UPDATES

ട്രെന്‍ഡിങ്ങ്

മേധാ പട്കര്‍, നര്‍മദ, സഞ്ചരിക്കുന്ന സിനിമ… ജീവന്‍ശാലയിലേക്കൊരു യാത്ര

തല മുതല്‍ അടി വരെ ഓരോ സിരയിലും ലയിച്ചുചേര്‍ന്ന ഒരായിരം അനുഭവങ്ങളുമായി തത്ക്കാലത്തേക്കേങ്കിലും ജീവന്‍ശാലയോട് വിടപറയുമ്പോള്‍ സമയത്തിന്, തിരിയുന്ന ഭൂമിയേക്കാള്‍ വേഗമുണ്ടെന്ന് തോന്നിപ്പോയി.

Avatar

കാവ്യ രാജ്

ഉത്തരേന്ത്യയില്‍ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന ‘ചല്‍തി തസ്‌വീരേം’ എന്ന ട്രാവലിങ് ഫിലം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയപ്പോള്‍ അത് ‘ വാടി പുന്‍വാസന്‍’ എന്ന സ്ഥലത്ത് ഞങ്ങളെ എത്തിക്കും എന്ന് തീരെ വിചാരിച്ചിരുന്നതല്ല. ഏഴ് സംസ്ഥാനങ്ങളില്‍ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന 45 ദിവസത്തെ ഫിലിം സ്‌ക്രീനിങ് പരിപാടിയാണ് ‘ചല്‍തി തസ്‌വീരേം’. ഡല്‍ഹിയില്‍ വച്ച് നടന്ന ഉദ്ഘാടനത്തിന് ശേഷം ‘ചല്‍തി തസ്‌വീരേം’ അംഗങ്ങളുടെ കൂടെ ഞാനും നന്ദിതും യാത്ര തിരിച്ചു. സത്യം പറഞ്ഞാല്‍ എങ്ങോട്ടാണെന്നോ ആരുടെ അടുത്തേക്കാണെന്നോ വ്യക്തമായി അറിയില്ലായിരുന്നു.

‘ചലിക്കുന്ന സിനിമാപ്രദര്‍ശനം’ എന്ന ആശയം കൗതുകമുണര്‍ത്തിയതിനാലാവാം രണ്ട് ദിവസമെങ്കിലും ഈ സംഘത്തിനൊപ്പം ചേരണമെന്ന് തീരുമാനിച്ചു. അംഗലേശ്വര്‍ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങി പുറത്തുകടന്നപ്പോള്‍ ‘നര്‍മ്മദ ബച്ചാവോ ആന്ദോളനി’ലെ രണ്ട് അംഗങ്ങള്‍ വണ്ടിയുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ‘നിങ്ങളെക്കൂട്ടാന്‍ മേധാ ദീദി പറഞ്ഞയച്ചതാണ്’ എന്ന് സംഘത്തിലെ ഒരാള്‍ പറഞ്ഞുകേട്ടപ്പോഴുണ്ടായ വികാരം, അത് ആനന്ദമാണോ ആശ്ചര്യമാണോ അത്ഭുതമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം ഒന്നായിന്നിരുന്നു.

നീണ്ട യാത്രക്കിടയില്‍ നടന്ന ചര്‍ച്ചയില്‍ മോധാ പട്കറും നര്‍മ്മദയും നിറഞ്ഞുനിന്നു. നര്‍മ്മദയുടെ കുറുകെ ചെറുതും വലുതുമായ മുവ്വായിരത്തോളം അണക്കെട്ടുകള്‍ ഉണ്ടാക്കിയതിനെത്തുടര്‍ന്ന് പല ഗ്രാമങ്ങളും വെള്ളത്തിനടിയിലായതും ആദിവാസികളെ അവിടെ നിന്ന് വേറെ ഭൂപ്രദേശങ്ങളിലേക്ക് പറിച്ച് നട്ടതിനെപ്പറ്റിയും അവരെ പുനരധിവസിപ്പിച്ച സ്ഥലങ്ങളില്‍ ജീവിക്കാന്‍ അനുയോജ്മായ സാഹചര്യങ്ങള്‍ ഇല്ലാതിരുന്നതിനെക്കുറിച്ചും നര്‍മ്മദയുടെ തീരങ്ങള്‍ മുങ്ങിയതിനെ തുടര്‍ന്ന് ഉടലെടുത്ത പരിസ്ഥിതി വിനാശങ്ങളെപ്പറ്റിയും മത്സ്യത്തിന്റെ അഭാവം മൂലം തനത് സംസ്‌കാരം ക്ഷയിച്ച് വരുന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ചും ഒക്കെ. മൊത്തത്തില്‍ അകാലമരണം മുന്നില്‍ കാണുന്ന നര്‍മ്മദയാകുന്ന അമ്മയെക്കുറിച്ചും അവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ആറ് മണിക്കൂറിലെ യാത്രക്കൊടുവില്‍ അങ്ങനെ മഹാരാഷ്ട്രയുടെ വടക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ‘നന്ദുര്‍ബാര്‍’ ജില്ലയിലെ ‘വാടി പുനര്‍വസന്‍’ എന്ന സ്ഥലത്തെത്തി. ഒരു ഉള്‍പ്രദേശം. വ്യക്തമായ ബോര്‍ഡുകളും മറ്റും ഇല്ലാതിരുന്ന കാരണം കുറച്ച് ബുദ്ധിമുട്ടിയാണ് അവിടെ എത്തിച്ചേര്‍ന്നത്. സഞ്ചരിച്ച വഴിയും ആ സ്ഥലവും എല്ലാം അവിടേക്ക് ബസ് പോലുള്ള പൊതുവാഹനങ്ങള്‍ ഇല്ലെന്ന സൂചന നല്‍കി.

രാത്രി നന്നേ ഇരുട്ടിയിരുന്നു. ഒരു കുഞ്ഞുസ്‌കൂളിന്റെ മുന്നില്‍ വണ്ടി നിര്‍ത്തി. തികച്ചും അപരിചിതമായ സ്ഥലത്തെത്തിപ്പെട്ട കുട്ടിയെപ്പോലെ ഒരു ഉള്‍ഭയവും അതിലേറെ കൗതുകവും. അടുത്ത നിമിഷം എന്തെല്ലാം സംഭവിക്കാം എന്ന് എത്ര ആലോചിച്ചിട്ടും ഒരുപിടിയും കിട്ടാത്ത അവസ്ഥ. നീണ്ടയാത്രയിലെ ഒറ്റയിരിപ്പിന്റെ ക്ഷീണം വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി കയ്യും കാലുമൊക്കെ ഒന്ന് ആഞ്ഞ് നിവര്‍ത്തി ദീര്‍ഘശ്വാസം എടുത്തപ്പോഴേക്കും തീര്‍ന്നു. ശുദ്ധമായ വായുവും നിറഞ്ഞ, തെളിഞ്ഞ ആകാശവും തണുത്ത കാറ്റും ഇരുട്ടിലും ആ പ്രദേശത്തിന്റെ സൗന്ദര്യം വ്യക്തമാക്കിത്തന്നു. ഡല്‍ഹിയിലെ മലിനമായ അന്തരീക്ഷത്തില്‍ നിന്ന് തത്ക്കാലത്തേക്കുള്ള രക്ഷപെടലായി അതെനിക്ക് തോന്നി. ഒരു പരിപാടി നടക്കാന്‍ പോവുന്നതിന്റെ എല്ലാ പ്രതീതിയും അവിടെ ഉണ്ടായിരുന്നു.

വണ്ടിയില്‍ നിന്ന് ബാഗും മറ്റ് സാധനങ്ങളും പുറത്തെടുക്കുമ്പോഴാണ് ഉയരത്തിലുണ്ടാക്കിയ വരാന്തയില്‍ നിന്ന് ഞങ്ങളുടെ കൂടെയുള്ള അശ്വതിച്ചേച്ചി (അശ്വതി സേനന്‍)യോട് എന്തെല്ലാമോ പറയുന്ന സാരി ധരിച്ച ഒരു സ്ത്രീയെ കണ്ടത്. മേധാ പട്കര്‍ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പിന്നെ എനിക്ക് അവര്‍ പറഞ്ഞതൊന്നും കേള്‍ക്കാന്‍ സാധിച്ചില്ല. ബാഗുമെടുത്ത് സ്‌കൂളിലേക്ക് കയറി… കുട്ടികള്‍, വലിയവര്‍ അങ്ങനെ എല്ലാവരും ചെരുപ്പ് അഴിച്ചുവച്ചാണ് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയിരുന്ന ആ ‘ജീവന്‍ ശാല’യിലേക്ക് കയറിയിരുന്നത്. എല്ലാവരും അവരവരുടെ ജോലികളില്‍ വ്യാപൃതരായിരുന്നു. എന്നിരുന്നാലും അവരെല്ലാവരും അകത്തേക്ക് ക്ഷണിക്കാനും വിശേഷം അന്വേഷിക്കാനും സാധനങ്ങള്‍ എടുത്തുവച്ച് സഹായിക്കാനും മുമ്പോട്ട് വന്നു. ഓരോ നിമിഷം കഴിയുംതോറും അപരിചിതത്വം കുറഞ്ഞുവന്നു. മേധാ തായിയെ (തായി: മറാഠിയില്‍ ചേച്ചി എന്നര്‍ത്ഥം) കണ്ടു. മുക്കാലും വെളുത്ത മുടി, മെടഞ്ഞിട്ടുണ്ട്, ചുവന്ന പൊട്ട്, പിന്നെ സാരിയും. സാമൂഹ്യശാസ്ത്ര പുസ്തകത്തിലൂടെ പരിചിതയായ മേധാ പട്കറെ അങ്ങനെ വെളിച്ചത്തില്‍ നേരിട്ട് കണ്ടു. വര്‍ഷങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു എന്ന് അവരുടെ നരച്ചമുടി സൂചന നല്‍കിയിരുന്നെങ്കിലും ഇടറാത്ത ശബ്ദവും ഉറച്ചവാക്കുകളും ഒരു നിമിഷം പോലും കളയാതെയുള്ള പ്രവര്‍ത്തനവും അത് നിഷേധിച്ചുകൊണ്ടേയിരുന്നു.

ഞങ്ങളെ എല്ലാവരേയും അശ്വതിച്ചേച്ചി ദീദിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. എല്ലാവരോടും ചെറുചിരിയോടെ കാര്യങ്ങള്‍ ചോദിച്ചതിന് ശേഷം ദീദി നര്‍മ്മദയെക്കുറിച്ച് പറഞ്ഞുതുടങ്ങി. നര്‍മ്മദ പരവശയായിക്കൊണ്ടിരിക്കുന്നുവെന്നും പോരാട്ടം ശക്തിപ്പെടുത്തണമെന്നും അവര്‍ സൂചിപ്പിച്ചു. മഹാരാഷ്ട്ര-മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ഒമ്പത് ജീവന്‍ശാലകളിലായി തൊള്ളായിരത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. അവരുടെ കലാ-കായിക മേഖലകളിലെ അഭിരുചി വിലയിരുത്തുന്ന പരിപാടിയാണ് അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കാന്‍ പോകുന്ന ‘ബാലമേള’ എന്ന് ഞാന്‍ മനസ്സിലാക്കി. ഒരു ഭാഗത്ത് വേദിയും മറ്റും കുറേപേര്‍ ചേര്‍ന്ന് ഒരുക്കുന്നു. ബാക്കിയുള്ളവര്‍ വേദിയില്‍ വക്കേണ്ട പോസ്റ്ററുകളും മറ്റ് വസ്തുക്കളും ഫയലുകളും എല്ലാം ശരിയാക്കുന്ന തിരക്കില്‍. ഒരു മുറിയില്‍ എട്ട് പത്ത് കോസറികള്‍ മിനുസമുള്ള നിലത്ത് വിരിച്ചിട്ടിരുന്നു. മേധാ ദീദി ഭക്ഷണം കഴിക്കാന്‍ വിളിക്കാന്‍ തുടങ്ങി. വൃത്തിയുള്ള നിലത്തിരുന്ന് സ്വാദിഷ്ടമായ ഭക്ഷണം. പുഞ്ചിരിച്ചുകൊണ്ട് ഭക്ഷണം വിളമ്പുന്നയാളുകള്‍. ഭക്ഷണം കഴിച്ചാല്‍ വയര്‍ മാത്രം നിറഞ്ഞാല്‍ പോര മനസ്സും നിറയണം എന്ന രീതിയാണ് അവരുടേത്. ആരാരും മറ്റുള്ളവരില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എന്ന മാത്രമല്ല, മറ്റുള്ളവര്‍ക്ക് മനസ്സ് നിറഞ്ഞ് അവര്‍ കൊടുത്തുകൊണ്ടേയിരുന്നു. ദീദി പരത്തുന്ന വെളിച്ചത്തില്‍ ചുറ്റുമുള്ളവര്‍ പ്രശോഭിക്കാതിരിക്കുന്നതെങ്ങനെ എന്നെനിക്ക് തോന്നി.

നേരം പുലര്‍ന്നപ്പോള്‍ കാര്യം കുറേക്കൂടി വ്യക്തമായി. അണക്കെട്ട് കെട്ടിയതിന്റെ ഫലമായി ഭൂമിയെല്ലാം വെള്ളത്തിനടിയിലായി വീടും കൃഷിയും നഷ്ടപ്പെട്ട ഒരു വിഭാഗം ആദിവാസികളെ മാറ്റിപ്പാര്‍പ്പിക്കപ്പെട്ട പ്രദേശമാണ് അത്. അവരുടെ കുടിലുകളും കന്നുകാലികളും കൃഷിസ്ഥലങ്ങളും ഉള്ള പ്രദേശം. അവര്‍ക്കെല്ലാം പുതിയദിശ നല്‍കിക്കൊണ്ട് ദീദിയും ജീവന്‍ശാലയും. സത്പുര മലനിരകളുടെ താഴ്‌വരയില്‍ സ്ഥിതിചെയ്യുന്ന ആ സ്ഥലത്തെ ആദിവാസികളുടെ മുഖ്യതൊഴില്‍ കൃഷി തന്നെയാണ്. അവരെല്ലാം തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നല്‍കുന്നു. അവിടെയുള്ള ഒട്ടുമിക്ക കുഞ്ഞുങ്ങളും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് ജീവന്‍ശാലയിലാണ്.

ബാലമേളയുടെ ആദ്യദിനം… എല്ലാവരും തിരക്കിലാണ്. ഒരാള്‍ പോലും അവിടെ വെറുതെയിരിക്കുന്നുണ്ടായിരുന്നില്ല. ആരേയും ഒന്നും നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുന്നതും ഞാന്‍ കണ്ടില്ല. എല്ലാവരും കണ്ടറിഞ്ഞ് മനസ്സിലാക്കി ചെയ്യുന്ന രീതി സ്വായത്തമാക്കിയിരുന്നു. പല സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന ജീവന്‍ശാലയിലെ കുട്ടികളെല്ലാം ബാലമേളയ്ക്കായി വന്നെത്തിയിരുന്നു. ഈ ഒമ്പത് ജീവന്‍ശാലകളിലേയും കുട്ടികള്‍ അവരവരുടേതിനെ പ്രതിനിധീകരിച്ച് കൊട്ടും മേളവുമായി ഗ്രൗണ്ടില്‍ വന്നെത്തി. ഉദ്ഘാടനത്തിനാകട്ടെ വ്യത്യസ്തമേഖലകളില്‍ നിന്നുള്ള പ്രഗത്ഭരായ ഒരു നിര ആളുകളും ഉണ്ടായിരുന്നു. സത്യത്തില്‍, അവിടെ ഒരുത്സവം തന്നെ കൊടിയേറുകയായിരുന്നു. അവിടെ വന്നെത്തിയവര്‍ക്ക് പുറമെ അവിടുത്തെ അന്തേവാസികളും അത്രയളവില്‍ തന്നെ അതൊരു ആഘോഷമാക്കി കൊണ്ടാടി. ഉദ്ഘാടനസമയത്ത്, ദീദി ഒരാളെപ്പോലും മാറ്റിനിര്‍ത്താതെ നര്‍മ്മദക്ക് വേണ്ടി പോരാടിയവരേയും ജീവന്‍ശാലയുടെ ഭാഗമായി ഒത്തുകൂടിയവരെയും വലുപ്പ ചെറുപ്പമില്ലാതെ സ്വാഗതം ചെയ്തു. മേധാ പട്കര്‍ എന്ന സാമൂഹ്യപ്രവര്‍ത്തകയുടെ ഓര്‍മ്മശക്തിയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നെങ്കിലും അത് നേരിട്ട് കാണുകതന്നെ ചെയ്തു.

ശേഷം, കായിക മത്സരങ്ങള്‍ ആരംഭിച്ചു. ഖോഖോയും കബഡിയും നാട്ടുകാരും കുട്ടികളും കൊട്ടും മേളവുമായി പൊടിപൊടിച്ചു. കൂടാതെ ഓട്ടമത്സരവും അമ്പെയ്ത്ത് മത്സരവും ഉണ്ടായിരുന്നു. പണ്ട് കാലത്ത് ആദിവാസികള്‍ വിഷം തേച്ച അമ്പുകള്‍ ഉപയോഗിച്ചിരുന്നു. കാടുകളില്‍ ജീവിച്ചിരുന്ന ഈ ആദിവാസികള്‍ക്ക് പുറംലോകത്തെ ഭയമായിരുന്നു. കാരണം, പുറത്തുനിന്ന് വരുന്ന ആളുകള്‍, പ്രത്യേകിച്ച് സര്‍ക്കാര്‍ അധികൃതരും മറ്റും, അവരെ ഉപദ്രവിക്കാനും ചൂഷണം ചെയ്യാനും മാത്രമാണ് അവിടെ വന്നിരുന്നത്. അതുകൊണ്ടുതന്നെ വിഷംതേച്ച അമ്പും വില്ലും മറ്റും അവര്‍ ഉപയോഗിച്ചുപോന്നു. പുറത്തുനിന്നുള്ളവരെ ശത്രുക്കളായവര്‍ കരുതി. ഇത്തരത്തിലുള്ള സാഹചര്യത്തിലേക്കാണ് ദീദി തനിച്ച് ഭാഷപോലും ശരിക്ക് അറിയാതെ ആദ്യമായി കയറിച്ചെല്ലുന്നത് എന്ന് പറഞ്ഞുകേട്ടു. അവരുടെ ഇടയിലേക്ക് നിര്‍ഭയം കയറിച്ചെന്ന് ഇന്ന് കാണുന്ന രീതിയില്‍ എല്ലാവരേയും ഒത്തൊരുമിപ്പിക്കാന്‍ അവര്‍ കാണിച്ച മായാജാലം എന്താണെന്ന് ഒരു നിമിഷം ഞാന്‍ ആശ്ചര്യപ്പെട്ടുപോയി.

ഉദ്ഘാടന സമയത്തും അല്ലാതെയും അതിഥികള്‍ക്ക് മാത്രമാകാതെ പങ്കെടുക്കാന്‍ വന്ന കുഞ്ഞുങ്ങള്‍ക്കും പിന്നെ നാട്ടുകാര്‍ക്കുമെല്ലാം ദാഹജലം നല്‍കി സേവനം ചെയ്യുന്ന വ്യക്തികളേയും കണ്ടു. വേദിയില്‍ ഇരിക്കുന്ന പ്രഗത്ഭന്മാരേയും കാണികളേയും ഒരുപോലെ സേവിക്കുന്ന ഈ രീതി എല്ലായിടത്തും ആരംഭിക്കണം എന്നും തോന്നി. രാവിലെയും ഉച്ചയ്ക്കും രാത്രിയുമുള്ള ഭക്ഷണം ജീവന്‍ശാലയില്‍ നിന്നും ലഭ്യമായിരുന്നു. ഉച്ചക്കും രാത്രിയും കിട്ടിയിരുന്ന റൊട്ടി അവിടുത്തെ ഓരോ ആദിവാസി വീടുകളില്‍ നിന്നും ശേഖരിച്ചതായിരുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. ജീവന്‍ശാലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും പഠിക്കുന്ന കുട്ടികളുടെയും ഇടയില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല ആ ബാലമേള എന്ന് ആളുകളുടെ ഇത്തരത്തിലുള്ള സമീപനം വ്യക്തമാക്കി. കബഡിയുടേയും ഖോഖോയുടേയും ഓരോ റൗണ്ടിലും കയ്യടിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും നാട് മൊത്തം വന്നെത്തി. ഈ വലിയ ആഘോഷം കണ്ടപ്പോള്‍ കേരളത്തില്‍ നടന്നുവരുന്ന യുവജനോത്സവം ആണ് ഓര്‍മ്മ വന്നത്. പക്ഷേ, ഇവിടെ അതില്‍ നിന്ന് ചില വ്യത്യാസങ്ങളുണ്ടെന്ന് മാത്രം. കുട്ടികളുടെ കഴിവ് വിലയിരുത്തപ്പെടുന്ന പരിപാടിയാണിതെന്നത് ശരിതന്നെ. പക്ഷെ, ഇവിടെ ആരും മാര്‍ക്കിന് വേണ്ടിയല്ലായിരുന്നു മത്സരിച്ചത്. തന്റെ കുട്ടി ജയിച്ചില്ലല്ലോ എന്നാലോചിച്ച് വിതുമ്പിക്കരയുന്ന മാതാപിതാക്കളും ഇവിടെയില്ല. കളിക്കിടയില്‍ തലചുറ്റി വീഴുന്ന രംഗങ്ങള്‍ തീരെയില്ല. പൈസ വാങ്ങി കഴിവിനെ വിലയിരുത്തുന്നവരോ, പൈസ കൊടുത്ത് വിലയിരുത്തുന്നവരെ വാങ്ങുന്നവരോ അശേഷം ഇല്ല. കുറേ ആനന്ദവും പുതിയ അനുഭവങ്ങളും അതിനേക്കാള്‍ ഉപരി ഒത്തൊരുമയുടെ അര്‍ഥവും ജീവന്‍ശാലയുടെ ഈ ബാലമേള എല്ലാവര്‍ക്കും ഒരുപോലെ പകര്‍ന്നുകൊടുത്തു.

വലിയ തുണിയില്‍ സിനിമ കാണുന്ന കുട്ടികളുടെ മുഖം എടുത്തു പറയേണ്ട ഒന്നാണ്. ഭൂരിഭാഗം കുട്ടികളും വലിയ സ്‌ക്രീനില്‍ സിനിമ കണ്ടിട്ടില്ലാത്തവരായിരുന്നു. ഒരുപക്ഷേ, സിനിമ തന്നെ കണ്ടിട്ടില്ലാത്തവരായിരുന്നു. ‘സൂ’ (zoo) എന്ന് നാമകരണം ചെയ്യപ്പെട്ട ഒരു ഡോക്യുമെന്ററി ഫിലിമും പിന്നെ ‘ഗാവ് ഛോഡുബ നഹി’ എന്ന ഒരു മ്യൂസിക് വീഡിയോയും ആണ് ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിച്ചത്. നിഷ്‌കളങ്കമായ ആ മുഖങ്ങളില്‍ മിന്നിമായുന്ന അത്ഭുതവും കൗതുകവും നിര്‍വികാരതയും നര്‍മ്മവും എല്ലാം ആ സിനിമയേക്കാള്‍ മനോഹരമായിരുന്നു. രണ്ടാമത്തെ ദിവസം നാല് ഫിലിമുകളോളം പ്രദര്‍ശിപ്പിച്ചു. ‘എ ചെയ്‌റി ടെയില്‍’ (A chairy tale), ‘ഏക് അനേക് ഓര്‍ ഏകത’ (Ek Anek our Ekta), ‘പ്രിന്റഡ് റയ്ന്‍ബോ'(printed rainbow) ‘പാനീ പേ ലേഖ’ (pani pe lekha) എന്നിവയായിരുന്നു അത്. പാനീ പേ ലേഖ എന്ന ഡോക്യുമെന്ററി ഫിലിം നര്‍മ്മദയേയും നര്‍മ്മദ ബച്ചാവോ ആന്ദോളനേയും കുറിച്ച് പ്രതിപാദിക്കുന്ന ഒന്നായിരുന്നു. തങ്ങളുടെ ദീദിയെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ആശ്ചര്യത്തോടെ നോക്കിയിരുന്ന ആ ബാല്യങ്ങള്‍ക്ക്, തങ്ങള്‍ ജനിക്കുന്നതിന് മുമ്പെ തന്നെ തുടങ്ങിയ ആ പോരാട്ടത്തെ പറ്റി കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കാന്‍ ഈ ഡോക്യുമെന്ററി സാധിച്ചുകാണും എന്ന് ഞാന്‍ കരുതുന്നു. എ ചെയ്‌റി ടെയില്‍ എന്ന ഫിലിമാകട്ടെ, നര്‍മ്മത്തിലൂടെ വലിയ ആശയവും സന്ദേശവും നല്‍കുന്ന ഒന്നായിരുന്നു. കുട്ടികളും മുതിര്‍ന്നവരും അത് വളരെ ആസ്വദിച്ചാണ് കണ്ടത്. സിനിമ വെറും കച്ചവടം മാത്രമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒട്ടേറെ നല്ല ഡോക്യുമെന്ററി ഫിലിമുകളും ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചേരണം എന്നു തോന്നി.

എന്തൊക്കെയായാലും സിനിമ എന്ന മാധ്യമത്തിന് സമൂഹത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനം വളരെ വലുതാണ്. ആ ഒരു വാസ്തവത്തെ ശരിയായ രീതിയില്‍ ഉപയോഗിച്ച് നല്ല സന്ദേശങ്ങളും ആശയങ്ങളും ഇങ്ങനെയുള്ള സിനിമകള്‍ വഴി വളരുന്ന തലമുറയിലേക്ക് പകരാനായാല്‍ തീര്‍ച്ചയായും അതൊരു വലിയ കാര്യം തന്നെയാണ്. വലിയ തുക കൊടുത്ത് വേണം ഇന്നത്തെ കാലത്ത് തിയേറ്ററില്‍ പോയി സിനിമ കാണാന്‍. അങ്ങനെയല്ല, സാധാരണക്കാര്‍ക്കും ഒരുപോലെ സിനിമ കാണാന്‍ പറ്റണമെന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഡോക്യുമെന്ററി ഫിലിമുകളും ശ്രദ്ധിച്ചുതുടങ്ങണമെന്നും ഉള്ള ആശയം മുന്‍നിര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകുന്ന ‘ചല്‍തി തസ്‌വീരേം’ എന്ന സംഘത്തോട് വലിയ ബഹുമാനം തോന്നുന്നു.

‘പഠനവും പോരാട്ടവും ഒപ്പം’ എന്ന മുദ്രാവാക്യം ഈ ജീവന്‍ശാലയിലെ ഓരോരുത്തര്‍ക്കും ജീവവായു പോലെയാണ്. ജീവന്‍ശാലയിലെ ഓരോ കുട്ടിക്കും നര്‍മ്മദയെപ്പറ്റിയും തുടര്‍ന്നുണ്ടായ പ്രശ്‌നത്തെപ്പറ്റിയും മുന്‍ഗാമികള്‍ തുടങ്ങിവച്ച പോരാട്ടത്തെപ്പറ്റിയും അതിന്റെ അര്‍ഥതലങ്ങളെപ്പറ്റിയും ആശയങ്ങളെപ്പറ്റിയും വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുവാനും പോരാടാനും ഈ രീതി അവരെ സഹായിക്കുന്നുണ്ടെന്ന് തീര്‍ച്ച. വിദ്യാഭ്യാസം കച്ചവടമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവന്‍ശാല തുടര്‍ന്നുപോരുന്ന ഈ വിദ്യാഭ്യാസ സമ്പ്രദായമാണ് മാതൃകയായി സ്വീകരിക്കേണ്ടതെന്ന് പറയാതെ വയ്യ. നമ്മുടെ സമൂഹത്തില്‍ വിദ്യാഭ്യാസമെന്ന പേരില്‍ കുട്ടികളെ ‘നമ്പര്‍ വണ്‍’ ഇംഗ്ലീഷ്മീഡിയം സ്‌കൂളിലും മറ്റും ഇല്ലാത്ത പൈസ കൊടുത്ത് പറഞ്ഞയച്ച് അവരുടെ തലച്ചോറിന് താങ്ങാന്‍ കഴിയാത്ത വിധം വിഷയങ്ങളെല്ലാം തള്ളിക്കേറ്റുന്നു. അതിന്റെ അര്‍ത്ഥമൊന്നുമറിയാതെ അവരത് പരീക്ഷാപേപ്പറില്‍ ഛര്‍ദ്ദിച്ച് കൊട്ടക്കണക്കിന് മാര്‍ക്കും വാങ്ങുന്നു. ഇത്രത്തോളമൊക്കെ ഉറക്കമൊഴിച്ച് പുതിയ തലമുറക്കാര്‍ കഷ്ടപ്പെട്ട് പഠിച്ചിട്ടും ദാഹിക്കുന്ന ഒരുവന് ഒരു തുള്ളി വെള്ളം കൊടുക്കണമെന്നോ വണ്ടിയിടിച്ച് റോഡില്‍ കിടക്കുന്നയാളെ വേഗം ആശുപത്രിയിലെത്തിക്കണമെന്നോ അവര്‍ക്ക് ‘അറിയില്ല’. ഇത്തരത്തില്‍ ഒരു സമൂഹം തന്നെ വളര്‍ന്നുവരുമ്പോള്‍ ആര്‍ക്കാര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ല എന്നത് ഇന്ന് കണ്ടുവരുന്ന, ഉണ്ടായിവരുന്ന ഓരോരോ പ്രശ്‌നങ്ങളിലേക്കും ആപത്തുകളിലേക്കുമാണ് വിര്‍ല്‍ ചൂണ്ടുന്നത്.

ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ ജീവന്‍ശാല, ചെറുപ്പത്തില്‍ തന്നെ എന്തിന് വേണ്ടിയാണ്, എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് മനസ്സിലാക്കിക്കൊടുക്കുമ്പോഴും തെറ്റിനുനേരെ പോരാടാനുള്ള ധൈര്യം പകര്‍ന്നുകൊടുക്കുമ്പോഴും ഉത്തവാദിത്വമുള്ള ഒത്തൊരുമയുള്ള പുതിയ സമൂഹത്തെയാണ് കെട്ടിയുയര്‍ത്തുന്നത്. ജീവന്‍ശാലയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി ഉയര്‍ന്നതലങ്ങളില്‍ പടിച്ച ബിരുദവും മറ്റും നേടിയവരൊക്കെയും ജീവന്‍ശാലയെ ഒരു കയ്യില്‍ മുറുകെ പിടിച്ച് അവരുടെ തിരക്കുകള്‍ക്കിടയിലും നര്‍മ്മദക്ക് വേണ്ടിയുള്ള പോരാട്ടം തുടരുന്നു. ജീവന്‍ശാലയുടെ പൂര്‍വ്വ വിദ്യാര്‍ഥിയും ഇപ്പോള്‍ ബിരുദധാരിയുമായ ഒരു ചെറുപ്പക്കാരനോട് ചോദിച്ചപ്പോള്‍ എന്തൊക്കെ പഠിച്ചാലും എത്രയൊക്കെ ഉയരത്തില്‍ എത്തിയാലും ജീവന്‍ശാല പകര്‍ന്ന പാഠങ്ങളെയും ജീവന്‍ശാലയെയും മറക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞതില്‍ നിന്നും ആ ജനതയെ ഈ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനം ഏത് രീതിയിലായിരിക്കും സ്വാധീനിച്ചിട്ടുണ്ടാവുക എന്ന മനസ്സിലാക്കാവുന്നതേയുള്ളൂ. ചുറ്റുവട്ടത്ത് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉണ്ടായിരുന്നെങ്കിലും ഈ ജീവന്‍ശാലയിലേക്ക് കുട്ടികള്‍ ഒഴുകിയെത്തുന്നതിനുള്ള കാരണവും ആ ജനതയ്ക്ക് അതിന്മേലുള്ള വിശ്വാസം തുറന്നുകാട്ടുന്നു.

അവിടെ താമസിക്കുന്ന ഒരാദിവാസി സ്ത്രീയുമായി ചെറിയ സംഭാഷണത്തിലേര്‍പ്പെട്ടിരുന്നു. അവരുടെ മക്കള്‍ ജീവന്‍ശാലയിലെ വിദ്യാര്‍ഥികള്‍ ആണ്. ഒരു കാലത്ത് പുറംലോകത്തെ ഭയപ്പെട്ടിരുന്ന ആ ആദിവാസി സമൂഹത്തിനിന്ന് അവരുടെ നിലനില്‍പ്പിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ആണ്‍-പെണ്‍ ഭേദമന്യേ, വലിയവര്‍ മുതല്‍ കുട്ടികള്‍ വരെ, തങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്നു. ചില ചോദ്യങ്ങളുടെ ഉത്തരമായി അവരുടെ വിശാലമായ കാഴ്ചപ്പാടിനെപ്പറ്റിയും മനസ്സിലായി. അതെന്തെന്നുവച്ചാല്‍, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മക്കളെ തുടര്‍പഠനത്തിന് അയയ്ക്കുന്നതിനെപ്പറ്റി അവര്‍ ബോധവാന്‍മാരാണ്. മാത്രമല്ല, പഠനം പൂര്‍ത്തിയാക്കി തങ്ങളുടെ മക്കള്‍ക്ക് ജോലി ലഭിക്കണമെന്നും കുടുംബസ്ഥിതി മെച്ചപ്പെടുത്തണമെന്നും അവര്‍ ആഗ്രഹിക്കുന്നു. പക്ഷെ, ഇതൊക്കെയായാലും തങ്ങളുടെ അടിസ്ഥാന വരുമാനമാര്‍ഗമായ കൃഷി എന്നും കൂടെ ഉണ്ടാവുമെന്നും എത്ര വലിയ നിലയില്‍ എത്തിയാലും അത് കൊണ്ടുനടക്കുമെന്നും അവര്‍ അടിവരയിട്ട് പറയുന്നു.

അവിടെ ചിലവഴിച്ച ദിവസങ്ങള്‍ എത്ര വേഗമാണ് പോയതെന്ന് അറിയില്ല. ഈ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് എഴുതിയാല്‍ തീരാത്തത്രത്തോളം കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടും അറിഞ്ഞിട്ടുമുണ്ട്. പാഠപുസ്തകത്തിനപ്പുറത്ത് ഒരു വലിയ ലോകമുണ്ടെന്നും അത് നേരിട്ട് അനുഭവിക്കേണ്ടതാണെന്നും ഈ യാത്ര എന്നെ പഠിപ്പിച്ചു. തല മുതല്‍ അടി വരെ ഓരോ സിരയിലും ലയിച്ചുചേര്‍ന്ന ഒരായിരം അനുഭവങ്ങളുമായി തത്ക്കാലത്തേക്കേങ്കിലും ജീവന്‍ശാലയോട് വിടപറയുമ്പോള്‍ സമയത്തിന്, തിരിയുന്ന ഭൂമിയേക്കാള്‍ വേഗമുണ്ടെന്ന് തോന്നിപ്പോയി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Avatar

കാവ്യ രാജ്

ഡല്‍ഹി സര്‍വകലാശാല ഹാന്‍സ് രാജ് കോളേജില്‍ ഒന്നാം വര്‍ഷ ആന്ത്രോപ്പോളജി വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍