UPDATES

ട്രെന്‍ഡിങ്ങ്

ശരിയല്ലെന്ന് തനിക്കു തോന്നിയതിനോടൊക്കെ കലഹിച്ച ജോസഫ് പുലിക്കുന്നേല്‍

മാര്‍ക്‌സിന്റെ മാനവികത എന്ന ആശയത്തോട് യോജിപ്പുണ്ടെങ്കിലും മാര്‍ക്‌സിസത്തിന്റെ ഘടനയോടു യോജിപ്പില്ലെന്നായിരുന്നു പുലിക്കുന്നേലിന്റെ നിലപാട്

കെ എ ആന്റണി

കെ എ ആന്റണി

ശരിയല്ലെന്ന് തനിക്കു തോന്നിയതിനോടൊക്കെ കലഹിച്ച കാതലുള്ള ഒരു വിപ്ലവകാരിയായിരുന്നു ജോസഫ് പുലിക്കുന്നേല്‍. ഈ സ്വഭാവം തന്നെയാണ് അദ്ദേഹത്തെ കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വത്തിന് അനഭിമതനാക്കിയതും. കത്തോലിക്കാ സഭയും അതിനെ നയിക്കുന്ന പൗരോഹിത്യവും ഒരു വലിയ പരിധി വരെ വിശ്വാസികളെ വഴിതെറ്റിക്കുകയാണെന്നു പുലിക്കുന്നേല്‍ ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് വിശ്വാസ പ്രഘോഷണമല്ല വിശ്വാസാചരണമാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞതും പ്രചരിപ്പിച്ചതും.

‘ഓശാന’ എന്ന പ്രസിദ്ധീകരണം പുലിക്കുന്നേല്‍ ആരംഭിച്ചത് തന്നെ പ്രധാനമായും കത്തോലിക്കാ സഭയുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും സഭയില്‍ തങ്ങള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ചു വിശ്വാസികളെ ബോധവല്‍ക്കാരിക്കുന്നതിനു വേണ്ടിയുമായിരുന്നു. 1975 ല്‍ ആരംഭിച്ച ഈ പ്രസിദ്ധീകരണം ഇതെഴുതുന്നയാള്‍ ആ വര്‍ഷം പഠിച്ചിരുന്ന പാലാ ഭരണങ്ങാനത്തെ കപ്പൂച്ചിന്‍ ആശ്രമമായ അസ്സീസിയിലെ വായന മുറിയിലും ലഭ്യമായിരുന്നു, ഇന്ദിര ഗാന്ധിയെ നിശിതമായി വിമര്‍ശ്ശിക്കുന്ന എഡിറ്റോറിയലും ലേഖനങ്ങളുമായി പ്രത്യക്ഷപ്പെട്ടിരുന്നു രാജ് മോഹന്‍ ഗാന്ധിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘ഹിമ്മത്ത്’ പോലെ തന്നെ. എന്തുകൊണ്ട് സെമിനാരിയില്‍ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ വാങ്ങുന്നുവെന്നും അവ വൈദീക പഠനത്തിന് എത്തിയ ഞങ്ങള്‍ക്ക് വായിക്കാന്‍ തരുന്നുവെന്നും പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ഓശാന വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ പുലിക്കുന്നേല്‍ എന്ന മനുഷ്യനെ നേരില്‍ കാണണമെന്ന് പലവട്ടം ആഗ്രഹിച്ചിരുന്നു.

പുലിക്കുന്നേലിന്റെ വീട് ഭരണങ്ങാനത്തിനടുത്തുള്ള ഇടമറ്റത്താണെന്നു അന്ന് അറിയില്ലായിരുന്നു. നേരില്‍ കാണാനുള്ള അവസരം പിന്നീട് ഉണ്ടായത് 1994 ല്‍ പയ്യന്നൂരിനടുത്ത ചെറുപുഴയില്‍ അദ്ദേഹം ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ്. അന്ന് ഏറെ നേരം അദ്ദേഹവുമായി സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് പെട്ടെന്ന് മടങ്ങേണ്ടതുണ്ടായിരുന്നതിനാല്‍ വെറും പത്തു മിനുട്ടു മാത്രമാണ് ലഭിച്ചത്. ആ ചെറിയ സംഭാഷണത്തിനിടയില്‍ പലതും സംസാരിച്ച കൂട്ടത്തില്‍ കമ്മ്യൂണിസവും കത്തോലിക്കാ സഭയുമൊക്കെ കടന്നുവന്നു. മാര്‍ക്‌സിന്റെ മാനവികത എന്ന ആശയത്തോട് യോജിപ്പുണ്ടെങ്കിലും മാര്‍ക്‌സിസത്തിന്റെ ഘടനയോടു തനിക്കു യോജിപ്പില്ലെന്നായിരുന്നു പുലിക്കുന്നേലിന്റെ മറുപടി. കത്തോലിക്കാ സഭയുടെ കാര്യത്തിലും ഇതേ പ്രശ്‌നമുണ്ടെന്നു പുലിക്കുന്നേല്‍ വാദിച്ചു. പറയുന്ന കാര്യങ്ങള്‍ കൃത്യമായി സമര്‍ത്ഥിക്കാന്‍ അദ്ദേഹത്തിന് ഒരു പ്രത്യേക വൈഭവം തന്നെയുണ്ടെന്ന് ഓശാനയിലെ ലേഖനങ്ങളും പലപ്പോഴായി മാതൃഭൂമി വാരികയില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

കത്തോലിക്കാ സഭയോടല്ല മറിച്ചു അതിന്റെ നടത്തിപ്പിനെകുറിച്ചാണ് അദ്ദേഹത്തിന് വിമര്‍ശനം ഉണ്ടായിരുന്നത്. ഈ വിമര്‍ശന ബുദ്ധി തന്നെയാണ് കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്നുമുള്ള അദ്ദേഹത്തിന്റെ രാജിയില്‍ കലാശിച്ചതും. ഒരു കാലത്തു കെ പി സി സി അംഗം വരെ ആയ പുലിക്കുന്നേല്‍ കേരള കോണ്‍ഗ്രസിന് ജന്മം നല്‍കിയവരില്‍ ഒരാള്‍ കൂടിയാണ്. കേരള കോണ്‍ഗ്രസ് ആണ് യഥാര്‍ഥ കോണ്‍ഗ്രസ് എന്ന് പറഞ്ഞു അന്നുണ്ടാക്കിയ കേരള കോണ്‍ഗ്രസിന്റെ പിന്നീടുള്ള പോക്കുക്കണ്ട് പുലിക്കുന്നേല്‍ പോലും മൂക്കില്‍ വിരല്‍വെച്ചു പോയൊട്ടുണ്ടാവും; തീര്‍ച്ച. എന്ത് തന്നെയായാലും കത്തോലിക്കാ സഭയിലെ ഒരു തികഞ്ഞ പരിഷ്‌കരണ വാദിയെയാണ് പുലിക്കുന്നേലിന്റെ മരണത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നത്.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍