UPDATES

14 വര്‍ഷമായി നീതിക്കുവേണ്ടി അലയുന്നൊരച്ഛനാണ് ഞാന്‍; കന്യാസ്ത്രീ സമരത്തിന് പിന്തുണയുമായി കിളിരൂര്‍ പീഡനക്കേസിലെ ഇരയുടെ പിതാവ്

കന്യാസ്ത്രീയമ്മയ്ക്ക് നീതി കിട്ടിയാല്‍ അതെന്റെ മകള്‍ക്ക് കിട്ടുന്നതിനു തുല്യം

കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ സഭാ വസ്ത്രമണിഞ്ഞ് അഞ്ച് കന്യാസ്ത്രീകള്‍ നടത്തി വരുന്ന സമരത്തില്‍ ഐക്യദാര്‍ഢ്യം അറിയിച്ച് സമരപ്പന്തലില്‍ എത്തിക്കൊണ്ടിരിക്കുന്നത് സമൂഹത്തിന്റെ വിവിധമണ്ഡലങ്ങളില്‍ നിന്നും വ്യത്യസ്തരായ നൂറു കണക്കിന് ആളുകളാണ്. നീതി തേടി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കൊപ്പം അവരുടെ പോരാട്ടം വിജയിക്കും വരെ ഒപ്പമുണ്ടെന്ന് അറിയിച്ചെത്തുന്നവരുടെ കൂട്ടത്തില്‍ ഇന്ന് കേരളത്തിന് ഏറെ പരിചിതനായൊരു സാധാരണക്കാരനുമുണ്ടായിരുന്നു. കഴിഞ്ഞ പതിനാലു വര്‍ഷങ്ങളായി തന്റെ മകള്‍ക്ക് കിട്ടേണ്ട നീതിക്കു വേണ്ടി ജീവിതം തള്ളിനീക്കുന്ന ഒരു പിതാവ്. സുരേന്ദ്രന്‍. കിളിരൂര്‍ പീഡനക്കേസിലെ ഇരയുടെ പിതാവ്. തന്റെ മകള്‍ക്ക് സംഭവിച്ച അതേ അവസ്ഥ തന്നെയാണ് ഫ്രാങ്കോയാല്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കും എന്ന തിരിച്ചറിവില്‍ ആരാലും വിളിക്കപ്പെടാതെ സ്വമനസാലെ കോട്ടയത്ത് നിന്നും എറണാകുളത്തെ സമരപ്പന്തലില്‍ എത്തിയ സുരേന്ദ്രന് കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച് പറയാനുണ്ട്.

2004 ഓഗസ്റ്റ് 13 ആം തീയതി എന്റെ മകളെ ചില ആളുകള്‍ ചേര്‍ന്ന് പീഡനം നടത്തി അവള്‍ ഗര്‍ഭിണിയായിട്ട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അന്നു മുതല്‍ എന്റെ കുഞ്ഞിനുണ്ടായ ദുരന്തത്തില്‍ കേസുകള്‍ കൊടുക്കുകയും അതിലൊരു നീതി കിട്ടാന്‍ നിരന്തരമായി നടക്കുകയുമാണ്. ഇന്നും ഞാന്‍ തുടരുന്ന പോരാട്ടത്തിന്റെ പ്രധാന ആവശ്യം കേരളത്തിലെ ഒരു പെണ്‍കുട്ടിക്കും എന്റെ മോള്‍ക്ക് ഉണ്ടായ അനുഭവം ഉണ്ടാകരുതെന്നാണ്. ഈ കന്യാസ്ത്രീയമ്മയ്ക്ക് ഉണ്ടായ കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ എന്റെയും എന്റെ കുടുംബത്തിന്റെയും ഐക്യദാര്‍ഢ്യം അറിയിക്കണമെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങോട്ട് വന്നത്. ആ കന്യാസ്ത്രിയമ്മയ്ക്ക് നീതി കിട്ടണം എന്നാണ് എന്റെ ആഗ്രഹം. നീതി കിട്ടുകയാണെങ്കില്‍ അതെന്റെ മോള്‍ക്ക് നീതി കിട്ടിയതുപോലെ തന്നെ എന്നെ ഒത്തിരി സന്തോഷിപ്പിക്കും. പക്ഷേ, സ്വന്തം അനുഭവത്തില്‍ നിന്നും പറയുകയാണെങ്കില്‍ ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് നീതി ഒരു കാരണവശാലും കിട്ടില്ലെന്നാണ്. കാരണം, 14 വര്‍ഷമായി ആ വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍.

സാമ്പത്തികവും രാഷ്ട്രീയപരവുമായിട്ട് സ്വാധീനമുള്ള ആളുകളാണ് ഇതിനു പിന്നിലെല്ലാം ഉള്ളത്. അവര്‍ക്കാര്‍ക്കും ശിക്ഷ കിട്ടാനുള്ള ഒരു സാഹചര്യവും കാണുന്നില്ല. സാമ്പത്തികമുണ്ടെങ്കില്‍ എന്തുമാകാം, വാദിയെ പ്രതിയാക്കാം. അതിന്റെ ഉദ്ദാഹരണമാണ് ഞാന്‍. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുന്നതിനു രണ്ടു മാസം മുമ്പ് എന്റെ മകളുടെ കേസിലെ പ്രതികളെ കൈയാമം വച്ച് തെരുവിലൂടെ നടത്തുമെന്നു പറഞ്ഞു. നിവേദനം കൊടുക്കാന്‍ പോയ എന്നെയും എന്റെ കുടുംബത്തേയും അഞ്ചു മിനിറ്റ് കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രിയായ വി എസ്. മുഖ്യമന്ത്രിയായി വരുന്നതിന് മുമ്പ് പിണറായി വിജയന്‍ സാര്‍ പ്രകടനപത്രിയിലെ വാഗ്ദാനമായി പറഞ്ഞത് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നാണ്. സ്ത്രീകള്‍ക്ക് എന്തു സുരക്ഷയാണ് ഉറപ്പാക്കിയിരിക്കുന്നത്? വേണമെങ്കില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തോ എന്ന് കോടതി പച്ചക്കൊടി കാണിച്ചു കൊടുത്തിട്ടും അറസ്റ്റ് ചെയ്‌തോ? 24 ആം തീയതി വരെ കേസ് മാറ്റി വയ്ക്കുകയല്ലേ കോടതി ചെയ്തത്. ബിഷപ്പ് ഇവിടെ വന്നപ്പോള്‍ പൊലീസിന് അറസ്റ്റ് ചെയ്യായിരുന്നല്ലോ. അവരത് ചെയ്യില്ല. ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ സര്‍ക്കാരിന്റെ കസേര കുലുങ്ങും. കസേരയ്ക്കു വേണ്ടിയുള്ള നിലപാടാണ് എല്ലാ രാഷ്ട്രീയക്കാരും കാണിക്കുന്നത്. മൊത്തം രാഷ്ട്രീയക്കാരുടെയും കാര്യമാണ് പറഞ്ഞത്. ആരെ വേണമെങ്കിലും പീഡിപ്പിക്കുകയോ കൊല്ലുകയോ ചെയ്‌തോ, അവര്‍ക്ക് അവരുടെ കസേര മാത്രം മതി. അതുകൊണ്ട് കന്യാസ്ത്രീയമ്മയ്ക്ക് നീതി കിട്ടുന്ന കാര്യത്തില്‍ എനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ല, എങ്കിലും അവര്‍ക്ക് നീതി കിട്ടട്ടേ എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു.

ബിഷപ്പിനെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം നീതി കിട്ടിയെന്ന് പറയാനും പറ്റില്ല. ഇന്ന് അറസ്റ്റ് ചെയ്താല്‍ നാളെ അയാള്‍ പുറത്തിറങ്ങും. അതുകൊണ്ട് എന്ത് നീതിയാണ് നടപ്പിലായത്? എന്റെ മകളുടെ കേസിലെ പ്രധാന പ്രതിയായ വിനുവിന്റെ ഇപ്പോഴത്തെ ജീവിതം കാണണം. ടാക്‌സി ഓടിച്ചോണ്ടിരുന്നവനായിരുന്നു വിനുവിന്റെ അച്ഛന്‍. ഓലപ്പുരയിലായിരുന്നു താമസം. ഇന്നവരുടെ വീട് കാണണം. രണ്ട് നിലയാണ്. സ്വന്തമായി വണ്ടികള്‍…ഇതൊക്കെ എവിടുന്നു വന്നു. ഞാനിപ്പോഴും നിത്യച്ചെലവിന് ലോട്ടറി വിറ്റു നടക്കുന്നു. പ്രതികളൊക്കെ പുറത്തിറങ്ങി സുഖിച്ചു ജീവിക്കുന്നു. ഒരു ദിവസം ലോട്ടറി വില്‍ക്കാന്‍ പോയില്ലേല്‍ ഞാന്‍ പട്ടിണിയാണ്. എന്നാലും ഇന്നിവിടെ വരണമെന്നും ആ കന്യാസ്ത്രിയമ്മമാര്‍ക്കൊപ്പം ഇരിക്കണമെന്നും ഉണ്ടായിരുന്നതുകൊണ്ട് പോന്നതാണ്.

ഈ സമരം കൊണ്ട് ആകെ കിട്ടുന്ന നീതി ബിഷപ്പിന്റെ അറസ്റ്റ് മാത്രമായിരിക്കും. അയാള്‍ നാളെ ജാമ്യം എടുത്ത് പുറത്തിറങ്ങി പിന്നെയും സുഖിച്ചു ജീവിച്ചാല്‍ കന്യാസ്ത്രീയമ്മയ്ക്ക് നീതി കിട്ടിയെന്ന് എങ്ങനെയാ പറയാന്‍ കഴിയണത്? അവര് അനുഭവിച്ചതും അവര്‍ക്ക് നഷ്ടപ്പെട്ടതുമൊക്കെ തിരിച്ചു കിട്ടുമോ? ജീവിതകാലം മുഴുവന്‍ വേദനയോടെ കഴിയേണ്ടി വരും. എന്റെ അനുഭവത്തില്‍ നിന്നാണ് പറയുന്നത്. സര്‍ക്കാര്‍ അവരെ സംരക്ഷിക്കുമെന്നോ നീതി നേടിക്കൊടുക്കുമെന്നോ ഞാന്‍ കരുതണില്ല. എന്റെ മകളുടെ കേസില്‍ ഇടപെട്ട് സ്വന്തം ഇമേജ് വളര്‍ത്തിയ വി എസ് അധികാരത്തില്‍ എത്തിയിട്ട് എന്തെങ്കിലും ചെയ്‌തോ? ഇപ്പോഴും ഉള്ളത് എല്‍ഡിഎഫ് സര്‍ക്കാര്‍ അല്ലേ..സ്ത്രീ സുരക്ഷ പറഞ്ഞ് കേറിയ പിണറായി വിജയന്‍ ഇതുവരെയായിട്ട് ഈ കന്യാസ്ത്രീയമ്മയ്ക്ക് വേണ്ടി ഒരു വാക്കെങ്കിലും പറഞ്ഞോ? അമേരിക്കയില്‍ ഇരുന്ന് ഭരിക്കാമെങ്കില്‍ ഈ പാവങ്ങള്‍ക്കു വേണ്ടിയും വാ തുറക്കാലോ! പക്ഷേ ചെയ്യില്ല. വി എസ്സിനെ കൊണ്ട് ഒന്നും ചെയ്യിക്കാതിരുന്നതാണ് എന്നു വേണമെങ്കില്‍ പറയാം, പിണറയിക്ക് ആ പ്രശ്‌നമില്ലല്ലോ. അത്ര ശക്തനല്ലേ, പക്ഷേ ചെയ്യില്ല. പിണറായി ഒന്നും ചെയ്യില്ല. രാഷ്ട്രീയക്കാര്‍ക്ക് അവരവരുടെ കാര്യം മാത്രമാണ്.

കന്യാസ്ത്രീമാരുടെ സമരത്തിന് പിന്തുണ പറഞ്ഞിരുന്നു വി എസ്. അതു വെറുതെയുള്ള പറച്ചിലാണ്. എല്ലാ കാര്യത്തിലും ഇതുപോലെ പറയാറുള്ളതല്ലേ..എന്തെങ്കിലും പ്രയോജനം അതുകൊണ്ട് ആര്‍ക്കെങ്കിലുമുണ്ടോ? പത്രക്കാര്‍ ആരോ ചോദിച്ചതുകൊണ്ട് മാത്രം പിന്തുണ അറിയിച്ചതല്ലേ, അല്ലാതെ സ്വന്തം മനസാലെ പറഞ്ഞതല്ലല്ലോ. അത്രയ്ക്ക് അന്തസ്സ് ഉണ്ടായിരുന്നെങ്കില്‍ എറണാകുളത്ത് കൂടി പോകുമ്പോള്‍ ഈ സമരം നടക്കുന്നിടത്തും വരില്ലേ! പന്തലിലേക്കൊന്നും കേറണ്ട, കാറില്‍ ഇരുന്ന് തന്നെ ഒന്നീ അമ്മമാരെ കാണാന്‍ മേലേ…? അതൊന്നും ചെയ്യത്തില്ല. എന്റെ മോള്‍ടെ കേസില്‍ മാതാ ആശുപത്രിയില്‍ അവളെ കാണാന്‍ ഒരു വി ഐ പി വന്നെന്നും അതുകൊണ്ടാണ് അവള്‍ക്ക് രോഗം കൂടിയതെന്നും വിഎസ് പറഞ്ഞതല്ലേ. ഞങ്ങളാരും കാണാത്ത ഒരു വി ഐ പി! പത്രക്കാര്‍ ചോദിക്കുമ്പോഴാണ് ഞാനും ആ വി ഐ പി യെ കുറിച്ച് കേള്‍ക്കുന്നത്. ഞങ്ങളാരും വി ഐ പി യെ കുറിച്ച് പറഞ്ഞിട്ടില്ല. വി എസ് മാത്രമാണ് പറഞ്ഞത്. അതുകൊണ്ട് വി എസ്സിന് ഗുണമുണ്ടായിട്ടുണ്ട്. ഞങ്ങള്‍ക്കോ? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശത്രുക്കളായത് മിച്ചം. പിണറായി പാര്‍ട്ടി സെക്രട്ടറിയായ സമയത്ത് ഒരു ജാഥ നടത്തിയിരുന്നു. കോട്ടയത്ത് വന്നപ്പോള്‍ ചില പാര്‍ട്ടിക്കാരാണ് എന്നെക്കൂട്ടി കൊണ്ടു പോയി പിണറായിക്ക് ഒരു നിവേദനം കൊടുപ്പിച്ചത്. കേസില്‍ ഇടപെടാമെന്നും ഞങ്ങള്‍ക്കൊരു വീട് വച്ചുതരാമെന്നുമൊക്കെ പറഞ്ഞതാണ്. പിന്നെയാണ് വി എസ്സിന്റെ വി ഐ പി പരാമര്‍ശം വരുന്നത്. അതോടെ പാര്‍ട്ടിക്കാര് മുഴുവന്‍ ഞങ്ങള്‍ക്ക് ശത്രുക്കളായി. ഞങ്ങളുടെ വീട് വളയുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തു. പാര്‍ട്ടി പിന്നെ ഒരു തരത്തിലും ഞങ്ങളെ സഹായിച്ചിട്ടുമില്ല. ഇതൊക്കെയാണ് രാഷ്ട്രീയക്കാരുടെ കളി. അതുകൊണ്ടാണ് ഈ കന്യാസ്ത്രീയമ്മയുടെ കാര്യത്തിലും എനിക്കുള്ള പേടി. പക്ഷേ, മനസ്സുരുകിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്; ആ കന്യാസ്ത്രിയമ്മയ്ക്ക് നീതി കിട്ടണേയെന്ന്…ആ നീതി എന്റെ മോള്‍ക്ക് കിട്ടുന്നതിന് തുല്യം തന്നെയാണ്.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍