UPDATES

ട്രെന്‍ഡിങ്ങ്

ജെഎന്‍യു: നിലപാടുകള്‍ മറക്കരുത്; എഐഎസ്എഫിന് പറയാനുണ്ട്

എഐഎസ്എഫിന്റെ സംഘടനാ സ്വാതന്ത്യവും, സ്ഥാനാര്‍ത്ഥി ആരായിരിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശവും നിഷേധിച്ചുകൊണ്ട് എങ്ങനെയാണ് വിശാല ഇടതുപക്ഷ ഐക്യം വിഭാവനം ചെയ്യാനാകുക?

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 8-ാം തീയതി നടന്ന ജെഎന്‍യു സ്റ്റുഡന്റ്റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഐസ, എസ്എഫ്ഐ, ഡിഎസ്എഫ് സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ലെഫ്റ്റ് യൂണിറ്റി സഖ്യം വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും, കാമ്പസിന് അകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു, ഇടതുപക്ഷ വിദ്യാര്‍ത്ഥി ഐക്യമുന്നണിയില്‍ എഐഎസ്എഫിന്റെ അഭാവം. ഈ വിഷയത്തില്‍ എഐഎസ്എഫിന്റെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കുകയും അതോടൊപ്പം തെറ്റിദ്ധാരണകള്‍ ദുരീകരിക്കുകയും ചെയ്യാനുള്ള ശ്രമമാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

ഇടത് സഖ്യം എന്ന ആശയത്തോട് സിപിഐയോ എഐഎസ്എഫോ ഒരു സമയത്തും വിമുഖത കാണിച്ചിട്ടില്ല. മറിച്ച് ഫാസിസ്റ്റ് ശക്തികളുടെ കടന്നാക്രമണത്തെ ചെറുക്കാന്‍ ഇടത് – പുരോഗമന പ്രസ്ഥാനങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നുള്ള നിലപാടാണ് പാര്‍ട്ടിയും സംഘടയും തുടര്‍ന്നു പോന്നിട്ടുള്ളത്. ഇടതുവിദ്യാര്‍ത്ഥി തെരഞ്ഞടുപ്പ് സഖ്യം തത്വാധിഷ്ഠിതവും തുല്യതയുടെ അടിസ്ഥാനത്തിലുമായിരിക്കണം. ആര്‍ക്കെതിരെ എന്നുള്ളതിനേക്കാള്‍, എങ്ങനെ ഇടതുപക്ഷ ഐക്യമാകാം, എന്തിന്റെ അടിസ്ഥാനത്തിലാവാം എന്നുള്ളതാവണം ഐക്യ ചര്‍ച്ചകളുടെ കാതല്‍. ഒരു രാഷ്ട്രീയപ്രവണതയ്‌ക്കോ, പ്രസ്ഥാനത്തിനോ എതിരെ മാത്രമായി ഇടതുപക്ഷ ഐക്യം വിഭാവനം ചെയ്യുമ്പോള്‍ ഇടതുപക്ഷത്തിന്റെ ബഹുമാന്യതയും സമൃദ്ധിയും പരിപൂര്‍ണ്ണമായി കൈയ്യൊഴിക്കപ്പെടുകയും പകരം ഏകവിഷയ പ്രധാനമായി ഇടതുപക്ഷ ഐക്യം ന്യൂനീകരിക്കപ്പെടുകയും ചെയ്യും. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ തങ്ങളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ അംഗീകരിച്ചുകൊണ്ടു തന്നെയാവണം ഇടതുപക്ഷ ഐക്യം കെട്ടിപ്പടുക്കേണ്ടത്. അങ്ങനെ ഇടതുപക്ഷവിദ്യാര്‍ത്ഥി ഐക്യം കെട്ടിപ്പടുക്കുമ്പോള്‍ സംഘടനകളുടെ നിലപാടുകളിലെ സൂഷ്മവ്യത്യാസങ്ങള്‍ സംരക്ഷിക്കപ്പെടുകയും അംഗീകരിക്കുകയും വേണം. നിര്‍ഭാഗ്യവശാല്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സ്വതവേ ഉണ്ടാകേണ്ടിയിരുന്ന ഇടതുപക്ഷ സംഘടനകളുടെ വിശാല ഐക്യത്തെ ഇല്ലാതാക്കിയതും മുന്‍പ് സൂചിപ്പിച്ച നിലപാടുകളോടുള്ള നിഷേധാത്മക സമീപനമാണ്.

ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ വിജയം വരിച്ച ലെഫ്റ്റ് യൂണിറ്റി എന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി സഖ്യത്തില്‍ എഐഎസ്എഫ് ഉണ്ടായിരുന്നില്ല. അത്തരം ഒരു ഇടതുപക്ഷ ഐക്യമുന്നണിയില്‍ നിന്നും എഐഎസ്എഫ് ബോധപൂര്‍വ്വം മാറിനിന്നതല്ല, മറിച്ച് മാറി നില്‍ക്കാന്‍ നിര്‍ബന്ധിതമായതാണ്. ഇടതുപക്ഷ മുന്നണി രൂപീകരണ ചര്‍ച്ചയില്‍, എഐഎസ്എഫിന് വൈസ്പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതിനൊപ്പം, എഐഎസ്എഫിന്റെ സ്ഥാനാര്‍ത്ഥി എന്തായിരിക്കണം എന്ന എന്ന ഉപാധി കൂടി മുന്നോട്ടു വച്ചു. ഒരു ഇടത് സഖ്യം എന്ന രാഷ്ട്രീയപരമായ ആശയം പ്രാവര്‍ത്തികമാക്കാന്‍ മറ്റ് ഇടത് സംഘടനകളെ പോലെ തന്നെ എഐഎസ്എഫും പ്രതിജ്ഞാബദ്ധമാണെന്നിരിക്കെ, എഐഎസ്എഫിന്റെ സ്ഥാനാര്‍ഥി എങ്ങനെ ഉള്ള ആളായിരിക്കണം എന്ന് മറ്റൊരു സംഘടന പറയുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല, അത് തീരുമാനിക്കാന്‍ ഉള്ള പാകതയും പക്വതയും രാഷ്ട്രീയ വിവേകവും ഉള്ള ഒരു സംഘടന തന്നെയാണ് എഐഎസ്എഫ്. ഈ അടിസ്ഥാനപരമായ ജനാധിപത്യ പ്രശ്നം പരിഹരിക്കുക പോലും ചെയ്യാതെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കൂവെന്ന വാശിയില്‍, എഐഎസ്എഫ് ഇടതുപക്ഷ ഐക്യത്തിന് വിലങ്ങുതടിയായി എന്നുള്ള വാദങ്ങളൊക്കെ ഉയര്‍ന്നു വരുന്നതും.

ഇടതുപക്ഷ ഐക്യരൂപീകരണ ചര്‍ച്ചയില്‍, മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ഐസ സഖ്യരൂപീകരണവുമായി ബന്ധപ്പെട്ട് എഐഎസ്എഫുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ പാനല്‍ സഖ്യകക്ഷി ചര്‍ച്ചകളില്‍ എസ്എഫ്‌ഐയുടെ സമീപനം തികച്ചും സ്വാഗതാര്‍ഹമായിരുന്നു. അപ്പോഴും എഐഎസ്എഫ് മുന്നോട്ട് വച്ചിട്ടുള്ള കാര്യം സംഘടനാ സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുള്ള അവകാശവും മുറുകെ പിടിക്കുക എന്നതു തന്നെയായിരുന്നു; അത്തരമൊരു സ്വയംനിര്‍ണയാവകാശം നിഷേധിച്ചുകൊണ്ട് എങ്ങനെയാണ് വിശാല ഇടതുപക്ഷ ഐക്യം വിഭാവനം ചെയ്യാനാകുക?

ജെഎന്‍യു രാഷ്ട്രീയത്തിന്റെ ഇരു ധ്രുവങ്ങളിലെന്ന പോലെ ഇടതു രാഷ്ട്രീയത്തോടുള്ള വിരോധവും രാഷ്ട്രീയപരമായ ശത്രുതയും പുലര്‍ത്തുന്ന രണ്ടു കക്ഷികളാണ് എബിവിപിയും ബാപ്സയും. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കോര്‍പറേറ്റ് അജണ്ടകള്‍ക്കൊപ്പം വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ ഫാസിസത്തിന്റെ കാല്‍ക്കീഴില്‍ കൊണ്ടുകെട്ടുന്ന പരിപാടികള്‍ക്ക് കളമൊരുക്കുക എന്നതാണ് എബിവിപി ചെയ്തുകൊണ്ടിരിക്കുന്നത് എന്നത് ജെഎന്‍യു മാത്രമല്ല, ഇന്ത്യന്‍ ക്യാമ്പസുകള്‍ മുഴുവനായി സാക്ഷ്യപ്പെടുത്തുന്ന കാര്യമാണ്. ഈ തീവ്ര ഹിന്ദുത്വ, കോര്‍പറേറ്റ് അജണ്ടകളെ നേരിടാന്‍ ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ കൈമെയ് മറന്നുള്ള പോരാട്ടം നടത്തുന്നതിനും നമ്മള്‍ സാക്ഷിയാണ്; പക്ഷെ ബാപ്സയെ സംബന്ധിച്ചിടത്തോളം ഈ ഇടത് ഐക്യത്തെ തകര്‍ക്കുക എന്ന നയമാണ് അവര്‍ സ്വീകരിച്ചു വന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം കേവലമായ വര്‍ഗീയ വിരുദ്ധ പോരാട്ടം എന്നതിനപ്പുറം സങ്കീര്‍ണമാണ് കാര്യങ്ങള്‍ എന്നര്‍ഥം. അവിടെ ആ കാര്യങ്ങളെ മുഴുവനായി കണക്കിലെടുക്കാതെയും കഴിഞ്ഞ ഒരു വര്‍ഷത്തെ യൂണിയന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ തയ്യാറാകാതിരിക്കുന്നതിലൂടെ ജെഎന്‍യുവിലെ ഇടതുപക്ഷ സ്വാധീനം കൂടുതല്‍ ദുര്‍ബലപ്പെടുന്നതിന് കാരണമായി എന്ന വിമര്‍ശനം ഉയര്‍ത്തുകയും ചെയ്ത എഐഎസ്എഫ് എങ്ങനെ കുറ്റക്കാരാകും?

ഇതുപോലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂലം 2016-ലെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍, ഇടതുപക്ഷ ഐക്യമുന്നണിയില്‍ എഐഎസ്എഫ് അംഗമായിരുന്നില്ലെങ്കിലും, ഐസ-എസ്എഫ്ഐ സംഘടനകളുടെ നേതൃത്വത്തിലുടലെടുത്ത ഇടത് സഖ്യത്തിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിക്കുകയും ഇടതുപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണത്തെ സഖ്യചര്‍ച്ചകളോട് തുറന്ന സമീപനം കാണിച്ചെങ്കിലും ആ പരിഗണന ഉള്ള വിധത്തിലായിരുന്നില്ല എഐഎസ്എഫിനോടുള്ള സമീപനവും തുടര്‍ ചര്‍ച്ചകളും.

ഈ കാര്യങ്ങള്‍ ഒക്കെ മുന്‍നിര്‍ത്തിയാണ് തത്വാധിഷ്ടിത ഇടത് (PRINCIPLED LEFT) എന്ന മുദ്രാവാക്യം മുന്നോട്ട് വച്ച് എഐഎസ്എഫ് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറായത്. എന്നാല്‍ എഐഎസ്എഫ് ഉയര്‍ത്തിപ്പിടിച്ച ഇടതുപക്ഷ ആശയങ്ങളും, നിലവിലെ ഇടത് ഐക്യത്തോടുമുള്ള അഭിപ്രായ വ്യത്യാസങ്ങളും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമൂഹത്തെ വേണ്ടവിധം ബോധിപ്പിക്കുന്നതില്‍ സംഘടന പരാജയപ്പെട്ടു എന്നതാണ് തെരഞ്ഞടുപ്പ് ഫലം സൂചിപ്പിക്കുന്നത്. അത് ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം നിലപാടുകളുടെ പരാജയമല്ല. വിയോജിപ്പുകള്‍ ഇല്ലാത്ത യോജിപ്പുകള്‍ താത്കാലികവും ഹ്രസ്വവുമാണ്. അഭിപ്രായവ്യത്യാസങ്ങളെ അംഗീകരിക്കുന്ന ജനാധിപത്യപരവും തത്വാധിഷ്ഠിതവുമായ ഒരു വിശാല ഇടതുപുരോഗമന ഐക്യമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്നാണ് എഐഎസ്എഫ് കരുതുന്നതും മുന്നോട്ട് പോകുന്നതും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജോര്‍ജ്കുട്ടി എം.വി

ജോര്‍ജ്കുട്ടി എം.വി

ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥിയും എ.ഐ.എസ്.എഫ് പ്രവര്‍ത്തകനുമാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍