UPDATES

ട്രെന്‍ഡിങ്ങ്

Exclusive: സവർണ്ണ-അവർണ്ണ തർക്കങ്ങൾക്കിടയില്‍പ്പെട്ട ആനയ്ക്ക് മധ്യമാർഗം നിര്‍ദ്ദേശിച്ച് സർക്കാര്‍; പീലാണ്ടി ഇനി പീലാണ്ടി ചന്ദ്രു

പീലാണ്ടിയുടെ ഓർമ്മക്കു വേണ്ടി വീടുകളിൽ മൺരൂപങ്ങളുണ്ടാക്കി ആരാധിക്കുന്ന ആദിവാസികൾ അട്ടപ്പാടിയിലുണ്ട്

കെ.എ ഷാജി

കെ.എ ഷാജി

ഏഴുപേരുടെ മരണങ്ങൾക്കും വ്യാപകമായ കൃഷിനാശങ്ങൾക്കും കാരണക്കാരൻ എന്നാരോപിച്ച്‌ അട്ടപ്പാടി വനമേഖലയിൽ നിന്നും കഴിഞ്ഞവർഷം പിടികൂടി കോടനാട് ആന ക്യാമ്പിലടച്ച ഒറ്റയാന് നിലവിലുള്ള ആദിവാസി പേര് നിലനിർത്തണോ അതോ പുതുതായി ചാർത്തപ്പെട്ട സവർണ്ണ നാമം തുടരണോ എന്ന തർക്കത്തിൽ മധ്യമാർഗം സ്വീകരിച്ച് സംസ്ഥാന സർക്കാർ.

അട്ടപ്പാടിയിലെ സാംബാർകോട് പ്രദേശത്തെ ആദിവാസികൾ ദൈവതുല്യം കണ്ട് ആരാധിക്കുകയും അവരുടെ ഭാഷയിൽ പീലാണ്ടി എന്ന് വിളിച്ചുപോരുകയും ചെയ്തിരുന്ന കൊമ്പനെയാണ് പ്രദേശത്തെ കുടിയേറ്റ കർഷകരുടെ തുടർച്ചയായ പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പിടികൂടുകയും കോടനാട് ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തത്. കോടനാട് എത്തിച്ച ഉടനെ വനംവകുപ്പിൽ നിന്നും വിരമിച്ച ഒരുന്നതോദ്യോഗസ്ഥന്റെ സ്മരണയ്ക്കായി ചന്ദ്രശേഖരൻ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. പേരുമാറ്റം അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ വ്യാപകമായ പ്രതിഷേധം ഉണ്ടാക്കുകയും മുഖ്യമന്ത്രിയുടെ മുന്നിൽ വരെ പരാതിയെത്തുകയും ചെയ്തു. നീണ്ട നാളുകളിലെ വലിയ തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ സവർണ്ണ – അവർണ്ണ പേരുകൾ സംയോജിപ്പിച്ച് ആനയ്ക്ക് പീലാണ്ടി ചന്ദ്രു എന്ന് പുനർനാമകരണം ചെയ്യാനാണ് ഇപ്പോള്‍  തീരുമാനം. ബന്ധപ്പെട്ട രേഖകളിൽ ഇപ്രകാരം ഭേദഗതി വരുത്താൻ നിർദേശിച്ച് പ്രിൻസിപ്പൽ ചീഫ് ഫോറസ്ററ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) ഉത്തരവിട്ടു.

മെരുക്കിയെടുക്കുന്ന ആനകൾക്ക് പൊതുവിൽ സവർണ്ണ നാമങ്ങൾ ചാർത്തിക്കൊടുക്കുന്ന കേരളത്തിലെ നീണ്ടകാലങ്ങളായുള്ള രീതിയാണ് ഇവിടെ മാറുന്നത്. ഒരേസമയം സവർണ്ണ-അവർണ്ണ പേരുകൾ ഉള്ള ആദ്യത്തെ ആനയായി പീലാണ്ടി ചന്ദ്രു മാറുകയാണ്. പീലണ്ടിയെ ചന്ദ്രശേഖരനാക്കിയ വനംവകുപ്പിന്റെ തീരുമാനത്തെ കുറിച്ച് അഴിമുഖം നേരത്തെ റിപ്പോര്‍ട്ട് ചെയ്തത് ഇവിടെ വായിക്കാം: ആദിവാസികളുടെ പീലാണ്ടി കൊമ്പന് സവര്‍ണത പോരെന്ന് വനംവകുപ്പ്; അവരവനെ ചന്ദ്രശേഖരനാക്കി

“ഈ വിഷയത്തിൽ ഇത്രയെങ്കിലും വിട്ടുവീഴ്ച ചെയ്യാൻ വനംവകുപ്പ് തയ്യാറായി എന്നത് ശ്രദ്ധേയമാണ്. വർണ്ണ വിവേചനം കേരളത്തിൽ നിന്ന് നിഷ്കാസനം ചെയ്തിട്ട് നാളുകൾ ഏറെയായെന്നും മനുഷ്യർക്കും ജീവജാലങ്ങൾക്കും പേരുനൽകുന്നതിൽ ജാതിയോ വർണ്ണമോ അതിർവരമ്പുകൾ അല്ലെന്നും ചന്ദ്രശേഖരൻ എന്ന് പേരിട്ടതിൽ ഒരു കുഴപ്പവും ഇല്ലെന്നും ഫോറസ്ററ് കൺസർവേറ്റർ എം.എസ് ജയദേവൻ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിനെ അറിയിച്ചിരുന്നു. സർക്കാരിന്റെ സമയവും സമ്പത്തും നഷ്ടമാക്കാനാണ് ഇത്തരം പരാതികൾ കൊണ്ടുവരുന്നത് എന്നും അദ്ദേഹം പരാതിപരിഹാര സെല്ലിനെ രേഖാമൂലം അറിയിച്ചിരുന്നു. അതിൽ നിന്നുള്ള പിന്നോട്ട് പോക്കാണ് ഇപ്പോൾ നടന്നിരിക്കുന്നത്. എങ്കിൽ തന്നെയും പേര് പഴയ പീലാണ്ടിയെന്നു മാത്രമാക്കാൻ സർക്കാർ തയ്യാറാകുന്നുമില്ല,” വിഷയത്തിൽ ആദിവാസി പ്രതിഷേധങ്ങൾക്ക് സജീവ പിന്തുണ നൽകുകയും വിഷയം സംസ്ഥാനതലത്തിൽ ഉയർത്തികൊണ്ടുവരികയും ചെയ്ത പാലക്കാട് ജില്ലാ പരിസ്ഥിതി ഐക്യവേദി ചെയർമാൻ ബോബൻ മാട്ടുമന്ത അഴിമുഖത്തോടു പറഞ്ഞു. ഉത്തരവിന്റെ പകർപ്പ് ബോബനും വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.

എട്ടുപേരെ കൊന്നവനാണ് പീലാണ്ടി എന്നാണ് ആരോപണമെങ്കിലും സാംബാർകോടിലെ ആദിവാസികൾക്ക് ദൈവതുല്യനാണ് പീലാണ്ടി. ഒറ്റയാൻ കൊന്നതായി ആരോപിക്കപ്പെടുന്ന ഏഴുപേരിൽ ആദിവാസിയായ പീലാണ്ടി ഉണ്ടായിരുന്നുവെന്നും ആ പീലാണ്ടിയുടെ പേരാണ് ആദിവാസികൾ ആനയ്ക്ക് ഇട്ടതെന്നും വനംവകുപ്പ് പറയുന്നു. പീലാണ്ടിയെ പിടികൂടി കോടനാട്ടേക്ക് മാറ്റിയപ്പോൾ ആദിവാസികൾ പ്രതിഷേധിച്ചിരുന്നു. അവർ സ്ഥിരമായി ആഹാര സാധനങ്ങളും പഴങ്ങളും നൽകിയിരുന്ന പീലാണ്ടിക്കായി പ്രത്യേക പൂജകളും നടന്നിരുന്നു. പീലാണ്ടിയുടെ അസാന്നിധ്യവുമായി പൊരുത്തപ്പെടാത്ത സാംബാർകോട്ടെ ആദിവാസികൾ കഴിഞ്ഞ നവംബറിൽ ഒരു ടൂറിസ്റ്റു ബസ് പിടിച്ചു കോടനാട് പോയി ഒരു ദിവസം പീലാണ്ടിയുടെ കൂടെ ചെലവഴിക്കുകയും പൂജകൾ നടത്തുകയും ചെയ്തിരുന്നു.

“എന്തുതന്നെയായാലും പീലാണ്ടിയെന്ന കീഴാള നാമം ഇനി കേരളത്തിലെ ആന ചരിത്രത്തിൽ തലയെടുപ്പോടെ ഉയർന്നു നില്‍ക്കും. കേരളീയ പൊതുസമൂഹത്തിനു മുന്നിൽ ഉയർത്തിക്കാട്ടാനുള്ള തലപ്പൊക്കം ‘പീലാണ്ടി’ എന്ന പേരിനില്ലെന്ന വനംവകുപ്പിന്റെ സവർണ്ണ മനോഭാവത്തിന് വനംവകുപ്പ് തന്നെ തിരുത്തൽ വരുത്തിയതു വലിയ കാര്യമാണ്,” ബോബൻ പറഞ്ഞു.

കൊമ്പനെ പുനർനാമകരണം ചെയ്ത നടപടി റദ്ദാക്കി പീലാണ്ടിയെ ‘പീലാണ്ടി’യായി തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 2018 ജൂൺ 17-ന് നല്കിയ പരാതിയും 2019 ജൂലായ് 15 ന് നല്‍കിയ പുന:പരിശോധന ഹര്‍ജിയും പരിഗണിച്ചാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.

“സവർണ്ണാധിപത്യത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ് കേരളത്തിലെ ആനകളുടെ പേരുകളിലും കാലങ്ങളായി പ്രതിഫലിക്കുന്നത്. ഗുരുവായൂർ കേശവൻ, ശങ്കരനാരായണൻ, ഗോപാലകൃഷ്ണൻ, രശ്മി, നന്ദിനി… എന്നു തുടങ്ങുന്നു ആ പേരുകൾ. സർക്കാർ നിയന്ത്രണത്തിലുള്ള കോന്നി, കോടനാട് ആന പരിശീലന കേന്ദ്രത്തിലും, ഗുരുവായൂർ, കൊച്ചി, തിരുവിതാംകൂർ ദേവസ്വം ബോർഡുകളുടെ കീഴിലുമുള്ള 70-ലധികം ആനകളുടെ പേരുകളും ഇത്തരത്തിലാണ്. എന്നാൽ വലിയ പുരോഗമനവാദമൊന്നും അവകാശപ്പെടാത്ത തമിഴ്നാട് സർക്കാർ ഖലീൽ, വസിം, എലിസബത്ത്, നൂർജഹാൻ എന്നിങ്ങനെ മതേതര നാമങ്ങളാണ് സർക്കാർ ഉടമസ്ഥതയിലുള്ള ആനകൾക്ക് നല്‍കിയിരിക്കുന്നത്,” ബോബൻ ചൂണ്ടിക്കാട്ടി.

ആനകൾക്ക് പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് യാതൊരു മാനദണ്ഡങ്ങളും നിലവിലില്ലെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ആനകൾക്ക് പേരു നല്‍കാൻ/ പേര് കണ്ടെത്താൻ പ്രത്യക സമിതിയില്ല. ഭാവിയിൽ നല്‍കാനുദ്ദേശിക്കുന്ന പേരുകൾ സംബന്ധിച്ച് പട്ടികയും നിലവിലില്ല. ഉന്നത ഉദ്യോഗസ്ഥർ തന്നിഷ്ടപ്രകാരമാണ് ആനകൾക്ക് പേര് നിശ്ചയിക്കുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ സുഖിപ്പിക്കുന്നതിന് ഉന്നത ഉദ്യോസ്ഥരുടെയും അവരുടെ ഭാര്യമാരുടെയും മക്കളുടെയും പേരക്കുട്ടികളുടെയും പേരുകള്‍ വരെ പല ആനകൾക്കും നല്‍കിയിട്ടുണ്ട്.

“പീലാണ്ടിയുടെ ഓർമ്മക്കു വേണ്ടി വീടുകളിൽ മൺരൂപങ്ങളുണ്ടാക്കി ആരാധിക്കുന്ന ആദിവാസികൾ അട്ടപ്പാടിയിലുണ്ട്. പേരില്ലാത്ത ആനകൾക്ക് പേര് നല്‍കുന്നതിനോടല്ല എതിർപ്പ്. കരുതലും സ്നേഹവും നല്‍കേണ്ട ഒരു സമൂഹം സ്നേഹത്തോടെ വിളിച്ചിരുന്ന പീലാണ്ടിയെന്ന പേരിന് തലപ്പൊക്കം ഇല്ലെന്ന ഒരുദ്യോഗസ്ഥന്റെ കണ്ടെത്തലിനെ തുടർന്ന് പുനർനാമകരണം ചെയ്തതിനോടാണ് വിയോജിപ്പ്,” ആദിവാസി സാമൂഹിക പ്രവർത്തകനായ കെ.എ രാമു പറഞ്ഞു.

Also Read: ആദിവാസികളുടെ പീലാണ്ടി കൊമ്പന് സവര്‍ണത പോരെന്ന് വനംവകുപ്പ്; അവരവനെ ചന്ദ്രശേഖരനാക്കി

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍