UPDATES

നാട് വെള്ളപ്പൊക്ക കെടുതികളിലല്ലായിരുന്നെങ്കില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ട വിധി

ഇനി ഞങ്ങൾ ‘ക്രിമിനലുകള’ല്ല; വർഷങ്ങളായി നേരിട്ട അപമാനത്തിനുള്ള മറുപടിയാണ് ഈ വിധിയെന്ന് ട്രാന്‍സ് സമൂഹം

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കിയതിലൂടെ ഇവിടുത്തെ ലൈംഗിക ന്യൂനപക്ഷത്തിന്റെ വർഷങ്ങളായുള്ള കാത്തിരിപ്പാണ് ഫലം കാണുന്നത്. 150ലേറെ വർഷം പഴക്കമുള്ള ഒരു നിയമം റദ്ദാക്കുന്നതിലൂടെ സമൂഹത്തിൽ വളർന്നു വരാനിടയുള്ള അരാജകത്വമാണ് ഇന്നത്തെ ചാനൽ ചർച്ചകളിലെമ്പാടും ഉയർന്നു കേട്ടത്. അതേ സമയം ജീവിക്കാനുള്ള അവകാശമാണ് പ്രധാനമെന്ന സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ വിലയിരുത്തൽ തന്നെയാണ് ശ്രദ്ധേയം. എന്നിരുന്നാലും വരും ദിവസങ്ങളിലും ഇവിടുത്തെ മത, സാമുദായിക സംഘടനകളുടെ ചർച്ചകൾ ഈ വിധത്തിൽ തന്നെയായിരിക്കുമെന്ന് ഉറപ്പാണ്. വർഷങ്ങളായി ലൈംഗിക ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾക്കും ഇതുതന്നെയാണ് ആശങ്ക. ചർച്ചകളെ ഈ വിധത്തിൽ മുന്നോട്ടു കൊണ്ടുപോയി വർഷങ്ങളായുള്ള തങ്ങളുടെ കാത്തിരിപ്പിന്റെ ഫലമായ വിധിയെ അട്ടിമറിക്കാൻ ഇനി സാധിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും സമൂഹം ഈ വിധിയെ അംഗീകരിക്കാൻ തയ്യാറാകണമെന്നാണ് ഇവർ പറയുന്നത്.

വർഷങ്ങളായി തങ്ങൾ നേരിട്ട അപമാനത്തിനുള്ള മറുപടിയാണ് ഈ വിധിയെന്നാണ് ട്രാൻസ്ജൻഡറും ആക്ടിവിസ്റ്റുമായ ശ്യാമ പ്രഭ പറയുന്നത്. സമൂഹത്തിലെ ഏതൊരു പുരുഷനെയും സ്ത്രീയെയും പോലെ ഞങ്ങൾക്കും സ്വാതന്ത്ര്യമുണ്ടെന്നാണ് ഈ വിധി തെളിയിക്കുന്നത്. ഇനി ഞങ്ങൾ ക്രിമിനലുകളല്ല, ഞങ്ങളിലെ വ്യക്തികളെയും ഈ സമൂഹം അംഗീകരിക്കേണ്ടതുണ്ട് ശ്യാമ വിധിയെക്കുറിച്ച് പ്രതികരിച്ചു. കേവലം ലൈംഗിക സ്വാതന്ത്ര്യമെന്നതിലപ്പുറം ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് അത്. ആണോ പെണ്ണോ അല്ലാത്തവരെ കുറ്റവാളികളായി കാണുന്ന സമൂഹത്തിലേക്ക് ആത്മാഭിമാനത്തോടെ ഇറങ്ങിച്ചെല്ലാൻ ധൈര്യം നൽകുന്ന വിധിയാണിതെന്നും ശ്യാമ പറയുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞങ്ങൾ ഏറ്റവുമധികം ചർച്ച ചെയ്തിട്ടുള്ളത് ഐ പി സി 377നെക്കുറിച്ചാണ്. ക്യൂർ പ്രൈഡ് റാലികളിൽ ശ്യാമയും കൂട്ടരും ഈ വകുപ്പ് റദ്ദാക്കണമെന്നാണ് മുദ്രാവാക്യം മുഴക്കിയിട്ടുള്ളത്. എന്റെ ശരീരം എന്റെ അവകാശമാണെന്ന മുദ്രാവാക്യമാണ് കഴിഞ്ഞ എട്ട് വർഷങ്ങളായി താനേറ്റവും കൂടുതൽ മുഴക്കിയിട്ടുള്ളതെന്ന് ട്രാൻസ്ജൻഡറുകൾക്കിടയിൽ പ്രവർത്തിക്കുന്ന ദിയ സന പറയുന്നു. പത്ത് വർഷമായി തിരുവനന്തപുരത്ത് ക്യൂർ പ്രൈഡ് റാലി നടക്കുന്നുണ്ട്. ആ മുദ്രാവാക്യങ്ങൾക്ക് അർത്ഥമുണ്ടായ ദിവസമാണ് ഇന്നെന്നാണ്‌ ദിയ പറയുന്നത്. അതേസമയം കോടതിവിധി മൂലം സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുമെന്ന ധാരണയൊന്നും ഇവർക്കില്ല. ഒരു തലമുറയെങ്കിലും മാറിയാൽ മാത്രമേ സമൂഹത്തിന് ട്രാൻസ്ജൻഡറുകളെക്കുറിച്ചുള്ള മനോഭാവത്തിൽ മാറ്റം വരികയുള്ളൂവെന്നാണ് ശ്യാമയുടെ നിരീക്ഷണം.

ഇതിനായി സ്കൂൾ തലം മുതൽ മാറ്റം വരേണ്ട ആവശ്യകത മുൻനിർത്തി സംസ്ഥാന സ്കൂൾ കരിക്കുലത്തിൽ ശ്യാമ ചില മാറ്റങ്ങൾ മുമ്പ് നിർദ്ദേശിച്ചിരുന്നു. എൽജിബിടി സമൂഹത്തെക്കുറിച്ച് സ്കൂൾ തലത്തിൽ തന്നെ ബോധവൽക്കരണം നടത്തുകയാണ് അത്. തിരുവനന്തപുരം ജില്ലയിലെ ചില സ്കൂളുകളിൽ ഇത്തരം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ ചില സ്കൂളുകളിലെ അധ്യാപകരുടെ മനോഭാവം ഈ ബോധവൽക്കരണത്തിന് വിലങ്ങുതടിയാണ്. ആൾക്കൂട്ട ആക്രമങ്ങളും അപമാനങ്ങളും നേരിടുന്ന ഒരു കാലഘട്ടത്തിൽ രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്നും ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായി ലഭിച്ച കോടതി വിധിയിൽ ഇവർ സന്തുഷ്ടരാണ്.

നാട് വെള്ളപ്പൊക്ക കെടുതികൾ അനുഭവിക്കുന്ന കാലമല്ലായിരുന്നെങ്കിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ട വിധിയാണിതെന്നതിന് ദിയയ്ക്ക് സംശയമൊന്നുമില്ല. ക്യൂർ പ്രൈഡ് റാലിയുടെ വിജയമായ ഈ വിധി ആഘോഷിക്കേണ്ടത് തന്നെയാണെന്നാണ് ശ്യാമയുടെയും പക്ഷം. കേരളത്തിലെ സർക്കാർ ട്രാൻസ്ജൻഡറുകളോട് അനുഭാവപൂർവമായ നിലപാട് സ്വീകരിക്കുന്നതിനാൽ തന്നെ ഇത് ഇടതു പക്ഷത്തിന്റെയും വിജയമായാണ് ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നും ഡിവൈഎഫ്ഐ അംഗത്വത്തിലെത്തിയ ആദ്യ വ്യക്തി കൂടിയായ ശ്യാമ കരുതുന്നത്.

സമൂഹത്തിന്റെ ചിന്തകളിലും കാലക്രമേണയുള്ള മാറ്റത്തിനൊപ്പം ഇത്തരം നിയമപരമായ മുന്നേറ്റങ്ങൾ കൂടിയാകുമ്പോൾ ട്രാൻസ്ജൻഡറുകളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടുമുള്ള സമൂഹത്തിന്റെ നിലപാടുകൾക്കും ദ്രുതഗതിയിലുള്ള മാറ്റമുണ്ടാകുമെന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ. ഒരു മത യഥാസ്ഥിതിക രാഷ്ട്രീയ പാർട്ടി രാജ്യം ഭരിക്കുമ്പോൾ ഇത്തരത്തിലൊരു കോടതി വിധിയുണ്ടായത് ഭരണകൂടത്തേക്കാൾ നീതിപീഠത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതായി ഇവർ പറയുന്നു.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍