UPDATES

കാലിമേച്ചിലുകാരനില്‍ നിന്നും ഭിക്ഷാടകനാകേണ്ടി വന്ന ഒരു കശ്മീരിയുടെ ജീവിതം

എന്തെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം ലഭിക്കാനുള്ള എല്ലാ വഴികളും തങ്ങളുടെ മുന്നില്‍ അടഞ്ഞിരിക്കുകയാണെന്ന് ഘട്ടാന പറയുന്നു

കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള അഞ്ച് ഗ്രാമങ്ങളിലൊന്നില്‍ ജീവിച്ചിരുന്ന ഗുജ്ജാര്‍ സമുദായക്കാരനായ ക്വലാന്തര്‍ ഘട്ടാന, 1990-കള്‍ വരെ സാധാരണ ജീവിതം നയിച്ചിരുന്ന ഒരു ഇടയനായിരുന്നു. എന്നാല്‍ 1990-കളുടെ തുടക്കത്തില്‍ കാശ്മീരില്‍ സായുധസമരം പൊട്ടിപ്പുറപ്പെട്ടതോടെ അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞു. അതുവരെ കാട്ടില്‍ കന്നുകാലികളെ മേയ്ക്കാന്‍ പോയിരുന്ന ഗ്രാമവാസികള്‍ക്ക് അപ്രതീക്ഷിതമായി അതിന് കഴിയാതായി. ഗ്രാമവാസികള്‍ നിയന്ത്രണരേഖ സ്ഥിരമായി മുറിച്ചു കടക്കുന്നതായി പെട്ടെന്നൊരു ദിവസം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) ആരോപിച്ചു.

‘അതുവരെ കന്നുകാലികളുമായി കാടുകളിലൂടെ ഞങ്ങള്‍ സ്വതന്ത്രരായി വിഹരിച്ചു. എവിടെ പോകാമെന്നും എവിടെ പോകരുതെന്നും ആരും അതുവരെ ഞങ്ങളോട് പറഞ്ഞിരുന്നില്ല. പിന്നീട് അവര്‍ ഞങ്ങളുടെ ഭൂമിയുടെ ഒരു ഭാഗത്ത് വേലികെട്ടുകയും അതിനെ അതിര്‍ത്തിയെന്ന് വിളിക്കുകയും ഞങ്ങളെ നിര്‍ദ്ദയമായി അടിച്ചമര്‍ത്തുകയും ചെയ്തു,’ എന്ന് ഘട്ടാന ഓര്‍ക്കുന്നു. 1992ലെ ഒരു രാത്രിയില്‍ അവര്‍ ഘട്ടാനയുടെ വാതിലില്‍ മുട്ടി. ഭീകരവാദികള്‍ക്ക് അതിര്‍ത്തി കടക്കാനുള്ള വഴി കാട്ടി എന്ന് ആരോപിച്ച് ഘട്ടാനയെ അവര്‍ മോറി ബിഎസ്എഫ് ക്യാമ്പിലേക്ക് കൊണ്ടുപോയി.

‘അവരെന്നെ ചോദ്യം ചെയ്യുകയും തല്ലുകയും തലകീഴായി കെട്ടിത്തൂക്കുകയും ചെയ്തു,’ എന്ന് ഘട്ടാന ആരോപിക്കുന്നു. അടുത്ത മാസങ്ങളില്‍ വിവിധ ക്യാമ്പുകളിലേക്ക് ഘട്ടാനയെ കൊണ്ടുപോവുകയും ബിഎസ്എഫും പ്രത്യേക ദൗത്യസേനയും മാറിമാറി പീഡിപ്പിക്കുകയും ചെയ്തു. ഒരു കുന്നിന്‍ മുകളിലേക്ക് തന്നെ കൊണ്ടുപോവുകയും അവിടെ നിന്നും താഴേക്ക് ഉരുട്ടിയിടുകയും ചെയ്തതായി ഘട്ടാന ആരോപിക്കുന്നു. കഠിനമായ ഏകാന്തതടവിലാണ് ഘട്ടാനയെ പാര്‍പ്പിച്ചിരുന്നത്.

പീഢനകേന്ദ്രമായി അറിയപ്പെടുന്ന ശ്രീനഗറിലെ പാപ്പ രണ്ടിലേക്ക് ആറുമാസത്തിന് ശേഷം ഘട്ടാനയെ കൊണ്ടുവന്നു. തന്റെ ശരീരത്തില്‍ നിന്നും മാംസഭാഗങ്ങള്‍ മുറിച്ചെടുക്കുകയും അത് തന്നെ കൊണ്ട് തീറ്റിക്കുകയും ചെയ്തതായി ഘട്ടാന ആരോപിക്കുന്നു. അദ്ദേഹത്തിന്റെ കാലുകള്‍ മുറിച്ചു മാറ്റാനുള്ള ശ്രമവും നടന്നു. ‘എന്റെ ബോധം പോയി. ബോധം വന്നപ്പോള്‍ രണ്ടുകാലുകളും ഒരു തുണികഷ്ണം കൊണ്ട് കെട്ടിവച്ചിരിക്കുന്നതാണ് കണ്ടത്,’ എന്ന് the wire.in ന്റെ ഫ്രെന്‍സി മനേക്ഷായോട് ഘട്ടാന പറഞ്ഞു. പിന്നീട് ജമ്മുവിലെ കോട്ട് ബല്‍വാല്‍ ജയിലിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്. അവിടെ നാല് വര്‍ഷം തടവിലായിരുന്നു ഘട്ടാന. അവിടെ വച്ച് അദ്ദേഹത്തിന്റെ രണ്ട് കാലുകളും മുറിച്ചുമാറ്റി.

1996ല്‍ ജയില്‍ മോചിതനായപ്പോള്‍, നേരിട്ട അനുഭവങ്ങളില്‍ തകര്‍ന്നു പോയ നിരക്ഷരനായ ഘട്ടാന, പോലീസിനെ സമീപിക്കുകയോ എന്തെങ്കിലും പരാതി സമര്‍പ്പിക്കുകയോ ചെയ്യാതെ ഭയചകിതനായി സ്വന്തം ഗ്രാമത്തില്‍ മടങ്ങിയെത്തി. താന്‍ വല്ലാതെ ഭയന്നുപോയി എന്ന് ഘട്ടാന പറയുന്നു. ‘ജീവിക്കാനുള്ള ഒരു അവകാശവും എനിക്കില്ലെന്ന് എന്റെ ചെവിയില്‍ ആവര്‍ത്തിച്ച് മന്ത്രിക്കുന്നത് പോലെയുള്ള ഒരനുഭവമായിരുന്നു അത്. മോചനത്തിന് ശേഷം എന്നെ ജീവിക്കാന്‍ അനുവദിക്കുമോ എന്ന കാര്യത്തിലും എനിക്കുറപ്പില്ലായിരുന്നു,’ എന്ന് ഘട്ടാന ഓര്‍ക്കുന്നു.
വിവരങ്ങള്‍ ശേഖരിക്കുന്നതിന് മാത്രമല്ല, തകര്‍ക്കപ്പെട്ടതും അംഗവിച്ഛേദം സംഭവിച്ചതുമായ ശരീരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് മറ്റുള്ളവര്‍ക്ക് സന്ദേശം നല്‍കാനും ഭരണകൂടം ഇത്തരം പീഡനങ്ങളെ ഉപയോഗിക്കാറുണ്ടെന്ന് ആന്ത്രപ്പോളജിസ്റ്റായ മുഹമ്മദ് ജുനൈദ് ചൂണ്ടിക്കാണിക്കുന്നു. ഇച്ഛാശക്തിയും നിശ്ചദാര്‍ഢ്യവും ഉള്ളവരെ മാനസികമായി തകര്‍ക്കുക എന്നതാണ് ഇതിന്റെ പിന്നിലുള്ള ചേതോവികാരം.

ഘട്ടാനയുടെ ദുരിതങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചില്ല. വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് തന്റെ ഭാര്യയും അതിക്രൂരമായ പീഢനങ്ങള്‍ക്ക് ഇരയായതായി ഘട്ടാന മനസിലാക്കുന്നത്. നെഞ്ചില്‍ ചവിട്ടേറ്റ അവരുടെ വാരിയെല്ലുകള്‍ ഒടിഞ്ഞുപോയിരുന്നു. മരിക്കുന്നത് വരെ അവര്‍ക്ക് കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ പൊയ്ക്കാലുകളുടെ സഹായത്തോടെ സഞ്ചരിക്കുന്ന ഘട്ടാനയ്ക്ക് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണുള്ളത്.

ഏതെങ്കിലും സംഘടനയുടെ സഹായം തേടേണ്ടതില്ല എന്ന് തീരുമാനിച്ച ഘട്ടാന ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞു. രാവിലെ തന്നെ ഏതെങ്കിലും പള്ളിയുടെ മുന്നില്‍ പോയി ഇരുന്ന് ഭിക്ഷ യാചിക്കുകയാരുന്നു അദ്ദേഹം. അങ്ങനെ കുടുംബം പുലര്‍ത്താന്‍ ശ്രമിച്ചു. അത്തരം ഒരു സ്ഥലത്ത് വച്ചാണ് ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഘട്ടാനയെ കണ്ടുമുട്ടുന്നത്. അവരുടെ സഹായത്തോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ദേഹം പരാതി നല്‍കി. കമ്മീഷന്‍ അന്വേഷണത്തിനായി ഒരു സമിതിയെ നിയോഗിച്ചു. കടുത്ത പീഡനമാണ് ഘട്ടാനയ്ക്ക് ഏല്‍ക്കേണ്ടി വന്നതെന്നും സുരക്ഷ സേനകളുടെ കടുത്ത പീഡനങ്ങളെ തുടര്‍ന്ന് അംഗവൈകല്യം സംഭവിച്ച നിരവധിപ്പേരില്‍ ഒരാള്‍ മാത്രമാണ് ഇദ്ദേഹമെന്നും അന്വേഷണ സമിതി കണ്ടെത്തി.

എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം ലഭിക്കാനുള്ള എല്ലാ വഴികളും തങ്ങളുടെ മുന്നില്‍ അടഞ്ഞിരിക്കുകയാണെന്ന് ഘട്ടാന പറയുന്നു. സുരക്ഷ സേനയുടെ കൈയില്‍ നിന്നും പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നവരുടെ സംഘടനയായ ‘സര്‍വൈവേഴ്‌സ് ഓഫ് ട്രൂത്ത് ആന്റ് ജസ്റ്റിസ്’ എന്ന സംഘടനയില്‍ അംഗമാണ് ഘട്ടാന. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവര്‍, ബലംപ്രയോഗിച്ച് അപ്രത്യക്ഷരാക്കപ്പെട്ടവര്‍, കൊലപ്പെട്ടവരുടെ ബന്ധുക്കള്‍ തുടങ്ങിയവരൊക്കെ ഈ സംഘടനയില്‍ അംഗങ്ങളാണ്.

പ്രകടനങ്ങളും പ്രതിഷേധനങ്ങളും സംഘടിപ്പിക്കുകയും പ്രദേശിക കോടതികള്‍ മുതല്‍ സുപ്രീം കോടതി വരെ കയറിയിറങ്ങിയിട്ടും ഇവര്‍ക്ക് നീതി ലഭ്യമായിട്ടില്ല. ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ മേയ് പത്തിന് ഇവര്‍ ശ്രീനഗറില്‍ യോഗം ചേരുകയും അന്താരാഷ്ട്ര സമൂഹത്തോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് നടക്കുന്ന കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

SLIDE PHOTO COURTESY: WORLDWITHOUTTORTURE.ORG

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍