UPDATES

പ്രളയത്തില്‍ ചത്ത പക്ഷിമൃഗാദികളുടെ മൃതശരീരങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

അഴുകിയ ശവശരീരങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ അവശേഷിക്കുന്നുണ്ടെങ്കില്‍ മറ്റ് പല രോഗങ്ങള്‍ക്കും അത് കാരണമാകും.

ദുരിതപ്പെയ്ത്തുകള്‍ക്ക് ഒടുവിലെ നഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ നടക്കുകയാണ് കേരളത്തില്‍. ഇക്കാലം കൊണ്ട് സ്വരുക്കൂട്ടിയത്, മോഹിച്ചത്, അരുമയായി വളര്‍ത്തിയത് എല്ലാം മലവെള്ളപ്പാച്ചിലില്‍ നഷ്ടപ്പെട്ടു. 373 മനുഷ്യജീവനുകള്‍ നഷ്ടമായി എന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ നഷ്ടമായ വളര്‍ത്തുമൃഗങ്ങളുടെയും കന്നുകാലികളുടെയും കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല. മൃഗങ്ങളുടെ ശവശരീരങ്ങള്‍ മറവ് ചെയ്യുന്നത് മിക്കവാറും പൂര്‍ത്തിയായി എന്നും ഇതിനകം നാലു ലക്ഷത്തോളം പക്ഷികളുടെയും 18,532 ചെറിയ മൃഗങ്ങളുടെയും 3,766 വലിയ മൃഗങ്ങളുടെയും ശവങ്ങള്‍ സംസ്കരിച്ചു എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പക്ഷേ കാണാതായ മൃഗങ്ങളുടെയും പക്ഷികളുടെയും കണക്കുകള്‍ കൂടി ഗൗരവത്തോടെ എടുക്കേണ്ടതാണ് എന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ മാത്രമേ ചത്തുപോയ എല്ലാ മൃഗങ്ങളുടെയും ശവശരീരം നിര്‍മാര്‍ജനം ചെയ്തുവെന്ന് ഉറപ്പുവരുത്താനാകൂ. അല്ലാത്ത പക്ഷം അഴുകിയ ശവശരീരങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ അവശേഷിക്കുന്നുണ്ടെങ്കില്‍ മറ്റ് പല രോഗങ്ങള്‍ക്കും അത് കാരണമാകും.

“പ്രളയാനന്തരമുള്ള ശുചീകരണപ്രവര്‍ത്തനത്തില്‍ പ്രഥമ പരിഗണന ജന്തുജീവജാലങ്ങളുടെ ശവശരീരങ്ങള്‍, ശരീരാവശിഷ്ടങ്ങള്‍ എന്നിവയ്ക്കാണ് നല്‍കേണ്ടത്. പ്രദേശത്ത് ഇത്തരം മാലിന്യങ്ങള്‍ എവിടെയൊക്കെയുണ്ടെന്ന് കണ്ടെത്തി പരമാവധി ഉറവിടത്തില്‍ തന്നെ അവയെ കുഴിയെടുത്ത് മറവ് ചെയ്യേണ്ടതാണ്. സൗകര്യമില്ലാത്ത സാഹചര്യത്തില്‍ അവയെ ശേഖരിച്ച് അനുയോജ്യമായ ഒരു സ്ഥലത്ത് മറവ് ചെയ്യേണ്ടതാണ്. ജന്തുജാലങ്ങളുടെ ശവശരീരങ്ങളും അവശിഷ്ടങ്ങളും ആഴത്തില്‍ കുഴിയെടുത്ത് മൂടണം. കുഴിക്ക് കുറഞ്ഞത് മൂന്നടി ആഴം ഉണ്ടായിരിക്കണം. കുഴി മൂടുന്ന കൂനയ്ക്ക് പുറത്ത് ബ്ലീച്ചിംഗ് സൊല്യൂഷന്‍ തളിക്കണം. ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ന്ന സ്ഥലമാണെങ്കില്‍ അവിടെ കുഴിച്ചിടരുത്. അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി കുഴിച്ചിടുക”, തണല്‍ ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ പ്രളയാനന്തര മാലിന്യശേഖരണവും സംസ്‌കരണവും എന്ന മാര്‍ഗരേഖയില്‍ നിഷ്‌കര്‍ഷിക്കുന്നു.

മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തു വരുന്നതിന് തൊട്ടു മുമ്പ് വരെ 3285 വലിയ മൃഗങ്ങളുടെ ശവസംസ്‌കരണമാണ് നടത്തിയത്. പഞ്ചായത്തുകളില്‍ 3032 ശവശരീരങ്ങളും നഗരസഭകളില്‍ 253 ശവശരീരങ്ങളും മറവ് ചെയ്തു. അതുപോലെ 14274 ചെറിയ മൃഗങ്ങളുടെ ശവശരീരങ്ങള്‍ ആകെ മറവ് ചെയ്തിട്ടുണ്ട്. 12797 ശവശരീരങ്ങള്‍ പഞ്ചായത്തില്‍ നിന്നും 1477 നഗരസഭയില്‍ നിന്നും സംസ്‌കരിച്ചു. 364079 പക്ഷികളുടെ ശവശരീരങ്ങളാണ് ആ ദിവസം വരെ സംസ്‌കരിച്ചത്.

വെള്ളപ്പൊക്കത്തില്‍ ചത്തു പോയ പക്ഷി മൃഗാദികളുടെ ശവശരീരങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടത് അതിപ്രധാനമുള്ള കാര്യമാണ്. ശവശരീരങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ചില്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുള്ളതിനാല്‍ വേണ്ട മുന്‍കരുതലുകളോടെയാണ് മൃതശരീരങ്ങള്‍ മറവ് ചെയ്തുകൊണ്ടിരിക്കുന്നത്. ജൈവ, അജൈവ മാലിന്യങ്ങള്‍ എങ്ങനെ സംസ്‌കരിക്കാമെന്നും മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റ് ജീവജാലങ്ങളുടെയും ശവശരീരങ്ങള്‍ എങ്ങനെ ശാസ്ത്രീയമായി സംസ്‌കരിക്കാമെന്നും ഉള്ള നടപടിക്രമങ്ങള്‍ പഞ്ചായത്ത് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. മൃഗങ്ങളുടെയും പക്ഷികളുടെയും ശവശരീരങ്ങള്‍ മറവ് ചെയ്യുന്നതിനായുള്ള ചെലവുകള്‍ 1996-ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ പ്രകാരം പഞ്ചായത്ത് ഫണ്ടില്‍ നിന്ന് വഹിക്കേണ്ടതാണ് എന്നാണ് നിര്‍ദേശങ്ങളില്‍ പറയുന്നത്.

“മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും അടങ്ങുന്ന വാര്‍ഡ് തല സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അവര്‍ തന്നെയാണ് ശവശരീരങ്ങള്‍ സംസ്‌കരിക്കുന്നത്. അതിനുവേണ്ട പ്രോട്ടോകോളും സര്‍ക്കുലറും നല്‍കിയിട്ടുണ്ട്”, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി മോഹന്‍ദാസ്. എസ് അറിയിച്ചു. “പ്രളയബാധിത മേഖലകളില്‍ നിന്നും ഏകദേശം എല്ലാ ശവശരീരങ്ങളും മറവ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഇനി ആരോഗ്യസംബന്ധിയായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയില്ലാത്ത ചെറിയ ചില മൃഗങ്ങളുടെ ശവശരീരങ്ങളാണ് ബാക്കിയുള്ളത് എന്നാണ് അറിയാന്‍ കഴിഞ്ഞത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ടെത്തുന്ന മൃതശരീരങ്ങള്‍ ഏറ്റവുമടുത്ത് ലഭ്യമായ പ്രദേശത്ത് തന്നെ സുരക്ഷിതമായി സംസ്‌കരിക്കാനായിയുള്ള സ്ഥലം കണ്ടെത്താനായി മൃഗസംരക്ഷണവകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്ഥലം കണ്ടെത്തുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്.

മൃതശരീര നിര്‍മാര്‍ജനത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍

ഉറപ്പുള്ള മണ്ണാണെങ്കില്‍ ജലസ്രോതസ്സില്‍ നിന്നും 10 മീറ്റര്‍ മാറി ലഭ്യമായ സ്ഥലത്ത് 5 മുതല്‍ 6 അടി വരെ താഴ്ചയില്‍ കുഴിയെടുത്ത് അതില്‍ കരിയില വിതറി അതിനുമുകളില്‍ മൃഗശരീരങ്ങള്‍ വച്ച് മണ്ണിട്ട് മൂടുകയും ശേഷം നായ്ക്കള്‍ മാന്താതിരിക്കാന്‍ ഇഷ്ടിക അടുക്കി സംരക്ഷിക്കുകയും വേണം.

കുഴിയെടുക്കാന്‍ ബുദ്ധിമുട്ടുള്ള ഇടമാണെങ്കില്‍ തൊണ്ട്, കരിയില ഇവ വിതറി മൃതശരീരം വച്ച തൊണ്ടും ചിരട്ടയും ഉപയോഗിച്ച് ചിതയൊരുക്കി കത്തിച്ച് സംസ്‌കരിക്കണം.

മൊബൈല്‍ വാതക ശ്മശാനമോ മൊബൈല്‍ ഇന്‍സിനറേറ്ററുകളോ ലഭ്യമാണെങ്കില്‍ അവ ഉപയോഗപ്പെടുത്തി കൂടുതല്‍ ഇന്ധനം ഉപയോഗിച്ച് സംസ്‌കരിക്കണം.

ഈര്‍പ്പമുള്ള മണ്ണാണെങ്കില്‍ ജലസ്രോതസില്‍ നിന്ന് 10 മീറ്റര്‍ മാറി ഇഷ്ടിക ഉപയോഗിച്ചോ മണ്ണ് ഉപയോഗിച്ചോ തറനിരപ്പില്‍ നിന്നും 50 സെന്റിമീറ്റര്‍ ഉയര്‍ന്ന പ്ലാറ്റ്ഫോം നിര്‍മിച്ച് മൃതശരീരം അതില്‍ വെച്ച് കരിയില, നീറ്റ്കക്ക ഇവയില്‍ പൊതിഞ്ഞ് മണ്ണിട്ട് മൂടേണ്ടതാണ്.

കണ്ടെത്തുന്ന മൃഗങ്ങളുടെ മൃതശരീരങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് അടുത്തെങ്ങും സുരക്ഷിതമായ സ്ഥലം ലഭ്യമല്ലെങ്കില്‍ പൊതുസ്ഥലമോ സര്‍ക്കാര്‍ വക വെള്ളക്കെട്ടില്ലാത്ത സ്ഥലമോ കണ്ടെത്തണം.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിത്വപ്പെടുത്തിയിട്ടുള്ള നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനും പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിയും നടപടി സ്വീകരിക്കണം. കൂടുതല്‍ സഹായങ്ങള്‍ ആവശ്യമെങ്കില്‍ ശുചിത്വമിഷനെ സമീപിക്കാവുന്നതാണ്.

ചേന്ദമംഗലം: മഹാപ്രളയം തകര്‍ത്ത നെയ്ത്ത് ഗ്രാമം

‘അന്ന ദാതാവായ കള്ളന്‍’ ‘അപ്പുറത്തുള്ളവരോട് സംസാരിക്കുന്ന ടോര്‍ച്ച്’; പ്രളയകാലത്ത് കണ്ടതും കേട്ടതും

ചിത്രം കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍