UPDATES

അനശ്വര കൊരട്ടിസ്വരൂപം

കാഴ്ചപ്പാട്

അനുനിമിഷം

അനശ്വര കൊരട്ടിസ്വരൂപം

ട്രെന്‍ഡിങ്ങ്

ആള്‍ക്കൂട്ട നീതി നടപ്പാക്കലാണോ (കേരള) പോലീസിന്റെ പണി?

ട്രാൻസ്ജെൻഡേഴ്സിനെ ആക്രമിച്ച പോലീസിന്റെ ബോധം തന്നെയാണ് തിരുവനന്തപുരത്ത് സൂര്യക്ക് നേരെ നടന്ന ആക്രമണങ്ങൾക്കും പിന്നിൽ

പോലീസ് എന്ന അധികാര സംവിധാനത്തെ മനുഷ്യപക്ഷത്തു നിന്ന് ചിന്തിക്കാൻ സാധിക്കുന്ന ഒരു വർഗമായി മാറ്റേണ്ടതിന്റെ ആവശ്യകത ദിനംപ്രതി വർധിച്ചു വരികയാണ്. പൊതുസമൂഹത്തിന്റെ ജാതി- ലിംഗ ബോധ്യങ്ങൾ ഏറ്റവും കൂടിയ അളവിൽ ഉള്ളതും, അതേസമയം അതിനെ ഏതു തരത്തിൽ വേണമെങ്കിലും ഉപയോഗിക്കാൻ തക്കവിധം മർദ്ദന ഉപകരണങ്ങൾ കൈയിലുള്ളതുമായ സംഘമാണ് പോലീസ്. അതിന്റെ മർദ്ദന രൂപത്തെ സാമൂഹികാധികാരം തീർത്തും ഇല്ലാത്ത ജനങ്ങൾക്കിടയിൽ ഉപയോഗിക്കുമ്പോൾ അതിനെ ചോദ്യം ചെയ്യാൻ ആരും വരില്ല എന്ന സാമാന്യബോധമാണ് അവരെ നയിക്കുന്നത്.

തിരുവനന്തപുരം മ്യൂസിയത്തിൽ പിങ്ക് പോലീസ് ഏതു വിഭാഗം ആളുകളെയാണ് ലക്‌ഷ്യം വയ്ക്കുന്നത്? കാഴ്ചയിൽ ശാരീരികമായി തീരെ ചെറിയ ആളുകളെ – പ്രായം കൊണ്ടും ശരീരം കൊണ്ടും, അടിസ്ഥാന വർഗ്ഗത്തിന്റേതെന്നു സമൂഹം കൽപ്പിച്ച പ്രകൃതങ്ങളോട് ചേർന്ന് നിൽക്കുന്നവരെ- ആയിരിക്കും ഇവർ ലക്‌ഷ്യം വയ്ക്കുന്നത്. ശരീരഭാഷയിൽ അല്പം അധികാരമുള്ള, ഉയർന്ന വർഗ്ഗത്തിലെ ആണെന്നു ധ്വനിപ്പിക്കുന്ന വിധം വസ്ത്രധാരണം ചെയ്ത, മുതിർന്ന ആളുകൾക്ക് നേരെ ചോദ്യങ്ങളുമായി ചെല്ലാൻ  പൊതുവിൽ പിങ്ക് പോലീസ് മടിക്കുന്നുണ്ട്.

ഇത് മനുഷ്യന്റെ ഒരു പൊതുസ്വഭാവമാണ്. നമ്മളിലുള്ള അധികാരം അത് പ്രയോഗിക്കാൻ സാധ്യമായ ഇടങ്ങളിലാണ് നാം ഉപയോഗിക്കുക. ഓഫിസിൽ ബോസിന്റെ കയ്യിൽ നിന്ന് വഴക്കു കേൾക്കുന്ന പുരുഷൻ വീട്ടിൽ വന്ന് ഭാര്യയോടും ഭാര്യ കുഞ്ഞിനോടും കുഞ്ഞ് പൂച്ചയോടും വഴക്കുണ്ടാക്കുന്ന ഒരു കാർട്ടൂൺ ഉണ്ട്. അവരവർക്ക് അധികാരമുള്ള സ്ഥലങ്ങളിൽ അതിക്രമം കാണിക്കുന്ന- അധികാരസ്വഭാവം കാണിക്കുന്ന ജന്തുവർഗ്ഗം. ഈ അധികാര പദ്ധതി ജന്തുവർഗ്ഗത്തിന്റെ സ്വഭാവസവിശേഷതയാണ്. ഇതിന്റെ മറ്റൊരു അധികാര സ്വരൂപമാണ്‌ പോലീസ് കാണിക്കുന്നതും.

ദിലീപിനും നാദിര്‍ഷയ്ക്കും ഒക്കെ ഒരു പോലീസ് സ്റ്റേഷനിൽ ഇടി കൊള്ളാതെ 13  മണിക്കൂർ ചിലവഴിക്കാൻ സാധിക്കുന്നുണ്ടെകിൽ അത് അവരുടെ അധികാര/പ്രിവിലേജു കൊണ്ടാണ്- അതായത് അവരെ അനാവശ്യമായി കൈവച്ചാൽ നാളെ ഉത്തരം പറയേണ്ടി വരും. ഇത് പോലീസ് മാത്രമല്ല, നമ്മൾ ഓരോരുത്തരും ചെയ്യുന്ന ഒരു മെക്കാനിസം തന്നെയാണ്. ഒരു പോക്കറ്റടി കേസിൽ – ഒരു നാടോടിയെയും ഒരു മാന്യൻ എന്ന് തോന്നിപ്പിക്കുന്ന വിധം വസ്ത്രം ധരിച്ച ആളെയും പിടിച്ചാൽ- നാടോടിക്ക് രണ്ടു തല്ലു കൊടുത്തതിനു ശേഷമാണ് നമ്മൾ കാര്യം അന്വേഷിക്കുക തന്നെ.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ, പോലീസ് സ്റ്റേഷനിൽ എത്തുന്ന കള്ളൻ എന്ന് ആരോപിക്കപ്പെടുന്ന ആൾ, തിരിച്ചറിയൽ രേഖകൾ കയ്യിലില്ലാത്ത, തൊഴിലാളി വർഗത്തിൽപ്പെട്ട ഒരാളാണ് എന്ന് അറിഞ്ഞതിനു ശേഷമാണ് പോലീസ് മർദ്ദനം തുടങ്ങുന്നത്. അതുവരെ ബസ്സിൽ  വച്ച് അയാളെ മർദ്ദിക്കാൻ ശ്രമിച്ച യുവാവിനെ ഭീഷണിപ്പെടുത്തുന്ന പോലീസിനെയാണ് നമുക്ക് കാണാൻ സാധിക്കുക.

ഇന്നലെ കൊച്ചിയിൽ ട്രാൻസ്‍ജെൻഡർ സുഹൃത്തുക്കൾക്ക് നേരെ നടന്ന പോലീസ് അതിക്രമം ഇതിന്റെ മറ്റൊരു രൂപമാണ്. തങ്ങളുടെ അധികാരം അത് സാധ്യമായ ഇടങ്ങളിൽ കൃത്യമായി ഉപയോഗിക്കുക എന്ന തന്ത്രം – അത്തരത്തിൽ നോക്കുമ്പോൾ ഒരു സ്ത്രീയും ഒരു ട്രാൻസ്ജെൻഡരും റോഡരികിൽ നിന്നാൽ – പോലീസ് ചോദ്യം ചെയ്യുക ആ ട്രാൻസ്ജൻഡറിനെ ആയിരിക്കും എന്നത് അവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. അവിടെ അധികാരഘടനയിൽ ഏറ്റവും താഴെ നിൽക്കുന്നത് ട്രാൻസ്‍ജെൻഡറായ വ്യക്തിയാണ്. ഇത് പോലീസിന്റെ കുഴപ്പമല്ല; നമ്മുടെ മനസ്സിൽ കാലങ്ങളായി അടിഞ്ഞുകൂടിയ അധികാരബോധത്തിന്റെയും വർഗ വിവേചനത്തിന്റെയും പ്രശ്നമാണ്.

ഇന്ന സമൂഹത്തിലെ ഇന്ന ആളുകൾ അതിക്രമങ്ങൾ ഏറ്റുവാങ്ങേണ്ടവരാണ് എന്ന ബോധ്യം ഉണ്ടെങ്കിൽ അവർക്കുമേൽ അധികാരം പ്രയോഗിക്കുന്നത് എളുപ്പമാണ്. അത് വളരെ ലളിതമായ സമവാക്യമാണ്, പലപ്പോഴും നമ്മൾ എടുത്തുപയോഗിച്ചിട്ടുള്ളതുമാണ്. ജാതിവ്യവസ്ഥയിൽ അവർണ്ണൻ അടികൊള്ളാൻ വിധിക്കപ്പെട്ടവനാകുന്നത് അങ്ങനെയാണ്. മുസ്‌ലീം ആകുമ്പോൾ തല്ലുകൊള്ളാന്‍ – കൊല്ലപ്പെടാന്‍ യോഗ്യരായവർ – അവർ കാലിക്കച്ചവടം നടത്തുന്നോ എന്നതല്ല പ്രശ്നം – പ്രശ്നം അവരുടെ മുസ്‌ലീം സ്വത്വമാണ്; അവരുടെ സാമ്പത്തിക നിലയാണ്. ഇത്തരം സമവാക്യങ്ങൾ ആർക്കും എവിടെയും ആൾക്കൂട്ടനീതിയുടെ ഉപകരണമായി എടുത്തുപയോഗിക്കാൻ സാധിക്കുന്നു എന്നതാണ് ഇതിലെ പേടിപ്പിക്കുന്ന മറ്റൊരു വസ്തുത.

പക്ഷെ ചോദ്യമിതാണ്. ജനാധിപത്യ സമൂഹത്തിന്റെ അധികാരഘടനകളില്‍ നിര്‍ണായക പദവിയുള്ള ഒന്നായ പൊലീസിന് ഇത്തരത്തിൽ പൊതുബോധ സമവാക്യങ്ങൾക്കൊപ്പം നിന്നുകൊണ്ട്, ആൾക്കൂട്ട നീതി നടപ്പാക്കുകയാണോ ചുമതല? സംരക്ഷിക്കുന്നവർ എന്ന് പറയുന്നവർ തന്നെ മർദ്ദിതരാകുമ്പോൾ നാം ആരെയാണ് ആശ്രയിക്കേണ്ടത്? ഇവർ അവഗണിച്ചു മാറ്റിനിർത്തപ്പെടേണ്ടവരാണ് എന്ന പൊതുബോധം പോലീസിൽ നിന്ന്, അധികാര രൂപങ്ങളിൽ നിന്ന് എന്നാണ് മാറുക? അതിനു സർക്കാർ എന്തു ചെയ്യും? കടലാസിലെ പോളിസികൾക്ക് പകരം കൃത്യമായ ബോധവത്കരണം ആരിൽ നിന്നും തുടങ്ങും? അത് നടത്തേണ്ട  സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നില്ലേ?

കൃത്യമായ ഇടവേളകളിൽ, പാർശ്വവത്കൃത ജീവിതങ്ങളുടെ – അത് ട്രാൻസ്ജൻഡേഴ്സ് ആകട്ടെ, സ്ത്രീകൾ ആകട്ടെ, ദളിത്- പിന്നോക്ക വിഭാഗങ്ങൾ ആകട്ടെ, സമരം ചെയ്യുന്ന സാധാരണ ജനങ്ങൾ ആകട്ടെ – പക്ഷത്തു നിന്നുകൊണ്ട് ചിന്തിക്കാനും അവർക്കു സഹായകമായ വിധത്തിൽ പ്രവർത്തിക്കാനുമുള്ള ബോധ്യം പൊലീസിന് നൽകേണ്ടത് സർക്കാരിന്റെ കടമയാണ്. ഇത്തരത്തിൽ പ്രവർത്തിക്കുന്നവരെ താക്കീത് ചെയ്തു നിര്‍ത്താനും കൃത്യമായി തിരുത്താനും ആർജ്ജവം കാണിക്കേണ്ടതുണ്ട്. ഒരു സ്ഥലംമാറ്റം കൊണ്ടോ സസ്‌പെൻഷൻ കൊണ്ടോ തീരാവുന്ന പ്രശ്നമല്ല ഇത്. ജനാധിപത്യം എന്തെന്ന് പോലീസിനെ കൂടി ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.

അതോടൊപ്പം നാം ചിന്തിക്കേണ്ട മറ്റൊന്ന് കൂടിയുണ്ട്. പോലീസിൽ നിന്ന്, പോലീസ് ബോധ്യങ്ങളിൽ നിന്ന് എത്രമാത്രം വിഭിന്നമാണ്‌ നമ്മൾ, അല്ലെങ്കിൽ നമ്മുടെ ധാരണകൾ എന്ന്. പോലീസിനെ കുറ്റം പറയുമ്പോൾ നമുടെ ചിന്തകളെ കൂടി പുന:പരിശോധിക്കേണ്ടതിന്റെ ആവശ്യത്തെ കൂടി പറയേണ്ടതുണ്ട്. പൊതുജനത്തിന്റെ പരിഛേദം തന്നെയാണ് പോലീസ് എന്ന സംവിധാനവും. നമ്മുടെ ഇടയിൽ ജീവിക്കുന്ന അച്ഛന്മാരും/അമ്മമാരും, മകനും/മകളും, ഭർത്താവും/ഭാര്യയും, സഹോദരനും/സഹോദരിയും തന്നെയാണ് അവർ. അതുകൊണ്ടു തന്നെ അവരിൽ ഉരുത്തിരിഞ്ഞിരിക്കുന്ന പുരുഷാധിപത്യ ബോധ്യങ്ങൾക്ക്, സദാചാര ബോധത്തിന്, അക്രമവാസനയ്ക്ക് നമ്മളും കാരണമാണ്; ഈ സമൂഹവും. അതായത് പോലീസ് അതിക്രമം എന്ന് പറഞ്ഞ് കൈകഴുകി ഇരിക്കാൻ നമുക്ക് അവകാശമില്ലെന്ന് തന്നെ.

ഇന്നലെ ട്രാൻസ്ജെൻഡേഴ്സിനെ ആക്രമിച്ച പോലീസിന്റെ ബോധം തന്നെയാണ് തിരുവനന്തപുരത്ത് സൂര്യക്ക് നേരെ നടന്ന ആക്രമണങ്ങൾക്കും പിന്നിൽ. അത് കണ്ടിട്ടും പ്രതികരിക്കാതെ പോകുന്ന നമ്മുടെ ഓരോരുത്തരുടേയും ഉള്ളിലുള്ളതും അതേ ബോധം തന്നെയാണ്. മാറ്റം നമ്മളിൽ നിന്നും തുടങ്ങണം എന്നര്‍ഥം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍