UPDATES

ട്രെന്‍ഡിങ്ങ്

നാം നീന്തിക്കയറുന്നതു മാനുഷികതയിലുള്ള വിശ്വാസവുമായാണ്, കാരിരുമ്പിന്റെ കരുത്തുള്ള ഒരു ഹൃദയവുമായാണ്

ഈ പ്രളയ കാലം ഓരോരുത്തർക്കും നന്മ വറ്റിപ്പോയിട്ടില്ലെന്നു തെളിയിക്കാനുള്ള അവസരമായിരുന്നു.

ധന്യശ്രീ

ധന്യശ്രീ

“വര്‍ഷങ്ങളോളം നീണ്ടു നിന്ന യുദ്ധം വിയറ്റ്നാം ജനതയ്ക്കു കാരിരുമ്പിനേക്കാള് കരുത്തുറ്റ ഒരു ഹൃദയം കൊടുത്തു ” എന്ന് എം എൻ വിജയൻ മാഷിന്റെ ഒരു ലേഖനത്തിൽ വർഷങ്ങൾക്ക് മുന്നേ വായിച്ചിട്ടുണ്ട്. മനുഷ്യൻ എന്നത് സുന്ദരമായ ഒരു പദമാണെന്നും അതിജീവനം നമ്മുടെ ജീനുകളിലുണ്ടെന്നും തെളിയിക്കുന്ന ദിനങ്ങൾ ആണ് കടന്നു പോയത്.പരിധിയിൽ കൂടുതൽ ചൂടും തണുപ്പും അറിയാതിരുന്ന ഒരു ജനത – മറ്റൊരുത്തന്റെ രക്ഷപ്പെടൽ കണ്ണുകടിയോടെ മാത്രം നോക്കിക്കാണുന്ന ഒരു ജനത – അങ്ങനെ എന്തെല്ലാം മൂഢവിശ്വാസങ്ങളായിരിന്നു നമുക്ക് നമ്മെ കുറിച്ച് തന്നെ. പക്ഷെ ഇനി നമ്മളെ ചരിത്രം അടയാളപ്പെടുത്താൻ പോകുന്നത് പൊരുതി ജയിച്ച ഒരു ജനത എന്നായിരിക്കും.

സത്യമാണ്, നാം അധികം ചൂടും തണുപ്പുമൊന്നും അനുഭവിക്കേണ്ടി വരാത്തവരാണ്. അത് കൊണ്ട് കൂടിയാകണം നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ പ്രളയത്തോടു തുടക്കത്തിൽ നാം പതറിപ്പോയത്. ന്യുനമർദം ശക്തി പ്രാപിച്ചതും മുപ്പത്തിമൂന്നു അണക്കെട്ടുകളുടെ ഷട്ടർ തുറക്കേണ്ടി വന്നതും മുന്നനുഭവങ്ങളല്ല. ഇടുക്കി വയനാടൻ പ്രദേശങ്ങളിൽ ശക്തമായ കാലവർഷവും ഉരുൾ പൊട്ടലുകളും തുടർക്കഥയായി. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പെട്ടെന്നൊരു ആഘാതം പോലെ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലേക്കും പ്രകൃതി ക്ഷോഭങ്ങൾ സ്ഥിരം കാഴ്ചയായി. ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ പ്രളയക്കെടുതിക്കാണ് നാം ഇരയായത്. ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനമെന്ന നിലയ്ക്ക് കേരളം നേരിട്ട ദുരന്തങ്ങൾ ചില്ലറയായിരുന്നില്ല. ഡാമുകൾ നിറ കവിഞ്ഞൊഴുകകയും, ഗതാഗത സംവിധാനം സ്തംഭിക്കുകയും ചെയ്തു.

നൂറ്റാണ്ടിലെ ശക്തമായ ഒരു പ്രളയം നേരിടുന്ന ജനതയെ ദേശിയ മാധ്യമങ്ങൾ ഏറെക്കുറെ അവഗണിച്ചു. ആവശ്യപ്പെട്ട സഹായ ധനം ലഭിച്ചില്ല. ദേശിയ ദുരന്ത നിവാരണ സേനയെയും, നേവി, ഫയർഫോഴ്‌സ് ഇവയെ ഏകോപിപ്പിച്ചു ദുരന്തം പരിഹരിക്കാനുള്ള ശ്രമത്തിനിടയിലാണ് ഏറ്റവും ഹൃദയ ഹാരിയായ കാഴ്ച കാണാനായത്. കോമൺ മാൻ എന്നറിയപ്പെടുന്ന വർഗം ഒന്നിന് പുറകെ ഒന്നായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആരും ആവശ്യപ്പെടാതെ തന്നെ അവർ കംഫര്‍ട്ട് സോണിൽ നിന്ന് പുറത്തിറങ്ങി, സഹജീവികളുടെ ദുരിതങ്ങൾ പരിഹരിക്കാനുള്ള ശ്രെമങ്ങളിൽ ഭാഗഭാക്കായി. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ കഴുത്തറ്റം വെള്ളത്തിൽ നിന്ന് ജീവന് വേണ്ടി പൊരുതുന്ന സന്ദർഭത്തിൽ അതിജീവനം എന്നൊരു ഉപാധി മാത്രമേ അവർക്കു മുന്നിലുണ്ടായിരുന്നുള്ളൂ.

എങ്ങനെ നന്ദി പറഞ്ഞറിയാക്കണെമെന്നറിയാത്ത ഒരായിരം മനുഷ്യരുണ്ട്. തന്റെ ഉപജീവനമാർഗമായ , കമ്പിളിപുതപ്പുകൾ ഒരു രൂപ പോലും വാങ്ങാതെ ക്യാമ്പിൽ കൊടുത്ത ഇതര സംസ്ഥാനത്തൊഴിലാളി, ‘ബംഗാളി’ എന്ന പരിഹാസങ്ങളെയും ആൾക്കൂട്ടഹിംസയെയും ആണ് അയാൾ പകരം വെക്കാനില്ലാത്ത സ്വന്തം സഹജീവി സ്നേഹം കൊണ്ട് നിശബ്ദമാക്കി കളഞ്ഞത്,ആരും ആവശ്യപ്പെടാതെ തന്നെ സ്വന്തം ബോട്ടുകളുമായി വന്നു , ആയിരക്കണക്കിന് പേരെ രക്ഷിച്ച മൽസ്യ തൊഴിലാളികൾ, കേരളത്തിന്റെ സ്വന്തം സൈന്യത്തോട് ഏതു ഭാഷയിലാണ് നന്ദി പറയുക?

മീൻകാരന്റെ ഭാഷ, മീഞ്ചന്തയിലെ സംസാര രീതി തുടങ്ങീ വംശീയ പരാമർശങ്ങൾ കൊണ്ട് കേരളത്തിന്റെ മധ്യവർഗം പലപ്പോഴും അഭിസമോബോധന ചെയ്ത ഒരു ജനത ഇപ്പോൾ പ്രശംസകളും, അഭിനന്ദനം കൊണ്ടും വീർപ്പു മുട്ടുമ്പോൾ അത് കാലം കാത്തു വെച്ച ഒരു പ്രതികാരം കൂടിയാണ്. ഈ സ്പിരിറ്റ് ഉൾക്കൊണ്ട് ഭാവിയിൽ എങ്കിലും അവരോടുള്ള മനോഭാവത്തിൽ മാറ്റങ്ങൾ വരും എന്ന് പ്രതീക്ഷിക്കുന്നു.

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രി 3000 രൂപ പ്രഖ്യാപിച്ചപ്പോൾ ഒരു തൊഴിലാളിയുടെ മറുപടി “ഞങ്ങളുടെ സഹോദരങ്ങളെ രക്ഷിച്ചതിനു പണം വേണ്ട” എന്നായിരുന്നു. അന്നന്നത്തെ ആഹാരത്തിനു കടലിൽ പോകുന്ന മത്സ്യത്തൊഴിലാളി അവന്റെ ഏക ഉപജീവന മാർഗ്ഗമായ ബോട്ടും കൊണ്ട്‌ ദിവസങ്ങളോളം രക്ഷാ പ്രവർത്തനത്തിനു ഇറങ്ങുന്നതും ഹൗസ്‌ ബോട്ടുകൾ രക്ഷാ പ്രവർത്തനത്തിനു വിട്ടുനൽകാതിരുന്ന ബോട്ട്‌ മുതലാളിമാർക്കെതിരെ കേസ്‌ എടുത്ത്‌ ബോട്ട്‌ പിടിച്ചെടുക്കേണ്ടി വരുന്നതും ഒരേ ദിവസം തന്നെയാണു നമ്മൾ കണ്ടത്‌. അറ്റ് ടൈം ക്‌ളാസ് മാറ്റേഴ്സ് എന്ന് പറഞ്ഞതാരായാലും അയാൾക്ക്‌ സ്തുതി.

കേരളത്തിൻ്റെ പ്രളയക്കെടുതിക്ക് പരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 9000ഓളം രൂപ സംഭാവന നൽകിയ തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിനിയായ രണ്ടാം ക്ലാസുകാരി അനുപ്രിയയും, അച്ഛൻ തനിക്കും കുഞ്ഞനുജനുമായി നൽകിയ ഒരേക്കർ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനി സ്വാഹയും കണ്ണിനെ ഈറനണിയിക്കുകയാണ്.

ഈ പ്രളയ കാലം ഓരോരുത്തർക്കും നന്മ വറ്റിപ്പോയിട്ടില്ലെന്നു തെളിയിക്കാനുള്ള അവസരമായിരുന്നു. തന്റെ കുടുക്ക പൊട്ടിച്ച സമ്പാദ്യം മുഖ്യമന്ത്രിക്കയച്ചു കൊടുത്ത കുഞ്ഞുങ്ങൾ മുതൽ ഉറക്കമൊഴിച്ചു മറ്റുള്ളവരെ രക്ഷിക്കാനുള്ള സന്ദേശം പാസ് ചെയ്തവർ വരെ അങ്ങനെ എത്രയെത്ര പേർ! ക്യാമ്പിലുള്ളവർക്കു ഭക്ഷണമെത്തിച്ചു കൊടുത്തവർ ചുറുചുറുക്കോടെ സാധനങ്ങൾ ശേഖരിക്കുന്ന വോളന്റിയേഴ്‌സ്, സന്നദ്ധ സേവനത്തിനിറങ്ങുന്ന ആരോഗ്യ പ്രവർത്തകർ. ഊണും ഉറക്കവുമുപേക്ഷിച്ചു മറ്റുള്ളവർക്കായിമെഴുകുതിരിപോലെ ഉരുകിയവർ അങ്ങനെ എത്ര പേർ! പ്രളയാനന്തരം നാം നീന്തിക്കയറുന്നതു മാനുഷികതയിലുള്ള വിശ്വാസവുമായാണ്. കാരിരുമ്പിന്റെ കരുത്തുള്ള ഒരു ഹൃദയവുമായാണ്.

ധന്യശ്രീ

ധന്യശ്രീ

അധ്യാപിക, ഇംഗ്ലീഷ് വിഭാഗം, ഗവ. ആര്‍ട്സ് കോളേജ്, തിരുവനന്തപുരം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍