2018 മെയ് 13 നു മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ ഡോ. കഫീല്‍ഖാനുമായി നടത്തിയ ചര്‍ച്ചയാണ് രാജ്യവിരുദ്ധ പ്രവര്‍ത്തനമെന്ന പേരില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
കഴിഞ്ഞ ഡിസംബറിലാണ് തിരുവനന്തപുരം വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിനെക്കുറിച്ച് ജനം ടിവിയില്‍ ഒരു ‘ബിഗ് ബ്രേക്ക്’ വാര്‍ത്ത വരുന്നത്. കോളേജില്‍ ഐ.എസ്- അല്‍ഖ്വൈദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും, കറുത്ത വസ്ത്രമണിഞ്ഞെത്തിയ കുട്ടികള്‍ ഭീകരസംഘടനയുടെ പതാക ഉയര്‍ത്തിയെന്നുമെല്ലാമായിരുന്നു ജനം ടി വിയുടെ വാര്‍ത്ത. കോളേജ് ആനുവല്‍ ഡേയുടെ ഭാഗമായി നടന്‍ സലിം കുമാറിനെ സ്വീകരിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ ആഘോഷങ്ങളുടെ മാസങ്ങള്‍ പഴക്കമുള്ള വീഡിയോ ദൃശ്യങ്ങളും ഇതിനൊപ്പം ചാനല്‍ പങ്കുവച്ചിരുന്നു. എന്നാല്‍, വാര്‍ത്തയ്‌ക്കെതിരെ ചടങ്ങിലെ പ്രധാന അതിഥിയായിരുന്ന സലിം കുമാറടക്കം ശക്തമായി രംഗത്തെത്തിയതോടെ, ജനം ടി വി നല്‍കിയ വ്യാജവാര്‍ത്തയുടെ നിജസ്ഥിതി വെളിപ്പെടുകയായിരുന്നു. ഇതിനു ശേഷം രോഹിത് വെമുല അനുസ്മരണം നടത്തിയ കോഴിക്കോട് എന്‍.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും സമാനമായ ആരോപണങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ജനം ടി വിയുടെ സമാനമായ മറ്റൊരു ‘ബിഗ് ബ്രേക്ക്’ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് രാജ്യദ്രോഹ പരാമര്‍ശത്തെക്കുറിച്ച് ആരോപണങ്ങളുയരുന്നത്. 2018 മെയ് 13 നു മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ ഡോ. കഫീല്‍ഖാനുമായി നടത്തിയ ചര്‍ച്ചയാണ് രാജ്യവിരുദ്ധ പ്രവര്‍ത്തനമെന്ന പേരില്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്. കോഴിക്കോട് എന്‍.ഐ.ടിയെപ്പോലെ മെഡിക്കല്‍ കോളെജും ‘രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ’ വിളനിലമാകുകയാണെന്നു പരാമര്‍ശിക്കുന്ന വാര്‍ത്തയില്‍, അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സിയെ നിയോഗിക്കണമെന്നുവരെ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സമിതി യോഗത്തില്‍ ഉയര്‍ന്ന അതേ വാദമാണ് ജനം ടി വി റിപ്പോര്‍ട്ടായി അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നത്. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള സമിതിയുടെ യോഗത്തില്‍ ബി.ജെ.പി പ്രതിനിധി ഉയര്‍ത്തിയ വാദത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു എന്നു കൂടി ജനം ടി വിയില്‍ പരാമര്‍ശിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നവജാതശിശുക്കള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചുകൊടുത്ത വിഷയുമായി ബന്ധപ്പെട്ട് കുറ്റം ചാര്‍ത്തിയിരുന്ന കഫീല്‍ ഖാന്‍, ജാമ്യത്തിലുള്ളപ്പോഴാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനെത്തിയത്. കോളേജ് അധികൃതര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും, മുപ്പതോളം വിദ്യാര്‍ത്ഥികളെയും ഏതാനും ചില അധ്യാപകരെയും പങ്കെടുപ്പിച്ച് പരിപാടി നടക്കുക തന്നെ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ നടന്ന ചര്‍ച്ചകളില്‍ ആദ്യം വിഷയമായത് പരിപാടിയുടെ നടത്തിപ്പിന് അനുമതിയില്ലായിരുന്നു എന്ന വിഷയമാണെങ്കിലും, പിന്നീട് ‘രാജ്യദ്രോഹപരമായ പരാമര്‍ശം’ എന്ന വാക്ക് മിനുട്‌സില്‍ കടന്നുവന്നു. അനുമതിയില്ലാതെ പരിപാടി നടത്തിയതിന് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളോട് വിശദീകരണം തേടുകയും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ക്ഷമാപണം എഴുതിക്കൊടുക്കുകയും ചെയ്തിരുന്നു. 2018 മേയില്‍ നടന്ന പരിപാടിയെക്കുറിച്ച് 2018 ജൂണില്‍ നടന്ന യോഗത്തിലെ മിനുട്‌സ് വിവരങ്ങള്‍ ഇത്ര മാസങ്ങള്‍ക്കു ശേഷം ജനം ടി വി വാര്‍ത്തയാക്കണമെങ്കില്‍, അതിനു പിറകില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അജണ്ട തന്നെയാണെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കൊപ്പം, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തികള്‍ കൂടിയടങ്ങിയ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റെ സൊസൈറ്റിയിലെ ആരോ ഒരാള്‍ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കു വേണ്ടി മുന്നോട്ടുവച്ചതാണ് രാജ്യദ്രോഹമെന്ന വാദം എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
‘അന്നത്തെ പരിപാടിയെക്കുറിച്ചുള്ള അറിയിപ്പും, പരിപാടിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉള്ളതാണ്. ഡോ. കഫീല്‍ ഖാനുമായി നടത്തിയ സംവാദത്തിന്റെ ലൈവ് വീഡിയോ വരെ കോളേജ് യൂണിയന്റെ ഫേസ്ബുക്ക് പേജിലുണ്ട്. ഇത്രയും സുതാര്യമായി നടന്ന ഒരു പരിപാടിയില്‍ എന്തു രാജ്യദ്രോഹമാണ് ഇവര്‍ ആരോപിക്കുന്നത്? ഈ പരിപാടി കാണുകയോ അതില്‍ പങ്കെടുക്കുകയോ ചെയ്യാത്ത എച്ച്.ഡി.എസ് അംഗങ്ങള്‍ തയ്യാറാക്കിയ മിനുട്‌സിലാണ് ഈ പരാമര്‍ശമുള്ളത്. കക്ഷിരാഷ്ട്രീയ താല്‍പര്യമുള്ളവരാണ് എച്ച്.ഡി.എസില്‍ പലരും. മതതീവ്രവാദക്കുറ്റം ആരോപിച്ച്, അതു വോട്ടാക്കി മാറ്റാനുള്ള ശ്രമം തന്നെയാണ് നടക്കുന്നത്. അനുമതിയില്ലാതെ പരിപാടി നടത്തിയതില്‍ വിശദീകരണം നടത്തിയതില്‍ വിശദീകരണ ചോദിച്ചുവെന്നല്ലാതെ ഈ വിഷയത്തില്‍ ഒരു അന്വേഷണം പോലും നടന്നിട്ടില്ല.’ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അമീന്‍ അബ്ദുള്ള പറയുന്നതിങ്ങനെ.
മെഡിക്കല്‍ കോളേജിലെ അക്വില്‍ എന്ന അധ്യാപകനെ ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. പരിപാടിയില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചില അധ്യാപകരും പങ്കെടുത്തിരുന്നെങ്കിലും, മുസ്ലിം നാമധാരിയായ അധ്യാപകന്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു എന്നതരത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആശുപത്രി വികസന സമിതിയോഗത്തില്‍ ആരോപണമുയര്‍ത്തിയതും, ജനം ടി വി വാര്‍ത്തയാക്കിയതും. എന്നാല്‍, പരിപാടിയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന അധ്യാപകന്‍ സ്ഥലത്തെത്തിയപ്പോള്‍ അധ്യാപകനെന്ന പരിഗണന നല്‍കി വേദിയിലിരുത്തുക മാത്രമാണ് ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജനകീയനായ അധ്യാപകനെതിരായ ആരോപണങ്ങള്‍ എന്തുവില കൊടുത്തും ചെറുക്കുമെന്ന തീരുമാനത്തിലാണ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍. പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയെത്തുടര്‍ന്ന് ജനം ടി വി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ കമ്മീഷണര്‍ അന്വേഷണമാരംഭിച്ചാല്‍, അധ്യാപകനെതിരായ നീക്കങ്ങള്‍ പ്രതിരോധിക്കുമെന്നും ഇവര്‍ പറയുന്നു.
ജൂണില്‍ നടന്ന യോഗത്തില്‍ ബി.ജെ.പി പ്രതിനിധികള്‍ ഉയര്‍ത്തിയ വാദം പരിഗണിച്ച്, പ്രാഥമിക അന്വേഷണം പോലും നടത്താതെ ഉദ്യോഗസ്ഥ തലത്തില്‍ നീങ്ങിയ പ്രിന്‍സിപ്പാളിന്റെ നടപടിയിലും ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കാനായി ജില്ലാ കലക്ടറെ നേരിട്ടുകാണാനിരിക്കുകയാണ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍. പരിപാടി എങ്ങിനെയാണ് രാജ്യവിരുദ്ധമായതെന്നോ, പരിപാടിയ്ക്കിടയിലുണ്ടായ രാജ്യവിരുദ്ധ പരാമര്‍ശമെന്താണെന്നോ വ്യക്തമാക്കാതെയുള്ള ജനം ടി വി റിപ്പോര്‍ട്ടില്‍, കഫീല്‍ ഖാനെന്നു കാണിച്ച് അടയാളപ്പെടുത്തിയിരിക്കുന്നത് കോളേജിലെ വിദ്യാര്‍ത്ഥിയെയാണ്. എച്ച്.ഡി.എസ് സമിതി യോഗത്തിന്റെ മിനുട്‌സിലും രാജ്യദ്രോഹപ്രവര്‍ത്തനം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ആശുപത്രി വികസന സമിതി ആവശ്യപ്പെട്ടാല്‍ നടപടികള്‍ കൈക്കൊള്ളാതിരിക്കാനാകില്ലെന്നാണ് പ്രിന്‍സിപ്പാളിന്റെ പക്ഷമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളാക്കുന്ന സംഘപരിവാര്‍ നടപടിയ്‌ക്കെതിരെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഒറ്റക്കെട്ടായാണ് പ്രതിഷേധിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ടു നടന്ന പ്രതിഷേധ പരിപാടിയില്‍ എല്ലാ വിദ്യാര്‍ത്ഥികളും സംഘടനാ പ്രതിനിധികളും പങ്കെടുത്തിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയപ്പെട്ട ഒരധ്യാപകനെ മതവിശ്വാസത്തിന്റെ പേരില്‍ ലക്ഷ്യം വയ്ക്കുന്നതും, സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളെയെല്ലാം ദേശവിരുദ്ധരാക്കി ചിത്രീകരിക്കുന്നതും ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. കോളേജ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം എസ്.എഫ്.ഐ അടക്കമുള്ള സംഘടനകളും പി.ജി.അസോസിയേഷന്‍, ഡോക്ടേഴ്‌സ് അസോസിയേഷന്‍ എന്നിവരും പങ്കെടുത്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എ.ബി.വി.പി പ്രവര്‍ത്തകരും പ്രതിഷേധ പരിപാടികളില്‍ പങ്കാളികളാണ്. ആശുപത്രി വികസന സമിതിയുടെ നടപടിയെ അപലപിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നവരുടെ കൂട്ടത്തില്‍ മെഡിക്കല്‍ കോളജിലെ എ.ബി.വി.പിയുമുണ്ട്. ‘സംഘപരിവാറിന്റെ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ്’ ഞങ്ങള്‍ക്കു വേണ്ടെന്ന ബാഡ്ജുകള്‍ ധരിച്ചും, ജനം ടിവിയ്ക്ക് അയച്ചുകൊടുക്കാനായി നുണക്കഥാ മത്സരങ്ങള്‍ നടത്തിയുമാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം.
സര്‍വകലാശാലകളും പ്രധാന കോളേജുകളും കേന്ദ്രീകരിച്ചുള്ള സംഘപരിവാര്‍ തെരഞ്ഞെടുപ്പു തന്ത്രത്തിന്റെ ഏറ്റവും പുതിയ പതിപ്പായാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവങ്ങളെ കാണേണ്ടതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍, രാഷ്ട്രീയലാഭങ്ങളോടെയുള്ള വ്യാജവാര്‍ത്ത എന്നതില്‍ക്കവിഞ്ഞ് അധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ പൊലീസ് തലത്തിലുള്ള അന്വേഷണമായി ഈ ആരോപണം മാറുകയാണെങ്കില്‍ കാര്യത്തിന്റെ ഗൗരവം പ്രതീക്ഷിച്ചതിലമേറെയാകുമെന്നും ഇവര്‍ പറയുന്നു. ഈ ഫെബ്രുവരിയിലാണ് കാശ്മീര്‍ വിഷയത്തില്‍ പോസ്റ്ററുകള്‍ പതിച്ചുവെന്ന ആരോപണത്തിന്റെ പുറത്ത് മലപ്പുറത്ത് കോളേജ് വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.