UPDATES

ട്രെന്‍ഡിങ്ങ്

ഒന്നാം നമ്പര്‍ ക്രിമിനല്‍ ഹബ്ബായി മാറുന്ന കൊച്ചി

ക്രൈം ഹബ്ബ് ആയി കൊച്ചി മാറിയെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.

മലയാള സിനിമകള്‍ ഗ്യാംഗ്‌സറ്റുകളുടെയും ക്രിമിനല്‍ കുടിപ്പകകളുടെയും കഥ പറയുമ്പോള്‍ എപ്പോഴും പശ്ചാത്തലമാക്കുന്നത് കൊച്ചിയാണ്. സിനിമയിലെ കൊച്ചി അധോലോക കേന്ദ്രമാണ്. എന്തുകൊണ്ട് കൊച്ചി? കേരളത്തിലെ മറ്റ് സ്ഥലങ്ങളിലൊന്നുമില്ലാത്തയത്ര ക്രിമിനല്‍ സ്വഭാവം കൊച്ചിക്കുള്ളതാണോ കാരണം. ആണെന്നു പറയാവുന്ന ചില സംഭവങ്ങള്‍ക്ക് സമീപദിവസങ്ങളില്‍ തന്നെ ഈ മെട്രോ സിറ്റിയിലും പരിസര പ്രദേശങ്ങളിലും നടന്നിട്ടുണ്ട്. ഏറ്റവും പുതിയത് വ്യാഴാഴ്ച്ച ഷിപ്പ്‌യാര്‍ഡിനു മുന്നില്‍ നടന്നതാണ്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ഒരു സംഘം കൂടുതല്‍ പണം ആവശ്യപ്പെട്ട് ഒരു യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോകുന്നു. ഏതുവിധേനയോ യുവാവ് കാറില്‍ നിന്നും രക്ഷപ്പെട്ട് ഇറങ്ങിയോടുന്നു. യുവാവ് രക്ഷപ്പെട്ടതോടെ തങ്ങള്‍ അപകടത്തിലാകുമെന്ന വെപ്രാളത്തില്‍ കാറില്‍ കടന്നു കളയാനുള്ള അക്രമികളുടെ ശ്രമം മറ്റൊരു മനുഷ്യന്റെ ജീവനെടുക്കുന്നു. അമിതവേഗതയില്‍ കാര്‍ മുന്നോട്ട് എടുത്തപ്പോള്‍ മുന്നിലെ സ്‌കൂട്ടറില്‍ ഇടിക്കുന്നു. സ്‌കൂട്ടറില്‍ നിന്നും താഴെ വീണയാളുടെ ശരീരത്തില്‍ കൂടെ കാര്‍ കയറിയിറങ്ങി ആള്‍ കൊല്ലപ്പെടുന്നു. ഇത്തരം രംഗങ്ങള്‍ സിനിമകളില്‍ കണ്ടിട്ടുണ്ടാകുമെങ്കിലും കണ്‍മുന്നില്‍ നേരിട്ട് കാണുമ്പോള്‍, അതും സ്വന്തം നഗരത്തില്‍ സംഭവിച്ചു കാണുമ്പോള്‍ ജനങ്ങള്‍ ഭയക്കുന്നു. ഇങ്ങനെയൊന്നു നടന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് പനമ്പള്ളി നഗറില്‍ ഒരു ബ്യൂട്ടിപാര്‍ലറില്‍ പട്ടാപ്പകല്‍ രണ്ട് ചെറുപ്പക്കാര്‍ എത്തി വെടിയുതിര്‍ത്തു കടന്നു കളഞ്ഞത്. ഇത്തരം വെടിവയ്പ്പു സീനുകളും സിനിമകളില്‍ കണ്ടുമാത്രമായിരുന്നു പരിചയം. പേടിപ്പിച്ചത് അതുമാത്രമല്ല, യുവാക്കള്‍ എത്തിയത് അധോലോക നായകന്‍ രവി പൂജാരിയുടെ നിര്‍ദേശപ്രകാരമാണെന്ന വാര്‍ത്തയായിരുന്നു. മുംബൈ അധോലോകവും കൊച്ചിയെ കൈപ്പിടിയിലാക്കുന്നുവെന്ന വാര്‍ത്ത ഒട്ടും ആശ്വാസകരമല്ലല്ലോ!

സിനിമക്കഥകളിലെ അതേ കൊച്ചിയോ?
ഭീഷണികളും തട്ടിക്കൊണ്ടു പോകലുകളും മാത്രമല്ല, കോടികളുടെ മയക്കുമരുന്നുകള്‍ ഒഴുകുന്നയിടം എന്നതുകൂടി കൊച്ചിയുടെ പേരുദോഷമാണ്. മെട്രോനഗരങ്ങളുടെ ആഘോഷങ്ങളില്‍ കൊച്ചിയും സജീവമാണ്. സെലിബ്രിറ്റികള്‍, ബിസിനസുകാര്‍, ചെറുപ്പക്കാര്‍; ആഘോഷ പാര്‍ട്ടികളുടെ നിറസാന്നിധ്യങ്ങളായി മാറുന്ന ഹൈ പ്രൊഫൈലുകള്‍. ഇത്തരം ആഘോഷങ്ങള്‍ വാര്‍ത്തകളായി മാറുന്നത് മയക്കു മരുന്ന് ഉപയോഗങ്ങളുടെയും വില്‍പ്പനകളുടെയും പേരിലാണ്. കാക്കനാട് ഫ്ലാറ്റില്‍ നിന്നും ലക്ഷങ്ങളുടെ മയക്കു മരുന്നുമായി സീരിയല്‍-സിനിമ നടി അശ്വതി ബാബു അറസറ്റിലായ വാര്‍ത്ത ഞെട്ടലോ അത്ഭുതമോ ഉണ്ടാക്കിയില്ല. ഇത്രയും വില വരുന്ന മയക്കുമരുന്നുകള്‍ കൊച്ചിയില്‍ ഉപയോഗിക്കുന്നുവെന്നതോ അതിനു പിറകില്‍ ഒരു അഭിനേത്രി ആണെന്നതോ ഞെട്ടിപ്പിക്കുന്ന വിവരമാകാതിരുന്നത്, അതൊരു പുതിയ സംഭവമല്ലായിരുന്നതുകൊണ്ടാണ്. അന്താരാഷ്ട്രതലത്തില്‍ തന്നെ നിരോധിക്കപ്പെട്ട മയക്കുമരുന്നുകളാണ് കൊച്ചിയില്‍ എത്തുന്നത്. അതിന്റെ കാരിയര്‍ ആയി മാറുന്നവരും വില്‍പ്പനക്കാരും ഉപഭോക്താക്കളുമൊക്കെ സെലിബ്രിറ്റികളും ഹൈ പ്രൊഫൈലുകളുമായിരിക്കും. അവര്‍ മാത്രമെ ഇതൊക്കെ ഉപയോഗിക്കുന്നുവെന്നല്ല. അശ്വതിയില്‍ നിന്നും പിടികൂടിയത് ഗ്രാമിന് രണ്ടായിരം രൂപ വരെ വില വരുന്ന നിരോധിത ലഹരി വസ്തുവായ മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍ എന്ന എംഡിഎംഎ ആയിരുന്നു. ലക്ഷങ്ങള്‍ വില വരുന്നയത്ര. നാളുകള്‍ക്ക് ശേഷമാണ് അശ്വതി പിടിയിലാകുന്നത്. അത്രകാലവും സുഗമമായി വില്‍പ്പനയും ഉപയോഗവും നടന്നു വന്നു. ഈ കേസ് ഉണ്ടാകുന്നതിന് മാസങ്ങള്‍ക്കു മുമ്പാണ് ഇതേ ലഹരി വസ്തു തന്നെ കൊച്ചിയില്‍ നിന്നും പിടികൂടിയത്. അന്നു പിടികൂടിയത് എത്ര രൂപയുടേതായിരുന്നുവെന്ന് കേള്‍ക്കണോ? 200 കോടിയുടെ! മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ കേന്ദ്രം മാത്രമല്ല, ലഹരിവസ്തുക്കളുടെ സജീവമായ മാര്‍ക്കറ്റ് കൂടിയാണ് കൊച്ചിയെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ആക്രമണങ്ങള്‍, ഭീഷണിപ്പെടുത്തല്‍, ബലാത്സംഗം, മയക്കുമരുന്ന് കച്ചവടം; ഇതൊക്കെ നിറഞ്ഞ കൊച്ചി തീര്‍ച്ചയായും കേരളത്തിലെ മറ്റ് നഗരങ്ങളില്‍ നിന്നും വ്യത്യസ്തയാണെന്ന് ആക്ഷേപം ഉയര്‍ത്തുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മതി തെളിവായി.

എന്നാല്‍ ഈ പറയുന്നത്ര ദുഷിച്ചു പോയോ കൊച്ചി? ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ക്രൈം ഹബ്ബ് ആയി കൊച്ചി മാറിയെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. എഴുതുന്ന കഥകളെല്ലാം വിശ്വസിക്കരുതെന്നും യഥാര്‍ത്ഥ്യങ്ങളെ മറച്ചുവച്ച് സിനിമ തിരക്കഥപോലെ വായനക്കാരെ ത്രസിപ്പിക്കാന്‍ മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ മെനയുകയാണെന്ന പരാതിയാണ് പൊലീസിന്.

കൊച്ചിയില്‍ ക്രൈം റേറ്റ് കൂടുന്നുണ്ടോ?

അത്തരമൊരു ആരോപണം ആദ്യം തന്നെ നിഷേധിക്കുകയാണ് ഡിസിആര്‍ബി (ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ) അസി. കമ്മിഷണര്‍ രാജേഷ്. “മുന്‍പത്തെ അപേക്ഷിച്ച് കേരളത്തിലെ ക്രൈം റേറ്റ് കൂടുതലാണ്. കൊച്ചിയില്‍ മാത്രമല്ല. എന്നാല്‍ അതിനര്‍ത്ഥം കേരളം ക്രൈമുകളുടെ കേന്ദ്രമായി മാറുന്നവെന്നല്ല. ചെറിയ കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നതാണ് ക്രൈം നിരക്കുകള്‍ കൂടുന്നതിനുള്ള കാരണം. അത് പൊലീസിന്റെ നടപടികളുടെ ഭാഗമാണ്. പോസിറ്റീവ് ആയാണത് കാണേണ്ടത്. മുന്‍പ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊക്കെ എതിരേയുള്ള കേസുകള്‍ ഒഴിവാക്കി വിടുന്നൊരു രീതിയുണ്ടായിരുന്നു. ഇന്നങ്ങനെയല്ല, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വവും അവകാശങ്ങളും പ്രധാന ലക്ഷ്യമാണ്. അതുകൊണ്ട് തന്നെ ചെറിയൊരു കാര്യത്തില്‍ പോലും കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുകയാണ്. ഗാര്‍ഹികപീഢനങ്ങള്‍ പോലും ഒതുക്കി തീര്‍ത്തു വിടുന്ന പതിവ് ഇന്നില്ല. ഒരു ഉദ്യോഗസ്ഥനും ഇത്തരം കാര്യങ്ങളില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാകില്ല. ചെറിയ ചെറിയ അടിപിടി കേസുകളില്‍ പോലും വിട്ടുവീഴ്ചയ്ക്ക് പൊലീസ് തയ്യാറാല്ല. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാലും ഇതേ നിലപാടാണ്. ഇതൊക്കെ കൊണ്ടാണ് നമ്മുടെ ക്രൈം റേറ്റ് കൂടുന്നത്. അതിനെ വിമര്‍ശനാത്മകമായല്ല, നിയമവാഴ്ച്ചയുടെ കരുതലായി വേണം കാണാന്‍.”

ഈ ഡേറ്റകള്‍ പറയുന്നത് സത്യമോ?

കൊച്ചിയില്‍ ക്രിമിനലുകള്‍ വിലസുന്നു എന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത് യാഥാര്‍ത്ഥ്യങ്ങള്‍ പോലും തിരക്കാതെയാണെന്നാണ് ഈ ചോദ്യത്തിനു പൊലീസ് നല്‍കുന്ന മറുപടി. തങ്ങളോട് ബന്ധപ്പെടാന്‍ പോലും തയ്യാറാകാതെ ഒരു ആക്ഷന്‍ സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നതുപോലെയാണ് വാര്‍ത്തകള്‍ ചെയ്യുന്നതെന്നാണ് അവരുടെ പരാതി. മാധ്യമങ്ങള്‍ പറയുന്ന ഡേറ്റകള്‍ പലതും തെറ്റാണ്. കഴിഞ്ഞവര്‍ഷം മാത്രം 13 തട്ടിക്കൊണ്ടു പോകല്‍ കേസുകളാണ് കൊച്ചിയില്‍ നടന്നതെന്നാണ് ഒരു പത്രം എഴുതിയിരിക്കുന്നത്. പെണ്‍കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഒമ്പതു കേസുകളും മറ്റുള്ളവരെ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് നാലു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടത്രേ. അവര്‍ക്കിത് എവിടെ നിന്നു കിട്ടിയ വിവരമാണ്? ഏതായാലും ഡിസിആര്‍ബിയില്‍ അന്വേഷിച്ച് പറയുന്നതല്ല. ഇവിടെ അങ്ങനത്തെ അന്വേഷണം നടന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും; അസി. കമ്മിഷണര്‍ പറയുന്നു.

കൊച്ചി പഴയ കൊച്ചിയല്ല
കഴിഞ്ഞ മൂന്നുകൊല്ലക്കാലത്തെ കണക്കുവച്ചു പറഞ്ഞാല്‍, കൊച്ചിയില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂണ്ടാ വിളയാട്ടങ്ങളോ ക്രൂരമായ ക്രിമിനല്‍ പ്രവര്‍ത്തികളോ നടന്നിട്ടില്ലെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. കൊച്ചിയില്‍ ഒരു ക്രിമിനലും സുഖമായി വിലസുന്നില്ല. മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും വെടിവയ്പ്പും തട്ടിക്കൊണ്ടു പോകലും കൊലപാതകങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. അത് ഒറ്റപ്പെട്ട സംഭവങ്ങളായി കാണണം. അല്ലാതെ ഇതൊക്കെ സ്ഥിരമായി ഇവിടെ നടക്കുന്നുവെന്ന് പറയരുത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ കുറ്റവാളികളെ പിടികൂടുന്നുമുണ്ട്; പൊലീസിന്റെ വിശദീകരണമാണ്. കൊച്ചി ഒരു മെട്രോപോളിറ്റന്‍ നഗരമായി വളരെ വേഗത്തില്‍ വളര്‍ന്നുവരുന്നൊരു സ്ഥലമാണ്. എന്തു വേണമെങ്കിലും സംഭവിക്കാവുന്നൊരു സ്ഥലം. എത്രയോ ആളുകള്‍, എവിടെ നിന്നെല്ലാം വന്നുപോകുന്നിടം. കേരളത്തിനും പുറത്തു നിന്നും ഇന്ത്യക്ക് പുറത്തു നിന്നുമെല്ലാം ആളുകള്‍ വരുന്നു, തങ്ങുന്നു, പോകുന്നു. കഴിഞ്ഞ മൂന്നുകൊല്ലത്തിനിടയില്‍ ഇവിടുത്തെ ക്രൈം റേറ്റ് രണ്ടായിരത്തിനും മുകളിലാണ്. ഈ കണക്ക് വച്ച് കൊച്ചി ക്രൈം ഹബ്ബ് ആയെന്നല്ല എഴുതേണ്ടത്. പൊലീസിന്റെ ആക്ഷന്‍ ആണ് കാണേണ്ടത്. നടപടികള്‍ എടുക്കുന്ന കേസുകളാണല്ലോ രജിസ്റ്റര്‍ ചെയ്യുന്നത്. പൊലീസ് അനാസ്ഥയിലാണെങ്കില്‍ ഇത്തരത്തില്‍ നടപടികള്‍ ഉണ്ടാകില്ലല്ലോ! റേറ്റും കുറഞ്ഞിരിക്കും. ഗൂണ്ടാ സംഘങ്ങള്‍ ചേരിതിരിഞ്ഞ് ആക്രമണങ്ങള്‍ നടത്തുന്ന കഥകളൊന്നും ഇപ്പോള്‍ കൊച്ചിയെക്കുറിച്ച് പറയാന്‍ ഇല്ലല്ലോ! കൊച്ചി പഴയ കൊച്ചിയല്ല; പൊലീസ് ചൂണ്ടിക്കാണിക്കുന്നു.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കൊച്ചിയെ ക്രിമനല്‍ ഹബ്ബ് ആക്കരുത്
ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ്പ് നടന്നതും തട്ടിക്കൊണ്ടു പോകലിനിടയില്‍ ഒരാള്‍ കൊല്ലപ്പെടുന്നതുമൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണണമെന്നാണ് പൊലീസ് പറയുന്നത്. നിരന്തരമായി ഇത്തരം സംഭവവങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ മാത്രമാണ് കൊച്ചി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറി എന്ന ആക്ഷേപത്തില്‍ വാസ്തവം ഉണ്ടാകൂ എന്നും പൊലീസ് വാദിക്കുന്നു. വളരെ നാളുകള്‍ക്ക് ശേഷം ഉണ്ടാകുന്ന ചില ക്രൈമുകളാണവ. ഏറ്റവും കുറഞ്ഞത് കഴിഞ്ഞ മൂന്നുവര്‍ഷത്തെ ക്രൈം സ്റ്റാറ്റിസ്റ്റിക് വച്ചാണ് ഇതു പറയുന്നത്. മുമ്പ് ഈ നഗരത്തില്‍ ഗ്യാംഗുകള്‍ തിരിഞ്ഞ് ഗൂണ്ടാ നേതാക്കന്മാരുടെ നേതൃത്വത്തില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ഇപ്പോള്‍ അത്തരം വാര്‍ത്തകള്‍ വരുന്നുണ്ടോ എന്നത് ഗൗരവമായി ചിന്തിക്കണം. ലഹരി വസ്തുക്കളുടെ കച്ചവട കേന്ദ്രമായും ഇവയുടെ ഉപയോഗം വര്‍ദ്ധിക്കുകയാണെന്നും വിമര്‍ശിക്കുമ്പോള്‍ പൊലീസ് എത്ര കേസുകളാണ് ഇക്കാര്യത്തില്‍ എടുത്തിരിക്കുന്നതെന്നും എത്രയോ കോടികളുടെ ലഹരി വസ്തുക്കള്‍ പിടികൂടിയിട്ടുണ്ടെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടി കണക്കെടുക്കണം; അസി. കമ്മിഷണറുടെ വാക്കുകള്‍.

ഇത്തരം ക്രൈമുകള്‍ നടക്കാതിരിക്കാന്‍ ഏറെ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും പറയുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റു ചില വിഷയങ്ങളുമുണ്ട്; എല്ലാ ക്രൈമുകളും പൂര്‍ണമായും തടയുക എന്നത് ഇതുപോലൊരു മെട്രോ നഗരത്തില്‍ എത്രത്തോളം ദുഷ്‌കരമാണെന്നും ചിന്തിക്കണം. പൊലീസിന് വിവരം കിട്ടിയാല്‍ യാതൊരു അമാന്തവും കാണിക്കാറില്ല. ബിസിനസുകരെ തൊടില്ല, സെലിബ്രിറ്റികളെ തൊടില്ല എന്നൊന്നും വിമര്‍ശിക്കുന്നതില്‍ ഒരു അടിസ്ഥാനവുമില്ല. കുറ്റം ചെയ്യുന്നവര്‍ ആരായാലും അവരെല്ലാം നിയമത്തിനു മുന്നില്‍ ഒരേപോലെയാണ്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തടയാം എന്നതിനുള്ള മറുപടിയാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതും അവര്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കുന്നതും. ഇത് കാണുമ്പോള്‍, പൊലീസ് പിന്നാലെയുണ്ടെന്ന ഭയം മറ്റുള്ളവര്‍ക്ക് ഉണ്ടാവുകയും അവര്‍ ക്രൈമുകളില്‍ ഏര്‍പ്പെടാന്‍ മടിക്കുകയും ചെയ്യും. അങ്ങനെയാണ് പലതും നമുക്ക് അവസാനിപ്പിക്കാന്‍ കഴിയുന്നത്. വിവാദമായ കേസുകള്‍ എത്രയെണ്ണം കൊച്ചിയില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നു കൂടി പരിശോധിക്കണം. വിരലില്‍ എണ്ണാവുന്നതിലും താഴെ. പ്രമാഥമായ മോഷണക്കേസുകളില്‍ കേരളത്തിനു പുറത്തു പോയി പ്രതികളെ പിടികൂടിയിട്ടുണ്ട് പൊലീസ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളുടെ കണക്കെടുത്താല്‍, കൊലപാതകം മോഷണം, ബലാത്സംഗം തുടങ്ങിയ പ്രധാന കേസുകളിലും പ്രതികളെ പിടികൂടാതിരുന്നിട്ടില്ല പൊലീസ്. പിന്നെയും എന്തുകൊണ്ടാണ് ഇത്തരം കുറ്റപ്പെടുത്തലുകള്‍ വരുന്നത്?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍