UPDATES

കായികം

വിടവാങ്ങിയത് കിക്ക് ബോക്സിങ്ങിലെ കേരളത്തിന്റെ ഭാവി

മത്സരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മെഡലുകള്‍ നേടാന്‍ തുടങ്ങിയ അവന് അന്തര്‍ദേശീയ തലത്തില്‍ പേരെടുക്കുന്ന താരമാവണമെന്നായിരുന്നു ആഗ്രഹം

ചടുലമായ കിക്കുകളുമായി എതിരാളിയെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനവുമായി ഇനി ഗോദയില്‍ ഹരികൃഷ്ണന്‍ ഉണ്ടാവില്ല. പക്ഷെ, ഗോദയില്‍ കുഴഞ്ഞുവീണപ്പോള്‍ ആരുമറിഞ്ഞിരുന്നില്ല ഇത് അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കുമെന്ന്. ചത്തീസ്ഗഡിലെ റായ്പൂരില്‍ കഴിഞ്ഞ സപ്തംബറില്‍ നടന്ന മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് ഹരികൃഷ്ണന്‍ മത്സരവേദിയില്‍ കുഴഞ്ഞുവീണത്. നിരവധി ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് കേരളത്തിന്റെയും ഇന്ത്യയുടേയും അഭിമാനമായി മാറിയ കിക്ക് ബോക്സിങ് താരത്തെയാണ് കായിക ലോകത്തിന് നഷ്ടമായത്.

കോട്ടയം കടപ്പൂര്‍ വട്ടുകുളം കൊച്ചുപുരയ്ക്കല്‍ കൃഷ്ണന്‍കുട്ടിയുടേയും ശാന്തകുമാരിയുടേയും മകന് മാര്‍ഷല്‍ ആര്‍ട്സിലായിരുന്നു ചെറുപ്പം മുതല്‍ താത്പര്യം. 2008 ല്‍ 15 വയസ്സുമുതല്‍ കുങ്ഫുവില്‍ പരിശീലനം നേടിയ ഹരികൃഷ്ണന്‍ പിന്നീട് കിക്ക് ബോക്സിങ്ങില്‍ താല്‍പ്പര്യം വര്‍ധിക്കുകയായിരുന്നു. 2010 ല്‍ കേരള കിക്ക് ബോക്സിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ പരിശീലനം തുടങ്ങി. അസോസിയേഷന്‍ പ്രസിഡന്റ് കെ.പി.സന്തോഷ്‌കുമാറിന്റെ കീഴിലായിരുന്നു പരിശീലനം. 2010 മുതല്‍ തന്നെ ദേശീയ മത്സരങ്ങളിലുള്‍പ്പെടെ പങ്കെടുക്കാന്‍ തുടങ്ങി. ആദ്യമായി ദേശീയ കിക്ക് ബോക്സിങ് മത്സരത്തില്‍ പങ്കെടുത്ത മലയാളിയും ഹരികൃഷ്ണനായിരുന്നു. 2010 ല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പ് ജേതാവായി ആയിരുന്നു തുടക്കം. അന്നുമുതല്‍ പിന്നീടങ്ങോട്ട് ഗോദകളില്‍ നിന്ന് ഹരികൃഷ്ണന്‍ മെഡലുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങി. ഒരു മെഡലെങ്കിലും നേടാതെ മടങ്ങേണ്ടി വന്ന മത്സരങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രം. 2015ല്‍ പുനെയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടാനായതാണ് ഏറ്റവും മികച്ച നേട്ടം. ആ വര്‍ഷം ഹരിയാനയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടി.

2011ലെ ദക്ഷിണേന്ത്യന്‍ ചാമ്പ്യന്‍ഷിപ്പിലും 2012ലെ ഇന്ത്യന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടി. 2014ലെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡലും കരസ്ഥമാക്കി. കുറുവിലങ്ങാട് ദേവമാതാ കോളേജില്‍ നിന്ന് ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയ ഹരികൃഷ്ണന്‍ പിന്നീട് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും നേടി. മാന്നാനം കെ.ഇ. കോളേജില്‍ നിന്നാണ് എം.എസ്.ഡബ്ല്യു. പൂര്‍ത്തിയാക്കിയത്. ഒടുവില്‍ ഛത്തീസ്ഗഡില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലും ഹരികൃഷ്ണന്‍ തന്നെയായിരുന്നു വിജയി എന്ന് കോച്ചും കേരള കിക്ക് ബോക്സിങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ കെ.പി.സന്തോഷ്‌കുമാര്‍ പറയുന്നു. എന്നാല്‍ മത്സരഫലം പ്രഖ്യാപിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് ഹരികൃഷ്ണന്‍ കുഴഞ്ഞുവീണത്. അതിനാല്‍ മറ്റ് എതിരാളികളില്ല എന്ന കണക്കിലെടുത്ത് ഹരികൃഷ്ണന്റെ എതിരാളിയായിരുന്നയാളെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു എന്നും സന്തോഷ്‌കുമാര്‍ പറയുന്നു. 2010 മുതല്‍ പരിശീലകനായിരുന്ന സന്തോഷ് കുമാര്‍ ഹരികൃഷ്ണനെ ഓര്‍ക്കുന്നു- ‘ഹരികൃഷ്ണന്‍ മികച്ച കായികതാരമായിരുന്നു.

ഇന്ത്യയുടെ ഭാവി എന്ന് തന്നെ വിശേഷിപ്പിക്കാവുന്നയാള്‍. കുഴഞ്ഞ് വീണ് ആശുപത്രിയിലെത്തിക്കുമ്പോഴും രക്ഷപെടുമെന്ന പ്രതീക്ഷയിലായിരുന്നു ഞാനും കുടുംബാംഗങ്ങളും. റായ്പൂരിലെ അംബേദ്കര്‍ ആശുപത്രിയില്‍ 67 ദിവസം ചികിത്സയില്‍ കഴിഞ്ഞു. കോമ അവസ്ഥയിലായ ഹരികൃഷ്ണന്‍ മരുന്നുകളോട് പ്രതികരിച്ച് വരുന്നതിനിടയില്‍ 27-ാമത്തെ ദിവസം ഒരു അണുബാധയുണ്ടായി. എന്നാല്‍ അതോടെ ആരോഗ്യനില വീണ്ടും വഷളായി. തുടര്‍ന്ന് ഇന്തോ അമേരിക്കന്‍ ആശുപത്രിയിലേക്ക് കൊണ്ടുവരാന്‍ ബന്ധുക്കളും ഞങ്ങളും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. വിദഗ്ദ്ധ ചികിത്സയായിരുന്നു ഉദ്ദേശം. പിന്നീട് തലച്ചോറുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അമൃത ആശുപത്രിയിലേക്ക് മാറ്റാമെന്ന് ഇന്തോ അമേരിക്കനിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അമൃതയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയാണ് ഹരികൃഷ്ണന്‍ ഞങ്ങളെ വിട്ടുപോയത്. രണ്ട് മാസം മുമ്പ് ഒരു അപകടത്തില്‍ തലക്ക് പരിക്കേറ്റ് രണ്ട് ആഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അന്നും ദിവസങ്ങളോളം ഹരി അബോധാവസ്ഥയിലായിരുന്നു. ഇതിന്റെ ഭാഗമായാണ് ഗോദയില്‍ കുഴഞ്ഞുവീണതും എന്നാണ് റായ്പൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. മാര്‍ഷല്‍ ആര്‍ട്സ് എന്നും അവന് ഒരു ഹരമായിരുന്നു. ഒരു മത്സരവും പ്രകടനവും ഒഴിവാക്കാതെ പങ്കെടുക്കുമായിരുന്നു. മത്സരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മെഡലുകള്‍ നേടാന്‍ തുടങ്ങിയ അവന് അന്തര്‍ദേശീയ തലത്തില്‍ പേരെടുക്കുന്ന താരമാവണമെന്നായിരുന്നു ആഗ്രഹം.’

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍