UPDATES

അവര്‍ പറയുന്നത് അപ്പുറത്തെ മുറിയിലിരുന്ന് ഞാനും കേട്ടതാണ്; എല്ലാം അറിഞ്ഞിട്ടും അച്ഛന്‍ വിട്ടുകൊടുക്കുകയായിരുന്നു; പദ്മജ വേണുഗോപാല്‍ സംസാരിക്കുന്നു

കെ. കരുണാകരനെ അധികാരത്തില്‍ നിന്ന് മാറ്റി അദ്ദേഹത്തെ ഒന്നുമല്ലാതാക്കുക എന്ന താത്പര്യം തന്നെയായിരുന്നു അവര്‍ക്ക്; അവര്‍ അതില്‍ മുഴുവനായും വിജയിക്കുകയും ചെയ്തു.

ചാരക്കേസ് മൂലം ഏറ്റവുമധികം നഷ്ടമുണ്ടായ ഒരു രാഷ്ട്രീയ നേതാവാണ്‌ കെ. കരുണാകരന്‍. തൊണ്ണൂറുകളുടെ ആദ്യകാലഘട്ടം കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വളരെ നിര്‍ണായകമായിരുന്നു. എ ഗ്രൂപ്പ്, തിരുത്തല്‍ വാദികള്‍ അങ്ങനെ നിരവധി പുതിയ സംഘങ്ങള്‍ അതിലുണ്ടായി വന്നത് അക്കാലത്താണ്. കരുണാകരന്റെ ശൈലിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട തിരുത്തല്‍വാദികളോട്, ‘ശൈലി മാറ്റില്ല, വേണമെങ്കില്‍ കൈലി മാറ്റാം’ എന്ന് പരിഹാസവും ധാര്‍ഷ്ട്യവും കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞ കെ. കരുണാകരന്‍ എന്ന നേതാവിന്റെ പതനത്തിന്റെ അവസാനത്തെ കാരണം കൂടിയായിരുന്നു ചാരക്കേസ്. പാമോലിന്‍ കേസ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്കൊപ്പം, ചാരക്കേസില്‍ കുറ്റാരോപിതനായ പോലീസ് ഓഫീസര്‍ രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്നു എന്ന ആരോപണം കൂടി ഉയര്‍ന്നതോടെ കരുണാകരന് അടിപതറി. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് എ.കെ ആന്റണിക്കായി വഴിമാറിക്കൊടുത്ത കരുണാകരന് പിന്നീട് അധികാരസ്ഥാനങ്ങളിലേക്ക് തിരിച്ചെത്താനായില്ല. ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് കോടതി തന്നെ വിധിയെഴുതുമ്പോള്‍ കരുണാകരന് മാത്രം ഇനിയും നീതി ലഭിച്ചില്ലെന്ന് മകളും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പത്മജ വേണുഗോപാല്‍ പറയുന്നു. പത്മജയുമായി നടത്തിയ അഭിമുഖം.

പത്മജയുടെ അഭിപ്രായത്തില്‍ നിന്ന് വിഭിന്നമായി കരുണാകരനെ ചതിച്ചത് നരസിംഹ റാവു മാത്രമായിരുന്നെന്ന് കെ. മുരളീധരന്‍ പറഞ്ഞിരിക്കുന്നു. കേരളത്തില്‍ നിന്നുള്ളവര്‍ ചതിച്ചു എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിയില്‍ പലരും പിന്നില്‍ നിന്ന് കുത്തി എന്ന് പലപ്പോഴായി പറഞ്ഞിട്ടുള്ള മുരളീധരന്‍ സ്വന്തം നില സുരക്ഷിതമാക്കുകയാണോ?

മുരളിയേട്ടന് കാര്യങ്ങള്‍ മുഴുവന്‍ അറിയാത്തത് കൊണ്ടായിരിക്കും. എനിക്ക് കാര്യങ്ങള്‍ മുഴുവന്‍ അറിയാം. ഞാന്‍ എന്റെ അച്ഛന്റെ കൂടെത്തന്നെയായിരുന്നു ആ സമയത്തൊക്കെ താമസിച്ചിരുന്നത്. പിന്നെ അച്ഛന്‍ കൂടുതലും മനസ്സുതുറന്നു പറഞ്ഞിരുന്നത് എന്നോടായിരുന്നു. അതുകൊണ്ടായിരിക്കാം. എന്തുകൊണ്ടാണ് മുരളിയേട്ടന്‍ അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. അത് ഞാന്‍ ചോദിച്ചിട്ടുമില്ല. എന്നാല്‍ സ്വന്തം നില സുരക്ഷിതമാക്കാനുള്ള പ്രവൃത്തിയാണിതെന്നൊന്നും എനിക്ക് തോന്നുന്നില്ല. ടി.വിയില്‍ പോലും ആര് എന്ത് പറയുന്നു എന്ന് ഞാന്‍ നോക്കിയിട്ടില്ല. നോക്കാന്‍ ആഗ്രഹിക്കുന്നുമില്ല. എനിക്ക് ഇക്കാര്യത്തില്‍ എന്റേതായ നിലപാടുണ്ട്. അതില്‍ നിന്ന് ഒട്ടും പിന്‍മാറാന്‍ ഉദ്ദേശിക്കുന്നുമില്ല. ഞങ്ങള്‍ ചേട്ടനും അനുജത്തിയുമാണെങ്കിലും രണ്ട് വ്യക്തികളാണ്.

കരുണാകരനെതിരെ കരുനീക്കിയത് കേരളത്തില്‍ നിന്നുള്ള അഞ്ച് പേരാണ് എന്ന് പത്മജ പറഞ്ഞിട്ടുണ്ട്. ആരാണ് ആ അഞ്ചുപേര്‍?

അത് ആരാണെന്ന് പറയില്ല. പറയാന്‍ ബുദ്ധിമുട്ടുണ്ട്. അത് പറയേണ്ട സ്ഥലത്ത് പറയുകയും ചെയ്യും. എന്റെ പിതാവിന് നീതി കിട്ടും എന്ന് എനിക്ക് വിശ്വാസം തോന്നുന്ന ഒരു സ്ഥലത്ത് ഞാന്‍ അത് പറയും എന്ന കാര്യം ഉറപ്പാണ്. കെ. കരുണാകരനെ അധികാരത്തില്‍ നിന്ന് മാറ്റി അദ്ദേഹത്തെ ഒന്നുമല്ലാതാക്കുക എന്ന താത്പര്യം തന്നെയായിരുന്നു അവര്‍ക്ക് എന്നത് മാത്രമേ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നുള്ളൂ. അവര്‍ അതില്‍ മുഴുവനായും വിജയിക്കുകയും ചെയ്തു.

അക്കാലത്ത് കോണ്‍ഗ്രസിലുണ്ടായ മാറ്റങ്ങളോടൊപ്പം തന്നെയല്ലേ ഇതിനെ ചേര്‍ത്തുവായിക്കേണ്ടത്?

ഞാന്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെക്കുറിച്ച് ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. പഴയകാര്യങ്ങള്‍ പറഞ്ഞ് കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കേണ്ട സമയം ഇതല്ല. കാരണം പാര്‍ട്ടി വളരെയധികം ക്ഷീണിച്ചിരിക്കുന്ന സമയമാണിതെന്ന് എല്ലാവര്‍ക്കുമറിയാം. പാര്‍ട്ടിയുടെ ഉള്ളില്‍ തന്നെ അതിനെ കുറ്റം പറയുക എന്ന അവസ്ഥയുണ്ടാവുക എന്നത് ശരിയായ കാര്യമല്ല. അതുകൊണ്ടാണ് പല കാര്യങ്ങളും തുറന്നുപറയാന്‍ ഞാന്‍ മടിക്കുന്നത്. കാരണം പാര്‍ട്ടിയെ അത്ര ഇഷ്ടപ്പെട്ടിരുന്നയാളാണ് ഞാന്‍. ഇപ്പോഴും ഇഷ്ടപ്പെടുന്നയാളാണ്. അതുകൊണ്ട് തന്നെ പല കാര്യങ്ങളും പറയാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ താത്പര്യമില്ല. പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്നാണ് എന്റെ മനസ്സില്‍. ചില കാര്യങ്ങള്‍ അച്ഛന്‍ എന്റെയടുത്ത് പറഞ്ഞിട്ടുണ്ട്. ആരോടും പറയേണ്ട, നിന്റെ മനസ്സില്‍ തന്നെ ഇരുന്നോട്ടെ എന്ന് പറഞ്ഞ്. അച്ഛന്‍ പലതും ആരോടും തുറന്നുപറഞ്ഞിട്ടില്ല. ആ ഒരു രീതി തന്നെയാണ് എനിക്കും. പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന ഒന്നും പറയാതിരിക്കുക എന്ന കടമയുണ്ട്. എന്നാല്‍ എന്റെ അച്ഛന് നീതി ലഭ്യമാക്കുക എന്ന ഒരു മകളുടെ കടമയുമുണ്ട്. സത്യത്തില്‍ ഞാന്‍ രണ്ടിനും ഇടയില്‍ കിടന്ന് തിങ്ങുകയാണ്.

‘ശൈലി മാറ്റില്ല, വേണമെങ്കില്‍ കൈലി മാറ്റാം’ എന്ന് പറഞ്ഞ കെ. കരുണാകരന് പിന്നീട് അടിപതറുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കണ്ടത്. രാഷ്ട്രീയ കരുനീക്കങ്ങളെയോ ചാരക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് ആരോപണങ്ങളേയോ പ്രതിരോധിക്കാന്‍ പോലും കഴിയാതെ പോയത് എന്തുകൊണ്ടാണ്?

കൂടെ നിന്ന എല്ലാവരും കാലുമാറി. ഹൈക്കമാന്‍ഡില്‍ നിന്നുള്ള സപ്പോര്‍ട്ട് ഇല്ല എന്ന് കണ്ടതോടുകൂടിത്തന്നെ കൂടെ നിന്നവര്‍ പലരും മാറി. അച്ഛനാണെങ്കിലും പൊരുതാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല. ആരോഗ്യപരമായി വളരെ ക്ഷീണിതനായിരുന്നു. അമ്മ മരിച്ച സമയംകൂടിയായിരുന്നു. അച്ഛന്‍ മാനസികമായി ഏറെ തളര്‍ന്നിരുന്നു. ശരീരം കൊണ്ടെത്താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് എത്താന്‍ കഴിയാതെയിരിക്കുക, മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന സ്ഥലത്ത് ശരീരം എത്താന്‍ പറ്റാതിരിക്കുക അങ്ങനെയുള്ള കാര്യങ്ങള്‍ അതുമായി കൂട്ടിവായിക്കണം. ജീവിതത്തില്‍ മനസ്സിനെ തളര്‍ത്തുന്ന രീതിയില്‍ നഷ്ടങ്ങളുണ്ടായ സമയത്ത് തന്നെയാണ് ചാരക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും വരുന്നത്. അതുകൊണ്ട് അച്ഛന്‍ തന്നെ വിട്ടുകൊടുത്തതാണ് പലതും. അല്ലെങ്കില്‍ അവര്‍ക്കൊന്നും തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. ശക്തി പകരാന്‍ കൂടെ നില്‍ക്കുന്നവരും കൂടി ഇല്ലാതായപ്പോള്‍ ഇനിയെന്തിനാ എന്ന് അദ്ദേഹം വിചാരിച്ചു. സ്വയം തന്നെ അദ്ദേഹം അങ്ങനെ മാറിപ്പോവുകയായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

റാവു പറഞ്ഞുവിട്ട ദൂതന്‍ കരുണാകരനോട് രാജി ആവശ്യപ്പെടുകയായിരുന്നല്ലോ. ആരായിരുന്നു ആ ദൂതന്‍? അന്ന് എന്ത് സന്ദേശമാണ് ദൂതന്‍ കൈമാറിയത്?

അന്ന് വന്നത് ജി.കെ മൂപ്പനാരും മാധവ് സിംഗ് സോളങ്കിയുമായിരുന്നു. അവരിലൊരാള്‍ ആയിരിക്കാം അച്ഛനോട് അത് പറഞ്ഞത്. അതില്‍ കൂടുതല്‍ വ്യക്തതയുള്ള ഒരുത്തരം ഞാന്‍ പറയില്ല. ഒരു വ്യക്തികളേയും കുറ്റപ്പെടുത്താനോ സങ്കടപ്പെടുത്താനോ ഇഷ്ടമുള്ളയാളല്ല ഞാന്‍. എന്റെ പിതാവ് ഒത്തിരി അനുഭവിച്ചതുകൊണ്ട് ഇനിയൊരാളും ഞാന്‍ പറഞ്ഞിട്ട് വിഷമിക്കരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ അതിനൊപ്പം തന്നെ അച്ഛന് നീതി കിട്ടണം. ആ പേരുകള്‍ രഹസ്യമായി നിലനില്‍ക്കുമെന്ന് പറയുന്നിടത്ത് മാത്രമേ അത് പറയുകയുള്ളൂ എന്ന് വാശിപിടിക്കുന്നതിന് കാരണമതാണ്. നീതിയുടെ വഴിയിലൂടെ പോവട്ടെ. ഇതൊന്നും തെരുവില്‍ വലിച്ചിഴക്കാനുള്ള കാര്യങ്ങളല്ല.

Also Read: മനോരമയ്ക്ക് ‘മറിയം തുറന്നുവിട്ട ഭൂതം’, മാതൃഭൂമിക്ക് ‘ബഹിരാകാശത്ത് ചാരപ്പുക’, ദേശാഭിമാനിക്ക് ‘ചാരപഥം’; മലയാളിയോട് ഈ മാധ്യമങ്ങള്‍ പറഞ്ഞ കഥകളാണ്

അവര്‍ എന്താണ് പറഞ്ഞതെന്നും എനിക്ക് പറയാന്‍ പറ്റില്ല. അപ്പുറത്തെ മുറിയിലിരുന്ന് ഞാന്‍ കേട്ടതാണ് എല്ലാം. അതോടുകൂടി നരസിംഹറാവുവാണ് അച്ഛനെ ഇറക്കുന്നതിന് പിന്നില്‍ കളിക്കുന്നത് എന്ന് മനസ്സിലായത്. പിന്നെ ഇപ്പുറത്ത് നില്‍ക്കുന്നവര്‍ അപ്പുറവും അപ്പുറത്ത് നില്‍ക്കുന്നവര്‍ ഇപ്പുറവും വന്ന് പറയുന്ന സ്ഥിതിയായിരുന്നു. മറുഭാഗത്ത് നടക്കുന്നതെല്ലാം അപ്പപ്പോള്‍ ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു. മെഡിക്കല്‍ കോളേജിനടുത്ത് ഒരു വീടെടുക്കുന്നതും, അവിടെ നിന്നിട്ടുള്ള കരുനീക്കങ്ങളും, ഒരാള്‍ എംഎല്‍എമാരെ പിടിക്കുക, ഒരാള്‍ പത്രങ്ങളില്‍ എഴുതിക്കുക തുടങ്ങിയ രീതികളായിരുന്നു അവര്‍ തുടര്‍ന്നുകൊണ്ട് പോന്നത്. അതുകൊണ്ട് എന്തൊക്കെയാണ് നടന്നതെന്ന് ഞങ്ങള്‍ക്ക് അറിയുകയും ചെയ്യാം. ആ ദൂതര്‍ വന്ന് കണ്ടതിന്റെ പിറ്റേന്നാണ് അച്ഛന്‍ രാജിവച്ചത്.

ചാരക്കേസില്‍ ആരോപണവിധേയനായ രമണ്‍ ശ്രീവാസ്തവയെ സംരക്ഷിച്ചു എന്നതാണ് കരുണാകരനെ പ്രതിസ്ഥാനത്താക്കിയത്. അധികാരസ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നതിന്റെ ഏറ്റവുമൊടുവിലത്തെ കാരണമായും അതിനെ കണക്കാക്കാം. അത്തരത്തില്‍ ആരോപണ വിധേയനായ ഒരാളെ പിന്തുണക്കുന്നതിലേക്ക് കരുണാകരന്‍ എത്തുന്നതെങ്ങനെയാണ്?

രമണ്‍ ശ്രീവാസ്തവ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന അച്ഛന് തോന്നലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന് ഇഷ്ടപ്പെട്ട, സത്യസന്ധനായ ഒരു ഓഫീസര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തെ സംരക്ഷിക്കണമെന്ന് തോന്നി. ശ്രീവാസ്തവക്ക് വേണ്ടി നിന്നപ്പോള്‍ അത് അച്ഛന് ദോഷമായി ഭവിച്ചു. പക്ഷെ അതില്‍ അച്ഛന്‍ ഒരിക്കലും നിരാശപ്പെട്ട് ഞാന്‍ കണ്ടിട്ടില്ല. കൂടെ നിന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന കാര്യത്തില്‍ അ്‌ദ്ദേഹം എന്നും മുമ്പിലായിരുന്നു. ശ്രീവാസ്തവയുമായി വളരെ അടുത്ത ബന്ധമായിരുന്നു അച്ഛന്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരു ആപത്ത് വന്നപ്പോള്‍ അച്ഛന്‍ അദ്ദേഹത്തിന്റെ കൂടെ നിന്നു. അതില്‍ തനിക്ക് എന്ത് സംഭവിക്കുമെന്ന് നോക്കിയിട്ടൊന്നുമല്ല അച്ഛന്‍ നിന്നിട്ടുള്ളത്. യഥാര്‍ഥത്തില്‍ രമണ്‍ ശ്രീവാസ്തവയെയല്ല അവര്‍ ലക്ഷ്യം വച്ചിരുന്നത്. അത് അച്ഛനെ തന്നെ ലക്ഷ്യം വച്ചായിരുന്നു എന്ന് അച്ഛന് അറിയാമായിരുന്നു. അത് രമണ്‍ ശ്രീവാസ്തവയിലൊതുങ്ങില്ല തനിക്ക് നേരെയാണ് വരുന്നതെന്ന് അച്ഛന് നല്ലവണ്ണം മനസ്സിലായിരുന്നു. അച്ഛന്‍ ഒരു പഴയ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ആശ്രിതവത്സലന്‍ എന്നാണ് അദ്ദേഹത്തെ പറയുന്നത് തന്നെ. അപ്പോള്‍ കൂടെ വിശ്വസിച്ച് നില്‍ക്കുന്ന ഒരാളെ ചതിക്കാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ല. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് അച്ഛന്റെ അടുത്ത് വന്ന് പറഞ്ഞപ്പോള്‍ അത് വിശ്വസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അച്ഛന്‍ നടത്തിയ അന്വേഷണത്തിലും അദ്ദേഹത്തിന് തോന്നിയത് അതാണ്. അച്ഛനെ താഴെയിറക്കാന്‍ നോക്കി നിന്നവര്‍ക്ക് അത് ഒരു സുവര്‍ണാവസരം കിട്ടയതുപോലെയായിരുന്നു. അത് അവര്‍ ഉപയോഗിച്ചു.

കോടതി വിധി വന്നപ്പോള്‍ കരുണാകരന് മാത്രമാണ് നീതി ലഭിക്കാതെ പോയതെന്ന് പത്മജ പറഞ്ഞിരുന്നു. നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടോ?

ബാക്കിയെല്ലാവര്‍ക്കും പോയ സ്ഥാനങ്ങളും അതിന് മേലെയും തിരിച്ചുകിട്ടി. എന്റെ പിതാവിന് പിന്നീടൊരിക്കലും ആ സ്ഥാനത്തേക്ക് തിരികെ വരാന്‍ കഴിഞ്ഞിട്ടില്ല. പോയത് പോയത് തന്നെയായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പിന് നിന്നു എന്നല്ലാതെ അധികാരസ്ഥാനങ്ങളിലേക്കൊന്നും അദ്ദേഹം പിന്നീട് പോയിട്ടില്ല. തിരുവന്തപുരത്തുനിന്നും ചാലക്കുടിയില്‍ നിന്നും ജയിച്ച് രണ്ട് തവണ എം.പി ആയി. ഒരു തവണ ചാലക്കുടിയില്‍ നിന്ന് തോറ്റു. പിന്നീട് അദ്ദേഹം വിശ്രമജീവിതമായിരുന്നു കൂടുതലും. നമ്പി നാരായണന് നീതി കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ട്. ആ കേസില്‍ ആര്‍ക്ക് നീതി കിട്ടിയാലും എനിക്ക് വളരെയധികം സന്തോഷമേയുള്ളൂ. കാരണം അത് കെട്ടിച്ചമച്ചതാണെന്ന് അന്നേ എല്ലാവര്‍ക്കും അറിയാമായിരുന്നു. കെട്ടിച്ചമച്ച കേസ് ആണ് അതെന്ന് പറഞ്ഞപ്പോള്‍ തന്നെ ഒരു തരത്തില്‍ അച്ഛന് നീതി ലഭിച്ചിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

കുറേ പേര്‍ അദ്ദേഹത്തെ സങ്കടപ്പെടുത്തിയവരുണ്ട്. ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് അവര്‍ക്കെല്ലാം ദൈവം തന്നെ അക്കാര്യത്തില്‍ ശിക്ഷ നല്‍കും. ജുഡീഷ്യല്‍ കമ്മീഷന്‍ വരുമ്പോള്‍ അന്വേഷണങ്ങള്‍ വരുമല്ലോ. അത് ഏത് വഴിക്ക് പോവുമെന്ന് നോക്കട്ടെ. എന്തായാലും ഉദ്യോഗസ്ഥരില്‍ മാത്രം ഇക്കാര്യങ്ങളൊന്നും ഒതുങ്ങി നില്‍ക്കില്ലല്ലോ. അവര്‍ സ്വന്തം ഇഷ്ടത്തിന് ഇത് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അന്വേഷണ സമിതിക്ക് മുന്നില്‍ എല്ലാ കാര്യങ്ങളും തുറന്നുപറയാന്‍ കഴിയും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പറയേണ്ട പേരുകള്‍ പറയും, അത് എങ്ങനെയൊക്കെയാണ് സംഭവിച്ചത് എന്നുള്ള കാര്യങ്ങള്‍ പറയും. പിന്നെ അവര്‍ അന്വേഷിക്കട്ടെ.

“ശ്രീവാസ്തവയെ രക്ഷിക്കാൻ കരുണാകരനാണോ റാവുവിനാണോ കൂടുതൽ താൽപര്യം?” -പിണറായി അന്ന് ചോദിച്ചു

‘പെണ്ണും പണവും കണ്ടാൽ എല്ലാം മറക്കുന്ന ശ്രീവാസ്തവ’; കരുണാകരനെ പൂട്ടാൻ കൈമെയ് മറന്നിറങ്ങിയ എ ഗ്രൂപ്പ്; പിന്തുണയുമായി പ്രതിപക്ഷം

മനോരമയ്ക്ക് ‘മറിയം തുറന്നുവിട്ട ഭൂതം’, മാതൃഭൂമിക്ക് ‘ബഹിരാകാശത്ത് ചാരപ്പുക’, ദേശാഭിമാനിക്ക് ‘ചാരപഥം’; മലയാളിയോട് ഈ മാധ്യമങ്ങള്‍ പറഞ്ഞ കഥകളാണ്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍