരിക്കുകയാണ്. ഇതിന്റെ പേരില്‍ ഇവര്‍ക്ക് വന്‍ തട്ടിപ്പ് നടത്തണം. ജനങ്ങളുടെ കയ്യില്‍ നിന്ന് പണം പിരിച്ച്, പള്ളികളാണെന്ന് പറഞ്ഞ് അതിന്റെ പേരിലൊരു ബിസിനസ്. അതിന് ഇവര്‍ക്ക് പള്ളി എന്നൊരു കണ്‍സപ്റ്റ് വേണമായിരുന്നു. അങ്ങനെയാണ് ഈ നാല്‍പ്പത് പേരും പള്ളിയും എന്നൊക്കെയുള്ള കള്ളക്കഥകള്‍ പ്രചരിപ്പിച്ചത്. ഞങ്ങള്‍ക്ക് പ്രമാണം ഖുര്‍-ആന്‍ ആണ്. ഖുര്‍-ആന്‍ പ്രകാരം ജുമാ പള്ളിയില്‍ തന്നെ നമസ്‌കരിക്കണമെന്നില്ല, നാല്‍പ്പത് പേര്‍ വേണമെന്നില്ല, പുരുഷന്‍ മാത്രമേ നേതൃത്വം നല്‍കാവൂ എന്നില്ല, സ്ത്രീകള്‍ക്ക് നേതൃത്വം നല്‍കാന്‍ പാടില്ല എന്നുമില്ല.

കാന്തപുരവും സ്ത്രീവാദത്തിന്റെ പ്രതിസന്ധികളും

ജുമാ നേതൃത്വം സ്ത്രീകള്‍ക്ക് എന്നത് ഒരു പുതിയ ആശയമല്ല. ലോകത്ത് ആമിനാ വദൂദ് എന്ന അമേരിക്കക്കാരിയാണ് അത്തരത്തില്‍ ഒരാശയം ആദ്യമായി മുന്നോട്ട് വയ്ക്കുകയും നടപ്പിലാക്കുകയും ചെയ്തത്. ഖുര്‍-ആനിന് സ്ത്രീപക്ഷ വ്യാഖ്യാനമടക്കം തയ്യാറാക്കിയ വലിയ ഒരു പണ്ഡിതയാണവര്‍. എന്നിട്ടും അവര്‍ക്ക് നേരിടേണ്ടി വന്നത് ദുരനുഭവങ്ങളാണ്. ആമിന വദൂദ് കേരളത്തില്‍ എത്തിയപ്പോള്‍, പുരോഗമനകാരികള്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന മുസ്ലീം സംഘടനകള്‍ പോലും അവരെ സ്വീകരിച്ചില്ല. അവരുടെ പുസ്തകങ്ങള്‍ പോലും മുഖ്യധാരയിലില്ലാത്ത ചില പ്രസിദ്ധീകരണങ്ങളാണ് പുറത്തിറക്കിയത്. അല്ലാത്തവര്‍ അത് തര്‍ജ്ജമ ചെയ്തത് പോലുമില്ല. ആ സാഹചര്യത്തില്‍ ജാമിദയെ തള്ളിക്കളയുന്നതില്‍ അത്ഭുതപ്പെടാനില്ലല്ലോ?

ആമിനാ വദൂദ് 2005-ല്‍ ന്യൂയോര്‍ക്കിലാണ് ജുമായ്ക്ക് നേതൃത്വം നല്‍കുന്നത്. അവര്‍ ഇസ്ലാമിക് ഹിസ്റ്ററിയില്‍ പണ്ഡിതയാണ്. യാഥാസ്ഥിതിക മുസ്ലീങ്ങള്‍ അല്ലാഹുവിനെ ‘അവന്‍’ എന്ന് പറഞ്ഞപ്പോള്‍ ആമിന ചോദിച്ച ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് ‘അവള്‍’ എന്ന് പറയുന്നില്ല എന്ന്. എന്തുകൊണ്ട് പുരുഷ വായന വായിച്ചു? അവള്‍ എന്നോ അവര്‍ എന്നോ പറയാതെ അവന്‍ എന്ന് തന്നെ വായിക്കാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് അതിനെ സ്ത്രീപക്ഷമായി വായിക്കാന്‍ കഴിയാത്തത്? എന്തുകൊണ്ട് അത് വായിച്ചില്ല? ഒരുപക്ഷേ അവള്‍ എന്ന് അത് വായിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് വലിയ സ്വീകാര്യതയുണ്ടാവില്ലായിരുന്നോ? എന്നും അവര്‍ ഉന്നയിച്ച ചോദ്യങ്ങളാണ്. ആമിന ഒരു അമേരിക്കന്‍-ആഫ്രിക്കന്‍ പണ്ഡിതയാണ്. ഇസ്ലാമിനെക്കുറിച്ചുള്ള അറിവ് തന്നെയായിരുന്നു എല്ലാവരോടും പോരാടി നില്‍ക്കാനുള്ള അവരുടെ ശക്തി. വളരെ മോഡേണ്‍ കണ്‍ട്രിയായിട്ടുള്ള അമേരിക്കയില്‍ പോലും വളരെയധികം വിമര്‍ശനങ്ങളാണ് അവര്‍ നേരിട്ടത്. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന അവരുടെ ചാനല്‍ പരിപാടിയിലെ സംവാദങ്ങള്‍ക്ക് പ്രധാനപ്പെട്ട പണ്ഡിതനായ യൂസഫ് അല്‍-ഖര്‍ദാവി പോലും പറഞ്ഞത് മര്‍മ്മപ്രധാനമായ വിഷയങ്ങളായിരുന്നില്ല. ഇപ്പോള്‍ എന്നെ വിമര്‍ശിക്കുന്നത് പോലെ അവരെ വ്യക്തിപരമായി പോസ്റ്റ് മോര്‍ട്ടം ചെയ്തുകൊണ്ടുള്ള വിമര്‍ശനങ്ങളായിരുന്നു. അതില്‍ വസ്തുതാപരമായ കാര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരു സാഹചര്യമാണ് അവര്‍ക്കുണ്ടായിരുന്നത്. അവരെ ഏതൊക്കെ തരത്തില്‍ അവഹേളിക്കാമോ, വിമര്‍ശിക്കാമോ അതൊക്കെ അവര് ചെയ്തു. അത് ആമിന അമേരിക്കക്കാരിയായിരുന്നിട്ട് പോലും. അപ്പോള്‍, ഇന്ത്യക്കാരിയായ, കേരളക്കാരിയായ, കേരളത്തിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കോഴിക്കോട്, മലപ്പുറം പ്രദേശത്ത് നിന്ന്, മുസ്ലീം സംഘടനയില്‍ പെട്ട, പ്രത്യേകിച്ചും ചേകന്നൂര്‍ വിഭാഗത്തില്‍ പെട്ട, ഇവരൊക്കെ മുസ്ലീമല്ല എന്ന് അഡ്രസ് ചെയ്ത സംഘടനയാണ് ചേകന്നൂര്‍ വിഭാഗം, അതില്‍ നിന്ന് ഒരു മുസ്ലീം സ്ത്രീ ഇത്തരം പുരോഗമന ആശയവുമായി വന്നാലോ?

കൈവെട്ട് ന്യായീകരണക്കാരോട്; പ്രവാചകനിന്ദ ആരോപിക്കും മുമ്പ് ഹദീസുകളും ഖുറാനും വായിക്കാവുന്നതാണ്

ആശയം എന്നാല്‍ ചെറിയ ഒന്നല്ല. പൗരോഹിത്യത്തിന്റെ നെറുകയില്‍ ആണിയടിക്കുന്ന പ്രവൃത്തിയാണ്. 1400 വര്‍ഷം അവര്‍ കൊണ്ടുവന്നിരുന്ന നേതൃത്വ സ്വഭാവവും അവര്‍ കെട്ടിപ്പൊക്കിയ മുസ്ലീം വികാരവും എന്റെ ഒരു ജുമാ നേതൃത്വം കൊണ്ട് തന്നെ തകര്‍ന്നടിയുന്ന കാഴ്ച അവരെ സംബന്ധിച്ചിടത്തോളം ഭീകരമാണ്. 1960-കളില്‍ ചേകന്നൂര്‍ ചെയ്തതും അത് തന്നെയാണ്. സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങളാണെന്നും, മാതാപിതാക്കളുടെ സ്വത്തില്‍ മക്കള്‍ക്കെല്ലാം ഒരുപോലെ അവകാശമുണ്ടെന്നും, കുടുംബാസത്രണം ചെയ്യാമെന്നും ജനിക്കുന്ന കുഞ്ഞുങ്ങളെ കൊല്ലാതിരുന്നാല്‍ മാത്രം മതിയെന്നും, സ്ത്രീകള്‍ക്കും നേതൃത്വം ഏറ്റെടുക്കാമെന്നുമുള്ള പുരോഗമനപരമായ ആശയങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ കൊലപ്പെടുത്തി. ഞാന്‍ നാളത്തെ ചേകന്നൂര്‍ ആയിക്കൂടെന്നില്ല. ഇനി അങ്ങനെ ചെയ്താലും, വെട്ടിക്കൊല്ലുകയോ തട്ടിക്കൊണ്ട് പോവുകയോ ചെയ്താല്‍ തന്നെയും അതൊരു ധീരപ്രവൃത്തിയായേ ഇവര്‍ കണക്കാക്കൂ. കാരണം, ഇസ്ലാമിനെ ഒരാള്‍ വിമര്‍ശിച്ചു അല്ലെങ്കില്‍ ഇസ്ലാമില്‍ നിന്ന് ഒരാള്‍ പുറത്തുപോയി, അവര്‍ വധിക്കപ്പെടേണ്ടവരാണ്; അവരെ പിന്നീട് വച്ചുകൊണ്ടിരിക്കാന്‍ കഴിയില്ല. സഹജീവിയെ വെട്ടിക്കൊന്നാല്‍, അവരുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കിയാല്‍ 72 ഹൂറികളേയും കൊണ്ട് അല്ലാഹു സ്വര്‍ഗത്തില്‍ കാത്തിരിപ്പുണ്ടെന്നാ ഇവരുടെ വിശ്വാസം. ഇതെല്ലാം ഹദീസുകളിലുള്ള വിശ്വാസങ്ങളാണ്. സഹജീവിയെ കൊന്നിട്ടുവന്നോ, നിനക്ക് ഞാന്‍ സ്വര്‍ഗം തരാമെന്ന്. അപ്പോള്‍, ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ പേറി നടക്കുന്ന ഒരു സമൂഹം എനിക്ക് ഒരു സ്വീകാര്യതയും തരുമെന്ന വിശ്വാസവും പ്രതീക്ഷയും എനിക്കില്ല. പക്ഷേ, അപ്രതീക്ഷിതമായാണെങ്കിലും ചിന്തിക്കുന്ന ചിലരുടെ പിന്തുണ എനിക്ക് കിട്ടിയിട്ടുണ്ട്. എം.എന്‍ കാരശ്ശേരിയും ഹമീദ് ചേന്ദമംഗലൂരുമൊക്കെ അക്കൂട്ടത്തിലുള്ളതാണ്. ഇത്തരമൊരു പ്രവര്‍ത്തനം നമ്മുടെ നാട്ടില്‍ വേണ്ടതാണെന്ന് രൂപത്തില്‍ അവര്‍ സംസാരിച്ചു. ഫ്രീതിങ്കേഴ്‌സ്, റൈറ്റ് തിങ്കേഴ്‌സുമൊക്കെ മതത്തില്‍ നിന്നിട്ടല്ലെങ്കിലും ഒരു സ്ത്രീയുടെ മുന്നേറ്റമെന്ന നിലയ്ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കി. അതിനേക്കാളേറെ വിമര്‍ശനങ്ങളാണ്. ആമിനാ വദൂദ് വിമര്‍ശിക്കപ്പെട്ടെങ്കില്‍ ഞാന്‍ വിമര്‍ശിക്കപ്പെടുന്നതില്‍ ആശ്ചര്യപ്പെടാനില്ല.

വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് തന്നെയായിരുന്നല്ലോ ജുമാ നിസ്‌ക്കാരത്തിന് നേതൃത്വം ഏറ്റെടുത്തത്?

ഇവര്‍ നിലര്‍ത്തിപ്പോരുന്ന, ഇവര്‍ സ്ഥാപിച്ച ഇത്തരം കെട്ടുകഥകളാല്‍ നിര്‍മ്മിക്കപ്പെട്ട ഇസ്ലാമിനെ സംബന്ധിച്ച് ആരാണോ എതിരഭിപ്രായം പറയുന്നത്, അവരെ വിമര്‍ശിക്കുക, അവരെ തഴയുക, എന്നാല്‍ തന്നെയേ ഇവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ. കാരണം, അവരോട് എതിര്‍ത്ത് നില്‍ക്കണമെങ്കില്‍ ഇതിന് സോളിഡ് ആയ എവിഡന്‍സ് വേണം. ആമിനാ വദൂദിന് സ്വീകരണം നല്‍കിയാല്‍ ഇവര്‍ അവരുടെ പുരോഗമ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നു എന്നാണര്‍ഥം. വിമര്‍ശിക്കുകയാണെങ്കില്‍ അതിനുള്ള എവിഡന്‍സ് നല്‍കണം, അതും ഇവരുടെ കയ്യിലില്ല. അങ്ങനെ വരുന്ന സാഹചര്യത്തില്‍ തഴയുക, ഒഴിവാക്കുക എന്ന നയമാണ് അവര്‍ക്ക് സ്വീകരിക്കാനാവുക. എന്റെ കാര്യത്തില്‍ തന്നെ മതപണ്ഡിതര്‍ നിരവധി പ്രസ്താവനകള്‍ ഇറക്കി. ജാമിദ ടീച്ചറുടെ വിഷയത്തില്‍ നിങ്ങളാരും അഭിപ്രായം പറയേണ്ട, അവരെ വലുതാക്കണ്ട, അങ്ങനെയങ്ങ് ഒഴിവാക്കിയേക്ക് എന്ന് പറഞ്ഞെങ്കിലും അതിന് പലര്‍ക്കും സാധിച്ചില്ല എന്ന് മാത്രം. പിന്നെ, ഞാന്‍ മറ്റുള്ളവരെ വിമര്‍ശിക്കുന്നയാളാണ്. അപ്പോള്‍ ഞാന്‍ മാത്രം വിമര്‍ശനത്തിന് അതീതയല്ല. വിമര്‍ശനങ്ങളാണ് നമ്മളെ അടുത്ത പടിയിലേക്ക് ചവിട്ടാന്‍ പ്രേരിപ്പിക്കുന്നത്. വാങ്കിനെക്കുറിച്ച് തന്നെയുള്ള എന്റെ പരാമര്‍ശം അത്രയധികം വിമര്‍ശിക്കപ്പെട്ടപ്പോഴാണ് മുന്നോട്ടുള്ള ഒരു ചുവട് വയ്ക്കാന്‍ എനിക്ക് പ്രേരണയായത്.

മതചര്‍ച്ചയില്‍ ചരിത്രവും നാട്ടാചാരങ്ങളുമൊന്നും മാറ്റിനിര്‍ത്തേണ്ടതില്ല – അഭിമുഖം / സി.ടി അബ്ദുറഹീം

മുമ്പ് ഷഹബാനു കേസില്‍ ഉണ്ടായിരുന്നത് പോലൊരു എതിര്‍പ്പ് മുത്തലാഖ് നിരോധന ബില്ലിന്റെ കാര്യത്തില്‍ മുസ്ലീം സമുദായക്കാരില്‍ നിന്നുണ്ടായിട്ടില്ല. തീവ്രമുസ്ലീം സംഘടനകളും ചില വ്യക്തികളുമൊഴിച്ചാല്‍ മുത്തലാഖ് നിരോധിക്കണമെങ്കില്‍ നിരോധിക്കട്ടെ എന്ന ഒരു ചിന്ത പൊതുവെ മുസ്ലീം സമുദായക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. സമുദായാംഗങ്ങളില്‍ പലരും മുത്തലാഖ് പോലുള്ള ആചാരം എടുത്തു മാറ്റേണ്ടതാണ് എന്ന ഒരു ബോധം വച്ചുപുലര്‍ത്തുന്നുണ്ടെന്ന് കരുതാമോ?

1400 വര്‍ഷങ്ങളായി അപരിഷ്‌കൃതമായ മുത്തലാഖ് എന്ന ആചാരം തുടര്‍ന്നുപോരുന്നു. 1973ലാണ് ഇന്ത്യന്‍ മുസ്ലീം പേഴ്‌സണല്‍ ലോബോര്‍ഡ് ജന്മമമെടുക്കുന്നത്. ഇത്രയും വര്‍ഷമായിട്ടും ഈയൊരു അനീതിക്കെതിരെ അവര്‍ ഒന്നും ചെയ്തിട്ടില്ല. മാറി മാറി വന്ന സര്‍ക്കാരുകള്‍ മുത്തലാഖിനെതിരെ നിയമമുണ്ടാക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അവരേതെങ്കിലും തരത്തില്‍ എതിര്‍ത്ത് നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. സുപ്രീം കോടതിയില്‍ തന്നെ ഇവരെല്ലാം സമര്‍പ്പിച്ച അഫഡവിറ്റ് എത്രമാത്രം ഭീകരമാണെന്ന് നോക്കണം. മുത്തലാഖ് എന്നത് മതപരമായ നിയമമാണ്. മതനിയമത്തില്‍ പൊതുജനം ഇടപെടാന്‍ പാടില്ല. വിമാനത്തില്‍ പോലും എമര്‍ജന്‍സി എക്‌സിറ്റുണ്ട്. ഇതിനകത്ത് പുരുഷന്‍മാര്‍ പെട്ടുപോയാല്‍ രക്ഷപെടാനുള്ള ഒരു പഴുതാണ് മുത്തലാഖ് നിയമം. അതുകഴിഞ്ഞ് ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട്, ലോക്‌സഭയില്‍ പാസ്സാക്കിയ ബില്ലിനെതിരെ മുസ്ലിം പേ്‌ഴ്‌സണല്‍ ലോബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലെ അഫഡവിറ്റ് ഉണ്ട്. മുത്തലാഖ് പറഞ്ഞ് മുസ്ലീം സ്ത്രീകളെ ഒഴിവാക്കാനുള്ള അവകാശം മുസ്ലീം പുരുഷന്‍മാര്‍ക്ക് ലഭിച്ചില്ലെങ്കില്‍ അവരെ ഞങ്ങള്‍ കൊല്ലുകയോ, അവര്‍ വീടുകളിലെ അടുക്കളകള്‍ക്കുള്ളില്‍ കൊല്ലപ്പെടുകയോ കത്തിക്കരിക്കപ്പെടുകയോ ചെയ്യും എന്ന് പറഞ്ഞാണ് അവര്‍ അഫഡവിറ്റ് സമര്‍പ്പിച്ചിരിക്കുന്നത്.

ഈ വിഷയത്തില്‍ പലര്‍ക്കും ഏതാനും മാസങ്ങളിലെ അനുഭവങ്ങള്‍ വച്ചുകൊണ്ടുള്ള കാഴ്ചപ്പാടാണുള്ളത്. ഞാനിത് വര്‍ഷങ്ങളായി കാണുന്നതാണ്. ഇവിടെ ഒരുപാട് ആഭ്യന്തര കലഹങ്ങള്‍ മുത്തലാഖിനെതിരെ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. മുത്തലാഖിനെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗും, എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും പോലുള്ള സംഘടനകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. കഴിഞ്ഞയിടെ ന്യൂസ് ചാനല്‍ ചര്‍ച്ചക്കിടെ ഇ.ടി മുഹമ്മദ് ബഷീര്‍ ഞങ്ങള്‍ മുത്തലാഖിന് എതിരാണ് എന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് കുറച്ച് പരുഷമായി സംസാരിക്കേണ്ടി വന്നു. പ്രിയപ്പെട്ട ഇ.ടി, നിങ്ങള്‍ക്ക് ചാനലില്‍ നിന്ന് വന്നിരുന്ന് മുത്തലാഖിന് എതിരാണെന്ന് പറയാന്‍ ഉളുപ്പില്ലേ സാഹിബേ എന്ന് ഞാന്‍ ചോദിച്ചു. കാരണം, മുത്തലാഖ് നിലനിര്‍ത്തുന്നതിന് വേണ്ടി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാന്‍ ഒരു കോടി ഒപ്പ് സമാഹരിക്കുകയും മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ വായിച്ചപ്പോള്‍ ഇറങ്ങിപ്പോവുകയും ചെയ്തയാളാണ് ഇ.ടി. ഇക്കഴിഞ്ഞ അഞ്ചാറ് മാസങ്ങള്‍ക്കിടയില്‍ ജുമാ ഖുത്തുബകളില്‍ ഉടനീളം മുത്തലാഖ് നിലനിര്‍ത്താന്‍ വേണ്ടി ആഹ്വാനം ചെയ്യുകയും വീട്ടിലിരിക്കുന്ന സ്ത്രീകളെക്കൂടി ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ സ്ത്രീകള്‍ക്കായി 17 ചോദ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. അതിന് ആരും അനുകൂലമായി ഉത്തരം നല്‍കരുതെന്നും പ്രതികൂലമായി പ്രതികരിക്കണമെന്നും ജുമാ ഖുത്തുബകളില്‍ പണ്ഡിതന്‍മാര്‍ ആഹ്വാനം ചെയ്തിരുന്നു. ഇവര്‍ മുത്തലാഖിന് എതിരാണെങ്കില്‍ എന്തിനാണ് ഇത്രയും വര്‍ഷം കാത്തിരിക്കേണ്ടി വന്നത്? ഇപ്പോള്‍ത്തന്നെ ബിജെപി സര്‍ക്കാര്‍ ഇത്രയും വലിയ പ്രതിസന്ധിയിലാവേണ്ട കാര്യമുണ്ടായിരുന്നോ? മുന്നേതന്നെ അത് നിര്‍ത്തലാക്കാന്‍ പാടില്ലായിരുന്നോ?

അത്തിക്കാട്ടെ സലഫി കമ്മ്യൂണിന്റെ ഉള്ളറക്കഥകള്‍

സ്വയം നവീകരിക്കപ്പെടേണ്ടതാണെന്ന ബോധ്യമുള്ളപ്പോഴും ഇതില്‍ തൊടാന്‍ അറച്ച് നിന്നത് ഒരുപക്ഷേ ഏകീകൃത സിവില്‍ കോഡുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നാലെ എത്തുമെന്ന ഭയത്താലായിരിക്കില്ലേ?

ഏകീകൃത സിവില്‍ കോഡ് എങ്ങനെയാണ് വേട്ടയാടുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇവിടെ വിവാഹപ്രായത്തെ സംബന്ധിക്കുന്ന ഒരു നിയമം കൊണ്ടുവന്നു. അതിനെ ഇവര്‍ അങ്ങേയറ്റം എതിര്‍ത്ത് നിന്നു. എന്നിട്ടും അത് വന്നു. സ്ത്രീധന നിരോധന നിയമം, അതിനും ഇവര്‍ എതിരായിരുന്നു. അതുകഴിഞ്ഞ് 1973-ല്‍ ഇന്ദിരാഗാന്ധി, വിവാഹമുക്തയായ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് പറഞ്ഞ് ബില്‍ കൊണ്ടുവന്നപ്പോള്‍ മുസ്ലീം സംഘടനകള്‍ മുഴുവനും ഇന്ദിരാ ഗാന്ധിയില്‍ സമ്മര്‍ദ്ദം ചെലുത്തി. മതപരമായി എന്തെങ്കിലും നല്‍കിയാല്‍ പിന്നീടൊന്നും നല്‍കേണ്ടതില്ല എന്ന് അതില്‍ എഴുതിവക്കാന്‍ അവര്‍ നിര്‍ബന്ധിതയായി. അതിന് ഇവര്‍ തെളിവുണ്ടാക്കി. നബി ഒരു പെണ്ണിനെ ഒഴിവാക്കിയപ്പോള്‍ ഒരു ഉറുമാല്‍ ആണ് കൊടുത്തതെന്ന്. ഉറുമാല്‍ എന്ന് പറഞ്ഞാല്‍ ഒരു കഷ്ണം തുണി, ഇന്നത്തെ തൂവാല. ഈ പെണ്ണുങ്ങള്‍ക്ക് കണ്ണുനീര് തുടക്കണ്ടേ! അതുകൊണ്ട് വിവാഹമുക്തയായ സ്ത്രീക്ക് ഒരു കഷ്ണം തുണികൊടുത്താല്‍ മതി എന്ന് പറഞ്ഞ പണ്ഡിതന്‍മാരാണിവര്‍. 1983-ലെ ഷാബാനുവിന്റെ കേസ് – ഇന്ദിരാഗാന്ധി കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് വിവാഹമുക്തയായ തനിക്ക് ജീവനാംശം ലഭിക്കണമെന്ന് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അവരുടെ ഭര്‍ത്താവായ മുഹമ്മദ് അഹമ്മദ് ഖാന്‍ വാദിച്ചത് താന്‍ അഭിഭാഷകനാണ്, താന്‍ മുസ്ലീം ആണ്, അതുകൊണ്ട് വിവാഹമുക്തയായ സ്ത്രീക്ക് ഒന്നും നല്‍കേണ്ടതില്ല എന്നാണ്. എന്നാല്‍ ഷാബാനുവിന്റെ അഭിഭാഷകന്‍ ഖുര്‍-ആന്‍ ആയത് ഓതിക്കൊണ്ട് വാദിച്ചു. വിവാഹമുക്തയ്ക്ക് നന്‍മയുടെ രീതിയില്‍ ജീവനാംശം കൊടുക്കല്‍ സൂക്ഷ്മത പാലിക്കുന്ന ആള്‍ക്കാരുടെ മേല്‍ നിര്‍ബന്ധമാണ് എന്ന ആയത് ആയിരുന്നു അത്. അപ്പോള്‍ മുഹമ്മദ് അഹമ്മദ് ഖാനും അദ്ദേഹത്തിന്റെ വക്കീലും പറഞ്ഞത് അഹമ്മദ് ഖാന്‍ എന്നത് യഥാര്‍ഥത്തില്‍ ഒരുപാട് സൂക്ഷ്മത പാലിക്കുന്ന വിശ്വാസിയല്ല, അയാള്‍ വെറുമൊരു മുസ്ലീം നാമധാരി മാത്രമാണ്, അതുകൊണ്ട് അദ്ദേഹത്തിന് ഈ ഖുര്‍-ആന്‍ ആയത് ബാധകമല്ല എന്നാണ്.

ഞാന്‍ പറഞ്ഞുവരുന്നത്, എല്ലാത്തരത്തിലുള്ള നവീകരണങ്ങള്‍ക്കും ഇവര്‍ എതിരായിരുന്നു. എന്താണ് ഏകീകൃത സിവില്‍ കോഡ്? വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്ത്, വഖഫ്, വസീയത്ത്, രക്ഷാകര്‍തൃത്വം തുടങ്ങിയ ഒരു കുടുംബ നിയമം ഏകീകരിക്കുമ്പോള്‍ ഏത് തരത്തിലാണ് ഇത് വിശ്വാസി സമൂഹത്തെ ബാധിക്കുന്നത്? മാതാപിതാക്കളുടെ സമ്പത്തില്‍ മക്കള്‍ക്ക് തുല്യ അവകാശം വേണമെന്ന് പറയുമ്പോള്‍, പ്രത്യേകിച്ച് ഖുര്‍-ആനില്‍ അങ്ങനെയൊരു നിയമം കിടക്കുമ്പോള്‍ ഏത് തരത്തിലുള്ള വിശ്വാസങ്ങള്‍ക്കാണ് ഇവിടെ കോട്ടം സംഭവിക്കുന്നത്? ഏകീകൃത സിവില്‍കോഡ് വന്നാല്‍ ശരീഅത്തിന് മാറ്റം സംഭവിക്കുമെന്ന് ഇവര്‍ ഭയക്കുന്നു. അങ്ങനെയാണെങ്കില്‍ ക്രിമിനല്‍ കോഡ് ഭേദഗതി വരുത്തിയപ്പോള്‍ ഇവരെന്താ മിണ്ടാതിരുന്നത്? അതായത് മോഷ്ടാവിന്റെ കൈമുറിക്കാന്‍ ഖുര്‍-ആനിന്റെ ആഹ്വാനമാണ്. അതിവിടെ മാറ്റിയപ്പോള്‍ അത് ശരീഅത്തിലെ മാറ്റമായിരുന്നില്ലേ. വ്യഭിചാരിയെ എറിഞ്ഞുകൊല്ലണമെന്നത് ശരീഅത്ത് നിയമമാണ്. അതിവിടെ മാറ്റം വരുത്തി. അപ്പോള്‍ ക്രിമിനല്‍ കോഡിന്റെ ശരീഅത്തിന് ഭേദഗതി വന്നപ്പോള്‍ ഇവിടെ ഒരു പ്രശ്‌നവുമില്ല. സിവില്‍ കോഡ് വരുമ്പോള്‍ എന്ത് സംഭവിക്കാനാണ്. അതുപോലെ എനിക്ക് നാല് മക്കളുണ്ടെങ്കില്‍ ഞാനുണ്ടാക്കുന്ന സമ്പത്ത് നിലനിര്‍ത്തിപ്പോവാന്‍ ആര്‍ക്ക് കൊടുക്കണമെന്ന് എനിക്ക് തീരുമാനിക്കാന്‍ പാടില്ല? നമ്മുടെ സ്വത്തുക്കള്‍ മാന്യമായി വിഭജിക്കാം എന്ന് ഖുര്‍-ആന്‍ പറഞ്ഞപ്പോള്‍ ഇവരുണ്ടാക്കിയ കെട്ടുകഥകള്‍ പ്രകാരം വിഭജിക്കാന്‍ പാടില്ലെന്നും, മൂന്നിലൊന്ന് വിഭജിക്കാന്‍ ബന്ധുക്കള്‍ക്ക് പറ്റില്ലെന്നുമാക്കി മാറ്റി. ഖുര്‍-ആനിന്റെ നിയമം വരുമ്പോള്‍ ഇവിടെ ഏത് ആരാധനാനുഷ്ഠാനങ്ങള്‍ക്കാണ് പ്രശ്‌നം വരുന്നത്? അത് തന്നെയാണ് ഏകീകൃത സിവില്‍ കോഡും മുന്നോട്ട് വച്ചത്.

എനിക്ക് പകരം മുസ്ലീമായ ആണ്‍കുട്ടിയാണ് ഡാന്‍സ് ചെയ്തതെങ്കില്‍ ഈ തെറിവിളി ഉണ്ടാകുമായിരുന്നോ? ജസ്ല സംസാരിക്കുന്നു

വിവാഹം എന്നുപറഞ്ഞാല്‍ ഖുര്‍-ആന്‍ പ്രകാരം ആണും പെണ്ണും തമ്മിലുള്ള സിവില്‍ കോണ്‍ട്രാക്ട് ആണ്. ഇന്ന് നടക്കുന്ന വിവാഹത്തിലും വിവാഹമോചനത്തിലും പെണ്ണിന് റോളില്ല. പെണ്ണിന്റെ വാപ്പയും പയ്യനും തമ്മിലുള്ള സിവില്‍ കോണ്‍ട്രാക്ട് ആണ് ഇന്നത്തെ വിവാഹം. അതുകൊണ്ടാണ് അവന് ഒരു കാരണവുമില്ലാതെ പെട്ടെന്ന് പെണ്ണിനെ ഒഴിവാക്കാന്‍ സാധിക്കുന്നത്. ഏക സിവില്‍ കോഡില്‍ പറയുന്നത് വിവാഹം ഏതെങ്കിലും തദ്ദേശസ്വയം ഭരണ സ്ഥാപനത്തില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നാണ്. അതുപോലെ വിവാഹപ്രായം അപ്രൂവ് ചെയ്തതിന് ശേഷമേ വിവാഹം നടത്തിക്കൊടുക്കാന്‍ പാടുള്ളൂ. വിവാഹമോചനം, അത് കോടതി മുഖേന മാത്രമേ പാടുള്ളൂ. മാതാപിതാക്കളുടെ സമ്പത്തില്‍ ആണ്‍കുട്ടി, പെണ്‍കുട്ടി എന്ന് വ്യത്യാസമില്ലാതെ രണ്ട് പേര്‍ക്കും തുല്യ അവകാശം നല്‍കണം എന്നെല്ലാമാണ്. ഇന്നത്തെ ശരീഅത്ത് നിയമത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം മരിച്ച മക്കളുടെ മക്കള്‍ക്ക് സമ്പത്ത് നല്‍കില്ല. അതായത് എന്റെ വാപ്പയ്ക്ക് ഞാനും എന്റെ സഹോദരനും ചേര്‍ന്ന് രണ്ട് മക്കളാണെങ്കില്‍, ഞാന്‍ അകാലത്തില്‍ മരണപ്പെട്ടാല്‍ എന്റെ മക്കള്‍ക്ക് എന്റെ വാപ്പയുടെ സമ്പത്തില്‍ നിന്ന് ഒരു നാണയം പോലും ലഭിക്കില്ല. വാപ്പ അധ്വാനിച്ചുണ്ടാക്കിയ സമ്പത്തില്‍ എന്റെ സഹോദരന്റെ മക്കള്‍ സുഖിച്ച് ജീവിക്കുമ്പോള്‍ എന്റെ മക്കള്‍ പുറത്തിറങ്ങി ഭിക്ഷയെടുക്കണമെന്ന്. ഈ നിയമം മാറണം.

അതുപോലെ രക്ഷാകര്‍തൃത്വം, ഒരാള്‍ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയാല്‍, അവരിലുള്ള കുട്ടികളുടെ മേല്‍ ആ അമ്മയ്ക്ക് അവകാശമില്ലേ? അമ്മയ്ക്ക് മക്കളുടെ മേല്‍ ഒരു അവകാശവും ഇല്ല എന്ന് പറയുന്ന ആ നിയമവും മാറ്റണം. ഗീതാമനോഹര്‍ എന്നയാള്‍ വാദിക്കുകയും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ പൂര്‍ണ രക്ഷാധികാരം സ്ത്രീകള്‍ക്ക് നല്‍കുകയും ചെയ്തു ഹൈന്ദവമതത്തില്‍. ഇത്തരം പരിഷ്‌കരണങ്ങളൊക്കെത്തന്നെ മറ്റ് മതങ്ങള്‍ അംഗീകരിക്കുമ്പോള്‍ ഇസ്ലാം മതത്തിന് മാത്രം എന്താണിത്ര കൊമ്പ്? ഏകീകൃത സിവില്‍ കോഡെന്നാല്‍ എന്തോ വലിയ മതവിഷയമാണെന്നാണ് ഇവര്‍ കരുതുന്നത്. ഇത് പൊതുവിഷയമാണ്. മതനിയമത്തെ സംരക്ഷിക്കലല്ല അവരുടെ ആവശ്യം. ഒരു പരിഷ്‌കരണവും നടക്കാന്‍ പാടില്ല എന്നതാണ്. ഒരു തരത്തിലുള്ള നവീകരണങ്ങള്‍ക്കും ഇവര്‍ സമ്മതിക്കില്ല.

മുത്തലാക്കിനെതിരെ പോരാടുന്ന ഷയറ ബാനുവിന് പറയാനുള്ളത്

ഫാസിസ്റ്റ് കാലത്തെ മതനവീകരണം ഒരു വലിയ പ്രശ്‌നമായി നിലനില്‍ക്കുന്നില്ലേ? നവീകരിച്ച് വരുമ്പോള്‍ നവീകരണവുമുണ്ടാവില്ല, മതവും ഉണ്ടാവില്ല എന്ന വിശ്വസിക്കുന്നവരാണ് സമുദായാംഗങ്ങളില്‍ ചിലരെങ്കിലും…

മതത്തേക്കാള്‍ വലിയ ഏത് ഫാസിസ്റ്റ് ശക്തിയാണുള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ യമനിലേക്കും സിറിയയിലേക്കും ആടുമേക്കാനും യുദ്ധം ചെയ്യാനും പോയ ചരിത്രം നമ്മുടെ കയ്യിലില്ലേ? കോയമ്പത്തൂരുള്ള ഫാറൂഖിനെ കൊന്നത് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടതിന്റെ പേരിലാണ്. അത് ബിജെപിക്കാരോ ആര്‍എസ്എസോ അല്ല കൊന്നത്. മുസ്ലീങ്ങളാണ്. ടി.ജെ ജോസഫിന്റെ കൈ വെട്ടിയത് മുസ്ളീങ്ങളാണ്. ചേകന്നൂര്‍ മൗലവിയെ വകവരുത്തിയത് മുസ്ലീങ്ങളായിരുന്നു. മത, ഫാസിസ്റ്റ് ശക്തികള്‍ എന്ന് മുസ്ലീങ്ങള്‍ പറയുമ്പോള്‍, ഇവര്‍ അതിനേക്കാള്‍ വലിയ ഫാസിസ്റ്റുകളാണ്. ഇവര്‍ക്കിടയില്‍ പുരോഗതി അല്ലെങ്കില്‍ പുരോഗമനം എന്ന് പറയുമ്പോള്‍ പലരും ബലിയാടുകളാവേണ്ടി വരും. ചേകന്നൂര്‍ ബലിയാടായി.

ഫാസിസ്റ്റ് ഭരണകൂട കാലത്ത്, സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കുന്ന കാലത്ത് മുസ്ലീങ്ങള്‍ മാറ്റത്തെ ഭയപ്പെടുന്നു. ആ യാഥാര്‍ഥ്യത്തെ തള്ളിക്കളയാനാവില്ലല്ലോ?

മകന്‍ ചത്താലും സാരമില്ല, മരുമകള്‍ വെള്ളസാരി ഉടുക്കണം എന്ന നയമാണ് ഇന്ന് മുസ്ലീങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ബിജെപിക്കാര്‍ കൊണ്ടുവരട്ടെ. ഒരു നല്ല നയമാണ് കൊണ്ടുവരുന്നതെങ്കില്‍ ബിജെപിക്കാരാണ് കൊണ്ടുവരുന്നതെന്ന് കരുതി എന്തിനാണ് ഇവര്‍ സ്വീകരിക്കാതിരിക്കുന്നത്? ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ബിജെപിക്കാരല്ലല്ലോ. അവര്‍ കൊണ്ടുവന്നപ്പോഴും ഇവര്‍ ഒന്നും സ്വീകരിച്ചിട്ടില്ല. മന്‍മോഹന്‍സിങ്ങോ എല്‍.കെ അദ്വാനിയോ കൊണ്ടുവന്നാല്‍ ഇവര്‍ സ്വാഗതം ചെയ്യുമോ? ബിജെപിക്കാര്‍ കൊണ്ടുവന്നത് കൊണ്ട് മാത്രമാണോ ഇവര്‍ എതിര്‍ക്കുന്നതും വിമര്‍ശിക്കുന്നതും? അല്ല. ശരീഅത്തില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ല, കാരണം ശരീഅത്തില്‍ മാറ്റം വരുത്തിയാല്‍ മതം തന്നെ മാറിപ്പോവും, മതത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കും എന്ന ഭയമാണ് ഇവര്‍ക്ക്.

സംവരണം; മുസ്ലീം സ്ത്രീകള്‍ മാറിനില്‍ക്കണം എന്ന വാദം അബദ്ധം- ഡോ.ഹുസൈന്‍ മടവൂര്‍

ടീച്ചര്‍ പറയുന്നത് പോലെ ഫാസിസ്റ്റുകളായ മുസ്ലീം സമുദായക്കാര്‍ ചെയ്യുന്ന ശരികേടുകള്‍ കൊണ്ട് മാത്രം മറുഭാഗത്തെ ഫാസിസ്റ്റ് ശക്തികളുടെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാവുമോ?

ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ്. ഞാന്‍ ഒരു ബിജെപിക്കാരിയല്ല. എന്നാല്‍ പോലും ഏകീകൃത സിവില്‍ കോഡ് എന്ന് പറയുന്നത് മുസ്ലീം സ്ത്രീകളുടെ അവകാശമാണ്. ലിംഗ അസമത്വത്തിന് ഒരു തിരശീല വീഴുകയാണ് അവിടെ. അതുകൊണ്ടാണ് ഞാന്‍ അത് സ്വാഗതം ചെയ്യുന്നത്. നാളെ എനിക്കെതിരായി, അല്ലെങ്കില്‍ ഇസ്ലാമിക സമൂഹത്തിനെതിരായി സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഒരു നിയമം ബിജെപി കൊണ്ടുവന്നാല്‍ അതിനെതിരെ പ്രതിഷേധിക്കാന്‍ ഞാന്‍ മുമ്പിലുണ്ടാവും. അഖില-ഹാദിയ കേസില്‍ വന്നത് പോലെ ആര്യസമാജത്തിന്റെ കേസുകളും ഇതേ ആംഗിളില്‍ നിന്ന് ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും ഇവര്‍ എടുത്ത് കാണിക്കില്ല.

ഹിന്ദു ഐക്യവേദി തുടര്‍ച്ചയായി പിന്തുണയറിയിച്ച് കൂടെ നില്‍ക്കുന്നു, ബിജെപി കുടുംബ സംഗമത്തില്‍ വരെ പങ്കെടുക്കുന്നു. സ്വാഭാവികമായും ഇസ്ലാം മതത്തെ എതിര്‍ക്കുന്ന ജാമിദ സംഘപരിവാര്‍ അജണ്ടകള്‍ക്കൊത്ത് പ്രവര്‍ത്തിക്കുകയാണോ എന്ന സംശയം പലരിലും നിലനില്‍ക്കുന്നു. മുസ്ലീം മത നവീകരണം മാത്രമാണ് ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് ഹിന്ദുഐക്യവേദിയുള്‍പ്പെടെയുള്ള സംഘപരിവാറുകാരുടെ പിന്തുണ തള്ളിക്കളയുന്നില്ല?

ഇക്കഴിഞ്ഞ ഡിസംബര്‍ 11-ാം തീയതിയും 22-ാം തീയതിയും എന്നെ വീടുകയറി ആക്രമിച്ചു. രണ്ട് പേരെയും എന്റെ വീട്ടില്‍ നിന്ന് പോലീസ് പിടിച്ചുകൊണ്ട് പോയി. ആദ്യം വന്നയാള്‍ രാത്രി ഒമ്പത് മണിക്കും രണ്ടാമത് വന്നയാള്‍ പകല്‍ പന്ത്രണ്ടരയ്ക്കുമാണ് എന്റെ വീട്ടിലെത്തുന്നത്. എന്റെ മക്കള്‍ വല്ലാതെ പേടിച്ചുപോയി. എനിക്ക് ആറും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളാണുള്ളത്. മകന്‍ ഇപ്പോഴും സന്ധ്യയായാല്‍ ഗേറ്റ് അടയ്ക്ക് എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ഗേറ്റ് ഒക്കെ ചവിട്ടിപ്പൊളിച്ച്, ഞാന്‍ വാതില്‍ വലിച്ചടച്ചപ്പോള്‍ വാതില്‍ തള്ളിത്തുറന്നുകൊണ്ടുമാണ് അതില്‍ ഒരാള്‍ എത്തിയത്. വളരെ ഭീതിദമായ ഒരന്തരീക്ഷമാണ് അവിടെ സൃഷ്ടിച്ചത്. ഞാന്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച സമയത്ത് പോലീസുകാര്‍ വരികയും രണ്ട് പേരേയും അറസ്റ്റ് ചെയ്ത് കൊണ്ട് പോവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു മുസ്ലീം സംഘടന എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചിട്ടില്ല.

ഇതേ നയം തന്നെയായിരുന്നു ചേകന്നൂരിന്റെ വിഷയത്തിലും. ചേകന്നൂരിനെ കാണാനില്ലാതെ ഖുര്‍-ആന്‍ സുന്നത്ത് സൊസൈറ്റി കോടതികള്‍ കയറിയിറങ്ങി. എനിക്ക് നേരെ ആക്രമണം നടന്നതിന്റെ നാലാമത്തെ ദിവസം കേരള യുക്തിവാദി സംഘത്തിന്റെ സെക്രട്ടറി ഇരിങ്ങല്‍ കൃഷ്ണന്‍ മാഷിന്റെ നേതൃത്വത്തില്‍, യു. കലാനാഥന്‍ സാറിന്റെ അധ്യക്ഷതയില്‍ കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിനോട് അനുബന്ധിച്ചുള്ള പൊതു സദസ്സില്‍ എനിക്ക് വേണ്ടി ഒരു പൊതുയോഗം സംഘടിപ്പിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ജാഥ നടത്തി അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ എന്നെ ഹിന്ദു ഐക്യവേദിയുടെ ആര്‍.വി ബാബുച്ചേട്ടന്‍ വിളിക്കുന്നു. ടീച്ചറേ എന്തുണ്ട് വിശേഷം എന്ന് ചോദിച്ചാണ് വിളിച്ചത്. ഞാനും ബാബുച്ചേട്ടനും അതിന് മുമ്പ് നേരിട്ട് കണ്ടിട്ടില്ല. ഞങ്ങള്‍ ഒന്നിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. രണ്ട് തവണ ആക്രമണം ഉണ്ടായി എന്ന് ഞാന്‍ പറഞ്ഞു. വേറെ ആരാ ടീച്ചര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് എന്ന് അദ്ദേഹം ചോദിച്ചു. കേരള യുക്തിവാദി സംഘമല്ലാതെ ആരുമില്ല എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്റെ ആ നിസ്സഹായാവസ്ഥയില്‍ അവര്‍ എനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇനി ഞാന്‍ അവരുടെ സഹായം സ്വീകരിക്കാന്‍ പോയിരുന്നില്ലെങ്കില്‍ ഏതെങ്കിലും മുസ്ലീം സംഘടനകള്‍ എന്നെ സഹായിക്കാന്‍ വരുമോ? അവര്‍ക്ക് എന്നെ വകവരുത്തല്‍ കുറച്ചുകൂടി എളുപ്പമാവുകയല്ലേ ഉള്ളൂ?

മുത്ത്വലാക്ക് ചൊല്ലേണ്ടത് മുല്ലമാരെ

തിരുവന്തപുരം സ്വദേശിയായ ഞാന്‍ കോഴിക്കോട് വന്ന് താമസിക്കുന്നയാളാണ്. എനിക്ക് ഇവിടെ കൂടുതല്‍ ആളുകളെ പരിചയമില്ല. കോഴിക്കോടാണ് ഞങ്ങളുടെ സംഘടന പ്രവര്‍ത്തിക്കുന്നത്. ആ സംഘടനയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇവിടെ താമസിക്കുന്നത്. ഞാനും രണ്ട് കുട്ടികളും ഒറ്റയ്ക്ക് താമസിക്കുന്നു. വിവാഹമോചിതയായ സ്ത്രീയാണ്. ഞാന്‍ ഇസ്ലാമില്‍ നിന്ന് പുറത്തുപോയി എന്നുപറഞ്ഞ് എന്റെ വീട്ടുകാരെല്ലാവരും എന്നെ ഒഴിവാക്കിയതാണ്. ഈ സാഹചര്യത്തില്‍ എന്നെ സഹായിക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍ ഞാന്‍ അവരുടെ സഹായം സ്വീകരിക്കാന്‍ നിര്‍ബന്ധിതയായതാണ്. ഹിന്ദു ഐക്യവേദിക്ക് ഫാസിസ്റ്റ് ബന്ധമുണ്ടെന്ന് പറയുന്നു. അത് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാനവരുടെ സഹായം സ്വീകരിക്കാന്‍ ആ നിസ്സഹായാവസ്ഥയില്‍ നിര്‍ബന്ധിതയായതാണ്. ഇസ്ലാമിക സംഘടനയില്‍ പെട്ട ഒരാള്‍ പോലും സംഘടനാപരമായോ വ്യക്തിപരമായോ എന്നെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടില്ല. കാരണം എന്നെക്കൊല്ലാന്‍ വന്ന രണ്ടാളും ഇസ്മായില്‍ എന്ന ഒരാള്‍ പറഞ്ഞു വിട്ടിട്ട് വന്നതാണ് എന്നാണ് പോലീസുകാരോട് പറഞ്ഞിരിക്കുന്നത്. ഇവിടെ വന്നും അവര്‍ വിളിച്ചു പറഞ്ഞത് അത് തന്നെയാണ്. ഇസ്മായില്‍ ഞങ്ങളെ രക്ഷപെടുത്താമെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ്. മുസ്ലീങ്ങള്‍ തന്നെ എന്നെ തീര്‍ക്കാന്‍ കത്തിയും കൊടുത്ത് കള്ളും വാങ്ങിക്കൊടുത്ത് അവരെ വിട്ടിട്ട് ഇവരാരെങ്കിലും എനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമോ?

ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുക്കാത്ത ഏതെങ്കിലും ഒരു മുസ്ലീം സംഘടനയുണ്ടോ എന്ന് അന്വേഷിച്ച് നോക്കൂ. അവര്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ജമാ അത്തെ ഇസ്ലാമി, മുസ്ലീം ലീഗ്, എന്‍ഡിഎഫ് തുടങ്ങിയ ഏതാണ്ട് എല്ലാം സംഘടനാ നേതാക്കളും പങ്കെടുക്കാറുണ്ട്. ശശികല ടീച്ചര്‍ ഇവരുടെ പരിപാടി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. അതുപോലെ മലപ്പുറം, കോഴിക്കോട് സംഘടിപ്പിക്കുന്ന ഏതൊരു ഇഫ്താര്‍ വിരുന്നിലും ശ്രീധരന്‍ പിള്ള ഇല്ലാതിരിക്കില്ല. അത് ഉത്ഘാടനം ചെയ്യുന്നത് തന്നെ അദ്ദേഹമാണ്. അപ്പോള്‍ ഇതിനൊന്നും ഒരു പ്രശ്‌നവുമില്ല. ജാമിദ അവരുടെ ഐക്യദാര്‍ഢ്യം സ്വീകരിച്ചത് മാത്രമാണ് ഇവിടെ പ്രശ്‌നം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ പുരോഗമന ചിന്താഗതിക്കാരനായിരുന്നെന്നും അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങുണ്ട്, അതിലേക്ക് ടീച്ചര്‍ വന്ന് രണ്ട് വാക്ക് സംസാരിക്കണമെന്നും എന്നോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാന്‍ ആ പരിപാടിക്ക് പോവുന്നത്. അവിടെ ബിജെപി കുടുംബസംഗമമുണ്ട് എന്നുള്ളത് എനിക്ക് അറിയില്ലായിരുന്നു. വിളിച്ച സ്ഥിതിക്ക് പോവാതിരിക്കാന്‍ കഴിയില്ലല്ലോ? കാരണം വേറെ ഇസ്ലാമിക സംഘടനകളൊന്നും എന്നെ ഒരു പരിപാടിക്കും വിളിക്കാറില്ല. കാരണം ഞാന്‍ ഇസ്ലാമിന് പുറത്ത് നില്‍ക്കുന്നയാളാണല്ലോ. ബിജെപിയുടെ ലീഗല്‍ സെല്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇ.കെ വിഭാഗം സുന്നി നേതാവ് നാസര്‍ ഫൈസിയും ഞാനും ഒരുമിച്ചാണുണ്ടായിരുന്നത്. എന്നിട്ട് നാസര്‍ ഫൈസിയുടെ ഫോട്ടോ വെട്ടിമാറ്റി എന്‍റെത് മാത്രം പ്രചരിപ്പിച്ചു. ഞാന്‍ എവിടെ പോവുന്നു എന്നതല്ല ഇവരുടെ പ്രശ്‌നം, എന്ത് പറയുന്നു എന്നുള്ളതാണ്. ഞാന്‍ ബിജെപിയെ സപ്പോര്‍ട്ട് ചെയ്‌താണോ, ഹിന്ദു ഐക്യവേദിയെ സപ്പോര്‍ട്ട് ചെയ്താണോ സംസാരിക്കുന്നത് എന്നാണ് അവര്‍ക്കറിയേണ്ടത്. ഞാന്‍ ഖുര്‍-ആന്‍ നിയമങ്ങളാണ് പറയുന്നത്. ഹിന്ദു ഐക്യവേദിയുടെ പ്രോഗ്രാമിന് പോയപ്പോള്‍ ഖുര്‍-ആന്‍ ആയത് വാചകം ഉരുവിട്ടുകൊണ്ടാണ് ഞാന്‍ പ്രസംഗം തുടങ്ങിയത്. ഞാന്‍ ഖുര്‍-ആനിന്റെ അനുയായിയാണ്. അല്ലാതെ ഹിന്ദുമതം പ്രചരിപ്പിക്കാന്‍ നടക്കുന്നയാളോ ബിജെപിയുടെ രാഷ്ട്രീയ പ്രചാരകയോ അല്ല. എല്ലാ മതങ്ങളിലും സത്യമുണ്ട്. അതുകൊണ്ട് ഹിന്ദു ഐക്യവേദിയുടെ വേദിയായാലും ഞാന്‍ ഖുര്‍-ആനെക്കുറിച്ച് സംസാരിക്കും. കാരണം അവര്‍ക്കും കൂടിയുള്ളതാണ് ഖുര്‍-ആന്‍.

പെണ്‍സുന്നത്ത് വിവാദം: ഇസ്ലാം ഇങ്ങനെയൊക്കെയാണ് ബാക്കിയായത്

ഇസ്ലാമിനെ നിരന്തരം വിമര്‍ശിക്കുന്ന സംഘപരിവാറുകാര്‍ക്ക് ജാമിദ ടീച്ചര്‍ സ്വീകാര്യയാവുന്നത് അതേ കാര്യങ്ങള്‍ കൊണ്ടല്ലേ? അവര്‍ നിങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണോ?

അതിനെക്കുറിച്ച് എനിക്കറിയില്ല. ഏകീകൃത സിവില്‍ കോഡ് വേണമെന്ന് പറയുന്നു, അതാണ് ഞാന്‍ അവരുമായി സഹകരിക്കുന്ന വിഷയം. ആ വിഷയത്തില്‍ ഞാന്‍ അവരോടൊപ്പമാണ്. അശോകന്‍ ചേട്ടനും പൊന്നമ്മച്ചേച്ചിയും (ഹാദിയയുടെ അച്ഛനും അമ്മയും) പറയുന്നു അഖിലയ്ക്കുള്ളത് പോലെ മനുഷ്യാവകാശം ഞങ്ങള്‍ക്കുമില്ലേ എന്ന്; അപ്പോള്‍ ഞാന്‍ അവരോടൊപ്പമാണ് നില്‍ക്കുന്നത്. കാരണം അവര്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്. അതുപോലെ കുന്ദമംഗലം സ്വദേശിയായ മനോജ്, അദ്ദേഹത്തിന്റെ ഭാര്യ ശുഭയെ എന്‍ഡിഎഫുകാര്‍ മതംമാറ്റി അവര്‍ കൊണ്ടുപോയി. ആറും ഒമ്പതും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളേയും ഉപേക്ഷിച്ചിട്ടാണ് പോയത്. അപ്പോള്‍ ഞാന്‍ മതപരിവര്‍ത്തന സംഘത്തിന്റെ കൂടെയല്ല. ഞാന്‍ ആ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കൂടെ നില്‍ക്കുന്നത്. അതുപോലെ ഏകീകൃത സിവില്‍ കോഡ് വേണമെന്ന കാര്യത്തില്‍ ബിജെപി ഉറച്ച് നില്‍ക്കുന്നു. ആ വിഷയത്തില്‍ ഞാന്‍ ബിജെപിക്കൊപ്പമാണ്. ആ വിഷയത്തില്‍ മാത്രം. അല്ലാതെ അതിനെതിരായി ഒരു വിഷയം അവര്‍ കൊണ്ടുവന്നാല്‍ അവര്‍ക്കെതിരെയും ഞാന്‍ നില്‍ക്കും. തീര്‍ച്ചയായും വസ്തുതാപരമായ ഇടപെടല്‍ മാത്രമാണ് ഞാന്‍ നടത്തുന്നത്.

ഹാദിയയെ കാണാന്‍ ടീച്ചര്‍ അവരുടെ വീട്ടില്‍ പോയിരുന്നു. അന്ന് ഹാദിയയെ ഹിന്ദുമതത്തിലേക്ക് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് ടീച്ചര്‍ ശ്രമിക്കുന്നതായി നിരവധിപേര്‍ ആരോപിച്ചിരുന്നു. ഹാദിയയുടെ വിഷയത്തിലുള്ള ടീച്ചറുടെ നിലപാട് പലപ്പോഴും സംഘപരിവാറുകാരുടേതിന് സമാനമായതിനാല്‍ അത് വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഞാന്‍ ഹാദിയയെ കാണാന്‍ പോയിരുന്നു. പ്രധാനമായും ഞാന്‍ അവരെ കാണാന്‍ പോയത്, ഹാദിയ മനുഷ്യാവകാശ ലംഘനം അനുഭവിക്കുന്നുണ്ട് എന്നും രണ്ടോ മൂന്നോ ദിവസത്തിനകം അച്ഛനും അമ്മയും അവരെ കൊലപ്പെടുത്തുമെന്നും പറഞ്ഞ് രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട ഒരു വീഡിയോയുടെ അടിസ്ഥാനത്തിലാണ്. അപ്പോള്‍ അവിടെ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ഞാനെത്തിയപ്പോള്‍ ഹാദിയ അവിടെ ടി.വി കണ്ടുകൊണ്ടിരിക്കുന്നു. അവരുടെ മുറിയില്‍ ഷോകേസ് നിറയെ പുസ്തകങ്ങളുമുണ്ട്. അവിടെ നാല് പോലീസുകാരുണ്ട്. നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഇവിടെ മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിക്കുന്നുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇത് മനുഷ്യാവകാശ ലംഘനമല്ലേ എന്നാണ് അവര്‍ തിരികെ ചോദിച്ചത്. മാതാപിതാക്കള്‍ നിങ്ങളെ കൊലപ്പെടുത്തുമെന്നും നിങ്ങള്‍ക്ക് സംരക്ഷണം വേണമെന്നും ഹൈക്കോടതിയോട് നിങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ പോലീസ് സംരക്ഷണം നിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഞാന്‍ തിരിച്ചു പറഞ്ഞു.

നബിദിന ചിന്തകളില്‍ വിരിയുന്ന ഇസ്ലാം പൂര്‍വ അറേബ്യയിലെ സ്ത്രീകള്‍

തന്റെ അമ്മ തരുന്ന ഭക്ഷണത്തില്‍ പോലും ഹാദിയ സംശയം പ്രകടിപ്പിച്ചപ്പോള്‍ ഏത് മതമാണ് ഇങ്ങനെ പഠിപ്പിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. പാല് തന്ന് മകളെ, 23 വര്‍ഷം ഏക മകളെ വളര്‍ത്തി വലുതാക്കിയിട്ട് വിഷം കൊടുത്ത് കൊല്ലുമോ, ആ ഉള്‍ഗ്രാമത്തില്‍ താമസിക്കുന്ന നിഷ്‌കളങ്കയായ അമ്മ. അവര് അവിശ്വാസികളും, താന്‍ സത്യവിശ്വാസം സ്വീകരിച്ചയാളുമാണ് എന്നായിരുന്നു അവരുടെ മറുപടി. ഒരിക്കലും ഞാന്‍ ഹിന്ദുമതത്തിലേക്ക് ഹാദിയയെ കൊണ്ടുപോവാന്‍ ശ്രമിച്ചുവെന്ന് അവര്‍ പറയില്ല. കാരണം കൂടെ നിന്ന നാല് പോലീസുകാരുടെ സാന്നിധ്യത്തിലാണ് സംസാരിച്ചത്. ഞാനൊരു മുസ്ലീമായിരിക്കെ, എങ്ങനെയാണ് ഹിന്ദുമതത്തെക്കുറിച്ച് പറയുന്നത്. ഞാന്‍ ആ കുട്ടിയോട് പറഞ്ഞത് ഇസ്ലാമെന്ന് പറഞ്ഞാല്‍ നമസ്‌കാരവും ഇസ്ലാമിക രൂപത്തിലുള്ള വസ്ത്രധാരണവും മാത്രമല്ല എന്നാണ്. ഇസ്ലാം എന്ന് പറഞ്ഞാല്‍, ഖുര്‍-ആന്‍ മാതാപിതാക്കളോട് ഒരുപാട് കടമകളെക്കുറിച്ച് പറയുന്നുണ്ട്. വിശ്വാസിയാണെങ്കിലും അവിശ്വാസിയാണെങ്കിലും മാതാപിതാക്കളോട് ‘ഛേ’ എന്ന ഒരു വാക്ക് പോലും പറയാന്‍ പാടില്ല എന്നാണ് ഖുര്‍-ആനും മതവും പഠിപ്പിക്കുന്നത്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിച്ചുകൊള്ളാനും അതിന് മാതാപിതാക്കളും എതിരല്ല എന്നും ഞാന്‍ പറഞ്ഞു. ഷഫിന്‍ ജഹാന്‍ എന്നയാളെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച് മാത്രമേ അവര്‍ക്ക് എതിരഭിപ്രായമുള്ളൂ. മതം എന്ന് പറഞ്ഞാല്‍ ഖുര്‍-ആന്‍ ആണ്. ഖുര്‍-ആന്‍ പഠിപ്പിക്കുന്നത് ഇന്ന ഇന്ന കാര്യങ്ങളാണ്. കുട്ടി എത്തിച്ചേരേണ്ടയിടത്തല്ല എത്തിച്ചേര്‍ന്നിരിക്കുന്നത്. സത്യവിശ്വാസികളല്ലാത്ത മാതാപിതാക്കളോട് നല്ല രീതിയില്‍ പെരുമാറാന്‍ പാടില്ല എന്ന് മാത്രം കുട്ടി എവിടെ നിന്നോ മനസ്സിലാക്കിവച്ചിരിക്കുന്നു. ഏത് മതത്തിലും ഒരാള്‍ക്ക് വിശ്വസിക്കാം, പ്രവര്‍ത്തിക്കാം. ദൈവത്തില്‍ വിശ്വസിക്കുകയും സത്കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്താല്‍ അവന് മോക്ഷം ലഭിക്കും. അതാണ് ഖുര്‍-ആന്‍ അധ്യാപനം എന്നെല്ലാം ഞാന്‍ പറഞ്ഞു.

ഖുര്‍-ആന്‍ എന്താണ് എന്ന് മാത്രമാണ് ഞാന്‍ ആ കുട്ടിയോട് പറഞ്ഞുകൊടുക്കാന്‍ ശ്രമിച്ചത്. ടീച്ചറേ, എനിക്ക് ഈ ആശയം പഠിക്കണം, മനസ്സിലാക്കണം എന്ന് ഹാദിയയും പറഞ്ഞു. വലതുകാലിലെ മന്ത് ഇടത് കാലിലായി എന്നാണ് ഞാന്‍ തന്നെ ആ കുട്ടിയെക്കുറിച്ച് നടത്തിയ പരാമര്‍ശം. ഇതുവരെ ആ കുട്ടി ഹിന്ദുമതത്തിലായിരുന്നു, ഇപ്പോള്‍ ഇസ്ലാം മതത്തിലായി. രണ്ടും മന്ത് തന്നെയാണ്. അപ്പോള്‍ പിന്നെ ഞാനെങ്ങനെ ആ കുട്ടിയോട് മറ്റേ മതം ശരിയാണെന്ന് പറയും. ആ കുട്ടി എന്നെ കണ്ടപ്പോള്‍ തന്നെ പറഞ്ഞത് ടീച്ചര്‍ എന്റെ കാലില്‍ നോക്കൂ, എന്റെ രണ്ട് കാലിലും മന്തില്ല എന്നാണ്. ഞാന്‍ സത്യത്തില്‍ ഉദ്ദേശിച്ചത്, ബഹുദൈവാരാധനയുമായി നടന്നിരുന്ന ആ കുട്ടി ഇപ്പോള്‍ ഹാദീസ് മതത്തിലേക്ക് വന്നപ്പോള്‍ അതിനേക്കാളേറെ ദുരാചാരങ്ങളായി എന്നാണ്. കാരണം യമനിലേക്ക് പോയാല്‍ മാത്രമേ, സിറിയയിലേക്ക് പോയി ആട് മേച്ചാല്‍ മാത്രമേ ഇസ്ലാം പൂര്‍ത്തിയാവൂ എന്നാണ് ആ കുട്ടി മനസ്സിലാക്കി വച്ചിരിക്കുന്നത്. ഞാന്‍ പൈതൃകമായി ഇസ്ലാം മതത്തിലാണ്, അപ്പോള്‍ എനിക്കെന്താ കുട്ടീ ആട് മേച്ചാല്‍ സ്വര്‍ഗം തരാത്തത്, എന്നെ എന്തുകൊണ്ടാണ് ഇത്തരം സംഘടനകള്‍ ആട് മേക്കാന്‍ കൊണ്ടുപോവാത്തത്, മറ്റ് മതത്തില്‍ നിന്നും ഒരാളെ കടമെടുത്ത് കൊണ്ടുപോവേണ്ടതുണ്ടോ എന്നൊക്കെ ചോദിച്ചതുകൊണ്ട് ഈ കുട്ടി അകപ്പെട്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് കണ്‍വിന്‍സ് ചെയ്യാനാണ് ശ്രമിച്ചത്.

ഇസ്ലാം അനുവദിച്ച നീതി ഞങ്ങള്‍ക്ക് നിഷേധിക്കുന്നതെന്തിനാണ്? വിപി സുഹറ എഴുതുന്നു

ഒരിക്കലും മതമല്ല എന്റെ ലക്ഷ്യം. എന്റെ ലക്ഷ്യം മാനവികതയാണ്. കാരണം മാതാവ്, പിതാവ് അത് വേറെ കിട്ടില്ല. മറ്റുള്ളതെന്തും വേറെ കിട്ടും. സൈനബ എന്ന സ്ത്രീയെ ഉമ്മച്ചിയെന്നും അവരുടെ ഭര്‍ത്താവായ അലിയാറിനെ വാപ്പച്ചിയെന്നുമാണ് ആ കുട്ടി വിളിക്കുന്നത്. ആ ഉമ്മയേയും വാപ്പയേയും കടമെടുത്തിട്ട് ജന്‍മം നല്‍കിയ മാതാപിതാക്കളെ തള്ളിപ്പറയാന്‍ ഒരു മതം പറയുന്നുണ്ടെങ്കില്‍ ഞാന്‍ ആ മതം ആദ്യം ഉപേക്ഷിക്കുമെന്ന് ഞാന്‍ പറഞ്ഞു. ഈ ഹദീസ് തന്നെ പറയുന്നത് സ്വര്‍ണമെഡലും വെള്ളിമെഡലും വെങ്കലവും അമ്മയ്ക്ക് എന്നാണ്. ഞാന്‍ ഷഹാദത്ത് പറഞ്ഞാണ് മുസ്ലീമായത് എന്ന് ഹാദിയ പറഞ്ഞപ്പോള്‍ അത് പറഞ്ഞാല്‍ മാത്രം ഒരാള്‍ മുസ്ലീമാവില്ല എന്നും ഞാന്‍ പറഞ്ഞു. ഞാന്‍ ഈ സന്ദര്‍ശന കാര്യം ആരോടും പറഞ്ഞിട്ടില്ല. ഹാദിയയും പറഞ്ഞിട്ടില്ല. രാത്രിയാണ് ഞാന്‍ കണ്ട് മടങ്ങുന്നത്. പിന്നെ ഞാന്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് ഷഫിന്‍ ജഹാന്‍ എനിക്കെതിരെ കോട്ടയം പോലീസിന് കേസ് കൊടുത്തു. എന്താണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്. ഇവര്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ആ കുട്ടിയെ ഇസ്ലാം മതം സ്വീകരിപ്പിച്ചത്, വേറൊരാള്‍ വന്ന് സമ്മര്‍ദ്ദം ചെലുത്തിയാല്‍ ആ കുട്ടി മാറിപ്പോവുമെന്ന് അവര്‍ ഭയപ്പെടുന്നു. അവര്‍ മിസ്‌ഗൈഡ് ചെയ്തത് പോലെ ഞാനും മിസ്‌ഗൈഡ് ചെയ്യാനാണ് ചെന്നത് എന്ന് അവര്‍ സംശയിച്ചു. എന്നാല്‍ മതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ആ കുട്ടിയെ കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.

മുത്തലാഖിനെതിരെ പരാതി നല്‍കിയ ഇസ്രത്ത് ജഹാന്‍ ലോക്‌സഭയില്‍ മുത്തലാഖ് നിരോധന ബില്‍ പാസ്സാക്കിയതിന് അടുത്ത ദിവസം ബിജെപിയില്‍ ചേര്‍ന്നു. അത് ജാമിദയുള്‍പ്പെടെയുള്ളവരുടെ പോരാട്ടങ്ങളുടെ ക്രെഡിബിലിറ്റിയെയല്ലേ ബാധിക്കുന്നത്?

അത് തീര്‍ച്ചയായും ഇസ്രത്ത് ജഹാന്റെ വ്യക്തിപരമായ കാര്യമാണ്. കാരണം അവര്‍ നീതിക്ക് വേണ്ടി പോരാടി. സര്‍ക്കാര്‍ അവര്‍ക്ക് നീതി നേടിക്കൊടുത്തു എന്നൊക്കെയുള്ള കമ്മിറ്റ്‌മെന്റോ മറ്റോ ആയിരിക്കാം. അതിനെക്കുറിച്ച് എനിക്കറിയില്ല. തികച്ചും വ്യക്തിപരമാണ്. ഇനി എന്റെ കാര്യം, നാളെ ഏകീകൃത സിവില്‍ കോഡ് വരികയും മുത്തലാഖ് നിരോധിക്കുകയും ചെയ്‌തെന്ന് കരുതി ബിജെപിയില്‍ അംഗത്വമെടുക്കേണ്ട കാര്യമെനിക്കില്ല. കാരണം ഈ പാര്‍ട്ടിയുടെ പല തത്വങ്ങള്‍ക്കും ഞാനും എന്റെ സൊസൈറ്റിയും എതിരാണ്. നാളത്തെ കാര്യം എനിക്കറിയില്ല. ഇന്ന് എന്റെ നിലപാട് ഇതാണ്. ഞാന്‍ ഒരു വിഷയത്തില്‍ മാത്രം അവരോട് യോജിക്കുന്നു.

വര്‍ഗീയ ഹിന്ദു കുഴപ്പമില്ല, നേരിടേണ്ടത് സെക്കുലര്‍ വിമര്‍ശകരെ; പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വിചിത്ര നയങ്ങള്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍