UPDATES

ചെത്തുകാരന്റെ മകന്‍ മുഖ്യമന്ത്രിയായാല്‍; ഈ ജാതിവെറിക്കാരെ എന്ത് ചെയ്യണം?

ഇവിടെയിപ്പോള്‍ എതിര്‍ക്കപ്പെട്ടിരിക്കുന്നത് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയമോ അല്ല.

എന്തൊക്കെ വികസനം പറഞ്ഞാലും കേരളം സഞ്ചരിക്കുന്നത് പിന്നോട്ടാണെന്ന് തന്നെയാണ് ഇവിടുത്തെ ജാതി അധിക്ഷേപങ്ങള്‍ കാണുമ്പോള്‍ പറയാനാകുക. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ജാതി അധിക്ഷേപം തുടര്‍ന്നു കൊണ്ടിരിക്കുകയാനെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ തെളിയിക്കുന്നത്.

വിമോചന സമരകാലത്ത് ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങളായിരുന്നു ‘തമ്പ്രാനെന്ന് വിളിപ്പിക്കും പാളേക്കഞ്ഞി കുടിപ്പിക്കും, ചാത്തന്‍ പൂട്ടാന്‍ പോകട്ടെ, ചാക്കോ നാട് ഭരിക്കട്ടേ’, ‘ഗൗരിച്ചോത്തീടെ മടിയിലിരിക്കണ റൗഡി തൊമ്മാ സൂക്ഷിച്ചോ’ എന്നത്. പിണറായി മുഖ്യമന്ത്രിയായപ്പോള്‍ ഒരു വിഭാഗം ആളുകള്‍ അദ്ദേഹത്തിനെതിരെ ജാതി അധിക്ഷേപം നടത്തിയിരുന്നു. ഇപ്പോള്‍ യുഡിഎഫിന്റെ മദ്യനയം പൊളിച്ചെഴുതി എല്‍ഡിഎഫ് പുതിയ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ വിറളിപൂണ്ട ഒരു വിഭാഗം വീണ്ടും ജാതി അധിക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രകടനങ്ങളും മുദ്രാവാക്യങ്ങളുമൊന്നുമില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഇത്തരം വിഷം പ്രചരിപ്പിക്കാനാകുമെന്നതിനാല്‍ മദ്യനയം പ്രഖ്യാപിച്ച ജൂണ്‍ എട്ട് മുതല്‍ തന്നെ പ്രചരണം വ്യാപകമായി.

‘ചെത്തുകാരന്റെ മകന്‍’ എന്ന് വിശേഷിപ്പിച്ചാണ് പലരും മുഖ്യമന്ത്രി പിണറായി വിജയന്റെ ജാതിയെ അധിക്ഷേപിക്കുന്നത്. ‘ചെത്തുകാരന്റെ മോന്‍ മുഖ്യമന്ത്രിയായാല്‍ കള്ളല്ലാതെ പിന്നെ കുല്‍ക്കിസര്‍ബത്ത് കൊടുക്കാന്‍ പറ്റുമോ’ എന്നതാണ് ഒരാളുടെ ചോദ്യം. ‘കേരള നിയമസഭ ചെത്തുകാരന്റെ മോന് സ്ത്രീധനം കിട്ടിയതല്ല എന്ന് പറയാന്‍ പറഞ്ഞു’ എന്നതായിരുന്നു പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റ ആദ്യ കാലത്ത്‌ പ്രചരിച്ച പോസ്റ്റ്. അതേസമയം സിപിഎമ്മിലെ തന്നെ വിഎസ് പക്ഷത്തിന്റെ പേരിലും ചിലര്‍ പിണറായിയെ അധിക്ഷേപിച്ച് ഇത്തരം പോസ്റ്റുകള്‍ ഇടുന്നുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ കാര്യകാരണ സഹിതം യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടെന്നത് സത്യം തന്നെയാണ്. അതുപോലെ രാഷ്ട്രീയ കാരണങ്ങളാലും എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. എതിര്‍പ്പിന്റെ ഭാഷ കാര്യകാരണങ്ങളും രാഷ്ട്രീയവുമെല്ലാം വിട്ട് ജാതിവെറിയുടെ ഭാഷയിലെത്തുന്നതാണ് ഇവിടെ പ്രശ്‌നം. ജാതിയുടെ പേരില്‍ അധിക്ഷേപിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ ആളൊന്നുമല്ല നമ്മുടെ മുഖ്യമന്ത്രി. ആദിവാസികള്‍ക്കും ദലിതര്‍ക്കും നേരെ ഇത്തരം അധിക്ഷേപങ്ങളുണ്ടാകുന്നതിന്റെ എത്രയോ വാര്‍ത്തകള്‍ നാം കേള്‍ക്കുന്നു. രാഷ്ട്രീയ, ജാതി, മത ഭേദമന്യേ അതില്‍ എല്ലാവരും കുറ്റക്കാരാണ്. സഹോദരന്‍ അയ്യപ്പന്‍ ചെറായിയില്‍ നടത്തിയ പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷം തന്നെ ഇത്തരത്തില്‍ എത്രയോ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കൊല്ലങ്കോട് മുതലമട പഞ്ചായത്തില്‍ ചക്കിലിയര്‍ സമുദായക്കാര്‍ നല്‍കുന്ന അപേക്ഷകള്‍ മനഃപൂര്‍വം ഒഴിവാക്കുന്നതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ താമസക്കാരായ ചക്കിലിയര്‍ നേരിടുന്ന നിരവധി അനുഭവങ്ങളാണ് അടുത്തകാലത്തായി നാം കേള്‍ക്കുന്നത്. ഇവിടുത്തെ ഹോട്ടലുകളില്‍ ഈ സമുദായക്കാര്‍ക്ക് പ്രത്യേക ഗ്ലാസിലാണ് ചായയും വെള്ളവും നല്‍കുന്നത്. ചായ കുടിച്ച ശേഷം അവര്‍ തന്നെ കഴുകി വയ്ക്കുകയും ചെയ്യണം. നാല് വര്‍ഷം മുമ്പ് കോളനി നിവാസികള്‍ക്ക് ബാര്‍ബര്‍ ഷോപ്പുകളില്‍ പ്രവേശനം നിഷേധിച്ചത് കലാപത്തിന് വഴിയൊരുക്കിയിരുന്നു. ചക്കിലിയര്‍ സമുദായക്കാര്‍ പഠിക്കുന്നതിനാല്‍ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ഇവിടുത്തെ എല്‍പി സ്‌കൂളിലേക്ക് മറ്റു സമുദായക്കാര്‍ തങ്ങളുടെ മക്കളെ അയയ്ക്കുന്നില്ല. എന്തിനേറെ പറയുന്നു, കൂട്ടത്തോടെയിരുന്ന് മദ്യപിക്കാനാണ് വീടുകള്‍ ഉപേക്ഷിച്ച് ചക്കിലിയര്‍ ക്ഷേത്രങ്ങളില്‍ താമസിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് മുഖ്യമന്ത്രിയുടെ തന്നെ പാര്‍ട്ടിയിലെ ഒരു എംഎല്‍എയാണ്.

ഒരു നൂറ്റാണ്ടോളമായി നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ കേരളത്തില്‍ നിന്നും ഉന്മൂലനം ചെയ്യപ്പെട്ടുവെന്ന് നമ്മള്‍ വിശ്വസിച്ച അയിത്തം ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നതിന്റെ ഏറ്റവും തികഞ്ഞ ഉദാഹരണങ്ങളാണ് പുറത്തുവരുന്ന ഇത്തരം വാര്‍ത്തകള്‍. സംഘപരിവാറാണ് പിണറായിക്കെതികരായ ഇത്തരം പ്രചരണത്തിന് പിന്നിലെന്ന് സിപിഎം സൈബര്‍ അംഗങ്ങള്‍ ആരോപിക്കുമ്പോഴും ആര്‍ക്കും ആരെയും കുറ്റം പറയാന്‍ അര്‍ഹതയില്ലെന്നതാണ് സത്യം. ചക്കിലിയര്‍ അംബേദ്കര്‍ കോളനിയില്‍ നടത്തിയ പന്തിഭോജനത്തില്‍ രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ വിട്ടു നിന്നത് തന്നെയാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ചും അതില്‍ പങ്കെടുത്ത വിടി ബല്‍റാം എംഎല്‍എ മാത്രമാണ് ഇക്കാര്യത്തിലെങ്കിലും വേറിട്ട് നിന്നത്.

വിമോചന സമരകാലത്ത് കേരളത്തില്‍ നിന്നും ജാതീയത പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടുവെന്ന് അവകാശപ്പെടാനാകില്ലായിരുന്നു. അതിനും പതിറ്റാണ്ടുകള്‍ക്ക് മുന്നേ ഇവിടെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്വാധീനത്താല്‍ ജാതി, മത ചിന്തകള്‍ക്ക് മാറ്റം വന്നെങ്കിലും സ്വത്തും അധികാരവും നഷ്ടപ്പെട്ട മേലാളന്‍ അപ്പോഴും കീഴാളനെ അംഗീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ പിന്നീടുള്ള തലമുറയ്ക്ക് ലഭിച്ച വിദ്യാഭ്യാസം കാര്യങ്ങള്‍ക്ക് ഏറെ മാറ്റം വരുത്തി. അതേസമയം വിമോചന സമരത്തിന് ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും കേരളം അധികമൊന്നും മുന്നോട്ട് പോയിട്ടില്ലെന്ന് മാത്രമല്ല ഏറെ പിന്നിലോട്ട് പോയതായാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. അതില്‍ ചെത്തുകാരന്റെ മകന്‍ മുഖ്യമന്ത്രിയാകുന്നതില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരും ചക്കിലിയരെ അപമാനിച്ച സിപിഎം എംഎല്‍എയും ഒറ്റക്കെട്ടാണ്. മതപരമായ ഏകീകരണത്തിന് ശ്രമിക്കുമ്പോള്‍ പോലും ദലിതനെയും മറ്റ് പിന്നോക്ക വിഭാഗങ്ങളെയും തങ്ങളിലൊരാളായി അംഗീകരിക്കാന്‍ മനസുകൊണ്ട് വിസമ്മതിക്കുന്നവരുമാണ് ഇവര്‍.

തീവ്രമായ അന്യമതവിദ്വേഷം പ്രചരിപ്പിക്കുന്നതിനൊപ്പം അവര്‍ണ്ണര്‍ക്കെതിരായ പകയുമാണ് ഇന്ന് ഇവിടെ വ്യാപിക്കുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെയും ജനാധിപത്യ പ്രസ്ഥാനത്തിന്റെയും പുരോഗമന പ്രസ്ഥാനത്തിന്റെയും അവകാശങ്ങള്‍ ഉന്നയിക്കുന്നവര്‍ കക്ഷി രാഷ്ട്രീയത്തിന്റെ പേരില്‍ ജാതി വെറി പ്രചരിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നു. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ച് അതില്‍ രാഷ്ട്രീയ ലാഭം കണ്ടെത്തുന്ന ഇവരെ കഴുകന്മാരെന്നാണ് വിളിക്കേണ്ടത്.

ഇവിടെയിപ്പോള്‍ എതിര്‍ക്കപ്പെട്ടിരിക്കുന്നത് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയമോ അല്ല. ആയിരുന്നെങ്കില്‍ ആ എതിര്‍പ്പിനെ രാഷ്ട്രീയമായി മാത്രം കാണാനാകുമായിരുന്നു. മദ്യനയത്തെ ഈ രീതിയില്‍ എതിര്‍ത്ത് തൊഴിലാളികളുടെ അഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കുകയും അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. നമ്മുടെ മുഖ്യമന്ത്രി തന്നെ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടാല്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പുലയന്‍, പറയന്‍, ചോവന്‍ എന്നിങ്ങനെ ജാതിപ്പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന പേരില്ലാത്ത പൂര്‍വികരുടെ കാലത്തേക്കാണോ നമ്മുടെ യാത്ര? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ എഴുതിയ പിന്തിരിഞ്ഞോടുന്ന കേരളം എന്ന ലേഖനം സാംസ്‌കാരികമായും സാമൂഹികമായും പിന്നിലേക്ക് യാത്ര ചെയ്യുന്ന നമുക്കുള്ള മുന്നറിയിപ്പാണ്. മുഖ്യമന്ത്രിയെ മാത്രമല്ല, ആരെയാണെങ്കിലും ഇത്തരത്തില്‍ അധിക്ഷേപിക്കുന്നവരെ രാഷ്ട്രീയകക്ഷി ഭേദമന്യേ സാമൂഹികമായി ഒറ്റപ്പെടുത്തേണ്ട ബാധ്യത ജനാധിപത്യബോധം പുലര്‍ത്തുന്നവര്‍ക്കുണ്ടെന്ന് മറക്കരുത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍