UPDATES

ട്രെന്‍ഡിങ്ങ്

ചവറ പാറുക്കുട്ടിയമ്മ: കഥകളി രംഗത്തേക്ക് സ്ത്രീകള്‍ക്കാകെ മൃതസഞ്ജീവനി നല്‍കിയ ദേവയാനി

2019 ഫെബ്രുവരി 7ന് എഴുപത്തിയഞ്ചാം വയസ്സില്‍ അവര്‍ അരങ്ങൊഴിയുമ്പോള്‍ അഞ്ചുപതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന അവരുടെ കഥകളിലോകം ആസ്വാദകലോകത്തിന് ആവേശത്തോടെയല്ലാതെ ഒരിക്കലും ഓര്‍ക്കാന്‍ കഴിയില്ല!

ചവറ പാറുക്കുട്ടിയമ്മയുടെ ഇഷ്ടവേഷം എന്താണ് എന്ന് ചോദിച്ചവരോടൊക്കെ അമ്മ പറഞ്ഞിരുന്ന ആദ്യത്തെ ഉത്തരം ദേവയാനിയുടെ വേഷമെന്നായിരുന്നു. അതേ! അവര്‍ ദേവയാനിയായിരുന്നു.. കഥയിലെ കചന് മാത്രമല്ല കഥകളി രംഗത്തേക്ക് കലാകേരളത്തിലെ സ്ത്രീകള്‍ക്കാകെ മൃതസഞ്ജീവനി നല്‍കിയ ദേവയാനി. 2019 ഫെബ്രുവരി 7ന് എഴുപത്തിയഞ്ചാം വയസ്സില്‍ അവര്‍ അരങ്ങൊഴിയുമ്പോള്‍ അഞ്ചുപതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന അവരുടെ കഥകളിലോകം ആസ്വാദകലോകത്തിന് ആവേശത്തോടെയല്ലാതെ ഒരിക്കലും ഓര്‍ക്കാന്‍ കഴിയില്ല!

കഥകളിയുടെ ഭൂമി ഇന്ന് പുരുഷന്മാരുടേത് മാത്രമല്ല. വേഷം കെട്ടാനും കൊട്ടാനും പാടാനും അങ്ങനെ അരങ്ങിലും അണിയറയിലും സ്ത്രീകളുടെ ശക്തമായ സാന്നിദ്ധ്യമുണ്ട്. പ്രതിഭ തെളിയിച്ച അനേകം സ്ത്രീകള്‍ സ്വദേശികളും വിദേശികള്‍ പോലും കഥകളിയെ ജീവിതത്തോട് ചേര്‍ത്ത് വച്ച് അഭിമാനത്തോടെ തങ്ങളുടെ കലാസപര്യ നടത്തുന്നുണ്ട്. എന്നാല്‍ നാലഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്വരെ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നില്ല. കഥകളിയുടെ അരങ്ങിലേക്കല്ല കാഴ്ചക്കാരായി ഇരിക്കാന്‍പോലും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. പുരുഷാധിപത്യവും സവര്‍ണ്ണ മേല്‍ക്കോയ്മയുമൊക്കെ അതിന്റെ എല്ലാ കരുത്തോടും കഥകളിയെ അടക്കിവാണിരുന്ന ലോകത്തേക്കാണ് ചവറ പാറുക്കുട്ടിയമ്മ കടന്നുവരുന്നത്. കഥകളിയിലെ സ്ത്രീവേഷങ്ങള്‍പോലും ആണുങ്ങള്‍ കെട്ടിയാലേ നന്നാവൂ എന്ന പാരമ്പര്യവാദത്തിന്റെ പിറുപിറുക്കലുകളെ തന്റെ കഠിനാദ്ധ്വാനവും അര്‍പ്പണബോധവും കഴിവുംകൊണ്ട് നേരിട്ട് കഥകളി രംഗത്തെ ആദ്യ സ്ത്രീയായി അവര്‍ അരങ്ങുകള്‍ കീഴടക്കി. കഥകളിയിലെ ചുവന്ന താടിയുള്‍പ്പടെ എല്ലാ പ്രധാനവേഷങ്ങളും സ്തുത്യര്‍ഹമായി ചെയ്ത് കഥകളിക്ക് വേണ്ടി ജീവിച്ചു-മരിച്ച അപൂര്‍വ്വ പ്രതിഭയാണ് ചവറ പാറുക്കുട്ടിയമ്മ.

Read: ആണുങ്ങളുടെ മാത്രം കളിയരങ്ങിലേക്ക്.. പെണ്ണുകയറാമലയിലേക്ക് നിശ്ശങ്കം നടന്നു കയറിയ ഒരു ‘ആട്ടക്കാരി’

 

ആണുങ്ങളുടെ മാത്രം കളിയരങ്ങിലേക്ക്.. പെണ്ണുകയറാമലയിലേക്ക് നിശ്ശങ്കം നടന്നു കയറിയ ഒരു ‘ആട്ടക്കാരി’

ജീവിത സായാഹ്നത്തിലും, നളചരിതം ഒന്നാം ദിവസത്തിലെ ദമയന്തി വേഷം കെട്ടുമ്പോള്‍ പാറുക്കുട്ടിയമ്മയ്ക്ക് പതിനാറോ പതിനേഴോ വയസ്സേ തോന്നുകയുള്ളൂ എന്ന് കലാമണ്ഡലം ഗോപിയാശാന്‍ പറഞ്ഞത് സമാനതകളില്ലാത്ത അവരുടെ അഭിനയവിസ്മയത്തിന്റെയും കഥാപാത്രത്തെ എല്ലാ ഊര്‍ജ്ജത്തോടും നിറപ്പകിട്ടോടും ആവിഷ്‌കരിക്കാനുള്ള സൗന്ദര്യബോധത്തിന്റെയും സമര്‍പ്പണബുദ്ധിയുടേയും തെളിവായിരുന്നു. കൊല്ലം ജില്ലയില്‍ ചവറ ചെക്കാട്ടു കിഴക്കതില്‍ എന്‍. ശങ്കരന്‍ ആചാരിയുടേയും നാണിയമ്മയുടേയും മകള്‍ക്ക് കഥകളിയുടെ ലോകം തുറന്നുകൊടുത്തത് മുതുപിലക്കാട് ഗോപാലപ്പണിക്കരാശാനായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് നൃത്തം പഠിച്ചത് മാത്രമായിരുന്നു കൈമുതല്‍. പ്രീഡിഗ്രികാലത്ത് തുടങ്ങിയ കഥകളി അഭ്യാസം പിന്നീടങ്ങോണ്ട് കഥകളിയുടെകൂടി ചരിത്രമായി മാറി.

പൂതനാമോക്ഷത്തിലെ പൂതനായിട്ടായിരുന്നു അമ്മയുടെ അരങ്ങേറ്റം. പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളി യോഗത്തില്‍ പോരുവഴി ഗോപാലപ്പിള്ള ആശാന്റെ ശിഷ്യണത്തില്‍ പഠനം തുടര്‍ന്നുവന്ന അവരുടെ ജീവിതത്തിന്റെ വലിയ വഴിത്തിരിവ് കൊല്ലം ഉണ്ണിച്ചൊക്കന്‍ വീട് ക്ഷേത്രത്തില്‍ കഥകളി നടക്കുമ്പോള്‍ സുപ്രസിദ്ധ കഥകളി ആചാര്യന്‍ മാങ്കുളം വിഷ്ണു നമ്പൂതിരി പാറുക്കുട്ടിയമ്മയുടെ വേഷം കാണുവാനിടവന്നതാണ്. അവരുടെ അഭിനയ പാടവത്തില്‍ ആകൃഷ്ടനായ മാങ്കുളം തന്റെ കഥകളി വിദ്യാലയത്തിലേക്ക് പാറുക്കുട്ടിയമ്മയെ ക്ഷണിക്കുകയും ഒരുവിധപ്പെട്ട എല്ലാ സ്ത്രീവേഷങ്ങളും പാറുക്കുട്ടിയമ്മയെക്കൊണ്ട് ചൊല്ലിയാടിക്കുകയും ചെയ്തു. മാങ്കുളത്തോടൊപ്പമുള്ള ദേവയാനി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കഥകളിയിലെ ശരിക്കും സ്ത്രീ ദേവയാനിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ആസ്വാദനക്കുറിപ്പുകളും പാറുക്കുട്ടിയമ്മയുടെ പേരും പെരുമയും കലാലോകത്ത് അവരുടെ ഖ്യാതി വര്‍ദ്ധിപ്പിച്ചു.

കയ്യടക്കത്തോടെ അവര്‍ കെട്ടിയാടിയ ഓരോ വേഷവും അരങ്ങുകളിലും ആസ്വാദകഹൃദയങ്ങളിലും പ്രഖ്യാപിച്ചത് കഥകളിയുടെ സങ്കേതങ്ങള്‍ സ്ത്രീകള്‍ക്കും പ്രാപ്യമാണ് എന്നായിരുന്നു. ദേവയാനി, ദമയന്തി, പൂതന ലളിത, ഉര്‍വശി, കിര്‍മ്മീരവധം ലളിത, ചന്ദ്രിക, മലയത്തി, സതി, കുന്തി, പ്രഹ്ലാദന്‍, കൃഷ്ണന്‍ തുടങ്ങിയ ഒട്ടുമിക്ക വേഷങ്ങളും ചവറ പാറുക്കുട്ടിയമ്മയുടെ പ്രതിഭയില്‍ നിറഞ്ഞാടി. കഥകളി രംഗത്തെ മഹാചാര്യന്‍മാരോടൊപ്പം ചവറ പാറുക്കുട്ടി എന്ന പേരും പ്രാധാന്യം നേടി. ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, വാഴേങ്കട കുഞ്ചുനായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപ്പിള്ള, മങ്കൊമ്പ് ശിവശങ്കരപ്പിള്ള, മടവൂര്‍ വാസുദേവന്‍ നായര്‍, ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള തുടങ്ങി വിഖ്യാതനായ എല്ലാ ആചാര്യന്മാരോടൊപ്പവും പാറുക്കുട്ടിയമ്മ കഥകളിയാടി. കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലെ എന്നല്ല കഥകളിയുടെ ചരിത്രത്തിലെ തന്നെ ആദ്യ സ്ത്രീ എന്ന ഒരിക്കലും മായ്ക്കപ്പെടാത്ത ബഹുമതി പാറുക്കുട്ടിയമ്മയ്ക്കാണ്.

(ചവറ പാറുക്കുട്ടിയോടൊപ്പം ലേഖകൻ )

കഥകളി പഠനത്തിന് പെണ്‍കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ ഇപ്പോഴും മടിച്ചുനില്‍ക്കുന്ന കേരള കലാമണ്ഡലത്തോട് അത് തുറന്ന് ചോദിക്കുവാനും പാറുക്കുട്ടിയമ്മ മടിച്ചില്ല. കഥകളി പഠനത്തിന് മെയ്വഴക്കം വേണമെന്നും അതിനായി ഉഴിച്ചില്‍ ചെയ്യേണ്ടി വരുമെന്നതും അത് ആശാന്മാരാണ് ചെയ്യുന്നതെന്നുമാണ് കഥകളി പഠനത്തിന് പെണ്‍കുട്ടികളെ ഒഴിവാക്കാന്‍ കലാമണ്ഡലം പറയുന്ന ന്യായം. എന്നാല്‍ ഉഴിച്ചില്‍ ചെയ്യാനറിയുന്ന സ്ത്രീകള്‍ ധാരാളം ഉണ്ടെന്നിരിക്കെ അതിന്റെ പേരില്‍ പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തരുത് എന്നായിരുന്നു അമ്മ പറഞ്ഞത്.കൂടിയാട്ടത്തിനും ഓട്ടന്‍തുള്ളലിനുമൊന്നും പെണ്‍കുട്ടികള്‍ക്ക് കലാമണ്ഡലത്തില്‍ വിലക്കില്ലെന്നിരിക്കെ കഥകളിയില്‍ മാത്രം വിവേചനമെന്തുകൊണ്ട് എന്നായിരുന്നു പാറുക്കുട്ടിയമ്മ ചോദിച്ചത്.

അത് ഉറക്കെ ചോദിയ്ക്കാന്‍ സ്ത്രീയെന്ന നിലയില്‍ കഥകളി രംഗത്ത് കഴിവ് തെളിയിച്ച് കേരള കലാമണ്ഡലത്തിന്റെ കലാരത്‌ന പുരസ്‌കാരം ഉള്‍പ്പടെ നേടിയ അമ്മയേക്കാള്‍ ആര്‍ക്കാണ് അര്‍ഹതയും. കലാമണ്ഡലത്തിന് പുറത്ത് അനേകം കഥകളി വിദ്യാലയങ്ങളില്‍ എത്രയോ പെണ്‍കുട്ടികള്‍ ഇന്ന് കഥകളി പഠിക്കുന്നുണ്ട്.കഥകളി രംഗത്ത് അവരുടെ കരുത്തും പ്രചോദനവും ചവറ പാറുക്കുട്ടിയമ്മയാണ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.

പുരുഷന്മാര്‍ കയ്യടക്കിയിരുന്ന ഒരു കലാരംഗത്തേക്ക് ധീരമായി കടന്നുവന്ന ആദ്യത്തെ സ്ത്രീ, കാലത്തിന്റെ ശ്രമകരമായ എത്രയോ കടമ്പകള്‍ കടന്ന് സ്വായത്തമാക്കിയ അഭിനയ പാടവംകൊണ്ട് തന്റേതായ സ്ഥാനമുറപ്പിച്ച് ലോകപ്രസിദ്ധി നേടിയ ഈ കലാകാരിക്ക് ഒരു സിവിലിയന്‍ ബഹുമതി കൊടുക്കാന്‍ നമ്മുടെ രാജ്യം എന്തുകൊണ്ട് മറന്നുപോയി എന്ന് ദുഃഖത്തോടെ ഓര്‍ക്കാതെ വയ്യ! സ്ഥാപിത താല്പര്യങ്ങളും സ്തുതിപാഠകരും സിവിലിയന്‍ അവാര്‍ഡുകളുടെ സമവാക്യങ്ങള്‍ നിര്‍മ്മിക്കുന്ന ലോകത്ത് ഈ അമ്മ തഴയപ്പെട്ടത് അത്ഭുതവുമല്ല! എന്തായാലും ചവറ പാറുക്കുട്ടി എന്ന അനശ്വരനാമം കഥകളിയുടെ ചരിത്രത്തോടൊപ്പം എഴുതപ്പെട്ടു കഴിഞ്ഞു. കഥകളിയുടെ അരങ്ങും ആസ്വാദകലോകവും ഉള്ള നാള്‍ വരെ പാറുക്കുട്ടിയമ്മ ഓര്‍മ്മിക്കപ്പെടും. അനവധിയനവധി വേദികളില്‍ വേഷങ്ങളില്‍ അമ്മ പകര്‍ന്നാടിയ ഭാവപ്പകര്‍ച്ചകള്‍ കഥകളി പ്രേമികള്‍ മറക്കുകയില്ല. കൃതഹസ്തയായ ആ കലാകാരിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പ്രണാമം

രജീഷ് പാലവിള

രജീഷ് പാലവിള

എഴുത്തുകാരന്‍, കവി, വിവര്‍ത്തകന്‍, യാത്രികന്‍, രാഷ്ട്രീയ നിരീക്ഷകന്‍. കൊല്ലം സ്വദേശി. 2014 മുതല്‍ തായ്‌ലാന്‍ഡില്‍ ജോലി ചെയ്യുന്നു. Websites: http://vedhandam.blogspot.com/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍