UPDATES

സിനിമ

‘സന്തോഷമുള്ള ജനതക്ക് മാത്രമേ അതിജീവിക്കാന്‍ കഴിയുകയുള്ളൂ’; സാംസ്കാരിക പരിപാടികളുടെ റദ്ദാക്കല്‍; വിവാദം ചൂടുപിടിക്കുന്നു

മണ്ടത്തരമെന്നും ഫാസിസ്റ്റ് നടപടിയെന്നും കലാ സാംസ്കാരിക പ്രവര്‍ത്തകര്‍

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ കേരളം അതിജീവിച്ചെങ്കിലും വരാനിരിക്കുന്നത് സാമ്പത്തിക ഞെരുക്കത്തിന്റെ നാളുകൾ ആണെന്ന് സർക്കാർ തന്നെ നേരിട്ട് വെളിപ്പെടുത്തിയതാണ്. അപ്രതീക്ഷിതമായെത്തിയ പേമാരിയും പ്രളയവും കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (ജി.ഡി.പി.) ബാധിച്ചേക്കുമെന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ റേറ്റിങ് ഏജൻസിയായ കെയർ റേറ്റിങ്സിന്റെ മുന്നറിയിപ്പ്. ജി.ഡി.പി.യുടെ ഒരുശതമാനം വരെ കുറയാം.

സാമ്പത്തിക ഞെരുക്കം മറികടക്കാൻ സംസ്ഥാന സർക്കാരിന് മുന്നിലുള്ള വഴികൾ പരമാവധി ഫണ്ട് സ്വരൂപിക്കുകയും, സർക്കാരിന്റെ വെൽഫെയർ, കൾച്ചറൽ മേഖലകളിൽ ഉള്ള പരിപാടികളുടെ ചിലവ് ചുരുക്കുകയും ചെയ്യുക എന്നത് ആണ്. അമിത ചിലവ് വരുന്ന മറ്റു സൽക്കാരങ്ങളും, ആഡംബരങ്ങളും ഒഴിവാക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് നടപടികൾ കൈക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു.

ഫിലിം ഫെസ്‌റ്റിവെൽ, യുവജനോൽസവം, കലോൽസവം, വിനോദസഞ്ചാര വകുപ്പിന്റെതുൾപ്പെടെയുള്ള എല്ലാ വകുപ്പുകളുടേയും ആഘോഷപരിപാടികൾ ഒരുവർഷത്തേക്ക്‌ ഒഴിവാക്കിയ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകുവാൻ വകുപ്പ്‌ മേധാവികൾ നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.

എന്നാൽ സംസ്ഥാനത്ത ആഘോഷ പരിപാടികള്‍ ഒഴിവാക്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം രൂപപ്പെട്ടത്തോടെ സംഭവം വിവാദമാവുകയായിരുന്നു. ആഘോഷ പരിപാടികള്‍ ഒഴിവാക്കിയതിനെതിരെ എ.കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പ്രസ്താവനയുമായി രംഗത്തെത്തി. കെ.ടി ജലീല്‍, ഇ.പി ജയരാജന്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കിയതിനെ അനൂകൂലിച്ചും രംഗത്തെത്തി.

ഉത്തരവ് പരിശോധിക്കണമെന്നും ആഘോഷങ്ങള്‍ ഒഴിവാക്കി പരിപാടി നടത്തിക്കൂടെയെന്നും മന്ത്രിസഭ പോലും അറിയാത്ത തീരുമാനം ആരുടെ നിർദ്ദേശപ്രകാരമാണെന്നും ചോദിച്ചുകൊണ്ട് എ.കെ ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ടൂറിസം പരിപാടികള്‍ നടത്തുമെന്ന് കടകംപള്ളിയും വ്യക്തമാക്കിയിരുന്നു. നെഹ്‌റു ട്രോഫി വള്ളംകളിയും നടത്തുമെന്നും അറിയിച്ചിരുന്നു. കലോത്സവം ഒഴിവാക്കിയതു മാനുഷിക പരിഗണന കണക്കിലെടുത്താണെന്നായിരുന്നു മന്ത്രി കെ.ടി.ജലീലിന്റെ പ്രതികരണം.

“പ്രളയത്തിൽ വളരെയധികം നാശനഷ്‌ടമാണ്‌ നമുക്കുണ്ടായിട്ടുള്ളത്‌. അവ പരമാവധി മെച്ചപ്പെട്ട അവസ്‌ഥയിൽ എത്തിക്കുന്നതിനാണ്‌ പ്രധാന്യം കൊടുക്കേണ്ടത്‌. അപ്പോൾ ചില കാര്യങ്ങൾ മാറ്റിവെയ്‌ക്കേണ്ടി വരും. കെടുതിയിൽനിന്നും കരകയറിയാൽ ആഘോഷങ്ങൾ എല്ലാം നമുക്ക്‌ വീണ്ടും ഭംഗിയായി നടത്താവുന്നതാണ് ” ഇന്നലെ രാവിലെ വിഷയത്തിൽ അഭിപ്രായം ആരാഞ്ഞപ്പോൾ മന്ത്രിസഭയുടെ അധ്യക്ഷൻ ഇ പി ജയരാജന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വര്‍ഷത്തെ ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) ഒഴിവാക്കാനുള്ള തീരുമാനം മണ്ടത്തരമാവുമെന്നാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. മേള നടത്താന്‍ ചിലവു കുറഞ്ഞ രീതികള്‍ സ്വീകരിക്കാം. എന്നാല്‍ പുര്‍ണമായും റദ്ദാക്കുന്നത് ഐഎഫ്എഫ്‌കെയുടെ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ചിലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി സിനിമകളുടെ എണ്ണം, അതിഥികള്‍, മറ്റ് അഘോഷ പരിപാടികള്‍ എന്നിവ കുറയ്ക്കുന്നത് പരിഗണിക്കാം. ഇതിനുപുറമേ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും വേണ്ടെന്ന് വയ്ക്കാവുന്നതാണ്. എന്നാല്‍ മേള പൂര്‍ണമായും ഒഴിവാക്കുകയെന്നത് മേളയുടെ തുടര്‍ച്ചാ സ്വാഭാവത്തെ ബാധിക്കും. ഇത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അടൂര്‍ പ്രമുഖ ദേശീയ ദിനപ്പത്രമായ ദി ഹിന്ദുവിനോട് പ്രതികരിച്ചു.

എന്നാല്‍ സ്കൂള്‍ കലോത്സവത്തിനും സ്കൂള്‍ കായികമേളയ്ക്കും മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ കെ വി മോഹൻ കുമാർ കഴിഞ്ഞ ദിവസം അറിയിച്ചു. സ്കൂള്‍ കലോത്സവത്തില്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉള്ളതാണ്. കായികമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ദേശീയ തലത്തില്‍ മത്സരിക്കേണ്ടതുള്ളതിനാല്‍ അതും ഒഴിവാക്കില്ല. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി വിദ്യാർത്ഥികളുടെ വികാസത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്‌ മുന്നോട്ടു കൊണ്ടു പോകുമെന്ന് മോഹൻ കുമാർ പറയുന്നു..യുവജനോൽസവത്തിന്റെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയേക്കാം. ഇത്‌ സംബന്ധിച്ച്‌ വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നു വരികയാണു. ഈ മാസം ഏഴിനു അധ്യാപക സംഘടനകൾ ഉൾപ്പെടുന്ന ക്യു.ഐ.പി.മോണിറ്ററിംഗ്‌ സമിതി യോഗം ചേർന്ന് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്‌.സമിതിയുടെ ശുപാർശകൾ സർക്കാരിനു സമർപ്പിച്ച്‌ അന്തിമ തീരുമാനമെടുക്കും.

എന്തായാലും സർക്കാരിൽ മാത്രമല്ല നവമാധ്യമങ്ങളിലും ഈ വിഷയത്തിൽ വൈവിധ്യമാർന്ന അഭിപ്രായങ്ങൾ ഉണ്ട്. പ്രളയക്കെടുതിയുടെ രൂക്ഷത തിരിച്ചറിയുന്നുവെന്നും എന്നാൽ ചിലവ് ചുരുക്കലിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികൾ പൂർണമായും ഒഴിവാക്കുന്നത് ആത്മഹത്യാപരണം ആണെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ തീർത്തും കാല്പനികം ആയ ഒരു വാദം ആണിതെന്നാണ് എതിർപക്ഷക്കാരുടെ വാദം.

കേരളത്തിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ചലച്ചിത്രമേള ഈ വർഷം നടത്തേണ്ടതില്ല എന്ന തീരുമാനം ഒരു പുരോഗമന സമൂഹ ചിന്തയ്ക്ക് നിരക്കുന്നതല്ല എന്ന അഭിപ്രായമാണ് സംവിധായകനും, ദേശീയ അവാർഡ് ജേതാവുമായ ബിജുകുമാർ ദാമോദരൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. “ഒരു ദുരന്തത്തെ അതിജീവിക്കാൻ എല്ലാത്തരം കലകളെയും ഒഴിവാക്കണം എന്ന കാഴ്ചപ്പാട് ആത്മഹത്യാപരം മാത്രമല്ല കലാപരമായ സാംസ്കാരികതയുടെ അവസാനം കൂടിയാണ്. ലോക ചരിത്രത്തിലെമ്പാടും എല്ലാത്തരം ദുരന്തങ്ങളെയും അതിജീവിക്കുന്നതിലും പുതുതായി കെട്ടിപ്പടുക്കുന്നതിലും കലയുടെ പങ്ക് വലുതായിരുന്നു എന്ന് കാണാം. കേരളത്തിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള ഈ വർഷം നടത്തേണ്ടതില്ല എന്ന തീരുമാനം ഒരു പുരോഗമന സമൂഹ ചിന്തയ്ക്ക് നിരക്കുന്നതല്ല. യുദ്ധങ്ങളുടെയും, കലാപങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും മറവിൽ കലകളെയും കലാസദസ്സുകളെയും, കലാപ്രവർത്തനങ്ങളെയും ഇല്ലാതാക്കുക എന്നത് ഒരു ഫാസിസ്റ്റ് രീതിയാണ്. അത് നമ്മൾ പിന്തുടരുന്നത് വലിയ സാംസ്കാരിക അപചയം തന്നെയാണ്.” അദ്ദേഹം പറയുന്നു.

കേരളത്തിലെ ഫിലിം സോസൈറ്റികളും ചലച്ചിത്ര അക്കാദമിയും ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഇത്തവണയും IFFK നടത്താന്‍ കഴിയും എന്നാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അഭിപ്രായപ്പെട്ടത്. “സര്‍ക്കാര്‍ ഫണ്ട് കഴിയുന്നത്ര കുറച്ചും ഇതരമാര്‍ഗങ്ങളിലൂടെ പണം കണ്ടെത്തിയും അത് ചെയ്യാം. അതിജീവനം എന്നാല്‍ മനുഷ്യനെ വെന്റിലെറ്ററില്‍ കിടത്തുക എന്നതല്ലല്ലോ. സന്തോഷമുള്ള ജനതക്ക് മാത്രമേ അതിജീവിക്കാന്‍ കഴിയുകയുള്ളൂ. വിലപിക്കുന്ന ജനത വിലപിച്ചുകൊണ്ടെയിരിക്കും. എന്ത് ചെയ്താലും ഇത്തവണ iffk നടത്താനേ പാടില്ല എന്നൊക്കെ ചിലരുടെ ചോര തിളയ്ക്കുന്നത് കാണുമ്പോള്‍ മരണവീട്ടില്‍ ചിരിക്കാന്‍ പാടില്ല.. ഒരു വര്‍ഷം ആഘോഷങ്ങള്‍ പാടില്ല.. നിറമുള്ള വസ്ത്രം ഉടുക്കാന്‍ പാടില്ല.. മൂളിപ്പാട്ട് ഒട്ടുമേ പാടില്ല.. എന്നൊക്കെയുള്ള പഴയ തറവാട്ടുതിട്ടൂരം ആണ് ഓര്‍മവരുന്നത്.”

കോളമിസ്റ്റ് ശ്രീചിത്തിരൻ എം ജെയും സമാന അഭിപ്രായം പ്രകടിപ്പിച്ചു “സകല ഉൽസവവും ക്യാൻസൽ ചെയ്തതു കൊണ്ട് റിലീഫിനും റീബിൽഡിനും എന്തെങ്കിലും ഗുണമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ലോകത്തെമ്പാടും ദുരന്തങ്ങൾക്ക് ശേഷം തിരിച്ചു വന്ന ജനതകളെ പരിചയപ്പെടുകയോ വായിച്ചറിയുകയോ ചെയ്ത ആരും ഈ വങ്കത്തം ചെയ്യുകയുമില്ല. ഏറ്റവും ഫലപ്രദമായി കൊടുങ്കാറ്റിനെ നേരിട്ട ക്യൂബയിൽ ദുരന്ത ശേഷം ചെയ്തത് ഓരോ തെരുവുകളിലും ഗായകസംഘങ്ങൾ പാടുകയാണ്. . കലോൽസവത്തിന്റെ ഘടന അടിമുടി പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചു എന്നഭിപ്രായവുമുണ്ട്. എന്നാൽ ഈ സാഹചര്യത്തിൽ പ്രസക്തം മൽസാധിഷ്ഠിത സമ്മർദ്ദങ്ങളെ ഒഴിവാക്കുന്ന, പണം ആഡംബരങ്ങൾക്ക് ധൂർത്തടിക്കാത്ത ഒരു കലോൽസവം കുട്ടികൾക്ക് നൽകുക എന്നതു തന്നെയാണ്. അവർ ആടിയും പാടിയും സന്തോഷിക്കട്ടെ. പ്രളയപയോധിജലത്തിനു മേൽ അവരുടെ നൃത്തം നമുക്കും ആശ്വാസം നൽകട്ടെ.”.

ശാസ്ത്രലേഖിക അനുപമ ആനമങ്ങാട് എഴുതുന്നത് ഇങ്ങനെ “ആഘോഷമല്ല, ചെലവാണ് ഒഴിവാക്കുന്നത്. ആ ചെലവിനേക്കാൾ പ്രയോറിറ്റി കൂടിയ ചെലവുകൾ ഇപ്പോൾ ഉള്ളതുകൊണ്ട്! Its prioritizing, not mourning! ആഘോഷങ്ങൾ അതിജീവനത്തിന്റെ ഭാഗമാണെന്നതൊക്കെ ശരിയാണ്. പക്ഷേ ഇരുന്നിട്ടേ കാൽനീട്ടാൻ പറ്റൂ. ചെലവധികം വരാത്ത ആഘോഷങ്ങൾ കണ്ടുപിടിക്കുകയാണ് നമുക്കു ചെയ്യാവുന്നത്. മനുഷ്യരുടെ നഷ്ടങ്ങളുടെയും മുറിവുകളുടെയും ആഴമറിയാതെ കാല്പനികരാകുന്നതിൽ യാതൊരർത്ഥവുമില്ല” !

പ്രളയനിവാരണ, പുനർനിർമാണ പ്രവൃത്തികൾ കേരളത്തെ കൂടുതൽ ഞെരുക്കും. അതേസമയം സർക്കാറിന്റെ വരുമാനത്തിലും കുറവുവരും. ബജറ്റ് പ്രകാരമുള്ള 12,860 കോടിയുടെ റവന്യൂ കമ്മി പിന്നെയും കൂടും. ധനക്കമ്മിയും വർധിക്കും. ഈ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് തന്നെ കേരളത്തിന്റെ അഭിമാനമായ, സാംസ്‌കാരിക കലാ മേളകൾ ആർഭാടങ്ങളില്ലാതെ കേരളത്തിന്റെ പുനർ നിർമ്മിതിക്ക് കൂടി ഉപയുക്തമാകുന്ന രീതിയിൽ നടത്തിയെടുക്കുന്നതാവും കൂടുതൽ ഉചിതം എന്ന് തോന്നുന്നു. ഇതൊരു അവസാന വാക്കോ, സ്ഥായിയായ നിലപാടോ അല്ല മറിച്ച് ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായങ്ങളും, ആശയങ്ങളും രൂപം കൊള്ളട്ടെ, ചർച്ചകൾ തുടരട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍