UPDATES

‘കൊച്ചിയിലെ പോലെ ഇസ്രായേലിലും സൈറണ്‍ മുഴങ്ങും, അത് പക്ഷേ യുദ്ധത്തിന്റെയാണ്, ഞങ്ങള്‍ ഇവിടം അത്രത്തോളം മിസ്‌ ചെയ്യുന്നുണ്ട്’; ജൂതര്‍ മടങ്ങിയെത്തുമ്പോള്‍

ജൂതസിനഗോഗിന്റെ 450-ാം വാര്‍ഷികം പ്രമാണിച്ചാണ് നൂറോളം ജൂതവംശജര്‍ മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലേക്ക് മടങ്ങിയെത്തിയത്

“ആകാശത്ത് വട്ടമിട്ട് പറക്കുന്ന പരുന്തും കപ്പല്‍ ശാലയിലെ സൈറണുമായിരുന്നു എന്റെ കുട്ടിക്കാലത്തെ വലിയ ഓര്‍മ്മ. എന്റെ വീടിന്റെ ജനലിലൂടെ നോക്കിയാല്‍ കായലും കായലിനപ്പുറമുള്ള കപ്പല്‍ ശാലയും കാണാമായിരുന്നു. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴും എന്റെ കണ്ണ് ആകാശത്ത് പരുന്തിന്റെ മേലായിരിക്കും. ഉറങ്ങാന്‍ കിടക്കുമ്പോഴും വട്ടമിട്ട് പറക്കുന്ന പരുന്ത് തന്നെയായിരിക്കും മനസ്സില്‍ നിറയെ. രാവിലെ കപ്പല്‍ ശാലയിലെ സൈറണ്‍ കേട്ടാണ് ഉണരുന്നത്. ഉണര്‍ന്നെണീക്കുമ്പഴും പരുന്ത് ഉണ്ടാവും ആകാശത്തില്‍”, ഡേവിഡ് ജൂതത്തെരുവിലെ തന്റെ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കോര്‍ത്തെടുക്കുകയായിരുന്നു.

സൈറണും പരുന്തും- ഡേവിഡിന്റെ വാക്കുകള്‍ക്ക് ചുവട് പിടിച്ച് റേച്ചല്‍ ആന്റി നേരെ പോയത് ഇപ്പോഴത്തെ ‘സ്വദേശ’മായ ഇസ്രായേലിലേക്കായിരുന്നു. “അവിടെയും ഞങ്ങള്‍ക്ക് സൈറണ്‍ ഉണ്ട്. രണ്ട് സൈറണുകള്‍, ഒന്ന് യുദ്ധവും ബോംബിടലും അറിയിച്ചുകൊണ്ടുള്ളത്. രണ്ടാമത്തേത് ബോംബിടലും മിസൈല്‍ ആക്രമണവും എല്ലാം കഴിഞ്ഞു എന്ന് അറിയിക്കുന്നത്. ഈ രണ്ട് സൈറണുകള്‍ക്കിടയിലാണ് ഞങ്ങളുടെ ജീവിതം. ആദ്യ സൈറണ്‍ കേട്ടാല്‍ എല്ലാവരും വീടുകളുടെ അണ്ടര്‍ഗ്രൗണ്ടിലെ രഹസ്യ നിലവറയിലേക്ക് പോവും. പിന്നെ രണ്ടാമത്തെ സൈറണ്‍ മുഴങ്ങുന്നത് വരെ ഇരുമ്പും തടിയും കൊണ്ടുണ്ടാക്കിയ ആ മുറിയിലായിരിക്കും എല്ലാവരുടേയും ജീവിതം. ആരും പുറത്തിറങ്ങില്ല. രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയാല്‍ പിന്നെ എല്ലാം പഴയപടിയാവും. റോഡിലെല്ലാം ആളുകള്‍ ഇറങ്ങും. ഇവിടെ വട്ടമിട്ട് പറന്നത് പരുന്തായിരുന്നെങ്കില്‍ അവിടെ വിമാനങ്ങളാണ്. യുദ്ധത്തിന് പോവുന്നതും സൈറണ്‍ മുഴക്കുന്നതുമായ വിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ട് പറക്കുന്നത് കണ്ടാണ് ജീവിതം.” റേച്ചല്‍ സംസാരം ഇടക്കുവച്ച് മുറിച്ച് ഒരിക്കല്‍ തങ്ങളുടേതായിരുന്ന തെരുവിലേക്ക് കണ്ണുംനട്ടിരുന്നു…

ജനിച്ച മണ്ണിലേക്ക് മടങ്ങിയെത്തിയ ജൂതന്‍മാരായിരുന്നു രണ്ടാഴ്ചകളായി മട്ടാഞ്ചേരിയുടെ ആഘോഷം. ജൂതസിനഗോഗിന്റെ 450-ാം വാര്‍ഷികം പ്രമാണിച്ചാണ് നൂറോളം ജൂതവംശജര്‍ മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ കൊച്ചിയില്‍ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിപ്പാര്‍ത്തവരും അവരുടെ പിന്തുടര്‍ച്ചക്കാരും ചേര്‍ന്നതോടെ വര്‍ഷങ്ങള്‍ക്ക് ശേഷം സിനഗോഗില്‍ വീണ്ടും പ്രാര്‍ഥനകള്‍ നിറഞ്ഞു. ‘പരദേശി സിനഗോഗ്’ വീണ്ടും പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് സാക്ഷിയായി. പ്രാര്‍ഥനാനുഭവം അറിയുക എന്നത് തന്നെയായിരുന്നു വരവിന്റെ വലിയ പ്രതീക്ഷയും സന്തോഷവും എന്ന് ലിലിയന്‍ പറയുന്നു. “പത്ത് പേരെങ്കിലും വേണം സിനോഗോഗില്‍ പ്രാര്‍ഥനകള്‍ നടക്കാന്‍ എന്നാണ്. സാറാ ആന്റിയുള്‍പ്പെടെ അഞ്ച് പേരാണ് ഇവിടെയുള്ളത്. ബാക്കിയെല്ലാവരും നേരത്തെ തന്നെ ഇസ്രായേലിലേക്ക് പോയി. അതുകൊണ്ട് വര്‍ഷങ്ങളായി പ്രാര്‍ഥനകള്‍ നടക്കാറില്ലായിരുന്നു. ഇത്തവണ പക്ഷെ നാനൂറ്റമ്പതാം വാര്‍ഷികത്തിന് എല്ലാവരും ഒന്നിച്ച് പോന്നതുകൊണ്ട് എല്ലാ പ്രാര്‍ഥനകളും നടത്തി.”

പ്രാര്‍ഥനക്കായി ‘തോറ’ എന്ന തങ്ങളുടെ വിശുദ്ധ ഗ്രന്ഥവുമായാണ് ഇസ്രായേലി സംഘം കൊച്ചിയില്‍ എത്തിയത്. ഇസ്രായേല്‍, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, നെതര്‍ലന്‍ഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ ജൂതന്‍മാരാണ് സിനഗോഗ് നിര്‍മ്മിച്ചത്. 1568ലാണ് സിനഗോഗ് നിര്‍മ്മിക്കപ്പെട്ടത്. “അയ്യോ, എന്തൊരു ആഘോഷമായിരുന്നു! ശരിക്കും മനസ്സ് നിറഞ്ഞു. അവിടെ നിന്ന് പോരുമ്പോഴും ഇത്ര നല്ല ആഘോഷമായിരിക്കും എന്ന് കരുതിയില്ല. ശരിക്കും മറക്കാന്‍ പറ്റാത്ത ഒരു സംഗമമായിരുന്നു”, ലിലിയന്‍ തുടര്‍ന്നു.

“ഡീ മെറ്റില്‍ഡേ, ദേ നിന്നെ കാണാന്‍ വന്നതാ” എന്ന പറഞ്ഞ് ടെസ്സി വിളിച്ചു. “ആരാണ്, എന്നെ കാണാനാ?” എന്ന് ചോദിച്ച് മുഖം നിറയെ ചിരിച്ചുകൊണ്ട് മെറ്റില്‍ഡയെത്തി. “നീ ഇവിടെ നിന്ന് പറായേ” ടെസ്സിയുടെ നിര്‍ദ്ദേശം. “ദേ, തനി കൊച്ചിക്കാരെപ്പോലെ സംസാരിക്കുന്നു. കണ്ടാല്‍ ഫോറിനേഴ്‌സാണ്. ഹോളിവുഡ് സിനിമ കൊച്ചിഭാഷയിലാക്കിയാല്‍ ഇങ്ങനെയിരിക്കും” മെറ്റില്‍ഡയും ടെസ്സിയും തമ്മിലുള്ള സംഭാഷണം കേട്ട് ജൂതത്തെരുവില്‍ എത്തിയ ഒരു സഞ്ചാരിയുടെ കമന്റ് ഇടയില്‍ വന്നു. അയാള്‍ പറഞ്ഞത് ശരിയാണെന്ന് ഉറപ്പിച്ചുകൊണ്ടായിരുന്നു മെറ്റില്‍ഡയുടെ സംസാരം. “ഞങ്ങാ ഇപ്പ വന്നിരിക്കണേണ്. എന്റെ ശബ്ദോക്കെ പോയി. ഞങ്ങ പഠിച്ച സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമോയിരുന്ന്. കൂടെപ്പഠിച്ചവരെക്കെ കണ്ടപ്പ എനിക്ക് സന്തോഷോം എക്‌സൈറ്റ്‌മെന്റും ഒന്നും അടക്കിവക്കാന്‍ പറ്റീല്ല. എല്ലാരോടും സംസാരിച്ചും ബഹളം വച്ചും എന്റെ ശബ്ദം പോയി. ഞാന്‍ 1981-ല്‍ മൂവ് ചെയ്‌തേണ്. അതുകഴിഞ്ഞ് 2015ല്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ കേരളത്തിലേക്ക് ഒരു ടൂര്‍ അറേഞ്ച് ചെയ്തിരുന്നു. അപ്പോ ഫ്രണ്ട്സിനേക്കെ കാണാന്‍ ഒരു അവസരം കിട്ടി. ഇപ്പ വന്നിട്ട് ഇവിടേക്കെ കറങ്ങി. ഫോര്‍ട്ട് കൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. നാല്‍പ്പത് വര്‍ഷായിരുന്നു എന്റെ സ്‌കൂള്‍മേറ്റ്സിനേക്കെ കണ്ടിട്ട്. അവരേക്കെ കണ്ടു. ദേ… അവിടെയായിരുന്നു, ആ പെയിന്റ്ങ് എല്ലാം വച്ചിരിക്കണ ആ മൂലയിലെ ബില്‍ഡിങ് ആയിരുന്നു എന്റെ വീട്. അവിടെ ഇപ്പോ താഴെ ബൂട്ടീക് ആണ്. മോള് പൂട്ടീട്ടേക്കണേണ്. ഞങ്ങള്‍ സെലബ്രോഷനായിട്ട് വന്നതാണ്. ഞങ്ങടെ റിലേറ്റീവ്‌സ്, മക്കള്‍ എല്ലാവരുമായി ഇവിടെ വന്ന് ആഘോഷിച്ചു. മക്കള്‍ക്കൊന്നും വരാന്‍ താത്പര്യം ഇല്ലായിരുന്നു. പക്ഷെ വന്നപ്പോ, ഇനിയും കുറേ നാളത്തേക്ക് ഇവിടെ തിരിച്ച് വരണമെന്നാണ് അവര്‍ പറയണത്. സ്‌കൂളിങ് കഴിഞ്ഞിട്ട് രണ്ട് വര്‍ഷം ഇവിടെ വര്‍ക്ക് ചെയ്തു. എന്നിട്ട് അങ്ങോട്ട് പോയി.

ഐ ലവ് കൊച്ചി. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസങ്ങളായിരുന്നു ഞാനിവിടെ കഴിച്ചുകൂട്ടിയത്. അത്രയും സുന്ദരമായ ദിവസങ്ങള്‍, അത് ഒരിക്കലും മറക്കാനാവില്ല. ഇപ്പഴും ആ ഫീലിങ് വിട്ട് പോയിട്ടില്ല. കുറേ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പക്ഷെ എല്ലാ റോഡുകളുമൊക്കെ അങ്ങനെ തന്നെ. ഇപ്പോള്‍ ഞങ്ങള്‍ക്ക് കയറിയിറങ്ങാന്‍ ഇവിടെ ആകെ നാല് വീടുകളേയുള്ളൂ. മറ്റതൊക്കെ, ഇവിടെ മുഴുവന്‍ വീടുകളായിരുന്നു. എല്ലായിടവും ഞങ്ങളുടേതായിരുന്നു. ഇവിടെ ഇത്രയും കടകളൊക്കെ കാണുമ്പോള്‍, എന്തൊക്കെയോ നഷ്ടമായത് പോലെ… എന്റെ ഭര്‍ത്താവ് ഡേവിഡ്‌സണ്‍ കൊച്ചിക്കാരന്‍ തന്നെയാണ്. രണ്ട് കുട്ടികളുണ്ട്. അവര്‍ ഇസ്രായേലിലാണ് പഠിച്ചത്. ഇവിടന്ന് പോയവരാരും അത്ര അടുത്തല്ല. പക്ഷെ എപ്പഴും മീറ്റ് ചെയ്യും. എല്ലാ ദിവസവും ഫോണിലും. എല്ലാ പരിപാടികളിലും ഒന്നിച്ചുകൂടും. ബിനാമിന എന്ന് പറഞ്ഞ് വീടുകളുണ്ട്. കൂടുന്ന ദിവസം ഓരോരുത്തരും ഒന്നും രണ്ട് ഡിഷ് കൊണ്ടുവരും. എവിടെയെങ്കിലുമൊക്കെ കിടക്കും. അവിടെയുള്ളവരുമായിട്ടെല്ലാം ബന്ധമുണ്ടെങ്കിലും കൊച്ചിക്കാരാണ് കൂടുതല്‍ ക്ലോസ്. ഫോണില്‍ പോലും വിളിക്കാന്‍ നില്‍ക്കാതെ, ചെലപ്പോ പോണ വഴിയിലൊക്കെ വീട്ടിലേക്ക് കയറിച്ചെല്ലും. പിന്നെ കാപ്പി വേണാ, എന്താന്ന വച്ചാ ഒണ്ടാക്കി കഴിച്ചിട്ട് പോവും. ഇവിടത്തെ പോലെ തന്നെ ഞങ്ങള്‍ക്ക്.

ഇവിടെ നിന്ന പോയതുകൊണ്ട് ജീവിതം മെച്ചപ്പെട്ടു. സാലറിയുടെ കാര്യത്തിലാണെങ്കിലും ജീവിത സാഹചര്യങ്ങളുടെ കാര്യതതിലാണെങ്കിലും കുറേ മെച്ചപ്പെട്ടു. സോഷ്യല്‍ ലൈഫിലും വ്യത്യാസം വന്നു. ഇവിടെ ഞങ്ങള്‍ മാത്രമായിരുന്നു ഞങ്ങള്‍ക്കെങ്കില്‍ അവിടെ സോഷ്യല്‍ ലൈഫ് വിത്ത് എവരിബഡി. പക്ഷെ എന്റെ ക്ലോസ് ഫ്രണ്ട്‌സ് എല്ലാം കൊച്ചിക്കാര് തന്നെയാണ്. ഇപ്പോ, എന്നോട് ഇവര് പറയുന്നത് വായ് തുറക്കരുതെന്നാണ്. പക്ഷെ എങ്ങനെ വായ്കൂട്ടി ഇരിക്കാനാണ്?” എന്ന് ചോദിച്ചുകൊണ്ട് വിശേഷങ്ങള്‍ നിരവധി പങ്കുവച്ച് മെറ്റില്‍ഡ വീണ്ടും തിരക്കുകളിലേക്ക് തിരിഞ്ഞു.

ഡേവിഡിന് പിന്നെയും സംസാരിക്കാനുണ്ടായിരുന്നു, “ഞാന്‍ ഈ സ്ട്രീറ്റിന്റെ അറ്റത്തുള്ള വീട്ടിലായിരുന്നു. ടി ഡി ഹൈസ്‌കൂളില്‍ പഠിച്ചു. പിന്നെ ഇസ്രായിലിലോട്ട്. 1975ലാണ് അങ്ങോട്ട് പോവുന്നത്. കമ്മ്യൂണിറ്റി ചെറുതായി ചെറുതായി വന്നു. ചാന്‍സസ് ഇല്ലാതെയായി. എന്റെ ബ്രദര്‍, സിസ്‌റ്റേഴ്‌സിനൊക്കെ ജോലി, കല്യാണം ഇതിനൊക്കെ ചാന്‍സസ് ഇല്ലാതായി. ഇസ്രായേലില്‍ എല്ലാം ഡവലപ് ചെയ്ത് വരികയും ചെയ്തു. അപ്പോള്‍ അങ്ങോട്ട് പോയി. എന്റെ അച്ഛന് പോവാന്‍ തീരെ ഇഷ്ടമുണ്ടായിരുന്നില്ല. അമ്മയുടെ പാരന്റ്‌സ് എല്ലാം അവിടെയായിരുന്നു. അങ്ങനെ അമ്മ നിര്‍ബന്ധിച്ചതുകൊണ്ട് പോയതാണ്. എനിക്ക് എവിടെയും പോവുന്നതിന് ഇഷ്ടക്കുറവൊന്നും ഉണ്ടായിരുന്നില്ല. കാരണം, എനിക്ക് ഇവിടെ ഹിന്ദി പഠിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല!. അവിടെ ചെന്നിട്ട് ആദ്യം എല്ലാം ബുദ്ധിമുട്ടായിരുന്നു. ആദ്യത്തേത് കള്‍ച്ചറല്‍ പ്രോബ്ലം. പിന്നെ, ഇംഗ്ലീഷും അറിയാന്‍ പാടില്ലായിരുന്നു. പിന്നെ ഞാന്‍ ഒരു അമേരിക്കന്‍ സ്‌കൂളില്‍ പോയപ്പോഴാണ് ഇംഗ്ലീഷ് ശരിയായത്. ആദ്യം ഇങ്ങോട്ട് തിരിച്ച് വന്നത് 20 കൊല്ലം കഴിഞ്ഞിട്ടാണ്. എല്ലാം ചെറുതായി തോന്നി. സ്ട്രീറ്റ് ഒക്കെ ചെറുതായിപ്പോയി.”

93 വയസ്സുകാരി സാറ റാഹേല്‍, കുയിനി, യാഹേല്‍ അങ്ങനെ നാല് പേര്‍ മാത്രമാണ് മട്ടാഞ്ചേരിയിലെ ജൂതത്തെരുവില്‍ ജൂതന്‍മാരായി ഇപ്പോള്‍ അവശേഷിക്കുന്നത്. തെരുവിലെ പല കുടുംബങ്ങളും ഇസ്രായേലിലേക്ക് മടങ്ങിയപ്പോള്‍ ഇവിടെ നിന്ന് മടങ്ങാന്‍ സാറയ്ക്കും ഭര്‍ത്താവിനും താത്പര്യമുണ്ടായിരുന്നില്ല. ബര്‍ത്താവ് മരിച്ച് ശേഷവും അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി ജൂതത്തെരുവില്‍ കഴിഞ്ഞ സാറയ്ക്ക് ഇപ്പോള്‍ പഴയതൊന്നും ഓര്‍മ്മയില്ല. പരസ്പര ബന്ധമില്ലാതെ എന്തെല്ലാമോ പറഞ്ഞുകൊണ്ടേയിരിക്കും. ഇടക്ക് തെരുവിലേക്ക് തിരിച്ചിട്ടിരിക്കുന്ന ഒരു കസേരയില്‍ ചാരിയിരുന്ന് അതിലൂടെ നടന്നുനീങ്ങുന്ന മനുഷ്യരെ നോക്കിക്കൊണ്ടേയിരിക്കും. യാഹേല്‍ ആണ് ജൂതത്തെരുവിലെ ഇളമുറക്കാരി. പുറത്തു നിന്ന് എത്തുന്ന ആരോടും സംസാരിക്കാന്‍ പോലും താത്പര്യം കാട്ടാത്ത യാഹേലിനെ ഇസ്രായേലിലേക്ക് ബന്ധുക്കള്‍ വിളിക്കുന്നുണ്ടെങ്കിലും കൊച്ചി വിട്ടുപോവാന്‍ യാഹേല്‍ ഇഷ്ടപ്പെടുന്നില്ല. ഹൃദയം നുറുങ്ങുന്ന വേദന മാത്രം സമ്മാനിക്കുന്ന ആ വേര്‍പിരിയല്‍ താത്പര്യമില്ലാതെ, അവിവാഹിതയായി ജൂതത്തെരുവില്‍ കഴിയുകയാണ് ഇവര്‍. സിനഗോഗില്‍ ചെറിയ ജോലിയുമുണ്ട്

“ഇവിടേക്ക് തിരികെ വരാന്‍ കഴിഞ്ഞതിനെ വണ്ടര്‍ എന്നോ മിറക്കിള്‍ എന്നോ പറയേണ്ടതെന്ന് എനിക്ക് അറിയില്ല”, സാന്‍ട്ര പറഞ്ഞുതുടങ്ങി. “ഇവിടെ കമ്മ്യൂണിറ്റി വളരെ ക്ലോസ്ഡ് ആയിരുന്നു. അവിടെ ചെന്നപ്പോഴും ഞങ്ങള്‍ വളരെ ക്ലോസ്ഡ് ആയിരുന്നു. നാല്‍പ്പത് വര്‍ഷത്തിന് ശേഷം ആഘോഷങ്ങള്‍ക്കായി വന്നിരിക്കുന്നു. എന്റെ അച്ഛനും അമ്മയും എല്ലാം വന്നിട്ടുണ്ട്. ഇവിടെ നിന്ന് പോയി 32 വര്‍ഷം കഴിഞ്ഞാണ് ഇവിടേക്ക് ആദ്യം തിരിച്ച് വന്നത്. മൂന്ന് കൊല്ലം മുമ്പ്. പിന്നെ ഇപ്പോഴാണ്. എല്ലാവരുംകൂടി ഒന്നിച്ച് വരുന്ന സമയത്ത് അത് വേറെ ജാതിയാണ്. എന്റെ മൂന്ന് ഫ്രണ്ട്‌സ് ഇപ്പഴും ഇവിടെ എന്റെ കൂടെ പഠിച്ചവരാണ്. ഇവിടെ നിന്ന് പോയപ്പോള്‍ അവരെ വല്ലാതെ മിസ്സ് ചെയ്തു. ചെറുപ്പമായിരുന്നു. 11 വയസ്സ്. അപ്പോ പുതിയ കൂട്ടുകാര്‍ ആയിവരാന്‍ കുറച്ച് പാടുണ്ടായിരുന്നു. ഭാഷയറിയില്ലായിരുന്നു. ആകെ ഇംഗ്ലീഷേ അറിയുമായിരുന്നുള്ളൂ. അതുകൊണ്ട് ടീച്ചര്‍മാരുമായി മാത്രമാണ് എനിക്ക് സംസാരിക്കാന്‍ പോലും കഴിഞ്ഞത്. ഇവിടെ നിന്നെല്ലാം വിറ്റുകൊണ്ടാണ് പോയത്. ഇവിടെ ഇനി ഒന്നും ബാക്കിയില്ല. ദാ… ഇത് എന്റെ അച്ഛന്റെ ആന്റിയുടെ വീടാണ്. ഇപ്പോ ഇവിടെ താമസിക്കുന്നത് ഹോട്ടല്‍ ഗസ്റ്റുകളായിട്ടാണ്. പൈസ കൊടുത്ത് ഇവിടെ നില്‍ക്കുന്നു. ഹോംസ്‌റ്റേ. ഇത് ഒരിക്കല്‍ ഞങ്ങളുടെ വീടായിരുന്നു. ഇപ്പോള്‍ ഇവിടെ പൈസകൊടുത്ത് ഗസ്റ്റ് ആയി നില്‍ക്കുന്നു.”

എണ്‍പത് വയസ്സുകാരി എസ്സിയാന്റിയായിരുന്നു ഏറ്റവും സന്തോഷത്തോടെയും ചുറുചുറുക്കോടെയും സംസാരിച്ചത്. ജൂതത്തെരുവിലെ കുട്ടിക്കാലം മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് പഠനവും ജോലിയും പിന്നീടുള്ള കേരളത്തിലേക്കുള്ള വരവുകളും വരെ ഓര്‍ത്തെടുത്തു എസ്സി സസ്സോ. “കൊച്ചിയില്‍ താമസിച്ചിരുന്ന കാലമായിരുന്നു ഏറ്റവും സന്തോഷം നിറഞ്ഞ കാലം. എന്റെ കൂട്ടുകാരായ വേണുവും രാജമ്മയും ഒന്നുചേര്‍ന്ന് കളിച്ചതും ഭക്ഷണം പങ്കുവച്ചതുമെല്ലാം ഇന്നും ഓര്‍മ്മയുണ്ട്. എനിക്ക് ഇസ്രായേലിലേക്ക് പോവാന്‍ ഇഷ്ടമല്ലായിരുന്നു. പക്ഷെ സഹോദരിയും കുടുംബവും എല്ലാം അവിടേക്ക് പോയി. അപ്പോള്‍ പോവാതിരിക്കാന്‍ കഴിയില്ലായിരുന്നു. സാഹചര്യങ്ങള്‍ പോവാനാണ് നിര്‍ബന്ധിച്ചത്. കമ്മ്യൂണിറ്റി ചെറുതായി ചെറുതായി വരികയായിരുന്നു. കമ്മ്യൂണിറ്റിയിലെ കുട്ടികള്‍ക്ക് വിവാഹം കഴിക്കണം, അങ്ങനെ പലതും വന്നു. അതുകൊണ്ട് ആളുകള്‍ പോവാന്‍ തുടങ്ങി. ഞാന്‍ ഒറ്റയ്ക്കുമായിരുന്നു. ആകെ ഒരു സഹോദരി മാത്രമാണ് എനിക്കുള്ളത്. 1973ലാണ് ഇസ്രായേലിലേക്ക് പോവുന്നത്. പോവുന്ന സമയത്ത് ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയായിരുന്നു. ഗൈനക്കോളജിസ്റ്റ് ആയിട്ട്. ഇവിടെ എത്ര തവണ വരുമ്പോഴും എന്റെ കണ്ണ് നിറയും. അതുപോലെ സന്തോഷമായിരുന്നു ഞാനിവിടെ. പോയിക്കഴിഞ്ഞിട്ടും എല്ലാ രണ്ട് കൊല്ലം കൂടുമ്പോഴും ഞാനിവിടെ വരും. ഡോക്ടര്‍മാരുടെ മീറ്റ് ഉണ്ടാവുമ്പോഴെല്ലാം ഇവിടെ വരും. പിന്നെ കേരളത്തിലേക്ക് വരാന്‍ എനിക്ക് ഇഷ്ടവുമാണ്. എനിക്ക് കേരള ഭക്ഷണവും വളരെ ഇഷ്ടമാണ്. എന്റെ വീട്ടില്‍ തോരനും, സാമ്പാറും, പരിപ്പ് കറിയും, ചപ്പാത്തിയും ദോശയുമൊക്കെയാണ് സാധാരണയായി ഉണ്ടാക്കാറ്. എനിക്ക് ദോശയിഷ്ടമാണ്. നെയ്‌റോസ്റ്റ്.”


ഇസ്രായേലില്‍ നിന്ന് ജൂതര്‍ മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലേക്ക് മടങ്ങിയെത്തുമ്പോള്‍- ഡോക്യുമെന്ററി

ഒരിക്കല്‍ സംസാരം നിര്‍ത്തിയ റേച്ചലാണ് പിന്നീട് തുടര്‍ന്നത്. എസ്സിയാന്റിയുടെ ഏക സഹോദരികൂടിയാണ് റേച്ചല്‍. “ഈ സംഗമം ഒരു സ്വപ്‌നം പോലെയായിരുന്നു. മോള് നിര്‍ബന്ധിച്ചാണ് ഇവിടേക്ക് കൊണ്ടുവന്നത്. എണ്‍പത് വയസ്സിന് അടുത്തായി എനിക്ക്. ഭര്‍ത്താവിന് എണ്‍പത്തി നാലും ആയി. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ് വരാന്‍ മടികാണിച്ചത്. ഇപ്പോള്‍ ഇവിടെ നിന്ന് പോവാന്‍ തോന്നുന്നില്ല. പക്ഷെ പോയല്ലേ പറ്റൂ. കമ്മ്യൂണിറ്റി മരിച്ച് കൊണ്ടിരിക്കുകയായിരുന്നത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ ഇവിടെ നിന്ന് പോയത്. പകരം ഒരു ലിവിങ് കമ്മ്യൂണിറ്റിയായിരുന്നെങ്കില്‍ ഒരിക്കലും പോവില്ലായിരുന്നു. പോയി കുറേ നാളത്തേക്ക് വിഷമമായിരുന്നു. നമുക്ക് പരിചതമായതെല്ലാം മിസ്സ് ചെയ്തു. ഇവിടെ എല്ലാവരും വളരെ ഫ്രണ്ട്‌ലിയായിരുന്നു. കൂട്ടുകാരെല്ലാം ക്രിസ്മസിനും ഓണത്തിനും എല്ലാം വിളിക്കും. ക്രിസ്മസ് പാര്‍ട്ടിക്കും ഓണസദ്യക്കും എല്ലാം പോവുമായിരുന്നു. പക്ഷെ അഡ്ജസ്റ്റഡ് ആയി. അതാണ് ജീവിതം. അല്ലാതെ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. മുമ്പ് ഉണ്ടായിരുന്ന തെരുവേ അല്ല ഇപ്പോള്‍. മുഴുവന്‍ ഷോപ്പുകളുമൊക്കെയായി മുഴുവനും വ്യത്യാസപ്പെട്ടിരിക്കുന്നു. എന്റെ ഭര്‍ത്താവ് എന്നേക്കാള്‍ ഒരു വര്‍ഷം മുന്നേ പോയി. അയാള്‍ക്ക് ജോലി കിട്ടിക്കഴിഞ്ഞപ്പോള്‍ ഞങ്ങളെയും വിളിച്ചു. നാല്‍പ്പത്തിയഞ്ച് കൊല്ലമായി.

അവിടെ പ്രത്യേക ദിവസങ്ങളില്‍ ഞാന്‍ കേരള ഭക്ഷണം മാത്രമേ ഉണ്ടാക്കാറുള്ളൂ. ദോശ, ഇഡ്‌ലി, വെള്ളയപ്പം, സാമ്പാര്‍, ചട്ണി. എല്ലാവരും ഇന്ത്യന്‍ തിന്നാന്‍ വേണ്ടി ഞങ്ങളുടെ അടുത്തേക്ക് വരും. ഇപ്പഴും ഞങ്ങള്‍ ഇതൊക്കെ തന്നെയാണ് തിന്നുന്നത്. ഞാനിത്തവണ വന്നപ്പോള്‍ ദോശക്കല്ല് മേടിച്ചോണ്ടാണ് പോവുന്നത്. എന്റെ ദോശക്കല്ല് പഴയതായി. ഫിഷ്‌കറി ഞാന്‍ കൊടംപുളിയിട്ട് തേങ്ങയരച്ചേ ഉണ്ടാക്കൂ. തേങ്ങ് ചിരവാന്‍ വഴിയില്ല. അതുകൊണ്ട് പൊടിച്ച് അരക്കും. കൊടംപുളി ഇവിടെ നിന്ന് കൊണ്ടുപോവാന്‍ വാങ്ങിച്ചിട്ടുണ്ട്. അത് തീരുമ്പോള്‍ ആരോടെങ്കിലും പാഴ്‌സല്‍ ചെയ്യാനാണേലും പറയും. ഞങ്ങള്‍ക്ക് കൊച്ചിക്കാരുടേതായ ഒന്നും പോയിട്ടില്ല. തമ്മില്‍ തമ്മില്‍ മലയാളം സംസാരിക്കും.

പക്ഷെ മക്കളെയും ചെറുമക്കളേയും എല്ലാം ആര്‍മിയില്‍ അയയ്ക്കുന്നതാണ് വലിയ പാട്. പതിനെട്ട് വയസ്സായാല്‍ മൂന്ന് കൊല്ലം ആര്‍മിയില്‍ നിര്‍ബന്ധിത സേവനമാണ്. ഇല്ലേല്‍ അവര് പിടിച്ചോണ്ടു പോവും. എന്റെ മകള്‍ സാന്‍ട്രയും ആര്‍മിയില്‍ പോയിട്ടുണ്ട്. അവള്‍ അവളുടെ ഭര്‍ത്താവിനെ കണ്ട് മുട്ടുന്നത് തന്നെ ആര്‍മി സര്‍വീസില്‍ നിന്നാണ്. അവര്‍ തമ്മില്‍ കണ്ടുമുട്ടിയ റെഡിമെന്റിന്റെ പേരാണ് ആദ്യത്തെ കുട്ടിക്ക് ഇട്ടിരിക്കുന്നത്. കണ്ടാല്‍ ഫോറിനേഴ്‌സാണ്. ഇപ്പോള്‍ അവളുടെ മൂന്ന് ആണ്‍കുട്ടികള്‍, അതില്‍ രണ്ട് പേരും ആര്‍മി സര്‍വീസ് കഴിഞ്ഞ് പഠനം തുടരുകയാണ്. മൂന്നാമത്തെയാള്‍ക്ക് ഇന്ന് പതിനെട്ട് തികയും. ഇനി ഞങ്ങള്‍ അവിടെയെത്തിയാല്‍ അവനെ നേരെ ആര്‍മിയിലേക്കാണ് അയക്കേണ്ടത്. അവന് വേണ്ടിയുള്ള ആദ്യത്തെ വിളി വന്നുകഴിഞ്ഞു. ഒരു മനസ്സമാധാനവും ഉണ്ടാവില്ല. ഇവിടെയായിരുന്നപ്പോള്‍ ഇതൊന്നും പേടിക്കണ്ടായിരുന്നു. യുദ്ധവും ഇല്ലല്ലോ. അവിടെ അത് തന്നേയുള്ളൂ. പോയത് ആലോചിക്കുമ്പോള്‍ ഇപ്പഴും സങ്കടം വരും. ഹാര്‍ട്ട് ബ്രോക്കണ്‍ എന്നൊക്കെ പറയാവുന്നതായിരുന്നു അത്. ഈ മടക്കം കഴിഞ്ഞ് ഇനി ഒരു തിരിച്ച് വരവുണ്ടാവും എന്ന് തോന്നുന്നില്ല. അതിന് ആരോഗ്യമില്ല. ഇത് അവസാനത്തെ വരവായിരിക്കും“, ഓരോ വിശേഷം പറയുമ്പോഴും വിഷമം വന്നിട്ടും കടിച്ചൊതുക്കിയ റേച്ചല്‍ ആന്റി അവസാനത്തെ വാക്ക് പറയുമ്പോഴേക്കും കണ്ണ് നിറഞ്ഞ് തുളുമ്പിയിരുന്നു. “ഇനി കാണുമെന്ന് തോന്നുന്നില്ല. നിങ്ങളേയും ഈ സ്ഥലവും” എന്ന് പറഞ്ഞ് റേച്ചല്‍ എന്നെ യാത്രയയച്ചു.

ഇസ്രായേലില്‍ നിന്നെത്തിയ ഒട്ടുമിക്കവരും മട്ടാഞ്ചേരിയില്‍ നിന്ന് മടങ്ങി. ബാക്കിയുള്ളവര്‍ ഈ ദിവസങ്ങളില്‍ മടങ്ങും. വീണ്ടും ജൂതത്തെരുവ് സഞ്ചാരികളുടേയും ചരിത്രാന്വേഷകരുടേതും മാത്രമാകും… പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് പോലും ആളില്ലാതെ സിനഗോഗും…

കൊച്ചിയിലെ പരദേശി ജൂതരുടെ അവസാന തലമുറ

ആ 29 പേര്‍ എന്തുകൊണ്ട് ഇസ്രയേലിലേക്ക് പോയില്ല? കേരളത്തിലെ കറുത്ത ജൂതന്മാരുടെ ജീവിതം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍