UPDATES

ട്രെന്‍ഡിങ്ങ്

‘പെണ്ണുങ്ങള്‍ കാണാത്ത പാതിര നേരങ്ങള്‍’ ടെക്സ്റ്റ് ബുക്കില്‍ മാത്രം പഠിച്ചാല്‍ മതിയോ?; ഹോസ്റ്റല്‍ കര്‍ഫ്യൂ പ്രക്ഷോഭം ശക്തമാക്കി കേരള വര്‍മ്മയിലെ പെണ്‍കുട്ടികള്‍

കേരള ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സമയത്തില്‍ മാറ്റം വരുത്തില്ലെന്നു പിടിവാശി തുടര്‍ന്ന് കേരള വര്‍മ കോളേജ്/ഹോസ്റ്റല്‍ അധികൃതര്‍

പരാതിക്കാരികളിലൊരാള്‍ കൂട്ടുകാരിയുമായി പുറത്തു പോയ സമയം, കോളേജിന്റെ ഒരു വശത്തെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നയിടത്തില്‍വച്ച് ഒരു കൂട്ടം പുരുഷന്മാര്‍ ഈ പെണ്‍കുട്ടികളെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടികള്‍ ഒരുവിധം അവിടെ നിന്നു രക്ഷപ്പെട്ടോടാന്‍ നോക്കുമ്പോള്‍ തക്ക സമയത്ത് ഹോസ്റ്റല്‍ വാര്‍ഡന്‍ അവിടെയെത്തുകയും കുട്ടികളെ അക്രമികളുടെ കൈയില്‍ നിന്നും രക്ഷിക്കുകയുമായിരുന്നു.

ഹോസ്റ്റല്‍ വാര്‍ഡന്‍ എത്തിയിരുന്നില്ലെങ്കിലോ?

ഈ ചോദ്യം കൂടിയിരിക്കുന്ന രക്ഷകര്‍ത്താക്കളോടാണ്. ചോദിക്കുന്നത് തൃശൂര്‍ കേരള വര്‍മ കോളേജ് അധികൃതരും. പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ പ്രവേശിക്കേണ്ട സമയം രാത്രി എട്ടര വരെ നീട്ടികൊടുക്കണോ വേണ്ടയോ എന്നതില്‍ തീരുമാനം എടുക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗമാണ് സന്ദര്‍ഭം.

കേരള ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സമയത്തില്‍ മാറ്റം വരുത്തില്ലെന്നു പിടിവാശി പിടിക്കുന്ന കേരള വര്‍മ കോളേജ്/ഹോസ്റ്റല്‍ അധികൃതര്‍ രക്ഷകര്‍ത്താക്കളെ ഭയപ്പെടുത്താന്‍ വേണ്ടി പറയുന്ന ഇല്ലാക്കഥകള്‍ ഇത്തരത്തില്‍ നിരവധിയുണ്ടെന്നാണ് വിദ്യാര്‍ത്ഥിനികള്‍ അഴിമുഖത്തോട് പങ്കുവച്ചത്. പ്രതികാരബുദ്ധിയോടെ തങ്ങള്‍ക്കെതിരേ എന്തും ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞതിനാല്‍, ഈ വിദ്യാര്‍ത്ഥിനികളുടെ പേരുകള്‍ ഒഴിവാക്കുകയാണ്.

ഞങ്ങളുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയാല്‍, സമരം ചെയ്താല്‍ സദാചാര ചങ്ങലകൊണ്ട് പൂട്ടാന്‍ നോക്കും. അതിനവര്‍ക്ക് സാധിക്കാതെ വന്നാല്‍ രക്ഷകര്‍ത്താക്കളാണ് അടുത്ത തന്ത്രം. വിളിച്ചു വരുത്തുന്ന രക്ഷകര്‍ത്താക്കളുടെ മുന്നില്‍ പെണ്‍മക്കളുടെ മാനത്തിനുമേലുള്ള ഭീഷണിയാണ് എടുത്തിടുന്നത്. എന്തെങ്കിലും സംഭവിച്ചാല്‍ എന്ന ചോദ്യമാണ് പ്രധാന ആയുധം. മിക്ക രക്ഷകര്‍ത്താക്കളും അവര്‍ക്കു മുന്നില്‍ കീഴടങ്ങും. അങ്ങനെ കീഴടക്കിയാണ് എട്ടര വരെയെന്ന സമയം രേഖാമൂലം അറിയിച്ചിട്ടും അത് അട്ടിമറിച്ച് ഏഴരയാക്കിയത്. പെണ്‍കുട്ടികളുടെ സുരക്ഷ; അതാണത്രേ അവര്‍ക്ക് പ്രധാനം. ഇത് സുരക്ഷയോ, അതോ അടിച്ചമര്‍ത്തലോ?

പെണ്‍കുട്ടികളുടെ മാനത്തെക്കുറിച്ചും അവര്‍ പുലര്‍ത്തേണ്ട സദാചാരബോധത്തേ കുറിച്ചും എപ്പോഴും ഉപേദശിക്കുന്നവര്‍ തന്നെ എത്ര നീചമായിട്ടാണ് ഞങ്ങളെ ആക്ഷേപിക്കുന്നതെന്നു കൂടി കാണണം. എതിര്‍പ്പ് ഉയര്‍ത്തുന്ന പെണ്ണ് മോശക്കാരിയാണ്, സമരം ചെയ്യുന്നവള്‍ വഴിപിഴിച്ചവളാണ്, നിയമങ്ങള്‍ പാലിക്കാത്തവള്‍ അനുസരണയില്ലാത്തവളാണ്… അങ്ങനെ എത്രയെത്ര ആക്ഷേപങ്ങളാണ് ഞങ്ങള്‍ക്കെതിരേ? എന്തിന്റെ പേരില്‍? ഞങ്ങള്‍ ഞങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കപ്പെടണമെന്നു പറഞ്ഞതിന്റെ പേരില്‍.

എന്റെ ഹോസ്റ്റലിലെ കുട്ടികളെ കൂട്ടികൊടുക്കാന്‍ കൊണ്ടുപോകരുത്, എന്നായിരുന്നു വാര്‍ഡന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞത്. ഞാന്‍ കൂട്ടുകാരിയുമായി പുറത്തേക്കു പോകാന്‍ തയ്യാറെടുത്തപ്പോള്‍ കേട്ട വാക്കുകളാണ്. അവരും ഒരു സ്ത്രീയാണെന്നോര്‍ക്കണം. കൈയില്‍ കാശ് കണ്ടാല്‍ പറയുന്നത്, മറ്റ് പരിപാടിക്ക് പോയാല്‍ ഇതിലേറെ കാശ് കിട്ടുമെന്നാണ്. ഒരു കുട്ടി ഹോസ്റ്റലിലേക്ക് വന്നത് മുടിയഴിച്ചിട്ടുകൊണ്ടാണ്. ഉടനെ ആ കുട്ടിയുടെ സഹോദരനെ ഫോണില്‍ വിളിച്ചു. മുടിയഴിച്ചിട്ടു കേറിവരുന്നത് വേറെയെന്തോ പരിപാടിക്ക് പോയിട്ടുള്ള വരവാണെന്ന്. ഇങ്ങനെയൊക്കെയാണവര്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നത്.

മൂന്നര വരെയാണ് കോളേജ് ടൈം. നാലരയ്ക്ക് ഹോസ്റ്റലില്‍ കയറിയിരിക്കണം. അതായിരുന്നു ഞങ്ങളുടെ ഷെഡ്യൂള്‍. പഠനാവശ്യങ്ങള്‍ക്കു പോലും സമയം ചെലവഴിക്കാന്‍ സാധിക്കില്ല. കോളേജ് ലൈബ്രറി നാലുമണിയോടെ അടയ്ക്കും. അക്കാദമി ലൈബ്രറി ഉപയോഗിക്കാമെന്നു വച്ചാല്‍ നാലരയ്ക്ക് മുമ്പേ ഹോസ്റ്റലില്‍ കയറേണ്ടതുകൊണ്ട് അതിനും സാധിക്കില്ല. തൃശൂര്‍ സംസ്‌കാരിക തലസ്ഥാനമാണെന്നാണല്ലോ പറയുന്നത്. എന്നാല്‍ ഈ നഗരത്തെക്കുറിച്ച് ഒന്നുമറിയാന്‍ ഞങ്ങള്‍ക്കാവുന്നില്ല. പല ജില്ലകളില്‍ നിന്നു വരുന്ന കുട്ടികളുണ്ട്. പക്ഷേ, ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയേണ്ടേ? എങ്ങോട്ടെങ്കിലും പോണമെങ്കില്‍ വീട്ടില്‍ വിളിച്ച് അനുവാദം വാങ്ങണം! വീട്ടില്‍ നിന്നും അനുവദിച്ചാല്‍ തന്നെ ഹോസ്റ്റലില്‍ നിന്നും വിടാറില്ല.

Read More: രാത്രികള്‍ ഞങ്ങളുടേതു കൂടിയാണ്, ഞങ്ങളുടെ സ്വാതന്ത്ര്യം കൂടിയാണ്; സദാചാര മാനേജ്‌മെന്റിനെ വെല്ലുവിളിച്ച് കേരള വര്‍മയിലെ വിദ്യാര്‍ത്ഥിനികള്‍

എന്തുകൊണ്ട് ഞങ്ങളെ പുറത്തു വിടുന്നില്ല എന്നു ചോദിച്ചാല്‍, നിങ്ങളുടെ സുരക്ഷയെക്കരുതിയെന്നാണ് മറുപടി. പെണ്‍കുട്ടികള്‍ പുറത്തൊട്ടും സുരക്ഷിതരല്ലത്രേ! ഇടിഞ്ഞു പൊളിഞ്ഞു കിടക്കുകയാണ് ഈ ഹോസ്റ്റലിന്റെ മതില്‍. ഇതിനകത്ത് ഞങ്ങള്‍ സുരക്ഷിതരാണോ? സുരക്ഷിതത്വം എന്നതൊരു മറയാണ്. ഞങ്ങളുടെ അവകാശങ്ങള്‍ ഞങ്ങളില്‍ നിന്നും അകറ്റാനുള്ള മറ. ഒരസുഖം വന്നാല്‍ ആശുപത്രിയില്‍ പോകാനും പോലും അനുവാദം കിട്ടാറില്ല. എന്തിനേറെ പറയുന്നു, ആര്‍ത്തവ സമയത്ത് ഞങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എത്രയാണെന്നറിയാമോ? പാഡ് വാങ്ങാന്‍ പോലും പുറത്തു വിടാറില്ല. മറ്റാരുടെയെങ്കിലും കൈയില്‍ ഉണ്ടെങ്കില്‍ ചോദിച്ച് വാങ്ങി ഉപയോഗിക്കാന്‍ പറയും. പാഡ് കിട്ടാതെ വലഞ്ഞ സന്ദര്‍ഭങ്ങള്‍ പലര്‍ക്കും പറയാനുണ്ട്. ശരിക്കും മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ നടക്കുന്നത്. എല്ലാ അവകശങ്ങളും ലംഘിച്ചിട്ടും അവരതിനെ ന്യായീകരിക്കുന്നത് പെണ്‍കുട്ടികളുടെ സുരക്ഷിതത്വം എന്ന സ്ഥിരം പല്ലവി കൊണ്ട്.

ഇതിനൊക്കെയെതിരെയാണ് ഞങ്ങള്‍ കോടതി പോയതും സമരം ചെയ്തതും. എന്നിട്ടും ഞങ്ങളെ തോല്‍പ്പിക്കാനാണവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ രക്ഷകര്‍ത്താക്കളും ഒരുപോലെയല്ല, മക്കളെ മനസിലാക്കുന്നവരുമുണ്ട് അല്ലാത്തവരുമുണ്ട്. രണ്ടാമത്തെ വിഭാഗത്തിനു മുന്നില്‍ ഞങ്ങളെക്കുറിച്ച് ഇല്ലാക്കഥകള്‍ പറയും. ഞങ്ങള്‍ക്കൊപ്പം നടന്നാല്‍ അവരുടെ മക്കളും വഴി തെറ്റിപ്പോകുമെന്ന് പേടിപ്പിക്കും. പേടിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്ക് ഞങ്ങള്‍ തെറ്റുകാരാണ്. ഞങ്ങളെ പുറത്താക്കാനും ഞങ്ങള്‍ക്കെതിരേ പരാതി നല്‍കാനും അവര്‍ പറയും. ഇത് കോളേജ് അധികൃതര്‍ ആയുധമാക്കും.

ഇങ്ങനെ അടച്ചു പൂട്ടിയിട്ടുകൊണ്ട് പെണ്‍കുട്ടികളെ ഒന്നിനും കൊള്ളാത്തവരാക്കുകയാണ്. ഏതിനും പെണ്ണിന് സഹായം വേണം. ഒറ്റയ്‌ക്കൊന്നും ചെയ്യാന്‍ പെണ്ണിനാകില്ല. അനുസരിച്ച്, വിധേയപ്പെട്ട് ജീവിക്കേണ്ടവള്‍ മാത്രമാണ് പെണ്ണ് എന്ന രീതിയില്‍ മാറ്റിയെടുക്കുകയാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പോലും അതുകൊണ്ട് കുട്ടികള്‍ക്ക് പേടിയാണ്. എവിടെയെങ്കിലും ഒറ്റപ്പെട്ടുപോയാല്‍, വാഹനം കിട്ടിയില്ലെങ്കില്‍, ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന ഭയപ്പെടുത്തലാണ് ഓരോരുത്തരുടേയും ഉള്ളില്‍ നിറയ്ക്കുന്നത്. ഇത് സ്ഥിരം കേള്‍ക്കേണ്ടി വരുന്ന കുട്ടികള്‍ പേടിക്കും. അവര്‍ക്ക് ഒന്നും കഴിയാതെ വരും. പേടിച്ച് വളരേണ്ടവരാണ് പെണ്ണ് എന്ന നിയമത്തിന് ഒരു മാറ്റവും വരുത്തില്ലെന്നാണോ? അവള്‍ ഒറ്റയ്ക്കിറങ്ങി നടക്കണം, കാഴ്ച്ചകള്‍ കാണണം, യാത്രകള്‍ നടത്തണം, സമൂഹവുമായി ഇടപഴകണം; ഇതൊക്കെ ഉണ്ടായാലേ പെണ്ണ് കരുത്തയാകുകയുള്ളൂ. പെണ്ണിന് കരുത്ത് വേണം, ആങ്ങളമാരുടെ, മാതാപിതാക്കളുടെ, ഭര്‍ത്താവിന്റെ, അധ്യാപകരുടെ സംരക്ഷണയില്‍ മാത്രം പെണ്ണ് വളര്‍ന്നാല്‍ മതിയെന്ന ധാരണ തിരുത്തപ്പെടണം.

പക്ഷേ, ഞങ്ങള്‍ മുന്നോട്ടിറങ്ങുമ്പോള്‍ തടയാന്‍ എവിടെ നിന്നൊക്കെയാണ് ആളുകള്‍ വരുന്നത്. നിങ്ങളെ കോളേജില്‍ ചേര്‍ത്തത് നിങ്ങളുടെ മതാപിതാക്കളല്ലേ, അവരല്ലേ നിങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. അവരുമായി ചേര്‍ന്നല്ലേ നിങ്ങളുടെ ഹോസ്റ്റല്‍ സമയം പ്രിന്‍സിപ്പാള്‍ നിശ്ചയിച്ചത് അത് നിങ്ങള്‍ അനുസരിക്കേണ്ടേ? എന്നാണ് കാമ്പസിനുള്ളില്‍ നിന്നും ഞങ്ങള്‍ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ പ്രായപൂര്‍ത്തിയായവരാണ്, ഞങ്ങള്‍ ചോദിക്കുന്നത് ഞങ്ങളുടെ അവകാശങ്ങളാണെന്നു മറുപടി പറഞ്ഞാല്‍, നിങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ആരു സമാധാനം പറയും എന്ന ആ പതിവ് ചോദ്യം ഉടന്‍ വരും. അഭിപ്രായങ്ങള്‍ക്കും അവകാശങ്ങള്‍ക്കും പെണ്ണിന്റെ കാര്യത്തില്‍ സ്ഥാനമില്ലെന്നാണോ എല്ലാവരും പറയുന്നത്?

Read More: ഹോസ്റ്റല്‍ (അ)സമയം; കോടതി പറഞ്ഞിട്ടും കേള്‍ക്കാതിരുന്ന കേരള വര്‍മ കോളേജ് അധികാരികളെ സമരം ചെയ്ത് തോല്‍പ്പിച്ച പെണ്‍കുട്ടികള്‍

പെണ്ണ് എന്നാല്‍ മറ്റുള്ളവരാല്‍ സംരക്ഷിക്കപെടേണ്ടവള്‍ ആണെന്ന ആരാണ് നിയമം ഉണ്ടാക്കി വച്ചത്? സ്വന്തം തീരുമാനത്തില്‍ നടക്കുന്നവള്‍ സംസ്‌കാരത്തിനു യോജിച്ചവളല്ലെന്നു പറയാന്‍, ആരാണീ സംസ്‌കാരം ഉണ്ടാക്കിയത്? അച്ഛനമ്മാര്‍ പറഞ്ഞാല്‍, ഗുരുക്കന്മാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്തവരാണ് ഞങ്ങളെന്നു വിധിക്കാന്‍ ആരാണ് നിങ്ങളെ ചുമതലപ്പെടുത്തിയത്? ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ശരികളില്ലേ, ചിന്തകളില്ലേ, വ്യക്തിസ്വാതന്ത്ര്യങ്ങളില്ലേ? ഞങ്ങളുടെ ശരികള്‍ എങ്ങനെയാണ് ഞങ്ങളുടെ ധിക്കാരങ്ങളാകുന്നത്?

ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലയ്ക്കാണ് കേട്. പെണ്ണിനോടുള്ള കാലാകാലങ്ങളായുള്ള ഉപദേശമാണ്. പെണ്ണിന്റെ മാനം ആണ് അവള്‍ക്ക് വലുത് എന്നാണ് സ്ഥാപിച്ചു വച്ചിരിക്കുന്നത്. പെണ്ണുങ്ങള്‍ കാണാത്ത പാതിര നേരങ്ങള്‍ എന്നൊരു കവിത പഠിക്കാനുണ്ട്. രാത്രികള്‍ കാണാന്‍, രാത്രിയിലെ വയല്‍ക്കര കാണാന്‍ ഇതൊക്കെയാണ് ആ കവിതയിലേ ഓരോ വരിയിലും പറഞ്ഞുപോകുന്നത്. ഈ കവിത മുന്‍നിര്‍ത്തി, ഞങ്ങള്‍ക്കും രാത്രികള്‍ കാണണമെന്നും, തൃശൂര്‍ എന്താണെന്ന് അറിയണമെന്നും അധ്യാപികയോട് പറഞ്ഞു. ഞങ്ങളില്‍ ഭൂരിഭാഗവും തൃശൂരിന്റെ രാത്രി കണ്ടിട്ടുള്ളവരല്ല. എന്നാല്‍ ടീച്ചര്‍ പറഞ്ഞത്, കവിതകളൊക്കെ പഠിക്കാന്‍ കൊള്ളാം, കേള്‍ക്കാന്‍ കൊള്ളാം അതൊന്നും പ്രവാര്‍ത്തികമാക്കാനുള്ളതല്ല എന്നാണ്. അതായത് പെണ്ണിന്റെ രാത്രികാഴ്ച്ചകളൊക്കെ കവിതയില്‍ മാത്രം മതിയെന്ന്. ഇതൊക്കെ ആരാണ് നിശ്ചയിക്കുന്നത്? ആരാണ് ഞങ്ങള്‍ക്ക് അതിര്‍ത്തികള്‍ തീര്‍ക്കുന്നത്? ആ അതിര്‍ത്തികള്‍ കടന്നാലേ ഞങ്ങള്‍ക്ക് ഈ ലോകത്തെ അനുഭവിക്കാന്‍ കഴിയൂ, കാണാന്‍ കഴിയൂ, അറിയാന്‍ കഴിയൂ…

പഠിക്കാന്‍ വന്നാല്‍ പഠിക്കണം, സിലബസില്‍ ഉള്ളത് മാത്രം പഠിച്ചാല്‍ മതി, രാത്രികള്‍ കാണാന്‍ എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത്. തെരുവുകളില്‍ ഇറങ്ങി നടക്കുന്നത് എന്തിനാണ് എന്നൊക്കെയുള്ള ചോദ്യങ്ങളും ഞങ്ങളുടെ നേരെയുണ്ട്. പഠനം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ടെക്സ്റ്റ് ബുക്കില്‍ പഠിക്കുന്നത്, ക്ലാസില്‍ പഠിപ്പിക്കുന്നത് മാത്രമാണോ പഠനം? സമൂഹം എന്താണെന്നും ചുറ്റുപാടുകള്‍ എന്താണെന്നും രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്താണെന്നുമൊക്കെ ഞങ്ങള്‍ക്ക് പഠിക്കണം. ഇതൊക്കെ മനസിലാക്കണമെങ്കില്‍ ക്ലാസ് റൂമില്‍ ഇരുന്നാലോ കാമ്പസില്‍ നിന്നാലോ നടക്കില്ല. ഏറ്റവും ചുരുങ്ങിയത്, ഈ തൃശൂര്‍ എന്താണെന്നെങ്കിലും മനസിലാക്കണ്ടേ. അതിനുവദിക്കാതെ പെണ്ണ് എന്ന ലേബലില്‍ ഞങ്ങളെ തളച്ചിടുകയാണ്. പക്ഷേ, ഇനി ഞങ്ങളതിന് നിന്നുകൊടുക്കില്ല.

ഞങ്ങള്‍ക്കു മുന്നില്‍ അവര്‍ ഗേറ്റ് പൂട്ടിയാല്‍, അത് ഞങ്ങള്‍ മറികടന്നു പുറത്തിറങ്ങും. ചങ്ങലകള്‍ ഞങ്ങള്‍ പൊട്ടിച്ചെറിയും. ഭയം ഉണ്ട്. പേടിക്കേണ്ട കാര്യങ്ങള്‍ പലതുമുണ്ട്. എന്നാല്‍, പേടിക്കുമ്പോഴും ഞങ്ങള്‍ക്ക് ചെയ്യാന്‍ ഒരുപാടുണ്ട് എന്ന തിരിച്ചറിവും ഞങ്ങളിലുണ്ട്. അതിന് ഞങ്ങള്‍ തയ്യാറാവുകയാണ്…ഇത് ഞങ്ങളുടെ കൂടി ലോകമാണ്…ആ അവകാശം ഇനിയാരാലും ഇല്ലാതാക്കാന്‍ അനുവദിക്കില്ല…

©

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍