UPDATES

‘നിങ്ങൾക്ക് നാട്ടിൽ പോയി പഠിച്ചു കൂടെ?’ മലയാളി വിദ്യാർത്ഥികളോട് ജമ്മു യൂണിവേഴ്‌സിറ്റി അധികൃതർ

യൂണിവേഴ്‌സിറ്റി ബസ് ചാര്‍ജ് ഒരു വര്‍ഷത്തേക്ക് ആയിരം രൂപയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാല്‍ അത് ഒരു മാസത്തേക്ക് ആയിരം രൂപ എന്ന നിരക്കില്‍ യൂണിവേഴ്‌സിറ്റി വര്‍ധിപ്പിച്ചു.

ബസ് നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളോട് ജമ്മു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതി. അമ്പതോളം മലയാളി വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് യൂണിവേഴ്‌സിറ്റി ബസ് സൗകര്യം നല്‍കാതെ യൂണിവേഴ്‌സിറ്റി പ്രതികാരം ചെയ്യുന്നതായാണ് ആരോപണം. ബസ് നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. പ്രതിഷേധത്തിനിടെ യൂണിവേഴ്‌സിറ്റിക്ക് പുറത്ത് നിന്നെത്തിയ ചിലര്‍ പെണ്‍കുട്ടികളടങ്ങുന്ന വിദ്യാര്‍ഥിസംഘത്തെ ആക്രമിച്ചതായും പരാതിയുണ്ട്. ഇതില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍ യൂണിവേഴ്‌സിറ്റിയോട് വിശദീകരണം തേടി.

യൂണിവേഴ്‌സിറ്റി ബസ് ചാര്‍ജ് ഒരു വര്‍ഷത്തേക്ക് ആയിരം രൂപയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാല്‍ അത് ഒരു മാസത്തേക്ക് ആയിരം രൂപ എന്ന നിരക്കില്‍ യൂണിവേഴ്‌സിറ്റി വര്‍ധിപ്പിച്ചു. ഹോസ്റ്റലില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് 25 കിലോമീറ്ററിനടുത്ത ദൂരമുള്ളതിനാല്‍ അന്യദേശങ്ങളില്‍ നിന്നെത്തിയ പലരും യൂണിവേഴ്‌സിറ്റി ബസ് സര്‍വീസിനെയാണ് ആശ്രയിച്ചിരുന്നത്. അതിനാല്‍ പത്തിരട്ടിയായി കൂട്ടിയ ബസ്ചാര്‍ജ് താങ്ങാനാവില്ല എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നവംബര്‍ മാസത്തില്‍ തന്നെ ബസ്ചാര്‍ജ് വര്‍ധിപ്പിക്കുന്നതില്‍ ആലോചന തുടങ്ങിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജനുവരി അവസാനം വരെ ചാര്‍ജ് കൂട്ടില്ല എന്ന ഉറപ്പ് യൂണിവേഴ്‌സിറ്റി അധികൃതര്‍ നല്‍കി. പിന്നീട് ഫെബ്രുവരിയില്‍ ചാര്‍ജ് കൂട്ടാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചു. ഇതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളോട് നിസ്സഹകരണ നിലപാടാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ സ്വീകരിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.വൈസ് ചാന്‍സലറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയെങ്കിലും വൈസ്ചാന്‍സലര്‍ വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്ന് മലയാളികളുള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി റോഡ് ഉപരോധിച്ചു.

പിന്നീടുണ്ടായ സംഭവങ്ങള്‍ യൂണിവേഴ്‌സിറ്റിയിലെ മലയാളിയായ ഒരു വിദ്യാര്‍ഥി പറയുന്നതിങ്ങനെ, “കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളോട് നിങ്ങള്‍ക്ക് എന്നാല്‍ നാട്ടില്‍ പോയി പഠിച്ചൂടേ എന്നായിരുന്നു യൂണിവേഴ്‌സിറ്റി പ്രോക്ടര്‍ ചോദിച്ചത്. ‘വീ നോ ഹൗ ടു ത്രറ്റണ്‍ യു’ എന്നാണ് അദ്ദേഹം ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞത്. വൈസ്ചാന്‍സലര്‍ സംസാരിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന് പറഞ്ഞ് ഞങ്ങള്‍ സമരം തുടര്‍ന്നു. രാത്രി ഒമ്പത് മണിവരെ ഉപരോധം തുടര്‍ന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചാണ് സമരം ചെയ്തത്. ഒമ്പത് മണിയായപ്പോഴേക്കും പുറത്തുനിന്ന് ചിലര്‍ എത്തി ഞങ്ങളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഉന്തും തള്ളുമുണ്ടായി. പെണ്‍കുട്ടികളേയും ആക്രമിച്ചു. മലയാളിയായ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ഈ സംഭവത്തിന് ശേഷം ഞങ്ങള്‍ തിരികെ പോയി. എന്നാല്‍ രണ്ട് ദിവസമായി യൂണിവേഴ്‌സിറ്റി ബസ് അനുവദിക്കാതെ ഞങ്ങളോട് പ്രതികാരം ചെയ്യുകയാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍. ഹോസ്റ്റലില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് 25 കിലോമീറ്ററോളം ദൂരമുണ്ട്. യൂണിവേഴ്‌സിറ്റി ബസ് ഇല്ലെങ്കില്‍ അവിടേക്ക് എത്തിച്ചേരുക ബുദ്ധിമുട്ടാണ്. വനഭൂമിയിലാണ് യൂണിവേഴ്‌സിറ്റി. മൂന്ന് ബസ് കയറിയിറങ്ങിച്ചെന്നാലും വീണ്ടും രണ്ട് കിലോമീറ്ററിലധികം നടന്നാലേ യൂണിവേഴ്‌സിറ്റി എത്തുകയുള്ളൂ. മിഡ്‌സെമസസ്‌റ്‌റര്‍ പരീക്ഷ തുടങ്ങാനിരിക്കുകയാണ്. ക്ലാസില്‍ ചെന്നില്ലെങ്കില്‍ അറ്റന്‍ഡന്‍സ് കുറയും. പിന്നീട് അവര്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കില്ല.

യൂണിവേഴ്‌സിറ്റിയില്‍ രണ്ട് വര്‍ഷം പി ജി ചെയ്യുന്നവര്‍ക്ക് എല്ലാ ഫീസും കൂടി ഇരുപതിനായിരം രൂപ വരും. ഇപ്പോള്‍ ഉയര്‍ത്തിയ ബസ് ചാര്‍ജ് അനുസരിച്ച് അതിന് മാത്രം 24,000 രൂപ രണ്ട് വര്‍ഷത്തേക്കാവും. കോളേജിലെ പഠന ചെലവിലും കൂടുതലാണ് യൂണിവേഴ്‌സിറ്റി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന ബസ്ചാര്‍ജ്. ഇത് വിദ്യാര്‍ഥികള്‍ക്ക് താങ്ങാനാവുന്നതല്ല. 13 ബസാണ് നിലവില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ളത്. എന്നാല്‍ ഇതെല്ലാം സ്വകാര്യവ്യക്തികള്‍ക്ക് കരാര്‍ കൊടുത്തിരിക്കുന്നതാണ്. അവര്‍ക്ക് ബസ്ചാര്‍ജ് അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്നില്ല എന്നാണ് പറയുന്നത്. എന്നാല്‍ ബസ്ചാര്‍ജ് കൂട്ടിയാല്‍ അത് ഞങ്ങള്‍ക്കും താങ്ങാന്‍ പറ്റില്ല. പക്ഷെ പ്രതിഷേധിച്ചതിന്റെ പേരില്‍ ഞങ്ങള്‍ ഓരോരുത്തരേയും ടാര്‍ജറ്റ് ചെയ്തുള്ള പ്രതികാര നടപടികളിലേക്ക് യൂണിവേഴ്‌സിറ്റി പോവുകയാണ്.”
വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറിന് നോട്ടീസ് അയച്ചു. സമാധാനപരമായി ജനാധിപത്യ രീതിയില്‍ സമരം ചെയ്തതിന് വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ സംഭവച്ചതിന് സമാനമായി എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദി യൂണിവേഴ്‌സിറ്റിയായിരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് സംബന്ധിച്ച് യൂണിവേഴ്‌സിറ്റി അധികൃതരുടെ പ്രതികരണത്തിനായി ബന്ധപ്പെട്ടിരുന്നെങ്കിലും പ്രതികരണം ലഭ്യമായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍