UPDATES

കാസര്‍ഗോട്ട് കേന്ദ്രസര്‍വകലാശാലയും സര്‍ക്കാര്‍ കോളേജും എല്ലാമുണ്ട്; പഠിക്കണമെങ്കില്‍ പക്ഷേ, ഇപ്പോഴും സംസ്ഥാനം വിടണം

പല മേഖലകളിലും അവഗണന നേരിടുന്നതിനിടയില്‍ കാസര്‍കോഡിന് ലഭിച്ച വലിയ നേട്ടമാണ് കേന്ദ്ര സര്‍വകലാശാല

ബി.കെ അനസ്

ബി.കെ അനസ്

എന്താണ് കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ഥികളുടെ അവസ്ഥ? കേന്ദ്രസര്‍വകലാശാലയും മറ്റനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കാസര്‍കോടിന് സ്വന്തമായുള്ളപ്പോള്‍ എന്തിനാണ് ഇവിടുത്തെ കുട്ടികള്‍ ജില്ലയ്‌ക്കോ സംസ്ഥാനത്തിനോ പുറത്തുള്ള, കിലോമീറ്ററുകള്‍ അപ്പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തേടിപ്പോവുന്നത്? ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകത്തോളമുയരാന്‍ കുതിക്കുകയാണ് കൊച്ചുകേരളം. വിദ്യാഭ്യാസ മേഖലയില്‍ കേരളം മുന്നോട്ട് കുതിക്കുന്നു എന്ന് പറയുമ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളും ഈ കുതിപ്പിനൊപ്പം എത്തുന്നുണ്ടോ? കേരളത്തില്‍ ഏറ്റവും അവസാനം രൂപം കൊണ്ട കാസര്‍കോഡ് ജില്ലയുടെ വിദ്യാഭ്യാസ രംഗത്തെ അവസ്ഥ എന്താണ്? ഉപരിപഠനത്തിനായി കാസര്‍കോട്ട് മതിയായ സാഹചര്യവും സംവിധാനങ്ങളും ഉണ്ടോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണ് ഇവിടെ.

കാസര്‍ഗോഡിന്റെ ഉന്നത വിദ്യാഭ്യാസം – സാധ്യതകള്‍
കാസര്‍കോട് ജില്ലയില്‍ നാല് സര്‍ക്കാര്‍ കോളേജുകളും രണ്ട് എയ്ഡഡ് കോളേജുകളുമാണുള്ളത്. കേന്ദ്ര സര്‍വ്വകലാശാലയും കാസര്‍കോഡിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍ സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. എന്നാല്‍ വിദ്യാഭ്യാസത്തിനായി കാസര്‍കോട്ടു നിന്നും വിദ്യാര്‍ത്ഥികള്‍ ഇതര ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുന്നുണ്ട്, അല്ലെങ്കില്‍ പോകേണ്ടിവരുന്നുണ്ട്. കോളേജുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി ജില്ലയ്ക്ക് പുറത്തേക്ക് പോകേണ്ടി വരുന്നു?

കാസര്‍കോട് ജില്ലയില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളുടെ എണ്ണം പരിശോധിക്കാം. സര്‍ക്കാര്‍ മേഖലയില്‍ നാല് കോളേജുകള്‍: മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ.കോളേജ്, കാസര്‍കോട് വിദ്യാനഗര്‍ ഗവ.കോളേജ്, നീലേശ്വരം എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ കോളേജ്, കുണിയ ഉദുമ ഗവ.കോളേജ് എന്നിവയാണവ. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, രാജപുരം സെന്റ് പയസ് കോളേജ് എന്നിവ എയ്ഡഡ് കോളേജുകളാണ്. ഇത് കൂടാതെ 18 അണ്‍എയ്ഡഡ് കോളേജുകളും ജില്ലയ്ക്കകത്തുണ്ട്.

പ്രൊഫഷണ്‍ കോളേജുകളും ഒട്ടും കുറവല്ല ഇവിടെ. നാല് എഞ്ചിനീയറിങ് കോളേജുകള്‍, രണ്ട് ഫാര്‍മസി കോളേജുകള്‍, മൂന്ന് നഴ്‌സിങ് കോളേജുകള്‍, രണ്ട് എം.ബി.എ പഠന കേന്ദ്രങ്ങള്‍, മൂന്ന് ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സെഞ്ച്വറി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ആയുര്‍വേദ കോളേജ്, നാല് ഓറിയന്റല്‍ ടൈറ്റില്‍ കോളേജ് എന്നിങ്ങനെ കോളേജുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.

കേരളത്തിന്റെ വിശിഷ്യാ ഉത്തര കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പുതിയ അവസരങ്ങളൊരുക്കുകയാണ് കേന്ദ്ര സര്‍വ്വകലാശാല. കാസര്‍കോട് നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാറി പെരിയയിലെ 310 ഏക്കറോടുകൂടിയ ക്യാമ്പസിലാണ് കേന്ദ്ര സര്‍വ്വകലാശാലയുടെ ആസ്ഥാനം. മൂന്ന് ക്യാമ്പസുകളാണ് കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് കാസര്‍കോട്ടുള്ളത്. നായന്മാര്‍മൂല ക്യാമ്പസില്‍ സാമ്പത്തിക വിഷയങ്ങളും നീലേശ്വരം പടന്നക്കാട്ടെ ക്യാമ്പസില്‍ ശാസ്ത്ര വിഷയങ്ങളും ആസ്ഥാനമായ പെരിയയില്‍ മറ്റു വിഷയങ്ങളുമാണ് കൈകാര്യം ചെയ്യുന്നത്. ഈ വിഷയങ്ങളിലുള്ള പി.എച്ച്.ഡി. പ്രോഗ്രാമുകളും ഇവിടെയുണ്ട്.

പോരായ്മകള്‍
പല മേഖലകളിലും അവഗണന നേരിടുന്നതിനിടയില്‍ കാസര്‍കോഡിന് ലഭിച്ച വലിയ നേട്ടമാണ് കേന്ദ്ര സര്‍വകലാശാല. പക്ഷേ ആ കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഇന്ന് അവഗണന നേരിടുകയാണ്. കുട്ടികളുടെ എണ്ണത്തിനനുസൃതമായ ഹോസ്റ്റല്‍ സൗകര്യം ഇവിടെ ഇല്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥി സമരം നടക്കുകയാണ്. പുതുതായി അഡ്മിഷന്‍ നേടിയ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ സൗകര്യമില്ലാതെ വലയുന്നു. മാത്രമല്ല പരിമിതമായ കോഴ്‌സുകള്‍ മാത്രമാണ് കേന്ദ്ര സര്‍വ്വകലാശാല കാസര്‍കോട് ക്യാമ്പസില്‍ ഇപ്പോള്‍ ഉള്ളത്. പുതിയ കാലത്ത് വിദ്യാര്‍ത്ഥികള്‍ തേടിപ്പോകുന്ന വ്യത്യസ്തവും പ്രാധാന്യമുള്ളതുമായ പല കോഴ്‌സുകളും ഇവിടെ ഇല്ല എന്നത് പരിമിതിയായി തന്നെ നിലനില്‍ക്കുന്നുണ്ട്. പുതിയ ക്യാമ്പസായതുകൊണ്ട് തന്നെ കെട്ടിടങ്ങളുടെ കുറവും വിദ്യാര്‍ത്ഥികളുടെ പഠനസൗകര്യത്തിന് തിരിച്ചടിയാകുന്നു.

കേന്ദ്രസര്‍വകലാശാലയുടേതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല മറ്റ് കോളേജുകളുടെയും അവസ്ഥ. ചിലയിടത്ത് അടിസ്ഥാനസൗകര്യങ്ങളില്ലെങ്കില്‍, പ്രൊഫഷണ്‍ കോളേജുകളുള്‍പ്പെടെയുള്ള മറ്റിടങ്ങളില്‍ അധ്യാപര്‍ വേണ്ടത്രയില്ല. കുട്ടികള്‍ക്ക് ഇരിക്കാന്‍ ഡെസ്‌കോ ബെഞ്ചോ പോലുമില്ലാത്ത കോളേജുകളുണ്ട്. മറ്റ് പ്രധാന പ്രശ്‌നം കോളേജുകളിലെ പഠന വിഷയങ്ങളിലുള്ള അപര്യാപ്തതയും കുറഞ്ഞ സീറ്റുകളുമാണ്. അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ എണ്‍പത്തിയഞ്ച് ശതമാനം പേര്‍ക്കും പ്രവേശനം ലഭിക്കാത്ത അവസ്ഥയുണ്ട്. ഇക്കാര്യത്തില്‍ എയ്ഡഡ് കോളേജുകളും സര്‍ക്കാര്‍ കോളേജുകളും ഏതാണ്ട് ഒരേപോലെയാണ്. കോളേജുകളില്‍ പ്രവേശനം ലഭിക്കാത്ത, എന്നാല്‍ സ്വാശ്രയ കോളേജുകളില്‍ വന്‍തുക കെട്ടിവയ്ക്കാന്‍ ശേഷിയില്ലാത്ത വിദ്യാര്‍ഥികള്‍ പാരലല്‍ കോളേജുകളേയും, മംഗാലാപുരത്തെ കോളേജുകളെയുമാണ് ആശ്രയിക്കുന്നത്.


കാസര്‍കോടിന്റെ വികസനത്തെ പറ്റി പഠിക്കാന്‍ നിയമിച്ച പ്രഭാകരന്‍ കമ്മീഷന്‍ എളേരിത്തട്ട് സര്‍ക്കാര്‍ കോളേജില്‍ അത്യാവശ്യമായി നടപ്പിലാക്കേണ്ട 10 കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തിരുന്നു. യു.ജി.സി ഫണ്ട് ഉപയോഗിച്ച് അടിയന്തിരമായി ലേഡീസ് ഹോസ്റ്റല്‍ പണിയുക. സയന്‍സ് വിഷയങ്ങളിലടക്കം പുതിയ ഡിഗ്രി കോഴ്‌സുകളും പി.ജി. കോഴ്‌സുകളും അനുവദിക്കുക, കെ.എസ്.ആര്‍.ടി.സി ബസ്സുകളും കോളേജ് ബസും അനുവദിക്കുക, അടിയന്തിരമായി ലൈബ്രറി അടങ്ങുന്ന ഓഡിറ്റോറിയത്തിന്റെ പണി പൂര്‍ത്തീകരിക്കുക, കോളേജിന്റെ  അതിര്‍ത്തിയില്‍ മതില്‍കെട്ടുക, സ്ഥിരം  പ്രിന്‍സിപ്പാളിനെ നിയമിക്കുക, ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ പണിയുക, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ കിണര്‍ കുഴിക്കുക, അധ്യാപകരുടെ ഒഴിവ് നികത്തുക, മഴവെള്ള സംഭരണി സ്ഥാപിക്കുക എന്നിവയായിരുന്നു അവ.

കാസര്‍കോഡിന്റെ വിദ്യാഭ്യാസ രംഗത്ത് പരിമിതികള്‍ ഏറെയാണ്. പുതിയ കാലത്ത് മുന്നേറിക്കൊണ്ടിരിക്കുന്നതും ഏറെ സാധ്യതയുള്ളതുമായ കോഴ്‌സുകളില്‍ പഠനം നല്‍കുന്ന കോളേജുകള്‍ കാസര്‍കോട് ഇല്ല എന്നത് തന്നെയാണ് പ്രാഥമികമായ പ്രശ്‌നം. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് തറക്കല്ലിട്ട കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും നിശ്ചലാവസ്ഥയിലാണ്. ആദ്യഘട്ടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവെങ്കിലും പിന്നീട് ഇഴയുകയും ഇപ്പോള്‍ മെഡിക്കല്‍ കോളേജിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയുമാണ്. ബദിയഡുക്ക പഞ്ചായത്തിലെ ഉക്കിനടക്കയിലെ 69 ഏക്കര്‍ റവന്യൂ ഭൂമിയിലാണ് മെഡിക്കല്‍ കോളേജിന്റെ പണിതുടങ്ങിയത്. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിലെ അനാസ്ഥയ്‌ക്കെതിരെ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും അവരുടെ നേതൃത്വത്തില്‍ പല സമര പരിപാടികളും സെക്രട്ടറിയേറ്റിന് മുന്നില്‍ വരെ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ജേര്‍ണലിസം, നിയമം തുടങ്ങിയ വ്യത്യസ്ത കോഴ്‌സുകള്‍ കാസര്‍കോട് ജില്ലയില്‍ ഇല്ല എന്നതുകൊണ്ട് ഇത്തരം കോഴ്‌സുകളില്‍ ചേരാന്‍ ആഗ്രഹമുള്ള വിദ്യാര്‍ത്ഥികള്‍ ഇതര ജില്ലകളിലേക്കോ, മറ്റ് സംസ്ഥാനങ്ങളിലേക്കോ പോകേണ്ടി വരുന്നു. പല കുട്ടികളും അവരുടെ ഇഷ്ട കോഴ്‌സ് ചെയ്യാന്‍ വേണ്ടി അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയിലേക്ക് പോകുന്നു. മംഗലാപുരത്തടക്കമുള്ള കോളേജുകളില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ വന്‍ ഫീസാണ് നല്‍കേണ്ടി വരുന്നത്. മാത്രമല്ല സീറ്റ് തരപ്പെടുത്തി പതിനായിരങ്ങളും ലക്ഷങ്ങളും കമ്മീഷനായി പിടിക്കുന്ന ഇടനിലക്കാരുടെ ചൂഷണത്തിനും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഇരയാവുന്നു.

കാസര്‍കോടിന്റെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടണമെങ്കില്‍ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു വരേണ്ടതും ഉള്ള സ്ഥാപനങ്ങളിലെ പരിമിതികള്‍ പരിഹരിക്കപ്പെടേണ്ടതുമുണ്ട്. ഗവണ്‍മെന്റ് മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനിയും കാസര്‍കോട്ട് വരേണ്ടതുണ്ട്. കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ലക്ഷങ്ങള്‍ ഫീസടച്ച് അന്യസംസ്ഥാനത്തെ പ്രൈവറ്റ് കോളേജുകളിലേക്ക് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ പോകുന്നതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത് മെഡിക്കല്‍ മേഖലയിലെ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട് എന്നതാണ്. കാസര്‍കോട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമായാല്‍ അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമാവും അത്.

കാസര്‍കോട് ജില്ലയില്‍ ഒരു ലോ കോളേജ് എന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇപ്പോള്‍ തന്നെ മംഗലാപുരത്തും കേരളത്തിലെ തന്നെ മറ്റു ലോ കോളേജുകളിലും നിയമ വിദ്യാഭ്യാസം നേടുന്ന ഒരുപാട് വിദ്യാര്‍ത്ഥികള്‍ കാസര്‍കോട് നിന്നുള്ളവരാണ്. കാസര്‍കോട് ജില്ലയിലേക്ക് ഒരു ലോ കോളേജ് അനുവിദിച്ചിട്ടുണ്ടെങ്കിലും കോളേജിനുള്ള സ്ഥലം ഇത് വരെ കണ്ടെത്തിയിട്ടില്ല. ജില്ലയില്‍ നാല് എഞ്ചിനീയറിംഗ് കോളേജുകള്‍ ഉണ്ടെങ്കിലും ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിനായി കണ്ണൂര്‍ ജില്ലയില്‍ എത്തേണ്ടിവരുന്നു. സെല്‍ഫ് ഫിനാന്‍സ് കോളേജുകളില്‍ ഭീമമായ ഫീസ് നല്‍കേണ്ടതിനാല്‍ കാസര്‍കോട്ടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗ് പഠനം എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് വന്നാല്‍ അത് അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാവും. നിലവില്‍ കാസര്‍കോട് ജില്ലയില്‍ ഗവണ്‍മെന്റ് വിമന്‍സ് കോളേജ്  ഒന്നും തന്നെയില്ല. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി ഗവണ്‍മെന്റ് വിമന്‍സ് കോളേജ് സ്ഥാപിക്കേണ്ടതുണ്ട്.‘ പൊതു പ്രവര്‍ത്തകനായ രാജന്‍ ഉണ്ണി പറയുന്നു.

കേന്ദ്ര സര്‍വകലാശാലയും ആയുര്‍വേദ മെഡിക്കല്‍ കോളേജും എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജും അടക്കം ഏതാനും ചല കോളേജുകള്‍ കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍ കാസര്‍കോടിന് ഇടം നല്‍കുന്നുണ്ട്. അതേസമയം വികസനത്തിന്റെ കാര്യത്തില്‍ മറ്റെല്ലാ മേഖലകളിലും അനുഭവിക്കുന്നത് പോലെ വിദ്യാഭ്യാസ മേഖലയിലും കാസര്‍കോട് അവഗണന നേരിടുന്നുണ്ട്.

ബി.കെ അനസ്

ബി.കെ അനസ്

മാധ്യമ വിദ്യാര്‍ഥിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍