UPDATES

ട്രെന്‍ഡിങ്ങ്

കൗസല്യ, നീനു, അമൃത വര്‍ഷിണി; ദുരഭിമാന ഇന്ത്യയെ ചോദ്യം ചെയ്യുന്ന മൂന്നു പെണ്‍പോരാളികള്‍

ജാതിയെന്ന ഒരേ ശത്രുവിനാല്‍ മുറിവേറ്റവരാണ് ഈ മൂവരും

ശങ്കര്‍, പ്രണോയി, കെവിന്‍; ജാതിയതയിലൂന്നി നില്‍ക്കുന്ന ദുരഭിമാന ഇന്ത്യ കൊന്നു തള്ളിയ മൂന്നു പുരുഷന്മാര്‍. എന്നാല്‍ അതേ ജാതിവെറിയെ ചോദ്യം ചെയ്യാന്‍ മൂന്നു സ്ത്രീകളെ ബാക്കി നിര്‍ത്തിയാണ് ശങ്കറും പ്രണോയിയും കെവിനും പോയത്. ആ സ്ത്രീകളാണ് കൗസല്യയും നീനുവും അമൃത വര്‍ഷിണിയും. ഈ മൂന്നു പേരുകളും പെണ്‍പോരാട്ടത്തിന്റെ ചരിത്രത്താളുകളാണ്. ജാതിയെന്ന ഒരേ ശത്രുവിനാല്‍ മുറിവേറ്റവരാണ് മൂവരും. എന്നാല്‍ തങ്ങളെ തോല്‍പ്പിക്കാന്‍ നോക്കിയവരെ ജീവിതം കൊണ്ട് തിരിച്ചു തോല്‍പ്പിക്കുകയാണ് കൗസല്യയും നീനുവും അമൃതയും. കൊല്ലാം, പക്ഷേ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന വാചകം ഇവരോളം മാറ്റാര്‍ക്കു ചേരും!

നാം ഒരിക്കലും മറന്നു പോകരുതാത്തവരാണ് കൗസല്യയും നീനുവും അമൃതയും. മനുഷ്യന്‍ അവനവനില്‍ തന്നെ തരംതിരിക്കപ്പെടുന്ന ദുഷിച്ച വ്യവസ്ഥിതി അവസാനിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മൂന്നു പെണ്ണുങ്ങളോളം ആവേശം മറ്റൊന്നിനാലും കിട്ടില്ല.

കെവിന്‍ വധക്കേസിന്റെ പ്രാഥമിക വാദം ഇന്നാരംഭിക്കേ നീതുവിനൊപ്പം കൗസല്യയേയും അമൃതയേയും കൂടി നമുക്ക് ഒരിക്കല്‍ കൂടി വായിക്കാം.

കൗസല്യ
2016ലാണ് കൗസല്യയുടെ ഭര്‍ത്താവായ ശങ്കര്‍ കൊല്ലപ്പെടുന്നത്. തേവര്‍ ജാതിക്കാരിയായ കൗസല്യയെ ദളിതനായ ശങ്കര്‍ വിവാഹം ചെയ്തതിന്റെ പേരിലായിരുന്നു കൊല. ഉദുമല്‍പേട്ട ടൌണില്‍ വച്ച് ഒരു ഞയറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കൗസല്യയുടെ വീട്ടുകാരുടെ നിര്‍ദേശപ്രകാരമാണ് ശങ്കറിനെ വെട്ടിക്കൊല്ലുന്നത്. ടൗണിലുള്ള ഷോപ്പില്‍ നിന്നും സാമഗ്രികള്‍ വാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് ബൈക്കിലെത്തിയ മൂന്നു പേര്‍ ശങ്കറിനെയും കൗസല്യയേയും വെട്ടിയത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ ശങ്കര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിന് മുന്‍പു തന്നെ മരണപ്പെട്ടിരുന്നു. തലയ്ക്ക് വെട്ടേറ്റ കൌസല്യ അപകടനില തരണം ചെയ്തു.

കൊലയ്ക്ക് കാരണം
ജാതി തന്നെയാണ് ആ ക്രൂരമായ കൊലപാതകത്തിനും കാരണം. ദളിതനായിരുന്നു ശങ്കര്‍. കൗസല്യ തേവര്‍ സമുദായംഗവും. പൊള്ളാച്ചിയിലെ എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥികളായിരുന്ന സമയത്താണ് പ്രണയത്തിലാകുന്നത്. കൊല്ലപ്പെടുന്നതിനു എട്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ വിവാഹത്തെ കൗസല്യയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു.അത് വകവയ്ക്കാതെയാണ് കൗസല്യ ശങ്കറിനെ വിവാഹം കഴിച്ചതും. വിവാഹശേഷവും കൗസല്യയോട് തിരികെ വീട്ടിലേക്കു വരാന്‍ പിതാവ് നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഇതു കാണിച്ച് കൗസല്യ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ‘ അഭിമാനം’രക്ഷിക്കാന്‍ സ്വപിതാവ് തന്നെ മകളെയും മരുമകനെയും കൊല്ലാന്‍ തീരുമാനിച്ചത്.

ശങ്കര്‍ കൊല്ലപ്പെടുമ്പോള്‍ കൗസല്യക്ക് 19 വയസ്സാണ് പ്രായം. ആ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി ഇത്തരമൊരു ദുരന്തം നേരിടാനാവാതെ തളര്‍ന്നു പോകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, വീണിടത്തു നിന്നും പൊരുതി മുന്നേറുകയായിരുന്നു അവള്‍. ശങ്കറിന്റെ മരണത്തിനുശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ച് ജാതിദുരഭിമാനത്തിനെതിരെ പോരാട്ടം തുടങ്ങി. രാജ്യത്ത് മിശ്രവിവാഹിതര്‍ക്കു വേണ്ടി നിയമം കൊണ്ടുവരണമെന്നത് അടക്കമുള്ള ആവശ്യങ്ങളുമായാണ് കൗസല്യ തന്റെ സമരങ്ങള്‍ തുടങ്ങിയത്. അതിനൊപ്പം തന്റെ ഭര്‍്ത്താവിനെ കൊന്നവര്‍ക്കെതിരേ നിയമ പോരാട്ടവും. അതിലവള്‍ വിജയവും കണ്ടു. മരുമകനെ കൊലപ്പെടുത്തിയ കേസില്‍ കൗസല്യയുടെ അച്ഛന്‍ ചിന്നസ്വാമിക്ക് തിരുപ്പൂര്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. രണ്ടാംപ്രതിയായിരുന്ന കൗസല്യയുടെ മാതാവിനെ കോടതി വെറുതെ വിട്ടു. കോടതി വിധി തനിക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിപ്പിച്ചെന്നും ജാതിവെറിയന്മാര്‍ക്ക് ഈ വിധിയൊരു താക്കീതാണെന്നും കൗസല്യ പ്രതികരിക്കുകയുണ്ടായി.

ഇപ്പോള്‍ ശങ്കറിന്റെ വീട്ടുകാരുടെ കാര്‍മികത്വത്തില്‍ കൗസല്യ വിവാഹിതയായിരിക്കുകയാണ്. വന്‍ പറമേള കലാകാരന്‍ ശക്തിയെയാണ് വിവാഹം ചെയ്തത്. സാമൂഹ്യ പ്രശന്ങ്ങളില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് കൗസല്യ. തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴഗം അടക്കമുള്ള സംഘടനകളുമായി കൗസല്യ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നീലഗിരിയിലെ കൂനൂരിന് സമീപം പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തില്‍ ജൂനിയര്‍ അസിസ്റ്റന്റ് ആയി ജോലി നോക്കി വന്നിരുന്ന കൗസല്യയെ ഇന്ത്യ വിരുദ്ധ പ്രസ്താവനയുടെ പേരില്‍ ജോലിയില്‍ നിന്നും കഴിഞ്ഞ ദിവസം പിരിച്ചു വിട്ടു.

അമൃത വര്‍ഷിണി
കഴിഞ്ഞ സെപ്തംബറില്‍ ഹൈദരാബാദില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ നല്‍ഗൊണ്ട ജില്ലയിലെ മിര്യാലഗുവിലെ ഒരു ആശുപത്രിയില്‍ നിന്നും ഗര്‍ഭണിയായ അമൃത ചെക്ക് അപ്പ് കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു 23 വയസുള്ള അവളുടെ ഭര്‍ത്താവ് പ്രണോയിയെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. ബിഹാറില്‍ നിന്നുള്ള വാടക കൊലയാളികളായിരുന്നു പ്രണോയിയെ കൊലപ്പെടുത്തിയത്. സ്വന്തം കണ്‍മുന്നില്‍ അവള്‍ക്ക് ആ കാഴ്ച്ച കാണേണ്ടി വന്നു. വിവാഹം കഴിഞ്ഞ് ആറാംമാസത്തിലാണ് 21 കാരിയായ അമൃതയ്ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെടുന്നത്.

കൊലയ്ക്ക് കാരണം
ഇവിടെയും ആ കാരണം ജാതി തന്നെ. സവര്‍ണ ജാതിക്കാരിയായിരുന്നു അമൃതയെങ്കില്‍ പ്രണോയി ദളിത് വിഭാഗക്കാരനായിരുന്നു. പക്ഷേ ഇരുവരും പ്രണയിക്കുകയും ജീവിതം ഒന്നിച്ചു കൊണ്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്തു. എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു പ്രണോയി. ജാതികൊണ്ടും സമ്പത്തുകൊണ്ടും ‘ ഉയര്‍ന്നവന്‍’ എന്നു ധരിച്ചുവച്ചിരിക്കുന്ന അമൃതയുടെ പിതാവ് ടി മാരുതി റാവു, തനിക്കുണ്ടായ അഭിമാനക്ഷതം മായ്ക്കാനായിരുന്നു കോടികള്‍ കൊടുത്തു വാടക കൊലയാളികളെ കൊണ്ടുവന്നു മകളുടെ ഭര്‍ത്താവിനെ അരുംകൊല ചെയ്യിച്ചത്.

21 കാരിയായ ഒരു പെണ്‍കുട്ടി, ഗര്‍ഭണിയും. ഭര്‍ത്താവ് അരും കൊല ചെയ്യപ്പെട്ടു. എതിര്‍ഭാഗത്ത് നില്‍ക്കുന്നത് കോടീശ്വരനും മുന്തിയ രാഷ്ട്രീയ സ്വാധീനമുള്ളവനുമായ പിതാവും ബന്ധുക്കളും. പക്ഷേ അമൃത വര്‍ഷിണി തോറ്റില്ല. പ്രണോയ്ക്ക് നീതി ലഭിക്കാന്‍ ആവള്‍ പോരാട്ടം തുടങ്ങി. ഒപ്പം ജാതീയതയ്‌ക്കെതിരേയും. ആ പോരാട്ടങ്ങളെ ഏകോപിപ്പിക്കാനുമായി ‘ജസ്റ്റിസ് ഫോര്‍ പ്രണോയ്’എന്ന പേരില്‍ അമൃത ഒരു ഫേസ്ബുക്ക് പേജ്/ഗ്രൂപ്പ് തുടങ്ങി. തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ അച്ഛനെതിരെ ക്യാമ്പെയിന്‍ നടത്തുന്നു. ‘താന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അമ്മ മറ്റ് ജാതികളിലുള്ള കുട്ടികളോട് സംസാരിക്കാനോ കൂട്ടുകൂടാനോ സമ്മതിക്കാറില്ലായിരുന്നു. പ്രണോയിയുടെ കാര്യം വീട്ടില്‍ അറിഞ്ഞപ്പോഴും അവര്‍ ശക്തമായി എതിര്‍ത്തു. പക്ഷെ, അവന്റെ ജാതി ഏതാണെന്നോ, കുടുംബത്തിന് എത്ര പണമുണ്ടെന്നോ ഒന്നും ഞാന്‍ നോക്കിയില്ലായിരുന്നു. ഞങ്ങള്‍ക്ക് പരസ്പരം ഒരുപാടിഷ്ടമായിരുന്നു. അത് മതിയായിരുന്നു.’ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ദുരഭിമാനക്കൊലപാതകങ്ങളെ കുറിച്ചുള്ള ബിബിസി റിപ്പോര്‍ട്ടിലെ അമൃതയുടെ വാക്കുകളാണിവ.

അമൃത തന്റെ കുഞ്ഞിനു ജന്മം നല്‍കി. എന്ത് സംഭവിച്ചാലും കുഞ്ഞിനെ വളര്‍ത്തുമെന്നും അച്ഛന്‍ ഉള്‍പ്പെടെ ജാതിഭ്രാന്ത് പിടിച്ചവര്‍ അഴിയെണ്ണുന്നത് തനിക്ക് കാണണമെന്നുമാണ് അമൃത പറയുന്നത്. അവള്‍ പോരാട്ടം തുടരുകയാണ്. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരെ തിരിച്ചു തോല്‍പ്പിച്ചു കൊണ്ട്.

നീനു
കഴിഞ്ഞ വര്‍ഷം മേയിലാണ് നീതുവിന്റെ ഭര്‍ത്താവ് കെവിനെ രാത്രി ഒരു മണിയോടെ നീനുവിന്റെ സഹോദരന്‍ ഷാനുവും സംഘവും ചേര്‍ന്നു തട്ടിക്കൊണ്ടു പോവുകയും ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. കോട്ടയം മാന്നാനത്തെ ബന്ധു വീട്ടില്‍ നിന്നാണ് നീതുവിനെ തിരക്കിയെത്തിയ സഹോദരനും സംഘവും. വാതില്‍ തല്ലിപ്പൊളിച്ച് അകത്ത് കടന്നു കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണിപ്പെടുത്തി കെവിനെ തട്ടിക്കൊണ്ടു പോകുന്നത്. കെവിനെ കാണാനില്ലെന്ന പരാതിയുമായി വീതു പൊലീസിനെ സമീപിച്ചെങ്കിലും അവര്‍ ആദ്യം അനങ്ങിയില്ല. തുടര്‍ന്ന് ആ പെണ്‍കുട്ടി സ്റ്റേഷനില്‍ കുത്തിയിരിക്കുകയും വിഷയം മാധ്യമശ്രദ്ധയില്‍ വരികയും ചെയ്തതോടെയാണ് കെവിനു വേണ്ടിയുള്ള അന്വേഷണം തുടങ്ങുന്നത്. വളരെ വൈകിയാരംഭിച്ച ആ ആന്വേഷണത്തിനൊടുവിലാണ് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തുന്നത്.

കൊലയ്ക്ക് കാരണം
ജാതി തന്നെ. തെന്മല സ്വദേശിയായ നീനു കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയായ കെവിനെ പരിചയപ്പെടുന്നത് ഒരു കൂട്ടുകാരി വഴിയാണ്; മൂന്ന് വര്‍ഷം മുമ്പ്. പിന്നീട് പരിചയം പ്രണയമായി. ഇരുവരുടെയും ബന്ധം വീട്ടുകാരറിഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. നീനുവിനെ കെവിനുമായുള്ള ബന്ധത്തില്‍ നിന്ന് വേര്‍പെടുത്താന്‍ വീട്ടുകാര്‍ കിണഞ്ഞ് പരിശ്രമിച്ചു. കെവിന്റേത് ക്രിസ്തുമതം സ്വീകരിച്ച ഹിന്ദു ചേരമര്‍ കുടുംബമാണ്. മിശ്രവിവാഹിതരുടെ കുടുംബമായിട്ടുകൂടി ഈ ബന്ധം അംഗീകരിക്കാതിരിക്കാന്‍ നീനുവിന്റെ കുടുംബക്കാര്‍ തയ്യാറായില്ല. തങ്ങളെ ഒന്നുചേരാന്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്നു മനസിലായപ്പോള്‍ നീനു കെവിനൊപ്പം ഇറങ്ങിപ്പോയി. ഒരുമിച്ച് ജീവിക്കാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു പക മൂത്തവര്‍ കെവിനെ കൊടുംക്രൂരതയ്ക്ക് വിധേയരാക്കി മകളെ തോല്‍പ്പിക്കാന്‍ നോക്കിയത്. ഒരുമിച്ചുള്ള ജീവിതം നെയ്‌തെടുക്കാന്‍ സ്വപ്‌നം കണ്ടവരില്‍ ഒരാളെ ദുരഭിമാനത്തിന്റെ പേരില്‍ സ്വന്തം കുടുംബം തന്നെ കൊന്നു കളഞ്ഞപ്പോള്‍ തകര്‍ന്നുപോയെങ്കിലും പിടിച്ചു നിന്നു നീനു. അവള്‍ കെവിന്റെ വീട്ടില്‍ തന്നെ ജീവിതം തുടര്‍ന്നു. കരഞ്ഞു തളര്‍ന്നിരിക്കാന്‍ തയ്യറായില്ല. കെവിന്റെ മാതാപിതാക്കളെ സംരക്ഷിക്കണം. കെവിന്റെ ഭാര്യയായി തന്നെ നിന്നു, അവന്റെ അച്ഛനുമമ്മയ്ക്കും മകളായി നിന്ന് ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ തീരുമാനിച്ചു. ഒപ്പം പഠനവും. ജാതിവെറി കൊലയാളികളാക്കിയ തന്റെ മാതാപിതാക്കളോടും സഹോദരനും ക്ഷമിക്കാനും അവള്‍ തയ്യറായില്ല. ക്രൂരതയ്ക്ക് ശിക്ഷ കിട്ടണമെന്നു തന്നെയാണവള്‍ ഉറപ്പിച്ചിരിക്കുന്നത്.

വീട്ടില്‍ ട്യൂഷന്‍ എടുക്കുന്നുണ്ട്. ഡിഗ്രി ആറാം സെമസ്റ്ററാണിപ്പോള്‍. അതു പൂര്‍ത്തിയാക്കിയശേഷം ഉപരിപഠനത്തിനു പോകണം. കേന്ദ്ര സര്‍വകലാശാലകളില്‍ എവിടെയെങ്കിലും എംഎസ് സി ജിയോളജിക്ക് ചേരണം എന്നാണ് ആഗ്രഹം. പഠിച്ച് ജോലി വാങ്ങണം. കെവിന്റെ പപ്പയേയും മമ്മിയേയും നല്ലതുപോലെ സംരക്ഷിക്കണം. സധൈര്യം അവള്‍ മുന്നോട്ടു പോവുകയാണ്. ഇപ്പോള്‍ കെവിന്റെ കേസ് തുടങ്ങിയിരിക്കുന്നു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും അവള്‍ ആഗ്രഹിക്കുന്നു.

കൗസല്യയേയും നീനുവിനെയും അമൃത വര്‍ഷിണിയേയും കുറിച്ചുള്ള ഹ്രസ്വവിവരണം മാത്രമാണിത്. എത്രയോ ആഴമാണ് ഈ മൂന്നു സ്ത്രീകളുടെയും ജീവിതത്തിന്. ഈ രാജ്യത്തിന്റെ ദുഷിച്ച മനഃസ്ഥിതിയെ ചോദ്യം ചെയ്യാന്‍ തക്ക കരുത്തില്‍ ഈ മൂന്നു സ്ത്രീകളും അവരുടെ ജീവിതവുമായി മുന്നോട്ടു വരുമ്പോള്‍ ഇവരെ കൂടുതല്‍ അറിയുന്നത് സമകാലീന ഇന്ത്യയെ കൂടി അറിയുന്നതാവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍