UPDATES

കടകംപള്ളിയുടെ വൈരുദ്ധ്യാത്മക പുഷ്പാഞ്ജലിയും സിപിഎമ്മിനുള്ള വിശദീകരണ വഴിപാടും

കടകംപള്ളിയുടെ വിശദീകരണ വഴിപാടിന് പാര്‍ട്ടി ശാസനാ വഴിപാട് തിരിച്ച് കഴിക്കുമോ എന്ന് മാത്രമേ അറിയാനുള്ളൂ.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം ശ്രദ്ധേയമായിരിക്കുന്നതും സിപിഎമ്മിനകത്ത് ചെറിയ തോതില്‍ വിവാദമായിരിക്കുന്നതും പാര്‍ട്ടി നേതാവ് ക്ഷേത്രത്തില്‍ കയറി എന്നതുകൊണ്ടല്ല. മറിച്ച് സിപിഎമ്മിന്റെ സംസ്ഥാന നേതാവായ വ്യക്തി ക്ഷേത്രാരാധനയിലും മത, ദൈവ, ആരാധനയിലും സജീവമായി പങ്കെടുക്കുകയും അത് വളരെ അഭിമാനത്തോട് കൂടി പൊതുസമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു എന്നതുകൊണ്ടാണ്. എന്റെ കുടുംബാംഗങ്ങള്‍ ഭക്തി പ്രസ്ഥാനക്കാരാണ് എന്നാണ് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞത്. കുടുംബാംഗങ്ങള്‍ ഏത് പ്രസ്ഥാനത്തില്‍ പെട്ടവരാണ് എന്ന് ആരും തല്‍ക്കാലം അന്വേഷിക്കില്ല. പക്ഷെ കടകംപള്ളി സുരേന്ദ്രന്‍ ഏത് പ്രസ്ഥാനത്തില്‍ പെട്ടയാളാണ് എന്ന് അന്വേഷിക്കുകയും ചെയ്യും.

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരിക്കുന്ന ഒരാള്‍ ക്ഷേത്രത്തില്‍ വന്ന് പുഷ്പാഞ്ജലി കഴിക്കാനും കാണിക്ക സമര്‍പ്പിക്കാനും തയ്യാറാകുമ്പോള്‍ അതൊരു വാര്‍ത്തയാകും എന്ന കാര്യത്തില്‍ സംശയമില്ല. ഏതായാലും തൃച്ചമ്പടി അമ്പലത്തില്‍ രഹസ്യമായി തൊഴാന്‍ പോയ കുമാര പിള്ള സാറിനേയും അതേപോലെ രഹസ്യമായി തൊഴാന്‍ പോയപ്പോള്‍ തലയില്‍ മുണ്ടിട്ട താത്വികാചാര്യനെ കണ്ട പ്രഭാകരന്‍ കോട്ടപ്പള്ളിയേയോ പോലെയല്ല സഖാവ് കടകംപള്ളി. അദ്ദേഹം വളരെ സ്ട്രെയ്റ്റ് ഫോര്‍വേഡാണ്. എന്ന് വച്ചാ നേരെ വാ, നേരെ പോ. യാതൊരു മറയുമില്ല. സാധാരണഗതിയില്‍ വിപ്ലവകാരികളുടെ കാര്യത്തില്‍ കുടുംബാംഗങ്ങള്‍ അതായത് വിശ്വാസികളായ ഭാര്യയോ മക്കളോ വഴിപാട്, ശത്രുസംഹാരം അടക്കമുള്ള പൂജകള്‍, പൂമൂടല്‍ ഇത്യാദിയായ കാര്യങ്ങള്‍ ചെയ്യുകയാണ് പതിവ്. കടകംപള്ളി അവരെപോലെയല്ല. അദ്ദേഹം കുടുംബാംഗങ്ങള്‍ക്ക് വേണ്ടി തിരിച്ച് വഴിപാട് നടത്തി മാതൃകയായി. നേരത്തെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ സഖാവ് കടകമ്പള്ളി തൊഴുത് നില്‍ക്കുന്നത് കണ്ടപ്പോ തന്നെ പന്തികേട് തോന്നിയെങ്കിലും കാര്യങ്ങള്‍ ഇത്രത്തോളം എത്തുമെന്ന് കരുതിയില്ല.

പുരാതന ഭാരതത്തില്‍ ആദ്യമായി സഖാവേ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങിയത് ശ്രീകൃഷ്ണനാണ് എന്നാണ് പരക്കെയുള്ള വിശ്വാസം. അതുകൊണ്ട് ശ്രീകൃഷ്ണന്റെ ജന്മദിനമായി വിശ്വാസികള്‍ ആഘോഷിക്കുന്ന ദിവസം തന്നെയാണ് അദ്ദേഹം കേരളത്തിലെ കൃഷ്ണന്റെ ഏറ്റവും ജനപ്രിയ കേന്ദ്രമായ ഗുരുവായൂരിലെത്തിയത്. ശ്രീകൃഷ്ണന്‍ അറിവിന്റെ ഉറവിടമാണ് എന്നൊക്കെ കടകംപള്ളി പറഞ്ഞതായി വാര്‍ത്ത കാണുന്നു. പ്രധാനപ്പെട്ട ഒരു ക്ഷേത്രത്തിലെ സംവിധാനങ്ങളും സൗകര്യങ്ങളും വിലയിരുത്താന്‍ ദേവസ്വംമന്ത്രിയെന്ന നിലയിലുള്ള ഔദ്യോഗിക സന്ദര്‍ശനമാണ് എന്ന തെറ്റിദ്ധാരണ ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. മനസ് നിറഞ്ഞ് തൊഴുത് പുഷ്പാഞ്ജലിയും കാണിക്ക സമര്‍പ്പണവും നടത്തിയ ശേഷം പുഞ്ചിരി തൂകി ഫോട്ടോകളെടുത്ത് ആഘോഷിച്ച ശേഷമാണ് മടങ്ങിയത്. അപ്പോളാണ് പാര്‍ട്ടിയിലെ ചില ദോഷൈകദൃക്കുകള്‍ അല്ലെങ്കില്‍ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദികളായ ചില അരസികന്മാര്‍ ആവശ്യമില്ലാതെ അസ്‌കിതയുമായി രംഗത്തെത്തുന്നത്. കണ്ടാല്‍ എംവി ഗോവിന്ദന്‍ മാസ്റ്ററെ പോലെയിരിക്കും. പണ്ട് കാള്‍ മാര്‍ക്സ്, ഫ്രെഡറിക് എംഗല്‍സ് എന്നീ താടിക്കാരും ലെനിന്‍ എന്ന് പറയുന്ന ഊശാന്‍താടിക്കാരനും എഴുതി വച്ച ചില പ്രത്യയശാസ്ത്ര ദുശാഠ്യങ്ങളുടെ ഹാംഗോവറുള്ളവരാണ്. അത്തരം പുസ്തകങ്ങള്‍ വായിച്ച് വഷളായവര്‍ ഇപ്പോളും ബാക്കിയുണ്ട്. ആവശ്യമില്ലാതെ അതൊക്കെ ഇങ്ങനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. കടകംപള്ളിയെ പോലെ നിറഞ്ഞ് ചിരിക്കാനോ മധുരമായി സംസാരിക്കാനോ അറിയില്ല. സംസാരിക്കുമ്പോളും അല്ലാത്തപ്പോളും ഒടുക്കത്തെ മസില് പിടുത്തമാണ്.

2013 അവസാനം പാലക്കാട് വച്ച് പ്ലീനം എന്ന് പറയുന്ന ഒരു ചടങ്ങ് ആഘോഷപൂര്‍വം കൊടിയേറുകയും ഇറങ്ങുകയും ഉണ്ടായി. മത, ദൈവ വിശ്വാസങ്ങള്‍, ആരാധനാലയങ്ങളിലെ സന്ദര്‍ശനം തുടങ്ങിയവയും സംഘടനയുടെ തെറ്റ് തിരുത്താന്‍ വിളിച്ചുചേര്‍ത്ത ആ വിശുദ്ധ പരിപാടിയില്‍ ചര്‍ച്ചയായി. ആരാധനാലയങ്ങളില്‍ പോയുള്ള ആരാധനയും വഴിപാടുകളും വേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചു. എന്നാല്‍ പ്ലീനം കൊടിയിറങ്ങുന്നതിന് മുന്‍പ് തന്നെ പ്ലീനം, പ്ലീനത്തിന്‍റെ വഴിക്കും പാര്‍ട്ടി, പാര്‍ട്ടിയുടെ വഴിക്കും പോകുമെന്ന് സഖാവ് ഇപി ജയരാജന്‍ സമ്മേളന നഗരിയില്‍ വച്ചുള്ള പെരുമാറ്റത്തിലൂടെ വ്യക്തമാക്കി. അത് വിശ്വാസത്തിന്‍റെ കാര്യത്തിലായിരുന്നില്ല, മര്യാദയോടെയുള്ള പെരുമാറ്റത്തിന്‍റെ കാര്യത്തിലായിരുന്നു. ഏതായാലും പ്ലീനം നടത്തി തെറ്റ് തിരുത്താനിറങ്ങിയ പാര്‍ട്ടി പ്ലിംഗ് എന്നുള്ള അവസ്ഥയിലായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

കമ്മ്യൂണിസ്റ്റ് മൂല്യ വ്യതിയാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പതിവ് പോലെ സിപിഎമ്മിന്റെ സമ്മേളന കാലം ആരംഭിക്കുമ്പോള്‍ തന്നെയായി പോയി, കഷ്ടകാലത്തിന് കടകംപള്ളിയുടെ ഈ ഉള്‍വിളി. ഇനിയിപ്പൊ സംസ്ഥാന കമ്മിറ്റിക്കും സെക്രട്ടറിയേറ്റിനുമെല്ലാം വിശദീകരണം നല്‍കണം. പാര്‍ട്ടി അംഗങ്ങളുടെ രാഷ്ട്രീയ, പ്രത്യയശാസ്ത്ര നിലവാരം ഉയര്‍ത്താനുള്ള പാര്‍ട്ടി ക്ലാസുകളുടെ അനുഭവം, തെറ്റുതിരുത്തല്‍ പ്രചാരണ രേഖയില്‍ പറഞ്ഞിട്ടുള്ള പുരോഗമന മൂല്യങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ പിന്തുടരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പുതിയ സമ്മേളനകാലത്ത് വിലയിരുത്തപ്പെടും.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മതവിശ്വാസിയും ദൈവവിശ്വാസിയും ആവുകയും ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുകയും മതാചാരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നതില്‍ എന്താണ് പ്രശ്നം എന്ന് ചോദിക്കുന്നവരോട്, പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിരീശ്വരവാദ പ്രചാരണത്തിന്റെ ആവശ്യത്തേയും പ്രാധാന്യത്തേയും കുറിച്ച് സഖാവ് വിഐ ലെനിന്‍ എഴുതിയതിനെക്കുറിച്ചൊന്നും പറയേണ്ട കാര്യമില്ല. കമ്മ്യൂണിസ്റ്റ്കാരന്‍ ദൈവത്തിലോ മതങ്ങളിലോ വിശ്വസിക്കാന്‍ പാടില്ല എന്ന് തീട്ടൂരമിറക്കാന്‍ കഴിയുന്ന മറ്റൊരു മതമോ, പലരും തെറ്റിദ്ധരിക്കുന്നത് പോലെയുള്ള ഒരു ഡോഗ്മയോ ഒന്നുമല്ല മാര്‍ക്സിസം. ഒരു വ്യക്തിയുടെ മനസില്‍ എന്തിനോടെങ്കിലും തോന്നുന്ന വിശ്വാസത്തെയോ ആരാധനയേയോ തീരുമാനിക്കാന്‍ മറ്റൊരാള്‍ക്ക് സാധ്യവുമല്ല. പക്ഷെ കടകംപള്ളി സുരേന്ദ്രന് അനാവശ്യമായി ഇത്തരത്തിലുള്ള കമ്മ്യൂണിസ്റ്റ്, മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്ര ബാധ്യതകളൊക്കെ തലയില്‍ വച്ചുകൊടുക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാല്‍ അത് വേണ്ടി വരും എന്ന് തന്നെയാണ് ഉത്തരം. കാരണം സഖാവ് പിണറായി വിജയന്‍ പറഞ്ഞ പോലെ ഈ പാര്‍ട്ടി ഇപ്പോളും വളരെ വ്യത്യസ്തമായ ഒരു പാര്‍ട്ടിയാണ്. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയിലിരുന്നുകോണ്ട് കടകംപള്ളി സുരേന്ദ്രന് ക്ഷേത്രത്തില്‍ പോയി പുഷ്പാഞ്ജലി കഴിക്കാനും കാണിക്ക സമര്‍പ്പിക്കാനും കഴിയുന്നുണ്ടെങ്കില്‍ അത് ഈ പാര്‍ട്ടിക്ക്, അതിന്റെ പ്രത്യയശാസ്ത്ര, മൂല്യബോധങ്ങള്‍ക്ക് സംഭവിച്ച ഗുരുതരമായ തകരാറും വ്യതിയായനവും തന്നെയാണ് വ്യക്തമാക്കുന്നത്. പാര്‍ട്ടി ക്ലാസുകള്‍ ആദ്യം വേണ്ടി വരുക ഉന്നത നേതാക്കള്‍ക്ക് തന്നെയായിരിക്കും. അതിന് അക്കാദമികള്‍ മാത്രം മതിയാവില്ല. കേരത്തിലുടനീളം ഈ ക്ലാസുകള്‍ അനിവാര്യമായിരിക്കും. ഇതിനെക്കാള്‍ മെച്ചപ്പെട്ട പ്രത്യയശാസ്ത്രബോധമുണ്ടായിരിക്കാന്‍ സാധ്യതയുള്ള ബ്രാഞ്ചുകാര്‍ക്ക് പിന്നീട് ക്ലാസ് എടുത്താല്‍ മതി.

എന്തുകൊണ്ടാണ് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന്റെ നയവ്യതിയാനം, ആശയ വ്യതിയാനം ഒക്കെ ആ നയമോ ആശയമോ ഒരിക്കലും പിന്തുടരാത്തവരെ പോലും അസ്വസ്ഥരാക്കുന്നത്? കടുത്ത അന്ധവിശ്വാസികളായ മനുഷ്യര്‍ പോലും കമ്മ്യൂണിസ്റ്റ്കാരുടെ ദൈവാരാധനയെ പരിഹസിക്കുന്നത് എന്തുകൊണ്ടാണ്? എല്ലാത്തിലും ഇടപെടുമ്പോള്‍ തന്നെ ചില കാര്യങ്ങളില്‍ നിന്ന്, ചില പൊതു പ്രകടനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കുള്ളത് കൊണ്ട് തന്നെ. കടകംപള്ളി സുരേന്ദ്രന് ദൈവവിശ്വാസം തോന്നിയാല്‍ അതൊരു തെറ്റൊന്നുമല്ല. പക്ഷെ അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടി പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചതല്ല. അതിനൊരു ചരിത്രമുണ്ട്. പ്രത്യയശാസ്ത്രപരമായ ചില ബാധ്യതകളുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ച് ചില ഒഴിയാബാധകള്‍. ആശയപരവും പ്രത്യയശാസ്ത്രപരവുമായ ചില ബാധ്യതകളും കൈയൊഴിയാനാവാതെ പിന്തുടരും. എത്ര നയവ്യതിയാനം കൊണ്ടും മൂല്യവ്യതിയാനം കൊണ്ടും അതിനെ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചാലും അത് നിങ്ങളെ അങ്ങനെ എളുപ്പത്തില്‍ പുറത്തുകടക്കാന്‍ അനുവദിക്കില്ല. അത് അതിന്റെ നിര്‍മ്മാണത്തിന്റെ അല്ലെങ്കില്‍ രൂപ്പപ്പെട്ട് വന്നതിന്റെ പ്രത്യേകതയാണ്. വിപണിയെ സംബന്ധിച്ച് മൂല്യമുള്ളത്, അത് മതമായാലും ദൈവമായാലും കമ്മ്യൂണിസമായാലും അത് സമര്‍ത്ഥമായി അതിനെ എങ്ങനെ വിറ്റഴിക്കാന്‍ കഴിയും എന്ന് ആലോചിക്കും. പക്ഷെ മതത്തിന്‍റെ വിപണി മൂല്യമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വാധീനമുള്ള ഒരു സമൂഹത്തില്‍ അതിന്‍റെ പ്രസക്തി.

1972-ല്‍ സിപിഎമ്മിന്റെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ നടന്നു. പാര്‍ട്ടിയുടെ സമുന്നത നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം ഭാര്യ ആര്യ അന്തര്‍ജനവും മധുരയിലത്തിയിരുന്നു. മധുര മീനാക്ഷി ക്ഷേത്രത്തില്‍ പോകണമെന്ന് ആര്യക്ക് തോന്നി. ഇഎംഎസും കൂടെ പോയി. ആര്യ ക്ഷേത്രത്തിനുള്ളില്‍ കയറി തൊഴുത് തിരിച്ചുവന്നു. ദൈവത്തിലോ മതത്തിലോ വിശ്വാസമില്ലാത്ത സഖാവ് ഇഎംഎസ് ക്ഷേത്രത്തിന് പുറത്തുനിന്നു. പക്ഷെ ഇഎംഎസ് മധുര മീനാക്ഷി ക്ഷേത്രം സന്ദിര്‍ശിച്ചെന്ന് വലിയ വാര്‍ത്തയായി. എന്ത് ഇഎംഎസോ? ക്ഷേത്രത്തിലോ? എന്നാണ് ചോദ്യം. ഇത് ചോദിക്കുന്നവരും ഇഎംഎസിനെ പരിഹസിക്കുന്നവരും പലപ്പോഴും കടുത്ത വിശ്വാസികളാകാം എന്നത് മറ്റൊരു കാര്യം. ഭാര്യയേയും അമ്മയേയും മക്കളേയും ക്ഷേത്രത്തിനുള്ളിലേയ്ക്ക് കയറ്റിവിട്ട് ഗുരുവായൂര്‍ അമ്പല നടയ്ക്ക് മുന്നില്‍ സിഗററ്റ് വലിച്ചുനിന്നിരുന്ന വയലാര്‍ രാമവര്‍മ കടുത്ത നിരീശ്വരവാദിയൊന്നും ആയിരുന്നില്ല. മലയാളത്തിലെ ഏറ്റവും നല്ല വിപ്ലവ, ഭക്തി ഗാനങ്ങള്‍ എഴുതിയതും വയലാര്‍ തന്നെ. പക്ഷെ ക്ഷേത്രാരാധനാ പ്രകടനങ്ങളില്‍ വയലാറിന് താല്‍പര്യമുണ്ടായിരുന്നില്ല. സത്യത്തില്‍ അവിശ്വാസിയായ, നാസ്തികനായ, അല്ലെങ്കില്‍ ആചാരങ്ങളോടും ക്ഷേത്രാരാധനയോടും താല്‍പര്യമില്ലാത്ത ഒരാള്‍ ഇത്തരത്തില്‍ ക്ഷേത്രത്തില്‍ കയറാതെ പുറത്ത് കാത്തുനില്‍ക്കേണ്ട കാര്യമുണ്ടോ? ഒരു കാര്യവുമില്ല. അത് ഓരോരുത്തരുടെയും വ്യക്തിപരമായ തിരെഞ്ഞെടുപ്പാണ്.

മധുര ക്ഷേത്രത്തില്‍ ഒരിക്കല്‍ പി ഗോവിന്ദ പിള്ളയും പോയിരുന്നു. നിരീശ്വരവാദിയായ പിജിക്ക് ക്ഷേത്രത്തില്‍ എന്ത് കാര്യം എന്ന് ചോദ്യം ഉയര്‍ന്നപ്പോള്‍ മനുഷ്യര്‍ പോകുന്ന ഏത് സ്ഥലത്തും കമ്മ്യൂണിസ്റ്റ് ആയ ഞാന്‍ പോകും എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പുട്ടപര്‍ത്തിയില്‍ ആള്‍ദൈവം സായിബാബയെ പിജി സന്ദര്‍ശിച്ചത് വിവാദമായപ്പോളും അമൃതാനന്ദമയിയെ കണ്ടതിനും പിജിക്ക് മറുപടിയുണ്ടായിരുന്നു. പിജിക്ക് മധുര മീനാക്ഷിയോടോ സായി ബാബയോടോ അമൃതാനന്ദമയിയോടോ ഭക്തിയുണ്ടായിരുന്നതായി ആരും പറഞ്ഞ് കേട്ടിട്ടില്ല. ആ അഭിപ്രായവും നിലപാടും തന്നെയാണ് കമ്മ്യൂണിസ്റ്റ്കാരെ സംബന്ധിച്ച് ഏറ്റവും ഉചിതമായതും. അല്ലാതെ കടകംപള്ളി സുരേന്ദ്രന്‍റെ പുഷ്പാഞ്ജലിയോ കാണിക്കയോ അല്ല. The Bhakthi Movement – Renaissance or Revivalism എന്ന പേരില്‍ ഇന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച് ഒരു പുസ്തകം തന്നെ പിജി എഴുതിയിട്ടുണ്ട്്. ഭക്തിപ്രസ്ഥാനം പുനരുത്ഥാനപരമായിരുന്നില്ല, അത് നവോത്ഥാനപരമായിരുന്നു എന്നാണ് പിജിയുടെ വാദം. കടമ്പള്ളിയുടെ ഭക്തിപ്രസ്ഥാനത്തിന് ഇതുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല.

മത്തായിചാക്കോ അന്ത്യകൂദാശ സ്വീകരിച്ചു എന്ന് പറയുന്നത് അസത്യപ്രചാരണമാണെന്നും ഇത്തരത്തില്‍ പ്രചാരണം നടത്തുന്ന പുരോഹിതന്‍ നികൃഷ്ടജീവിയാണെന്നും പറഞ്ഞ ചരിത്രമുണ്ട് ഈ പാര്‍ട്ടിക്ക്. അന്ത്യകൂദാശ സ്വീകരിക്കുന്നത് ഒരു മോശപ്പെട്ട കാര്യമായത് കൊണ്ടോ അതൊരു ക്രിമിനല്‍ കുറ്റമായതുകൊണ്ടോ അല്ല പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ താമരശ്ശേരി ബിഷപ്പിനെ അന്ന് നികൃഷ്ടജീവി എന്ന് വിശേഷിപ്പിച്ചത്. അത് മത്തായിചാക്കോ എന്ന കമ്മ്യൂണിസ്റ്റ്കാരനെക്കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ആയിരിക്കണം.

പണ്ടും കടുത്ത നിരീശ്വരവാദികളൊന്നും ആയിരുന്നില്ല കേരളത്തില്‍ ഈ പാര്‍ട്ടിയുടെ ഭൂരിഭാഗം അംഗങ്ങളും. കൂടുതല്‍ പേരും ഏതെങ്കിലും തരത്തിലുള്ള വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തിയിട്ടുണ്ടാവും. സിപിഎമ്മിലായിരിക്കുമ്പോളും ഞാന്‍ കടുത്ത കൃഷ്ണഭക്തയായിരുന്നു എന്നും രഹസ്യമായി കൃഷ്ണവിഗ്രഹം സൂക്ഷിച്ചിരുന്നതായും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കെആര്‍ ഗൗരിയമ്മ പറഞ്ഞു. പക്ഷെ മത, ദൈവ വിശ്വാസങ്ങളും പാര്‍ട്ടിയും അത്ര ചേര്‍ന്ന് പോകില്ല എന്ന ഔചിത്യപൂര്‍വമായ ചിന്ത ഈ വിശ്വാസി സമൂഹത്തിനുണ്ടായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ആത്മീയതയുടേയോ വിശ്വാസത്തിന്റെയോ പ്രകടനം ഇടത് രാഷ്ട്രീയത്തെ പോലെ അത്ര അനിവാര്യമായ ഒന്നുമായിരുന്നില്ല. ഏതായാലും കടകംപള്ളിയുടെ വിശദീകരണ വഴിപാടിന് പാര്‍ട്ടി ശാസനാ വഴിപാട് തിരിച്ച് കഴിക്കുമോ എന്ന് മാത്രമേ അറിയാനുള്ളൂ.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍