UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തില്‍ ഇനി മൂത്രപ്പുര തേടി അലയണ്ട; ‘ക്ലൂ’ വരുന്നു

ഇനി ചായ കുടിക്കാതെയും റെസ്റ്ററന്റുകളുടെ മൂത്രപ്പുരകള്‍ പൊതുജനത്തിന് ഉപയോഗിക്കാം.

പുറത്തിറങ്ങിയാല്‍ മൂത്രമൊഴിക്കണമെങ്കില്‍ പെട്രോള്‍ ബങ്കുകള്‍ നോക്കിപ്പോണം, അല്ലെങ്കില്‍ ഒരു ചായയെങ്കിലും കുടിച്ച് റസ്റ്ററന്റുകളുടെ മൂത്രപ്പുര സൗകര്യം ഉപയോഗപ്പെടുത്തണം. ഇതാണ് ഇന്ന് കേരളത്തിന്റെ അവസ്ഥ. എന്നാല്‍ ഇനി മുതല്‍ മൂത്രശങ്ക അടക്കി ഇനി അലയേണ്ടി വരില്ല. അതിന് ‘ക്ലൂ’ നിങ്ങളെ സഹായിക്കും. ഇനി ചായ കുടിക്കാതെയും റസ്റ്ററന്റുകളുടെ മൂത്രപ്പുരകള്‍ പൊതുജനത്തിന് ഉപയോഗിക്കാം. ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷനാണ് ഇത്തരത്തില്‍ ഒരു തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

കേരള-ലൂ എന്നത് ചുരുക്കി ‘ക്ലൂ’ എന്ന പേരിലാണ് പദ്ധതി. അതത് ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ചുകൊണ്ടാണ് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പദ്ധതി നടപ്പാക്കുക. രണ്ട് മാസം മുമ്പ് കോഴിക്കോട് ‘ക്ലൂ’ തുടങ്ങിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി വിജയിച്ചതോടെ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനാണ് അസോസിയേഷന്റെ തീരുമാനം. ജനുവരി 29ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് പടിപടിയായി കേരളത്തിലെ ഹോട്ടലുകളെ ഇതിന് സജ്ജരാക്കി പദ്ധതി തുടങ്ങാനാണ് അസോസിയേഷന്‍ ആലോചിക്കുന്നത്.

ഒരു രൂപ പോലും ചെലവാക്കാതെ, ഹോട്ടലിലെ ഭക്ഷണം കഴിക്കാതെ മൂത്രപ്പുര ഉപയോഗിക്കാനാവും എന്ന ഉറപ്പാണ് അസോസിയേഷന്‍ നല്‍കുന്നത്. ക്ലൂ എന്ന മൊബൈല്‍ ആപ്ലിക്കേഷനും ഒരുക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് ഏതെല്ലാം സ്ഥലങ്ങളില്‍ ഏതൊക്കെ ഹോട്ടലുകളിലും റസ്റ്റന്റുകളിലും ‘ക്ലൂ’ സൗകര്യം ഉണ്ട് എന്ന് മനസ്സിലാക്കാം. ഓരോ ഹോട്ടലിലേയും റെസ്റ്ററന്റിലേയും മൂത്രപ്പുര സൗകര്യം എങ്ങനെ എന്നും അവിടെ ലഭ്യമായ ഭക്ഷണത്തെക്കുറിച്ചുമുള്ള വിവരങ്ങളും ‘ക്ലൂ’ ആപ്പില്‍ നിന്ന് ലഭിക്കും. ഇത് യാത്രക്കാര്‍ക്ക് വളരെയധികം പ്രയോജനപ്പെടുത്താന്‍ പറ്റും എന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ജയപാല്‍ പറയുന്നു: “നിലവില്‍ കേരളത്തിലെ പൊതു മൂത്രപ്പുര സംവിധാനങ്ങളുടെ അവസ്ഥ പരിതാപകരമാണ്. സൗകര്യങ്ങള്‍ പര്യാപ്തമല്ല. കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പെട്രോള്‍ പമ്പുകളെയെങ്കിലും ആശ്രയിക്കാം. എന്നാല്‍ ബസില്‍ വന്നിറങ്ങുന്നവര്‍ക്ക് പലപ്പോഴും മൂത്രപ്പുര സൗകര്യം ലഭിക്കണമെന്നില്ല. മിക്കവാറും ആളുകള്‍ ഹോട്ടലുകളെ ആണ് ആശ്രയിക്കാറ്. പക്ഷെ ചായകുടിക്കാതെ, ഭക്ഷണം കഴിക്കാതെ മൂത്രപ്പുര സൗകര്യം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇനിയത് മാറ്റുകയാണ്. ചായ പോലും കുടിക്കാതെ കേരളത്തിലെ ഹോട്ടലുകളുടെ മൂത്രപ്പുരകള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കും. 29ന് മന്ത്രി ഉദ്ഘാടനം ചെയ്തുകഴിഞ്ഞാല്‍ ആപ്പിന്റെ പ്രവര്‍ത്തനം തുടങ്ങും. പിന്നീട് പടിപടിയായി ഓരോ ഹോട്ടലുകളെ അതില്‍ ഉള്‍പ്പെടുത്തി സംസ്ഥാനം മുഴുവന്‍ സൗകര്യം ലഭ്യമാക്കും. ചില ഹോട്ടലുകള്‍ക്ക് ആപ്പിലേക്ക് കടന്നുവരണമെങ്കില്‍ അവരുടെ മൂത്രപ്പുര സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടി വരും. അതിനുള്ള കാലതാമസം അവരില്‍ നിന്നുണ്ടാവും.”

ഓപ്പറേഷന്‍ സുലൈമാനിയും, വിശപ്പുരഹിത കേരളവും വിജയിപ്പിച്ചതിന് പിന്നാലെ സാമൂഹിക സേവനം ലക്ഷ്യം വച്ചുകൊണ്ട് തന്നെയാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ക്ലൂ തുടങ്ങുന്നതെന്നും അസോസിയേഷന്‍ ഭാരാഹികള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍