UPDATES

ട്രെന്‍ഡിങ്ങ്

എനിക്ക് പകരം മുസ്ലീമായ ആണ്‍കുട്ടിയാണ് ഡാന്‍സ് ചെയ്തതെങ്കില്‍ ഈ തെറിവിളി ഉണ്ടാകുമായിരുന്നോ? ജസ്ല സംസാരിക്കുന്നു

ഓണ്‍ലൈനില്‍ ആങ്ങള ചമയുന്ന ‘സാമൂഹിക ജീവി’കളുടെ വിമര്‍ശനങ്ങള്‍ എനിക്ക് നിത്യസംഭവങ്ങളാണ്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മലപ്പുറത്തെ ‘തട്ടമിട്ട’ പെണ്‍കുട്ടികള്‍ നടത്തിയ ഫ്ളാഷ്‌മോബിന്റെ പൊല്ലാപ്പുകളും മുറവിളികളും കെട്ടടങ്ങുന്നതിനു കെട്ടടങ്ങും മുമ്പെയാണ് തട്ടമിട്ട മറ്റൊരു മൊഞ്ചത്തിയുടെ ഫ്ളാഷ്‌മൊബിനെ സോഷ്യല്‍ മീഡിയയിലെ ആങ്ങളമാരും ‘മതപുരോഹിതന്മാ’രും ഏറ്റെടുത്തിരിക്കുന്നത്. മലപ്പുറം മഞ്ചേരി സ്വദേശി ജസ്ല മാടശ്ശേരിയാണ് സദാചാര സൈബര്‍ കാവല്‍ക്കാരുടെ പുതിയ ഇര. കഴിഞ്ഞയാഴ്ച്ച എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മുസ്ലീം സമുദായത്തില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ പൊതുനിരത്തില്‍ നടത്തിയ ഫ്ളാഷ്‌മോബിനെതിരെ മതവിശ്വാസികളില്‍ നിന്നും രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. അതേ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, പൊതു ഇടങ്ങള്‍ പെണ്ണിന്റെ കൂടി അവകാശമാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (ഐഎഫ്എഫ്കെ) ജസ്ലയും കൂട്ടരും ഫ്ളാഷ്‌മോബ് നടത്തിയത്.

മോഹന്‍ലാല്‍ സിനിമയിലെ ഡയലോഗായ ‘വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരായ്ക്ക് വീട്ടില്‍ കേറിവരുമ്പോള്‍ ചുമ്മാ തൊഴിക്കാനും, തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും എനിക്കൊരു പെണ്ണിനെ വേണം’ എന്നു പറയുന്ന പുരുഷകഥാപാത്രത്തെ ആട്ടിയോടിച്ച് , ‘അതൊക്കെ പണ്ട്, ഇപ്പോള്‍ കാലം മാറി. ചവിട്ടുകൊള്ളാന്‍ വേറെ ആളെ നോക്കെടാ’ എന്ന് ഒരു സ്ത്രീ പറയുന്നതില്‍ ഫ്ളാഷ്‌മോബ് ആരംഭിക്കുന്നു. തുടര്‍ന്നാണ് ഒരു സംഘം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ചേര്‍ന്ന് ജിമിക്കി കമ്മല്‍ പാട്ടിനൊത്ത് നൃത്തം വെയ്ക്കുന്നത്.

ജസ്ലയുടെ ഇസ്ലാം കുടുംബ പശ്ചാത്തലവും, തട്ടമിട്ട ഒരു പെണ്‍കുട്ടി വീണ്ടും തെരുവിലിറങ്ങി നൃത്തം ചെയ്തു എന്നതുമെല്ലാം കൂട്ടിക്കെട്ടിയാണ് മുന്‍പത്തതിനെക്കാള്‍ വലിയ രീതിയില്‍ ഫ്ളാഷ്‌മോബിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ വധഭീഷണികളും അജ്ഞാത ഫോണ്‍ കോളുകളും തന്നെത്തേടിയെത്തുന്നുവെന്ന് ജസ്ല പരാതിപ്പെടുന്നു. തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനും മറ്റും ശ്രമിച്ചവര്‍ക്കെതിരെയും പരസ്യമായി ഭീഷണിയുയര്‍ത്തിയവര്‍ക്കെതിരെയും പരാതിയുമായി മുന്നോട്ട് പോകാനാണ് ജസ്ലയുടെ തീരുമാനം.

കേരളത്തിലെ മുസ്ലീം രാഷ്ട്രീയ, മത നേതാക്കന്മാരുടെ ശ്രദ്ധയ്ക്ക്: ജസ്‌ലയുടെ കാര്യത്തിൽ നിങ്ങൾക്ക് ചെയ്യാവുന്നത്

ജസ്ല സംസാരിക്കുന്നു

“പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നതിനോടുള്ള, പ്രത്യേകിച്ച് മുസ്ലീം വേഷധാരിയായ ഒരു പെണ്‍കുട്ടി കടന്നുവരുന്നതിലുള്ള ചില ഓണ്‍ലൈന്‍ ആങ്ങളമാരുടെ ‘ശ്വാസം മുട്ടലായി’ ഞാനിതിനെ നോക്കിക്കാണുന്നു. ഒരു പ്രത്യേക മതത്തെയോ വിഭാഗത്തെയോ വിമര്‍ശിക്കുന്നതായിരുന്നില്ല ഞങ്ങളുടെ ഫ്ളാഷ്‌മോബ്. ഒരു വുമണ്‍ പൊളിറ്റിക്‌സ് അഥവാ സ്ത്രീരാഷ്ട്രീയം മാത്രമായിരുന്നു ഫ്ളാഷ്‌മോബിലൂടെ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. മലപ്പുറത്ത് പെണ്‍കുട്ടികള്‍ നടുറോഡില്‍ നൃത്തം ചെയ്തതില്‍ ഉയര്‍ന്നുവന്ന വിവാദ പരാമര്‍ശങ്ങളെയും, പലരുടെയും അധികാരി ചമയലിനേയും ചോദ്യം ചെയ്തുകൊണ്ട്, ആ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് തിരുവനന്തപുരത്ത് ഞങ്ങള്‍ ഫളാഷ്‌മോബ് നടത്തിയത്. ഒരു മതത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ബാനറില്ലാതെ, സദാചാര-സ്ത്രീവിരുദ്ധ ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടാന്‍ തന്റേടമുള്ള ഒരു പറ്റം ചെറുപ്പക്കാര്‍ അടങ്ങിയ ‘ഫ്രീ തിങ്കേഴ്സ്’ എന്ന ഗ്രൂപ്പില്‍പ്പെട്ടവരാണ് എനിക്കൊപ്പം ചുവടുവെച്ചത്. സ്വതന്ത്രരാകുന്ന സ്ത്രീകളോട് പുരുഷാധിപത്യ സമൂഹം കാണിക്കുന്ന അടിച്ചമര്‍ത്തലുകളെ ഞങ്ങളാലാവുന്ന രീതിയില്‍ വിമര്‍ശിക്കുക എന്നതായിരുന്നു ഫ്ളാഷ്‌മോബിലൂടെയുള്ള ഉദ്ദേശ്യം.

എന്നാല്‍, അത് മറ്റൊരു രീതിയില്‍, മതത്തിനെതിരെയുള്ള എന്റെ പ്രതിഷേധമായാണ് ഇപ്പോള്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് അല്ലെങ്കില്‍ ചിലരെല്ലാം ചേര്‍ന്ന് ചിത്രീകരിച്ചിരിക്കുന്നത്. ഞാന്‍ തട്ടമിട്ട് നൃത്തം ചെയ്തത് എന്റെ സ്വാതന്ത്ര്യമാണ്. ഒരു മതത്തിന്റെയും ബാനര്‍ തൂക്കിക്കെട്ടാന്‍ ആയിരുന്നില്ല അത്. ഒരു ഇസ്ലാം കുടുംബ പശ്ചാത്തലമുണ്ടെങ്കില്‍ കൂടി, അതേ വിശ്വാസങ്ങളെ ഞാനും ഫോളോ ചെയ്യണമെന്ന് ആര്‍ക്കാണ് ഇത്ര നിര്‍ബന്ധം? എന്റെ വിശ്വാസങ്ങളും കാഴ്ച്ചപ്പാടുകളും എന്റെ മാത്രം ചോയ്‌സ് ആണ്. കേവലം പാട്ടിനൊത്ത് ചുവടുവെച്ച ഒരു സംഭവത്തെ, മതത്തിന്റെ രാഷ്ട്രീയമായി അല്ലെങ്കില്‍ മതത്തിനെതിരെയുള്ള രാഷ്ട്രീയമായി മറ്റു വിവാദങ്ങളിലേക്ക് കൊണ്ടെത്തിച്ചതിനു പിന്നിലെ താല്‍പര്യമെന്തെന്ന് എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും.

വര്‍ഗീയ ഹിന്ദു കുഴപ്പമില്ല, നേരിടേണ്ടത് സെക്കുലര്‍ വിമര്‍ശകരെ; പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വിചിത്ര നയങ്ങള്‍

ഒരു സ്ത്രീ പൊതു ഇടങ്ങളില്‍ സാന്നിധ്യമറിയിക്കുമ്പോള്‍, അല്ലെങ്കില്‍ മുന്നേ പുരുഷന്മാരെ മാത്രം കണ്ടിരുന്ന സ്‌പേസുകളിലേക്ക് ഇന്ന് സ്ത്രീകള്‍ കടന്നുചെല്ലുമ്പോള്‍, അതിനെതിരെ തിരിയുന്ന സമൂഹത്തിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ എനിക്കുനേരെയും ഉണ്ടായിരിക്കുന്നത്. ഒരു സ്ത്രീയെ അടിച്ചമര്‍ത്താന്‍ ചിലപ്പോള്‍ മതത്തിന്റെ കൂട്ടുപിടിച്ചതുമായിരിക്കാം. എനിക്കുപകരം മുസ്ലീം സമുദായത്തിലെ ഒരു ആണ്‍കുട്ടിയാണ് ഡാന്‍സ് ചെയ്തിരുന്നതെങ്കില്‍ ഇതൊരിക്കലും ഒരു സാമൂഹിക പ്രശ്‌നമായിമാറില്ലായിരുന്നു. ഒരു സ്ത്രീ കടന്നു വന്നതെങ്ങനെ ഇത്രമാത്രം ചൂടുപിടിച്ച വിഷയമായി? ഇതാണ് എനിക്ക് ചോദിക്കാനുള്ളത്. അതുതന്നെയായിരുന്നു ഫ്ളാഷ്‌മോബിലൂടെ ഞങ്ങള്‍ ചോദിച്ചതും.

എനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളും ഭീഷണികളും ഇത് ആദ്യത്തെ സംഭവമല്ല. ഞാന്‍ ഒരു ബൈക്ക് റൈഡര്‍ ആണ്. സഞ്ചരിക്കാനും യാത്ര ചെയ്യാനും ഇഷ്ടമുള്ളയാളാണ്. എന്റെ യാത്രകളെക്കുറിച്ചും മറ്റും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ കടുത്ത വിമര്‍ശനങ്ങളും ഭീഷണികളും ഇതിനുമുന്നെയും നേരിടേണ്ടി വന്നിട്ടുണ്ട്. ‘പെണ്ണ് അടങ്ങിയൊതുങ്ങി വെച്ചും വിളമ്പിയും ജീവിക്കണം’ , ‘ചോറിനും പേറിനും മാത്രം പെണ്ണ്’ ഇതാണ് വിമര്‍ശകരില്‍ നിന്നും വരുന്ന പൊതുവിലുള്ള ‘ഉപദേശം. മറ്റൊന്ന്, ഇങ്ങനെ സ്വതന്ത്രമായി ചിന്തിക്കുകയും സ്വന്തം കാഴ്ച്ചപ്പാടിനൊത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ത്രീകളെ ‘വേശ്യ’കളായി ചിത്രീകരിക്കുന്ന പ്രവണതയും ഇത്തരക്കാര്‍ക്കുണ്ട് എന്നതാണ്. വേശ്യാപ്പട്ടം മുദ്രകുത്തപ്പെടുമ്പോള്‍ എല്ലാ സ്ത്രീകളും ഫീല്‍ഡ് വിട്ട് അടുക്കളയിലേക്ക് മടങ്ങുമെന്ന മിഥ്യാധാരണയുടെ പുറത്താണത്. എത്രനാള്‍ സ്ത്രീ സ്വാതന്ത്ര്യത്തെ ഇങ്ങനെ പലതിന്റെയും പേരില്‍ പിടിച്ചുകെട്ടാന്‍ ഇത്തരക്കാര്‍ക്ക് കഴിയും?

കാന്തപുരത്തെ നിലയ്ക്കുനിര്‍ത്താന്‍ കഴിയില്ലേ? ഈ ചോദ്യം നിങ്ങളോടാണ് സ്ത്രീകളെ!

ഓണ്‍ലൈനില്‍ ആങ്ങള ചമയുന്ന ‘സാമൂഹിക ജീവി’കളുടെ വിമര്‍ശനങ്ങള്‍ എനിക്ക് നിത്യസംഭവങ്ങളാണ്. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന ഒട്ടുമിക്ക സ്ത്രീകളും മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളിലൂടെ ഒരുതവണയെങ്കിലും കടന്നുപോയവരായിരിക്കും. ഫ്ളാഷ്‌മോബ് നടത്തിയതിന്റെ പേരില്‍ തെറി വിളിയും വധഭീഷണിയും മാത്രമല്ല, എനിക്കെതിരെ ഊരുവിലക്ക് കല്പിക്കണമെന്നും നാട്ടിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചകളുയരുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. എന്നെ നേരില്‍ കണ്ടാല്‍ മണ്ണെണ്ണയൊഴിച്ച് പച്ചയ്ക്ക് കത്തിക്കണമെന്നാണ് ഇത്തരക്കാര്‍ കണ്ടെത്തിയ പരിഹാരം. ഇതിനെല്ലാം പുറമെ എന്നെ ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആയി ചിത്രീകരിക്കാനും ഓണ്‍ലൈന്‍ അങ്ങളമാര്‍ ശ്രമിക്കുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം. അതില്‍ അപമാനകരമായി ഞാന്‍ ഒന്നും കാണുന്നില്ലെങ്കിലും, ഹീനമായ പലതും അവര്‍ അതില്‍ കാണുന്നുണ്ട്.

ഏതെല്ലാം രീതിയില്‍ ഒരു പെണ്ണിന്റെ സ്വാതന്ത്ര്യത്തിനെതിരെ പോരാടാന്‍ പറ്റുമോ, ആ രീതിയിലെല്ലാം മതത്തിന്റെ കൂട്ടുപിടിച്ചു വരുന്ന ഇത്തരക്കാര്‍ എനിക്കെതിരെ നടത്തുന്നുണ്ട്. എന്റെ മോര്‍ഫ് ചെയ്ത, അശ്ലീലത നിറച്ച ചിത്രങ്ങളും വീഡിയോകളും എന്റെ സഹോദരന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്യുന്നു. എന്നെ ഒരു സെക്ഷ്വല്‍ വര്‍ക്കര്‍ ആയി ചിത്രീകരിച്ചാണ് അതെല്ലാം. എതിര്‍ക്കാവുന്നതിന്റെ പരമാവധി അവന്‍ ശ്രമിച്ചെങ്കിലും ഇപ്പോള്‍ അവന് ഫേസ്ബുക്ക് അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യേണ്ട അവസ്ഥ വന്നു. എന്നാല്‍ ഇതിലൊന്നും തളര്‍ന്നു പിന്മാറാന്‍ ഞാന്‍ ഒരുക്കമല്ല. വനിതാ കമ്മീഷനും അസിസ്റ്റന്റ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണ എനിക്കുണ്ട്. പരാതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം.”

ബാംഗ്‌ളൂരില്‍ ഒന്നാംവര്‍ഷ എംബിഎ വിദ്യാര്‍ഥിനിയാണ് ജസ്ല.

‘മദം’ പൊട്ടലുകളുടെ ‘കൂത്തിച്ചി’ വിളികളെ കുറിച്ച് ഒരു മലപ്പുറത്തുകാരി എഴുതുന്നു

നിങ്ങളുടെ അശ്ലീലം നിറഞ്ഞ കവലപ്രസംഗങ്ങള്‍ക്ക് ഇനി അവളെ തടയാനാകില്ല; ഫ്‌ളാഷ്‌മോബ് വിരുദ്ധര്‍ക്ക് ചില മുന്നറിയിപ്പുകള്‍

‘മാന്യന്മാരു’ടെ തെരുവിടങ്ങളില്‍ ഫ്ലാഷ് മോബ് അശ്ലീലമാകുമ്പോള്‍

ഫ്‌ളാഷ് മോബിനെ പിന്തുണച്ചതിന് തെറിയും ഭീഷണിയും; ആര്‍ജെ സൂരജ് റേഡിയോ ഷോയില്‍ നിന്നും പിന്മാറി

തന്തമാര്‍ക്ക് ഹാലിളകുമ്പോള്‍

ഞങ്ങള്‍ ലെഗ്ഗിന്‍സുമിട്ടു നടക്കും താലിയിടില്ല, തട്ടമിടില്ല, ചോദിക്കാന്‍ വന്നാല്‍ പേടിക്കത്തില്ല’ / വീഡിയോ

എയിഡ്സ് ബോധവത്കരണ ഫ്ലാഷ് മോബ്: മലപ്പുറത്ത് പെണ്‍കുട്ടികളുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് (വീഡിയോ)

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍