UPDATES

ട്രെന്‍ഡിങ്ങ്

എന്തുകൊണ്ട് ദുരഭിമാന കൊലകള്‍ക്ക് പ്രത്യേക നിയമം വേണം?

ദുരഭിമാന കൊല എന്ന കോടതിയുടെ കണ്ടെത്തല്‍ പ്രതികള്‍ക്കുള്ള ശിക്ഷയില്‍ ഏതെങ്കിലും വിധത്തില്‍ സ്വാധീനം ചെലുത്തുമെന്നു പറയാന്‍ കഴിയില്ലെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്

കെവിന്‍ വധക്കേസില്‍ പത്തുപേര്‍ കുറ്റക്കാരാണെന്നു വിധിച്ച കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിപ്രസ്താവത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തല്‍ ഇതൊരു ദുരഭിമാന കൊല ആണെന്നതായിരുന്നു. കോടതിയുടെ നിരീക്ഷണത്തിലൂടെ കെവിന്റെ കൊലപാതകം കേരളത്തിലെ ആദ്യത്തെ ദുരഭിമാന കൊലയായി രേഖപ്പെടുത്തപ്പെടുകയാണ്. മലപ്പുറത്തെ ആതിരയുടെ കൊലപാതകം തുടങ്ങി പല കേസുകളുടെയും പിന്നിലെ പ്രേരണയായി ജാതി-മത-സാമ്പത്തിക ദുരഭിമാനങ്ങള്‍ മാറിയിട്ടുണ്ടെങ്കിലും നീതിപീഠം ചൂണ്ടിക്കാട്ടിയിരിക്കുന്ന ആദ്യത്തെ ദുരഭിമാന കൊല എന്നതാണ് കെവിന്‍ കേസിന്റെ പ്രത്യേകത.

കെവിന്‍ കേസില്‍ മൊത്തം 14 പ്രതികള്‍ ഉണ്ടായിരുന്നതില്‍ നാലുപേരെയാണ് വെറുതെ വിട്ടത്. ഇക്കൂട്ടത്തില്‍ നീനുവന്റെ അച്ഛന്‍ ചാക്കോയും ഉള്‍പ്പെട്ടിട്ടുണ്ട്. കൊലപാതകത്തില്‍ ചാക്കോയുടെ പങ്ക് നേരിട്ട് തെളിയിക്കാന്‍ വാട്‌സ് ആപ്പ് സന്ദേശമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. എന്നാല്‍ പ്രതിഭാഗം ഈ തെളിവിനെ ഖണ്ഡിച്ചു. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ നീനുവിന്റെ സഹോദരന്‍ ഷാനുവും സംഘവും യാത്ര തിരിച്ചതിനുശേഷമാണ് ചാക്കോയുടെ വാട്‌സ് ആപ്പ് സന്ദേശം ലഭിക്കുന്നതെന്നു പ്രതിഭാഗം വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ട് സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ചാക്കോയെ വെറുതെ വിടുന്നത്. ചാക്കോ ഉള്‍പ്പെടെ വെറുതെ വിട്ട നാലുപേര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്ന 14 പേരുടെ ശിക്ഷ ശനിയാഴ്ച്ച വിധിക്കും.

തങ്ങളെക്കാള്‍ താഴ്ന്ന ജാതിയില്‍ നിന്നുള്ള കെവിന്‍ നീനുവിനെ വിവാഹം കഴിക്കുന്നത് മേല്‍വര്‍ഗമായ തങ്ങള്‍ക്ക് ദുരഭിമാനം ഉണ്ടാക്കുമെന്നു കണ്ടാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന, പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരിക്കാം ഇതൊരു ദുരഭിമാന കൊലയാണെന്ന നിഗമനത്തില്‍ കോടതി എത്തിയിരിക്കുക. ദുരഭിമാനമാണ് കെവിനെ കൊല്ലാനായി പ്രതികള്‍ കാരണം(motive) ആക്കിയത്. ഈ കാരണത്തിന്റെ പുറത്ത് കൊല നടത്താനുള്ള തയ്യാറെടുപ്പുകള്‍(preparation) നടത്തുകയും, അതിനെ തുടര്‍ന്ന് കൃത്യം(perpetration) നടത്തുകയുമാണ് ചെയ്തിട്ടുള്ളതെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കെവിന്റെ ഭാര്യ നീനു നല്‍കിയ മൊഴിയിലും താഴ്ന്ന ജാതിക്കാരനായതിന്റെ പേരിലാണ് കെവിനെ തന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയതെന്നുണ്ടായിരുന്നു. പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദവും വംശനീചത്വമാണ് കൊലപാതകത്തിനു പിന്നില്‍ എന്നായിരുന്നു. ഈ വാദങ്ങളും മൊഴികളും അംഗീകരിക്കുകയായിരുന്നു കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന പ്രോസിക്യൂഷന്‍ വാദത്തെയും കോടതി തള്ളാതിരുന്നതിനും കൊലയ്ക്കു പിന്നിലെ കാരണം പരിഗണിച്ചു തന്നെയാണ്.

അതേസമയം, ദുരഭിമാന കൊല എന്ന കോടതിയുടെ കണ്ടെത്തല്‍ പ്രതികള്‍ക്കുള്ള ശിക്ഷയില്‍ ഏതെങ്കിലും വിധത്തില്‍ സ്വാധീനം ചെലുത്തുമെന്നു പറയാന്‍ കഴിയില്ലെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്. ഐപിസി 302(മനപൂര്‍വമുള്ള കൊലപാതകം) വരുന്ന കുറ്റത്തിനെല്ലാം തന്നെ ഒരു കാരണം ഉണ്ടായിരിക്കും. ഇവിടെ കാരണമായിരിക്കുന്നത് ജാതീയമായുണ്ടായ ദുരഭിമാനം ആണെന്നതു മാത്രമായിരിക്കും നിയമത്തിനു മുന്നില്‍ വന്നിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡില്‍ ദുരഭിമാന കൊലകള്‍ക്ക് പ്രത്യേത ശിക്ഷാനിയമം നിലവില്‍ ഇല്ല. അതിനാല്‍ തന്നെ കെവിന്‍ കേസും കൊലപാതകമായി തന്നെ പരിഗണിച്ചായിരിക്കും ശിക്ഷ വിധി ഉണ്ടാവുക. എന്നാല്‍ നിയമം മൂലം ഉറപ്പാക്കിയിരിക്കുന്ന സാമൂഹികാവകാശങ്ങളെ ഹനിച്ചുകൊണ്ട് നടത്തിയ ഒരു കൊലയായി കണക്കാക്കി ശിക്ഷ വിധി നടപ്പാക്കാന്‍ കഴിയും. കെവിനെ കൊലപ്പെടുത്തിയതിലെ ക്രൂരതയും പരിഗണിക്കപ്പെടും. അതിനാല്‍ തന്നെ മുഴുവന്‍ പ്രതികള്‍ക്കും അല്ലെങ്കില്‍ കൂടി ജീവപര്യന്തം ശിക്ഷ ഈ കേസില്‍ നല്‍കുമെന്നത് ഉറപ്പാണ്.

ഇന്ത്യയുടെ പലഭാഗങ്ങളിലും വ്യാപകമായി നടക്കുന്ന ദുരഭിമാന കൊല കേരളത്തിലും സംഭവിക്കുന്നുണ്ടെന്ന ഓര്‍മപ്പെടുത്തലായി സര്‍ക്കാരിനും സമൂഹത്തിനും കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിനെ കാണാം. ഇത്തരം കേസുകള്‍ ഇവിടെ ഉണ്ടാകുന്നു, ഇതതിന്റെയൊരു തുടക്കം എന്ന തരത്തിലുമാകാം കെവിന്‍ കേസിനെ കോടതി അടയാളപ്പെടുത്തിയിരിക്കുന്നത്. ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ദുരിഭാമാന കൊലപാതകങ്ങളിലൂടെ ഉണ്ടാകുന്നതെന്ന് ഇതിനു മുമ്പും ഇന്ത്യന്‍ നീതിന്യായ കോടതികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജസ്ഥാനിലെ കാപ് പഞ്ചായത്ത് തീരുമാനപ്രകാരം നടന്ന മനോജ്-ബാബ്ലി ദുരഭിമാന കൊലയില്‍ കര്‍ണാല്‍ ജില്ല കോടതി ജഡ്ജി വാണി ഗോപാല്‍ ശര്‍മ, കുറ്റക്കാരായി കണ്ടെത്തിയ അഞ്ചു പ്രതികള്‍ക്ക്(ബബ്ലിയുടെ ബന്ധുക്കള്‍) വധശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയില്‍ ദുരഭിമാന കൊലകളില്‍ ഉണ്ടാകുന്ന ചരിത്രപരമായ വിധിയായിരുന്നു ജ. വാണി ഗോപാല്‍ ശര്‍മ നടത്തിയിരുന്നത്. എന്നാല്‍ ജില്ല കോടതി വിധിക്കെതിരേ പ്രതികള്‍ പഞ്ചാബ്-ഹപരിയാന ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് വധ ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു. മനോജ്-ബാബ്ലി വധക്കേസ് വലിയ ചര്‍ച്ചയാവുകയും രാജ്യത്തെ നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് ഖാപ് പഞ്ചായത്തുകള്‍ വിധിക്കുന്ന ദുരഭിമാന കൊലകള്‍ക്ക് അവസാനമുണ്ടാക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. വ്യാപകമാകുന്ന ദുരഭിമാന കൊലകളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രിം കോടതിയും രംഗത്തു വന്നു. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇക്കാര്യത്തില്‍ എന്തു നിലപാടുകളാണ് എടുക്കാന്‍ കഴിയുകയെന്നു പരമോന്നത കൂടി ചോദിച്ചിരുന്നു. 2010 ഓഗസ്റ്റ് അഞ്ചിന് ഈ വിഷയം അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്തിരുന്നു. ദുരഭിമാന കൊലകളില്‍ പരാമവധി ശിക്ഷ ഉറപ്പാക്കുന്ന ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കാനും ചിദംബരം ശ്രമിച്ചിരുന്നുവെങ്കിലും അത് ഫലത്തില്‍ വരാതെ പോവുകയായിരുന്നു. 2010 ല്‍ തന്നെ അന്നത്തെ നിയമ മന്ത്രി എം വീരപ്പമൊയ്‌ലി ദുരഭിമാന കൊലപാതകങ്ങള്‍ക്ക് പ്രത്യേക ശിക്ഷ നല്‍കുന്നതിനായി ഇന്ത്യന്‍ പീനല്‍ കോഡ് ഭേദഗതി ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവച്ചെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിയോഗിച്ച പ്രത്യേക മന്ത്രിമാരുടെ സംഘം, ദുരഭിമാന കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി വീരപ്പ മൊയ്‌ലിയുടെ നിര്‍ദേശങ്ങള്‍ തള്ളിക്കളയുകയായിരുന്നു.

ദുരഭിമാന കൊലപാതകങ്ങള്‍ പ്രത്യേക കുറ്റമായി പരിഗണിക്കുക, ദുരഭിമാന കൊലകളുടെ കാര്യത്തില്‍ ഇന്ത്യന്‍ എവിഡന്‍സ് ആക്ടില്‍ ഭേദഗതി കൊണ്ടുവരിക, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ദുരഭിമാന കൊലകള്‍ക്ക് നിര്‍ദേശം നല്‍കുന്നവരെയും ശിക്ഷയ്ക്ക് വിധേയരാക്കുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു വീരപ്പമൊയ്‌ലി മുന്നോട്ടു വച്ചത്. നിലവില്‍ കൊലപാതക കുറ്റങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷകള്‍ തന്നെ ദുരഭിമാന കൊലപാതകങ്ങള്‍ക്കും ബാധകമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വീരപ്പമൊയിലിയുടെ നിയമഭേദഗതി എതിര്‍ക്കപ്പെട്ടത്. നിയമം കൊണ്ടു മാത്രം കൊണ്ട് ദുരഭിമാന കൊലപാതകങ്ങള്‍ തടയാന്‍ കഴിയില്ലെന്നും സാമൂഹകമായി മാറ്റം കൊണ്ടുവന്നാല്‍ മാത്രമാണ് ഇതിന് പരിഹാരം കാണാന്‍ കഴിയൂ എന്ന നിര്‍ദേശവും ഇതിനൊപ്പം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം അവബോധങ്ങള്‍ സ്വീകരിക്കാന്‍ കേരളം പോലൊരു സംസ്ഥാനം പോലും തയ്യാറാകുന്നില്ലെന്നതാണ് കെവിന്റെ കൊലപാതകം കാണിക്കുന്നത്. കോടതിയും ചൂണ്ടിക്കാണിച്ചിരിക്കുന്നത് അതാണ്. സംസ്ഥാനത്തിന് ഒറ്റയ്ക്ക് ഇക്കാര്യത്തില്‍ നിയമനിര്‍മാണത്തിന് സാധിക്കില്ലെങ്കിലും ശക്തമായ നടപടികള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഭരണഘടനാടിസ്ഥാനത്തില്‍ മുന്നോട്ടുപോകുന്ന ഒരു രാജ്യത്ത് ജാതി-മതം-ഗോത്രം തുടങ്ങിയവയുടെ പേരില്‍ അളുകളെ കൊല്ലുന്നത് തടയുക എന്നതിന് പുതിയ നിയമനിര്‍മാണങ്ങള്‍ ഉപകരിക്കുമെങ്കില്‍, ഇന്ത്യന്‍ പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് എടുക്കേണ്ടത്. നിലവിലെ പീനല്‍ കോഡുകള്‍ പ്രകാരം കിട്ടുന്ന ശിക്ഷകള്‍ തന്നെ മതിയോ ദുരഭിമാന കൊലകള്‍ക്കും എന്നതിനെ കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ കേന്ദ്രസര്‍ക്കാരും തയ്യാറാകണം. അതല്ലെങ്കില്‍ കീഴ്‌ക്കോടതി വിധികള്‍ മറികടക്കാന്‍ മേല്‍ക്കോടതികളില്‍ പ്രതികള്‍ക്ക് കഴിയുന്ന സാഹചര്യത്തില്‍ ജാതിയും മതവും ഗോത്രവും നോക്കാതെ സ്നേഹിച്ച് ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ നിരവധി യുവതി-യുവാക്കള്‍ കൊല്ലപ്പെടും.

പ്രോസിക്യൂഷന്റെ വിജയം ഒന്നുമാത്രമാണ് കെവിന്‍ കേസ് ഒരു ദുരഭിമാന കൊലയാണെന്ന് കോടതിയെക്കൊണ്ട് പറയിപ്പിക്കാന്‍ കഴിഞ്ഞതിനു പിന്നില്‍. പ്രതിഭാഗം ഇത്തരമൊരു വാദത്തെ തുടക്കം മുതല്‍ എതിര്‍ക്കുകയായിരുന്നു. കെവിനും നീനുവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആകുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ജാതി തന്നെയാണ് കൊലയ്ക്കു പിന്നില്‍ കാരണമായി നിന്നതെന്നു തെളിയിക്കാന്‍(നീനുവിന്റ മൊഴിയടക്കം) പ്രോസിക്യൂഷനു സാധിച്ചു. ഇക്കാര്യം കഴിഞ്ഞ നവംബറില്‍ തന്നെ കോടതിക്കും ബോധ്യപ്പെട്ടിരുന്നു. അതിന്‍മേലാണ് പ്രസ്തുത കേസ് ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍പ്പെടുത്തി വിചാരണ നടത്താന്‍ കോടതി 2018 നവംബര്‍ ഏഴിന് നിര്‍ദേശം നല്‍കിയതും. മാത്രമല്ല, റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാനും കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിക്ക് സാധിച്ചു. ആറുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി പറഞ്ഞിടത്ത് മൂന്നുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനും കോടതിക്ക് കഴിഞ്ഞു. 2018 ഏപ്രില്‍ 26 നായിരുന്നു വിചാരണ ആരംഭിച്ചത്. പല ദിവസങ്ങളിലും രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചുവരെ വിചാരണ നീണ്ടു നില്‍ക്കുകയും ചെയ്തു. കേസിന്റെ എല്ലാ വശങ്ങളും വിശദമായി തന്നെ പരിശോധിച്ച് കണ്ടെത്തിയുമാണ് വിധി പ്രസ്താവത്തിലേക്ക് കോടതി എത്തുന്നതും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍