UPDATES

ബ്ലോഗ്

ചെറിയ പാര്‍ട്ടിയുടെ വലിയ നേതാവ്; കെ.എം മാണി കോണ്‍ഗ്രസില്‍ തന്നെ നിന്നിരുന്നെങ്കിലോ?

കെ.എം. മാണി എന്ന വലിയ നേതാവ് ഇനി ഇല്ല. അതാകും ആ പാര്‍ട്ടിയെ ഇനി നയിക്കാനെത്തുന്നവരുടെ ഏറ്റവും വലിയ വെല്ലുവിളിയും.

പ്രായോഗിക രാഷ്ട്രീയത്തെ സര്‍ഗാത്മകമാക്കിയ പ്രതിഭ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ പ്രസക്തി ഏറെ മുന്‍പ് തിരിച്ചറിഞ്ഞ ദീര്‍ഘദര്‍ശിത്വം നിറഞ്ഞ നേതാവ്. അസാമാന്യ കര്‍മ്മശേഷിയുള്ള ഭരണതന്ത്രജ്ഞന്‍. മര്‍മ്മമറിഞ്ഞ് പ്രഹരിക്കുന്ന പ്രാസംഗികന്‍. മികച്ച പാര്‍ലമെന്റേറിയന്‍. മുന്നണി രാഷ്ട്രീയത്തിന്റെ അഗ്രഗാമി. തികഞ്ഞ തന്ത്രശാലിയും കുശാഗ്രബുദ്ധിയുമായ രാഷ്ട്രീയക്കാരന്‍. ചെറിയ പാര്‍ട്ടിയുടെ വലിയ നേതാവ്. പാലാക്കാരോട് അനല്‍പ്പമായ സ്‌നേഹം എന്നും സൂക്ഷിച്ച നാട്ടിന്‍പുറത്തുകാരന്‍. കര്‍ഷകരുടെ മനസ്സ് ഇത്രയധികം വായിച്ച മറ്റൊരു നേതാവില്ല. കെ.എം മാണിയെ കുറിച്ച് എഴുതുമ്പോള്‍ ഇത്തരത്തില്‍ വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല. ഭാഷ പലപ്പോഴും പരിമതിമായിപ്പോകുന്നുവെന്ന് തോന്നും.

ഇത്രയേറെ റെക്കോഡുകള്‍ സ്വന്തം ജീവിതത്തില്‍ എഴുതിച്ചേര്‍ത്ത വ്യക്തിത്വങ്ങള്‍ വേറെ ഉണ്ടാകില്ല. 13 സംസ്ഥാന ബജറ്റുകള്‍ അവതരിപ്പിക്കാന്‍ ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍ക്കെങ്കിലും ആകുമോയെന്നും സംശയം. ദീര്‍ഘകാലം കേരള രാഷ്ട്രീയത്തിലെ ജനാധിപത്യചേരിക്കൊപ്പം നിലയുറപ്പിച്ചുവെങ്കിലും ഇടതുപക്ഷത്തോടൊപ്പവും അദ്ദേഹത്തിന് ചെറിയ കാലത്തെ സഹവാസം ഉണ്ടായി. നായനാര്‍ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്ത്.

കോണ്‍ഗ്രസായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. കോട്ടയം ഡിസിസി സെക്രട്ടറിയായിരിക്കെയാണ് കെ.എം മാണി കേരള കോണ്‍ഗ്രസിനൊപ്പം ചേരുന്നതും പാലായില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കുന്നതും. പാലായിലേക്ക് മറ്റൊരാളെയാണ് അന്ന് മത്സരിപ്പിക്കുന്നതിന് കേരള കോണ്‍ഗ്രസ് ആലോചിച്ചിരുന്നതെന്ന് തന്റെ ആത്മകഥയില്‍ ആര്‍. ബാലകൃഷ്ണ പിള്ള എഴുതിയിട്ടുണ്ട്. കുളത്തുങ്കല്‍ പോത്തന്റെ മകന്‍ മോഹന്‍ കുളത്തുങ്കലാണ് കോണ്‍ഗ്രസില്‍ അസംതൃപ്തനായിരുന്ന കെ.എം. മാണിയെ കേരള കോണ്‍ഗ്രസിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതെന്നും ആര്‍. ബാലകൃഷ്ണ പിള്ള എഴുതുന്നു. വൈകാതെ മാണി കോട്ടയത്തെ പാര്‍ട്ടി ഓഫീസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാകുന്നു. തുടര്‍ന്നങ്ങോട്ട് കെ.എം. മാണിയുടെ വളര്‍ച്ച കേരള രാഷ്ട്രീയത്തിന്റെ ചിരിത്രത്തിന്റെ ഭാഗമാണ്. ഈ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്ന്.

Also Read: ‘മാണിക്യ മലരായ മാണി’യെ കുറിച്ചുള്ള വിയോജിപ്പുകള്‍ ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെപ്പോള്‍?

കെ.എം. മാണിയെപ്പോലൊരു അസാമാന്യ പ്രതിഭാശാലിയായ നേതാവ് കോണ്‍ഗ്രസിന്റെ തന്നെ ഭാഗമായി നിലകൊണ്ടിരുന്നുവെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ വ്യത്യസ്തമാകുമായിരുന്നു. ഒരു പക്ഷെ കേരളത്തിന്റെ ഭാഗധേയം തന്നെ മാറ്റി തീര്‍ക്കുന്ന വിധത്തില്‍ തന്റെ കൈയൊപ്പിട്ട മുഖ്യമന്ത്രിയോ അല്ലെങ്കില്‍ കേന്ദ്രത്തില്‍ തന്നെ വലിയ ചുമതലകള്‍ വഹിച്ച നേതാവോ ഒക്കെയായി അദ്ദേഹം മാറിത്തീരുമായിരുന്നു. പ്രായോഗികതയും പാവങ്ങളോടും അശരണരോടും കര്‍ഷകരോടും ഒക്കെ വലിയ അനുകമ്പ വച്ചുപുലര്‍ത്തിയ നേതാവായിരുന്നു കെ.എം. മാണി. അദ്ദേഹത്തിന്റെ അധ്വാന വര്‍ഗ സിദ്ധാന്തം തന്നെ നോക്കുക. രാഷ്ട്രീയ സൈദ്ധാന്തികതയിലേക്കുള്ള കാല്‍വെയ്പ് എന്നതിനപ്പുറം കേരള സമൂഹത്തെ സമഗ്രമായി കണ്ട് അതിനെ വിശദീകരിക്കാനുള്ള ശ്രമം കൂടിയായിരുന്നു അത്. കാരുണ്യ ലോട്ടറി പോലുള്ള എത്രയോ നടപടികള്‍ സാധാരണക്കാരെ മുന്നില്‍ കണ്ട് അദ്ദേഹം കൈക്കൊണ്ടു. വിസ്താരഭയം കൊണ്ട് ഇത്തരം കാര്യങ്ങളുടെ ഉള്ളിലേക്ക് കടക്കുന്നില്ല.

ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന് അദ്ദേഹം കൂടെക്കൂടെ പറയുമായിരുന്നു. ഫെഡറല്‍ സ്വഭാവമുള്ള നമ്മുടെ ഭരണക്രമത്തെ ഇത്ര ഭംഗിയായും കൃത്യതയോടേയും എങ്ങനെയാണ് വിശദീകരിക്കാനാവുക? ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് കൈവരാന്‍ പോകുന്ന പ്രാധാന്യത്തെ കുറിച്ച് വളരെ നേരത്തെ തന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. അക്കാര്യം അദ്ദേഹം പല ഇടങ്ങളിലും പറയുകയും എഴുതുകയും ഒക്കെ ചെയ്തു. കെ.എം. മാണിയുടെ നിയമസഭയിലെ പ്രസംഗങ്ങള്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് സവിശേഷമായ പാഠപുസ്തകങ്ങളാവും. രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അദ്ദേഹം കാണിച്ച മെയ് വഴക്കം അനിതരസാധാരണമായിരുന്നു. ഭാവി തലമുറയ്ക്ക് കണ്ടുപഠിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ആ വ്യക്തിത്വത്തിലുണ്ട്.

വിവാദങ്ങളിലും നിന്നും വ്യവഹാരങ്ങളിലും പലപ്പോഴും പെട്ടുപോകുമ്പോഴും അതില്‍ നിന്നും പുറത്തുവന്ന് ജനസാമാന്യത്തിനൊപ്പം നില്‍ക്കാനും അവരുടെ ആശിസ്സ് ആവര്‍ത്തിച്ച് ഉറപ്പിക്കാനും അദ്ദേഹത്തിനായി. 54 വര്‍ഷം ഒരു നിയമസഭ മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധാനം ചെയ്യുക അത്യപൂര്‍വം തന്നെ. ഒരു ചെറിയ പാര്‍ട്ടിയുടെ വലിയ നേതാവായിരുന്നു അദ്ദേഹം. കാറ്റിലും കോളിലും പെട്ട് കേരള കോണ്‍ഗ്രസ് പലതായി പിരിഞ്ഞുപിരിഞ്ഞു പോകുമ്പോഴും അതില്‍ തന്റെ പേര് എഴുതിയ പാര്‍ട്ടിയെ ഏറ്റവും വലിയ പാര്‍ട്ടിയായി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിനു സാധിച്ചു. ആ ചെറിയ പാര്‍ട്ടിയെ വലിയ പാര്‍ട്ടിയാക്കി നിലനിര്‍ത്തിയ കെ.എം. മാണി എന്ന വലിയ നേതാവ് ഇനി ഇല്ല. അതാകും ആ പാര്‍ട്ടിയെ ഇനി നയിക്കാനെത്തുന്നവരുടെ ഏറ്റവും വലിയ വെല്ലുവിളിയും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

ജോര്‍ജ് ആഗസ്തി

കോട്ടയം ജില്ല സ്വദേശി, പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍