UPDATES

ട്രെന്‍ഡിങ്ങ്

പാമ്പുകളെയും ഭൂമിയുടെ ആവാസവ്യവസ്ഥയേയും കുറിച്ച് മനുഷ്യന് അവബോധം ഉണ്ടാകണം; മലയാളി ഗവേഷകന്റെ പഠനം പ്രസിദ്ധീകരിച്ച് ബ്രിട്ടീഷ് ജേര്‍ണല്‍

വന്യജീവി ഗവേഷകനായ ആര്‍.റോഷനാഥന്‍ നടത്തിയ പഠനമാണ് ദ ഹെര്‍പ്പറ്റോളജിക്കല്‍ ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌

ദീഷ്‌ണ സി.

ദീഷ്‌ണ സി.

കേരളത്തിലെ പാമ്പുകളെയും പാമ്പുകടിയേറ്റുള്ള മരണങ്ങളേയും കുറിച്ച് മലയാളി നടത്തിയ പഠനങ്ങള്‍ പ്രസിദ്ധീകരിച്ച് ബ്രിട്ടണ്‍ കേന്ദ്രീകൃത ശാസ്ത്ര പ്രസിദ്ധീകരണമായ ദ ഹെര്‍പ്പറ്റോളജിക്കല്‍ ബുള്ളറ്റിന്‍. വന്യജീവി ഗവേഷകനായ ആര്‍.റോഷനാഥാണ് കേരളത്തിലെ പാമ്പുകളെ സംബന്ധിച്ച ഗവേഷണങ്ങള്‍ക്കൊടുവില്‍ ഹെര്‍പ്പറ്റോളജിക്കല്‍ ബുള്ളറ്റിനില്‍ പഠനം പ്രസിദ്ധീകരിച്ചത്. കാസര്‍കോഡ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആനിമല്‍ സയന്‍സിലെ ഗവേഷക വിദ്യാര്‍ത്ഥിയായ റോഷ്‌നാഥ്, 2012 മുതല്‍ 2015 വരെ കേരളത്തില്‍ രേഖപ്പെടുത്തപ്പെട്ട പാമ്പുകടി മരണത്തെ സംബന്ധിച്ച കണക്കുകളില്‍ നിന്നാണ് പഠന റിപ്പോര്‍ട്ട് രൂപപ്പെടുത്തിയെടുത്തത്.

റിപ്പോര്‍ട്ടിലെ പ്രധാന ആശയങ്ങള്‍
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ വളരെ മുന്‍പിലാണ്. നിശ്ചിത ശതമാനത്തിലധികം മനുഷ്യര്‍ വര്‍ഷം പ്രതി ഇന്ത്യയില്‍ പാമ്പു കടിയേറ്റ് മരണപ്പെടുന്നു. സമാനമായി ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കേരളവും പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ മുന്‍പന്തിയിലാണ്. ഇത്തരം മരണങ്ങളില്‍ ഭൂരിഭാഗവും മലയോര പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും വെച്ച് സംഭവിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പറശ്ശിനിക്കടവ് വിഷചികിത്സ കേന്ദ്രത്തിലെ ഔദ്യോഗിക ഡാറ്റകള്‍ പ്രകാരം 2012-15 കാലയളവില്‍ 770 പേരാണ് കേരളത്തില്‍ പാമ്പുകടിയ്ക്ക് ചികിത്സ തേടിയത്. അതില്‍ 63% പേര്‍ ചുരുട്ട (Hypnale hypnale ) വിഭാഗത്തില്‍പ്പെടുന്ന പാമ്പുകളുടെയും, 37% പേര്‍ അണലി (Daboia russelii )യുടെയും കടിയേറ്റവരാണ്. രേഖപ്പെടുത്തപ്പെട്ട കണക്കുകള്‍ പ്രകാരം 169 കേസുകള്‍ മുതിര്‍ന്ന പാമ്പുകളുടെ കടിയേറ്റും, 112 എണ്ണം പാമ്പിന്‍ കുഞ്ഞുങ്ങളുടെ കടിയേറ്റും സംഭവിച്ച അപകടങ്ങളാണ്.

വലിയ വിഷമേറിയവയല്ലെങ്കിലും അണലികള്‍ പലപ്പോഴും മരണത്തിന് കാരണമാകുന്ന പാമ്പുകളാണ്. ഒരു വലിയ ശതമാനം ആളുകള്‍ അണലിയുടെ കടിയേറ്റ് മരണപ്പെടുന്നു. ഏപ്രില്‍, മേയ്, ജൂണ്‍ എന്നീ മാസങ്ങളിലാണ് അണലികളുടെ പ്രജനനവും പ്രത്യുല്‍പ്പാദനവും കൂടുതലായി നടക്കുന്നത്. ആയതിനാല്‍ത്തന്നെ ഈ സമയങ്ങളില്‍ പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചു വരുന്നു.

കണ്ണൂരിലെ മലയോര പ്രദേശങ്ങളിലെ ഉയര്‍ന്ന കണക്കുകളില്‍ ഭൂരിഭാഗവും തൊഴിലിടങ്ങളില്‍ പാമ്പുകടിയേല്‍ക്കുന്നവരില്‍ നിന്നുള്ളതാണ്. റബ്ബര്‍, കശുവണ്ടി മുതലായവയുടെ കൃഷിയിടങ്ങളില്‍ അണലി വിഭാഗത്തിലുള്‍പ്പെടുന്ന പാമ്പുകളുടെ അധിക സാനിധ്യം കണ്ടുവരുന്നു.

പാമ്പുകടിയേല്‍ക്കുന്നവരുടെ വര്‍ധനയുടെ പ്രധാന കാരണങ്ങള്‍
1. വേസ്റ്റ് മാനേജ്‌മെന്റ്- ഗാര്‍ഹിക മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത മലയാളികളില്‍ കൂടുതലാണ് .ശരിയായ രീതിയില്‍ സംസ്‌കരണം നടത്താത്ത സാഹചര്യങ്ങളില്‍ എലി പോലെയുള്ള ജീവികള്‍ പെറ്റുപെരുകാനും, അത് ഇരതേടുന്ന പാമ്പുകളെ വീട്ടുപരിസങ്ങളിലേക്ക് ആഗമിക്കുന്നതിനും കാരണമാകുന്നു.പാമ്പുകളുടെ ഇരകളായ തവള, എലി മുതലായവ വീട്ടുപരിസരങ്ങളില്‍ വര്‍ധിക്കുന്ന സാഹചര്യങ്ങള്‍ പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടാക്കുന്നു.

2. സ്വാഭാവിക ആവാസവ്യവസ്ഥ നിലനിര്‍ത്തല്‍- മനുഷ്യന്റെ വ്യവസ്ഥിതിക്കപ്പുറം ജീവികള്‍ക്ക് അവരുടെ ആവാസവ്യവസ്ഥ അനുവദിച്ചു നല്‍കുന്നതാണ് ശരിയായ രീതി. പാമ്പുകള്‍ ഉള്‍പ്പെടുന്ന ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥ ഇല്ലാതാകുമ്പോഴാണ് അവ മനുഷ്യരുടെ വാസസ്ഥലങ്ങളിലേക്കും മറ്റും പ്രവേശിക്കുന്നത്. വാസ്തവത്തില്‍ സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതികള്‍ പോലും ഒരു രീതിയില്‍ പാമ്പുകടിയേല്‍ക്കുന്നവരുടെ വര്‍ധനവിനുള്ള കാരണമാണ്. റോഡരികിലെയും മറ്റ് ഒഴിഞ്ഞ പറമ്പുകളിലെയും കുറ്റിക്കാടുകളും മറ്റും വെട്ടി വൃത്തിയാക്കുന്നത് വഴി പാമ്പുകള്‍ക്ക് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെടുകയും, അവ മനുഷ്യരുടെ വാസസ്ഥലങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

3. ബോധവത്കരണം- കേരളത്തില്‍ കണ്ടുവരുന്ന പാമ്പുകളില്‍ വളരെക്കുറച്ചു മാത്രമാണ് വിഷമേറിയവ. അതിനാല്‍ത്തന്നെ കണ്‍മുന്നില്‍ വരുന്ന പാമ്പുകളെയെല്ലാം തല്ലിക്കൊല്ലുന്ന രീതി മനുഷ്യര്‍ അവസാനിപ്പിക്കണം. വിഷമുള്ളവ, വിഷമില്ലാത്തവ തുടങ്ങി ഓരോ പാമ്പുകളുടെയും സ്വഭാവത്തെ ജനങ്ങള്‍ കൃത്യമായി പഠിച്ചിരിക്കണം. അതിനുള്ള അവബോധം വളര്‍ത്തിയെടുക്കേണ്ടതും അത്യാവശ്യമാണ്.

ഒരു സാധാരണ ഗവേഷകനെപ്പോലെ പഠനങ്ങള്‍ ബ്രിട്ടീഷ് ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുക എന്നതിലുപരി ജനങ്ങള്‍ക്ക് ഉപയോഗപ്പെടുന്ന രീതിയിലുള്ള ഔട്ട്പുട്ട് ഉണ്ടാക്കിയെടുക്കുക എന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ പഠനങ്ങളുടെ കണ്ടെത്തലുകള്‍ ജനങ്ങള്‍ക്കാണാവശ്യം. കൃഷിയിടങ്ങളില്‍ ഇറങ്ങുമ്പോള്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക, പാമ്പുകളുടെ പ്രജനന കാലത്ത് രാത്രി സഞ്ചാരം ഒഴിവാക്കുക തുടങ്ങിയവയാണ് പ്രാഥമികമായി മനുഷ്യര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍. മനുഷ്യന്റെ സാമാന്യ യുക്തിയിലുള്ള കാര്യങ്ങളെ കൂടുതല്‍ പാകപ്പെടുത്തുന്നത് അവബോധം വര്‍ധിപ്പിക്കും.

പാമ്പുകളെ സംബന്ധിച്ച് ജനങ്ങളില്‍ പൊതുബോധം വളര്‍ത്തിയെടുക്കാനാവശ്യമായ ബോധവത്കരണ ക്ലാസുകള്‍ ഞാന്‍ നടത്തിവരുന്നു. മനുഷ്യനും ജന്തുജാലങ്ങളുമടങ്ങുന്ന ഒരു വലിയ ആവാസവ്യവസ്ഥയാണ് ഭൂമി. അതിനാല്‍, ഭൂമിയുടെ സന്തുലിതാവസ്ഥ നമ്മള്‍ ഉറപ്പുവരുത്തേണ്ടത് ജീവജാലങ്ങളെ അവയുടെ ആവസവ്യവസ്ഥയില്‍ സൈ്വര്യമായി ജീവിക്കാന്‍ അനുവദിച്ചു കൊണ്ടാകണം.

പാമ്പുകളെ സംബന്ധിച്ച പഠനങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത് പറശ്ശിനിക്കടവ് വിഷചികിത്സാ കേന്ദ്രത്തില്‍ നിന്നുമായിരുന്നു. അവിടുത്തെ ഡയറക്റ്ററായ പ്രൊഫ. കുഞ്ഞിരാമന്റെയും, സംസ്ഥാന ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിലെ സിവി രാജന്റെയും സഹായങ്ങള്‍ എന്റെ ഗവേഷണങ്ങള്‍ക്ക് ലഭിച്ചിരുന്നു. പഠനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്ന തരത്തില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം.’റോഷ്‌നാഥ് പറയുന്നു.

 

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍