UPDATES

രന്യ ദാസ്

കാഴ്ചപ്പാട്

Ireland Diaries

രന്യ ദാസ്

ട്രെന്‍ഡിങ്ങ്

Ireland Diaries: മാറിയത് രണ്ട് ഭൂപ്രദേശങ്ങൾ മാത്രമാവാം, ഞാനല്ല; പെണ്‍ ഉൾപ്പേടികളുടെ ശേഷിപ്പുകൾ

ഒരു രാത്രി കൂടെ അവസാനിക്കയാണ്. കാറ്റൊഴിഞ്ഞു പോയിരിക്കുന്നു. നഗരം മറ്റൊരു ശിശിരകാലത്തിന്റെ വരവിനായി ശരത്കാലത്തിന്റെ മറവിൽ തയ്യാറെടുത്തു തുടങ്ങുകയാണ്.

രന്യ ദാസ്

Thornbury എന്നു പേരുള്ള, അവൻമോർ റോഡിലെ പതിമൂന്നാം നമ്പർ വീടിന്റെ മുകളറ്റത്തെ മുറിയിലെ ജനലിലൂടെ നോക്കിയാൽ പുറത്ത് നൂൽമഴ പെയ്യുന്നത് കാണാമിപ്പോൾ. ഇരുട്ടിൽ മഴയുടെ രൂപം അവ്യക്തമാണ്. മുന്നിൽ കാണുന്ന ടാറിട്ട റോഡിലെ ചെറിയ വെള്ളക്കെട്ടുകൾ ഇടയ്ക്കിടെ അനങ്ങുന്നതാണ് തെളിവ്. പുറത്ത്, നിരയൊത്തു പറ്റിച്ചേർന്നു നിൽക്കുന്ന പരുത്ത ചുമരുകളുള്ള വീടുകൾ. അവയ്ക്കു മുന്നിലായി നെടുങ്ങനെ ഏകാന്തമായി നിൽക്കുന്ന വഴിവിളക്കുകൾക്കു കീഴെ മാത്രമാണ് മഴ, മഴയായി രൂപപ്പെടുന്നത്. പകൽ മുഴുക്കെ ഉണ്ടായിരുന്ന കാറ്റ് എപ്പോഴാണ് അവസാനിച്ചത്? നേരം ഇരുളുന്നതു വരെ കാറ്റ് വീശിയടിച്ചിരുന്നു. ലിവിംഗ് റൂമിലെ നെരിപ്പോടിന്റെ മുകളറ്റം പുരപ്പുറത്തു നിന്ന് കാറ്റിന്റെ ഒച്ചപ്പാടുകളെ മുറിയിലേക്കു കൊണ്ടുവന്നു. ചൂടു പറ്റി ചുരുണ്ടു കിടക്കുന്ന ഇഴജന്തുവിനെപ്പോലെ പകൽ പകുതിയോളം കമ്പിളിപ്പുതപ്പും പുതച്ച് സോഫയിൽ ഞാൻ ചുരുണ്ടു കിടന്നു. മറ്റ് ഒച്ചകളൊന്നുമില്ല. കാറ്റിന്റെ ഘന ഘംഭീര ശബ്ദം മാത്രം നിലയ്ക്കാതെ കൂടിയും കുറഞ്ഞും സദാ മുഴങ്ങുന്നു. ഇടയ്ക്കെഴുന്നേറ്റ് ചില്ലു വാതിലിന് വെളിയിലൂടെ പുതുതായി വിരിഞ്ഞ സൂര്യകാന്തിയെ ചെന്നു നോക്കി. കൊലുന്നനെ നീണ്ടുപോയി അറ്റത്ത് വിരിഞ്ഞ് നിറഞ്ഞു നിന്ന സൂര്യകാന്തിച്ചെടി കാറ്റിൽ വല്ലാതെ ഉലഞ്ഞു കൊണ്ടേയിരുന്നു. ഒരു നിമിഷം വേരറ്റ് അത് ആകാശത്തേക്ക് പാറിപ്പോവുമെന്ന് തോന്നിച്ചു. സൂര്യകാന്തിയുടെ കൊടുങ്കാറ്റിലെ പങ്കപ്പാട് മൊബൈലിൽ പകർത്തി വാട്സ്ആപ്പിൽ സ്റ്റാറ്റസിട്ടു. ശേഷം സോഫയിലേക്ക് തിരിച്ചു വന്ന് കാറ്റിന് ചെവികൊടുത്ത് കിടപ്പു തുടർന്നു.

നാട്ടിലിരുന്ന് അയർലണ്ടിൽ വീശിയടിച്ചു കൊണ്ടിരുന്ന ‘എമ്മ’ ചുഴലിക്കാറ്റിന്റെ വാർത്തകൾ കേട്ടത് ആറു മാസങ്ങൾക്ക് മുൻപാണ്. ഡബ്ലിൻ എയർപോർട്ടിൽ ഞാൻ വന്നിറങ്ങിയ ദിവസത്തിന് ഒരാഴ്ച മുൻപു വരെ ‘എമ്മ’ അയർലണ്ടിനെയൊന്നാകെ വീശി വിറപ്പിച്ചിരുന്നു. ‘ബീസ്റ്റ് ഫ്രം ഈസ്റ്റ്’ എന്നാണ് പെട്ടെന്ന് പരന്നു പിടിച്ച തണുപ്പിനെയും കാറ്റിനെയും ഐറിഷുകാർ വിശേഷിപ്പിച്ചത്. തുടർച്ചയായുള്ള മഞ്ഞുവീഴ്ചയുടെ അവശേഷിപ്പുകൾ പച്ച പിടിച്ച കുന്നുകളുടെ ചെരിവുകളിൽ വീണു കിടന്നു. എയർപോർട്ടിൽ നിന്ന് ചേച്ചിയോടൊപ്പം ലിമെറികിലേക്ക് (ഇത്തിരിപ്പോന്ന അയർലണ്ടിലെ മൂന്നാമത്തെ വലിയ നഗരമാണ് ലിമെറിക്) യാത്ര തിരിച്ചപ്പോൾ കാറിന്റെ ചില്ല് ചെറുതായൊന്നു താഴ്ത്തി നോക്കി. ഒറ്റയടിക്ക് അകത്തേക്ക് ഇരച്ചു കയറിയ തണുപ്പൻ കാറ്റ് ജാക്കറ്റിനുളളിലൂടെ കയറിയൊരു തുളഞ്ഞുകേറ്റമുണ്ട്! (നോക്ക്, ഇത് നീ നാട്ടിലെ കെഎസ്ആർടിസിയുടെ വിൻഡോ സീറ്റിലിരുന്ന് കണ്ണടച്ചാസ്വദിച്ചു പോന്ന വയനാടൻ കാറ്റല്ല എന്ന താക്കീതുമാതിരിയൊന്ന്!).

റോഡിനിരുവശവുമായി കണ്ട ഇലകൾ കൊഴിഞ്ഞ വില്ലോ മരങ്ങൾ കാറ്റിൽ തണുത്തു വിറങ്ങലിച്ച് നിശബ്ദമായി നിൽക്കുംമാതിരി തോന്നിച്ചു. ഞാനേത് അപരിചിത ലോകത്തിലാണ് എത്തിപ്പെട്ടിരിക്കുന്നത്?!

കാഴ്ചകളെല്ലാം പുതിയത്. ഇലകൾ കൊഴിഞ്ഞ മരങ്ങൾ, വിശാലമായ അറ്റം കാണാത്ത പുൽമേടുകൾ, അവിടെ മേഞ്ഞു നടക്കുന്ന ചെമ്മരിയാടിൻ കൂട്ടങ്ങൾ, വെട്ടിയടുക്കിയ കറുത്ത കല്ലുകളാൽ വേർതിരിച്ച കൃഷിയിടങ്ങൾ, ഇടയ്ക്കു കണ്ട മനുഷ്യർ… എല്ലാം പുതിയത്. ചില ഇംഗ്ലീഷ് യുദ്ധ സിനിമകളിൽ കണ്ട് മനസിലുറച്ച ഭൂമികയിലൂടെ വേഗത്തിലോടുന്ന കാറിനുള്ളിൽ സ്വപ്നത്തിലെന്നവണ്ണം പുറത്തേക്കുറ്റു നോക്കി ഞാനിരുന്നു.

എന്റെ ആദ്യ അയർലണ്ട് രാത്രിയിൽ നിന്ന്, അന്നേ ദിവസം ഞാൻ അനുഭവിച്ച അരക്ഷിതത്വത്തിന്റെയും പകപ്പിന്റെയും ആകാംക്ഷയുടെയും കുഴഞ്ഞു കുതിർന്ന നേരത്തിൽ നിന്നും, ഇന്ന്, പുറത്ത് മഴ കണ്ടിരിക്കുന്ന മറ്റൊരു തണുപ്പൻ രാത്രിയിലേക്കുള്ള അകലം നൂറ്റി എൺപതോളം ദിനരാത്രങ്ങളാണെന്ന് ഞാൻ കണക്കു കൂട്ടുന്നു.

എന്റെ എത്തിച്ചേരലിന്റെ ആദ്യ രണ്ടു ദിനങ്ങളിൽ നിർത്താതെ പെയ്ത ശിശിരകാലത്തിലെ അവസാനത്തെ മഞ്ഞു വീഴ്ചയും കഴിഞ്ഞ്, 2003-ന് ശേഷം അയർലണ്ട് കണ്ട ഏറ്റവും കടുത്ത ചൂടൻ വേനൽക്കാലവും കഴിഞ്ഞ് ആദ്യകാഴ്ചയിൽ നഗ്നമായി നിന്ന, പിന്നീട് ഇലകൾ തളിർത്ത് പച്ച പിടിച്ച മരച്ചില്ലകൾ ചുവന്നും മഞ്ഞച്ചും തുടങ്ങുന്ന ശരത്കാലത്തിന്റെ തുടക്കമെത്തി നിൽക്കുന്നു.

എന്റെ പ്രവാസ ജീവിതത്തിലെ നീണ്ട ആദ്യ ആറു മാസങ്ങളാണ് അവസാനിച്ചിരിക്കുന്നത്. നീണ്ട ആറു മാസമെന്നത് നീണ്ട പതിനാറ് വർഷങ്ങൾ എന്ന കണക്കിന് നിങ്ങൾ വായിക്കണമെന്നാണ് എന്റെ ആഗ്രഹം. എനിക്കത് അങ്ങനെയാണ്. ചില വലിയ തിരിച്ചറിവുകളുടെ സുദീർഘമായ വർഷങ്ങൾ പോലെ എന്റെ ഉള്ളിൽ അത് സദാ മലർന്നു കിടക്കുന്നു.

അതിൽ ആദ്യത്തെ തിരിച്ചറിവ് വല്ലാത്ത ഒന്നായിരുന്നു. ഞാനെന്താണെന്ന് എനിക്കുള്ള സൂചനകളെ വഴിതെറ്റിച്ച കണക്കു പോലെ ഒന്ന്!

യൂറോപ്യൻ വാസത്തിന് യാത്ര തിരിക്കുന്ന ഏതൊരുവനെയും പോലെ വിശാലമായ സ്വപ്നങ്ങളുമായി വിമാനത്തിലിരുന്ന എന്നെ ഞാൻ വ്യക്തമായി ഓർക്കുന്നുണ്ട്. പരീക്ഷ കഴിയുന്നു, ശേഷം ജോലി. ജോലി കിട്ടിക്കഴിഞ്ഞാല്‍ ക്യാമറ വാങ്ങുന്നു. അവധി ദിവസങ്ങൾ മുഴുവൻ യാത്ര. ട്രാവൽ ലോഡ്ജുകളിലും മറ്റുമായി താമസം. പുതിയ മനുഷ്യരെ പരിചയപ്പെടൽ, പുതിയ സൗഹൃദങ്ങൾ, അയർലണ്ട് പബുകളിലെ രാത്രി സംഗീതം, ബിയറു കുടി, പുതിയ വായന, എഴുത്ത്, ലോക്കൽ ഡ്രാമാ ക്ലബ്ബിലെ അംഗത്വം, അതുവഴി പരിചയപ്പെടുന്ന ആളുകൾ, അവരിലൂടെ അറിയാനും കേൾക്കാനുമിരിക്കുന്ന കാര്യങ്ങൾ. അങ്ങനെ അടിപൊളിയായി മാറുന്ന ഞാൻ.

ചെയ്യാനിരിക്കുന്ന കാര്യങ്ങൾ എണ്ണിപ്പറഞ്ഞ് കുളിരു കോരിയാണ് നാട്ടീന്ന് പെട്ടീം മറ്റും കേറ്റി ഇങ്ങു പോന്നത്. ആദ്യത്തെ രണ്ടു ദിവസങ്ങളിലെ മഞ്ഞുവീഴ്ചയിലും മൂകതയിലും തന്നെ മേൽപ്പറഞ്ഞ സ്വപ്നങ്ങളിൽ മുക്കാലും പതുക്കെ മതിയെന്ന പെട്ടെന്നുള്ള തീരുമാനം എടുത്തു.

ആകെ നടന്നത് കൂട്ടുകാരിക്കൊപ്പം (അയർലണ്ടിൽ നേരത്തേ ജോലിക്കു കേറുകയും എന്നെ കാണാൻ കിലോമീറ്റേഴ്സ് താണ്ടി വരുകയും ചെയ്തവളാണവൾ) പോയ ഐറിഷ് പബ്ബിലെ രാത്രി സന്ദർശനമാണ്. ബിയറിന്റെയും വൈനിന്റെയും മണം തിങ്ങിയ, ആളുകളുടെ ചിരിയും വർത്താനങ്ങളും സംഗീതവും നിറഞ്ഞ കൽച്ചുമരുകളുള്ള പഴയൊരു പബ്ബ്. ഐറിഷുകാരുടെ പബ് സംസ്കാരത്തിന് വലിയ ചരിത്രമുണ്ട്. അതൊക്ക വഴി പോലെ മറ്റൊരിക്കൽ പറയാം. പറയാൻ വന്നത് പബ്ബിൽ വച്ച് ഞാൻ കണ്ടുമുട്ടിയ, സൗഹൃദത്തിലായെന്ന് തോന്നിച്ച രണ്ട് മനുഷ്യരെക്കുറിച്ചാണ്.

ഈവ എന്ന ഐറിഷുകാരിയായിരുന്നു അവരിൽ ആദ്യത്തേത്. പാട്ടിന്റെ താളത്തിനൊത്ത് വളരെ അനായാസം നൃത്തച്ചുവടുകൾ വച്ച അവർ അവിടെക്കൂടി നിന്നവരുടെയെല്ലാം ഉറ്റുനോട്ടങ്ങളിലെ പൊതു ബിന്ദുവായിരുന്നു. അതി മനോഹരമായി ചിരിച്ചു കൊണ്ടവർ ഓരോ ചുവടുകളും വച്ചു. ഒടുക്കം കറങ്ങി തിരിഞ്ഞ് എന്റെ അടുത്ത് എങ്ങനെയോ എത്തുകയും ഞാനവർക്ക് ആകെ അറിയാവുന്ന ചില ഡപ്പാൻകൂത്ത് ഡാൻസ് സ്റ്റെപ്പുകൾ പഠിപ്പിച്ചു കൊടുക്കുകയും ഞങ്ങൾ രണ്ടു പേരും കൈകോർത്തു പിടിച്ച് ഏറെക്കാലമായി അടുപ്പമുള്ളവരെപ്പോലെ ചുവടുകൾ വയ്ക്കുകയും ചെയ്തു. ഈവ ലിമെറികിലെ ഏതോ ഡാൻസ് സെന്ററിലെ ടീച്ചറാണെന്ന് വളരെ ഹ്രസ്വമായ ഞങ്ങളുടെ സംഭാഷണത്തിനിടയിൽ അവർ പറഞ്ഞു. ഫോൺ നമ്പറുകൾ കൈമാറി പിരിഞ്ഞ ഞങ്ങൾ വീണ്ടും സംസാരിക്കുന്നത് ഒരാഴ്ചയ്ക്കപ്പുറം ഈവ അയച്ച മെസേജു വഴിയാണ്. ലീമെറിക് സിറ്റിയിൽ ജൂലൈ 23 ന് ഒരു കൾച്ചറൽ നൈറ്റ് നടത്തുന്നെന്നും ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് അറിയാവുന്ന ആരെയെങ്കിലും അടുത്തിടങ്ങളിലെവിടെയെങ്കിലും പരിചയം ഉണ്ടോ എന്നു ചോദിച്ചുമാണ് മെസേജ്. കൂട്ടത്തിൽ എന്നെ നഗരത്തിലേക്ക് ഒരു ചായ കുടിക്ക് ക്ഷണിക്കാനും അവർ മറന്നില്ല. പുതിയ രാജ്യത്തെ ആദ്യ സൗഹൃദമാണ്. ഈവയിലൂടെ അറിയാനിരിക്കുന്ന നഗരത്തിന്റെ വിവരണങ്ങളുടെ, ഞങ്ങൾ കണ്ടു മുട്ടുകയും പോവാനിരിക്കുകയും ചെയ്യുന്ന ഇടങ്ങളുടെ, അവരിലൂടെ വലുതാവുന്ന എന്റെ ഐറിഷ് സൗഹൃദ വലയങ്ങളുടെയൊക്കെ ചിത്രങ്ങൾ മനസിലുള്ളതുകൊണ്ടാവണം ഇന്ത്യൻ ഡാൻസുകാരെ എനിക്കറിയാൻ പാടില്ലെന്ന് പറയാൻ തോന്നിയില്ല. മറിച്ച് എത്രയും പെട്ടെന്ന് അന്വേഷിച്ച് വിവരം അറിയിക്കാമെന്ന ഉറപ്പ് അവർക്ക് കൊടുത്തു. കൾച്ചറൽ നൈറ്റിലേക്ക് എന്നെ ക്ഷണിച്ചു കൊണ്ടുള്ള ഈവയുടെ മെസേജ് ഒരാഴ്ചയ്ക്കപ്പുറം പിന്നെയുമെത്തി. പറ്റുമെങ്കിൽ ഒരു കവിതയോ മറ്റോ ചൊല്ലാൻ തയ്യാറായി വരൂ എന്നും പറഞ്ഞു.

കവിത; നല്ല തുടക്കമാണ്…

സാഹിത്യ പ്രേമികളും കലാ കുതുകികളുമായിരിക്കണം പരിപാടിയിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും.

ഏത് കവിതയാണ് ചൊല്ലേണ്ടത് ? കമലയെ ഓർമ വന്നു. Only the soul knows how to sing എന്ന പേരോടു കൂടിയ കവിതാ ശേഖരം ഞാൻ ഇടയ്ക്കിടെ എടുത്തു നോക്കാറുള്ളതാണ്. അതിലേത്?

The Rain എന്ന കവിത ആയിക്കളയാം.

തന്റെ പട്ടിക്കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട ഒഴിഞ്ഞ വീടിനെക്കുറിച്ചുള്ള എഴുത്ത് ആൾക്കൂട്ടത്തിന് ഇഷ്ടപ്പെടാതിരിക്കില്ല.

എന്ത് വേഷം ഇടണം?

സാരി?

ആവാം. വലിയൊരു പൊട്ടു കുത്തണം. കവിത ചൊല്ലുന്നതിന് മുൻപ് കമലയെക്കുറിച്ച് പറയണം. അവരുടെ തുറന്നു പറച്ചിലുകളെയും കവിതയുടെ ഭംഗിയെയും കുറിച്ച് എന്തെങ്കിലുമൊക്കെ.
കവിത ചൊല്ലി അവസാനിപ്പിച്ച് സ്റ്റേജിൽ നിന്ന് തിരിച്ചിറങ്ങുന്ന എന്നെ സങ്കൽപ്പിച്ചപ്പോൾ ആകെ നിർവൃതി. നിന്റെ ലോകമിതാ വികസിക്കാൻ പോകുന്നെന്ന് ഉള്ളിലിരുന്ന് ആരോ പറഞ്ഞു.

മൂന്നാഴ്ചയ്ക്കപ്പുറം ജൂലൈ 23-ന് വൈകിട്ട് നടന്ന ആ പരിപാടിക്ക് എനിക്ക് പോകാൻ കഴിഞ്ഞില്ല. അവർക്കൊരു ഡാൻസുകാരിയെ കണ്ടെത്തിക്കൊടുക്കാനും പറ്റിയില്ല.

കരുതിയിരുന്ന ദിവസത്തിനു മുൻപെ പ്രസവിച്ച ചേച്ചിയും വീട്ടില്‍ പുതിയതായി വന്ന കുഞ്ഞും ഒക്കെയായി ആകെ തിരക്കിൽപ്പെട്ടു. പടർന്നു പന്തലിക്കുമെന്ന് സ്വപ്നം കണ്ട ആ സൗഹൃദം ഒച്ചപ്പാടുകളില്ലാതെ അങ്ങനെ അവസാനിച്ചു.

ഞാൻ പരിചയപ്പെട്ട രണ്ടാം മനുഷ്യനും ഈവയെ കണ്ടുമുട്ടിയ ആ രാത്രി പബ്ബിൽ ഉണ്ടായിരുന്നു. ഗിന്നസ് ബിയറു കുടിച്ച് വയറു നിറച്ചങ്ങനെ സന്തോഷിച്ചു നിൽക്കുന്ന എന്റെ മുന്നിലേക്ക് പെട്ടെന്നാണ് ആ ചെറുപ്പക്കാരൻ വന്നത്. മാർക്ക് കെന്നഡി എന്ന് അവൻ സ്വയം പരിചയപ്പെടുത്തി. ഞാൻ ഒരു നഴ്സാണെന്ന് പറഞ്ഞപ്പോ നഴ്സായി റിട്ടയർ ചെയ്ത അവന്റെ അമ്മയെ ഒരു നിമിഷം ഉറക്കെ സ്മരിച്ചു. മറ്റൊരു ദിവസം ഒരുമിച്ചൊരു കാപ്പി കുടിക്കാൻ പോയാലോ എന്ന് ചോദിക്കേണ്ട താമസം, തീർച്ചയായും എന്ന് ഞാൻ സന്തോഷത്തോടെ മറുപടി കൊടുത്തു. മാത്രമല്ല, ഫേസ്ബുക്കിലെ എന്റെ പേര് അക്ഷരത്തെറ്റുകളില്ലാതെ കൃത്യവും വ്യക്തവുമായി അവന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

രണ്ട് ദിവസങ്ങൾക്ക് ശേഷം മാർക്കിന്റെ മെസേജ് മെസഞ്ചറിൽ തെളിഞ്ഞപ്പോഴേക്കും വയറ്റിലെ ഗിന്നസ് ഒഴിഞ്ഞു പോയിരുന്നു.

എനിക്കവൻ പാടേ അപരിചിതനായി.

എപ്പോഴാണ് കാപ്പി കുടിക്കാൻ വരിക എന്ന അന്വേഷണത്തിൽ ഞാൻ ആദ്യമോർത്തത് ഞങ്ങൾ പരിചയപ്പെട്ട അതേ രാത്രിയിൽ എവിടെ നിന്നോ പൊട്ടി മുളച്ചതു പോലെ എന്റെ മുന്നിലെത്തുകയും കൈപിടിച്ച് കുഴഞ്ഞ ശബ്ദത്തിൽ വാതോരാതെ സംസാരിക്കുകയും ചെയ്ത പേരറിയാത്ത പെൺകുട്ടിയെക്കുറിച്ചാണ്.

മുന്നറിയിപ്പുകളില്ലാതെ എന്നെ കെട്ടിപ്പിടിച്ച് അവളന്ന് കാതിൽ പറഞ്ഞത് ഞാനോർത്തു.

“Beware of Limerick weirdos” എന്ന്.

ലീമെറിക്കിലെ ചില മണുങ്ങൂസൻമാരെ സൂക്ഷിക്കണമെന്ന്!

ആരറിഞ്ഞു ഈ മാർക്ക് കെന്നഡി അവരിലൊരുവനല്ലെന്ന്?

ചായക്കട ഇതുവഴിയാണെന്ന് പറഞ്ഞ് ഒരിക്കൽ പോലും നടന്നു കണ്ടിട്ടില്ലാത്ത നഗരത്തിന്റെ ഏതെങ്കിലും ഒഴിഞ്ഞ മൂലയിലേക്ക് അവൻ എന്നെ കൊണ്ടു പോവില്ലെന്നും ഉപദ്രവിക്കില്ലെന്നും ആരറിഞ്ഞു?

ആകുലതകൾ എന്റേതാണ്. നാളിതേവരേക്കുമുള്ള അനുഭവങ്ങൾ അപരിചിതരിൽ പകുതിയും അപകടകാരികളാണെന്ന തോന്നലിനെ എപ്പോഴും താങ്ങുന്നവയാണ്. ഇരുട്ടിൽ എന്നെ വലിച്ചിഴയ്ക്കാൻ ആരോ ഉണ്ടാവുമെന്നത് ഇതുവരെയും ഒഴിഞ്ഞു പോവാത്ത ഭയപ്പാടാണ്.
മാറിയത് രണ്ടു ഭൂപ്രദേശങ്ങൾ മാത്രമാണെന്നും ഞാനല്ലെന്നും പെട്ടെന്നൊരു ബോധ്യമെനിക്കുണ്ടായി.

ഒരു പക്ഷേ സൗഹൃദങ്ങൾ സംഭവിക്കേണ്ടതാവാം എന്ന തോന്നലെനിക്കുണ്ടായി. (സന്ധ്യയ്ക്ക് ഒരു നടത്തത്തിനായി നിങ്ങളെ ആരെങ്കിലും ക്ഷണിക്കുമ്പോൾ വീട്ടിൽ വേരുറഞ്ഞിരിക്കാനാണ് തോന്നുന്നതെങ്കിൽ ചില സൗഹൃദങ്ങളൊന്നും സംഭവിച്ചില്ലെന്നും വരാം).

മർക്കിന്റെ സന്ദേശങ്ങളെ കടുത്ത ഉദാസീനതയോടെ ഞാൻ നേരിട്ടു. ഈവയെപ്പോലെ  അങ്ങനെ മാർക്കും മാഞ്ഞില്ലാതായി.

പല കണക്കുകൂട്ടലുകളും തകരാനുള്ളവയാണെന്നാണ് ഈവയിലൂടെ വീണ്ടും പഠിക്കുന്നതെങ്കിൽ, എന്റെ പെൺജീവിതത്തിലെ കാലാകാലങ്ങളായി ഉറഞ്ഞു കിടക്കുന്ന ആകുലതകളുടെ, ഉൾപ്പേടികളുടെ ശേഷിപ്പുകൾ എവിടെയും പോയിട്ടില്ലെന്നും മാറിയത് രണ്ട് ഭൂപ്രദേശങ്ങൾ മാത്രമാവാം, ഞാനല്ലെന്നുമാണ് മാർക് പറയാതെ പറഞ്ഞു തരുന്നത്.

ഒരു പക്ഷെ, കഴിഞ്ഞ ഇരുപത്താറ് വർഷങ്ങൾ വീടെന്നു തോന്നിച്ചൊരിടത്തു നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് പച്ചപ്പു നിറഞ്ഞ ഈ കുഞ്ഞു ദ്വീപിലേക്കുള്ള എന്റെ കുടിയേറ്റത്തിന് അവരെപ്പോലെ പലതും വഴിയേ പറയാനുണ്ടാകാം.

ഒരു രാത്രി കൂടെ അവസാനിക്കയാണ്. കാറ്റൊഴിഞ്ഞു പോയിരിക്കുന്നു. നഗരം മറ്റൊരു ശിശിരകാലത്തിന്റെ വരവിനായി ശരത്കാലത്തിന്റെ മറവിൽ തയ്യാറെടുത്തു തുടങ്ങുകയാണ്. അറ്റമില്ലാത്ത ആലോചനകൾക്കു നടുവിൽ പുറത്തു പെയ്യുന്ന മഴയും നോക്കി ഞാനെന്റെ മനോരാജ്യത്തിന്റെ പടച്ചോളായി മാറുന്നു. മുകളിലുള്ളവൾ എല്ലാം കാണുന്നുണ്ടെന്ന് ചില തോന്നലുകൾ എന്നെപ്പറ്റി അടക്കംപറയുന്നു.

രന്യ ദാസ്

രന്യ ദാസ്

നഴ്സ്, അയര്‍ലണ്ടിലെ ലിമെറിക്കില്‍ താമസം. ആനുകാലികങ്ങളിലും ഓണ്‍ലൈനുകളിലും എഴുതാറുണ്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍