UPDATES

ആപത്തില്‍ ഒറ്റപ്പെട്ടതിന്റെ വേദനയില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളിയും ഈ കേരളം വിട്ടു പോകാന്‍ ഇടയാകരുത്

ഒരു രേഖയും കണക്കുമില്ലാതെ കോണ്‍ട്രാക്ടര്‍മാര്‍ കൊണ്ടുവന്ന തൊഴിലാളികളാണ് ഒറ്റപ്പെട്ടു പോയിരിക്കുന്നത്

പ്രളയക്കെടുതിയില്‍ കേരളം രക്ഷത്തേടി കൈനീട്ടിയപ്പോള്‍ തന്റെ ഉപജീവനാര്‍ത്ഥം വില്‍പ്പന നടത്താന്‍ കൊണ്ടു നടന്ന അമ്പതു കമ്പിളി പുതപ്പുകള്‍ നിറഞ്ഞ മനസോടെ ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്കായി നല്‍കിയ മധ്യപ്രദേശുകാരന്‍ വിഷ്ണുവിനെ നാം ഒരുപാട് പുകഴ്ത്തിയതാണ്. കള്ളന്മാരാണ്, കൊലപാതകികളാണ്, രോഗം പരത്തുന്നവരാണ് എന്നൊക്കെ ‘പ്രഖ്യാപിച്ച്’ ഇതരസംസ്ഥാനക്കാരെ കേരളത്തില്‍ നിന്നും ആട്ടിയോടിക്കാന്‍ അലറി വിളിച്ചിരുന്നവര്‍ പോലും വിഷ്ണുവിന്റെ ‘നല്ല മനസിന്’ നന്ദി പറഞ്ഞു സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ‘അന്യസംസ്ഥാനക്കാരന്റെ’ പ്രവര്‍ത്തിയെ വാതോരാതെ പ്രശംസിച്ചു. ആ പ്രശംസയും പുകഴ്ത്തലും ആത്മാര്‍ത്ഥമായിരുന്നോ? കേരളം ഒന്നാകെ ദുരന്തം നേരിടുന്ന സാഹചര്യത്തില്‍ ഇവിടെയെത്തി അന്നം തേടുന്ന ഇതരസംസ്ഥാനക്കാരെ സംരക്ഷിച്ച് കൂടെ നിര്‍ത്തേണ്ടതിനു പകരം അവരെ അകറ്റി നിര്‍ത്തി, നിങ്ങള്‍ ഞങ്ങളില്‍ പെടുന്നില്ലെന്നു പറഞ്ഞ് ഒഴിവാക്കി വിടുന്ന കാഴ്ചകള്‍ പലയിടത്തു നിന്നും കാണേണ്ടിയും കേള്‍ക്കേണ്ടിയും വരുന്നതുകൊണ്ട് ചോദിച്ചു പോവുകയാണ്.

അടച്ചാക്ഷേപിക്കുകയല്ല. ഇതരസംസ്ഥാനക്കാരെ സ്വന്തമെന്നപോലെ കൂടെ നിര്‍ത്തി എല്ലാ സംരക്ഷണവും, താമസവും ഭക്ഷണവും ഉള്‍പ്പെടെ നല്‍കുന്ന വലിയൊരു വിഭാഗം മുന്നിലുള്ളപ്പോള്‍ തന്നെ ചിലര്‍, നീച പ്രവര്‍ത്തി നടത്തുന്നുണ്ട്. അതില്‍ ഇതരസംസ്ഥാനക്കാരെ ജോലിക്കായി കൊണ്ടുവന്ന കോണ്‍ട്രാക്റ്റര്‍മാരുണ്ട്, അവര്‍ക്ക് വാടകയ്ക്ക് വീട് നല്‍കിയവരുണ്ട്…അതിലേറെ കഷ്ടം, ദുരാതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഇതരസംസ്ഥാനക്കാരെ അവഗണിച്ച്, ‘മലയാളികള്‍ക്ക്’ സംരക്ഷണവുമായി പോകുന്നവരാണ്. ഇവര്‍ കൂടെ താമസിച്ചാല്‍ ഇല്ലാത്ത രോഗം വരുമെന്നു പറഞ്ഞ്’ അറപ്പ് പ്രകടിപ്പിക്കുന്നവരും ക്യാമ്പില്‍ കയറ്റാത്തവരുമുണ്ട്. കേരളത്തിന് പുറത്തുള്ള എല്ലാ സംസ്ഥാനങ്ങളും നമുക്ക് ഇതര സംസ്ഥാനങ്ങള്‍ തന്നെയാണ്. അത്തരം ഇതരസംസ്ഥാനങ്ങളില്‍ നിന്നെല്ലാം-അതാത് സര്‍ക്കാരുകള്‍, പ്രമുഖ വ്യക്തികള്‍, സാധാരണക്കാര്‍- കോടികള്‍ ധനസഹായമായും ഭക്ഷണസാധനങ്ങളായും മറ്റ് അവശ്യ വസ്തുക്കളായുമെല്ലാം നമുക്ക് സഹായം കിട്ടിക്കൊണ്ടിരിക്കുകയാണ്. അത് മറന്ന്, ആ നന്മയും കരുതലും മറന്ന് ‘ബംഗാളികളോട് നാട്ടില്‍ പോകാന്‍ പറ, എന്ന ഡയലോഗുമായി ജോലിയും ജീവിതവും തേടി ഈ നാട്ടിലെത്തിയവരെ ആരും അകറ്റി നിര്‍ത്തരുത്, ആട്ടിയോടിക്കരുത്. പത്തനംതിട്ട റാന്നിയില്‍ അവശ്യസാധനങ്ങളുമായി ദുരിതാശ്വാസ ക്യാമ്പില്‍ പോയവര്‍ അവിടെ ഹിന്ദിക്കാരാണ് ഉള്ളതെന്ന് അറിഞ്ഞ് മലയാളികള്‍ ഉള്ളിടത്തേക്ക് പോയി എന്ന വാര്‍ത്തയൊക്കെ വേദനാജനകമാണ്. ഈ സമയത്ത് ആരോടും വിവേചനം കാണിക്കരുത്. ഹിന്ദിക്കാരനായാലും തമിഴനായാലും മലയാളിയായലും എല്ലാവരും ഒരേപോലെയാണ് ഈ ദുരിതം ഇപ്പോള്‍ കേരളത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അതോര്‍ക്കണം.

പെരിയാര്‍ കരകവിഞ്ഞൊഴുകിയതോടെ താമസിച്ചിരുന്ന വീടുകളില്‍ വെളളം കയറി നാട്ടുകാര്‍ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോയപ്പോള്‍ പാര്‍ക്കാന്‍ ഇടമില്ലാതെ ഭക്ഷണമോ കുടിവെള്ളമോ ലഭിക്കാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ നില്‍ക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികളെ നേരില്‍ കണ്ടിരുന്നു. ”വൈകിട്ടോടെ ഒരു ട്രെയിന്‍ വരുമെന്ന് പറയുന്നു, അത് കാത്തിരിക്കുകയാണ്. പെരുമ്പാവൂരില്‍ തങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് കഴുത്തറ്റം വെള്ളം കയറുമെന്ന് ഉറപ്പായിരുന്നു. ആരുടെയെങ്കിലും സഹായം ലഭിക്കുമെന്ന് കരുതി ആരും എത്തിയില്ല. ഒടുവില്‍ കൈയ്യില്‍ കിട്ടിയതെല്ലാം എടുത്ത് വെള്ളത്തിലൂടെ നീന്തി രക്ഷപ്പെട്ട് ഇവിടെ എത്തുകയായിരുന്നു; നാട്ടിലേക്ക് മടങ്ങാന്‍ എറണാകുളം സൗത്ത് റെയില്‍ വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്ന കൊല്‍ക്കത്ത സ്വദേശി മൈനുള്‍ ഹഖ് ഇത് പറയുമ്പോള്‍ ആപത്തില്‍ അവഗണിക്കപ്പെട്ടവന്റെ നിരാശയുണ്ടായിരുന്നു മുഖത്ത്. പെരുമ്പാവൂരില്‍ അജിത എന്ന സ്ത്രീയാണ് ഞങ്ങളുടെ കോണ്‍ട്രാക്ടര്‍. അവരുടെ വീടും വെളളത്തില്‍ മുങ്ങി. വെള്ളം പൊങ്ങിയതോടെ നാട്ടുകാരെല്ലാം സമീപത്തെ സ്‌കൂളുകളില്‍ അഭയം തേടി. അവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിച്ചു. ആരുടെ സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്നു. സുരക്ഷ സന്ദേശങ്ങള്‍ മലയാളത്തില്‍ ആയതുകൊണ്ട് ആരെയും അങ്ങോട് വിളിച്ച് സഹായം ചോദിക്കാന്‍ കഴിഞ്ഞില്ല. കൈയ്യിലുണ്ടായിരുന്ന തുകയുടെ നല്ലൊരു ശതമാനവും വണ്ടി കൂലിക്കുകൊടുത്തു. ബസുകള്‍ സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് പെരുമ്പാവൂരില്‍ നിന്ന് എറണാകുളം വരെ ഓട്ടോയ്ക്കാണ് വന്നത്. നാട്ടില്‍ ഇത്തരത്തിലുള്ള വെള്ളപൊക്കത്തെ നേരിട്ടിട്ടില്ല. ഇവിടുത്തെ അവസ്ഥ കണ്ടപ്പോള്‍ വലിയ പേടിയായി. അതുകൊണ്ടാണ് കിട്ടിയ വാഹനം പിടിച്ച് റെയില്‍വെ സ്‌റ്റേഷനുകളില്‍ എത്തിയത്. നാട്ടില്‍ പോയിട്ട് എന്ത് ചെയ്യുമെന്നറിയില്ല. അവിടെ ജോലിയില്ല, ഉള്ള പണിക്കു പോയാല്‍ ഇവിടെ കിട്ടുന്ന കൂലി കിട്ടത്തില്ല. പക്ഷേ, പോകാതെ പറ്റില്ലല്ലോ. വെള്ളമിറങ്ങിയെന്നറിഞ്ഞാല്‍ ഇങ്ങോട്ടു തന്നെ തിരിച്ചു വരും; മൈനുള്‍ ഹഖിന്റെ വാക്കുകള്‍.

എറണാകുളത്ത് നിന്ന് വടക്കോട്ടുള്ള എല്ലാ ട്രെയിനുകളും റെയില്‍വേ റദ്ദാക്കിയിരിക്കുന്നതറിയാതെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനിലേക്കും ഇതരസംസ്ഥാനക്കാര്‍ എത്തുന്നുണ്ട്.

സംസ്ഥാനത്തെ മഴക്കെടുതിയില്‍ പലയിടങ്ങളിലും റെയില്‍വേ പാലങ്ങള്‍ മുങ്ങാറായ അവസ്ഥയിലാണ്. മഴയും പേമാരിയും എല്ലാ നശിപ്പിക്കും. കുറച്ച് നാളത്തേക്ക് തൊഴില്‍ ഒന്നും ഇല്ലാത്ത അവസ്ഥ വരുമെന്നതിനാലാണ് സ്വദേശത്തേക്ക് മടങ്ങുന്നതെന്ന് എറണാകുളത്ത് ഹോട്ടല്‍ ജീവനക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശി ബബല്യൂ പറഞ്ഞു. മാസങ്ങളോളം നീണ്ട് നില്‍ക്കുന്ന മഴയും പേമാരിയും തങ്ങളുടെ നാട്ടില്‍ ഉണ്ടാകാറുണ്ടെന്നും ചിലപ്പോള്‍ ഇവിടെയും ആ അവസ്ഥ ഉണ്ടാകുമെന്ന ഭയം ഉണ്ടെന്നാണ് ബബല്യു പറഞ്ഞത്.

മഴ തോരാതെ പെയ്യുന്നതോടെ നഗരത്തിനകത്തും പുറത്തുമായി വ്യാപാരസ്ഥപനങ്ങളള്‍ ഒട്ടുമിക്കവും തുറന്നു പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാണ്. നിര്‍മ്മാണ മേഖലകള്‍ പലതും സ്തംഭിച്ചതോടെ ഭൂരിഭാഗം ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ജോലിയില്ലാത്ത അവസ്ഥയിലാണ് നാട്ടിലേക്ക് മടങ്ങുന്നതും. വലുതും ചെറുതുമായ ഹോട്ടലും അടച്ചതോടെ ഈ മേഖലയിലുള്ളവരും തൊഴിലില്ലാത്ത അവസ്ഥയിലാണ്. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇതരസംസ്ഥാന തൊഴിലാളികല്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയാറാവുന്നില്ല. പല തൊഴിലാളി ക്യാമ്പുകളും ഭക്ഷണവും കുടിവെള്ളവും കിട്ടാത്ത അവസ്ഥയിലാണെന്ന് തൊഴിലാളികള്‍ തന്നെ പറയുന്നു. ഈ സാഹചര്യത്തില്‍ മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ദുരിതം ഒഴിയുന്നതുവരെ സ്വന്തം വീടുകളിലേക്ക് മടങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം. അതേസമയം ട്രെയിന്‍ ഗതാഗതം നിലച്ചത് ഇവരെ വലച്ചിരിക്കുകയാണ്. സ്‌പെഷല്‍ ട്രെയിനുകള്‍ കാത്ത് റെയില്‍വെ സ്‌റ്റേഷനുകളില്‍ കഴിയുകയാണ് ഇവര്‍.

വടക്കോട്ട് ട്രെയിന്‍ സര്‍വീസുകള്‍ ഇല്ലാതായതോടെ പലരും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നുണ്ട്. രാവിലെയുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ പതിവില്ലാത്തവിധം ഇതരസംസ്ഥാനക്കാര്‍ ഉണ്ടായതിന്റെ കാരണം തിരക്കിയപ്പോള്‍ തിരുവനന്തപുരത്ത് നിന്നും തമിഴ്‌നാട്ടിലേക്ക് പോയി, അവിടെ നിന്നും നാട്ടിലേക്ക് ട്രെയിന്‍ കിട്ടുമോ എന്നു നോക്കുകയാണെന്നാണു പറഞ്ഞത്. ചിലര്‍ തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന തങ്ങളുടെ സുഹൃത്തുക്കളുടെ കൂടെ കുറച്ച് ദിവസം താമസിക്കാന്‍ കഴിയുമോ എന്നറിയാനാണ് പോകുന്നത്.

കേരളം മഹപ്രളയത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ എല്ലാ ഇതരസംസ്ഥാന തൊഴിലാളികളെയും ഓടിച്ചു വിടുന്നുവെന്നോ സംരക്ഷിക്കാന്‍ തയ്യാറാകുന്നില്ലെന്നോ അല്ല പറയുന്നത്. നിരവധി സ്ഥലങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളെ അര്‍ഹമായ പരിഗണനയോടെ ക്യാമ്പുകളില്‍ സ്വീകരിക്കുകയും അവര്‍ക്ക് ആവശ്യമായതെല്ലാം നല്‍കുന്നുമുണ്ട്. പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിച്ചിരുന്ന പാലക്കാട്ട് താഴം, കണ്ടംതറ, അറയ്ക്കപ്പടി എന്നിവിടങ്ങളില്‍ നിന്നെല്ലാം തന്നെ അവരെ വെള്ളം കയറിത്തുടങ്ങിയ സമയത്ത് തന്നെ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. എങ്ങോട്ട് പോണം എന്നറിയാതെ നിന്നിരുന്ന തൊഴിലാളികളെയാം സന്നദ്ധ സംഘടന പ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമെല്ലാം ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. രജിസ്‌ട്രേഷന്‍ ഉള്ള തൊഴിലാളികളെ ഭൂരിഭാഗം പേരെയും ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അറിയുന്നു. നാട്ടുകാരില്‍ നിന്നും നല്ല കരുതലും സഹായവും കിട്ടുന്നുണ്ടെന്നു പറയുന്നവരും ധാരളമുണ്ട്. എറണാകുളം നഗരപ്രദേശത്ത് താമസിച്ച് ജോലി ചെയ്യുന്ന ഇതരസംസ്ഥാനക്കാര്‍ക്ക് വലിയ ബു്ദ്ധിമുട്ടുകള്‍ നേരിടുന്നില്ല. എന്നാല്‍ ജോലിയില്ലാതെ ആകുന്നത് ഇവരെയും ബാധിക്കുന്നുണ്ട്. ഹോട്ടലുകളും മറ്റും പലതും അടച്ചിട്ടിരിക്കുകയാണ്. സാധനങ്ങളുടെ ദൗര്‍ലഭ്യവും പ്രതിസന്ധിയാകുന്നുണ്ട്. ഈ സമയത്ത് ഞങ്ങള്‍ മാത്രം രക്ഷപ്പെട്ട് പോകുന്നതെങ്ങനെ എന്നു ചോദിക്കുന്ന ഝാര്‍ഖണ്ട് സ്വദേശിയായ ബിഷ്ണു ലാലിനെ പോലുള്ളവരും ഉണ്ട്. എല്ലാം മാറും ഈ നാട് പഴയതുപോലെയാകും, ഞങ്ങളുടെ കാര്യവും എന്നാണ് ബിഷ്ണു പ്രതീക്ഷയോടെ പറയുന്നത്. തങ്ങളെക്കൊണ്ട് ആകുന്നതുപോലെയൊക്കെ സഹായം ചെയ്യാന്‍ തയ്യാറാണെന്നും ഹോട്ടല്‍ ജീവനക്കാരനായ ബിഷ്ണു പറയുന്നു.

അതേസമയം ഒരു രേഖയും കണക്കുമില്ലാതെ കോണ്‍ട്രാക്ടര്‍മാര്‍ കൊണ്ടുവന്ന തൊഴിലാളികളാണ് ഒറ്റപ്പെട്ടു പോയിരിക്കുന്നത്. കോണ്‍ട്രാക്റ്റര്‍മാര്‍ ഇവരെ കൈയൊഴിയുന്നു. താമസിച്ചിരുന്നിടങ്ങളില്‍ വെള്ളം കയറിയപ്പോള്‍ അവിടെ നിന്നും പോകേണ്ടി വന്നു. എന്നാല്‍ മറ്റൊരിടത്ത് പ്രവേശനം കിട്ടുന്നുമില്ല. ക്യാമ്പുകളില്‍ എത്തപ്പെടാന്‍ പറ്റാത്തവര്‍ക്ക് പുറത്തു നിന്നു ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നഗരപ്രാന്തങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കഴിഞ്ഞിരുന്നവരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ഇവിടങ്ങളില്‍ താമസം, ഭക്ഷണം എന്നിവയ്‌ക്കെല്ലാം വലിയ പ്രതിസന്ധിയാണ്. കടകളില്‍ സാധനങ്ങള്‍ ഇല്ല, മിക്ക കടകളും അടച്ചിട്ടിരിക്കുന്നു. ഉള്ളിടങ്ങളില്‍ നിന്നും വാങ്ങാന്‍ ആവശ്യമായ പണം ഇവരുടെ കൈകളില്‍ ഇല്ല. ഇതെല്ലാം കൊണ്ടാണ് പലരും നാട്ടിലേക്ക് പോകുന്നത്. ക്യാമ്പുകളില്‍ തന്നെ ഇവരെ വൃത്തിയില്ലാത്തവര്‍, രോഗം പരത്തുന്നവര്‍ എന്നു പറഞ്ഞ് അകറ്റി നിര്‍ത്തുന്നതായും ശ്രദ്ധയില്‍പ്പെടുന്നുണ്ട്. അതിനൊപ്പാണ് ഭക്ഷണം എത്തിക്കുമ്പോള്‍ പോലും ഹിന്ദിക്കാരല്ലേ എന്നു പറഞ്ഞ് അവഗണിച്ച് മറ്റുള്ളവരെ തേടി പോകുന്നതും. അരുത്, അവരെ ആരും അകത്തി നിര്‍ത്തരുത്, ചേര്‍ത്ത് നിര്‍ത്തി സംരക്ഷിക്കണം. വീടുകളിലേക്ക് പോകണം എന്നുള്ളവര്‍ പോട്ടേ, പോയിട്ടവര്‍ തിരിച്ചുവരട്ടെ, പക്ഷേ, ഒറ്റപ്പെട്ടുപോയവന്റെ നിരാശയിലും വേദനയിലുമാകരുത് ഒരു ഇതരസംസ്ഥാനക്കാരനും ഇവിടെ നിന്നും വണ്ടി കയറുന്നത്, അതിനിടവരുത്തരുത്…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍