UPDATES

ട്രെന്‍ഡിങ്ങ്

ഒരുമിച്ച് ജീവിക്കാന്‍ അവസാനം വരെ കെവിനും നീനുവും പൊരുതി; പക്ഷേ, തോറ്റുപോയി

ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കുമൊടുവില്‍ ഒരുമിച്ച് ഒരു ജീവിതം സ്വന്തമായി എന്ന ആശ്വാസത്തിലായിരുന്നു കെവിനും നീനുവും

കെവിനെ തന്റെ സഹോദരനും വീട്ടുകാരും ചേര്‍ന്നാണ് തട്ടിക്കൊണ്ട് പോയതെന്ന് അറിയാമായിരുന്നെങ്കിലും അവര്‍ ഇത്തരമൊരു ക്രൂരത കാട്ടുമെന്ന് നീനു കരുതിയിരുന്നില്ല. മൂന്ന് വര്‍ഷത്തെ പ്രണയത്തിനും വീട്ടുകാരോടുള്ള പോരാട്ടത്തിനുമൊടുവില്‍ ഇരുവരും വിവാഹിതരാകുമ്പോള്‍ കാലക്രമേണ എതിര്‍പ്പുകളെല്ലാം ഒഴിയുമെന്നായിരുന്നു നീനു കരുതിയിരുന്നത്. എന്നാല്‍ ആ വിവാഹത്തോടെ കെവിനെ നീനുവിന് എന്നന്നേക്കുമായി നഷ്ടമാവുകയാണ് ഉണ്ടായത്. കെവിന്റെ മരണ വാര്‍ത്തയറിഞ്ഞു ബോധരഹിതയായ നീനു ഇപ്പോള്‍ ആശുപത്രിക്കിടക്കയിലാണ്.

കെവിന്റെയും നീനുവിന്റെയും പ്രണയം ആദ്യം ഇരുവീട്ടുകാരും ഒരേപോലെ എതിര്‍ത്തെങ്കിലും പിന്നീട് കെവിന്റെ വീട്ടുകാര്‍ രണ്ടുപേരുടെയും ഇഷ്ടം അംഗീകരിച്ചു. എന്നാല്‍ സമ്പന്നരായ നീനുവിന്റെ വീട്ടുകാര്‍ തുടക്കം മുതല്‍ ഉയര്‍ത്തിയ എതിര്‍പ്പ് ശക്തിയോടെ തുടരുകയായിരുന്നു. ഈ ബന്ധത്തെച്ചൊല്ലി നീനു സ്വന്തം വീട്ടില്‍ നിന്ന് ശാരീരികവും മാനസികവുമായി നിരന്തരം പീഡനങ്ങള്‍ അനുഭവിച്ചിരുന്നതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ എന്ത് സംഭവിച്ചാലും കെവിനൊപ്പമുള്ള ജീവിതമേയുണ്ടാവൂ എന്ന് ഉറപ്പിച്ചാണ് നീനു കെവിനൊപ്പം ഇറങ്ങുന്നത്. കെവിനില്‍ നിന്നും പിരിക്കാന്‍ നീനുവിന് വേറെ വിവാഹാലോചനകളുമായി വവീട്ടുകാര്‍ നീങ്ങിയതോടെയാണ് നീനു ആരുമറിയാതെ കെവിനുമായി രജിസ്റ്റര്‍ വിവാഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞകാര്യം അറിഞ്ഞയുടന്‍ നീനുവിന്റെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നീനുവിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയുണ്ടായി. കെവിനൊപ്പം തന്നെയാണ് തന്റെ ജീവിതം എന്ന് പോലീസുകാരോട് വ്യക്തമായി പറഞ്ഞുകൊടുത്ത നീനു താന്‍ കെവിനൊപ്പം പോവാനാണ് താത്പര്യപ്പൈടുന്നതെന്നും അറിയിച്ചു. വീട്ടുകാരില്‍ നിന്ന് നിരന്തരം ഭീഷണികള്‍ ഉണ്ടായിട്ടും നീനു ഒരു പടി പോലും പിന്നോട്ട് നടന്നില്ല. ശനിയാഴ്ച രാവിലെയും ഭീഷണിപ്പെടുത്താന്‍ സഹോദരനുള്‍പ്പെടെയുള്ള സംഘം ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ എത്തി. അതേ തുടര്‍ന്നാണ് നീനുവിന്റെ ജീവന്‍ രക്ഷിക്കാനായി കെവിന്‍ അവരെ അമ്മഞ്ചേരിയിലെ ഹോസ്റ്റലിലേക്ക് മാറ്റുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച രാത്രി് കെവിനെ നീനുവിന്റെ സഹോദരനുള്‍പ്പെടെയുള്ള സംഘം തട്ടിക്കൊണ്ട് പോവുന്നത്.

ഞായറാഴ്ച 11 മണിക്ക് ഗാന്ധിനഗര്‍ സ്‌റ്റേഷനിലെത്തിയ നീനു പിന്നീട് അവിടെ നിന്ന് മടങ്ങുന്നത് വൈകിട്ടാണ്. കെവിന്‍ കാണാതായതിന് പിന്നില്‍ തന്റെ സഹോദരനുള്‍പ്പെടെയുള്ളവരാണെന്ന വിവരവും തട്ടിക്കൊണ്ട് പോയ ഇന്നോവ കാറിന്റെ നമ്പറും ഉള്‍പ്പെടെ നീനു പോലീസിന് നല്‍കി. എന്നാല്‍ പോലീസ് അലംഭാവം കാട്ടിയപ്പോള്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച നീനുവിനെയാണ് ഞായറാഴ്ച കണ്ടത്. തന്റെ ഭര്‍ത്താവിനെ വിട്ടുകിട്ടാന്‍ പോലീസ് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒറ്റ നില്‍പ്പായിരുന്നു 20കാരിയായ നീനു. വേണ്ട സമയത്ത് ഇടപെട്ടില്ലെങ്കിലും നീനുവിന്റെ പ്രതിഷേധം ശക്തമായതോടെ പോലീസിന് വിഷയത്തില്‍ ഇടപെടേണ്ടതായി വന്നു. കെവിനെ കാണാതായതിന്റെ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും നീനുവിന്റെ അച്ഛന്‍ ചാക്കോ ഇന്നലെ വീണ്ടും മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി. നീനുവിനെ വീണ്ടും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെങ്കിലും കെവിനൊപ്പം തന്നെ ജീവിക്കണമെന്നും തന്റെ ഭര്‍ത്താവിനെ കണ്ടെത്താനുള്ള വഴികള്‍ നോക്കണമെന്നുമാണ് നീനു അപേക്ഷിച്ചത്.

ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കുമൊടുവില്‍ ഒരുമിച്ച് ഒരു ജീവിതം സ്വന്തമായി എന്ന ആശ്വാസത്തിലായിരുന്നു കെവിനും നീനുവും. സ്വന്തം മകളുടെ അല്ലെങ്കില്‍ സഹോദരിയുടെ ജീവിതം പോലും നോക്കാതെ പകവീട്ടാനൊരുങ്ങിയ തന്റെ വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കി, അതില്‍ ശക്തമായി ഉറച്ചുനിന്ന നീനുവാണ് ഈ കൊലപാതകം പുറത്തറിയാനും കാരണക്കാരിയായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍