UPDATES

ട്രെന്‍ഡിങ്ങ്

എസ്എഫ്‌ഐ പറയുന്ന രാഷ്ട്രീയം ഭയപ്പെടുന്നവരാണ് ഞങ്ങളെ സ്ത്രീ/ദളിത് വിരുദ്ധരാക്കുന്നത്

കാലടി സര്‍വകലാശാല വിവാദത്തില്‍ എസ്എഫ്‌ഐയുടെ വിശദീകരണം

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വനിത ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കെതിരേ എസ് എഫ് ഐ ഗവേഷക സംഘടനയായ എകെആര്‍എസ്എ പ്രവര്‍ത്തകര്‍, ഹോസ്റ്റല്‍ മതിലില്‍ പതിച്ച പോസ്റ്റര്‍ കീറിയെന്നാരോപിച്ച് ഭീഷണി മുഴക്കിയെന്ന പരാതിയില്‍, തങ്ങള്‍ക്ക് പറയാനുള്ളത്‌ വ്യക്തമാക്കുകയാണ് എകെആര്‍എസ്എ.  ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ വിഷയത്തിലെ വിശദീകരണം എകെആര്‍എസ്എ നല്‍കുന്നത്. വിശദീകരണത്തിന്റെ പൂര്‍ണരൂപം താഴെ

സുഹൃത്തുക്കളെ..
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഇടതുപക്ഷ ഗവേഷക സംഘടനയായ AKRSA പ്രവര്‍ത്തകര്‍ക്കു നേരെ RSA – ABVP നേതാക്കള്‍ വ്യാജപ്രചാരണങ്ങള്‍ ഓണ്‍ലൈനായി നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രശ്‌നത്തിന്റെ സത്യാവസ്ഥയെക്കുറിച്ചു പൊതുസമൂഹത്തിനെ ബോധ്യപെടുത്തുന്നതിനായാണ് ഈ കുറിപ്പ്.

ഗവേഷകരായ AKRSA പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകില്ലെന്ന് ക്യാമ്പസിലെ വിദ്യാര്‍ത്ഥി സമൂഹത്തിനു ഉറപ്പുള്ള കാര്യങ്ങളാണ് ഓണ്‍ലൈനായി RSA – ABVP പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ ഉദ്ദേശം വ്യക്തമാക്കണമെങ്കില്‍ പ്രശ്‌നങ്ങളുടെ നാള്‍വഴി ശ്രദ്ധിച്ചാല്‍ മതി.

സെപ്റ്റംബര്‍ 13 നു ഗൗരി ലങ്കേഷിന്റെ കൊലപാകതകത്തില്‍ പ്രതിഷേധിച്ചു ഒരു മാസം നീണ്ടു നില്‍ക്കുന്ന ഹിന്ദുത്വത്തിനെതിരായ ക്യാമ്പയിന്‍ ആരംഭിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി സച്ചിദാനന്ദന്‍ അനാച്ഛാദനം ചെയ്ത ഗൗരി ലങ്കേഷിന്റെ പ്രതിമ ഒക്ടോബര്‍ 6ന് രാത്രി അക്രമികള്‍ നീക്കം ചെയ്യുകയുണ്ടായി. പിന്നീട് ആഴ്ചകള്‍ക്കു ശേഷം വനിത ഗവേഷക ഹോസ്റ്റലില്‍ AKRSA പ്രവര്‍ത്തകര്‍ ന്യൂസ് അവറിലെ ചര്‍ച്ച കാണാന്‍ ചാനല്‍ മാറ്റാന്‍ ആവശ്യപ്പെടുമ്പോള്‍ ABVP -RSA സഖ്യത്തിന്റെ നേതാക്കളായ ചിലര്‍ അതിനനുവദിക്കാതിരിക്കുകയും തങ്ങള്‍ക്ക് ‘ശനീശ്വരന്‍’ എന്ന സീരിയല്‍ കാണണമെന്നാവശ്യപ്പെട്ടു AKRSA പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് 24 /10 /17 നു ഡെപ്യൂട്ടി വാര്‍ഡന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൂര്‍ണ്ണ, നിള ഹോസ്റ്റലുകളുടെ സംയുക്ത ജനറല്‍ ബോഡിയില്‍ AKRSA പ്രവര്‍ത്തകര്‍ സീരിയല്‍ പ്രശ്‌നം ഉന്നയിക്കുകയും തുടര്‍ന്ന് മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സീരിയല്‍ പ്രദര്‍ശനം ഹോസ്റ്റലില്‍ നടത്തേണ്ടതില്ലെന്ന് ജനറല്‍ ബോഡി തീരുമാനിക്കുകയും ചെയ്തു. അന്ന് തന്നെ ഹിന്ദി വിഭാഗം ഗവേഷക ലക്ഷ്മിപ്രിയയെ നിള ഹോസ്റ്റല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയുമുണ്ടായി. പിന്നീട് 26 /10 /2017 നു നിള ഹോസ്റ്റലില്‍ സെക്രട്ടറിയെ പോലും അറിയിക്കാതെ പൂര്‍ണ്ണ ഹോസ്റ്റലിലെ RSA -ABVP നേതാക്കള്‍ നിള ഹോസ്റ്റലില്‍ വെച്ച് മെസ് സെക്രട്ടറിയുടെ അഭാവത്തില്‍ മെസ് മീറ്റിംഗ് വിളിച്ചു ചേര്‍ത്തു. എന്നാല്‍ മീറ്റിംഗിന്റെ ഉദ്ദേശം ഹോസ്റ്റലില്‍ പതിച്ച AKRSAയുടെ പോസ്റ്റര്‍ നീക്കം ചെയ്യണമെന്നതായിരുന്നു. അതിനാല്‍ തന്നെ യോഗത്തില്‍ AKRSA സഖാക്കള്‍ പോസ്റ്റര്‍ നീക്കം ചെയ്യുന്നതിനെ തടയാന്‍ ശ്രമിച്ചത് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി. AKRSA ജോ. സെക്രട്ടറി ആതിരക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായി(വിവരങ്ങള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരോട് അന്വേഷിച്ചാല്‍ ബോധ്യപ്പെടും)തുടര്‍ന്ന് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് AKRSA യുടെ പോസ്റ്റര്‍ RSA – ABVP നേതാക്കള്‍ മേട്രന്റെ നേതൃത്വത്തില്‍ വലിച്ചുകീറി. തുടര്‍ന്ന് AKRSA രാത്രി തന്നെ പോസ്റ്റര്‍ കീറിയതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുകയുണ്ടായി. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ പകരം പോസ്റ്റര്‍ പ്രസ്തുത സ്ഥലങ്ങളില്‍ പതിക്കുകയുണ്ടായി. എന്നാല്‍ പൂര്‍ണ ഹോസ്റ്റലിലെ പോസ്റ്ററുകള്‍ വീണ്ടും RSA -ABVP പ്രവര്‍ത്തകര്‍ നശിപ്പിക്കുകയാണുണ്ടായത്. ഇതേ തുടര്‍ന്ന് ഹോസ്റ്റലിലെ ജനാധിപത്യം സംരക്ഷിക്കണമെന്നും സംഘടന സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു ഡെപ്യൂട്ടി വാര്‍ഡനെ കാണാന്‍ ചെന്ന AKRSA യുണിറ്റ് സെക്രട്ടറി അഖില്‍ പുറക്കാട്, പ്രവര്‍ത്തകരായ അബ്ദുറഹ്മാന്‍, രാകേഷ് ബ്ലാത്തൂര്‍, മുരളീധരന്‍, അബ്ദുറഹ്മാന്‍ കാരി എന്നിവര്‍ ഡെപ്യൂട്ടി വാര്‍ഡനെ കണ്ട് പുറത്തിറങ്ങുമ്പോള്‍ പൂര്‍ണ്ണ ഹോസ്റ്റലിലെ RSA -ABVP നേതാക്കളോട് പോസ്റ്റര്‍ കീറിയത് അംഗീകരിക്കാനാവില്ലയെന്നും ഇത് ക്യാമ്പസ്സിലെ ജനാധിപത്യത്തിനുനേരെയുള്ള വെല്ലുവിളിയാണെന്നും അതിനെ രാഷ്ട്രീയമായി വിദ്യാര്‍ത്ഥികളെ അണിനിരത്തി നേരിടുമെന്നും പറയുകയുണ്ടായി. എന്നാല്‍ ഹോസ്റ്റലില്‍ പോസ്റ്ററുകള്‍ ഇനിയും പതിച്ചാല്‍ പ്രത്യക്ഷത്തില്‍ തന്നെ വലിച്ചുകീറുമെന്നാണ് RSA -ABVP നേതാക്കള്‍ പറഞ്ഞത്. അവരെ അസ്വസ്ഥപ്പെടുത്തുന്നത് ഞങ്ങളുടെ രാഷ്ട്രീയം പറയുന്ന പോസ്റ്ററുകളാണെന്നു ക്യാമ്പസ്സിന് ഉത്തമ ബോധ്യമുണ്ട്. വലിച്ചുകീറിയ പോസ്റ്ററുകളില്‍ മാര്‍ക്‌സിന്റെ ചിത്രം ഉണ്ടായതുതന്നെയാണ് അവരെ ചൊടിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് രണ്ടു ദിവസം മുന്‍പ് മാത്രം തിരഞ്ഞെടുക്കപ്പെട്ട ഹോസ്റ്റല്‍ സെക്രട്ടറിയെ പുറത്താക്കണമെന്നും,പോസ്റ്റര്‍ കീറിയത് ചോദ്യം ചെയ്ത AKRSA പ്രവര്‍ത്തകരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് സ്ത്രീവിരുദ്ധരും, ദളിത് വിരുദ്ധരുമാക്കിയത്.

“നീയൊക്കെ ആര്‍ത്തവരക്തത്തിന്റെ കാര്യം നോക്കിയാല്‍ മതി”; കാലടി സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിക്കെതിരേ എസ്എഫ്‌ഐ

ക്യാമ്പസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ അധ്യാപകരുടെ ഭാഗത്തുനിന്നും ലൈംഗികാതിക്രമമുണ്ടായപ്പോഴും, പ്രവേശന നടപടികളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചില ഡിപ്പാര്‍ട്‌മെന്റുകളില്‍നിന്നു നീക്കങ്ങള്‍ നടന്നപ്പോഴും സമരമുഖത്തുണ്ടായിരുന്നത് AKRSAയും SFIയും മാത്രമായിരുന്നു. കാമ്പസ്സിലെ സ്ത്രീ പ്രശ്‌നങ്ങളില്‍ നിന്നും ദളിത് പ്രശ്‌നങ്ങളില്‍ നിന്നും AKRSAയെയും SFIയെയും നിശബ്ദമാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരം ആരോപണം ഉന്നയിച്ചാല്‍ മതി എന്ന ബുദ്ധി RSA- ABVP നേതാക്കള്‍ക്ക് ചൊല്ലിക്കൊടുത്തവര്‍ക്ക് ദുഃഖിക്കേണ്ടി വരിക തന്നെ ചെയ്യും. നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നത് ഞങ്ങളുടെ ഇടപെടലുകളും രാഷ്ട്രീയവുമാണെന്നതിനാല്‍ തന്നെ ആരോപണങ്ങളില്‍ തളര്‍ന്നു ഞങ്ങള്‍ സംഘടനാപ്രവര്‍ത്തനം മതിയാക്കുമെന്നു കരുതേണ്ട. പ്രശ്‌നത്തിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ തന്നെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നു സാമാന്യബുദ്ധിയുള്ളവര്‍ക്ക് ബോധ്യപ്പെടും.

സെപ്റ്റംബര്‍ 13 നു AKRSA ഹിന്ദുത്വ വിരുദ്ധ കാമ്പയിന്‍ തുടങ്ങുന്നു

ഒക്ടോബര്‍ 6 നു ഗൗരി ലങ്കേഷിന്റെ പ്രതിമ നശിപ്പിക്കുന്നു

ഒക്ടോബര് 24 നു AKRSA പ്രവര്‍ത്തക ലക്ഷ്മിപ്രിയയെ ഹോസ്റ്റല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നു.

ഒക്ടോബര്‍ 26 നു AKRSA യുടെ പോസ്റ്റര്‍ നശിപ്പിക്കുന്നു. ജോ. സെക്രട്ടറി ആതിരയെ കയ്യേറ്റം ചെയ്യുന്നു.

ഒക്ടോബര്‍ 28 നു ഹോസ്റ്റല്‍ സെക്രട്ടറിയായ ലക്ഷ്മിപ്രിയ ഏകാധിപതിയാണെന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് RSA ABVP സഖ്യം പരാതി നല്‍കുന്നു.

AKRSA പ്രവര്‍ത്തകരായ ആണ്‍കുട്ടികള്‍ക്കെതിരെ ദളിത്, സ്ത്രീ നിയമപ്രകാരം കേസ് കൊടുക്കുന്നു

നവംബര് 3നു ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ SFI നേതാക്കളുടെ വധഭീഷണിയെന്ന കള്ളവാര്‍ത്ത വരുന്നു.

പെണ്‍കുട്ടികളായ സഖാക്കളെ ലേഡീസ് ഹോസ്റ്റലില്‍ കയ്യേറ്റം ചെയ്തും, വിദ്യാര്‍ത്ഥിനികള്‍ തെരഞ്ഞെടുത്ത ഹോസ്റ്റല്‍ സെക്രട്ടറിയെ ഏകാധിപതിയെന്ന് ആക്ഷേപിച്ച് പുറത്താക്കാനും ആണ്‍കുട്ടികളായ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നിശബ്ദമാക്കാനും ശ്രമിച്ചാല്‍ തകര്‍ന്നു പോകുന്നതല്ല ഈ സംഘടന. ഗൗരി ലങ്കേഷിന്റെ പ്രതിമയും മാര്‍ക്‌സിന്റെ ചിത്രവും നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുവെങ്കില്‍ ഞങ്ങള്‍ ശരിയുടെ പക്ഷത്ത് തന്നെയാണ്. ഒരപേക്ഷ മാത്രമേ AKRSA ക്കുള്ളു. നിങ്ങള്‍ക്ക് ദുരുപയോഗം ചെയ്യാനുള്ളതല്ല സ്ത്രീ സുരക്ഷ നിയമവും, ദളിത് നിയമങ്ങളും. സത്യസന്ധമായ പ്രശ്‌നങ്ങളില്‍ ക്യാമ്പസ് സമൂഹത്തിന്റെ പിന്തുണയില്ലാതെയാകാന്‍ അതു കാരണമാകും.

അടിസ്ഥാന ആരോപണങ്ങളുന്നയിച്ച് ഞങ്ങളുടെ പ്രവര്‍ത്തകരെ വേട്ടയാടി വനിത ഹോസ്റ്റലുകളില്‍ അരാജകത്വം സൃഷ്ടിച്ച് ഹിന്ദുത്വത്തിന് വളമൊരുക്കാമെന്ന RSA – ABVP സഖ്യത്തിന്റെ മോഹം ക്യാമ്പസിലെ വിദ്യാര്‍ത്ഥി സമൂഹം തിരിച്ചറിയുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. വസ്തുതകള്‍ അന്വേഷിക്കാതെ വാര്‍ത്ത നല്‍കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തി അപലപനീയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍