UPDATES

വീഡിയോ

നേരാ തിരുമേനീ… ഞങ്ങള്‍ ട്രോളിയിട്ടുണ്ട്, ഇനിയും ട്രോളും; കമോണ്‍ട്രാ കേരള പോലീസേ… /അഭിമുഖം-വീഡിയോ

നവമാധ്യമങ്ങളിലൂടെ ജനങ്ങളുമായുള്ള ബന്ധം എങ്ങനെ സുതാര്യമാക്കാം എന്നതിനെ കുറിച്ചുള്ള പഠനമാണ് മൈക്രോസോഫ്റ്റ് കേരള പോലീസിന്റെ സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് പഠിക്കുന്നത്

പോലീസ് എന്നാൽ ഭയപ്പെടേണ്ടവരാണ് എന്ന നിലനില്‍ക്കുന്ന ചിന്താഗതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു മനോഭാവം ഉണ്ടാക്കിയവരാണ് കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ സെല്‍. ട്രോളുകളിലൂടെയും ഹാസ്യം നിറച്ച കമന്റുകളിലൂടെയും നവമാധ്യമ ലോകത്ത് വലിയ സ്വീകാര്യത നേടാൻ ഇവർക്ക് സാധിച്ചു. പുതുവർഷം പിറക്കുമ്പോൾ ഒരു മില്യൺ ലൈക്കുകൾ എന്ന നേട്ടത്തിനരികെ എത്തി നിൽക്കുകയാണ് കേരള പോലീസിന്റെ ഫേസ്ബുക് പേജ്. കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകളെ കുറിച്ച് പഠിക്കാൻ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. സോഷ്യൽ മീഡിയ സെൽ ഉദ്യോഗസ്ഥരായ പി.എസ് സന്തോഷ്, കെ.ആർ കമൽനാഥ്, വി.എസ് ബിമൽ, ബി.ടി അരുൺ എന്നിവരുമായി അഴിമുഖം നടത്തിയ അഭിമുഖത്തിൽ നിന്നും.

കേരള പോലീസിന്റെ സോഷ്യൽ മീഡിയ പേജ് മൈക്രോസോഫ്റ്റ് പഠന വിധേയമാക്കുകയാണ്. ഇന്ത്യയിൽ നിന്നു തന്നെ കേരള പോലീസിനെ മാത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എന്തായിരുന്നു തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം?

കേരളാ പോലീസിന്റെ ഫേസ്ബുക് പേജിനെ കുറിച്ച് പഠിക്കാനായി മൈക്രോസോഫ്റ്റിന്റെ ഗവേഷക വിഭാഗത്തിൽ നിന്നും ഒരു പ്രതിനിധി ഞങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു. സാധാരണ സർക്കാർ സംവിധാനങ്ങൾ പൊതുജന സമ്പർക്കത്തിനായി ഉപയോഗിക്കുന്ന രീതികൾക്കപ്പുറം നവമാധ്യമങ്ങളിലൂടെ ജനങ്ങളുമായുള്ള ബന്ധം എങ്ങനെ സുതാര്യമാക്കാം എന്നതിനെ കുറിച്ചുള്ള പഠനമാണ് മൈക്രോസോഫ്റ്റ് നടത്തുന്നത്. അതിന്റെ ഭാഗമായി അവർ കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകളെയാണ് ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്തത്.

വളരെ പെട്ടെന്നാണ് ഈ പേജ് ജനശ്രദ്ധ ആകർഷിച്ചത്. വളർച്ചയുടെ തുടക്കം എങ്ങനെയാണ്?

ഏകദേശം മൂന്ന് ലക്ഷം ലൈക്കുകളുമായിട്ടാണ് സോഷ്യൽ മീഡിയ സെൽ പ്രവർത്തനം ആരംഭിക്കുന്നത്. സാധാരണ രീതി തന്നെ അവലംബിച്ചു കൊണ്ടായിരുന്നു ആദ്യ നാളുകളിലെ പ്രവർത്തനം. പോലീസിന്റെ ഭാഗത്തുനിന്നുള്ള നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും അതേ പടി പോസ്റ്റ് ചെയ്യാറായിരുന്നു പതിവ്. അതിനിടയിൽ ഒരു പോസ്റ്റ് ട്രോൾ രൂപേണ ഇടുകയും കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഒരു മില്യൺ ലൈക്ക് എന്ന നേട്ടത്തിലേക്ക് എത്തുന്നതും ജനങ്ങൾക്ക് ആസ്വാദ്യകരമായ രീതിയിൽ സംവദിക്കാൻ ശ്രമിച്ചതുകൊണ്ടാണ്.

ഏറ്റവും ശ്രദ്ധിക്കപ്പെട്ട, കൂടുതൽ വൈറലായ പോസ്റ്റ് അല്ലെങ്കിൽ കമന്റ് ഏതായിരിക്കും?

ഞങ്ങളിട്ട ഒരു പോസ്റ്റിന്, പോലീസ് മാമ സുഖമാണോ എന്നൊരു കമന്റ് വന്നിരുന്നു. മാമന്റെ തക്കുടു സുഖമാണോ എന്നായിരുന്നു ഞങ്ങൾ കൊടുത്ത മറുപടി. ഈ കമന്റിന്റെ സ്‌ക്രീൻഷോട്ട് മറ്റു നവമാധ്യങ്ങളിൽ പോലും പ്രചരിക്കുകയും പേജിന് വളരെ പെട്ടെന്ന് ലൈക് കൂടാൻ കാരണമാകുകയും ചെയ്‌തു. ഇപ്പോഴും പോലീസ് മാമ എന്നാണ് ഞങ്ങളെ സംബോധന ചെയ്യുന്നത്. കേരള പോലീസ് എന്ന ലേബലിൽ ഇത്തരത്തിൽ ഒരു മറുപടി വന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി.

ആശയ വിനിമയത്തിന് ട്രോളിന്റെ സാധ്യതകൾ തേടിത്തുടങ്ങിയത് എങ്ങനെയാണ്?

നേരത്തേ സൂചിപ്പിച്ചതുപോലെ, തുടക്കത്തിൽ ഗൗരവമുള്ള ഭാഷയിലാണ് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നത്. എന്നാൽ അതിനു വേണ്ട തരത്തിലുള്ള പ്രതികരണങ്ങൾ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. അങ്ങനെയാണ് ട്രാഫിക് ബോധവത്ക്കരണത്തിന്റെ ഭാഗമായി, കമോൺട്രാ മഹേഷേ എന്ന തലക്കെട്ടിൽ കാലന്റെ ചിത്രവും, അമിത വേഗത്തിൽ വാഹനം ഓടിക്കുന്ന ചിത്രവും ഉപയോഗിച്ച് ഒരു പോസ്റ്റിട്ടത്. അത് വിജയം കണ്ടപ്പോഴാണ് കൂടുതൽ ട്രോളുകൾ ഇട്ടു തുടങ്ങിയത്.

ഒരുപക്ഷെ ചിലർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ ഒരു കേസായി രജിസ്റ്റർ ചെയ്യാൻ ഭയക്കുന്നവർ ഉണ്ടാകാം. എന്നാൽ നിങ്ങളുടെ പേജ് മുന്നോട്ടു വെക്കുന്ന സൗഹൃദ മനോഭാവം ഇത്തരം ആളുകൾക്ക് ധൈര്യസമേതം പരാതിയുമായി മുന്നോട്ട് വരാൻ എത്രത്തോളം സഹായിച്ചിട്ടുണ്ടാകും?

ഇത്തരത്തിലുള്ള ഒരുപാട് മെസ്സേജുകൾ ഞങ്ങള്‍ക്ക് വരാറുണ്ട്. പലർക്കും പരാതി സമർപ്പിക്കുന്നതിലുള്ള ആശങ്കകളും പരിജ്ഞാനക്കുറവുമാണ് ഉണ്ടാകാറുള്ളത്. എന്നാൽ നമുക്ക് ഈ പേജിനെ പരാതി കേൾക്കുന്ന സംവിധനമായി മാറ്റാൻ സാധിക്കില്ല. മറിച്ച് അത്തരം പരാതികളുമായി വരുന്ന ആളുകൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കാൻ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടാതെ ഇത്തരം പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെട്ടു കഴിഞ്ഞാൽ അതു ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ പെടുത്താറുണ്ട്. പലപ്പോഴും ജനങ്ങൾ തന്നെ, നവമാധ്യമങ്ങളിൽ നടക്കുന്ന കുപ്രചരണങ്ങൾ കണ്ടെത്തി ഞങ്ങളുടെ ശ്രദ്ധയിൽ പെടുത്താറുണ്ട്.

പലപ്പോഴും പോലീസ് തന്നെ പ്രതിസ്ഥാനത്തു വരുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരം കാര്യങ്ങളിലെ വസ്തുത ജനങ്ങളെ അറിയിക്കാൻ പേജ് എത്രത്തോളം സഹായകമായിട്ടുണ്ട് ?

നവമാധ്യമങ്ങൾ വരുന്നതിനു മുമ്പ് വാർത്തകളിൽ വരുന്ന കാര്യങ്ങൾ മാത്രമേ ജനങ്ങളിലേക്കെത്തുമായിരുന്നുള്ളൂ. പലപ്പോഴും ഒരു സംഭവത്തിന്റെ ഒരു വശം മാത്രമായിരിക്കും ജനങ്ങളിലേക്കെത്തുന്നത്. എന്നാൽ ഇന്ന് അത്തരം സംഭവങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കാനും വിശദീകരണം നൽകാനും പേജ് സഹായകമായിട്ടുണ്ട്. അതൊരു നല്ല മാറ്റമാണ്. ഉദാഹരണത്തിന് ശബരിമല സംഭവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ കാര്യങ്ങളാണ് പോലീസിനെതിരെ പ്രചരിച്ചത്. അവയിൽ പലതും ജനങ്ങൾ വിശ്വസിക്കുകയും, എന്താണ് സത്യാവസ്ഥ എന്ന് ചോദിച്ചു കൊണ്ട് നിരവധി മെസ്സേജുകൾ വരികയും ചെയ്‌തു. സ്വാഭാവികമായും അതിന്റെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കേണ്ട ബാധ്യത പോലീസിനുണ്ട്. അതിനേറ്റവുമധികം സഹായകമായത് ഈ പേജ് തന്നെയാണ്.

വളരെ കുറഞ്ഞ സമയം കൊണ്ടാണ് കേരള പോലീസിന്റെ എഫ്ബി പേജ് മറ്റു പല രാജ്യങ്ങളിലെയും പോലീസ് ഡിപ്പാർട്ട്മെന്റുകളുടെ പേജുകൾ മറികടന്നത്. ഈ നേട്ടം സാധ്യമാക്കിയത് എങ്ങനെയാണ്? ഏതു തരത്തിലുള്ള നിർദ്ദേശങ്ങളാണ് കൂടുതൽ ഷെയർ ചെയ്യപ്പെടുന്നത്?

നമ്മുടെ പേജിൽ 70 ശതമാനത്തിൽ കൂടുതൽ സംവദിക്കുന്നത് യുവാക്കളാണ്. 20 മുതൽ 35 വയസ്സ് വരെയുള്ള ആളുകളാണ് അധികവും. അതുകൊണ്ടു തന്നെ അവരുടെ മാനസിക തലത്തിൽ നിന്നു കൊണ്ട് കാര്യങ്ങൾ അവതരിപ്പിക്കുന്നതു കൊണ്ടാണ് പേജിന് പ്രചാരം ലഭിക്കുന്നത്. നമുക്ക് മുന്നിലുണ്ടായിരുന്ന മറ്റു സ്ഥലങ്ങളിലെ പോലീസ് ഡിപ്പാർട്ട്മെന്റ് പേജുകളെ മറികടക്കാൻ സഹായിച്ചതും ഈയൊരു സാധ്യത കൊണ്ടാണ്. പലപ്പോഴും പേജിന് ലൈക്കുകൾ അഭ്യർത്ഥിച്ചു കൊണ്ട് പോസ്റ്റുകൾ ഇടാറുണ്ട്. അവ വളരെ പെട്ടെന്ന് യുവാക്കൾ ഏറ്റെടുക്കുകയും അവർ നല്ല രീതിയിൽ പ്രചാരം നൽകി കൂടുതൽ ആളുകളെ എത്തിക്കുന്നതുകൊണ്ടാണ് നമുക്ക് ഇത്തരം നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്.

പേജിൽ ട്രോളർമാരുടെ സംഭാവന എത്രത്തോളമുണ്ട്? ക്രിയാത്മകമായ ഇടപെടലുകളിൽ അവരെയും ഭാഗമാക്കാറുണ്ടോ?

ഓരോ സമയത്തെയും ട്രെൻഡിനെ മനസ്സിലാക്കിയാണ് ഞങ്ങൾ പോസ്റ്റുകൾ ഇടാറുള്ളത്. താങ്കൾ പറഞ്ഞത് പോലെയുള്ള നിരവധി മെസ്സേജുകൾ ഇൻബോക്സിൽ വരാറുണ്ട്. അതും ഞങ്ങൾ പരിഗണിക്കാറുണ്ട്. അതിലുപരി സൈബർ ലോകത്തും പുറത്തും നടക്കുന്ന വ്യാജ പ്രചാരണങ്ങൾ പോലീസിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിൽ പൊതുജനങ്ങളുടെ സംഭാവന വലുതാണ്. ഈയടുത്ത കാലത്ത് കേരളത്തിൽ സോബിൻ ഡ്രഗ്‌സിന്റെ ഉപയോഗം വ്യാപകമായി വർദ്ധിച്ചു എന്ന രീതിയിൽ വ്യാജ പ്രചാരണം നടന്നിരുന്നു. അത് അപ്പോൾ തന്നെ ഞങ്ങളെ അറിയിക്കുകയും, അത്തരം കുപ്രചാരണങ്ങൾക്ക് തടയിടാനും സാധിച്ചിരുന്നു. ഇത്തരത്തിൽ ഒരുപാട് വിവരങ്ങൾ ഫോളോവേഴ്സിന്റെ ഭാഗത്തു നിന്നും ലഭിക്കാറുണ്ട്.

കേരള പോലീസിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുക എന്ന ദൗത്യം എങ്ങനെയാണ് നിങ്ങളിലേക്കെത്തിയത്?

കേരളം പോലീസിന്റെ സോഷ്യൽ മീഡിയ സെൽ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഒരു പരീക്ഷ നടത്തുന്നതായി സംസ്ഥാനത്തെ മുഴുവൻ പോലീസ് ഡിപ്പാർട്ട്മെന്റുകളിലും അറിയിപ്പ് വന്നിരുന്നു. അതിന്റെ ഭാഗമായി അപേക്ഷിച്ച അറുപതു പേർക്ക് ഇൻറ്റർവ്യൂ, പരീക്ഷ എന്നിവ നടത്തി. ട്രോൾ തയ്യാറാക്കൽ, ഇംഗ്ലീഷ്, മലയാളം ഉപന്യാസ രചന, കമ്പ്യൂട്ടർ പരിജ്ഞാനം, നിയമപരമായ കാര്യങ്ങൾ എന്നിവയായിരുന്നു പരീക്ഷയുടെ ഉള്ളടക്കം. ഇതിൽ നിന്നും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ വന്നവരെ തിരഞ്ഞെടുത്തു.

നിങ്ങൾ ഷെയർ ചെയ്യുന്ന പോസ്റ്റുകളും കമന്റുകളും ഫിൽട്ടറിങ്ങിനു വിധേയമാണോ? 

ഐജി മനോജ് എബ്രാഹമാണ് സോഷ്യൽ മീഡിയ സെല്ലിന്റെ നോഡൽ ഓഫീസർ. അദ്ദേഹവും ഞങ്ങൾ നാലുപേരും ഉൾപ്പെടുന്ന വാട്‍സ് ആപ്പ് ഗ്രൂപ്പുകളുണ്ട്. ഞങ്ങളിടുന്ന പോസ്റ്റുകൾ ആദ്യം ആ ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും അദ്ദേഹം അത് അംഗീകരിക്കുകയും വേണം. ഫോളോവെഴ്സ് ഇടുന്ന കമന്റ്സ് അനുസരിച്ച് മാന്യമായ മറുപടി നൽകണം എന്നാണ് നിർദേശമുള്ളത്. ചെറിയ പ്രശ്‌നങ്ങൾ എന്തെങ്കിലും ആണെങ്കിൽ അദ്ദേഹത്തിന്റെ നിദ്ദേശ പ്രകാരം മാറ്റങ്ങൾ വരുത്തും.

നിങ്ങളിടുന്ന പോസ്റ്റുകൾക്കോ പോലീസിനോടുള്ള വിരോധം കാരണമോ നിരവധി മോശം കമന്റുകളും സന്ദേശങ്ങളും വന്നിട്ടുണ്ടാകുമല്ലോ? അവയെ എങ്ങനെയാണ് കൈകാര്യം ചെയ്യാറുള്ളത്?

എന്ത് കാര്യങ്ങൾ സമൂഹത്തിൽ നടന്നാലും അതിന്റെ പ്രതിഫലനം നമ്മുടെ പേജിലുണ്ടാകും. അതുകൊണ്ട് തന്നെ അത്തരം കമന്ററുകളും മെസ്സേജുകളും ധാരാളം വരാറുണ്ട്. അതിനെല്ലാം സഹിഷ്ണുതയോടെ മറുപടി നൽകാൻ മാത്രമേ സാധിക്കുകയുള്ളൂ. തിരിച്ച് അതേ നിലയിൽ പ്രകോപനപരമായി പ്രതികരിച്ചാൽ ഈ പേജിന്റെ സദുദ്ദേശത്തെ അത് ബാധിക്കും.

നിങ്ങളുടെ ടീം വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?

തീർച്ചയായും. നിലവിൽ ട്രാഫിക് പോലീസിന്റേതടക്കം മിക്ക പോലീസ് വകുപ്പുകളുടെയും പേജുകൾ ഞങ്ങളാണ് കൈകാര്യം ചെയ്യുന്നത്. കൂടാതെ കേരള പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ, ഇൻസ്റ്റാഗ്രാം പേജുകളും ഈ ടീമാണ് നോക്കുന്നത്. അധികം വൈകാതെ യൂട്യൂബ് ചാനലിന്റെ പ്രവർത്തനവും വിപുലമാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

ഷഹീന്‍ ഇബ്രാഹിം

ഷഹീന്‍ ഇബ്രാഹിം

Multi-Media journalist with Azhimukham

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍