UPDATES

നിയമസഭാ സമയം മാറുമ്പോള്‍

ഉറക്കംപോലും വേണ്ടെന്നുവച്ചും അവധിദിനത്തില്‍ സമ്മേളിച്ചും കേരള നിയമസഭ ശ്രദ്ധ നേടിയിരുന്നു.

കേരള നിയമസഭാ സമ്മേളനം തുടങ്ങുന്ന സമയം മാറുന്നു. കേള്‍ക്കുമ്പോള്‍ അരമണിക്കൂര്‍ വ്യത്യാസമേയുള്ളൂ എന്നുതോന്നാം. കാരണം, രാവിലെ 8.30-ന് തുടങ്ങിയിരുന്നത് അര മണിക്കൂര്‍ വൈകി ഒമ്പതിന് ആരംഭിക്കുന്നു. അവസാനിക്കേണ്ട സമയം ഉച്ചയ്ക്ക് ഒന്നര എന്നത് രണ്ടായി മാറും.

നിയമസഭയുടെ തുടക്കത്തില്‍ സമ്മേളനം രാവിലെ പതിനൊന്നുമണിക്കാണ് ആരംഭിച്ചിരുന്നത്. അത് തിരുവിതാംകൂര്‍ നിയമസഭയുടെ കാലമായിരുന്നു. അക്കാലത്ത് നിയമസഭാവാര്‍ത്തകള്‍ വള്ളിപുള്ളി വിടാതെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്ത് വാര്‍ത്തകള്‍ വൈകുന്തോറും പത്രങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ടായി. അന്നത്തെ സാങ്കേതികവിദ്യ അനുസരിച്ച്, എഴുതുന്ന വാര്‍ത്തകള്‍ കമ്പോസ് ചെയ്ത്, അതിന്റെ പ്രിന്റെടുത്ത് പ്രൂഫ് നോക്കി തിരുത്തല്‍ നടത്തി പേജ് തയ്യാറാക്കുക എന്നത് ശ്രമകരവും സങ്കീര്‍ണവും കുറെയേറെപ്പേരുടെ അധ്വാനം ആവശ്യമുള്ള പ്രക്രിയയുമായിരുന്നു. ഇന്ന് എഴുതേണ്ട ആവശ്യം വരുന്നില്ല. പത്രലേഖകര്‍പ്പോലും നിയമസഭയിലിരുന്ന് ലാപ്‌ടോപ്പില്‍ തയ്യാറാക്കി അയയ്ക്കുന്നത് നേരെ പേജിലേക്ക് പോകാന്‍ പത്തുമിനിട്ടു തന്നെ ധാരാളമാണ്. ടെലിവിഷനൊന്നും അക്കാലത്ത് ഇന്ത്യയില്‍ എത്തിയിരുന്നില്ല. അതിനാല്‍ സമയം വൈകുന്തോറും വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്താത്ത സ്ഥിതി വന്നു. തലേദിവസം വൈകിക്കിട്ടുന്ന വാര്‍ത്തകള്‍ പലപ്പോഴും കൊടുക്കാന്‍ പത്രങ്ങള്‍ക്ക് കഴിയാതെയായി. അടുത്ത ദിവസം വീണ്ടും നിയമസഭയില്‍നിന്ന് പുതിയ വാര്‍ത്തകള്‍ വരുന്നതിനാല്‍ വൈകി പ്രസംഗിക്കുന്ന പലരുടേയും പ്രസംഗങ്ങള്‍ തീരെ ചുരുക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടി വന്നു. അങ്ങനെ, പത്രങ്ങളുടെ കൂടി സൗകര്യം നോക്കിയാണ് രാവിലെ 11 മണി എന്നത് 1953-ല്‍ രാവിലെ എട്ടിലേക്ക് മാറ്റിയത്.

അന്നും ഇതില്‍ എതിര്‍പ്പുള്ളവര്‍ ഉണ്ടായിരുന്നു. അതാരാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതെ, ഉദ്യോഗസ്ഥര്‍തന്നെ. അവരെന്തിനാണ് ഇത്ര രാവിലെ വരുന്നത്? അതുകൊണ്ട് അന്നുമുതല്‍തന്നെ ഉദ്യോഗസ്ഥര്‍ ഇതിനെ തുരങ്കം വയ്ക്കാന്‍ ശ്രമിച്ചുപോന്നു. രാവിലെ പത്തര മുതല്‍ അഞ്ചരവരെ എന്ന സൗകര്യപ്രദമായ സമയം തന്നെ നിയമസഭ ചേരാന്‍ ഉപയോഗപ്പെടുത്തിയാലെന്തെന്ന ചിന്ത അക്കാലത്തും ശക്തമായി അവര്‍ ഉന്നയിച്ചു.
രാവിലെ ആവുമ്പോള്‍ പുതിയ പുതിയ ആശയങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കാം. അതിനെക്കാളുപരി വൈകിട്ട് തലസ്ഥാനത്തെ വിവിധ ഓഫീസുകളില്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്ന ഫയലുകളെ ജീവന്‍ വയ്പിക്കാം അങ്ങനെ കുറെയേറെ ആവശ്യങ്ങള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ എംഎല്‍എമാര്‍ ഒഴികെയുള്ളവര്‍ സമയം വൈകിപ്പിക്കുന്നതിനോട് യോജിച്ചില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സാമാജികര്‍ക്ക് മണ്ഡലങ്ങളില്‍ വൈകുന്നേരം നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാം, മന്ത്രിമാരെ കൈയോടെ കൂട്ടിക്കൊണ്ടുപോകാം. അതിനാല്‍ ഈ ജില്ലകളിലെ സാമാജികര്‍ക്കും രാവിലത്തെ സമയമാണ് സൗകര്യപ്രദമായത്.

സാധാരണഗതിയില്‍ ജനപ്രതിനിധികളെ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന വോട്ടര്‍മാര്‍ വിളിച്ചുണര്‍ത്തുന്നതായിരുന്നു അക്കാലത്തെ രീതി. രാവിലെതന്നെ ഈ പ്രവാഹം തുടരുമെന്നതിനാല്‍ എഎല്‍എമാര്‍ക്ക് രാവിലെ ‘സൂര്യന്‍ പ്രഷ്ഠത്തില്‍ ചുംബിക്കുംവരെ’ ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. എംഎല്‍എ ക്വോര്‍ട്ടേഴ്‌സില്‍ അങ്ങനെ കിടന്നുറങ്ങി ശീലിച്ചാല്‍ മണ്ഡലത്തിലെത്തുമ്പോള്‍ ‘വിവരമറി’യുമെന്ന് ജനങ്ങളുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന അക്കാലത്തെ നേതാക്കള്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലായിരുന്നു. എന്നിട്ടും, ചില ഉറക്കപ്രേമികളായ ജനപ്രതിനിധികളെ കൂട്ടുപിടിച്ച് ഉദ്യേഗസ്ഥര്‍ ശ്രമം തുടര്‍ന്നുവെങ്കിലും ഫലം കണ്ടില്ല. ചെറിയൊരു ‘മുന്നേറ്റം’ അവര്‍ക്കുണ്ടാക്കാനായത് 1976-ലാണ്. അന്നാണ് എട്ടുമുതല്‍ ഒന്നുവരെ എന്നത് 8.30 മുതല്‍ 1.30 വരെ എന്ന് ദീര്‍ഘിപ്പിച്ചത്. നീണ്ട 42 വര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ വീണ്ടും സമയമാറ്റം. അടുത്ത സമ്മേളനകാലം മുതലാണ് പുതിയ മാറ്റം. രാവിലെ പത്തിന് ആരംഭിക്കുന്ന വിധത്തില്‍ സമ്മേളനം തുടങ്ങുന്ന രീതിയിലായിരുന്നു ആദ്യ നിര്‍ദ്ദേശം. അതിനോട് ഭരണ – പ്രതിപക്ഷ നിര ഒന്നാകെ വിയോജിച്ചു. അങ്ങനെയാണ് ഒമ്പതുമണിയിലെത്തിയത്.

സമയം രണ്ടുമണിയായാണ് സമ്മേളനം അവസാനിപ്പിക്കാന്‍ നിശ്ചയിക്കുന്നതെങ്കിലും അത് നടക്കാറില്ല. നടപ്പാക്കാനുള്ള ഇച്ഛാശക്തി ഒരു സ്പീക്കറും പ്രകടിപ്പിക്കാറുമില്ല. വക്കം പുരുഷോത്തമന്‍ സ്പീക്കറായിരുന്ന കാലയാളവില്‍ മാത്രമാണ് നിശ്ചയിച്ചതുപോലെ സഭ അവസാനിച്ചിരുന്നത്. സാധാരണ വൈകുന്നേരം നാലിനും അഞ്ചിനും ഒക്കെയാണ് സഭ അവസാനിക്കുന്നത്. അതേസമയം, വെള്ളിയാഴ്ചകളില്‍ 12.30ന് സഭ പിരിയണമെന്ന വ്യവസ്ഥയുണ്ട്. അന്ന് കൃത്യമായി പിരിയുകയും ചെയ്യും.

നിയമസഭയില്‍ ഓരോന്നിനും നിശ്ചിതസമയം അുവദിച്ചിട്ടുണ്ട്. പ്രസംഗകര്‍ക്ക് ഓരോ പാര്‍ട്ടിയും എത്രമിനിട്ടുവീതം എന്ന് നിശ്ചയിച്ചിട്ടുണ്ടാവും. അത് പാലിക്കാതെ, ആവര്‍ത്തന വിരസതയോടെ പറഞ്ഞകാര്യങ്ങള്‍ വീണ്ടും വലിച്ചുനീട്ടിക്കൊണ്ടുള്ള ‘കാളമൂത്ര’ പ്രസംഗങ്ങള്‍ സ്വന്തം സംതൃപ്തിക്കപ്പുറം വേറൊരു ഗുണവുമില്ലെങ്കിലും തുടരുന്നവര്‍ ഏറെയാണ്. ഇതില്‍ ‘ന്യൂജെന്‍ – കാര്‍ന്നോര്‍’ എംഎല്‍എ വ്യത്യാസങ്ങളില്ല. അതുകൊണ്ട്, ഒരാവശ്യവുമില്ലാതെ നിയമസഭ അഞ്ചുമണിവരെ നീളുന്നത് പതിവായി.

കോണ്‍ഗ്രസ് ഭരണകാലത്ത് പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാനാണ് പലപ്പോഴും ശ്രമം. അതുകൊണ്ട്, നിയമസഭ ഏറ്റവും കുറച്ച് ചേര്‍ന്നിരിക്കുന്നത് കോണ്‍ഗ്രസ് ഭരണ കാലയളവിലാണ്. ശരാശരി 52 ദിവസമാണ് കേരളത്തിലെ പ്രതിവര്‍ഷ നിയമസഭാ സമ്മേളനകാലം. എന്നാല്‍, കഴിഞ്ഞ മെയ് മുതല്‍ ഈ മെയ് വരെ 125 ദിവസം നിയമസഭ സമ്മേളിച്ചിട്ടുണ്ട്. സിപിഎം നേതാവ് യശ്ശരീരനായ വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കറായിരുന്ന 1987-91 കാലയളവില്‍ നാലുവര്‍ഷം 300 ദിവസത്തിലേറെ സഭ ചേര്‍ന്നിട്ടുണ്ട്.
മുമ്പൊക്കെ നിയമനിര്‍മ്മാണം ആവേശഭരിതമായിരുന്നു. കൊണ്ടും കൊടുത്തും ഭരണപക്ഷത്തും പ്രതിപക്ഷത്തും അണിനിരന്ന് നിയമത്തിന്റെ വകുപ്പുകള്‍ ഇഴകീറിയുള്ള പരിശോധന സമീപകാലത്തൊന്നും കാണാനേ കഴിയുന്നില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത് ചടങ്ങ് മാത്രമായിക്കഴിഞ്ഞു. പല നിയമങ്ങളും ഒരു ചര്‍ച്ചയും കൂടാതെ ബഹളത്തിനിടയില്‍ പാസ്സായിപ്പോവുന്നതില്‍ ആര്‍ക്കും വിഷമമുള്ളതായും തോന്നുന്നില്ല. കേരളത്തില്‍ ദൂരവ്യാപകഫലങ്ങളുണ്ടാക്കുന്ന നെല്‍വയല്‍ നീര്‍ത്തട നിയമത്തിലെ ഭേദഗതിപോലുള്ളവപോലും പ്രതിപക്ഷ ബഹളത്തിനിടയില്‍ ഒരു ചര്‍ച്ചയും കൂടാതെയാണ് സഭ വിട്ടത്.

ഉറക്കംപോലും വേണ്ടെന്നുവച്ചും അവധിദിനത്തില്‍ സമ്മേളിച്ചും കേരള നിയമസഭ ശ്രദ്ധ നേടിയിരുന്നു. കേരള പൊതുപ്രവര്‍ത്തക അഴിമതി അന്വേഷണവും വിചാരണയും നിയമം പാസാക്കാന്‍ 1987 ഡിസംബര്‍ 12 ശനിയാഴ്ചയാണ് ചേര്‍ന്നത്. സാധാരണഗതിയില്‍ ശനിയാഴ്ച നിയമസഭ കൂടാത്തതിനാല്‍ ഇതിന് പ്രത്യേക നടപടിക്രമങ്ങള്‍ വേണ്ടിവന്നു. ശനിയാഴ്ച ചേര്‍ന്നെങ്കിലും സഭ അന്ന് പിരിഞ്ഞില്ല. ഗൗരവമേറിയ ചര്‍ച്ചയും വോട്ടെടുപ്പും കഴിഞ്ഞ് നിയമസഭ പിരിഞ്ഞത് ഞായറാഴ്ച പുലര്‍ച്ചെ 4.35-നായിരുന്നു. പഞ്ചായത്തീരാജ് നിയമം പാസാക്കിയതും ഉറക്കമൊഴിഞ്ഞായിരുന്നെങ്കിലും ഇത്രയേറെ നീണ്ടില്ല. പിന്നീടും പലതവണ സഭ നിയമനിര്‍മ്മാണ വേളയില്‍ നീണ്ടുപോയെങ്കിലും സമീപകാലയളവില്‍ അത് ഉണ്ടാവുന്നില്ല എന്നു പറയാതെ വയ്യ. ഇതിനര്‍ത്ഥം സഭ രാത്രിവരെ നീളണമെന്നല്ല.

കെ.ആര്‍ ഗൗരിയമ്മ, വര്‍ക്കല രാധാകൃഷ്ണന്‍, ടി.എം ജേക്കബ്ബ്, എന്‍.ഐ ദേവസ്സിക്കുട്ടി, സി.ബി.സി വാര്യര്‍, പ്രകാശ്ബാബു എന്നിങ്ങനെ നിയമനിര്‍മ്മാണ വേളയില്‍ വീറുറ്റപോരാളികളായി മാറുന്ന സാമാജികരുടെ പകരക്കാരായി ഈ സഭയില്‍ ആരുംതന്നെയില്ല എന്നു പറയുന്നത് നൊസ്റ്റാള്‍ജിയയാലല്ല. പഴയ നിയമസഭാ രേഖകള്‍ എടുത്ത് പരിശോധിക്കുന്ന ആരും അത് സമ്മതിക്കും. വി.ഡി.സതീശന്‍, കെ.സുരേഷ്‌കുറുപ്പ്, കെ.കൃഷ്ണന്‍കുട്ടി, എം.ഉമ്മര്‍, വി.പി.സജീന്ദ്രന്‍ എന്നിവരാണ് നിയമനിര്‍മ്മാണ വേളയില്‍ ഇപ്പോഴുള്ളവരില്‍ താല്പര്യപൂര്‍വ്വം ഇടപെടുന്നത്.

മുമ്പ്, നിയമസഭാ റിപ്പോര്‍ട്ടിംഗ് വെല്ലുവിളിയും ആവേശകരവുമായിരുന്നു. മികച്ച പ്രസംഗങ്ങള്‍. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഇല്ലാത്ത ദിവസമേ കാണില്ല. ഉരുളയ്ക്കുപ്പേരി നിറയുന്ന വാഗ്‌ധോരണികള്‍ റിപ്പോര്‍ട്ടുചെയ്യുക ശ്രമകരമായിരുന്നെങ്കിലും സന്തോഷകരമായിരുന്നു. അന്ന് പത്രങ്ങള്‍ കിട്ടാന്‍ ജനം കാത്തിരുന്നത് നിയമസഭാ വാര്‍ത്തകള്‍ വായിക്കാനായിരുന്നു. ഇപ്പോള്‍, ആവേശമില്ലാത്ത, പരസ്പരബഹുമാനമില്ലാത്ത,ആവര്‍ത്തനവിരസമായ പ്രസംഗങ്ങളാണ് കൂടുതലും. സമയംകൊല്ലി പ്രസംഗങ്ങള്‍ കേട്ടുമടുത്തിരിക്കുമ്പോള്‍ വല്ലപ്പോഴും വേനലില്‍ മഴപോലെ ചില ഒറ്റപ്പെട്ട പ്രസംഗങ്ങള്‍, പ്രയോഗങ്ങള്‍… അതിനെ പൊലിപ്പിക്കലാണ് പിന്നെ, മാധ്യമപ്രവര്‍ത്തകരുടെ ജോലി.

നിയമസഭാ സമയം നീണ്ടാലും കുറഞ്ഞാലും ഉള്ളസമയം ഫലപ്രദമായി വിനിയോഗിക്കാന്‍ അംഗങ്ങള്‍ തയ്യാറാവണം. പുതിയ കേരളത്തിന്റെ ഭാഗധേയം നിശ്ചയിക്കലാണ് ദൗത്യമെന്ന് ഓരോ സാമാജികനും തിരിച്ചറിയേണ്ടതുണ്ട്. ആന ആനയുടെ വലിപ്പം ഇനിയെങ്കിലും മനസ്സിലാക്കുമോ?

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക

ചെറിയാന്‍ ഫിലിപ്പ്, താങ്കള്‍ ‘മോഹമുക്തന’ല്ലാതായിട്ടെന്തുകാര്യം? നാട്ടുകാര്‍ വിചാരിക്കണ്ടേ…

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍