UPDATES

ട്രെന്‍ഡിങ്ങ്

കുറിയവനും വിക്കുള്ളവനുമായ ഇഎംഎസിന് പതിനായിരങ്ങളെ പിടിച്ചിരുത്താനാകുമെങ്കില്‍ എനിക്ക് എന്തുകൊണ്ട് കഴിയില്ല എന്ന് തോന്നി: കമല്‍ഹാസന്‍

“നടനാകാനുള്ള കമല്‍ഹാസനെന്ന വ്യക്തിയുടെ സ്വപ്‌നത്തിലേയ്ക്ക് ആദ്യം നയിച്ചത് ഇഎംഎസ് ആയിരുന്നു”

ഇഎംഎസ് നമ്പൂതിരിപ്പാടിനെ തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നും അച്ഛനെ പോലെ, ഗുരുവിനെ പോലെ വഴികാട്ടിയാണ് തനിക്ക് ഇഎംഎസ് എന്നും കമല്‍ഹാസന്‍. മലയാള മനോരമ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. ഇഎംഎസിന്റെ വാക്കുകള്‍ക്ക് എനിക്ക് വഴികാട്ടിയിട്ടുണ്ട്. എന്നെ ഇവിടെ വരെ എത്തിച്ചതില്‍ ആ വാക്കുകള്‍ക്ക് വലിയ പങ്കാണ് ഉള്ളത് – കമല്‍ഹാസന്‍ പറഞ്ഞു.

ഡാന്‍സ് മാസ്റ്റര്‍ തങ്കപ്പനില്‍ നിന്നാണ് ഞാന്‍ ഇഎംഎസിനേയും കമ്മ്യൂണിസത്തേയും മനസിലാക്കിയത്. ഒരിക്കല്‍ തിരുവനന്തപുരത്തുള്ളപ്പോള്‍ തങ്കപ്പന്‍ മാസ്റ്റര്‍ പറഞ്ഞു – “ഡേ, കമല്‍ ജോലിയൊന്നുമില്ലാതെ വെറുതെ ഇരിക്കാതെ അട്ടക്കുളങ്ങര മൈതാനത്തേയ്ക്ക് ചെല്ലൂസ അവിടെ വൈകുന്നേരെ സഖാവ് ഇഎംഎസ് പ്രസംഗിക്കുന്നുണ്ട്. അത് കേട്ടിട്ടു വാ”. അപ്പോളാണ് ഞാന്‍ ഇഎംഎസിന്റെ പേര് ആദ്യമായി കേള്‍ക്കുന്നത്. തങ്കപ്പന്‍ മാസ്റ്റര്‍ കമ്മ്യൂണിസ്റ്റ് ആണ് എന്ന് സിനിമ സെറ്റില്‍ പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ കമ്മ്യൂണിസം എന്താണ് എന്ന് അന്ന് അറിയില്ലായിരുന്നു.

ചെങ്കൊടികള്‍ നിറഞ്ഞ് ചുവന്നിരിക്കുന്ന മൈതാനത്തേയ്ക്ക് ഞാന്‍ പോയി. ഉദ്ഘാടനത്തിന് സഖാവ് ഇഎംഎസിനെ ക്ഷണിക്കുന്നു എന്ന പ്രഖ്യാപനം വന്നു. പതിനായിരങ്ങളുടെ കയ്യടികള്‍ക്കിടെ പ്രസംഗിക്കാനായി മൈക്കിനടുത്തേയ്ക്ക് വന്ന കുറിയ മനുഷ്യനാണ് എല്ലാവരും ആദരിക്കുന്ന ഇഎംഎസ് എന്ന് ആദ്യം വിശ്വസിക്കാനായില്ല. സ്റ്റേജിന്റെ മുന്‍നിരയിലായിരുന്നു ഞാന്‍. കുട്ടിയായിരുന്ന എനിക്ക് ഇഎംഎസിന്റെ വിക്കി വിക്കിയുള്ള പ്രസംഗം കേട്ടപ്പോള്‍ ചിരി വന്നു. ചിരി അടക്കാനായില്ല. അപ്പോള്‍ രണ്ടുമൂന്ന് പേര്‍ വന്ന് പറഞ്ഞു – പ്രസംഗം കേള്‍ക്കാനാണ് വന്നത് എങ്കില്‍ മര്യാദയ്ക്കിരുന്നോളണം എന്ന് ദേഷ്യത്തോടെ പറഞ്ഞു. പിന്നെ ചിരിച്ചില്ല. ശ്രദ്ധയോടെ പ്രസംഗം കേട്ടു. പ്രസംഗത്തിനിടെ നീണ്ട കയ്യടികളുണ്ടായി. ഇഎംഎസിന്റെ പ്രസംഗത്തില്‍ മൈതാനം ഇളകിമറിഞ്ഞു.

രാത്രി ഷൂട്ടിംഗ് ലൊക്കേഷനിലേയ്ക്ക് മടങ്ങുമ്പോള്‍ മനസ് നിറയെ ഇഎംഎസ് ആയിരുന്നു. കുറിയവനും വിക്കുള്ളവനുമായ ഇഎംഎസിന് പതിനായിരങ്ങളെ പിടിച്ചിരുത്താന്‍ കഴിയുമെങ്കില്‍ ബാലതാരമായി കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള എനിക്ക് എന്തുകൊണ്ട് എനിക്ക് പ്രേക്ഷകരെ പിടിച്ചിരത്താന്‍ കഴിയില്ല എന്നെനിക്ക് തോന്നി. നടനാകാനുള്ള കമല്‍ഹാസനെന്ന വ്യക്തിയുടെ സ്വപ്‌നത്തിലേയ്ക്ക് ആദ്യം നയിച്ചത് ഇഎംഎസ് ആയിരുന്നു – കമല്‍ഹാസന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍