UPDATES

ട്രെന്‍ഡിങ്ങ്

സാത്താന്‍ സേവ, വൈരാഗ്യം, ഇപ്പോള്‍ മനോരോഗവും; നാലു പേരെ കൊലപ്പെടുത്തിയ കേദലിന്റെ മൊഴിമാറ്റങ്ങള്‍

കേദല്‍ മാനസിക രോഗിയാണെന്നും സ്‌ക്രീസോഫീനിയ ഉള്ള ഇയാളെ വിചാരണ ചെയ്യാനാകില്ലെന്നും ഇന്ന് മെഡിക്കല്‍ ബോര്‍ഡ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി

ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പത് ശനിയാഴ്ച രാവിലെ കേരളം ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖര്‍ താമസിക്കുന്ന നന്തന്‍കോട് ഒരു കൂട്ടക്കൊല നടന്നിരിക്കുന്നു. തലേന്ന് രാത്രി പതിനൊന്ന് മണിയോടെ ക്ലിഫ് ഹൗസിന് സമീപത്ത് ഡോ. ജീന്‍ പത്മയുടെ വീട്ടില്‍ തീപിടിച്ചെന്നും ഡോക്ടറും ഭര്‍ത്താവ് പ്രൊഫ. രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവര്‍ വെന്തു മരിച്ചെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കത്തി നശിച്ച നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമാണെന്ന് കണ്ടെത്തിയതോടെയാണ് നടന്നിരിക്കുന്നത് കൂട്ടക്കൊലപാതകമാണെന്ന് വ്യക്തമായത്.

രാവിലെയോടെ കേദല്‍ ജിന്‍സണ്‍ രാജ് എന്ന ഇവരുടെ മകന്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ വൃദ്ധയെയും കൊലപ്പെടുത്തി ഒളിവില്‍ പോയി എന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. മൃതദേഹങ്ങള്‍ക്ക് സമീപത്തു നിന്നും കേദലിന്റെ രൂപത്തിലുള്ള ഡമ്മി പാതി കത്തിയ നിലയില്‍ കണ്ടെത്തിയതോടെയാണ് ഇയാളാണ് കൊലയാളിയെന്ന നിഗമനത്തില്‍ പോലീസെത്തിയത്. തുടര്‍ന്ന് പോലീസ് ഇയാളുടെ ചിത്രം സഹിതമുള്ള ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. പത്താം തിയതി തന്നെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇയാളെ പിടികൂടാനും പോലീസിന് സാധിച്ചു. കേദല്‍ മാനസിക രോഗിയാണെന്നും സ്‌ക്രീസോഫീനിയ ഉള്ള ഇയാളെ വിചാരണ ചെയ്യാനാകില്ലെന്നും ഇന്ന് മെഡിക്കല്‍ ബോര്‍ഡ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതോടെ ഇയാളെ വിചാരണ ചെയ്യാനാകില്ലാത്ത സാഹചര്യമാണ് വന്നിരിക്കുന്നത്.

കേസിന്റെ തുടക്കം മുതലേ കേദലിനെക്കുറിച്ച് നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്.

കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക് അടിമ
എല്ലാവരെയും കൊലപ്പെടുത്തിയത് കേദലാണെന്ന് വ്യക്തമായെങ്കിലും ഈ കൂട്ടക്കൊലപാതകത്തിന്റെ കാരണമാണ് പോലീസിനെ അന്നും ഇന്നും അലട്ടുന്നത്. നാട്ടുകാരുമായി സമ്പര്‍ക്കമില്ലാതെ ജീവിക്കുന്ന കേദലിനെക്കുറിച്ച് അധികമാര്‍ക്കും ഒന്നും അറിയുമായിരുന്നില്ല. ആദ്യം ഫിലിപ്പൈന്‍സില്‍ എംബിബിഎസ് പഠിക്കാന്‍ ചേര്‍ന്നെങ്കിലും ഇയാള്‍ അത് പൂര്‍ത്തിയാക്കിയിരുന്നില്ല. കമ്പ്യൂട്ടര്‍ പ്രോഗ്രാം മേഖലയില്‍ പഠനം നടത്തിയ ഇയാള്‍ ഗെയിം സോഫ്റ്റ്‌വെയര്‍ ഡെവലപ്പറായി കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് പിന്നീട് അറിഞ്ഞു.

ഓസ്‌ട്രേലിയയിലായിരുന്ന ഇയാള്‍ ഏതാനും വര്‍ഷം മുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. കേദല്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഗെയിം സെര്‍ച്ച് എന്‍ജിന് ഓസ്‌ട്രേലിയയില്‍ നിന്നും പേറ്റന്റുണ്ടെന്നും ആ വകയില്‍ നല്ല റോയല്‍റ്റി തുക ഇയാള്‍ക്ക് ലഭിക്കുന്നുണ്ടെന്നും വീടുമായി അടുത്ത ബന്ധമുള്ളവര്‍ പോലീസിനെ അറിയിച്ചു. കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ ആസക്തനായ ഇയാള്‍ ദിവസങ്ങളോളം കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ തന്നെയാണ് കഴിച്ചു കൂട്ടുന്നതെന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ഇതോടെ ഇയാളുടെ മനോനിലയെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നു.

സാത്താന്‍ സേവയും ആസ്ട്രല്‍ പ്രൊജക്ഷനും
അറസ്റ്റിലായ ശേഷം കേദല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പോലും അമ്പരപ്പോടെയാണ് കേട്ടത്. സാത്താന്‍ സേവയുടെ ഭാഗമായാണ് താന്‍ എല്ലാവരെയും കൊന്നതെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. ഓസ്‌ട്രേലിയയില്‍ വച്ച് താന്‍ സാത്താന്‍ സേവയില്‍ വിശ്വസിക്കാന്‍ തുടങ്ങിയെന്നും നാട്ടില്‍ മടങ്ങിയെത്തിയ ശേഷവും അതു തുടരുന്നുവെന്നുമാണ് ഇയാള്‍ ആദ്യം പറഞ്ഞത്. ശരീരത്തെ ആത്മാവില്‍ നിന്നും വേര്‍പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ നടത്താനാണ് താന്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ മൊഴി നല്‍കി. മറ്റുള്ളവരുടെ ജീവന്‍ കൊടുത്ത് സ്വന്തം ആത്മാവിനെ മോചിപ്പിക്കാനായിരുന്നു തന്റെ പദ്ധതിയെന്ന് ഇയാള്‍ വെളിപ്പെടുത്തിയപ്പോള്‍ അന്വേഷണ സംഘം തന്നെ ആശയക്കുഴപ്പത്തിലായി.

ഇതോടെ ഇയാള്‍ മാനസിക രോഗിയാണെന്ന നിഗമനത്തില്‍ തന്നെ അന്വേഷണ സംഘം എത്തിച്ചേര്‍ന്നു. പത്ത് വര്‍ഷമായി താന്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ പരിശീലിക്കുന്നതായും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റിലൂടെയാണ് താന്‍ ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ച് അറിഞ്ഞതെന്നും കേദല്‍ പറഞ്ഞു. തുടര്‍ന്ന് ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ചും നിരവധി കഥകള്‍ പുറത്തുവരാന്‍ തുടങ്ങി. ഉന്മാദാവസ്ഥയില്‍ തന്റെ ആത്മാവാണ് കൂട്ടക്കൊല നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. ഇതോടെ ഇയാളുടെ മാനസിക നിലയില്‍ സംശയം തോന്നിയ അന്വേഷണ സംഘം മനോരോഗ വിദഗ്ധന്റെ സഹായത്തോടെ ഇയാളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.

ആത്മാക്കളാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും തനിക്കൊന്നും ഓര്‍മ്മയില്ലെന്നും ചോദ്യം ചെയ്യലിന്റെ ഒരുഘട്ടത്തില്‍ ഇയാള്‍ പറഞ്ഞു. ആഭിചാരക്രിയകളെയും ദുര്‍മന്ത്രവാദത്തെയും കുറിച്ചുള്ള വെബ്‌സൈറ്റുകളിലും ഇയാള്‍ ആകൃഷ്ടരായിരുന്നുവെന്ന് മനോരോഗ വിദഗ്ധന്റെ സഹായത്തോടെയുള്ള ചോദ്യം ചെയ്യലില്‍ വ്യക്തമായി. താന്‍ തയ്യാറാക്കിയ പുതിയ വീഡിയോ ഗെയിം കാണിക്കാനെന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകള്‍ നിലയിലെ മുറിയിലേക്ക് വിളിച്ചു വരുത്തിയ എല്ലാവരെയും പിന്നില്‍ നിന്നും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നും ആദ്യം അച്ഛനെയാണ് കൊന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി. അതോടെ കേരള സമൂഹം ഞെട്ടലോടെ മാത്രം ഈ കേസിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.

വീണ്ടും മൊഴിമാറ്റല്‍: വൈരാഗ്യം മൂലമെന്ന് കേദല്‍
അതേസമയം പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത് കേദല്‍ അവസാനിപ്പിച്ചില്ല. ചോദ്യം ചെയ്യലിനിടെ പല തവണ മൊഴിമാറ്റുന്ന ഇയാളുടെ രീതികള്‍ പോലീസിന് തലവേദനയായി. ആസ്ട്രല്‍ പ്രൊജക്ഷനും സാത്താന്‍ സേവയുമെല്ലാം കെട്ടുകഥയാണെന്ന നിഗമനത്തിലാണ് പോലീസ് പിന്നീടെത്തിയത്. വൈരാഗ്യം കൊണ്ടാണ് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ മൊഴി നല്‍കി. വീട്ടില്‍ നേരിടുന്ന അവഗണനയാണ് വൈരാഗ്യത്തിന് കാരണമെന്നായിരുന്നു ഈ മൊഴിയില്‍ പറഞ്ഞത്. താന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന് അമ്മ കുറ്റപ്പെടുത്തിയിരുന്നെന്നും ജോലിയ്ക്ക് പോകാത്തത് സംബന്ധിച്ച് അച്ഛനുമായി നിരന്തരം തര്‍ക്കമുണ്ടാകുമായിരുന്നെന്നും ഇയാള്‍ വെളിപ്പെടുത്തി.

ആദ്യം അച്ഛനെ മാത്രം കൊല്ലാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റിയെന്നും ഇയാള്‍ അറിയിച്ചു. അന്ധയും വൃദ്ധയുമായ ബന്ധു അനാഥയാകാതിരിക്കാന്‍ അവരെയും കൊലപ്പെടുത്തിയെന്നും കേദല്‍ പറഞ്ഞു. ഇതോടെ ഈ പറയുന്നതാണോ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണമെന്ന് പോലീസ് സംശയിക്കാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ ഇയാള്‍ വീണ്ടും മൊഴി മാറ്റി. അച്ഛന്റെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായി പിന്നീടുള്ള മൊഴി.

കൊലപാതകത്തിലെ പങ്കാളി
അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ കൊലപാതകത്തിന് കേദലിന് ഒരു സഹായി ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് ഇതേക്കുറിച്ച് യാതൊരു തെളിവുകളും കിട്ടിയില്ല. മൃതദേഹങ്ങള്‍ കത്തിക്കാനായി പെട്രോള്‍ വാങ്ങാന്‍ കേദലിനൊപ്പം മറ്റൊരാളും എത്തിയിരുന്നെന്ന് പെട്രോള്‍ പമ്പ് ജീവനക്കാരനാണ് മൊഴി നല്‍കിയത്. എന്നാല്‍ കേദലില്‍ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ ഇങ്ങനെയൊരാളെക്കുറിച്ച് പോലീസിന് യാതൊരു വിവരവും ലഭിച്ചില്ല.

കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട കേദല്‍ അവിടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെത്തിയും പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. രാസപരിശോധനയുടെ ഫലം ലഭിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും കേദലിന്റെ മൊഴി മാറ്റല്‍ തന്നെയാണ് അവരെ എപ്പോഴും ആശയക്കുഴപ്പത്തിലാക്കുന്നത്. ഇതിനിടെ സബ്ജയിലില്‍ വച്ച് സഹതടവുകാരനെ ഇയാള്‍ മര്‍ദ്ദിച്ച് അവശനാക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ ഊളമ്പാറ മാനസികരോഗ ആശുപത്രിയിലേക്ക് ഇയാളെ മാറ്റി. മാനസിക രോഗിയാണെന്നും അല്ല കൊടുംക്രിമിനാണെന്നുമുള്ള പോലീസിന്റെ സംശയങ്ങള്‍ തുടരുകയും ചെയ്തു.

കേദലിന്റെ മൊഴികള്‍ തന്നെയാണ് ഇയാള്‍ കൊടുംക്രിമനലാണെന്ന് പോലീസിനെക്കൊണ്ട് ചിന്തിപ്പിച്ചത്. കൊലപാതകങ്ങള്‍ക്ക് ശേഷവും ഇയാള്‍ അഞ്ച് പേര്‍ക്കായാണ് പുറത്തു നിന്നും ഭക്ഷണം വാങ്ങിയിരുന്നത്. അഞ്ചുപേര്‍ക്കായി ഭക്ഷണം വാങ്ങുന്നതിനാല്‍ പുറത്തുള്ളവര്‍ വീട്ടില്‍ ഇപ്പോഴും അഞ്ച് പേരുണ്ടെന്ന് വിശ്വസിക്കുമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടല്‍. മനോനില തെറ്റിയ ഒരാള്‍ ഇങ്ങനെ ചെയ്യുമോയെന്ന് പോലീസ് ചോദിക്കുന്നു. കൊലപാതകങ്ങള്‍ക്ക് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചതും തന്റെ രൂപത്തിലുള്ള മൃതദേഹത്തിന്റെ ഡമ്മി സൃഷ്ടിച്ചതും സംശയകരമാണ്. വീട്ടുകാര്‍ എല്ലാവരും കന്യാകുമാരിക്ക് പോയെന്ന് വേലക്കാരിയോട് പറഞ്ഞതാണ് മറ്റൊരു സംശയം. യാതൊരു ഭാവഭേദവുമില്ലാതെ സാധാരണ രീതിയില്‍ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് വേലക്കാരി രഞ്ജിത പോലീസിന് മൊഴി നല്‍കിയത്.

കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ ആസൂത്രിതമായി തന്നെ കൊലപാതകങ്ങള്‍ നടത്തിയ ഇയാളുടെ നീക്കങ്ങള്‍ ഒരു മനോരോഗിയുടേതല്ലെന്നും കൊടും കുറ്റവാളിയുടേതാണെന്നും പോലീസ് വിലയിരുത്തി. അതേസമയം ഇയാള്‍ക്ക് മനോരോഗമുള്ളതായി ബന്ധുക്കള്‍ക്കാര്‍ക്കും അറിയില്ലായിരുന്നുവെന്നതും എവിടെയെങ്കിലും ചികിത്സ തേടിയിരുന്നതിന്റെ തെളിവ് ലഭിക്കാത്തതും മനോരോഗിയല്ലെന്ന നിഗമനത്തില്‍ തന്നെ പോലീസിനെ എത്തിക്കുന്നു. എന്നാല്‍ കേദലിന്റെ മൊഴികളും ചിന്തകളും മനോരോഗിയുടേതാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇയാള്‍ മാനസിക രോഗിയാണെന്നാണ് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ്.

 

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍