UPDATES

രാഷ്ട്രീയക്കാര്‍ മലിനമാക്കിയ കിഴക്കമ്പലം ഞങ്ങള്‍ ശുദ്ധമാക്കുകയാണ്; ട്വന്റി-ട്വന്റിയുടേത് സിംഗപ്പൂര്‍ മാതൃക: സാബു എം ജേക്കബ്- അഭിമുഖം

കിറ്റെക്‌സ് ചാരിറ്റി പ്രവര്‍ത്തനം നടത്തി തുടങ്ങിയത് ട്വന്റി-ട്വന്റി രൂപീകരിച്ചുകൊണ്ടോ അതല്ലെങ്കില്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനോ ആണെന്ന് ധരിച്ചിരിക്കുന്നവര്‍ പലരുമുണ്ടാകാം. എങ്കില്‍ ഒരു കാര്യം ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ; ഞങ്ങളുടെ ചാരിറ്റി ഇന്നലെ തുടങ്ങിയതല്ല

2015 നവംബറില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നപ്പോള്‍ അതില്‍ ഏറ്റവും ചര്‍ച്ചയായത് എറണാകുളം ജില്ലയില്‍പ്പെട്ട കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഭരണം കോര്‍പ്പറേറ്റ് സ്ഥാപനമായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന ട്വന്റി-ട്വന്റി എന്ന സ്വതന്ത്രപ്രസ്ഥാനം പിടിച്ചെടുത്തതായിരുന്നു. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന് ഏറ്റ തിരിച്ചടിയെന്ന് ഒരു വിഭാഗം ആക്ഷേപം ഉയര്‍ത്തിയ വിജയം. അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ കെടുകാര്യസ്ഥതയും ജനങ്ങളില്‍ അതുണ്ടാക്കിയ വെറുപ്പുമാണ് ഇതുപോലൊരു പ്രസ്ഥാനത്തിന് വഴിയൊരുക്കിയതെന്നുള്ള വാദവും ഉയര്‍ന്നിരുന്നു. ഒരു കോര്‍പ്പറേറ്റ് സ്ഥാപനം പഞ്ചായത്ത് ഭരണം പോലെ ഏറ്റവും പ്രധാനപ്പെട്ടൊരു ജനാധിപത്യസംവിധാനത്തിലേക്ക് കടന്നു വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. ട്വന്റി-ട്വന്റിയുടെ ഭരണം രണ്ടരവര്‍ഷം പിന്നിടുമ്പോള്‍ കിഴക്കമ്പലം പഞ്ചായത്ത് ഈ സംവിധാനത്തിന് കീഴില്‍ എങ്ങനെ മാറ്റപ്പെട്ടിരിക്കുന്നു എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. അതിന്റെ മുന്നോടിയായി ഇത്തരമൊരു സംവിധാനവുമായി പഞ്ചായത്ത് ഭരണത്തിലേക്ക് വന്നതിനെ കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും കിറ്റെക്‌സ് എം ഡി സാബു എം ജേക്കബിനോട് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ട്വന്റി-ട്വന്റിയുടെ പ്രവര്‍ത്തനങ്ങളെയും കിഴക്കമ്പലം പഞ്ചായത്തിന്റെ നിലവിലെ അവസ്ഥയേയും കുറിച്ച് സാബു എം ജേക്കബുമായി നടത്തുന്ന സംഭാഷണം.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു മാറ്റം ആയിരുന്നു 2015 ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഭരണം കോര്‍പ്പറേറ്റ് സ്ഥാപനമായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന ട്വന്റി-ട്വന്റി എന്ന സ്വതന്ത്ര ജനകീയ മുന്നണി നേടുന്നത്. ഇടത്-വലത് രാഷ്ട്രീയ മുന്നണികളെ തകര്‍ത്ത് നേടിയ വിജയം പക്ഷേ, ചര്‍ച്ച ചെയ്യപ്പെട്ടത് ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ജനാധിപത്യ സംവിധാനത്തില്‍ നടത്തിയ ഇടപെടല്‍ എന്ന നിലയ്ക്കായിരുന്നു. തങ്ങളുടെ ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നടത്തിയ തന്ത്രത്തില്‍ കിറ്റെക്‌സ് വിജിച്ചെങ്കിലും അവിടെ പരാജയം നേരിട്ടത് ജനാധിപത്യത്തിനാണെന്ന നിലയിലാണ് പലരും എതിര്‍പ്പുകള്‍ ഉയര്‍ത്തിയത്. അത് ശരിയായൊരു കണ്ടെത്തല്‍ തന്നെയാണെന്ന് പറഞ്ഞാല്‍?

എന്ത് തന്ത്രം ആണ് ഞങ്ങള്‍ നടത്തിയത്? ഞങ്ങളുടെ ബിസിനസ് സംരക്ഷിക്കാനും അത് വളര്‍ത്താനും വേണ്ട കാര്യങ്ങള്‍ ശരിയായ രീതിയില്‍ ബിസിനസ് രംഗത്തു തന്നെ ചെയ്യുന്നുണ്ട്. അതിന് രാഷ്ട്രീയം കളിക്കുകയോ പഞ്ചായത്ത് ഭരണം പിടിക്കുകയോ ചെയ്യേണ്ട കാര്യമില്ല. ഒരു പഞ്ചായത്ത് ഭരണം കൈയില്‍ കിട്ടിയാല്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് ആരു പറഞ്ഞു? കമ്പനികളുടെ പ്രവര്‍ത്തനത്തിന് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം ഇപ്പോള്‍ പഞ്ചായത്തിനില്ല. അത് സ്റ്റേറ്റിന്റെ കൈയിലാണിപ്പോള്‍. ഒരു പ്ലാന്‍ പോലും ഇപ്പോള്‍ പഞ്ചായത്തിലല്ല സമര്‍പ്പിക്കേണ്ടത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പല ഘടകങ്ങളുണ്ട്. മലിനീകരണ നിയന്ത്രണം, അത് സര്‍ക്കാരിന് കീഴിലാണ്. ആരോഗ്യവകുപ്പിന്റെ ഇടപെടലുണ്ടാകും, അതും സര്‍ക്കാരിന് കീഴില്‍. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പും സര്‍ക്കാരിന് കീഴില്‍. ലൈസന്‍സ് പുതുക്കി നല്‍കാനുള്ള അധികാരവും സംസ്ഥാന സര്‍ക്കാരിന്. അല്ലാതെ ഇതെല്ലാം പഞ്ചായത്തിന്റെ കീഴില്‍ വരുന്നതല്ല. ഞങ്ങള്‍ ചെയ്യുന്നതില്‍ എന്തെങ്കിലും ഒരു അന്യായമോ കുഴപ്പമോ ഉണ്ടെങ്കില്‍ സര്‍ക്കാരിന് ഞങ്ങളെ പിടിക്കാമായിരുന്നല്ലോ. ഞങ്ങളെ ശത്രുക്കളായി കാണുന്നവരാണല്ലോ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ആയിരുന്നു കേരളം ഭരിച്ചത്. ഇപ്പോള്‍ ഇടതുക്ഷം. ഞങ്ങള്‍ കുഴപ്പക്കാരയിരുന്നെങ്കില്‍ എന്തുകൊണ്ട് ഇവര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കിറ്റെക്‌സ് മലിനീകരണ പ്രശ്‌നം ഉണ്ടാക്കുന്നുണ്ടെങ്കില്‍ നോട്ടീസ് നല്‍കി 24 മണിക്കൂര്‍ കൊണ്ട് കമ്പനി പൂട്ടിക്കായിരുന്നല്ലോ. അപ്പോള്‍ അതിനൊന്നും സാധിച്ചില്ലെങ്കില്‍, ഞങ്ങള്‍ തെറ്റ് ചെയ്യുന്നില്ലെന്നതല്ലേ അര്‍ത്ഥം. ഒരു പഞ്ചായത്തിന് ഒരു വ്യവസായത്തിനുമേല്‍ ഇപ്പോള്‍ അധികാരമില്ല. അങ്ങനെയുള്ളപ്പോള്‍ കിറ്റെക്‌സിന്റെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടി തയ്യാറാക്കിയ തന്ത്രമാണ് ട്വന്റി-ട്വന്റിയും പഞ്ചായത്ത് ഭരണം പിടിച്ചെടുക്കലമെന്നൊക്കെ പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?

കിഴക്കമ്പലം ഇന്ത്യന്‍ ജനാധിപത്യത്തോട് ചെയ്ത മൂന്നു തെറ്റുകള്‍

കിറ്റെക്‌സ് വലിയ മാലിന്യപ്രശ്‌നമാണ് കിഴക്കമ്പലത്ത് ഉണ്ടാക്കുന്നതെന്ന് വിദഗ്ദ സമിതികള്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണെന്നും പഞ്ചായത്ത് ഭരണസമിതി ഇതിന്റെ പേരില്‍ നടപടിയെടുക്കാന്‍ തുടങ്ങിയതോടെയാണ് പഞ്ചായത്ത് ഭരണം തന്നെ പിടിച്ചെടുക്കാന്‍ കിറ്റെക്‌സ് രംഗത്ത് ഇറങ്ങിയതെന്നും ഇന്നാട്ടിലെ ജനങ്ങള്‍ തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്?

ജനങ്ങള്‍ എന്നു പറയല്ലേ…നിങ്ങള്‍ സംസാരിച്ചിരിക്കുന്നത് രാഷ്ട്രീയക്കാരോടാണ്. അവര്‍ ഞങ്ങള്‍ക്കെതിരെയല്ലാതെ അനുകൂലമായി സംസാരിക്കുമോ? ഞാന്‍ വീണ്ടും ചോദിക്കുന്നത്, ഞങ്ങള്‍ മാലിന്യപ്രശ്‌നമോ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനമോ നടത്തിയിരുന്നെങ്കില്‍, നടത്തുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല. മാലിന്യ പ്രശ്‌നം എന്നതൊക്കെ വളരെ ഗുരുതരമായ സംഗതിയാണ്. കമ്പനി തന്നെ അടച്ചു പൂട്ടേണ്ടിവരും. കിറ്റെക്‌സ് പൂട്ടിയോ? പലതരത്തിലും ശ്രമങ്ങള്‍ നടന്നതാണ്. ഉദ്യോഗസ്ഥ തലത്തില്‍ തന്നെ വൈരാഗ്യബുദ്ധിയോടെ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നു. ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന തീരുമാനം വരുന്നു, കോടതിയില്‍ എത്തുന്നു, പക്ഷേ, അതേ കോടതി തന്നെ പറഞ്ഞു എത്രയും വേഗം അവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍. അപ്പോള്‍ പറഞ്ഞു കോടതിയേയും ഞങ്ങള്‍ വിലയ്‌ക്കെടുത്തെന്ന്.

നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം, മാലിന്യപ്രശ്‌നം അടക്കമുള്ള എന്തെങ്കിലും കുഴപ്പം ഞങ്ങള്‍ ഉണ്ടാക്കിയാല്‍ അതേറ്റവും അധികം ബാധിക്കുന്നത് ഞങ്ങളെ തന്നെയാണ്. വിദേശത്തേക്ക് കയറ്റി അയക്കുന്ന ഉത്പന്നമാണ് ഞങ്ങളുടേത്. വാള്‍മാര്‍ട്ട് അടക്കം ഞങ്ങളുമായി ഡീല്‍ ഉള്ളതാണ്. അവരൊക്കെ വര്‍ഷത്തില്‍ പലതവണയാണ് കമ്പനിയുടെ ഓഡിറ്റിംഗ് നടത്തുന്നത്. ഇവിടെ വന്നു അവര്‍ സൂക്ഷമമായ പരിശോധന നടത്തും. കാരണം, ഞങ്ങള്‍ ചെറിയ കുഴപ്പം കാണിച്ചാല്‍ അത് അവരെക്കൂടി ബാധിക്കും. അമേരിക്കന്‍ കമ്പനികളൊക്കെ അവരുടെ ഗുഡ്‌വില്‍ സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ഞങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും രീതിയില്‍ പിഴവ് ഉണ്ടായിട്ടുണ്ടെങ്കില്‍ ആ സമയം ഞങ്ങളെ അവര്‍ ബ്ലാക് ലിസ്റ്റ് ചെയ്യും. എന്നിട്ട് ഈ വിവരം ഇന്റര്‍നെറ്റില്‍ പരസ്യം ചെയ്യും. പിന്നെ ഒരാളുമായി പോലും ബിസിനസ് ചെയ്യാന്‍ ഞങ്ങള്‍ക്കാവില്ല. കിറ്റെക്‌സിനോട് കണ്ണടച്ചേക്കാം എന്നൊന്നും അവര്‍ വിചാരിക്കില്ല. ഇതൊക്കെ നന്നായി അറിയാവുന്നൊരാളാണ് ഞാന്‍. എന്റെ ബിസിനസ് ഞാന്‍ തകര്‍ക്കുമോ? 50 ലക്ഷം മുടക്കിയാണ് ഞാനിവിടെ പ്ലാന്റ് തയ്യാറാക്കിയിരിക്കുന്നത്. പലരും ചോദിച്ചു ഭ്രാന്ത് ആണോയെന്ന്. ഞങ്ങളുടെ ട്രീറ്റ്‌മെന്റ് സിസ്റ്റം ഇന്ത്യയിലെ അല്ല ലോകത്തിലെ തന്നെ മികച്ചതാണ്. അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങളെക്കാള്‍ ഒരുപിടി മുന്നിലാണ് കിറ്റെക്‌സ് അവ പാലിക്കുന്നതെന്ന് പറയാന്‍ എനിക്ക് കഴിയും.

സിഎസ്ആര്‍ ഫണ്ടിന്റെ പരിധിയിലും കൂടുതലും ചെലവഴിച്ച് ജനങ്ങള്‍ക്ക് സൗജന്യവും സഹായങ്ങളുമൊക്കെ ചെയ്ത് ഒരു ചാരിറ്റി ഓര്‍ഗനൈസേഷന്‍ പോലെ ആളുകളുടെ വൈകാരികതയെ ചൂഷണം ചെയ്തുകൊണ്ട് കിറ്റെക്‌സ് കമ്പനി മുന്നോട്ടു വരുമ്പോള്‍ അതില്‍ ഒരു ലക്ഷ്യവും ഇല്ലെന്ന് പറയുന്നത് അത്രമേല്‍ ശരിയാണോ?
കിറ്റെക്‌സ് ചാരിറ്റി പ്രവര്‍ത്തനം നടത്തി തുടങ്ങിയത് ട്വന്റി-ട്വന്റി രൂപീകരിച്ചുകൊണ്ടോ അതല്ലെങ്കില്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനോ ആണെന്ന് ധരിച്ചിരിക്കുന്നവര്‍ പലരുമുണ്ടാകാം. എങ്കില്‍ ഒരു കാര്യം ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ; ഞങ്ങളുടെ ചാരിറ്റി ഇന്നലെ തുടങ്ങിയതല്ല, എന്റെ പിതാവിന്റെ മാതാപിതാക്കള്‍ തൊട്ട് ജനങ്ങളെ സഹായിക്കുന്ന കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട്. പറമ്പിലെ പണിയും മറ്റും തിരക്കി ദിവസവും രാവിലെ ഒരുപാട് മനുഷ്യര്‍ വീടിനു മുന്നില്‍ വന്നു നില്‍ക്കുമായിരിക്കും. അതില്‍ കുറച്ച് പേര്‍ക്ക് പണി കൊടുക്കാനേ കഴിയുമായിരുന്നുള്ളൂ, എന്നാലും ബാക്കി വരുന്നവരോട് എന്തെങ്കിലും കഴിച്ചിട്ടു പോകൂ എന്നു പറഞ്ഞവരായിരുന്നു എന്റെ പിതാവിന്റെ മാതാപിതാക്കള്‍. അതേ വഴിയിലായിരുന്നു എന്റെ പിതാവ് ജേക്കബും. കഴിഞ്ഞ ദിവസം അമ്പത് വര്‍ഷത്തെ ദാമ്പത്യബന്ധം കടന്നവരെ ആദരിക്കുന്ന ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ആ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സാര്‍ എന്റെ പിതാവിനെ കുറിച്ച് പറഞ്ഞ രണ്ടു കാര്യങ്ങളുണ്ട്. 1974 കാലത്ത് കേരളത്തില്‍ വലിയ ഭക്ഷ്യക്ഷാമം ഉണ്ടായപ്പോള്‍, ആന്ധ്രയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമെല്ലാം അരി വരുത്തി ആഴ്ചയില്‍ പാവപ്പെട്ടവര്‍ക്ക് അരിയും കപ്പയും സൗജന്യമായി വിതരണം ചെയ്യുമായിരുന്നു എന്റെ പിതാവ്. അന്ന് എറണാകുളം റൂറല്‍ എസ് പി ആയിരുന്ന അലക്‌സാണ്ടര്‍ സാര്‍ ആയിരുന്നു അതിന്റെ ഉത്ഘാടനം നിര്‍വഹിച്ചത്. 78 ല്‍ ഭക്ഷ്യവിഷബാധ എറണാകുളത്ത് ഉണ്ടായി. സാര്‍ അപ്പോള്‍ എറണാകുളത്ത് കമ്മിഷണര്‍ ആണ്. പുറത്തു നിന്നും കൊണ്ടുവരുന്ന അരിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതെന്ന് കണ്ടെത്തിയതോടെ എന്റെ പിതാവ് ചെയ്തത് കൊണ്ടുവരുന്ന അരി ഉപ്പ് വെളത്തില്‍ കഴുകി ഉണക്കി വിതരണം ചെയ്യുകയായിരുന്നു. അലക്‌സാണ്ടര്‍ സാര്‍ തന്നെയാണ് അതിന്റെയും വിതരണോത്ഘാടനം ചെയ്തത്. ഇതുപോലെ പറയാന്‍ ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്റെ പിതാവ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന പത്തുവര്‍ഷം, ആയുര്‍വേദ ചികിത്സകനായിരുന്നു. കമ്പനി കാര്യങ്ങളൊക്കെ ഞങ്ങള്‍ മക്കളെ ഏല്‍പിച്ചിട്ട്, അദ്ദേഹം പഠിച്ച ആയുര്‍വേദ ചികിത്സ പാവപ്പെട്ട രോഗികള്‍ക്കു വേണ്ടി ഉപയോഗിച്ചു. അഞ്ചു വൈദ്യന്മാരെയും അദ്ദേഹം കൂടെ നിര്‍ത്തി. പാവപ്പെട്ടവരായ രോഗികളെ ചികിത്സിച്ച് അവര്‍ക്ക് മരുന്നും നല്‍കി. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, മരിച്ചുപോയ പാണക്കാട് ശിഹാബലി തങ്ങള്‍, തുടങ്ങി പല രാഷ്ട്രീയ പ്രമുഖരും പിതാവിന്റെ അരികില്‍ ചികിത്സ തേടി വന്നിട്ടുണ്ട്. അതുപോലെ, തന്നെ ഈ പ്രദേശത്തെ സ്‌കൂളുകളില്‍ ചെന്ന് അവിടെ പഠിക്കുന്ന കുട്ടികളില്‍ എത്രപേര്‍ക്ക് ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് കണക്കെടുത്ത് അവര്‍ക്കെല്ലാം അന്ന അലുമിനിയം ഫാക്ടറിയോട് ചേര്‍ന്നുള്ള ചായക്കടയില്‍ നിന്നും സൗജന്യമായി ഭക്ഷണം കഴിക്കാനുള്ള കൂപ്പണ്‍ വിതരണം ചെയ്തു. ഇത്തരത്തില്‍ പല ചാരിറ്റികളും എന്റെ പിതാവ് ചെയ്തിട്ടുണ്ട്. ആ വഴി ഞങ്ങളും തുടരുന്നു. അല്ലാതെ ഇപ്പോള്‍ ഞങ്ങള്‍ കിഴക്കമ്പലത്ത് ചെയ്യുന്നതിലൊന്നും ഒരു കള്ളത്തരവും സ്വാര്‍ത്ഥതാത്പര്യങ്ങളുമില്ല. കിറ്റെക്‌സിനൊപ്പം കിഴക്കമ്പലവും വളരട്ടെ എന്നായിരുന്നു പിതാവ് പറഞ്ഞത്, അത് ഞങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നുവെന്നു മാത്രം.

കിഴക്കമ്പലം പഞ്ചായത്ത് പിടിക്കാന്‍ കിറ്റക്‌സിന്റെ അരാഷ്ട്രീയ പരീക്ഷണങ്ങള്‍

ജനാധിപത്യസംവിധാനം എന്നാല്‍ ചാരിറ്റി പ്രവര്‍ത്തനം അല്ല. അതിന് അതിന്റെതായ രീതികളും ചട്ടങ്ങളും ഉണ്ട്. അത് പൊളിക്കാന്‍ ശ്രമിക്കരുത്?

നിങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന ആരോപണമാണ് ഞങ്ങള്‍ ജനാധിപത്യത്തെ തകര്‍ക്കുന്നു, തകര്‍ക്കുന്നു എന്ന്. ഞങ്ങള്‍ എങ്ങനെയാണ് ജനാധിപത്യത്തെ തകര്‍ക്കുന്നത്? അത് തകര്‍ത്തിട്ടിരിക്കുകയല്ലേ ഇവിടുത്തെ രാഷ്ട്രീയക്കാര്‍, അവര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടങ്ങള്‍. ജനാധിപത്യം, ജനാധിപത്യം എന്ന് നിങ്ങള്‍ പറയുന്നു, ഇവിടെ എന്താണ് ജനാധിപത്യത്തിന് അനുകൂലമായി നടക്കുന്നത്? ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ലൈഫ് എന്നൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്, സ്വന്തമായി ഭൂമിയുണ്ടാകാന്‍ പാടില്ല, ഭിത്തിയുള്ള താമസസ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍ പദ്ധതിക്ക് അര്‍ഹരല്ല, തുടങ്ങിയവയാണ്. 10-16 പേര്‍ക്കാണ് ലൈഫ് പദ്ധതി പ്രകാരം കിഴക്കമ്പലത്ത് സര്‍ക്കാര്‍ സഹായത്തിന് അര്‍ഹതയുള്ളൂ. പക്ഷേ അതല്ല യഥാര്‍ത്ഥ കണക്ക്. ഈ പഞ്ചായത്തില്‍ തന്നെ അടച്ചുറപ്പുള്ള വീടില്ലാത്ത ആയിരത്തിനുമേല്‍ കുടംബങ്ങളുണ്ട്. ഏറ്റവും അത്യാവശ്യമായി വീട് ഉണ്ടാകേണ്ട 400നു മുകളില്‍ ആളുകളുണ്ട്. ചിലപ്പോള്‍ അവര്‍ ഇപ്പോള്‍ താമസിക്കുന്നിടത്ത് ഒരു ചുമരുണ്ടായിരിക്കാം, അല്ലെങ്കില്‍ ഏറെ പഴകിയതും എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴുന്ന നിലയില്‍ വീട് ഉള്ളതായിരിക്കാം. ഇവര്‍ക്കൊക്കെ പുതിയ വീട് വേണം, നിര്‍മിച്ചു നല്‍കാന്‍ പഞ്ചായത്ത് ഒരുക്കമാണ്. പക്ഷേ, സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഞങ്ങള്‍ അതിനെതിരേ ഹൈക്കോടതിയില്‍ പോവുകയാണ്. ഒരു മനുഷ്യന്റെ ആവശ്യം അറിഞ്ഞാണ് ഭരണകൂടം ഇടപെടേണ്ടത്. അതല്ലേ യഥാര്‍ത്ഥ ജനാധിപത്യം.

രാഷ്ട്രീയം അത്രമേല്‍ മോശമാണെന്നാണോ? ഇവിടുത്തെ രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നാണോ? കിഴക്കമ്പലം പഞ്ചായത്തില്‍ നിന്നും രാഷ്ട്രീയപര്‍ട്ടികളെ ഉന്മൂലനം ചെയ്യാനല്ലേ ശ്രമിക്കുന്നത്?

ഞാന്‍ ഒരു രാഷ്ട്രീയക്കാരനെയും പാര്‍ട്ടിയേയും കുറ്റം പറയുന്നില്ല. ഞാന്‍ യാഥാര്‍ത്ഥ്യങ്ങളെ ചൂണ്ടിക്കാണിക്കുന്നു എന്നുമാത്രം. സ്വാതന്ത്ര്യം കിട്ടിയിട്ട് എഴുപതു വര്‍ഷത്തോളമായ ഒരു രാജ്യത്ത് ഇന്നും അന്തിയുറങ്ങാന്‍ ഒരു കൂരയില്ലാത്ത മനുഷ്യര്‍ ഉണ്ട്, ഒരു നേരം പോലും ആഹാരം കഴിക്കാന്‍ ഇല്ലാത്തവരുണ്ട്. എന്തുകൊണ്ട് നമുക്കിതൊന്നും അവസാനിപ്പിക്കാന്‍ പറ്റുന്നില്ല. രാഷ്ട്രീയക്കാര്‍ മറുപടി പറയേണ്ട വിഷയമാണ്. ഞാന്‍ രാഷ്ട്രീയം പറയുന്നുണ്ടെങ്കില്‍ മറ്റൊരു തൊഴില്‍ ചെയ്തുകൊണ്ടാണ്. എന്റെ ജീവിതവരുമാനം ആ തൊഴിലില്‍ നിന്നാണ്. പക്ഷേ, രാഷ്ട്രീയക്കാരുടെ തൊഴില്‍ എന്താണ്? രാഷ്ട്രീയം തന്നെ. ആ തൊഴിലെടുത്ത് അവര്‍ കോടീശ്വരന്മാരാകുന്നു. അപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം ആത്മാര്‍ത്ഥയുണ്ടെന്ന് ചിന്തിക്കൂ…ഇതൊക്കെ ഏതൊരാള്‍ക്കും തിരിച്ചറിയാന്‍ കഴിയുന്ന കാര്യങ്ങളല്ലേ…

കിഴക്കമ്പലത്ത് രാഷ്ട്രീയപ്പാര്‍ട്ടികളെ പുറത്താക്കി എന്നാണല്ലോ പരാതി. അവരെ ആരും പുറത്താക്കിയതല്ല, സ്വയം പുറത്തായതാണ്. അതവരുടെ കുഴപ്പം. ഇന്ന് ഇടതെങ്കില്‍ നാളെ വലത് എന്ന രീതിയില്‍ മാറി മറിഞ്ഞ് വരുമെന്നായിരുന്നല്ലോ എല്ലാവരുടെയും കണക്കുകൂട്ടല്‍. പക്ഷേ, ഒരുകാര്യം അവര്‍ വിട്ടുപോയി, ജനത്തിന് മറ്റൊരു ഓപ്ഷന്‍ ഇല്ലാതിരുന്നിടത്തായിരുന്നു മാറി മാറി അവര്‍ക്ക് ചാന്‍സ് കിട്ടിക്കൊണ്ടിരുന്നത്. ജനത്തെ തിരിച്ചറിയാന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിയണം.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കിഴക്കമ്പലത്ത് വന്നപ്പോള്‍ കേട്ടൊരു പ്രവചനം ഉണ്ടായിരുന്നു; കോര്‍പ്പറേറ്റ് മുതലാളിയുടെ സൗജന്യങ്ങളില്‍ ഇപ്പോള്‍ മയങ്ങി നില്‍ക്കുന്ന ജനം വളരെ താമസിയാതെ തന്നെ അവര്‍ക്ക് പറ്റിയ ചതി മനസിലാക്കി തിരികെ പോരുമെന്ന്…ആ പ്രവചനം ഫലിച്ചു തുടങ്ങിയോ? ട്വന്റി-ട്വന്റിയുടെ കൂടെ ഇപ്പോള്‍ അന്നത്തെ അതേ ജനങ്ങള്‍ ഉണ്ടോ?

ഈ ചോദ്യം എന്നോടല്ല ചോദിക്കേണ്ടത്, ജനങ്ങളോടാണ്. അവരാണ് ഉത്തരം പറയേണ്ടതും നിങ്ങളുടെ സംശയം തീര്‍ക്കേണ്ടതും. എന്നാലും എനിക്കിതില്‍ പറയാനുള്ളത്; അന്ന് ഉണ്ടായതിനെക്കാള്‍ കൂടുതല്‍ പേര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടെന്നു മാത്രമല്ല, അവര്‍ കൂടുതല്‍ ശക്തമായി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്നു എന്നു കൂടിയാണ്.

സാധാരണക്കാരന്‍ ഒരു സഹായത്തിന് ആദ്യം ഓടി ചെല്ലുന്നത് രാഷ്ട്രീയക്കാരന്റെ അടുത്താണ്. അതീ രാഷ്ട്രീയക്കാര്‍ക്കറിയാം. ട്വന്റി-ട്വന്റി വന്നു കഴിഞ്ഞപ്പോള്‍ ഇവര്‍ പ്രചരിപ്പിച്ചത് ഈ പ്രസ്ഥാനം എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകുമെന്നും അപ്പോള്‍ വീണ്ടും നിങ്ങള്‍ ഞങ്ങളുടെ അടുത്തേക്ക് തന്നെ വരേണ്ടി വരുമെന്നുമാണ്. ജനം അവിടെ സംശയത്തിലായി. അങ്ങനെ സംഭവിക്കുമോ? പക്ഷേ, ഞങ്ങളോടൊപ്പം നിന്നവര്‍ക്ക് ഞങ്ങളുടെ പ്രവര്‍ത്തനവും ഇതിന്റെ പിന്നിലുള്ളവരുടെ ഇച്ഛാശക്തിയും മനസിലാക്കിയതോടെ ഒരു കാര്യം വ്യക്തമായി, ഇതങ്ങനെയൊന്നും നിന്നുപോകില്ലെന്ന്. അതോടെ അവര്‍ കൂടുതല്‍ ശക്തമായി ഈ പ്രസ്ഥനത്തെ പിന്തുണയ്ക്കാന്‍ തുടങ്ങി. അത് മനസിലാക്കിയതോടെ, അതായത് തങ്ങളുടെ അടിത്തറ ഇളകിയെന്ന് മനസിലാക്കിയതോടെ രാഷ്ട്രീയക്കാര്‍ പല തന്ത്രങ്ങളും പയറ്റി. പല രീതിയിലും ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ നോക്കി. ആദ്യമാദ്യം ഓരോ പാര്‍ട്ടിക്കാരും പ്രാദേശികാടിസ്ഥാനത്തില്‍ യോഗങ്ങള്‍ വിളിക്കാന്‍ നോക്കി, പക്ഷേ ആളില്ല, അതോടെ പഞ്ചായത്തിലെ മൊത്തം ആളുകളെയും വിളിച്ചു യോഗം നടത്താന്‍ നോക്കി, അവിടെയും ആളില്ല, അടുത്ത പഞ്ചായത്തുകളില്‍ നിന്നും ആളുകളെ കൊണ്ട് വന്ന് തങ്ങളുടെ ശക്തി തെളിയിക്കാന്‍ നോക്കിയപ്പോഴും പരാജയപ്പെട്ടു. ഇപ്പോള്‍ എല്ലാ പാര്‍ട്ടിക്കാരും ഒരുമിച്ച് ചേര്‍ന്നാണ് യോഗം വിളിച്ച് ആളെ കൂട്ടാന്‍ നോക്കുന്നത്. അതേസമയം പണ്ട് ഒരു യോഗം വിളിക്കാന്‍ ഗ്രൗണ്ട് പോലും കിട്ടാതിരുന്ന ഞങ്ങള്‍ക്ക് ഇപ്പോഴത്തെ പ്രശ്‌നം ആളു കൂടുന്നതിനുസരിച്ച് യോഗസ്ഥലം സംഘടിപ്പിക്കാന്‍ പറ്റുന്നില്ലെന്നാണ്. ഇതൊക്കെ ഈ നാട്ടിലെ ജനങ്ങളോട് തന്നെ ചോദിച്ചാല്‍ ബോധ്യപ്പെടുന്നതാണ്.

"</p

രണ്ടര വര്‍ഷം കൊണ്ട് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ എത്രത്തോളം പാലിച്ചു?

തെരഞ്ഞെടുപ്പ് വാഗ്ദാന പത്രിക മുന്‍പില്‍വച്ച് വരുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ പോലെയല്ല ഞങ്ങള്‍. ഞങ്ങളുടേത് ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനമാണ്. മൊത്തം താറുമാറായി കിടന്നൊരു സംവിധാനത്തിലേക്കാണ് ഞങ്ങള്‍ എത്തിയത്. അത് നേരെയാക്കാന്‍ അഹോരാത്രം പണിയെടുക്കുകയാണ്. തൊലിപ്പുറത്തെ ചികിത്സയല്ല ഞങ്ങള്‍ ചെയ്യുന്നത്. 25 വര്‍ഷം കഴിയുമ്പോള്‍ കിഴക്കമ്പലം എങ്ങനെയായിരിക്കും എന്നാണ് ഞങ്ങള്‍ നോക്കുന്നത്. അതിനുവേണ്ടി സയന്റിഫിക്കായി സ്റ്റഡി നടത്തിയാണ് മുന്നോട്ടു പോകുന്നത്. വാര്‍ഡ് തിരിച്ചുള്ള വീതം വയ്പ്പല്ല, പ്രയോറട്ടി അനുസരിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ രണ്ടുവര്‍ഷത്തോളം പലവിധത്തില്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കാനാണ് രാഷ്ട്രീയ/ ഉദ്യോഗസ്ഥ കൂട്ടുകെട്ട് ശ്രമിച്ചത്. ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണറെ ഉപയോഗിച്ച് അതാത് സര്‍ക്കാരുകള്‍ക്കെതിരേ ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ കളിക്കുന്നില്ലേ, അതുപോലെ. ഇപ്പോഴാണ് ആ തടസങ്ങളെല്ലാം തരണം ചെയ്ത് ഞങ്ങള്‍ ഞങ്ങളുടേതായ വഴിയില്‍ എത്തിയിരിക്കുന്നത്. പൂര്‍ണസ്വരാജ് എന്ന ആഹ്വാനമൊക്കെ പഞ്ചായത്തുകളുടെ കാര്യത്തില്‍ വെറും പറച്ചിലാണ്്. സ്റ്റേറ്റ് പലവിധ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീട് നിര്‍മാണം, റോഡ് നിര്‍മാണം തുടങ്ങി ഞങ്ങള്‍ ആഗ്രഹിച്ചതുപോലെ ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പല തടസങ്ങളും ഉണ്ടാകുമ്പോള്‍ ഞങ്ങള്‍ കോടതിയില്‍ പോകും. ഇപ്പോള്‍ കോടതിക്കു തന്നെ ഞങ്ങളുടെ പ്രവര്‍ത്തികളാണ് ന്യായം എന്ന് ബോധ്യം വന്നിട്ടുണ്ട്. ഇനി ഞങ്ങള്‍ ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് നടക്കും. 2020 ഒക്കെയാകുമ്പോള്‍ നിങ്ങള്‍ ഈ കിഴക്കമ്പലം കണ്ട് അത്ഭുതപ്പെടും.

കിഴക്കമ്പലം ഇന്ത്യക്കു മുന്നില്‍ ഞങ്ങള്‍ വയ്ക്കുന്ന മാതൃകയായിരിക്കും. സിംഗപ്പൂര്‍ എന്ന രാജ്യത്തിന്റെ കഥ നമുക്കറിയാം. ഇന്ന് ലോകം തന്നെ സിംഗപ്പൂര്‍ മാതൃക പിന്തുടരുകയാണ്. ഒരു രാജ്യം അവരുടെ ലക്ഷ്യം നേടിയതുപോലെ ഒരു പഞ്ചായത്ത് അതിന്റെ ലക്ഷ്യം നേടുന്നതായിരിക്കും കിഴക്കമ്പലത്തിന്റെ കഥ. അതല്ലാതെ, രാഷ്ട്രീയക്കാരെ കിഴക്കമ്പലത്ത് നിന്ന് ഇല്ലാതാക്കുകയോ കിറ്റെക്‌സിന്റെ ബിസിനസ് വളര്‍ത്തുകയോ അല്ല ഞങ്ങളുടെ ലക്ഷ്യം.

ഇതെല്ലാം അംഗീകരിക്കുന്നു. അപ്പോഴും ഒരു വലിയ ആക്ഷേപം ബാക്കിയാണ്. ഇങ്ങനെ സൗജന്യങ്ങളും സഹായങ്ങളുമൊക്കെ നല്‍കി ജനങ്ങളെ മടിയന്മാരും ലക്ഷ്യബോധ്യമില്ലാത്തവരുമാക്കി നിങ്ങള്‍ മാറ്റുകയല്ലേ?

തീര്‍ത്തും അടിസ്ഥാനരഹിതമായ ആക്ഷേപം. പുറമെ നിന്നു കേട്ട വിവരണങ്ങള്‍വച്ച് ഉന്നയിക്കുന്ന ആക്ഷേപം. ആദ്യം നിങ്ങള്‍ കിഴക്കമ്പലത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മനസിലാക്കൂ. എന്നിട്ട് വിമര്‍ശിക്കാം. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും സുതാര്യമാണ്. ഞങ്ങള്‍ മൂന്നു ഘട്ടമായാണ് ജനങ്ങളെ ഉയര്‍ത്തുന്നത്. ആദ്യം അവരുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു, പിന്നെ അവരുടെ ജീവിതസാഹചര്യം ഉയര്‍ത്തുന്നു, അതിനുശേഷം അവരെ ഹൈടെക് യുഗത്തിലേക്ക് കൊണ്ടുവരുന്നു. ഇപ്പോള്‍ ചെയ്യുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ്, എല്ലാവര്‍ക്കും വീടുകള്‍, കുടിവെള്ള സംവിധാനം കാര്യക്ഷമമാക്കുന്നു, സഞ്ചാരയോഗ്യവും ഉറപ്പുള്ളതുമായ റോഡുകള്‍ നിര്‍മിക്കുന്നു, വൈദ്യുതി സൗകര്യങ്ങള്‍ ഒരുക്കുന്നു, ആരോഗ്യരംഗം സജ്ജമാക്കുന്നു തുടങ്ങിയവ… അതു കഴിഞ്ഞ് ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ ഉയര്‍ത്തും. ഓരോ വീട്ടിലും വേണ്ട ഇലക്ട്രികല്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നല്‍കുന്നു, വാഹനങ്ങള്‍ നല്‍കുന്നു, ഇന്റര്‍നെറ്റ് സംവിധാനങ്ങളുമായി പരിചയപ്പെടുത്തുന്നു തുടങ്ങിയവ.. ഇതൊന്നും ആര്‍ക്കും സൗജന്യമായി നല്‍കുന്നതല്ല, സൗജന്യമായി നല്‍കേണ്ടതും അതിന് അര്‍ഹരായവര്‍ക്കും മാത്രമാണ് ആ സഹായങ്ങള്‍ കിട്ടുന്നത്. അതല്ലാത്തവര്‍ക്ക് അവര്‍ക്ക് താങ്ങാന്‍ പറ്റുന്ന വില ഈടാക്കി തന്നെയാണ് എല്ലാം നല്‍കുന്നത്. കിഴക്കമ്പലത്തിന്റെ വികസനം വലിയ ഷോപ്പിംഗ് മാളുകള്‍ കെട്ടിയുണ്ടാക്കിയോ ഇന്‍ഫ്രാസ്ട്രക്ചര്‍ വിലപുലപ്പെടുത്തിയോ മാത്രം ഉണ്ടാക്കുന്നതാകില്ല, ജനങ്ങളുടെ മാനസികവും ബൌദ്ധികവുമായ വികസനമാണ് ഈ നാടിന്റെ വികസനം. ഒരു കുടുബം സന്തോഷത്തോടെ, സമാധാനത്തോടെ, മൂന്നുനേരം ആഹാരം കഴിച്ച്, അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി മുന്നേറുന്നതിലൂടെയാണ് ഈ നാടും മുന്നേറുക. വോട്ട് നോക്കി ഒരാളെയും സഹായിക്കുന്നില്ല, ഒരാളെയും അവഗണിക്കുന്നുമില്ല. മുതലാളിയുടെ ഏകാധിപത്യ ഭരണമെന്നും മുതലാളിക്ക് ഇഷ്ടമില്ലാത്തവര്‍ക്ക് ഒരു സൗജന്യവും ഇല്ലെന്നുമൊക്കെയുള്ള ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നവര്‍ അവരുടെ പണി തുടര്‍ന്നോട്ടെ, ഞങ്ങളുടെ ജോലി ഞങ്ങളും തുടരാം. ഒരു ഗര്‍ഭിണിയുടെ ആരോഗ്യത്തില്‍ ഞങ്ങള്‍ പുലര്‍ത്തുന്ന സൂക്ഷ്മതയുണ്ട്. ഗര്‍ഭകാലം മുതല്‍ പ്രസവശേഷവും അവള്‍ക്ക് ആവശ്യമായ പോഷകാഹരങ്ങളും സംരക്ഷണവും നല്‍കുന്നു. കാരണം, അവള്‍ പ്രസവിക്കുന്ന കുഞ്ഞ് നാളെ ഈ നാടിന്റെ പുരോഗതിക്ക് ആവശ്യമാണ്. ആറു വയസ് പ്രായം ആകും വരെ ഓരോ കുഞ്ഞുങ്ങളുടെയും സംരക്ഷണവും ഞങ്ങള്‍ നോക്കുന്നു, അതായത് അവന്റെ ശരീരവും ബുദ്ധിയും ഉറയ്ക്കുന്നവരെ. ഇത്തരത്തിലാണ് ഞങ്ങള്‍ ഭാവിയെ ലക്ഷ്യം വയ്ക്കുന്നത്.

പഴയ സഖാവ്; ഇപ്പോള്‍ ട്വന്‍റി-20 യുടെ പഞ്ചായത്ത് പ്രസിഡന്‍റ്

ആറു വയസുള്ള കുട്ടികള്‍ക്ക് മുതല്‍ എണ്‍പത് വയസുള്ള സ്ത്രീകള്‍ക്ക് വരെ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യകള്‍; ഫെയ്‌സ്ബുക്ക് ഉപയോഗം തൊട്ട്- പരിചയപ്പെടുത്തുന്നു, വിവിധതരം കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു. സ്വയം പ്രതിരോധത്തിന് സജ്ജരാക്കുന്നു, പ്രശ്‌നങ്ങളെ നേരിടാന്‍ സജ്ജരാക്കുന്നു, സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുന്നു, ചെറുകിട കച്ചവടക്കാര്‍ക്ക് ജിഎസ്ടിയെക്കുറിച്ച് അറിവ് നല്‍കുന്നു, കൗണ്‍സിലിംഗ് നല്‍കുന്നു, പൗരാവകശാങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുന്നു, കലകായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നു…ഇത്തരത്തില്‍ ഒരു പൗരനെ എല്ലാത്തരത്തിലും സജ്ജരാക്കിയെടുക്കുകയാണ്. ഇതിനായി മൂവായിരം സ്‌ക്വയര്‍ ഫീറ്റ് ഉള്ള രണ്ടു കെട്ടിടങ്ങള്‍ ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ ജനങ്ങളെ എല്ലാ മേഖലയിലും വിജയിക്കുവാന്‍ സജ്ജരാക്കി തീര്‍ക്കുകയാണ് ലക്ഷ്യം. അതുവഴിയാണ് കിഴക്കമ്പലം മാതൃകയാകുന്നത്.

കിറ്റെക്‌സ് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടാകാം, പക്ഷേ, കിഴക്കമ്പലത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചുള്ള ആശങ്ക ബാക്കി നില്‍ക്കുകയാണ്

നോക്കൂ, എത്രയൊക്കെ നല്ലത് ചെയ്താലും കുറ്റം പറയാന്‍ പിന്നെയും കാരണങ്ങള്‍ ബാക്കി നില്‍ക്കുന്നത് എല്ലായിടത്തും ഉണ്ട്. കിറ്റെക്‌സിന്റെ കുറ്റങ്ങള്‍ നിങ്ങള്‍ കണ്ടെത്തി വേണ്ടത് ചെയ്‌തോളൂ…ഏത് സാധാരണക്കാരനു വേണമെങ്കിലും ഇപ്പോള്‍ സുപ്രിം കോടതി വരെ പോകാന്‍ കഴിയുന്ന സാഹചര്യമാണ്. അതവിടെ നില്‍ക്കട്ടെ. കിഴക്കമ്പലത്തിന്റെ പാരസ്ഥിതിക പ്രശ്‌നങ്ങളാണ് നിങ്ങളെ ഇപ്പോള്‍ അസ്വസ്ഥനാക്കുന്നതെങ്കില്‍, കിഴക്കമ്പലം നോക്കി മാത്രം ആ അസ്വസ്ഥത കാണിക്കരുത്, ഈ കേരളം, അല്ല ഇന്ത്യ തന്നെ വലിയൊരു പാരിസ്ഥിതിക പ്രശ്‌നം നേരിടുകയല്ലേ? എന്താണ് ഭരണകൂടം ചെയ്യുന്നത്? നമുക്ക് ഇവിടുത്തെ പ്രശ്‌നം തന്നെ ചര്‍ച്ച ചെയ്യാം. ട്വന്റി-ട്വന്റി അധികാരം നേടുന്നതിന് മുമ്പ് കിഴക്കമ്പലത്തെ പരിസ്ഥിതിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നോ? 39 കിലോമീറ്ററോളം നീളത്തില്‍ കിഴക്കമ്പലത്തില്‍ വലിയ തോടുകളും കനാലുകളും ഉണ്ട്. മൂന്നു മുതല്‍ ഏഴു മീറ്റര്‍ വരെ വീതിയുണ്ടായിരുന്നവ. അവയില്‍ പലതും മൂടപ്പെട്ടു പോയി. ബാക്കിയുള്ളവ മഴക്കാലത്ത് വെള്ളം പൊങ്ങിയും വേനല്‍ക്കാലത്ത് വരണ്ട് ഉണങ്ങിയും കിടക്കും. ഇവിടുത്തെ വാട്ടര്‍ ലെവല്‍ രണ്ട് മീറ്ററോളം താഴ്ന്നു പോയിരുന്നു. ഞങ്ങള്‍ എന്തു ചെയ്തു, ഡ്രജ്ജ് ചെയ്ത് തോടുകളുടെയും കനാലുകളുടെയും ആഴം കൂട്ടി, മുപ്പത് മീറ്റര്‍ ദൂരത്തില്‍ ചെക്ക് ഡാമുകള്‍ നിര്‍മിച്ചു. രണ്ട് മീറ്ററോളം ഇപ്പോള്‍ ഞങ്ങള്‍ വാട്ടര്‍ ലെവല്‍ ഉയര്‍ത്തി കൊണ്ടു വന്നിരിക്കുകയാണ്.

കൃഷിയില്‍ നിന്നും എല്ലാവരും പിന്‍വാങ്ങിയ സാഹചര്യമായിരുന്നു. തൊഴിലാളികളെ കിട്ടുന്നില്ല, കൃഷിയില്‍ നിന്നും ലാഭം കിട്ടുന്നില്ല എന്നിവയൊക്കെയായിരുന്നു പ്രശ്‌നങ്ങള്‍. കൃഷി ഭൂമിയുള്ളവരെ കണ്ട് ഞങ്ങള്‍ ആദ്യം പറഞ്ഞത്, ഞങ്ങള്‍ കൃഷി ചെയ്യാന്‍ സഹായിക്കാമെന്നായിരുന്നു, അവരത് അംഗീകരിച്ചില്ല. എന്നാല്‍ ഭൂമി വിട്ടുതരിക ഞങ്ങള്‍ തന്നെ കൃഷി ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ വിട്ടുതന്ന ഭൂമിയില്‍ നിലം ഉഴുത് വിത്തിറക്കി കൃഷി ചെയ്ത് അതില്‍ നിന്നു കിട്ടിയ അമ്പതിനായിരം തൊട്ട് എണ്‍പതിനായിരം രൂപവരെയുള്ള ലാഭം അവര്‍ക്ക് തന്നെ തിരിച്ചു കൊടുത്തു. അതോടെ പലര്‍ക്കും ആവേശമായി. അവര്‍ സ്വയം മുന്നിട്ടിറങ്ങി. ട്രാക്ടര്‍ മറ്റും ആദ്യം ഞങ്ങള്‍ സൗജന്യമായി നല്‍കി. പിന്നെ അതിന് ചെറിയൊരു ഫീസ് ഏര്‍പ്പാടാക്കി. ഒന്നും ഇവിടെ സൗജന്യമായി ആര്‍ക്കും നല്‍കുന്നില്ലെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ കിഴക്കമ്പലത്ത് കൃഷി സജീവമാണ്. അതുപോലെ പച്ചക്കറി, ഫലങ്ങള്‍ എന്നിവയിലും സ്വയം പര്യാപ്തതിയിലേക്ക് നീങ്ങുകയാണ്. 2020 ഓടെ പച്ചക്കറികളിലും ഫലങ്ങളിലും ഞങ്ങള്‍ സ്വയം പര്യാപ്തമാകുമെന്ന് മാത്രമല്ല, പുറത്തേക്ക് വില്‍പ്പന നടത്താന്‍ പാകത്തിലുമാകും. ഇവിടെ വന്ന് കാണുന്നവര്‍ക്ക് അത് ബോധ്യമാകും. ഇപ്പോള്‍ തന്നെ പല പച്ചക്കറികള്‍ക്കും ഞങ്ങള്‍ക്ക് പുറത്തു പോകേണ്ടതില്ല. ജൈവവളത്തില്‍ വിളയിക്കുന്നവയാണ്. ഇതിലൂടെ ഞങ്ങളുടെ ഓക്‌സിജന്‍ കൂടുതല്‍ ശുദ്ധീകരിക്കുകയാണ്..കിഴക്കമ്പലത്തിന്റെ പരിസ്ഥിയില്‍ വിഷമിക്കുന്നവര്‍ ഇതൊക്കെ മനസിലിക്കായാല്‍ മതി.

കിഴക്കമ്പലം പഞ്ചായത്ത് പല രീതിയില്‍ മലിനീകരണപ്പെട്ട് കിടക്കുകയായിരുന്നു. ആ മാലിന്യങ്ങള്‍ നീക്കം ചെയ്തു വരികയാണ് ഞങ്ങള്‍. ഇപ്പോള്‍ കുറ്റവും കുറവുകളും പറയുന്നവര്‍ ഒരിക്കല്‍ ഞങ്ങളെ അംഗീകരിക്കും, കിഴക്കമ്പലം ലോകത്തിന് തന്നെ മാതൃകയാണെന്ന് പറയും…വിദൂരമല്ല ആ കാലം.

‘മുതലാളിയുടെ ആട്ടും തുപ്പും സഹിക്കാനില്ല’; കിറ്റക്സ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം; കിഴക്കമ്പലത്ത് മെമ്പര്‍മാരുടെ രാജി തുടരുന്നു

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍