UPDATES

കേരളം അതിജീവിക്കുമ്പോള്‍ അതില്‍ ഈ ആദിവാസികളും ഉണ്ടാകേണ്ടതുണ്ട്

ഇനിയവര്‍ക്ക് തിരികെ അവരുടെ ആവാസ്ഥവ്യവസ്ഥയിലേക്ക് മടങ്ങി വരേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് മറ്റെവിടെയും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനൊപ്പം തന്നെ ചെയ്യേണ്ട ഉത്തരവാദിത്വമാണ്

കനത്തമഴയും വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും നാശം വിതച്ച പത്തനംതിട്ട ജില്ലയില്‍, പ്രളയത്തില്‍പ്പെട്ട് ജീവനാശം സംഭവിച്ചില്ലെങ്കിലും ഇവിടെ പലയിടങ്ങളിലായി കഴിഞ്ഞുപോരുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് നേരിട്ട ദുരിതങ്ങളെക്കുറിച്ച് പുറംലോകം വേണ്ടത്ര ചര്‍ച്ച ചെയ്യുകയോ ഇടപെടലുകള്‍ നടത്തുകയോ ചെയ്തിട്ടുണ്ടോ എന്നത് സംശയമാണ്. നിരവധി പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നു. ഉള്‍വനങ്ങളിലേക്ക് കയറിപ്പോയവരെ കുറിച്ച് കൃത്യമായ വിവരം ഇല്ല. വീടുകള്‍ പൂര്‍ണമായും ഭാഗികമായും നശിച്ചുപോയവരുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും തിരിച്ച് ഊരുകളിലേക്ക് പോകാന്‍ കഴിയാതെ വരുന്നതിന്റെ വിഷമം അവര്‍ക്കുണ്ട്. നശിച്ചുപോയ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയവയ്ക്കും സര്‍ക്കാര്‍ സഹായം കിട്ടുമോ എന്ന ആശങ്കയുണ്ടെങ്കിലും അവര്‍ക്ക് പ്രതീക്ഷയുണ്ട്.

അച്ചന്‍കോവിലാറിനോട് ചേര്‍ന്ന് കിടക്കുന്ന ആവണിപ്പാറ മൊത്തത്തില്‍ വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. 24-ഓളം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്. മിക്കതും കോണ്‍ക്രീറ്റ് ചെയ്ത വീടുകള്‍ തന്നെ. പക്ഷേ അവയെല്ലാം വെള്ളം കയറിപ്പോയി. ഇവരെ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ക്യാമ്പിലേക്കാണ് മാറ്റിയത്. കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ തിരികെ സെറ്റില്‍മെന്റിലേക്ക് തന്നെ തിരിച്ചെത്തിയതായി ക്യാംപുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.  കോന്നിയില്‍ തന്നെ ഏഴാംതലയില്‍ അഞ്ചു കുടുംബങ്ങള്‍ താമസിച്ചിരുന്നു. ഇവര്‍ താമസിച്ചിരുന്ന ഷെഡ്ഡുകള്‍ ഒഴുകിപ്പോയി. ഇവിടെ താമസിച്ചിരുന്നവര്‍ കാടിനുള്ളിലേക്ക് കയറിപ്പോയെന്നാണ് വിവരം. തിരികെ എല്ലാവരും എത്തിയോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കോട്ടപ്പാറയില്‍ പതിനെട്ട് വീടുകളില്‍ പതിനാലിന്റെയും പ്ലാസ്റ്റിക് ഷീറ്റുകള്‍ പറന്നുപോയി. കാട്ടാത്തി സെറ്റില്‍മെന്റില്‍ വീടുകള്‍ കോണ്‍ക്രീറ്റ് ചെയ്തവയാണെങ്കിലും ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന കടകളൊക്കെ നശിച്ചുപോയതുകൊണ്ട് ആഹാരസാധനങ്ങള്‍ ഉള്‍പ്പെടെ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഗുരുനാഥന്‍ മണ്ണ് ചിപ്പന്‍കുഴിയിലെ മലംപണ്ടാരം വിഭാഗത്തില്‍ പെടുന്ന ആദിവാസികള്‍ താമസിക്കുന്നിടം പൊതുവില്‍ തന്നെ പുറംലോകവുമായി അധികം ബന്ധമില്ലാതെ കിടക്കുന്നിടമാണ്. മഴക്കെടുതിയില്‍ ദുരന്തങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും പുറംലോകത്ത് സംഭവിച്ച നാശനഷ്ടങ്ങള്‍ ഇവരെ പൂര്‍ണമായി ഒറ്റപ്പെടുത്തി. 12 ഓളം കുടുംബങ്ങളാണ് ഇവിടെ. കോണ്‍ക്രീറ്റ് ചെയ്ത വീടുകള്‍ ഉണ്ടെങ്കിലും ആണുങ്ങള്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ഉള്‍ക്കാടിലേക്ക് കയറിപ്പോയിരിക്കുകയാണ്. കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ് ബാക്കിയുള്ളത്. കാട്ടില്‍ പോയി വിഭവങ്ങള്‍ ശേഖരിക്കാനും ഇവര്‍ക്കിപ്പോള്‍ സാധിക്കുന്നില്ല. പണിയില്ലാത്തതുകൊണ്ട് പല വീടുകളും പട്ടിണിയിലാണ്. പുറത്തു നിന്നും എത്തിച്ചുകൊടുത്ത ഭക്ഷണങ്ങളും വസ്ത്രങ്ങളുമൊക്കെയാണ് അവരുടെ ഇപ്പോഴത്തെ ആശ്രയം.

"</p

മൂഴിയാറിലെ മുപ്പതോളം കുടുംബങ്ങള്‍ സെറ്റില്‍മെന്റിലും പത്തോളം കുടുംബങ്ങള്‍ പലഭാഗങ്ങളിലായി ചിതറിയും കിടപ്പുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണി ഉള്ളയിടമായതുകൊണ്ട് പലരും വീടുകള്‍ ഉപേക്ഷിച്ചു പോയി. എട്ടോളം വീടുകളുടെ ഷീറ്റുകള്‍ പറന്നുപോയിട്ടുണ്ട്. ഇപ്പോഴും അവിടെ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. രണ്ട് ക്യാമ്പുകളിലായി ഇവരില്‍ പലരേയും പാര്‍പ്പിച്ചിട്ടുണ്ട്. പമ്പയുടെ തീരത്തുള്ള ശബരിമലയുടെ അഡോപ്റ്റ്ഡ് വില്ലേജ് ആയ ഒരു സെറ്റില്‍മെന്റിലെ കുറെ വീടുകളും വെള്ളംകയറി നശിച്ചു പോയിട്ടുണ്ട്. വലിയ സെറ്റില്‍മെന്റുകളായ കുറുമ്പന്‍മുഴി, മണക്കയം എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായി നശിച്ചുപോയി. ഇവിടെ ഉള്ളാട സെറ്റില്‍മെന്റുകളാണ് ഉള്ളത്. റാന്നിയിലും പമ്പയാറിലും കല്ലാറിലും വെള്ളം പൊങ്ങിയപ്പോള്‍ അടിച്ചിപ്പുഴ സെറ്റില്‍മെന്റ് നാലുവശങ്ങളില്‍ നിന്നും വെള്ളത്താല്‍ ചുറ്റപ്പെട്ട അവസ്ഥയിലായി. 242-ഓളം കുടുംബങ്ങള്‍ ഇവിടങ്ങളില്‍ താമസിക്കുന്നുണ്ട്. ജീവഹാനിയൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇവര്‍ക്ക് എത്രയൊക്കെ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്നതില്‍ കൃത്യതയില്ല. ഇതുപോലെ അട്ടത്തോട്, അരയാഞ്ഞിലിമണ്‍ എന്നിവിടങ്ങളിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൃത്യമായ കണക്ക് അല്ലെങ്കിലും പത്തനംതിട്ടയിലെ വിവിധ ഊരുകളിലായി 41-ഓളം വീടുകള്‍ പൂര്‍ണമായി നശിച്ചുപോയെന്നാണ് വിവരം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആദിവാസി മേഖലകളില്‍ ഉണ്ടായിരിക്കുന്ന നാശനഷ്ടങ്ങളുടെ കണക്കുകള്‍ എടുത്തിട്ടുണ്ടെന്നോ, അവരുടെ പുനരുജ്ജീവനത്തിനാവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോയെന്നോ അറിവില്ല.

പുറംലോകവുമായി ബന്ധമറ്റ് പത്തനംതിട്ടയിലെ ആദിവാസി മേഖല

പ്രളയം നേരിട്ട് ഈ ആദിവാസി ജനവിഭാഗങ്ങളെ ബാധിച്ചോ എന്നു ചോദിച്ചാല്‍ പത്തനംതിട്ടയുടെ മറ്റിടങ്ങളില്‍ സംഭവിച്ചതുപോലെയൊന്നും ആദിവാസികള്‍ക്ക് ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരായ ചിലര്‍ പറയുന്നത്. അവര്‍ക്ക് എന്തിനാണ് ഭക്ഷണസാധനങ്ങളൊക്കെ കൊണ്ടുപോയി കൊടുക്കുന്നതെന്ന ചോദ്യം ചോദിച്ചവരും ഉണ്ട്. മഴയും ഉരുള്‍പ്പൊട്ടലുമൊന്നും ‘അതുങ്ങള്‍ക്ക്’ (ആദിവാസികള്‍) പ്രശ്‌നമല്ലെന്നും നേരെ, കാട്ടിലേക്ക് ഓടിക്കയറിക്കോളും, അതാണ് പതിവെന്ന് താമശ പോലെ പറഞ്ഞു ചിരിച്ചവരും ഉണ്ട്. കാട്ടില്‍ നിന്നും കിട്ടുന്നതൊക്കെ തിന്നു ജീവിക്കുന്നവര്‍ക്ക് നമ്മളെന്തിനാ അരിയും പച്ചക്കറിയുമൊക്കെ കൊണ്ടുപോയി കൊടുത്തിട്ടെന്ന് പുച്ഛിക്കുന്നവരും കുറവല്ലായിരുന്നു.

"</p

അട്ടപ്പാടിയിലെയോ ഇടുക്കിയിലെയോ സെറ്റില്‍മെന്റുകളിലെ പോലത്തെ അവസ്ഥയിലല്ല പത്തനംതിട്ടയിലെ ആദിവാസികളുടെ ജീവിതരീതി. കൃഷി ഇവരുടെ ഉപജീവന മാര്‍ഗമല്ല. കാട്ടില്‍ നിന്നും കിട്ടുന്ന കിഴങ്ങുകളും മറ്റ് ആഹാരസാധനങ്ങളുമല്ല അവരുടെ വിശപ്പ് മാറ്റുന്നത്. പുറത്ത് നിന്നു കിട്ടുന്ന അരിയും സാധനങ്ങളുമാണ് അവര്‍ ആശ്രയിക്കുന്നത്. അത് കിട്ടാതെ വന്നാല്‍ പട്ടിണി കിടക്കല്‍ തന്നെ. മലമ്പണ്ടാരം വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍ക്കാടുകളിലേക്ക് കയറി പോകുന്നവരാണ്. കൂട്ടംകൂട്ടമായി താമസിക്കുന്നതില്‍ നിന്നും പലയിടങ്ങളിലായി വേര്‍പെട്ട് കിടക്കുന്നവരാണ് അവര്‍. അതവരുടെ രീതിയാണ്. വെള്ളപ്പൊക്കവും മഹാപ്രളയവും വരുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ മാത്രമാണ് നോക്കുക. അവര്‍ വീടിനെക്കുറിച്ചോ ഗൃഹോപകരണങ്ങളെക്കുറിച്ചോ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെക്കുറിച്ചോ ഓര്‍ത്ത് വിലപിച്ചുകൊണ്ട് നില്‍ക്കില്ല. രണ്ട് നില കെട്ടിടങ്ങളുമല്ല അവരുടെ വീടുകള്‍. കോണ്‍ക്രീറ്റ് ചെയ്തവയുണ്ട്. പ്ലാസ്റ്റിക് വലിച്ചു കെട്ടിയവയും ഉണ്ട്. എന്നാല്‍ വീട്, വീട്ടുപകരണങ്ങള്‍ പോലെ ഭൗതികമായ വസ്തുക്കളില്‍ അവര്‍ ഭ്രമിച്ചു നില്‍ക്കുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ എന്താണോ മാര്‍ഗം, അതു തേടി പോകും. തങ്ങള്‍ എവിടെയെങ്കിലും കുടുങ്ങിക്കിടന്നാല്‍ രക്ഷപ്പെടുത്താന്‍ ഹെലികോപ്റ്ററില്‍ ആളെത്തുമെന്ന് അവര്‍ കരുതുന്നില്ല. അത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ നടന്നെന്ന കാര്യവും അവര്‍ക്കറിയില്ല. പലരും കാടുകയറി പോയി. ചിലരൊക്കെ സ്വന്തം വീട് ഉപേക്ഷിച്ച് മറ്റു വീടുകളില്‍ ചേക്കേറി. വേറെ ചിലര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം കിട്ടി.

"</p

ഇനിയവര്‍ക്ക് തിരികെ അവരുടെ ആവാസവ്യവസ്ഥയിലേക്ക് മടങ്ങി വരേണ്ടതുണ്ട്. ഈ സെറ്റില്‍മെന്റുകളില്‍ എത്തിയ ദിവസങ്ങളില്‍, ഔദ്യോഗിക സംവിധാനങ്ങള്‍ ഇവരുടെ കാര്യത്തില്‍ പ്രവര്‍ത്തനരൂപരേഖകള്‍ തയാറാക്കുന്നതായി അറിയിച്ചിരുന്നു. ആദിവാസിയല്ലേ, ഇതൊന്നും അവര്‍ക്കൊരു പ്രശ്‌നമല്ലെന്നു കണ്ട് തള്ളിക്കളയുന്നതാകരുത് ഈ കാര്യങ്ങള്‍ എന്നതാണ് പ്രധാനം. നഷ്ടപ്പെട്ട വീടുകള്‍ അവര്‍ക്ക് തിരിച്ച് കിട്ടണം, അവരാരും തന്നെ പട്ടിണി കിടക്കാനും ഇടവരരുത്. കേരളത്തിന്റെ അതിജീവനയത്‌നത്തില്‍ ഈ ആദിവാസികളേയും പങ്കാളികളാക്കേണ്ടതുണ്ട്.

(ഇവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന കാര്യങ്ങള്‍ വ്യക്തമാകുന്ന മുറയ്ക്ക് അക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതാവും)

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍