UPDATES

മലദ്വാരമില്ലാതെ ജനിച്ച അയ്യപ്പദാസിന് ഇനി പുതിയ ജീവിതം; അഴിമുഖം വായനക്കാര്‍ക്കും നന്ദി

അയ്യപ്പദാസിന്റെ ജീവിതം പുറംലോകമറിഞ്ഞതോടെ നിരവധി വ്യക്തികളും സംഘടനകളും സഹായവുമായെത്തി

നാലര വർഷമായി അയ്യപ്പദാസ് അനുഭവിച്ചുവന്ന ദുരിതത്തിന് പരിഹാരമായി. ചെല്ലങ്കാവ് ആദിവാസി കോളനിയിലെ അയ്യപ്പദാസിന് മലദ്വാരം നിർമ്മിച്ചു. സഹായമായത് അഴിമുഖം വാർത്ത.

നാല് മാസം മുൻപാണ് മലദ്വാരമില്ലാതെ ദുരിതമനുഭവിക്കുന്ന പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ പയറ്റുകാട് ചള്ള ചെല്ലങ്കാവ് ആദിവാസി കോളനിയിലെ അയ്യപ്പദാസിന്റെ ദുരിതജീവിതം വാർത്തയാകുന്നത്. മലദ്വാരമില്ലാതെ പിറന്നുവീണ അയ്യപ്പദാസ് വയറിനു വശത്ത് ഉറപ്പിച്ചിരുന്ന വൻകുടലിന്റെ അറ്റത്തുകൂടിയാണ് മലം പുറത്തേക്ക് കളഞ്ഞിരുന്നത്. ജനിച്ചു രണ്ടര വർഷത്തിനുള്ളിൽ മലദ്വാരം നിർമ്മിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും നാലര വർഷം കഴിഞ്ഞിട്ടും അയ്യപ്പദാസിന് മലദ്വാരം നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല. വേണ്ടത്ര തൂക്കമില്ലാതെ വന്നതാണ് ശസ്ത്രക്രിയ വൈകാൻ കാരണമായത്. തൂക്കമില്ലാതെ വന്നതോടെ പോഷകാഹാരങ്ങൾ നല്‍കാന്‍ ചികിത്സിക്കുന്ന ഡോക്ടർ നിർദ്ദേശം നൽകിയെങ്കിലും ദാരിദ്ര്യം നിറഞ്ഞ വീട്ടിൽ മൂന്നുനേരത്തെ ഭക്ഷണത്തിനു പോലും വകയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അയ്യപ്പദാസിന് ശസ്ത്രക്രിയ ചെയ്യാനും കഴിഞ്ഞിരുന്നില്ല. നാലര വർഷമായി വൻകുടലിന്റെ അറ്റത്തുണ്ടാക്കിയ ദ്വാരം വഴിയാണ് അയ്യപ്പദാസ് മലം പുറത്തേക്ക് കളഞ്ഞിരുന്നത്. അയ്യപ്പദാസ് ഇത്തരത്തിൽ ദുരിതമനുഭവിക്കുമ്പോഴും സഹായമെത്തിക്കേണ്ട ജില്ലാ പട്ടികവർഗ്ഗ വികസന വകുപ്പാകട്ടെ തിരിഞ്ഞുനോക്കിയിരുന്നുമില്ല.

കഴിഞ്ഞ മാർച്ച് നാലിന് അയ്യപ്പദാസിന്റെ ദുരിതജീവിതം അഴിമുഖത്തിൽ വാർത്തയായി. തുടർന്ന് പിറ്റേ ദിവസം തന്നെ പട്ടികവർഗ്ഗ വികസനവകുപ്പ് കോളനിയിലെത്തി അയ്യപ്പദാസിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തി. മലമ്പുഴ നിയോജകമണ്ഡലം എം.എൽ.എ കൂടിയായ വി.എസ് അച്യുതാനന്ദൻ അയ്യപ്പദാസിന് മികച്ച ചികിത്സ ലഭ്യമാക്കാൻ പട്ടികവർഗ്ഗ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തുടർന്ന് പട്ടികവർഗ്ഗവികസന വകുപ്പ് ശസ്ത്രക്രിയക്കായി അയ്യപ്പദാസിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിലെ ശിശുശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. ബിജോൺ ജോൺസന്റെ നേതൃത്വത്തിൽ നാലുമാസത്തിനുള്ളിൽ രണ്ടു ഘട്ടങ്ങളിലായി ശസ്ത്രക്രിയ നടത്തി. ഇതോടെ അയ്യപ്പദാസ് സാധാരണ രീതിയിൽ മലവിസർജ്ജനം ചെയ്തു തുടങ്ങി. ഏപ്രിലിൽ നടത്തിയ ആദ്യത്തെ ശസ്ത്രക്രിയയിൽ മലദ്വാരം നിർമ്മിച്ചു. ജൂണിൽ നടന്ന രണ്ടാമത്തെ ശസ്ത്രക്രിയയിൽ വയറിനു പുറത്തേക്ക് ഉറപ്പിച്ചിരുന്ന വൻകുടൽ പൂർവ്വസ്ഥിതിയിലുമാക്കി.

“മോൻ ഇപ്പോൾ മറ്റു കുട്ടികളെപ്പോലെ തന്നെയാണ് മലവിസർജ്ജനം നടത്തുന്നത്‌. ഇപ്പോൾ കുഴപ്പമൊന്നുമില്ല. പട്ടികവർഗ്ഗ വകുപ്പാണ് ആശുപത്രിയിൽ എത്തിച്ചത്. ഓപ്പറേഷൻ സൗജന്യമായിരുന്നു. ഇനി ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിൽ ആശുപത്രിയിൽ പരിശോധനയ്ക്കായി പോകണം“, അയ്യപ്പദാസിന്റെ അമ്മ പറഞ്ഞു. ചെല്ലൻകാവ്‌ ആദിവാസികോളനിയിലെ മുനിസ്വാമിയുടെയും ഭഗവതിയുടെയും മകനാണ് അയ്യപ്പദാസ്.

അയ്യപ്പദാസിന് നിരവധി സഹായം

അയ്യപ്പദാസിന്റെ ജീവിതം പുറംലോകമറിഞ്ഞതോടെ നിരവധി വ്യക്തികളും സംഘടനകളും സഹായവുമായെത്തി. മലപ്പുറം കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് പലരും നേരിട്ടെത്തി അയ്യപ്പദാസിന് സാമ്പത്തിക സഹായം കൈമാറി. അയ്യപ്പദാസിന് ചികിത്സാ സഹായം അഭയാര്‍ഥിച്ചുകൊണ്ടുള്ള അഴിമുഖം വാര്‍ത്തയോടും വളരെ പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചത്. അയ്യപ്പദാസിന്റെ അമ്മ ഭഗവതിയുടെ പേരിൽ എസ്.ബി.ഐ വാളയാർ ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്കും നിരവധി പേർ പണം നിക്ഷേപിച്ചു. പത്തുലക്ഷത്തോളം രൂപ അയ്യപ്പദാസിന് സഹായമായി ലഭിച്ചു.സോഷ്യൽ മീഡിയകളിലും അയ്യപ്പദാസിന്റെ വാർത്ത പ്രചരിക്കുകയുണ്ടായി.

ഒരുദിവസം മുനിസ്വാമി പണിക്ക് പോയില്ലെങ്കില്‍ ഭക്ഷണം കഴിക്കാന്‍ സാഹചര്യമില്ലാത്ത കുടുംബമായിരുന്നു ഇവരുടേത്. മുനിസ്വാമി തൊട്ടടുത്ത തോട്ടങ്ങളിലാണ് പണിക്ക് പോകുന്നത്. അതും എപ്പോഴും പണിയൊന്നുമില്ല. ആഴ്ച്ചയിൽ മൂന്ന് ദിവസം. കിട്ടുന്ന തുച്ഛമായ പണം കൊണ്ടാണ് വീട്ടുചിലവുകൾ നടത്തുന്നത്. ഭർത്താവിന്റെ അമ്മയും മൂന്ന് മക്കളും ഒപ്പമുണ്ട്. റേഷൻ കടയിൽ നിന്ന് കിട്ടുന്നത് 20 കിലോ അരിയാണ്. മുഴുവൻ അരിയും ലഭിക്കാറില്ല. ബാക്കി പുറത്ത് നിന്ന് വാങ്ങും. മോനെ നോക്കേണ്ടതിനാൽ എപ്പോഴും അവന്റൊപ്പമാണ് എന്ന് അഴിമുഖം നേരത്തെ കണ്ടപ്പോള്‍ ഭഗവതി പറഞ്ഞിരുന്നു. അവൻ അങ്കണവാടിയിൽ പോകുമ്പോഴും ഒപ്പം പോകും. ഇടയ്ക്ക് മലവിസർജനം നടത്തിയാൽ വൃത്തിയാക്കണം. അതുകൊണ്ട് ജോലിക്കൊന്നും പോകാൻ കഴിയാറില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ആ അവസ്ഥകള്‍ക്ക് ഒരു മാറ്റം വന്നിരിക്കുകയാണ് ഇപ്പോള്‍.

അയ്യപ്പദാസിന്റെ ദുരിതം പുറംലോകമറിയാൻ ഇടയാക്കിയത് സാമൂഹ്യപ്രവർത്തകൻ പി.സി രമേഷിന്റെ ഇടപെടൽ മൂലം.

പുതുപ്പരിയാരം സ്വദേശിയായ സാമൂഹ്യപ്രവർത്തകൻ പി.സി. രമേഷിന്റെ ഇടപെടലാണ് അയ്യപ്പദാസിന്റെ ജീവിതം പുറത്തറിയാൻ കാരണമായത്. ചെല്ലങ്കാവ് കോളനിയിൽ കുട്ടികൾക്കുള്ള വസ്ത്രങ്ങളുമായി ചെന്നപ്പോഴാണ് രമേഷ്‌, അയ്യപ്പദാസിന്റെ അവസ്ഥ കണ്ടറിയുന്നത്. കെട്ടിടനിർമാണ കരാറുകാരനായ രമേഷ്‌ തന്റെ അധ്വാനത്തിന്റെ ഒരു വിഹിതം ആദിവാസിമേഖലയിലെ കുട്ടികളുടെയും നിർധനരായ കുട്ടികളുടെയും പഠനച്ചെലവുകൾക്കായി മാറ്റിവയ്ക്കുന്നുണ്ട്.

മലദ്വാരമില്ലാതെ നാലര വർഷം; ഈ ആദിവാസിബാലന്റെ ദുരിതജീവിതത്തിന് ദാരിദ്ര്യവും ഒരു കാരണമാണ്

മലദ്വാരമില്ലാതെ ജനിച്ച ആദിവാസിബാലന്റെ ദുരിതം അവസാനിക്കുന്നു; വായനക്കാര്‍ക്കും സഹായിക്കാം

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍