UPDATES

ട്രെന്‍ഡിങ്ങ്

ലീഗില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഇപ്പോള്‍ കുഞ്ഞാപ്പ മാത്രമല്ല; അഞ്ചാം മന്ത്രിയുണ്ടാക്കിയ ദുഷ്പേരും മൂന്നാം സീറ്റെന്ന കിട്ടാക്കനിയും

മൂന്നാം സീറ്റിന്റെ കാര്യത്തില്‍ സമസ്ത കടുത്ത നിലപാട് തുടരുമ്പോള്‍, മൂന്നാം സീറ്റിനുവേണ്ടി പരമാവധി ശ്രമിച്ചു എന്നെങ്കിലും വരുത്തി തീര്‍ക്കേണ്ട അവസ്ഥയാണ് ലീഗിനുള്ളത്.

കെ എ ആന്റണി

കെ എ ആന്റണി

സ്ഥിരം മത്സരിക്കുന്ന മലപ്പുറം പൊന്നാനി ലോക് സഭ സീറ്റുകള്‍ കൂടാതെ മൂന്നാമതൊരു സീറ്റു കൂടി വേണമെന്ന നിലപാടിലാണ് മുസ്ലീം ലീഗ്. ഇന്നലെ പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലും ഉണ്ടായ തീരുമാനം ഇത് തന്നെയാണ്. യോഗം നടക്കുന്നതിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാട്ടെത്തി മുസ്ലീം ലീഗ് അധ്യക്ഷന്‍ ഹൈദരാലി ശിഹാബ് തങ്ങളുമായും പി കെ കുഞ്ഞാലികുട്ടിയുമായും കൂടിക്കാഴ്ച നടത്തിയെങ്കിലും മൂന്നാം സീറ്റിന്റെ കാര്യത്തില്‍ മറിച്ചൊരു തീരുമാനത്തിന് പാര്‍ട്ടി ഒരുക്കമല്ലെന്ന സന്ദേശമാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ നല്‍കിയത്. അതെ സമയം മൂന്നാം സീറ്റിന്റെ കാര്യം ചര്‍ച്ച ചെയ്തില്ലെന്നും കാസര്‍ഗോഡ് നിന്നും താന്‍ ആരംഭിക്കുന്ന ജന മഹായാത്രയുമായി ബന്ധപ്പെട്ടായിരുന്നു പാണക്കാട് സന്ദര്‍ശനമെന്നുമാണ് മുല്ലപ്പള്ളി നല്‍കിയ വിശദീകരണം.

ചുരുക്കത്തില്‍ മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റു സംബന്ധിച്ച ആവശ്യം എവിടെയും എത്താതെ തുടരുന്നു; കോട്ടയം കൂടാതെ ഇടുക്കിയോ ചാലക്കുടിയോ കൂടി വേണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം പോലെ തന്നെ. മൂന്നാം സീറ്റ് എന്ന ആവശ്യം മുസ്ലിം ലീഗിനുള്ളില്‍ പെട്ടെന്ന് ഉരുത്തിരിഞ്ഞു വന്ന ഒന്നല്ലെന്നതാണ് വസ്തുത. ഈ ആവശ്യം ഉയര്‍ത്തികൊണ്ടുവന്നത് സമസ്തയും യൂത്ത് ലീഗുമാണ്. യൂത്ത് ലീഗിന്റെ ആവശ്യം മാത്രമായിരുന്നെങ്കില്‍ ലീഗ് നേതൃത്വത്തിന് അത് പണ്ടേ തള്ളിക്കളയാമായിരുന്നു. എന്നാല്‍ മൂന്നാം സീറ്റിന്റെ കാര്യത്തില്‍ സമസ്ത കടുത്ത നിലപാട് തുടരുമ്പോള്‍, മൂന്നാം സീറ്റിനുവേണ്ടി പരമാവധി ശ്രമിച്ചു എന്നെങ്കിലും വരുത്തി തീര്‍ക്കേണ്ട അവസ്ഥയാണുള്ളത്.

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സമ്മര്‍ദ്ദത്തിലൂടെ അഞ്ചാം മന്ത്രി സ്ഥാനം നേടിയെടുത്തത് ഉണ്ടാക്കിയ ദുഷ്‌പ്പേരും പൊല്ലാപ്പുമൊന്നും കുഞ്ഞാലിക്കുട്ടിയും സംഘവും ഇനിയും മറന്നിട്ടില്ലെന്നു മാത്രമല്ല വി എം സുധീരനെപ്പോലുള്ള ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അക്കാര്യം സൂചിപ്പിച്ചു ലീഗിനെ ഇപ്പോഴും കുത്തി മുറിവേല്‍പ്പിക്കുന്നുണ്ടുതാനും. വരാനിരിക്കുന്ന ലോക് സഭ തിരെഞ്ഞെടുപ്പ് കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ എല്ലാ അടവും പയറ്റുന്ന കോണ്‍ഗ്രസിനെയും അതിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും സംബന്ധിച്ചിടത്തോളം എത്രകണ്ട് പ്രധാനമാണെന്നും മുസ്ലിം ലീഗ് നേതൃത്വത്തിന് അറിയാത്ത കാര്യമല്ല. എല്ലാ സര്‍വ്വേ ഫലങ്ങളും സൂചിപ്പിക്കുന്നത് പോലെ ഒരു തൂക്കു സഭയാണ് ഉണ്ടാവുന്നതെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തിന് വേണ്ടി വാദം ഉന്നയിക്കാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ എം പി മാര്‍ വേണമെന്നും അതുകൊണ്ടു തന്നെ കേരളത്തില്‍ നിന്നും പരാമാവധി കോണ്‍ഗ്രസ് എം പി മാര്‍ ഉണ്ടാവണമെന്നുമുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാദത്തോട് മനസ്സില്ലാമനസ്സോടെയാണെങ്കിലും കുഞ്ഞാലികുട്ടിയെപ്പോലുള്ളവര്‍ യോജിക്കുന്നതും അതുകൊണ്ടു തന്നെയാണ്.

എന്നാല്‍ കുഞ്ഞാലികുട്ടി ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യങ്ങളൊന്നുമല്ല ഇതൊന്നും. കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട് തറവാട്ടില്‍ ഉണ്ടായിരുന്ന പഴയ സ്വാധീനമൊന്നും ഇപ്പോഴില്ലെന്നത് തന്നെ പ്രധാന കാരണം. സമസ്തയെ പൂര്‍ണമായും പിണക്കാന്‍ നിലവില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് കഴിയില്ലെന്നത് മറ്റൊരു കാര്യം. പോരെങ്കില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മുസ്ലിം ലീഗ് കോണ്‍ഗ്രെസ്സിനെക്കാള്‍ അധഃപതിച്ചിരിക്കുന്നെന്ന യുവതുര്‍ക്കികളുടെ പരിഹാസം ശക്തി പ്രാപിച്ചു വരികയുമാണ്. ഇതെല്ലാം കൂടിയാവുമ്പോള്‍ മലബാറില്‍ കോണ്‍ഗ്രെസ്സിനെക്കാള്‍ ശക്തിയുള്ള മുസ്ലിം ലീഗിന് മലബാറില്‍ നിന്നും മറ്റൊരു സീറ്റുകൂടി എന്ന ആവശ്യത്തെ പാടെ എഴുതിത്തള്ളാന്‍ വയ്യാത്ത അവസ്ഥയിലാണ് ലീഗ് നേതൃത്വം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഒടുവില്‍ ഒരു വിട്ടുവീഴ്ചക്ക് ലീഗ് നേതൃത്വം തയ്യാറായേക്കും എന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍. പക്ഷെ അങ്ങനെയൊരു വിട്ടുവീഴ്ചക്ക് തയ്യാറാവുമ്പോള്‍ കൂടുതല്‍ രാജ്യ സഭ സീറ്റ്, വരുന്ന നിയമ സഭ തിരെഞ്ഞെടുപ്പില്‍ കൂടുതല്‍ അസംബ്ലി സീറ്റുകള്‍ എന്നൊരു ഡിമാന്‍ഡ് മുസ്ലിം ലീഗ് മുന്നോട്ടു വെക്കും എന്ന സൂചനയാണ് ലീഗ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്നത്.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍