UPDATES

ട്രെന്‍ഡിങ്ങ്

കൊച്ചി മെട്രോ സ്റ്റേഷനുകള്‍ ഈ 13 ചിത്രങ്ങള്‍ കൊണ്ട് നിങ്ങളുടെ മനം കവരും

മെട്രോ സ്റ്റേഷനുകള്‍ അലങ്കരിക്കാനായി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഫോട്ടോകള്‍ ആവശ്യപ്പെട്ട് കെ എം ആര്‍എല്‍ പരസ്യം നല്‍കിയിരുന്നു

കൊച്ചി മെട്രോ എല്ലാ അര്‍ത്ഥത്തിലും യാത്രക്കാരുടെ മനം കവരാനുള്ള ഒരുക്കത്തിലാണ്. ഓരോ സ്റ്റേഷനുകളും പ്രത്യേക വിഷയങ്ങള്‍ ആസ്പദമാക്കിയ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചു കേരളത്തിന്റെ ദൃശ്യ ഭംഗിയും സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന രീതിയിലാണ് രൂപകല്പ്പന ചെയ്തിട്ടുള്ളത്.

കൊച്ചി മെട്രോ സ്റ്റേഷനുകള്‍ അലങ്കരിക്കാനായി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഫോട്ടോകള്‍ ആവശ്യപ്പെട്ട് കെ എം ആര്‍എല്‍ പരസ്യം നല്‍കിയിരുന്നു. ഒരുമാസം കൊണ്ട് നാലായിരത്തിലേറെ ചിത്രങ്ങളാണ് ലഭിച്ചത്. കേരളത്തിന്റെ പ്രകൃതിഭംഗിയും സാംസ്‌കാരിക തനിമയും നിറയുന്ന ചിത്രങ്ങളാണ് അധികവും ലഭിച്ചതെന്നും അതില്‍ പതിമൂന്നു ചിത്രങ്ങളാണ് ഇപ്പോള്‍ സെലക്ട് ചെയ്തിട്ടുള്ളതെന്നും കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള സ്റ്റേഷനുകളിലായിരിക്കും തിരഞ്ഞെടുത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.

കൊച്ചി മെട്രോയുടെ ചുമരുകള്‍ക്ക് നിറംപകരാന്‍ മലപ്പുറത്ത് നിന്നു മൂന്ന് ചിത്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. എടവണ്ണ ചാത്തല്ലൂരിന്റെ ഗ്രാമചാരുതയും കാലിക്കറ്റ് സര്‍വകലാശാലാ പരിസരത്തെ പൂക്കളും എടരിക്കോട് സര്‍ക്കാര്‍ യു പി സ്‌കൂളിനു മുന്നിലെ വാകപ്പൂക്കളുമാണ് മെട്രോ സ്റ്റേഷന് നിറം പകരാന്‍ മലപ്പുറത്ത് നിന്നു എത്തുന്നത്. മലപ്പുറം എടരിക്കോട് ഗവണ്‍മെന്റ് യു പി സ്‌ക്കൂളിനു മുന്നിലുള്ള വാക പൂവിന്റെ മനോഹരമായ ചിത്രമെടുത്തത് കോട്ടയ്ക്കല്‍ സ്വദേശിയായ അജയ് നിപിനാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന അജയ് ഫോട്ടോഗ്രാഫിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ്. കൊച്ചി മെട്രോയുടെ പാലാരിവട്ടം സ്റ്റേഷനിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുക. പശ്ചിമഘട്ടത്തിലെ പൂക്കളാണ് ഇവിടെ വിഷയമാകുന്നത്.

പ്ലസ്ടു വിദ്യാര്‍ഥിയായ ചാത്തല്ലൂരിലെ സി സഞ്ജയുടെ വീടിനടുത്ത കിഴക്കനൊടിപ്പാടത്തിന്റെ ചിത്രമാണ് മലപ്പുറത്ത് നിന്നുള്ള മറ്റൊരു ചിത്രം. ചുറ്റും കവുങ്ങുകളാല്‍ നിറഞ്ഞ വയലാണ് സഞ്ജയ് തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. ഇന്ത്യന്‍ ഫോട്ടോഗ്രഫി മ്യൂസിയമായ ‘ഫോട്ടോ മ്യൂസ്’ വിവിധ മേഖലകളിലായി നടത്തിയ മത്സരത്തിലും സഞ്ജയിന്റെ ഇതേ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തോട്ടം മേഖല വിഷയമാക്കി പരിഗണിച്ച ചിത്രം മെട്രോയുടെ ഇടപ്പള്ളി സ്റ്റേഷനിലാണ് പ്രദര്‍ശിപ്പിക്കുക.

തേഞ്ഞിപ്പലം സ്വദേശിയായ ശ്രീനു വിജയകൃഷ്ണന്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കു സമീപത്തുനിന്ന് പകര്‍ത്തിയ ചിത്രമാണ് മറ്റൊരു ചിത്രം. ‘പശ്ചിമഘട്ടത്തിലെ പൂക്കള്‍’ എന്ന വിഷയത്തിലാണ് ഈ ചിത്രവും തിരഞ്ഞെടുക്കപ്പെട്ടത്. പാലാരിവട്ടം സ്റ്റേഷനിലാണിത് പ്രദര്‍ശിപ്പിക്കുക. എസ് ബി ഐ. ജീവനക്കാരനാണ് ശ്രീനു വിജയകൃഷ്ണന്‍.

പശ്ചിമഘട്ടത്തിലെ പൂക്കള്‍ എന്ന വിഷയത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു ചിത്രം കോട്ടയംകാരനായ ആനന്ദിന്റെതാണ്. കോട്ടയത്തെ സ്വന്തം വീട്ടില്‍ നിന്നുമാണ് ആനന്ദ് നക്ഷത്രമുല്ലപ്പൂവിന്റെ ഈ സുന്ദരമായ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത്. കൊച്ചി മെട്രോയുടെ പാലാരിവട്ടം സ്റ്റേഷനില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കും. ഐ ടി മേഖലയിലാണ് ആനന്ദ് ജോലി ചെയുന്നത്.

തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു ചിത്രം അടൂര്‍ സ്വദേശിയായ ഡോക്ടര്‍ ഉണ്ണിക്കൃഷ്ണനെടുത്ത കണിക്കൊന്നയുടെ ചിത്രമാണ്. കോട്ടയത്തു നിന്നുമാണ് അദ്ദേഹം കണിക്കൊന്നയുടെ ഈ ചിത്രം പകര്‍ത്തിയത്. പശ്ചിമഘട്ടത്തിലെ പൂക്കള്‍ എന്ന വിഷയത്തില്‍ തന്നെയാണ് ഈ ചിത്രവും തിരഞ്ഞെടുത്തിരിക്കുന്നത്. ഫോട്ടോഗ്രഫി ഏറെ ഇഷ്ടപ്പെടുന്ന ഉണ്ണിക്കൃഷ്ണന്‍ സുഹൃത്തുക്കളോടൊപ്പം സ്ഥിരമായി യാത്രകള്‍ ചെയ്യുന്ന ആളാണ്. പാലാരിവട്ടം സ്റ്റേഷനിലേക്കാണ് ഈ ചിത്രം തിരഞ്ഞെടുത്തിരിക്കുന്നത്.

കാക്കനാട് പൂര്‍ണ്ണം ഇന്‍ഫോവിഷനില്‍ ജോലി ചെയ്യുന്ന അഗ്‌നിസൂനുവിന്റെ രണ്ടു ചിത്രങ്ങളാണ് കൊച്ചിമെട്രോ സ്റ്റേഷന്‍ അലങ്കരിക്കാന്‍ എത്തുന്നത്. മൂന്നാര്‍ സൂര്യനെല്ലി, ചിന്നക്കനാല്‍ ഭാഗത്ത് നിന്നെടുത്തതാണ് തേയിലത്തോട്ടത്തിന്റെ ഈ ചിത്രങ്ങള്‍. കേരളത്തിന്റെ തോട്ടംമേഖല വിഷയമാക്കിയ ഇടപ്പള്ളി സ്റ്റേഷനിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുക. തിരുവാങ്കുളം സ്വദേശിയാണ് അഗ്‌നിസൂനു.

ആലുവ സ്വദേശിയായ ഹബീബ് മലക്കപ്പാറയില്‍ നിന്നു പകര്‍ത്തിയ ആമ്പല്‍പ്പൂക്കളുടെ ചിത്രമാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു ചിത്രം. പശ്ചിമഘട്ടത്തിലെ പൂക്കള്‍ വിഷയമായ പാലാരിവട്ടം സ്റ്റേഷനിലേക്കാണ് ഈ ചിത്രം തിരഞ്ഞെടുത്തിരിക്കുന്നത്. ഷബീബ് പനമ്പള്ളി നഗറിലൊരു സോഫ്റ്റ്വെയര്‍ സ്ഥാപനത്തില്‍ പ്രൊജക്റ്റ് മാനേജരാണ്.

കേരളത്തിലെ നദികള്‍ വിഷയമാക്കി തലാസ്റ്റര്‍ പകര്‍ത്തിയ ചിത്രം ആലുവ മെട്രോ സ്റ്റേഷനിലാണ് പ്രദര്‍ശിപ്പിക്കുക. തട്ടേക്കാട് നിന്നാണ് ഈ ചിത്രം പകര്‍ത്തിയത്. വില്യംസ് ലീയില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുന്ന തലാസ്റ്ററിന്റെ സ്വദേശം പാലാരിവട്ടമാണ്.

തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ ടിജോ ജോര്‍ജ്ജിന്റെ ചെമ്പരത്തിപ്പൂവിന്റെ ചിത്രവും പശ്ചിമഘട്ടത്തിലെ പൂക്കള്‍ വിഷയമായ പാലാരിവട്ടം സ്റ്റേഷന്‍ അലങ്കരിക്കാന്‍ എത്തുന്നുണ്ട്. തൃശ്ശൂരില്‍ നിന്നുമാണ് ഈ ചിത്രം പകര്‍ത്തിയത്. ടിജോയുടെ തെച്ചിപ്പൂവിന്റെ ചിത്രവും തിരഞ്ഞെടുത്തിരുന്നു. ഇപ്പോള്‍ ദോഹയില്‍ ടെലികോം പ്രൊജക്റ്റ് മാനേജറായി ജോലി ചെയ്യുകയാണ് ടിജോ ജോര്‍ജ്ജ്.

കൂടാതെ കേരളത്തിലെ നദികള്‍ വിഷയമാക്കി കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ വിനോദ് വര്‍ഗ്ഗീസ് പകര്‍ത്തിയ രണ്ടു ചിത്രങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്. ഈ രണ്ടു ചിത്രങ്ങളും കുട്ടമ്പുഴയില്‍ നിന്നുമാണ് വിനോദ് പകര്‍ത്തിയത്. കേരളത്തിലെ നദികള്‍ വിഷയമാക്കിയ ആലുവ മെട്രോ സ്റ്റേഷനിലാണ് വിനോദിന്റെ ചിത്രം ദൃശ്യമാക്കുക. കോതമംഗലത്ത് സൈബര്‍കഫെ നടത്തുന്ന വിനോദിനു സ്വന്തമായി സ്റ്റുഡിയോയുമുണ്ട്.

പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ അവകാശം കെഎംആര്‍എലിന് ആയിരിക്കും. ഫോട്ടോയ്ക്ക് പണം ആവശ്യമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അത് നല്‍കും. ചിലര്‍ ഫോട്ടോയ്‌ക്കൊപ്പം പേര് മാത്രം ഉള്‍പ്പെടുത്തിയാല്‍ മതി എന്ന് അറിയിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഫോട്ടോഗ്രാഫര്‍മാരുടെ പേര് കൂടി ഉള്‍പ്പെടുത്തിയ ചിത്രമായിരിക്കും പ്രദര്‍ശിപ്പിക്കുക. പല വലിപ്പത്തിലുള്ള ചിത്രങ്ങള്‍ സ്റ്റേഷന്റെ രൂപകല്‍പ്പനയ്ക്ക് ചേരുന്ന രീതിയില്‍ സ്ഥാപിക്കുമെന്നും കെ എം ആര്‍ എല്‍ അധികൃതര്‍ പറഞ്ഞു.

ചിത്രങ്ങള്‍ കാണാം:

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍