UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ എസ് എസിനേക്കാളും മൂത്ത ‘ഹിന്ദു’വോ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ? സുധാകര്‍ജി, യഥാര്‍ഥത്തില്‍ നിങ്ങളാരാണ്?

അവന്‍ വരുമെന്ന ശ്രീധരന്‍പിള്ളയുടെ പ്രവാചക തുല്യമായ കണ്ണൂര്‍ പ്രഖ്യാപനത്തിന് ഇനിയും സ്കോപ്പുണ്ട്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലും വിവാഹേതര ബന്ധത്തിലും കഴിഞ്ഞയാഴ്ചയുണ്ടായ സുപ്രിംകോടതി വിധികളില്‍ സമ്മിശ്ര പ്രതികരണമാണ് സമൂഹത്തില്‍ നിന്നുണ്ടായത്. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നാട്ടില്‍ അത് സ്വാഭാവികം മാത്രം. എന്നിരുന്നാലും കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമേറ്റ കനത്ത തിരിച്ചടിയെന്നാണ് ഈ വിധികള്‍ക്ക് മേലുയരുന്ന രാഷ്ട്രീയ നിരീക്ഷണം.

വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന് വിധിച്ചതോടെ ഭാരതത്തിന്റെ സംസ്‌കാരിക പൈതൃകം നശിക്കുമെന്നാണ് വിധിയെ വിമര്‍ശിക്കുന്നത്. ഭാരതീയ സമൂഹത്തിന്റെ കെട്ടുറപ്പായ കുടുംബം എന്ന സ്ഥാപനത്തെ ഈ വിധി ശിഥിലമാക്കുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു. ഭാര്യ ഭര്‍ത്താവിന്റെ അടിമയല്ലെന്ന സുപ്രധാന നിരീക്ഷണമാണ് കോടതി ഈ വിധിയില്‍ നടത്തിയിരിക്കുന്നത്. സമീപകാലത്ത് സ്ത്രീ സമത്വത്തില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ നിരീക്ഷണമാണ് ഇത്. അതേസമയം വിവാഹേതര ബന്ധത്തില്‍- അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ അവിഹിത ബന്ധത്തില്‍- ഏര്‍പ്പെടുന്ന പുരുഷനെ മാത്രമല്ല, സ്ത്രീയെയും ശിക്ഷിക്കണമെന്നായിരുന്നു ഹര്‍ജിയെ എതിര്‍ത്ത കേന്ദ്രസര്‍ക്കാരിന്റെ വാദം. ഒടുവില്‍ പുരോഗമന സമൂഹം ആഗ്രഹിക്കുന്ന വിധി തന്നെ സുപ്രിംകോടതി പുറപ്പെടുവിച്ചു. വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന കൊളോണിയല്‍ കാലത്തെ 497-ാം വകുപ്പ് തന്നെ കോടതി റദ്ദാക്കി. കോടതി വിധി സമൂഹത്തില്‍ അരാജകത്വം വളര്‍ത്തുമെന്നായിരുന്നു വിധിക്കെതിരെ സമൂഹമാധ്യമങ്ങളിലുയര്‍ന്ന വാദം. ഈ വിധി ആവശ്യമുള്ളവര്‍ ഉപയോഗിക്കട്ടെ കോടതി ആരെയും വിവാഹേതര ബന്ധത്തിന് നിര്‍ബന്ധിക്കുന്നില്ലല്ലോയെന്ന മറുവാദവും സോഷ്യല്‍ മീഡിയയിലുയര്‍ന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയിലും സമാനമായ അഭിപ്രായ ഭിന്നതയാണ് സമൂഹത്തിലുണ്ടായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആയിരുന്നു കോടതിയില്‍ ഹര്‍ജിയെ എതിര്‍ത്തത്. മതാചാരത്തിന്റെ പേരിലാണ് ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം മാറ്റേണ്ടതില്ലെന്നും വിശ്വാസത്തില്‍ കോടതി ഇടപെടേണ്ടെന്നും വാദമുയര്‍ന്നു.ബി ജെ പിയെയും അവരുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെയും എതിര്‍ക്കുന്നവരും 24 മണിക്കൂറും സ്ത്രീ സമത്വത്തെക്കുറിച്ചും തുല്യനീതിയുള്ള സമൂഹത്തെക്കുറിച്ചും വാചാലരാകുന്നവര്‍ പോലും ഹൈന്ദവ വികാരം വൃണപ്പെട്ടുവെന്നാണ് ഇപ്പോള്‍ പറയുന്നത്. ഈ വിധി മൂലം സമൂഹത്തിലുണ്ടാകാനിടയുള്ള കലഹത്തെ ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. എന്നാല്‍ താല്‍പര്യമുള്ള ഏതൊരു വ്യക്തിക്കും ശബരിമലയില്‍ പോകാമെന്നാണ് കോടതി വിധിയെന്ന് ആരും ശ്രദ്ധിക്കുന്നില്ല.

കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന സി പി എമ്മും ഈ വിധികളെ ഒറ്റക്കെട്ടായി സ്വാഗതം ചെയ്തപ്പോള്‍ കേന്ദ്രത്തിലെയും കേരളത്തിലെയും പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ നിന്നും ഭിന്നാഭിപ്രായങ്ങളാണ് ഉണ്ടായത്. മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. കോടതി വിധിയും ആചാരാനുഷ്ടാനങ്ങളും പാലിക്കാന്‍ കഴിയുന്ന വിധത്തില്‍ സമന്വയം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ കൃത്യമായി അഭിപ്രായം പറയാതെ, എന്നാല്‍ പറഞ്ഞെന്ന് വരുത്തി തീര്‍ക്കുന്ന ഒരു നിലപാടാണ് ഉമ്മന്‍ ചണ്ടിയുടേത്. കാരണം ഈ വിഷയത്തില്‍ ഒരു അഭിപ്രായ സമന്വയത്തിന് യാതൊരു സാധ്യതയുമില്ലെന്ന് വളരെ വ്യക്തമാണ്. ഒന്നുകില്‍ കോടതി വിധി മാനിച്ച് താല്‍പര്യമുള്ള സ്ത്രീകള്‍ക്കും മല ചവിട്ടാനുള്ള സാഹചര്യമൊരുക്കുക, അല്ലെങ്കില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം തുടരുക. സമൂഹം ഈ വിധിയെ എങ്ങനെ സ്വീകരിക്കുമെന്ന ആശയക്കുഴപ്പത്തില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടി തലയും വാലുമില്ലാത്ത ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. വിധിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഒരു രാഷ്ട്രീയ തന്ത്രമാണ് ഇത്.

ശബരിമലയില്‍ പോകുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യാന്‍ തയ്യാറെടുക്കുന്നവരേ, നിലപാടുള്ളവരെ പേടിക്കുന്നതെന്തിന്?

പുതിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ വിഷയത്തില്‍ വ്യക്തമായ അഭിപ്രായമാണ് പറഞ്ഞത്. ഇരുവരും കോടതി വിധിയെ അംഗീകരിക്കുകയാണ്. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനാകട്ടെ ഈ രണ്ട് വിധികളും പ്രഖ്യാപിച്ച ജഡ്ജിക്ക് തലയ്ക്ക് വെളിവില്ലെന്നാണ് പറയുന്നത്. അദ്ദേഹത്തിനും സമൂഹത്തിന്റെ കെട്ടുറപ്പിലും വിശ്വാസത്തിലുമാണ് ആശങ്ക. ഇന്ത്യയുടെ അടിസ്ഥാനം കുടുംബ ബന്ധങ്ങളാണെന്നും അനാവശ്യമായി എന്തിലും ഏതിലും കോടതി കയറി ഇടപെടുകയാണെന്നുമാണ് സുധാകര വചനം. കൂടാതെ ശബരിമലയിലെ സ്ത്രീപ്രവേശന വിധി പുനപരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെടുന്നു. ക്ഷേത്ര വിശ്വാസികള്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ കോടതി തീരുമാനിക്കേണ്ടെന്നാണ് സുധാകരന്‍ പറയുന്നത്.

പിന്നെ എന്തിനാണ് കോടതിയെന്നു കൂടി അദ്ദേഹം വ്യക്തമാക്കണം. ഒരു വിഷയത്തില്‍ രണ്ട് അഭിപ്രായമുയരുമ്പോള്‍ ആരാണ് ഇടപെടേണ്ടത്? ഈ രണ്ട് വിഷയത്തിലും കോടതി അങ്ങോട്ട് പോയി ഇടപെട്ടതല്ലെന്ന് സുധാകരന് അറിവില്ലാത്തതാണെന്ന് തോന്നുന്നില്ല. ഈ വിഷയങ്ങളില്‍ സമൂഹത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിന് മുന്നിലെത്തിയ ഹര്‍ജികളിലാണ് ഈ തീരുമാനം. വര്‍ഷങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം ജനാധിപത്യ ബോധത്തിലും നീതിയിലും ഉറച്ചു നിന്നാണ് ഈ വിധികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവിടെ ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങള്‍ക്ക് മാത്രമായി ഒരിടം ലഭിക്കില്ലെന്ന് വര്‍ഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള സുധാകര്‍ജിക്ക് അറിയാത്തതല്ല.

അപ്പോള്‍ പിന്നെ ഇപ്പോഴത്തെ ഈ അഭിപ്രായ പ്രകടനം എന്തിനാണെന്ന ചോദ്യം സ്വാഭാവികമായും ഉയരും. സുധാകരന്റെ വായില്‍ നിന്നും പുറത്തു വരുന്നത് സംഘപരിവാറിന്റെ ഭാഷയാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിട്ടുള്ളതാണ്. കോണ്‍ഗ്രസ് പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്ന ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയമല്ല സി പി എമ്മാണ് സുധാകരന്റെ ആത്യന്തിക ശത്രു. അദ്ദേഹത്തിന്റെ പ്രശ്‌നവും അതുതന്നെയാണ്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഇടയിലെ കയ്യാലയിലിരിക്കുന്ന തേങ്ങയായിരുന്ന സുധാകരന് വേണ്ടി കെ പി സി സി കേട്ടുകേള്‍വിയില്ലാത്ത വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം കൊണ്ടുവന്നതും അതിനാല്‍ തന്നെ. ബി ജെ പി മുന്നോട്ട് വയ്ക്കുന്ന ഹൈന്ദവ അനുകൂല നിലപാടിനെ അംഗീകരിച്ച് ആ സ്ഥാനം ഉറപ്പിക്കുകയാണ് സുധാകരന്‍ ചെയ്യുന്നത്. അവന്‍ വരുമെന്ന ശ്രീധരന്‍പിള്ളയുടെ പ്രവാചക തുല്യമായ കണ്ണൂര്‍ പ്രഖ്യാപനത്തിന് ഇനിയും സ്കോപ്പുണ്ട്.

കലാപത്തിന് ആഹ്വാനം ചെയ്ത് ഹിന്ദു ഹെല്‍പ് ലൈന്‍; ഹിന്ദുക്കള്‍ ധര്‍മയുദ്ധത്തിനിറങ്ങണം, അയ്യപ്പനുവേണ്ടി പൊരുതി മരിക്കണം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍