UPDATES

ഈ അമേരിക്കന്‍ മാവും പ്രമുഖ നടനും പച്ചവിപ്ലവവും തമ്മിലുള്ള അന്തര്‍ധാര സജീവമാണ് അല്ലേ?

നമ്മള്‍ ആരും അത്ര പുണ്യവാളന്മാര്‍ അല്ലല്ലോ. ഇനി അഥവാ ആണെങ്കില്‍ തന്നെ നമ്മള്‍ അവരെ പിടിച്ച് ഏതെങ്കിലും ആഗോള മാഫിയയുടെ ആള്‍ക്കാരാക്കും.

പ്രമുഖ നടന്റെ അതിബുദ്ധിയില്‍ നിന്ന് ആളുകള്‍ക്ക് കുറെ പാഠങ്ങള്‍ വീണു കിട്ടുന്നുണ്ട്. അതിലൊന്ന് ആരും ശരിയല്ല എന്നുള്ളതാണ്. അതിനോട് കുറച്ച് യോജിക്കാതെ വയ്യ. നമ്മളാരും അത്ര പുണ്യവാളന്മാര്‍ അല്ലല്ലോ. ഇനി അഥവാ ആണെങ്കില്‍ തന്നെ നമ്മള്‍ അവരെ പിടിച്ച് ഏതെങ്കിലും ആഗോള മാഫിയയുടെ ആള്‍ക്കാരാക്കും.

പിന്നെ രക്ഷയില്ലല്ലോ – ആഗോള മാഫിയയുടെ ആള്‍ – നികൃഷ്ടന്‍, നീചന്‍, കുത്തക, സ്വാര്‍ത്ഥ മുതലാളിത്ത ഗുണ്ട. ഭൂലോക നശീകരണ ഗൂഡാലോചനയുടെ ചുക്കാന്‍ പിടിക്കുന്ന നരാധമന്‍.

വസ്തുതകളിലേക്ക് ചരിത്രപരമായോ ശാസ്ത്രീയമായോ യാതൊരു ഉള്‍ക്കാ]ഴ്ചയുമില്ലാതെ, താന്‍ ഒരു കാലത്ത് അനുഗ്രഹീത കലാകാരന്‍ ആയിരുന്നു എന്ന വസ്തുതയായ ആനയുടെ പുറത്തിരുന്നാല്‍ സംഭവം എന്ത് പറഞ്ഞാലും – തിമിര്‍ത്തു, കിടുക്കി, തകര്‍ത്തു .

അല്ല, ഓരോന്നായി എടുത്താല്‍ ഒത്തിരി പറയണ്ട വരും. ഈ പച്ച വിപ്ലവത്തിന്റെ കാര്യം മാത്രം നമുക്ക് നോക്കാം.

അല്ല, ഈ അമേരിക്കന്‍ മാവും  പ്രമുഖ നടനും പച്ചവിപ്ലവവും തമ്മില്‍ എന്ത് ?

പ്രഥമദൃഷ്ട്യാ ഇവ തമ്മില്‍ അകലത്തില്‍ ആണെന്ന് തോന്നുമെങ്കിലും ഇവ തമ്മില്‍ ഉള്ള അന്തര്‍ധാര സജീവമാണ്.

ചെറുപ്പത്തില്‍ എന്റെ അമ്മ മൈദക്ക് പറഞ്ഞോണ്ടിരുന്നത് – ‘അമേരിക്കന്‍ മാവ്, അമേരിക്കന്‍ മാവ് എന്നാ. എന്തൂട്ട് കാര്യണ്ട് ഈ പാവം മൈദനെ അമേരിക്കന്‍ മാവ് എന്ന് വിളിക്കാന്‍ ? അതും പച്ച വിപ്ലവവും തമ്മില്‍ ബന്ധമുണ്ടോ’ ? ഉണ്ട്.

എന്തിന്?

ഇപ്പോഴുള്ള ആളെ തിന്നുന്ന അപകട ജനിതക വിളകളുമായും ബന്ധമുണ്ട്.

നമുക്ക് ആദി മുതല്‍ ഒന്ന് നോക്കാം.

അത് വേണോ?

വേണം . എനിക്കതൊരു വീക്‌നെസ് ആയി പോയി .

ഈ രണ്ട് ലക്ഷം കൊല്ലങ്ങളായി മാനുഷമ്മാര് ഉണ്ടായിട്ട് . ആഫ്രിക്കയിലൊക്കെ അലഞ്ഞു തിരിഞ്ഞ് ഇങ്ങനെ നടന്നു . അന്‍പതിനായിരം കൊല്ലം മുന്‍പ് ആഫ്രിക്കയില്‍ നിന്ന് കെട്ടിയെടുത്തു ലോകം മുഴുവന്‍ പരന്നു . പ്രകൃതിയുമായി ഇങ്ങനെ ഇണങ്ങി ജീവിച്ചു. എങ്ങനെയെന്നല്ലേ ?

താപ്പു കിട്ടിയാല്‍ കാടിന് തീയിടും. കൊടും കാട് നമുക്ക് പറ്റിയതല്ല . പുല്‍ മേടുകളാണ് വേണ്ടത്. അമ്പതിനായിരം കൊല്ലം മുമ്പ് ഏഷ്യയില്‍ കേറിയതും അവിടെ ഉണ്ടായിരുന്ന പഴേ വല്യ ജീവികളൊക്കെ – ഡും – കാണാനില്ല! പിന്നെ ഓസ്‌ട്രേലിയയില്‍ ചെന്നു. ജയന്റ് കങ്കാരു, ഭീമന്‍ പക്ഷികള്‍, വലിയ സഞ്ചി മൃഗങ്ങള്‍ – ക്ടിന്‍ – കാണാനില്ല.

പതിനയ്യായിരം വര്‍ഷങ്ങള്‍ കൊണ്ട് അമേരിക്കയില്‍ എത്തി. ആയിരം വര്‍ഷം കൊണ്ട് അവിടെ മുഴുവന്‍ പരന്നു. മാസ്റ്റഡോണ്‍, ജയന്റ് സ്ലോത്, പിന്നെ എത്രയെത്ര വലിയ മൃഗങ്ങള്‍ – ടിം = ഒക്കേത്തിനേം കൊന്ന് തിന്നു.

ഏകദേശം പതിനായിരം കൊല്ലം ആയപ്പോഴേക്കും ആളുകള്‍ കൂടി. മൃഗങ്ങള്‍ കുറഞ്ഞു. അലഞ്ഞുതിരിയാന്‍ സ്ഥലവും ഇല്ലാതായി. ഏകദേശം ഒന്‍പതു സ്ഥലങ്ങളില്‍ ഏകദേശം ഒരേ സമയത് കൃഷിയും മൃഗ വളര്‍ത്തലും തുടങ്ങി. ഒരു നാലഞ്ചു വിളവെടുപ്പ് കഴിഞ്ഞാല്‍ മണ്ണ് ഒന്നിനും കൊള്ളില്ല. നൈട്രജന്‍ തീരും. പിന്നെ ഫോസ്ഫറസ് – അതൊക്കെ.

ആദ്യം കാടിന് തീയിട്ടു, ഒന്ന് രണ്ടു വിളവെടുപ്പ് കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് പോകും. ഭീകരം. കുറെ കഴിയുമ്പോള്‍ സ്ഥലം ഒക്കെ ഗോപി. പിന്നെ ആണ് ഉഴുതു മറിച്ച് വളമിടല്‍ തുടങ്ങിയത്. ആദ്യം കൈ കൊണ്ട് ഉഴുതല്‍. പിന്നെ സ്വന്തം തീട്ടം കൊണ്ട് മറി. അങ്ങനെ അങ്ങനെ.

പിന്നെ കാളകളും കുതിരകളും ചാണകവും കമ്പോസ്റ്റും വന്നു. സ്വന്തം കൈ കൊണ്ട് തന്നെ കീടങ്ങളെ ഓടിക്കണം. പുഴുക്കളെ പെറുക്കണം, കളകളെ നുള്ളണം.

ജനസംഖ്യ പതുക്കെ പതുക്കെ കൂടി. എത്ര കഷ്ടപെട്ടാലും പട്ടിണി അകലെ അല്ല.

അതായത് പതിനായിരം കൊല്ലം മുന്‍പ് ആകെ ലോകത്തില്‍ ഒരു കോടി ജനങ്ങള്‍. ഇപ്പോള്‍ എഴുനൂറ്റന്‍പത് കോടി. എഴുനൂറ്റന്‍പതിരട്ടി – എന്നിട്ടും ഇപ്പോള്‍ ഇഷ്ടം പോലെ ഫുഡ് ആണ്. ശരിയായി എല്ലാവര്‍ക്കുമായി വീതിച്ചാല്‍ സകലമാന മനുഷ്യര്‍ക്കും സുഖമായി പുട്ടടിക്കാം. ഇഡലിയോ ചപ്പാത്തിയോ ചിക്കാനോ ആവാം . തിന്നു തടിയന്മാരും തടിച്ചികളും ആവാം. ഇതെങ്ങനെ പറ്റി ഷ്ടോ ? ജാതി സംഭവം ന്നെ. മാജിക്കാ ?

ദൈവാനുഗ്രഹം – ആലേലുയ്യ (തമാശയല്ല)

അതായതുത്തമാ – വേണ്ട ബോറായി – ദേശ് വാസിയോം – നമ്മള്‍ പലതും ചെയ്തു:

ചരിത്രാതീത കാലം മുതല്‍ തിരഞ്ഞു പിടിച്ചു വിളകളെയും മൃഗങ്ങളെയും ഇണ ചേര്‍ത്ത് പുതു വര്‍ഗങ്ങളുണ്ടാക്കി. ഈ ഗോതമ്പും അരിയും ഒക്കെ പഴേ പുല്ലുകളില്‍ നിന്നും ഉണ്ടാക്കിയതാണ്. പത്ത് മടങ്ങെങ്കിലും ഓരോ മണിക്കും വലുപ്പം വച്ചു. ലിറ്റര്‍ കണക്കിനാണ് പശുക്കള്‍ പാല് തരുന്നത്.

ആദ്യം നൈട്രജന്‍, ഫോസ്‌ഫേറ്റ്‌സ് ഒക്കെ ഉള്ള പാറകളും പക്ഷി കാഷ്ടം നിറഞ്ഞ ദ്വീപുകളും ഒക്കെ ഉപയോഗിച്ച് വന്‍ തോതില്‍ വളം ഉണ്ടാക്കി. അതും തികയാതെ വന്നേനെ.

ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും വായുവിലെ നൈട്രജന്‍ ഫാക്ടറികളില്‍ വച്ച് അമോണിയ ഉണ്ടാക്കാനായി. ഹാബെര്‍ പ്രോസസ്സ്. ഹാബെറും ബൊഷും ചേര്‍ന്ന് കണ്ടു പിടിച്ചതാണ്.

കീടനാശിനികള്‍, കളനാശിനികള്‍ – ഇവയുടെ ഒക്കെ കൃത്യത കൂടി വന്നു. അപകട സാധ്യത കുറഞ്ഞു.

അതായത് – 1900 ത്തില്‍ നിന്നും ലോക ജനസംഖ്യ നാലിരട്ടി കൂടി. വിളവ് ആറിരട്ടി കൂടി. ഓരോ ആള്‍ക്കും ലഭ്യമായ തീറ്റ അമ്പതു ശതമാനം കൂടി.

കൃഷി ചെയ്യുന്ന ഭൂമി വെറും മുപ്പതു ശതമാനമേ കൂടിയുള്ളു.

തൊള്ളായിരത്തി അറുപതുകളില്‍ പട്ടിണി കിടന്ന നമ്മള്‍ അമേരിക്കക്കാരോട് ഇരന്നു വാങ്ങിയ മൈദയെ ആണ് അമേരിക്കന്‍ മാവ് എന്ന് വിളിച്ചത്. വെറും പത്തു പതിനഞ്ചു വര്‍ഷം കൊണ്ട് പിന്നീട് പച്ച വിപ്ലവം വന്നു.

പച്ച വിപ്ലവം വന്നത് ഓര്‍ഗാനിക് ഫാര്‍മിംഗ് കൊണ്ടല്ല.

ഇപ്പോള്‍ – ഈ നിമിഷം – ലോകം മുഴുവനും ഓര്‍ഗാനിക് ഫാര്‍മിംഗിലേക്കു തിരിഞ്ഞാല്‍ ലോകത്തുള്ള എല്ലാ വനങ്ങളും, വെള്ള സ്രോതസ്സുകളും, ചതുപ്പുകളും, എന്തിന് – മരുഭൂമികള്‍ വരെ എങ്ങനെയെങ്കിലും കൃഷി ചെയ്യേണ്ടി വരും.

ദരിദ്രവാസികള്‍ എന്ന ലെവലില്‍ നിന്നും പ്യാരേ ദേശ് വാസിയോം എങ്ങനെ ആയി എന്ന് മനസ്സിലായില്ലേ ? ഈ പച്ച വിപ്ലവം ഒന്നും ഇന്ത്യയില്‍ മാത്രം ഉണ്ടായതല്ല. പത്തു പതിനായിരം കൊല്ലങ്ങളായി മനുഷ്യന്‍ സ്വയം തീറ്റ കണ്ടെത്താനുള്ള തത്രപ്പാടില്‍ ഓടിയ വഴി ബുദ്ധി കൊണ്ട് നേടിയ നേട്ടങ്ങളുടെ തുടര്‍ച്ച ആണ് ഇതൊക്കെ.

ഈ എംസ് സ്വാമിനാഥന്‍ അല്ല പച്ചവിപ്ലവത്തിന്റെ വലിയ അമരക്കാരന്‍. അന്നുണ്ടായി വന്ന നൂതന ശാസ്ത്ര കൃഷി മാര്‍ഗങ്ങളെ ഉപയോഗിച്ച് പട്ടിണിയുടെ വക്കില്‍ കിടക്കുന്ന ജനതയെ അതില്‍ നിന്ന് രക്ഷിക്കുന്ന കൂട്ടായ യജ്ഞത്തിന് നേതൃത്വം കൊടുക്കുകയാണ് ഉണ്ടായത് .

ഗോതമ്പിനെയും മറ്റും ബ്രീഡിങ് വഴി ഉത്പാദനം കൂട്ടുന്ന പ്രക്രിയ ആരംഭിച്ചിട്ട് പതിനായിരം വര്‍ഷമായി. ഇന്ന് നമ്മള്‍ വിളയിക്കുന്ന ഒരു വിളകളും നാച്ചുറല്‍ അല്ല. ഒരു വളര്‍ത്തു മൃഗവും അങ്ങനെ അല്ല.

1960 കളില്‍ നോര്‍മന്‍ ബോര്‍ലാഗ് എന്ന ഒരു ശാസ്ത്രജ്ഞന്റെ അത്യുത്പാദന ശേഷിയുള്ള ഗോതമ്പിന്റെ കണ്ടെത്തലാണ് പച്ച വിപ്ലവത്തിന്റെ കാതല്‍. പിന്നെ അന്ന് ലോകത്തുണ്ടായിരുന്ന ശാസ്ത്രീയ കൃഷിരീതികള്‍ നന്നായി ഉപയോഗപ്പെടുത്തിയതും.

എന്താ – ഈ പട്ടിണി മാറുന്നത് നല്ല കാര്യമല്ലേ ?

അത്ര മോശം കാര്യം അല്ലാത്തത് കൊണ്ടായിരിക്കും – നോര്‍മന്‍ ബോര്‍ലാഗിന് സമാധാനത്തിന്റെ നോബല്‍ സമ്മാനം കൊടുത്തു. ശാസ്ത്രത്തിനല്ല – സമാധാനത്തിന്. അതിന് നോബല്‍ കമ്മറ്റിയില്‍ മൊത്തം ആഗോള ഗൂഢാലോചന – ദതില്ലേ ?- അതിന്റെ ആള്‍ക്കാരാണ്.

1968 ലെ ഓരോ ഏക്കറില്‍ നിന്നുള്ള കൃഷി വിളവിന്റെ ഇരട്ടിയാണ് ഇന്നത്തെ. അതായത്, 68ലെ അതേ നിലയില്‍ നിന്നെങ്കില്‍ , ഏകദേശം സൗത്ത് അമേരിക്കയുടെ അത്രയും വലിപ്പമുള്ള ഒരു സ്ഥലം നമുക്ക് കൂടുതലായി കൃഷി ചെയ്യണ്ടി വന്നേനെ. അപ്പോള്‍ അത്രയും വനം – ഡിം

ശരിയാണ്, നമുക്ക് കീട നാശിനികളുടെ അളവ് കുറക്കണ്ടേ ? വളത്തിന്റെ ? വെള്ളത്തിന്റെ അളവ് കുറക്കണ്ടേ ?

ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മള്‍ ജനിതക മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കയാണ്. ഇപ്പോള്‍ അതിനു നൂതന മാര്‍ഗങ്ങളുണ്ട്. അവ ഉപയോഗിച്ച രോഗ പ്രതോരോധ ശക്തിയുള്ള, വളം കുറവ് വേണ്ട, പോഷകാംശം കൂടുതലുള്ള, വെള്ളം കുറവ് മതിയാകുന്ന വിളകള്‍ ഉണ്ടാക്കുക തന്നെ വേണം.

മെഷീനുകള്‍ ഉപയോഗിക്കണം. ഓരോ ഏക്കറില്‍ നിന്നും ഉത്പാദനം കൂട്ടണം. ഡ്രിപ് ഇറിഗേഷന്‍ ഉപയോഗിച്ചു വെള്ളം കുറക്കണം .

അല്ലെങ്കില്‍ വനനശീകരണം എങ്ങനെ തടയും ? ആളുകള്‍ക്ക് എങ്ങനെ തിന്നാന്‍ കൊടുക്കും ? നഗരങ്ങളെ എങ്ങനെ തീറ്റി പോറ്റും ?

ഒരു തിരിച്ചു പോക്കില്ല. അങ്ങനെ ഒരു സാധനം ഇല്ല. ചരിത്രത്തിനു റിവേഴ്‌സ് ഗിയര്‍ ഇല്ല. അഥവാ നമ്മള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നമ്മുടെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് അതൊക്കെ പരിഹരിക്കണം.

അല്ലാതെ പിന്നോട്ടോടുക അല്ല വേണ്ടത്.

എന്നെ തെറി പറഞ്ഞോ. അടിക്കരുത്. എത്ര പുളിച്ച തെറിയും താങ്ങാന്‍ ഈ ശരീരത്തിന് പറ്റും. അടി വന്നാല്‍ ഓടും. പക്ഷെ സത്യം സത്യം തന്നെ ആയിരിക്കും.

സത്യം പറഞ്ഞാല്‍ ഗാന്ധിക്കും പുളിക്കും.

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍