UPDATES

വയനാട്ടിലെ തോട്ടം തൊഴിലാളിയുടെ മകന്‍; ജെഎന്‍യു വഴി ഇപ്പോള്‍ ഓക്സ്‌ഫോര്‍ഡില്‍; വി.ആര്‍ നജീബ്/അഭിമുഖം

തോട്ടംമേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നജീബ് ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത് ഈ മാസം ആറിനാണ്

വയനാട് തേറ്റമല സ്വദേശിയും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥിയുമായ വി.ആര്‍ നജീബ് വയനാട്ടിലെ തോട്ടംമേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ പ്രശസ്തമായ സെന്റ് ജോണ്‍സ് കോളേജിലാണ് ‘വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ സാമൂഹിക, സാമ്പത്തിക അവസ്ഥ’ സംബന്ധിച്ചുള്ള ഗവേഷണ പ്രബന്ധം സെപ്തംബര്‍ ആറിന് നജീബ് അവതരിപ്പിച്ചത്. ഇതേ വിഷയത്തില്‍ നജീബ് ജെഎന്‍‌യുവില്‍ മൂന്ന് വര്‍ഷമായി പിഎച്ച്ഡി ചെയ്യുകയാണ്.

തേറ്റമല വള്ളിയാട്ട് റഷീദ്‌-റംലത്ത് ദമ്പതിമാരുടെ മകനാണ്നജീബ്. റംലത്ത് തേറ്റമലയിലെ പാരിസണ്‍ എസ്റ്റേറ്റില്‍ 13 വര്‍ഷമായി തൊഴിലാളിയാണ്; റഷീദ് കൂലിപ്പണിക്കാരനും. തേറ്റമല ഗവ. യുപി, വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കോഴിക്കോട് ഫറൂഖ് കോളേജില്‍ നിന്ന് ഡിഗ്രിയെടുത്താണ് നജീബ് ജെഎന്‍യുവില്‍ പ്രവേശനം നേടിയത്. ജെഎൻയുവിൽ നിന്നു തന്നെ സോഷ്യോളജിയില്‍ എം.എയും എം.ഫില്ലും പൂര്‍ത്തിയാക്കി.

തോട്ടം മേഖലകളിലെ പ്രതിസന്ധികളെ കുറിച്ചും പ്രളയാനന്തരം തോട്ടം മേഖലകൾ നേരിടുന്ന ഭീഷണികളെ കുറിച്ചും വയനാട്ടിൽ നിന്നും ഓക്‌സ്‌ഫോര്‍ഡ് സർവ്വകലാശാലാലയിലേക്കുള്ള യാത്രയെ കുറിച്ചും നജീബ് അഴിമുഖത്തോട് സംസാരിക്കുന്നു.

വയനാട് ഒരു കാര്‍ഷിക ജില്ലയാണ്. വയനാടിന്‍റെ വികസനം സംബന്ധിച്ച ഏതൊരു കാഴ്ചപ്പാടും കാര്‍ഷികരംഗത്തെയും ആദിവാസിക്ഷേമത്തെയും തോട്ടം മേഖലയെയും മുന്‍നിര്‍ത്തിയാകണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രളയാനന്തരം വയനാട്ടിലെ തോട്ടം മേഖലകൾ നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധികൾ എന്തൊക്കെയായിരിക്കും?

കേരളത്തിൽ അപ്രതീക്ഷിതമായി വന്നു ചേർന്ന പ്രളയം മറ്റെല്ലാ ജില്ലകളെയും ബാധിച്ച പോലെ വയനാടിനെയും വളരെ മോശമായ രീതിയിൽ ബാധിച്ചിട്ടുണ്ട്. കാർഷിക ജില്ലയായ വയനാടിനെ ബാധിക്കുമ്പോൾ സ്വാഭാവികമായും തോട്ടം മേഖലയെയും പ്രളയം തീവ്രമായി ബാധിക്കും. രണ്ടു തരത്തിലാണ് അതിനെ വിലയിരുത്താൻ സാധിക്കുക. ഒന്ന്, നേരിട്ട് തോട്ടം മേഖലകളെ പ്രളയം ബാധിച്ചിട്ടുള്ള പ്രദേശങ്ങൾ വയനാട്ടിൽ ഉണ്ട്. പൊഴുതന പഞ്ചായത്ത്, തോട്ടം കൊല്ലി, ചിറക്കര തുടങ്ങിയ വിവിധ ഭാഗങ്ങൾ നേരിട്ട് പ്രളയം ബാധിച്ച മേഖലകളാണ്. തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പലപ്പോഴും അവരുടെ വീടുകൾ നിർമിക്കാൻ ഉപയോഗിക്കുന്നത് തേയില തോട്ടങ്ങളിൽ തേയില വെക്കാതെ പതിച്ചു നൽകിയ ഭൂമിയിലാണ്. പെട്ടെന്നുണ്ടാകുന്ന മണ്ണൊലിപ്പിലും മറ്റും ഒരു ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടി വെച്ച സമ്പാദ്യം കൊണ്ട് ഉണ്ടാക്കിയ വീടുകൾ പൂർണമായും തകർന്നു പോയിട്ടുണ്ട്. രണ്ടാമത്തെ കാര്യം തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാത്ത ഒരവസ്ഥ സംജാതമായി എന്നതാണ്. തൊഴിൽരഹിതമായ അവസ്ഥ താൽക്കാലിക തൊഴിലാളികൾക്ക് മാത്രമല്ല, സ്ഥിരം തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. വയനാട്ടിലെ പല ഫാക്റ്ററികളും അടഞ്ഞു കിടക്കുകയാണ്, ഫാക്ടറി തൊഴിലാളികൾക്ക് ജോലിയില്ലാതായി. തന്മൂലം പട്ടിണിയാണ് നല്ലൊരു ഭാഗം പ്രദേശങ്ങളിലും നിലനിൽക്കുന്നത്. ഇതൊരു പ്രാഥമികമായ വിലയിരുത്തൽ മാത്രമാണ്. കൂടുതൽ പഠനങ്ങൾക്ക് ശേഷം മാത്രമേ വിശദമായ ഒരു സ്ഥിതിവിശേഷം ആധികാരികമായി പറയാൻ സാധിക്കൂ.

ചരിത്രത്തിലാദ്യമായി തോട്ടം തൊഴിലാളികള്‍ക്ക് ഭവനപദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത് ഈ സർക്കാരിന്റെ കാലത്താണ്. കേരളത്തിലെ മുഴുവൻ തോട്ടം മേഖലകളും കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോയ കാലഘട്ടങ്ങൾ പലപ്പോഴായി ഉണ്ടായിട്ടും ഇത്തരം പദ്ധതികൾ വൈകാൻ കാരണമായത് എന്തായിരിക്കും? തോട്ടം മേഖലകളോട് മാറി മാറി വരുന്ന സർക്കാരുകൾ എടുത്ത നിലപാടുകളിൽ വീഴ്ചകൾ ഉണ്ടായിരുന്നോ? മറ്റു കാർഷിക മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രത്യേകിച്ചും.

1957-ലെ ഇഎംഎസ് ഗവൺമെന്റ് മുതൽ നിലവിലെ സർക്കാർ വരെയുള്ള വിവിധ സർക്കാരുകൾ തോട്ടം മേഖലക്ക് വേണ്ടി ചില പോസിറ്റിവ് ആയ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കൂലി വർധിപ്പിക്കൽ, ക്ഷാമബത്ത തുടങ്ങിയ തികച്ചും തൊഴിലാളിയനുകൂല നിലപാടുകൾ എടുത്ത സർക്കാരുകൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. തോട്ടം മേഖല നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ആ മേഖലയിലെ സിസ്റ്റത്തിന്റെ പ്രശ്നം ആണ്. തോട്ടം മേഖലകളുടെ യഥാർത്ഥ പ്രതിസന്ധി ആരംഭിക്കുന്നത് ബ്രിട്ടീഷ് കാലം മുതലാണ്. പൂർണമായും ഐസൊലേറ്റ് ചെയ്യപ്പെട്ട മേഖലകളിലാണ് ഇന്ത്യയിലാകമാനം ഭൂരിഭാഗം തോട്ടങ്ങളും ബ്രിട്ടീഷുകാർ ഒരുക്കിയത്. വയനാടിന്റെയും അവസ്ഥയും വ്യത്യസ്തമല്ല. ഒരു നഗര പ്രദേശത്തേക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ തോട്ടം തൊഴിലാളികൾക്ക് സാധിക്കില്ല. ഇതുവഴി പല തരത്തിൽ ഉള്ള പരിമിതികളിലും തൊഴിലാളികളിൽ വന്നു ചേരുന്നുണ്ട്. വാഹന ഗതാഗതം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം തുടങ്ങിയ പല മേഖലകളിലും ഈ ഒരു ഒറ്റപ്പെടൽ തോട്ടം മേഖലകളിലെ തൊഴിലാളികളുടെ ജീവിത നിലവാരത്തെ തന്നെ ബാധിക്കുന്നു.

ഇത് ഒരു പക്ഷെ, ബ്രിട്ടീഷ് സർക്കാരിന്റെ ഒരു ഗൂഢനീക്കം ആവാനും സാധ്യതയുണ്ട്. അതായത് തോട്ടം മേഖലകളിലെ തൊഴിലാളികൾ ഒരു തരത്തിലും പുറം ലോകവുമായി ബന്ധപ്പെടുകയോ, അവരുടെ ജീവിത നിലവാരത്തിൽ നിന്ന് ഉയരുകയോ ചെയ്താൽ അത് ഉത്പ്പാദനത്തെ ബാധിക്കും എന്ന മുതലാളിത്ത ചിന്തയുടെ ബാക്കിപത്രമാണ് ഇന്നും തോട്ടം മേഖലയിലെ തൊഴിലാളികൾ നേരിടുന്ന ദുരവസ്ഥയുടെ യഥാർത്ഥ കാരണം.

ഇനി മറ്റൊരു പ്രധാന കാര്യം, മാറി വരുന്ന സർക്കാരുകൾ പല പദ്ധതികൾ കൊണ്ട് വരുമ്പോൾ പോലും അതിന്റെ ഇമ്പ്ലിമെന്റേഷൻ കൃത്യമായി നടപ്പാക്കുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. ഈ ദുരവസ്ഥയാണ് തോട്ടം തൊഴിലാളികൾ നേരിടുന്ന ഒരു പ്രധാന പ്രതിസന്ധി. ഉദാഹരണത്തിന് ഈ സർക്കാർ കൊണ്ട് വന്ന ‘തോട്ടം തൊഴിലാളികള്‍ക്ക് ഭവനപദ്ധതി’, മാനേജമെന്റുകളുടെ ഇടപെടൽ മൂലം തടസ്സപ്പെട്ടിട്ടുണ്ട്. പല മാനേജ്‌മെന്റുകളും ഈ പദ്ധതി പ്രഖ്യാപിച്ച ഉടൻ ചെയ്തത് ഇത്തരത്തിൽ നിൽക്കുന്ന മിച്ചഭൂമിയിൽ തേയില അല്ലാതെ മരങ്ങൾ വെച്ചു പിടിപ്പിക്കുക, മറ്റുള്ള കാർഷികാവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കുക എന്നതാണ്. മിച്ചഭൂമിയല്ലെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു കൊണ്ട് സർക്കാരിന്റെ ഭവന പദ്ധതിക്ക് അവര്‍ തുരങ്കം വെച്ചു. കൂലി ഉയർത്തുന്ന വിഷയത്തിലും മാനേജ്‌മെന്റുകളുടെ ഇടപെടൽ തീർത്തും കാപട്യം നിറഞ്ഞതാണ്. തോട്ടം മേഖലകൾ നഷ്ടത്തിലാണെന്ന് പറഞ്ഞു കൊണ്ടാണ് പലപ്പോഴും അവർ കൂലി വർദ്ധനവിന് തടയിടുന്നത്. ഇത് പൂർണമായും ശരിയല്ല. ലോങ്ങ് ടേമിൽ നല്ല സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന തോട്ടം മേഖലയിലെ മാനേജ്മെന്റുകളും ഇവിടെ ഉണ്ട്.

നിത്യോപയോഗ സാധനങ്ങളടെ വിലക്കയറ്റവും, മറ്റ് ജീവിത ചിലവുകളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതര വിഭാഗം തൊഴിലാളികളുടെ ശമ്പളം കാലോചിതമായി വർധിച്ചിട്ടുണ്ട് . തോട്ടം തൊഴിലാളികളുടേയും ശമ്പളവും ആനുകൂല്യങ്ങളും അതനുസരിച്ച് ന്യായമായ ഒരു വർദ്ധനവ് ഉണ്ടായതായി പറയാന്‍ പറ്റുമോ? എല്ലാ വിഭാഗം തോട്ടം തൊഴിലാളികളുടേയും മിനിമം കൂലി 100 രൂപയായി വര്‍ധിപ്പിക്കുക, ക്ഷാമബത്ത 400 പോയിന്റിന് മേല്‍ ഒരു പോയിന്റിന് 10 പൈസയായി വര്‍ധിപ്പിക്കുക, സൂപ്പര്‍ ആന്വേഷന്‍ പ്രായം 60 വയസായി നിശ്ചയിക്കുക അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചു മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഒരു സമരം നടത്തിയിരുന്നു. തൊഴിലാളികളുടെ പ്രാഥമികമായ ആവശ്യങ്ങൾക്ക് പോലും സമരം ചെയ്യേണ്ടി വരുന്ന ഒരു സ്ഥിതിവിശേഷം എങ്ങനെയാണ് രൂപപ്പെടുന്നത്?

തോട്ടം മേഖലയിൽ നിലനിൽക്കുന്ന കൂലി വ്യവസ്ഥയോ മറ്റുള്ള ആനുകൂല്യങ്ങളോ ഒന്നും തന്നെ ഇന്നത്തെ ചുറ്റുപാടിൽ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ പര്യാപ്തമായ ഒന്നല്ല. അതിന്റെ പ്രധാന കാരണം മറ്റുള്ള മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥിരം തൊഴിൽ ഉള്ളതുകൊണ്ട് മാത്രം തോട്ടം തൊഴിലാളികൾക്ക് കുറഞ്ഞ വേതനം മതിയാകും എന്ന സാമ്പ്രദായികമായ നിലപാടാണ്. ഇത് തുടങ്ങി വെച്ചത് ബ്രിട്ടീഷ് സർക്കാർ ആണെന്ന് ഓർക്കണം. സൗജന്യമായി താമസസൗകര്യം ഒരുക്കുന്നുണ്ട്, പി എഫ്, ബോണസ് അടങ്ങുന്ന ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇതൊന്നും മറ്റുള്ള വ്യവസായ സംരംഭങ്ങളിൽ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല എന്നതും തോട്ടം മേഖലയിലെ തൊഴിലാളികളുടെ കൂലി കുറയ്ക്കാൻ കാരണമാകുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ ആഴ്ചയിൽ 150 രൂപ വെച്ച് ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് തീരെ കുറവാണ്. ഈ കൂലിക്ക് ഇപ്പോൾ വയനാട് പോലെയുള്ള പ്രദേശങ്ങളിൽ പുരുഷന്മാരായ തൊഴിലാളികളെ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നതും ഈ കാരണം കൊണ്ടാണ്. സ്ത്രീകളെ സംബന്ധിച്ചു മറ്റു വഴികൾ ഇല്ലാത്തതിനാൽ തോട്ടം മേഖലയിൽ തന്നെ തുടരുന്നവരുമുണ്ട്.

തൊഴിലാളികളുടെ കൊഴിഞ്ഞു പോക്കും മോശം ജീവിത സാഹചര്യങ്ങളും മൂലം തോട്ടം മേഖലകൾ ഉള്ള പ്രദേശങ്ങളിലെ വികസനത്തിനും തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. നേരത്തെ പറഞ്ഞ ബ്രിട്ടീഷുകാരുടെ ഹിസ്റ്റോറിക്കൽ ഡിസ്ക്രിമിനേഷന്റെ ഇരകൾ ആണ് തോട്ടം മേഖലയിലെ തൊഴിലാളികൾ. 1990 കാലഘട്ടം വരെ എട്ടാം ക്ലാസ്സിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച് തോട്ടം മേഖലയിൽ ജോലിക്കെത്തുന്ന കുട്ടികൾ ഒരു സ്ഥിരം കാഴ്ചയായിരുന്നു. വിവിധ സർക്കാരുകളുടെ ഇടപെടൽ മൂലവും സമൂഹത്തിൽ ഉണ്ടായ ആകെ മാറ്റത്തിന്റെ ചില പ്രതിഫലനം തോട്ടം മേഖലയിലും സംഭവിച്ചത് കൊണ്ട് പിന്നീട് തോട്ടം തൊഴിലാളികളുടെ മക്കൾ വിദ്യാഭ്യാസം നേടാൻ തുടങ്ങി. ഒപ്പം ആഗോളവത്ക്കരണത്തിന്റെ ഭാഗമായി ഉയർന്നു വന്ന പുതിയ ചില വ്യവസായ സംരംഭങ്ങളുടെ ഭാഗമായി അടുത്ത പ്രദേശങ്ങളില്‍ തൊഴിലവസരങ്ങളും ഇവർക്ക് സൃഷ്ടിക്കപ്പെട്ടു. പക്ഷെ നേരിയ ചലനങ്ങൾ അല്ലാതെ ആ മേഖലയുടെ പ്രധാന പ്രശ്നങ്ങൾ ഇവിടെയൊന്നും അഡ്രസ്സ് ചെയ്യപ്പെട്ടില്ല.

ചോദ്യത്തിലേക്ക് തിരിച്ചു വന്നാൽ ആഴ്ചയിൽ ലഭിക്കുന്ന 150 രൂപ കൊണ്ട് എന്തെല്ലാം ചെയ്യാൻ കഴിയും എന്ന് സാമാന്യ ബുദ്ധി ഉള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാകുന്നതാണ്. ഒരു വിവാഹമോ ആശുപത്രി ചിലവുകളോ വന്നാൽ കടം വാങ്ങുകയോ, മറ്റു സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയോ വേണം. ഇത് സ്വാഭാവികമായും ഒരു സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കും. അത്തരം സാഹചര്യങ്ങളിലാണ് സംവരണം ആവശ്യമായി വരുന്നത്. ഇവിടെ തൊഴിലാളികൾ ഇപ്പോഴും സമരത്തിലാണ്. ആവശ്യങ്ങൾ നേടിയെടുക്കാനാണ് സമരം ചെയ്യുന്നത്. പ്രാഥമിക ആവശ്യങ്ങൾ പോലും ലഭിക്കാത്തതു കൊണ്ട് സമരങ്ങൾ ഇന്നും തുടരുന്നു.

ഒരു അക്കാദമിഷ്യന്‍ എന്ന നിലയിൽ തോട്ടം മേഖലയിലെ തൊഴിലാളി സംഘടനകളുടെ ഇടപെടലിനെ എങ്ങനെ നോക്കിക്കാണുന്നു? എത്രത്തോളം ആ മേഖലയുടെ പുരോഗതിക്ക് ഈ സംഘടനകൾ തങ്ങളുടേതായ ഇടപെടലുകൾ നടത്തുന്നുണ്ട്. മൂന്നാര്‍ മോഡല്‍ സമരത്തിന് വയനാട്ടിലെ തോട്ടം തൊഴിലാളികളും തയ്യാറായ സമയത്ത് തൊഴിലാളികൾ യൂണിയനുകളെ ഒഴിവാക്കിയും സമരം നടത്തുന്ന ഒരു അവസ്ഥ സംജാതമായതായി വാർത്തകൾ ഉണ്ടായിരുന്നു.

തോട്ടം മേഖലകളിൽ തൊഴിലാളി യൂണിയനുകൾ രൂപീകരിക്കാൻ ഇടതുപക്ഷ സംഘടനകൾ സജീവമായി ഇടപെട്ടിരുന്നു. അതിനു അവർ പല വഴികളും തേടിയിരുന്നു. സി എച്ച് കണാരൻ അടക്കമുള്ളവർ പലതരത്തിലുള്ള ട്രേഡ് യൂണിയൻ മൂവ്മെന്റുകളുമായി വയനാടിലേക്കു കടന്നു വന്നവരാണ്. മുദ്രാവാക്യങ്ങൾ പലതായിരുന്നെങ്കിലും ട്രേഡ് യൂണിയനുകള്‍ തോട്ടം മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

ആഗോളവത്ക്കരണത്തിനു ശേഷം മുതലാളിത്തം സ്വീകരിച്ചു പോന്ന കുറെ തന്ത്രങ്ങളുണ്ട്. ഈ തന്ത്രങ്ങളും പുതിയ നയങ്ങളും തൊഴിലാളികളെ ഡയറക്ട് ആയി ചൂഷണം ചെയ്യുന്ന പുത്തൻ അടവ് ആണെന്ന യാഥാർഥ്യം ട്രേഡ് യുണിയനുകൾക്ക് തൊഴിലാളി വിഭാഗങ്ങളെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല എന്ന് വേണം കരുതാൻ. മാറി വന്ന മുതലാളിത്തത്തിന്റെ അജണ്ടകളെ കുറിച്ച് ഒരു അവബോധം സൃഷ്ടിക്കുന്നില്ല. ട്രേഡ് യുണിയനുകൾക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഡബിൾ കൂലി, ഓവർ ടൈം സിസ്റ്റം പോലെ തീർത്തും തൊഴിലാളി വിരുദ്ധമായ പല തൊഴിൽ രീതികൾക്കും പലരും തയ്യാറായത് ഈ സാഹചര്യത്തിലാണ്. തോട്ടം മേഖലകളിൽ ട്രേഡ് യൂണിയനുകളുടെ ഇടപെടൽ കുറച്ചു കൂടി ക്രിയാത്മകമാകണം.

മൂന്നാറിലെ പെണ്‍പിളൈ ഒരുമൈ സമരം ഒരുപാട് റെലെവന്റ് ആയ സമരമാണ്. വലിയ ഒരു മാറ്റം സൃഷ്ടിക്കാൻ കാരണമായ മൂവ്മെന്റ്. എന്നാൽ സമാന രീതിയിൽ വയനാട്ടിലും ലോക്ക് ഔട്ട് സംവിധാനങ്ങൾക്കെതിരെ നടന്ന സമരം, അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഉള്ള സമരങ്ങൾ എല്ലാം നടന്നിട്ടുണ്ട്. മൂന്നാർ സമരം തീർച്ചയായും വയനാട്ടിലും ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ആ ഒരൊറ്റ സമരം മാത്രമല്ല ഒരുപാട് മറ്റു മുന്നേറ്റങ്ങളും ഈ മേഖലയിൽ നടന്നിട്ടുണ്ട്, അതിനനുസരിച്ചുള്ള മാറ്റങ്ങളും വന്നിട്ടുണ്ട്.

ദശബ്ദങ്ങൾക്ക് മുൻപ് ആഗോള മുതലാളിത്തത്തെ വെല്ലു വിളിച്ചു കൊണ്ട് ചിക്കാഗോയിലെ തൊഴിലാളികൾ മുന്നോട്ടു വച്ച “8 മണിക്കൂർ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂർ വിശ്രമം“ എന്ന മുദ്രാവാക്യം ഇന്നും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്ന ഒരു ഒരു ജനതയെ പ്രതിനിധീകരിച്ചു കൊണ്ടാണ് താങ്കൾ ഓക്‌സ്‌ഫഡില്‍ പ്രബന്ധം അവതരിപ്പിച്ചത്. എന്താണ് ഭാവിയിലേക്കുള്ള ഈ മേഖലയെകുറിച്ചുള്ള പ്രതീക്ഷകൾ?

തോട്ടം മേഖല പ്രതിസന്ധി നേരിടുന്നുണ്ട്. എന്റെ പഠനത്തിന്റെ ഭാഗമായി വയനാടിലെ വിവിധ എസ്റ്റേറ്റുകൾ സന്ദർശിച്ചതിൽ നിന്നും എനിക്ക് മനസ്സിലായത്, തൊണ്ണൂറുകൾക്കു ശേഷം നിലവിൽ വന്ന ഇറക്കുമതി നയങ്ങൾ തോട്ടം മേഖലയെയും അത് വഴി തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട് എന്നാണ്. ഈ നയങ്ങൾ സ്ഥിരം തൊഴിൽ എന്ന സമ്പ്രദായത്തിന് മാറ്റം വരുത്തുകയും ധാരാളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടാനും ഹേതുവായിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ മക്കൾ ഇപ്പോഴും ഉന്നതവിദ്യാഭ്യാസത്തിന് തയ്യാറെടുക്കാൻ ഏറെ കഷ്ടപ്പെടുന്നുണ്ട്. നേരത്തെ പറഞ്ഞത് പോലെ ചരിത്രപരമായ കാരണങ്ങളും ഇവിടെ നില നിൽക്കുന്നുണ്ട്.

മാനേജ്‌മെന്റുകളും സർക്കാരുകളും കുറേക്കൂടി പരിഗണന ഈ മേഖലക്ക് നൽകിയാൽ മാത്രമേ ഇവിടെ ഒരു മാറ്റം സംഭവിക്കുകയുള്ളൂ. തോട്ടം തൊഴിലാളികളുടെ ഭവന പദ്ധതി നടപ്പിലാക്കുക, കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുക തുടങ്ങിയ കാര്യങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ ഇരുകൂട്ടരും ഏറ്റെടുക്കണം. അതുപോലെ മാനേജ്‌മെന്റുകളുടെ തൊഴിൽ ചൂഷണങ്ങൾക്ക് തടയിടാൻ വേണ്ട ഇടപെടലുകൾ ട്രേഡ് യൂണിയനുകളും സമയബന്ധിതമായി നടത്തേണ്ടതുണ്ട്.

നിലവിലുള്ള ആധുനിക വ്യവസായ തൊഴിലാളി സ്റ്റാറ്റസിലേക്കു തോട്ടം മേഖലയിലെ തൊഴിലാളികളെയും ഉയർത്തുക എന്നതാണ് പരമ പ്രധാനം. ഒരു ട്രാൻസ്‌പ്ലാന്റെഷൻ വഴിയല്ല, മറിച്ച് ആ മേഖലകൾക്കകത്തു നിലനിർത്തിക്കൊണ്ട് തന്നെ അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാവണം. ഇതാണ് ഇപ്പോഴുള്ള പ്രധാന ആവശ്യവും.

മൂന്നാർ, ഇടുക്കി, പാലക്കാട് തോട്ടം മേഖലകളിൽ നിന്ന് വയനാട് തോട്ടം മേഖലയെ വ്യത്യസ്തമാക്കുന്ന സാമൂഹ്യ, സാമ്പത്തിക ഘടകങ്ങൾ എന്തൊക്കെയാണ്? അടിച്ചമർത്തലുകളുടെയും അവഗണനയുടെയും അരികുവത്കരണത്തിൻറെയും ഒരു വലിയ ചരിത്രം നമ്മുടെ നാട്ടിലെ ചായ തോട്ടങ്ങൾക്കൊക്കെയും ഉണ്ട്. വയനാട് തോട്ടം മേഖലയുടെ ഒരു ബ്രീഫ് ഹിസ്റ്ററി ഒന്ന് വിശദീകരിക്കാമോ?

കൃത്യമായും എന്റെ എം.ഫിൽ, പിഎച്ച്‌ഡി വിഷയവും, ഞാൻ പ്രസന്റ് ചെയ്ത പേപ്പറിന്റെ പ്രധാന ഭാഗവും ഇതാണ്. ഇന്ത്യയിലെ വിവിധ തോട്ടം മേഖലകളെ കുറിച്ച് വിവിധ പഠനങ്ങൾ നിലവിൽ ഉണ്ട്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ഷഹാരിയാത്ത് ബോംബിക് ബംഗാളിലെ തോട്ടം മേഖലകളെ കുറിച്ച് ദീർഘമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്, റാണ പി ബെഹൽ അസമിലെ തോട്ടം മേഖലയെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. രവിരാമൻ സൗത്ത് ഇന്ത്യയിലെ തോട്ടം മേഖകളെ കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്, മിക്ക തോട്ടം മേഖകലകളിലും തൊഴിലാളികൾ ആയി ഉണ്ടാവുക ആ നാട്ടിലെ ആളുകൾ ആയിരിക്കില്ല. ബംഗാളിലെ തോട്ടം മേഖലകളിൽ ഛോട്ടാ നാഗ്പൂർ പോലെയുള്ള സ്ഥലങ്ങളിൽ നിന്നാണ് തൊഴിലാളികൾ വന്നിരുന്നത്. മൂന്നാറിൽ കൂടുതൽ തമിഴ്നാട്ടിൽ നിന്നുമുള്ള തൊഴിലാളികൾ ആണ് വന്നിരുന്നത്.

വയനാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. വയനാട്ടിലെ തോട്ടം മേഖലയിലേക്ക് തൊഴിലാളികളെ കൊണ്ടു വന്നിരുന്നത് പ്രധാനമായും നീലഗിരി, മൈസൂർ ഒപ്പം മലബാറിലെ മറ്റു പ്രദേശങ്ങളിൽ നിന്നുമായിരുന്നു. മറ്റു തോട്ടം മേഖലകളിൽ നിന്നും വ്യത്യസ്തമായി വയനാട്ടിലേക്ക് വന്ന തൊഴിലാളികളിൽ മുസ്ലിം കമ്യൂണിറ്റിയുടെ പ്രാതിനിധ്യം കൂടുതലായിരുന്നു. മലബാർ കലാപത്തിന് ശേഷം മുസ്ലിം തൊഴിലാളികളുടെ സോഷ്യൽ കോമ്പോസിഷൻ വ്യാപകമായി നിലനിൽക്കുന്ന ഒരു പ്രദേശമായി വയനാട് മാറി.

ആരും ഇതു വരെ അഡ്രസ് ചെയ്യാത്ത ഒരു വിഷയമാണ് എങ്ങനെയാണ് മുസ്ലീം കമ്മ്യുണിറ്റി വയനാട്ടിലെ തോട്ടം മേഖലയിലേക്ക് എത്തിപ്പെട്ടത്, അതിന് സാമൂഹിക, സാമ്പത്തിക കാരണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങൾ. കെ.എൻ പണിക്കരുടെ ‘ലാൻഡ് എഗൈന്‍സ്റ്റ് ലോർഡ്’ എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നുണ്ട്, എങ്ങനെയാണ് മലബാറിൽ നിന്നും തൊഴിലാളികൾ വയനാട്ടിൽ എത്തിയതെന്ന്. മലബാറിൽ നിന്നും തൊഴിലാളികൾ വയനാട്ടിൽ എത്തുന്നത് നിലനില്പിന്റെ പ്രശ്നം കൂടി ഉദയം ചെയ്തത് മൂലമാണ്. എന്നാൽ കച്ചവട താല്പര്യങ്ങൾക്കായും വയനാട് എത്തിയവര്‍ ഉണ്ട്.

വയനാട് തോട്ടം മേഖലയുടെ ചരിത്രത്തെ കുറിച്ച് പറയുമ്പോൾ കങ്കാണിമാരെ കുറിച്ചും പറയേണ്ടതുണ്ട്‌. 1920-നു ശേഷം ഏതാണ്ട് 1970 വരെ വയനാട്ടിലെ തോട്ടം മേഖലയിലേക്ക് തൊഴിലാളികളെ മലബാറിൽ നിന്നും എത്തിച്ചിരുന്നത് വയനാട്ടിൽ തന്നെ തടിക്കച്ചവടം ചെയ്യുന്ന മുസ്ലീം വിഭാഗത്തിൽപ്പെട്ട കങ്കാണിമാരാണ്. എന്റെ ഫീല്‍ഡ് വർക്കിൽ ഞാൻ തന്നെ കണ്ടെത്തിയ/അല്ലെങ്കിൽ മനസ്സിലാക്കിയ ചില വസ്തുതകളാണ് ഇതെല്ലാം.

ഒരു കമ്യൂണിറ്റിയിലെ അഫ്‌ളുവന്റ് വിഭാഗം അതേ കമ്യൂണിറ്റിയിലെ വർക്കിംഗ് ക്ലാസ്സിനെ എങ്ങനെ ഒരു ടീ-പ്ലാന്റേഷൻ സിസ്റ്റത്തിലേക്ക് കൊണ്ടു വരികയും നീണ്ട കാലം അവരെ വലിയ പീഡനങ്ങൾക്കും സാമൂഹികമായ അടിച്ചമർത്തലുകൾക്കും വിധേയമാക്കിയതെന്നും പ്രത്യേകം പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. സ്ത്രീ തൊഴിലാളികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ, തൊഴിലിടങ്ങളിൽ അവധി എടുക്കുന്ന തൊഴിലാളികളെ വീട്ടിൽ എത്തി മർദ്ദിച്ചു കൊണ്ടുപോകൽ ഇങ്ങനെ തുടങ്ങി നാനാ വിധത്തിലുള്ള പീഡനങ്ങളും കങ്കാണിമാർ ചെയ്തു പോന്നു. ഈ മുസ്ലീം കമ്യൂണിറ്റിയിലെ കങ്കാണിമാർ തന്നെയാണ് ബ്രിട്ടീഷുകാരുടെ തോട്ടം മേഖലകളിലെ ഏജന്റുമാരായി പ്രവർത്തിച്ചിരുന്നത് എന്നും കാണാൻ കഴിയും.

വയനാട്ടിൽ 1830-ഓടുകൂടി ബ്രിട്ടീഷുകാർ കുറ്റ്യാടി ചുരം വഴി മാനന്തവാടി (അന്നത് മന്നൻതൊടി ആയിരുന്നു) ഒരു കോഫീ പ്ലാന്റേഷൻ സ്ഥാപിച്ചു. ഇ ആൻഡ് പ്യു കമ്പനി. ഇവിടെയാണ് വയനാടിലെ തോട്ടം മേഖലയുടെ ചരിത്രം ആരംഭിക്കുന്നത്. ശ്രീലങ്കയിലെ ബ്രിട്ടീഷ് തോട്ടങ്ങളിൽ വ്യാപകമായ പ്രശ്നങ്ങൾ ഉടലെടുത്തതിനാൽ കൊളോണിയലിസ്റ്റുകൾക്ക് പുതിയ ഒരു താവളം അത്യാവശ്യവുമായിരുന്നു. അങ്ങനെയാണ് വയനാട് അവർ തെരഞ്ഞെടുക്കുന്നത്. റോബിൻസൺ, ഫോർഡ്, സി ഗോപാലൻ നായർ തുടങ്ങിയവർ എഴുതിയ പുസ്തകങ്ങളിൽ ഈ നിരീക്ഷണങ്ങൾ ശരിവെക്കുന്നുണ്ട്.

1860-ന് ശേഷം ലീഫ് ഡിസീസ് മൂലം കോഫീ പ്ലാന്റെഷൻ വ്യാപകമായി നഷ്ടത്തിലാവുകയും, 1870-ഓട് കൂടി ബ്രിട്ടീഷുകാർ കോഫീ പ്ലാന്റേഷൻ അവസാനിപ്പിക്കുകയും പകരം ടീ പ്ലാന്റേഷൻ ആരംഭിക്കുകയും ചെയ്തു. (ഇംഗ്ലീഷ് ആൻഡ് സ്കോട്ടിഷ് കമ്പനി). 1890-ഓട് കൂടി ഓർഗനൈസ്ഡ് ആയി ടീ പ്ലാന്റേഷനുകൾ ആരംഭിച്ചു. 1900-1910-കളില്‍ ഒരു ഫുൾ ഫ്ലഡ്ജ്ഡ് ടീ എസ്റ്റേറ്റുകൾ വയനാടിൽ പ്രവർത്തനം തുടർന്നു. തലശേരി പോർട്ട് അടക്കം ഉപയോഗപ്പെടുത്തി കൊണ്ട് തേയില ലണ്ടനിലേക്ക് കയറ്റി അയയ്ക്കാൻ ആരംഭിച്ചു.

വയനാട് തോട്ടം മേഖലയുടെ ചരിത്രം പരിശോധിക്കുമ്പോൾ ഏറ്റവും ഇന്ററസ്റ്റിംഗ് ആയി തോന്നിയ രണ്ടു ഘടകങ്ങളാണ് ഞാൻ പങ്കു വെച്ചത്; ഒന്ന്, മറ്റു തോട്ടം മേഖലകളെ അപേക്ഷിച്ച് മുസ്ലിം സമൂഹത്തിന്റെ പ്രാതിനിധ്യം എങ്ങനെ വയനാടിൽ സംഭവിച്ചു, ഈ പ്രോസസിൽ മലബാർ കലാപം ഉൾപ്പെടെയുള്ള ചരിത്ര സംഭവങ്ങൾ എങ്ങനെ ഉൾപ്പെടുന്നു, രണ്ടാമതായി വയനാടിനെ ബ്രിട്ടീഷുകാർ തെരഞ്ഞെടുക്കാൻ ഉണ്ടായ സാമൂഹിക, സാമ്പത്തിക കാരണങ്ങൾ, കോഫീ പ്ലാന്റേഷനിലെ നിന്നും ടീ പ്ലാന്റേഷനിലേക്കുള്ള ചുവടു മാറ്റം. ചരിത്രം ഖനനം പോലെയുള്ള പ്രക്രിയയാണ്; ഈ മേഖലയിൽ ഇനിയും ധാരാളം പഠനങ്ങൾക്ക് സ്കോപ് ഉണ്ട് എന്ന് തന്നെ ഞാൻ കരുതുന്നു.

തോട്ടം തൊഴിലാളിയുടെ മകൻ കൂടിയായ താങ്കൾക്ക് വ്യക്തിപരമായ ജീവിതാനുഭവങ്ങൾ അക്കാദമിക് പരിസരങ്ങളിൽ എത്രത്തോളം ഉപകാരപ്രദമായിട്ടുണ്ട്? വയനാടിലെ തോട്ടം മേഖലയിൽ നിന്നും ഓക്സ്ഫഡിലേക്കുള്ള യാത്രയെ കുറിച്ച്..

വയനാടിലെ തേറ്റമലയിലാണ് ഞാൻ ജനിച്ചു വളർന്നത്. തേറ്റമലയിലെ 90 ശതമാനം മനുഷ്യരും തോട്ടം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. 1921 മലബാർ കലാപം ബാധിച്ച പ്രദേശങ്ങളിൽ നിന്നും വയനാട്ടിലേക്ക് കുടിയേറിയവരാണ് എന്റെ മാതാവിന്റെ പിതാവും മറ്റു കുടുംബാംഗങ്ങളും. ഒരൊറ്റ മുറിയിലാണ് ജനിച്ചതും ഈ കാലം വരെ വളർന്നതും. അന്നത്തെ മറക്കാനാവാത്ത ചില ഓർമ്മകൾ ഇന്നും കൂട്ടിനുണ്ട്. ഫാക്ടറിയുടെ ശബ്ദം, എസ്റ്റേറ്റിനകത്തെ പള്ളികൾ, മദ്രസകൾ ഇതിനു പുറമേ സ്വന്തം മാതാപിതാക്കൾ നേരം പുലർന്ന ഉടനെ ഒരു പ്രത്യേക വേഷം ധരിച്ചു തോട്ടങ്ങളിലേക്കു അന്നന്നത്തെ അന്നത്തിനായി പോവുന്നത്. ഞായറാഴ്ചകളിൽ പോലും അധിക വരുമാനത്തിന് വേണ്ടി അവർ ജോലിക്കു പോകുന്നത് കണ്ടിട്ടുണ്ട്. പകലന്തിയോളം ജോലി ആയതിനാൽ എനിക്ക് അവരുമായുള്ള സംഭാഷണങ്ങൾ തന്നെ തീരെ കുറവായിരുന്നു. അങ്ങനെ കുട്ടിക്കാലത്തെ ഓരോ അനുഭവങ്ങളും എന്റെ അക്കാദമിക പരിസരങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

എന്നെ സംബന്ധിച്ച് ഓക്സ്ഫോഡിൽ പ്രബന്ധം അവതരിപ്പിക്കാൻ ലഭിച്ച ഈ അവസരം എന്റെ നാട്ടിൽ ഏറെ സന്തോഷമുള്ള ഒരു വാർത്തയായി മാറിയിട്ടുണ്ട്. ഒരുപക്ഷെ അവർക്കാർക്കും എന്റെ പഠനത്തെ കുറിച്ചോ വിഷയത്തെ കുറിച്ചോ വലിയ ധാരണകൾ ഒന്നും ഇല്ലെങ്കിൽ പോലും അവർ എനിക്ക് തരുന്ന പിന്തുണയും സ്നേഹവും വിലപ്പെട്ടതാണ്.

2002-ൽ അസാം ബ്രുക് എന്ന ഒരു കമ്പനി പെട്ടെന്ന് അവരുടെ അഞ്ച് എസ്റ്റേറ് തോട്ടങ്ങൾ ലോക്ക് ഔട്ട് ചെയ്യുകയും ഈ മേഖലയിൽ വലിയ അരക്ഷിതാവസ്ഥ രൂപപ്പെടുകയും ചെയ്തു. എന്റെ വീട്ടിലടക്കം പട്ടിണിയും പ്രശ്നങ്ങളുമായി; ഞാൻ അന്ന് എട്ടാം ക്‌ളാസിൽ പഠിക്കുകയാണ്. ഞാൻ അടക്കമുള്ളവർ തൊഴിൽ ചെയ്താൽ മാത്രമേ ജീവിതം മുന്നോട്ടു പോകൂ എന്ന അവസ്ഥ വന്നപ്പോൾ ആ പ്രായത്തിലും ഞാൻ ജോലിക്ക് പോയിട്ടുണ്ട്. വയനാട്ടിൽ നിന്നും ഇന്നത്തെ ഈ നിലയിലേക്കുള്ള യാത്ര ഒട്ടും എളുപ്പമുള്ളതായിരുന്നില്ല എന്ന് വേണം പറയാൻ.

ഒരു തോട്ടം തൊഴിലാളിയുടെ മകൻ എന്ന നിലയിൽ ഒരു പോളിഷ്ഡ് സിസ്റ്റത്തിലേക്ക് വരുമ്പോൾ ഒട്ടും സോഷ്യൽ ക്യാപിറ്റൽ ഒന്നും കൂട്ടിനില്ലാത്തതിനാൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ തീർച്ചയായും എനിക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ ഞാൻ ജനിച്ചു വളർന്ന ഒരു ജനതയെ റെപ്രസന്റ ചെയ്തു കൊണ്ടാണ് ഇപ്പോൾ ഓക്സ്ഫോഡിൽ ഒരു പ്രബന്ധം അവതരിച്ചത് എന്നാലോചിക്കുമ്പോൾ മുന്നിലുള്ള പ്രതിബന്ധങ്ങളും വെല്ലുവിളികളും മറികടക്കാൻ കഴിയും എന്ന് ആത്മവിശ്വാസം ഉണ്ട്.

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍