UPDATES

ട്രെന്‍ഡിങ്ങ്

ബലാത്സംഗ ഇരകളോട് കേരളം ചെയ്യുന്നത്; നഷ്ടപരിഹാര കുടിശിക 2 കോടി, പുതിയ കേസുകളില്‍ വിധിയായത് 1 കോടി, ബജറ്റില്‍ അനുവദിച്ചത് 3000 രൂപ

മനുഷ്യാവകാശ പ്രവര്‍ത്തകരും ചില അഭിഭാഷകരും ഇടപെട്ടതോടെയാണ് നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ ലീഗൽ സർവീസസ് അതോറിറ്റിക്ക് 50 ലക്ഷം രൂപ പിന്നീട് പ്രത്യേകമായി അനുവദിച്ചത്

കെ.എ ഷാജി

കെ.എ ഷാജി

ഹൈക്കോടതിയുടെ മുൻപിൽ മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തിന്റെ കാരണങ്ങൾ എന്തെല്ലാം എന്ന് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട വിരമിച്ച ന്യായാധിപൻ പി എ മുഹമ്മദ് നയിച്ച ഏകാംഗ ജുഡീഷ്യൽ കമ്മീഷന് വേണ്ടി പിണറായി വിജയൻ സർക്കാർ ഇതുവരെ ചെലവിട്ടത് ഒരുകോടി എൺപത്തി നാല് ലക്ഷത്തി എഴുപത്താറായിരത്തി തൊള്ളായിരത്തി മുപ്പത്തി മൂന്ന് രൂപ. ഇത്രയേറെ പണം ചെലവാക്കിയിയിട്ടും മുപ്പത്തിയൊന്ന് മാസങ്ങൾക്ക് ഇപ്പുറം ആ സംഘർഷത്തിന്റെ കാരണം കമ്മീഷൻ കണ്ടെത്തിയതായി സൂചനകളില്ല. കൂടുതൽ പണവും ഒരുപാട് അന്വേഷണവും ഇനിയും വേണ്ടി വന്നേക്കും. അത്ര നിഗൂഢവും ദുരൂഹവുമായിരുന്നോ സംഘർഷത്തിന്റെ കാരണങ്ങൾ എന്ന് ചോദിക്കരുത്. സിഐഡികൾക്കും അന്വേഷണ കമ്മീഷനുകൾക്കും പലപ്പോഴും വളരെ വിചിത്രവും നാട്ടുകാർക്ക് മനസ്സിലാകാത്ത വിധത്തിൽ ഉള്ളതുമായ അന്വേഷണ രീതികൾ ആയിരിക്കും ഉണ്ടാകുക.

തുടർച്ചയായ കസ്റ്റഡി മരണങ്ങളുടെയും പോലീസ് ഭീകരതയുടെയും നടുവിൽ കേരളത്തിലെ സാമൂഹിക ജീവിതം വിറങ്ങലിച്ചു നിൽക്കുമ്പോൾ മറ്റൊരു ജുഡീഷ്യൽ കമ്മീഷൻ കൂടി പ്രഖ്യാപിക്കപെട്ടിരിക്കുകയാണ് ഇപ്പോൾ. അതിനും പണത്തിന്റെ അഭാവം ഒരു പ്രശ്നമല്ല. മുൻ സർക്കാരുകൾക്കും ഇത്തരം ആവശ്യങ്ങളിൽ ഒരിക്കലും പണം തടസമല്ലായിരുന്നു. വിരമിച്ച ന്യായാധിപരുടെ പുനരധിവാസ പാക്കേജുകൾ ആയി അന്വേഷണ കമീഷനുകൾ മാറുന്ന ഒരു കാലം.

ഇനി ഇത്തരം ഭാഗ്യജന്മങ്ങൾ പൊതുഖജനാവിലെ പണമെടുത്ത് യാതൊരു വിവേചനവും ഇല്ലാതെ ഉപയോഗിക്കുമ്പോൾ മറുവശത്ത് എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. ബലാത്സംഗം അടക്കമുള്ള കൊടിയ കുറ്റകൃത്യങ്ങളുടെ ഇരകൾ പലപ്പോഴും നിസ്വരും നിരാലംബരും ദരിദ്രരും ആയിരിക്കും. അത്തരം കേസുകളിൽ കുറ്റവാളികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കും പോലെ തന്നെ പ്രധാനമാണ് ഇരകൾക്ക് നഷ്ടപരിഹാരം നൽകി അവരുടെ പുനരധിവാസം ഉറപ്പാക്കൽ. അതുകൊണ്ടാണ് ക്രിമിനൽ പ്രൊസീഡിയർ കോഡിൽ ഭേദഗതി വരുത്തിയ സുപ്രീം കോടതി, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കും വിധമുള്ള സ്ഥിരം സംവിധാനങ്ങൾ സംസ്ഥാന തലത്തിൽ രൂപപ്പെടുത്താൻ ഉത്തരവിട്ടത്.

കേരളവും അത് അനുസരിച്ചു. ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിൽ കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയെ ആ ചുമതല ഏൽപ്പിച്ചു. 2017 മുതൽ അതോറിറ്റിക്ക് ഇതിനാവശ്യമായ ഫണ്ടും വകയിരുത്തുമെന്ന് സർക്കാർ വാഗ്ദാനം നൽകി. അങ്ങനെ നടപ്പു വർഷത്തെ ബഡ്ജറ്റിൽ ഈ ഇനത്തിൽ വകയിരുത്തിയ തുക എത്രയാണ് എന്നറിയുമ്പോൾ ഞെട്ടരുത്; മൂവായിരം രൂപ. പോയ വർഷം സംസ്ഥാനത്ത് ഉണ്ടായ വിവിധ ബലാത്സംഗ കേസുകളിൽ ഇരകളായ പെൺകുട്ടികൾക്ക് നിയമപ്രകാരം നൽകാനുള്ള മൊത്തം നഷ്ടപരിഹാരം രണ്ടരക്കോടിയുടേതാണ് എന്ന് അതോറിറ്റി കണ്ടെത്തുകയും അത് പ്രകാരം സർക്കാരിനെ ബോധ്യപ്പെടുത്തുകയും ചെയ്തതിനു ശേഷമാണ് ഈ തുക അനുവദിച്ചത് എന്നതാണ് വിചിത്രം. മനുഷ്യവകാശ പ്രവർത്തകരും ചില അഭിഭാഷകരും ഇടപെട്ടതോടെ സർക്കാർ പ്രതിരോധത്തിലായി. അങ്ങനെ നഷ്ടപരിഹാരം വിതരണം ചെയ്യാൻ അതോറിറ്റിക്ക് പ്രത്യേകമായി അൻപതുലക്ഷം രൂപ അനുവദിച്ചു. അനുവദിച്ച് ഒരു മാസത്തിനകം അതും കൊടുത്തു തീർന്നു. ബാക്കി ഇരകൾ ഇപ്പോഴും നഷ്ടപരിഹാരവും കാത്തിരിക്കുന്നു. പണം മാത്രം ലഭ്യമാകുന്നില്ല. നടപ്പു വര്‍ഷം ഇതുവരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം കൂടി നൽകേണ്ടതുണ്ട് എന്നാണ് അതോറിറ്റി ഇത് സംബന്ധിച്ച പരാതിയുടെ മറുപടിയായി സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചത്. അങ്ങനെ വരുമ്പോൾ തുക വീണ്ടും കൂടും.

സർക്കാരിന്റെ പരിതാപകരമായ ധനസ്ഥിതിയാണ് തുക അനുവദിക്കുന്നതിൽ കാരണമായി പറയുന്നത്. ജുഡീഷ്യൽ കമ്മീഷനുകളും സമാനമായ ഇതര പ്രഹസനങ്ങളും പൊതുഖജനാവ് ചോർത്തുമ്പോഴാണ് ബലാത്സംഗ കേസുകളിലെ ഇരകൾക്കു നീതി നിഷേധിക്കപ്പെടുന്നത്.
പ്രതികളെ രക്ഷിക്കും വിധമുള്ള പോലീസ് അന്വേഷണങ്ങളും സമൂഹത്തിന്റെ ക്രൂരമായ പരിഹാസങ്ങളും അധികാര സ്ഥാനങ്ങളുടെ അവഗണയും നേരിടുന്ന ഈ ഇരകളുടെ മാനസികാവസ്ഥ വീണ്ടും ദുരിതം നിറഞ്ഞതാക്കുകയാണ് സർക്കാരിന്റെ ഈ അനാസ്ഥ. ഏറെ മുന്‍ഗണന കൊടുത്തു കാണുകയും തുക അനുവദിക്കുകയും ചെയ്യേണ്ടുന്ന വിഷയം.

മനുഷ്യാവകാശ പ്രവർത്തകൻ ഡി ബി ബിനുവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് അടിയന്തര പരിഹാരം ഉണ്ടാക്കാൻ നിർദേശം നൽകിയിട്ട് ആഴ്ചകൾ ആയിട്ടും ഒന്നും നടപ്പായിട്ടില്ല. ബലാത്സംഗത്തിന് ഇരയായ ഒരു പതിനാലുകാരിയുടെ അച്ഛൻ തങ്ങൾക്ക് അനുവദിക്കപ്പെട്ട എട്ടു ലക്ഷം രൂപയ്ക്കായി കഴിഞ്ഞ ഒന്നര വർഷമായി അധികാരത്തിന്റെ ഇടനാഴികളിൽ അലഞ്ഞു നടക്കുന്നതിന്റെ ദയനീയതയും കമ്മീഷൻ സർക്കാരിനെ ഓര്‍മിപ്പിച്ചതാണ്. എന്നിട്ടും സാമൂഹികനീതി വകുപ്പും ധനവകുപ്പും കനിയുന്നില്ല. ജില്ലകൾ തോറുമുള്ള ലീഗൽ സർവീസ് അതോറിറ്റിയുടെ പ്രവർത്തനം തന്നെ പണം ഇല്ലാത്തതിനാൽ മൊത്തത്തിൽ പ്രതിസന്ധിയിലാണ്. പാവപ്പെട്ട കുറ്റാരോപിതർക്ക്  സൗജന്യ നിയമ സഹായം നല്കാൻ അഭിഭാഷകരെ ഏർപ്പെടുത്തേണ്ട ചുമതല അതോറിറ്റിക്കാണ്. അതിലും പണമില്ലായ്മ തടസ്സം നിൽക്കുന്നു. ജാമ്യം എടുക്കാൻ വക്കീൽ ഇല്ലാതെ പെറ്റി കേസുകളിൽ പോലും പാവങ്ങൾ വിചാരണ തടവുകാരായി ജയിലുകളിൽ നരകിക്കുന്ന അവസ്ഥ വനിതാ തടവുകാർ ജയിൽ ചാടിയതിന്റെ പശ്ചാത്തലത്തിൽ അഴിമുഖം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
ദരിദ്രര്‍ക്കും നിന്ദിതർക്കും പീഡിതർക്കും ന്യായം നടത്തി കൊടുക്കുകയാണ് ഏതു ജനാധിപത്യ സർക്കാരിന്റെയും പ്രധാന ചുമതല. അവിടെ ഭരണകൂടം പരാജയപ്പെടുന്നു എന്നത് വലിയൊരു വിപൽസന്ദേശമാണ് നൽകുന്നത്.

ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയുടെ മുമ്പാകെ ഒരു എളിയ നിർദേശം: വരാൻ പോകുന്ന സംസ്ഥാന ബഡ്ജറ്റിൽ ഇരകൾക്കുള്ള ധനസഹായത്തിന് മുന്തിയ പരിഗണന നൽകണം. ആവശ്യത്തിന് പണം അനുവദിക്കണം. നിലവിലെ മൂവായിരം രൂപയെ ആറായിരമാക്കി സ്വയം പരിഹാസ്യനാകരുത്. ഇരകൾക്കുള്ള കുടിശിക കൊടുത്തു തീർക്കും വരെയെങ്കിലും തുല്യനീതിയും നവോത്ഥാനവും സംബന്ധിച്ച ചർച്ചകൾക്ക് ഒരിടവേളയാകാം.

Also Read: വനിതകളുടെ ജയില്‍ ചാട്ടം ആഘോഷിക്കുന്നവരോട്; ജയില്‍ എന്നാല്‍ ചപ്പാത്തിയോ ചിക്കന്‍ കറിയോ അല്ല

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍