UPDATES

കൊച്ചി നഗരത്തെ ഞെട്ടിച്ച ആ വെടിവയ്പ്പിനു പിന്നില്‍ ആര്? വെളിപ്പെടുന്ന നടി ലീന മരിയ പോളിന്റെ ജീവിതം

കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന നെയ്ല്‍ ആര്‍ട്ടിസ്റ്ററി എന്ന ബ്യൂട്ടി പര്‍ലറില്‍ ശനിയാഴ്ച നടന്ന വെടിവയ്പ്പിനു പിന്നാലെയാണ് ലീന വീണ്ടും വാര്‍ത്തയാകുന്നത്

സിനിമയിലെ ആക്ഷന്‍ രംഗത്തോട് സമാനമായിരുന്നു അത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ്, സമയം രണ്ടര. കൊച്ചി കടവന്ത്ര സെന്റ് ജോസഫ് പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലുള്ള നെയ്ല്‍ ആര്‍ട്ടിസ്റ്ററി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിനു താഴെ രണ്ട് ചെറുപ്പക്കാര്‍ ഒരു സ്‌പോര്‍ട്‌സ് ബൈക്കില്‍ എത്തുന്നു. ആരെന്നു വ്യക്തമാവാത്ത വിധം കറുത്ത് ജാക്കറ്റും ഹെല്‍മറ്റും ധരിച്ച ചെറുപ്പക്കാര്‍ മുകളിലേക്കുള്ള സ്‌റ്റെപ്പ് കയറി പോകുന്നു. മുകളില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാരന്‍ എത്തിയപ്പോഴേക്കും ചെറുപ്പക്കാരില്‍ ഒരാള്‍ ഒരു കടലാസ് കഷ്ണം സെക്യൂരിറ്റിക്കു നേരെ എറിയുന്നു. അതില്‍ എഴുതിയിരുന്നത് ഒരു പേരാണ്; രവി പൂജാരി! ഇന്ത്യന്‍ അധോലോക നായകന്റെ പേര്. കടലാസ് കഷ്ണം വലിച്ചെറിഞ്ഞ ശേഷം താഴേക്ക് ഒടിപ്പോകുന്ന ചെറുപ്പക്കാരനെ പിന്തുടര്‍ന്ന് സെക്യൂരിറ്റി എത്തുമ്പോള്‍ താഴെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് നിന്നിരുന്ന കൂട്ടാളി തോക്ക് എടുത്ത് നിറയൊഴിക്കുന്നു. പിന്നെ വേഗത്തില്‍ ബൈക്കോടിച്ച് ഇരുവരും അപ്രത്യക്ഷരായി! വന്നവര്‍ ആരാണെന്നത് വ്യക്തമല്ല. മലയാളികളോ ഇതരസംസ്ഥാനക്കാരോ ആരോ എന്ന് അറിയില്ല. മെലിഞ്ഞ ശരീരമുള്ള ചെറുപ്പക്കാരെന്ന് അറിയാം.

കൊച്ചി നഗരത്തെ ഞെട്ടിച്ച ആ വെടിവയ്പ്പിനു പിന്നില്‍ എന്തായിരുന്നു കാരണം? പൊലീസ് വ്യക്തമായി ഒന്നും പറയുന്നില്ല. അന്വേഷണം നടത്തട്ടെ എന്നാണ് ഡിസിപി ഹിമേന്ദ്രനാഥ് മാധ്യമങ്ങളോട് പറഞ്ഞത്. അവര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ എല്ലാവര്‍ക്കും അത്ഭുതം മറ്റൊരു കാര്യത്തിലായിരുന്നു. രവി പൂജാരി എന്ന അധോലോക നായകന്റെ പേര് കൊച്ചിയിലെ ഈ സംഭവത്തില്‍ എങ്ങനെ വന്നു! നെയ്ല്‍ ആര്‍ട്ടിസ്റ്ററി എന്ന സ്ഥാപനത്തിന്റെ ഉടമയുടെ പേര് എല്ലാവര്‍ക്കും പരിചിതമാണ്; ലീന മരിയ പോള്‍. മലയാളം, തമിഴ്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി എന്നതു മാത്രമല്ല ലീനയുടെ വിശേഷണം. അതിനപ്പുറം അവര്‍ക്കൊരു കുപ്രസിദ്ധിയുണ്ട്. കോടികളുടെ തട്ടിപ്പ് കേസുകളിലെ പ്രതിയായി. അതിലേക്ക് വിശദമായി കടക്കുന്നതിനു മുമ്പ് എന്തിന് അവരുടെ സ്ഥാപനത്തില്‍ ഇങ്ങനെയൊരു അക്രമണം നടന്നു എന്നതിനൊരു കാരണം ലീനയുടെതായി പറയുന്നുണ്ട് (വെടിവയ്പ്പ് നടക്കുമ്പോള്‍ ലീന അവിടെയില്ലായിരുന്നു).

പണം ആവശ്യപ്പെട്ട് മുംബൈ അധോലോകത്തില്‍ നിന്നും തനിക്ക് പല തവണയായി ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നാണ് ലീന പറയുന്നത്. ആ ഫോണ്‍ കോളുകള്‍ എല്ലാം രവി പൂജാരിയുടെ പേരിലായിരുന്നു. പണം നല്‍കാന്‍ ലീന വിസമ്മതിച്ചു. വീണ്ടും കോളുകള്‍ വന്നു. 25 കോടിയായിരുന്നു ലീനയില്‍ നിന്നും ആവശ്യപ്പെട്ടിരുന്നത്. കൊടുക്കില്ലെന്നു വീണ്ടും പറഞ്ഞു. കൂടാതെ പൊലീസില്‍ ഈ വിവരം കാണിച്ച് പരാതിയും നല്‍കി. ഇതോടെ ഉണ്ടായ പ്രതികാരമാണ് തന്റെ സ്ഥാപനത്തിനു നേരെ നടന്ന അക്രമണം എന്നാണ് ലീനയുടെ മൊഴി!

അധോലോക നായകനും ചലച്ചിത്ര നടിയും തമ്മില്‍ എങ്ങനെ വൈരാഗ്യം വന്നു? ചലച്ചിത്ര നടിയെന്ന നിലയില്‍ അത്ര പ്രശസ്തയല്ലാത്ത ലീനയില്‍ നിന്നും 25 കോടി രൂപ ആവശ്യപ്പെടാന്‍ രവി പൂജാരിയെപ്പോലൊരാള്‍ തയ്യാറായത് എന്തുകൊണ്ടായിരിക്കും? ഇവര്‍ തമ്മിലുള്ള ബന്ധം എന്ത്? പൊലീസിനു മുന്നിലുള്ള ചോദ്യങ്ങള്‍ ഇതാണ്. ലീനയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറയുന്നുണ്ട്. ആ ചോദ്യം ചെയ്യലില്‍ മുകളിലെ സംശയങ്ങള്‍ക്കുള്ള മറുപടി കിട്ടുമോ എന്നറിയില്ല. പക്ഷേ, ലീന മരിയ പോള്‍ എന്ന യുവതിയുടെ ഇതുവരെയുള്ള സംഭവബഹുലമായ ജീവിതത്തിന് ഒരു അധോലോക ബന്ധം കൂടി ചേരുകയാണ് ശനിയാഴ്ച്ചത്തെ ആ വെടിവയ്പ്പിലൂടെ.

മോഹന്‍ലാല്‍ ചിത്രമായ റെഡ് ചില്ലീസില്‍ കൂടിയാണ് ലീന മരിയ പോള്‍ എന്ന ദുബൈയില്‍ ജനിച്ചു വളര്‍ന്ന മലയാളിയെ നടിയെന്ന നിലയില്‍ ശ്രദ്ധിക്കുന്നത്. സിനിമ തന്റെ പാഷന്‍ ആണെന്നു പറഞ്ഞ, കൂടുതല്‍ ചിത്രങ്ങള്‍ മലയാളത്തില്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ലീനയെ പിന്നീട് തമിഴിലും ഹിന്ദിയിലും കണ്ടു. ജോണ്‍ എബ്രഹാമിന്റെ മദ്രാസ് കഫെയില്‍ ലീനയുണ്ടായിരുന്നു. പക്ഷേ, പിന്നീടങ്ങോട്ട് ലീന മരിയ പോള്‍ എന്ന പേര് സിനിമയുമായി ബന്ധപ്പെട്ടല്ല കേള്‍ക്കാന്‍ തുടങ്ങിയത്. സിനിമയെ വെല്ലുന്ന തട്ടിപ്പ് കഥകളിലൂടെയായിരുന്നു.

ബെംഗളൂരുവില്‍ ബിഡിഎസിനു പഠിക്കുമ്പോഴും ലീനയ്ക്ക് ഇഷ്ടം പക്ഷേ സിനിമയായിരുന്നു. മോഡലിംഗ്, ടെലിവിഷന്‍ ആങ്കറിംഗ് എന്നീ വേദികളിലൂടെ സിനിമയിലേക്കുളള്ള വഴി തേടി ലീന. സിനിമ തന്റെ പ്രൊഫഷന്‍ ആക്കാന്‍ തന്നെയായിരുന്നു തീരുമാനം. അവിടെ ലീനയ്ക്ക് ഒരു സഹായിയെ കിട്ടി. സുകേഷ് ചന്ദ്രശേഖരന്‍. ലീനയുടെ അഭിനയമോഹം മനസിലാക്കിയ സുകേഷാണ് പ്രശസ്തനായ ഒരു തമിഴ് നടനെ പരിചയപ്പെടുത്തുന്നത്. അവിടെ നിന്നും ലീന ആഗ്രഹിച്ചപോലെ സിനിമയിലെത്തി. കൂടുതല്‍ അവസരങ്ങള്‍ക്കായി ലീനയ്‌ക്കൊപ്പം സുകേഷും നിന്നു. ആ ബന്ധം പിന്നെ ഇരുവരെയും കാമുകീകാമുകരാക്കി. സുകേഷ് തന്റെ സ്വപ്നങ്ങള്‍ എല്ലാം യാഥാര്‍ത്ഥ്യമാക്കുമെന്ന് ലീന വിശ്വസിച്ചിരുന്നിടത്തു നിന്നാണ്, ആ പെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിക്കുന്ന ട്വിസ്റ്റുകള്‍ വരുന്നത്.

ലീന കരുതിയിരുന്ന പോലെ ഒരാള്‍ ആയിരുന്നില്ല സുകേഷ്. പക്ഷേ, ഒരു രക്ഷപെടല്‍ സാധ്യമായതുമില്ല. പണം നേടാന്‍ തട്ടിപ്പും വഞ്ചനയും മോഷണവും; അങ്ങനെ ഏതുവഴിയും സ്വീകരിക്കുന്ന ഒരാളായിരുന്നു സുകേഷ്. ഒരു ചെറിയ ട്വിസ്റ്റ് കൂടി ഇതിനിടയില്‍ പറയണം. തുടക്കത്തില്‍ സുകേഷില്‍ നിന്നും ലീനയ്ക്കും തട്ടിപ്പ് നേരിടേണ്ടി വന്നിരുന്നു. സിനിമയില്‍ അവസരങ്ങള്‍ വാങ്ങി നല്‍കാമെന്നു പറഞ്ഞു വഞ്ചിച്ചു! ലീന സുകേഷിനെതിരേ പൊലീസ് പരാതി നല്‍കുകയും അയാള്‍ അറസ്റ്റിലാവുകയും ചെയ്തു. എന്നാല്‍ പിന്നീട് കണ്ടത് സുകേഷിനൊപ്പം അയാളുടെ തട്ടിപ്പുകളില്‍ ലീനയും പങ്കാളിയാവുന്നതാണ്. സ്വന്തം കുരുക്കുകള്‍ കൂടുതല്‍ മുറുക്കുകയായിരുന്നു ലീന.

സുകേഷ് ചന്ദ്രശേഖര്‍ കൂര്‍മബുദ്ധിക്കാരനായൊരു തട്ടിപ്പുകാരനായിരുന്നു. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസം, പക്ഷേ ഇംഗ്ലീഷ് ഉള്‍പ്പെടെ സംസാരിക്കുന്ന ഭാഷകള്‍ പലത്. ആരെയും വീഴ്ത്തുന്ന പെരുമാറ്റം. ബംഗളൂരു ഡെവലപ്പ്‌മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ തന്റെ കുറ്റകൃത്യങ്ങള്‍ ആരംഭിക്കുന്നത്. ബംഗളൂരുവിലെ ബിഷപ്പ് കോട്ടണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്തേ തുടങ്ങിയ തട്ടിപ്പുകള്‍. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ബന്ധുവാണെന്ന് പറഞ്ഞ് നൂറിലേറെ പേരില്‍ നിന്നായി 50 കോടി രൂപയോളമാണ് ഇയാള്‍ തട്ടിയത്. ബംഗളൂരുവിലെ ആഡംബര മേഖലയായ കോറമംഗലയില്‍ ഒരു ആഡംബര ഫ്ലാറ്റില്‍ കരുണാനിധിയുടെ മകന്‍ അഴഗിരിയുടെ മകനാണെന്ന് പറഞ്ഞാണ് 2010ല്‍ സുകേഷ് താമസിച്ചിരുന്നത്. കൂടാതെ ഒരു പൗള്‍ട്രി കരാറില്‍ ഏര്‍പ്പെടാന്‍ ഇയാള്‍ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരും ഉപയോഗിച്ചു. ചെന്നൈയിലെ ഒരു ബിസിനസുകാരനെയും കരുണാനിധിയുടെ കൊച്ചുമകന്‍ എന്ന പേരില്‍ സമീപിച്ചെങ്കിലും 1.49 ലക്ഷം രൂപ മാത്രമാണ് ഇയാള്‍ക്ക് തട്ടിയെടുക്കാന്‍ സാധിച്ചത്. അതോടെ ഈ തട്ടിപ്പ് രീതി പുറത്താകുകയും ചെയ്തു. എന്നാല്‍ അതുകൊണ്ടും ഇയാള്‍ ഈ തട്ടിപ്പ് നിര്‍ത്തിയില്ല. ജെഡി(എസ്) നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ മകന്റെ സുഹൃത്തുമാണെന്ന് പറഞ്ഞ് ബംഗളൂരുവിലും സമാന തട്ടിപ്പ് നടത്തി. അന്തരിച്ച ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മരുമകനാണെന്ന് പറഞ്ഞ് ഒരിക്കല്‍ ഹൈദ്രാബാദിലും തട്ടിപ്പ് നടത്തി. അമ്പതോളം തട്ടിപ്പ് കേസുകളാണ് നിലവില്‍ സുകേഷിന്റെ പേരിലുള്ളത്. കാറില്‍ ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ചും ബോഡിഗാര്‍ഡുകളുടെ സംരക്ഷണത്തിലുമായിരുന്നു ഇയാളുടെ യാത്രകള്‍. പലപ്പോഴും ബിസിനസ് ശത്രുക്കളെ കായികമായി നേരിടേണ്ടി വന്നിരുന്ന ഇയാള്‍ക്ക് തന്റെ തട്ടിപ്പുകളുടെ മറയായിരുന്നു ഇവയെല്ലാം.

സുകേഷിന്റെ തട്ടിപ്പ് ലോകത്തേക്ക് ലീനയും ചേര്‍ന്നതോടെ ഇരുവരും ചേര്‍ന്ന് വന്‍പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി. ഇത്തരത്തില്‍ കിട്ടിയ പണം കൊണ്ട് അത്യാഢംബരമായ ജീവിതമായിരുന്നു ഇരുവരും നയിച്ചത്. അസ്റ്റണ്‍ മാര്‍ട്ടിന്‍, റോള്‍സ് റോയ്‌സ്, ലാന്‍സ് ക്രൂയിസര്‍, ഹമ്മര്‍, ബിഎംഡബ്ല്യു; മാറി മാറി ഉപയോഗിക്കാന്‍ ആഢംബര കാറുകള്‍, മാസം നാല് ലക്ഷത്തോളം രൂപ വാടകയുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ജീവിതം, ഫാം ഹൗസുകള്‍…

പക്ഷേ, ഇരുവരും പിടിക്കപ്പെട്ടു. ഡെല്‍ഹിയിലെ ഒരു ഫാം ഹൗസ് ഉടമകളെ കബളിപ്പിച്ച കേസില്‍ ആദ്യം പിടിയിലാകുന്നത് ലീനയാണ്. രക്ഷപ്പെട്ട സുകേഷിനെ കൊല്‍ക്കൊത്തയില്‍ നിന്നും പിന്നീട് പിടികൂടി. 2013-ല്‍ തന്നെ ചെന്നൈയിലെ ഒരു ബിസിനസ് ദമ്പതികളെയും കാനറ ബാങ്കിനെയും ഉള്‍പ്പെടുത്തി നടത്തിയ 19 കോടി രൂപയുടെ തട്ടിപ്പാണ് ഇവരുടെ പേരിലുള്ള മറ്റൊരു പ്രമുഖ കേസ്. ഈ കേസിലും സുകേഷിനൊപ്പം ലീനയും അറസ്റ്റിലായി. കര്‍ണാടകയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഫ്യൂച്ചര്‍ ടെക്‌നിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും സാനിറ്ററി നാപ്കിന്‍ യന്ത്രങ്ങളുടെ കരാറിന്റെ പേരില്‍ 132 കോടി രൂപ തട്ടിയെടുത്ത കേസിലും സുകേഷിനൊപ്പം ലീനയേയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. 2015 ല്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ലീനയേയും സുകേഷിനെയും പിടികൂടി. പത്തുകോടിയുടെ തട്ടിപ്പ് കേസില്‍. നിക്ഷേപിക്കുന്ന പണത്തിന്റെ മുന്നൂറ് മടങ്ങോളം തിരിച്ചുകിട്ടുമെന്ന പ്രലോഭനം നടത്തിയാണ് ലീനയും സുകേഷും പണം തട്ടിയത്.

ക്രിമിനല്‍ കുറ്റങ്ങള്‍ക്കാണ് താനും പങ്കാളിയാകുന്നതെന്ന് മനസിലായിട്ടും രക്ഷപ്പെടാന്‍ കഴിയാത്തതുകൊണ്ടോ, അതോ ആഢംബര ജീവിതത്തില്‍ ഭ്രമിച്ചതുകൊണ്ടോ ലീന സുകേഷിനൊപ്പം അയാളുടെ ഓരോ തട്ടിപ്പിനും കൂട്ടുനിന്നു. ഫാം ഹൗസില്‍ നിന്നും ലീനയെ ഒരിക്കല്‍ അറസ്റ്റ് ചെയ്യുമ്പോള്‍ അവിടെ നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെടുത്തത് ഒമ്പത് ആഢംബര കാറുകളും വിലയേറിയ 81 റിസ്റ്റ് വാച്ചുകളുമാണ്. കാറുകളാകട്ടെ, റോള്‍സ് റോയ്‌സ് ഫാന്റം, ആസ്റ്റന്‍ മാര്‍ട്ടിന്‍, ബിഎംഡബ്ല്യു, റേഞ്ച് റോവര്‍, ഔഡി തുടങ്ങിയവയും.

തട്ടിപ്പ് പണമാണെങ്കിലും അത് ഉപയോഗിച്ചു നയിക്കുന്ന ആര്‍ഭാടപൂര്‍ണമായ ജീവിതത്തില്‍ ലീനയും മയങ്ങിപ്പോയതാണ് സുകേഷിനൊപ്പം തുടരാന്‍ അവരെ പ്രേരിപ്പിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.

ഇന്ത്യയിലാകെ തട്ടിപ്പ് നടത്തി, നിരവധി കേസുകളില്‍ പ്രതിയായി ജയിലിലായ സുകേഷിനൊപ്പമുള്ള ജീവിതം ലീനയേയും ഇരുമ്പഴിക്കുള്ളിലാക്കി.

പിന്നീട് പുറത്തു വന്ന ലീന തന്റെ ജീവിതത്തെ കുറിച്ച് പറയുകയുണ്ടായി. എല്ലാം വിവരിച്ച് ഒരു പുസ്തകം എഴുതുമെന്ന് ഒരിക്കലവര്‍ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. സിബിഐ അന്വേഷണം വരെ നേരിടേണ്ടി വന്ന ജീവിതത്തില്‍ എവിടെയാണ് തനിക്ക് പിഴച്ചതെന്ന് ലീന പറയുന്നുണ്ട്; അതെല്ലാം ഞാന്‍ സ്‌നേഹിച്ച ആളിനു വേണ്ടിയായിരുന്നു എന്ന ഒറ്റവാചകത്തില്‍ (ലീനയും സുകേഷും വിവാഹിതരാണെന്ന വാര്‍ത്തയും ഇതിനിടയില്‍ വന്നിരുന്നു). സമൂഹത്തിന്റെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ ഒരു പെണ്‍കുട്ടിക്ക് കടന്നുപോകാന്‍ കഴിയാത്ത സാഹചര്യങ്ങളിലൂടെയാണ് താനിപ്പോള്‍ പോകുന്നതെങ്കിലും ശുഭാപ്തി വിശ്വാസം നഷ്ടമായിട്ടില്ലെന്നും ഇപ്പോള്‍ തനിക്കെതിരേ ചുമത്തിയിരിക്കുന്ന എല്ലാ കേസുകളിലും നിന്നും സ്വതന്ത്രയായി താന്‍ തിരിച്ചുവരുമെന്നും ലീന പറഞ്ഞിരുന്നു. ഒരു മനുഷ്യനെ ഒരുപാട് സ്‌നേഹിച്ചു പോയതിന്റെ പേരില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളായിരിക്കും എഴുതാന്‍ പോകുന്ന പുസ്തകത്തിലൂടെ താന്‍ തുറന്നു പറയാന്‍ പോകുന്നതെന്നും ലീന വ്യക്തമാക്കിയിരുന്നു.

വീണ്ടും സിനിമയിലും ചാനല്‍ പരിപാടികളിലും സജീവമാവുകയാണെന്നായിരുന്നു ഒരു ദേശീയ മാധ്യമത്തോട് 2016-ല്‍ സംസാരിക്കുമ്പോള്‍ ലീന പറഞ്ഞിരുന്നത്. ചോള രാജവംശത്തെക്കുറിച്ച് ഒരുങ്ങുന്ന വിവിധഭാഷ സിനിമയില്‍ ഒരു രാജകുമാരിയുടെ വേഷം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും ലീന അവകാശപ്പെട്ടിരുന്നു.

പക്ഷേ, ലീന പറഞ്ഞ കാര്യങ്ങളിലൂടെയൊന്നുമല്ല അവര്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ എത്തിയിരിക്കുന്നത്. ഏത് തരം ജീവിതമായിരുന്നോ നയിച്ചിരുന്നത്, അതില്‍ നിന്നും താന്‍ രക്ഷപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞ ലീന അതേ അനുഭവങ്ങളുമായാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്ത തലക്കെട്ട് ആയിരിക്കുന്നത്. ഇനി അറിയേണ്ടത് ഒറ്റ ചോദ്യത്തിനുള്ള ഉത്തരം മാത്രമാണ്; രവി പൂജാരി എന് അധോലോക നായകന്‍ ലീന മരിയ പോള്‍ എന്ന നടിയെ എന്തിന് ടാര്‍ഗറ്റ് ചെയ്യുന്നു? അതിനുള്ള ഉത്തരം ലീനയുടെ ജീവത്തിലെ പുതിയൊരു കഥയുടെ തുടക്കമായിരിക്കും.

കൊച്ചിയില്‍ ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പ്പ്

ദിനകരനെ കുടുക്കിലാക്കിയ സുകേഷ് ചന്ദ്രശേഖരന്‍; തട്ടിപ്പുകളുടെ രാജകുമാരന്‍

ഒത്തുതീര്‍പ്പിനില്ലാതെ ഒപിഎസ്; ശശികല പോയേ തീരൂ

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍