UPDATES

ട്രെന്‍ഡിങ്ങ്

‘ഇപ്പോള്‍ത്തന്നെ 500 വര്‍ഷം പഴക്കമുണ്ട്, ദ്രവിച്ചിട്ടുണ്ട്, അവിടെ കൊച്ചി വാട്ടര്‍ മെട്രോ ജെട്ടി പണിതാല്‍ ചീനവലകളുടെ അന്ത്യമായിരിക്കും’; ആശങ്കയോടെ നാട്ടുകാര്‍

ഒരേ ടിക്കറ്റ് ഉപയോഗിച്ച് കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും സഞ്ചരിക്കത്തക്കവിധത്തിൽ സംവിധാനമാണ് ഒരുക്കുന്നത്

“ചീനവല കണ്ടാല്‍ കൊച്ചിയെത്തി എന്നാണ്. കൊച്ചിയെ കൊച്ചിയാക്കുന്നത് അത് കൂടിയാണ്. അതില്ലാതായിപ്പോവുമോ എന്നാണ് ഇപ്പോഴത്തെ സംശയം”, മുപ്പത് വര്‍ഷത്തിലധികമായി ചീനവലത്തൊഴിലാളിയായ ജിന്‍സണ്‍ പങ്കുവച്ച ആശങ്ക ഇങ്ങനെയാണ്. ചരിത്ര പ്രാധാന്യമുള്ള ചീനവലകള്‍ ഇല്ലാതാവുമോ? വലയില്‍ കോരിയെടുത്തിരുന്ന മത്സ്യസമ്പത്ത് അപ്രത്യക്ഷമാവുമോ? ചീനവലകളില്ലാതായാല്‍ ഫോര്‍ട്ട് കൊച്ചിയിലെ ടൂറിസം ഏത് വഴിക്കാവും? ഫോര്‍ട്ട് കൊച്ചിക്കാരുടെ ആകുലതകളും ചര്‍ച്ചകളും ഇപ്പോള്‍ ഈ വഴിക്കാണ്. “കോടികള് മുടക്കി പണിത ജെട്ടി, ജങ്കാര്‍ അടുപ്പിക്കുന്ന വേറൊരു ജെട്ടി, ഇത്രയൊക്കെ ഉള്ളപ്പോള്‍ എന്തിനാണ് ഈ വലകള്‍ക്കിടയില്‍ ഒരു ജെട്ടിക്ക് മെട്രോ അധികൃതര്‍ തയ്യാറെടുക്കുന്നതെന്നാണ് അറിയാത്തത്. അത് വലിയ വിപത്തുകള്‍ ഉണ്ടാക്കും. ചരിത്ര സ്മാരകങ്ങളുടെ മാത്രം പ്രശ്‌നമല്ല, ഇത് ഉപജീവനത്തിന്റെ പ്രശ്‌നം കൂടിയാണ്”, ചീനവല ഉടമയായ സെബാസ്റ്റ്യന്‍ പറയുന്നു. അതേസമയം, കൊച്ചിയുടെ അഭിമാന പദ്ധതികളില്‍ ഒന്നാണ് വാട്ടര്‍ മെട്രോ. കാലങ്ങളായി ബോട്ടുകളെ ആശ്രയിച്ച് ജീവിക്കുന്നവര്‍ പലരും വാട്ടര്‍ മെട്രോയുടെ കാത്തിരിപ്പിലുമാണ്. എന്നാല്‍ വാട്ടര്‍ മെട്രോ എന്ന് കേട്ടാല്‍ ഫോര്‍ട്ട്‌കൊച്ചിക്കാര്‍ക്ക് ചങ്കിടിപ്പ് കൂടും. കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തായി ചീനവലകള്‍ വിരിച്ചിരിക്കുന്ന പ്രദേശത്തിനരികിലായി മെട്രോ ജെട്ടി വരുന്നു എന്നതാണ് അവരുടെ ആശങ്കകള്‍ക്ക് കാരണം. ബോട്ട് ജെട്ടി നിര്‍മിക്കുവാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങളും രൂക്ഷമായിരിക്കുകയാണ്.

കഴിഞ്ഞയിടെ മെട്രോ ടെര്‍മിനല്‍ സ്ഥാപിക്കാനായി ഭൂ സാങ്കേതിക സര്‍വേയ്‌ക്കെത്തിയ ബോട്ട് ചീനവലയില്‍ ഇടിച്ച് നാശനഷ്ടങ്ങളുണ്ടായത് വരാനിരിക്കുന്ന നാശങ്ങളുടെ മുന്നറിയിപ്പായിട്ടാണ് നാട്ടുകാരും ചീനവല ഉടമകളും തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നത്. ചീനവലകള്‍ സ്ഥാപിച്ചിട്ടുള്ളയിടം ഒഴുക്ക് കൂടിയ സ്ഥലമാണ്. ശക്തമായ ഒഴുക്കില്‍ ബോട്ടുകള്‍ക്ക് നിയന്ത്രണം ലഭിക്കാതാവുകയും ഇത് ചീനവലകള്‍ക്ക് നാശമാവുകയും ചെയ്യും എന്നാണ് അവരുടെ വാദം. ഇതിലുപരിയായി ഈ പ്രദേശത്തേക്ക് ബോട്ടുകള്‍ എത്തിയാല്‍ അത് മത്സ്യസമ്പത്തിനെ തന്നെ ഇല്ലാതാക്കുമോ എന്ന ഭീതിയും ഇവര്‍ പങ്കുവയ്ക്കുന്നു.

നാട്ടുകാരനായ ജോണ്‍ പറയുന്നു: “ഇവിടെ 16 വലകള്‍ ഉണ്ടായിരുന്നതാണ്. 9 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ടെര്‍മിനല്‍ പദ്ധതിക്കുവേണ്ടി ഭൂ സാങ്കേതിക സര്‍വ്വേ നടത്താന്‍ എത്തിയപ്പോള്‍ തന്നെ കോണ്‍ട്രാക്ടറുടെ ബോട്ട് വലയില്‍ കുരുങ്ങി വലയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു എന്നിരിക്കെ ദിനംപ്രതി ധാരാളം ബോട്ടുകള്‍ പോകാന്‍ തുടങ്ങിയാല്‍ ഉള്ള അവസ്ഥ എന്തായിരിക്കും? അന്ന് വല കീറിയിട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് അഞ്ചുദിവസത്തെ തൊഴില്‍ നഷ്ടമായിരുന്നു. ഒരു വല പ്രവര്‍ത്തിപ്പിക്കാന്‍ തന്നെ പത്തു പതിനഞ്ചു പേര്‍ ഒരുമിച്ചു ജോലി ചെയ്യേണ്ടതുണ്ട്. മാത്രവുമല്ല ബോട്ടുകളില്‍ നിന്നും ഉണ്ടാകുന്ന എണ്ണ ചോര്‍ച്ച പോലെയുള്ള സംഭവങ്ങള്‍ മത്സ്യസമ്പത്തിനെ തന്നെ സാരമായി ബാധിക്കും. മത്സ്യത്തൊഴിലാളികള്‍ക്കും വലയുടമകള്‍ക്കും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നഷ്ടപരിഹാരം കൊടുത്തതായി അവര്‍ പറയുന്നുണ്ട്. എന്നാല്‍ ഒരുപാട് കടന്നു ചിന്തിക്കാത്ത മനുഷ്യരെ വിലയ്ക്കുവാങ്ങി പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പണം സമ്പാദിക്കുകയാണ് ചെയ്യുന്നത്. ഫോര്‍ട്ടുകൊച്ചി പോലീസിന് നല്‍കിയ പരാതിയില്‍ ഉടന്‍ നടപടി ഉണ്ടായേ പറ്റൂ. ഞങ്ങള്‍ വികസനവിരോധികള്‍ അല്ല. മെട്രോ ബോട്ട് ജെട്ടി വരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷം ആണുള്ളത്. പക്ഷേ അത് ഈ നാടിന്റെ സമാധാനം നശിപ്പിച്ചുകൊണ്ട് ആവരുത്. ഫോര്‍ട്ടുകൊച്ചിക്കാര്‍ ഒറ്റക്കെട്ടായി ഇതിനെതിരാണ്. ഇവിടെ വളര്‍ന്നവരാണ്, ഞങ്ങള്‍ക്ക് ഇതിന്റെ വില നന്നായി മനസ്സിലാകും. ടൂറിസ്റ്റുകള്‍ക്ക് ചീനവലകളുടെ അടുത്തുനിന്ന് കടപ്പുറത്തേക്ക് നടക്കുക വരെ ചെയ്യാം.”

മെട്രോ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിനായി മൂന്ന് ചീനവലകള്‍ മറ്റൊരിടത്തേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്. കരിപ്പല, ബാങ്ക് വല, സൊസൈറ്റി വല എന്നീ വലകള്‍ മാറ്റിസ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ചീനവല ഉടമകളില്‍ ചിലര്‍ക്ക് ഈ നിര്‍ദ്ദേശത്തോട് എതിര്‍പ്പുണ്ട്. ചീന വലകള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. മൂന്നുവര്‍ഷം മുമ്പ് ചൈനീസ് അംബാസിഡര്‍ കൊച്ചി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ചീനവലയുടെ ദുരവസ്ഥ മനസ്സിലാക്കി ഇവ സംരക്ഷിക്കാന്‍ രണ്ടു കോടി രൂപ വാഗ്ദാനം ചെയ്തു. തങ്ങളുടെ പൈതൃകത്തെ സംരക്ഷിക്കാന്‍ കഴിയുന്നില്ല എന്ന നാണക്കേട് മനസ്സിലാക്കിയ സര്‍ക്കാര്‍ ചീനവല തങ്ങള്‍ തന്നെ സംരക്ഷിച്ചു കൊള്ളാം എന്നും സഹായം വേണ്ടെന്നും അറിയിച്ചു. തുടര്‍ന്ന് ഒന്നരക്കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയെങ്കിലും ഇതുവരെ എവിടെയും എത്തിയിട്ടില്ല. ജൂനിയര്‍ ഫിഫ ലോകകപ്പിന് മുന്നോടിയായി വല നവീകരിക്കാന്‍ ശ്രമം നടത്തുമെന്ന് പറഞ്ഞെങ്കിലും ആ പ്രസ്താവന ജലരേഖയായി. 11 വലകള്‍ നവീകരിക്കുന്നതിനായി ഒന്നര കോടി രൂപയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ അനുമതി ലഭിച്ച് വര്‍ഷങ്ങളായിട്ടും തടി ഇറക്കിയതല്ലാതെ മറ്റൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന ആരോപണവുമുണ്ട്. പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതികളെ സമീപിച്ച് കേസുകള്‍ നടത്തുന്നതിനിടെയാണ് പുതിയ ഭീഷണി തങ്ങളെ തേടിയെത്തിയതെന്ന് ചീനവല ഉടമയായ രാജേഷ് പറയുന്നു. “10-ഉും 14-ഉും പേരുടെ ജീവിതം കഴിഞ്ഞ് പോവുന്നത് ഇത് കൊണ്ടാണ്. 500 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ചീനവലകള്‍ ദ്രവിച്ച്, തൊട്ടാല്‍ പൊടിഞ്ഞ് പോവാന്‍ പാകത്തിലാണ്. എല്ലാ വലകളുടേയും മെയിന്റനന്‍സിന്റെ സമയം അതിക്രമിച്ചിരിക്കുകയാണ്. ഒരു കഷ്ണം ഒടിഞ്ഞാല്‍ ഞങ്ങളത് കെട്ടാന്‍ നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. കഴുക്കോല് ദ്രവിച്ചതുകൊണ്ട് ഇപ്പോള്‍ ഇരുമ്പിന്റെ കുഴലാണ് ഇട്ടിരിക്കുന്നത്. അതെല്ലാം നവീകരിക്കാനായാണ് സര്‍ക്കാര്‍ പദ്ധതി വച്ചത്. കോടികള്‍ അനുവദിക്കുകയും ചെയ്തു. പക്ഷെ ആകെ ഇവര് ചെയ്തതെന്താണെന്ന് ഇവിടെ വന്ന് നോക്കിയാല്‍ മനസ്സിലാവും. കുറേ തടിക്കഷ്ണങ്ങള്‍ കൊണ്ടയിട്ടിട്ടുണ്ട്. തേക്കിന്‍ തടി കിട്ടിയിട്ടുമില്ല. തേക്കിന്‍ തടി കണ്ടുപിടിച്ച് ചീനവല നവീകരിക്കാന്‍ എത്തുമ്പോഴേക്കും ഇവിടെ ഇറക്കിയ തടികള്‍ ചിതലരിച്ച് പോവും. ഇപ്പോള്‍ തന്നെ അത് ജീര്‍ണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അത് തന്നെ ഇറക്കിയത് വല ഉടമകളെല്ലാം കോടതികളില്‍ കേസും കൂട്ടവുമായി നടന്നിട്ടാണ്. പക്ഷെ പിന്നെ ഒരു അനക്കവും ഉണ്ടായിട്ടില്ല. ടെര്‍മിനല്‍ വരാന്‍ എന്റെ വലയും മാറ്റണമെന്ന് പറഞ്ഞിരിക്കുകയാണ്. അത് മാറ്റുന്നതില്‍ എനിക്ക് എതിര്‍പ്പില്ല. ചിലര്‍ക്ക് എതിര്‍പ്പില്ലാതെയുമില്ല. പക്ഷെ മെയിന്റനന്‍സ് ചെയ്യാതെ മെട്രോ ഇവിടെ വന്നാല്‍ ചീനവലകള്‍ക്ക് അത് ദോഷം ചെയ്യും.”

1350-1400 കാലഘട്ടത്തില്‍ കൊച്ചിയിലെത്തിയ ചൈനക്കാരാണ് ചീനവല സ്ഥാപിച്ചതെന്നാണ് ചരിത്രം. ഇവര്‍ കൊച്ചി വിട്ടതോടെ ചീനവലയും പടിയിറങ്ങി. പിന്നീട് പോര്‍ച്ചുഗീസുകാരാണ് ചൈനയിലെ മക്കാവോയില്‍ പോയി ചീനവല വീണ്ടും കൊണ്ടുവന്നത്. അതുകൊണ്ട് ചീനവലയുടെ പേരുകള്‍ പലതും ഇന്നും പോര്‍ച്ചുഗീസ് ഭാഷയിലാണ് – കളസാത്തി, ബ്രാസ്, സവായ തുടങ്ങിയവ. വിദേശികളും സ്വദേശികളുമായ സഞ്ചാരികള്‍ ചീനവല തൊട്ടുനോക്കാനും കയറി ഫോട്ടോയെടുക്കാനും, തരപ്പെട്ടാല്‍ വല വലിച്ചുകയറ്റാനും താത്പര്യം പുലര്‍ത്തുന്നവരാണ്. പ്രാചീന കേരളത്തിന് വിദേശ രാജ്യങ്ങളുമായി ഉണ്ടായിരുന്ന വ്യാപാര ബന്ധത്തിന്റെ തെളിവുകളാണ് ഈ ചീന വലകള്‍ എന്നിരിക്കെ അവയെ സംരക്ഷിക്കുന്നതിനു പകരം നശിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ഫോര്‍ട്ട് കൊച്ചി നിവാസികളുടെ ജനപിന്തുണയോടെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട് എന്നും നാട്ടുകാര്‍ പറയുന്നു. ഈ വലകളെ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും മനോഹരമായ ഒരു കാഴ്ചയാണ്. ചീന വലയില്‍ നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ വലയുടെ അരികത്തു തന്നെ വെച്ച് പാകം ചെയ്തു കൊടുക്കുന്നത് കഴിക്കാനും വിനോദസഞ്ചാരികളുടെ നീണ്ടനിര ഉണ്ടാവാറുണ്ട്. പൈതൃക സ്വത്തായി സൂക്ഷിക്കേണ്ട ചീനവലകളെ ഇല്ലാതാക്കാനുള്ള പദ്ധതിക്കെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.

അതേസമയം, ചീനവല നശിപ്പിച്ചു കൊണ്ടാണ് മെട്രോ ബോട്ട് ജെട്ടി നിര്‍മ്മിക്കുന്നത് എന്നത് തെറ്റായ വാര്‍ത്തയാണെന്ന് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് അഴിമുഖത്തോട് പ്രതികരിച്ചു. “ചീനവലകള്‍ക്ക് യാതൊരു കേടുപാടും ഇല്ലാതെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാത്രമേ അവിടെ വിഭാവനം ചെയ്തിട്ടുള്ളൂ. സ്ഥാപിത താത്പര്യങ്ങളുമായി ഇതിനെതിരെ കിംവദന്തികള്‍ പരത്തുന്നവര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയാണ് ചീനവലകള്‍ പൊളിച്ചുകളയാന്‍ പോകുന്നു എന്നത്”. എന്നാല്‍ ഫോര്‍ട്ടുകൊച്ചിയില്‍ ഉണ്ടായിരുന്ന വിശാലമായ ഒരു മൈതാനം ജൂനിയര്‍ ഫിഫ വേള്‍ഡ് കപ്പിനായി വളച്ചുകെട്ടി വികൃതമാക്കി തദ്ദേശീയര്‍ക്ക് പ്രവേശനം ഇല്ലാതാക്കിയത് പോലെ കൊച്ചിയുടെ കൈയൊപ്പ് ആയ ഈ ചീനവലകളും വിസ്മൃതിയിലേക്ക് മറയുമോ എന്ന ഭയം പങ്കുവെക്കുകയാണ് സഞ്ചാരികളും ഫോര്‍ട്ടുകൊച്ചി നിവാസികളും.

എന്താണ് വാട്ടര്‍ മെട്രോ? 

കൊച്ചി മെട്രോയുടെ അനുബന്ധ ജലപാത പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആണ് ഈ ആശയത്തിന് പിന്നില്‍. കൊച്ചി മെട്രോയുടെ ഫീഡർ സർവീസ് ആയി ഇതിനെ കണക്കാക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ബോട്ടുകളാണ് ഇതിൽ ഉപയോഗിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്നത്. 50 മുതൽ നൂറു വരെ യാത്രക്കാരെ വഹിക്കാവുന്ന ബോട്ടുകൾ ഉപയോഗിക്കുന്നതിനാണ് ഉദേശിക്കുന്നത്. 8 നോട്ടിക്കൽ മൈൽ വേഗതയിൽ ഇവ യാത്ര ചെയ്യും. ആധുനിക സുരക്ഷാ സൗകര്യങ്ങളും വാർത്താവിനിമയ ഉപകരണങ്ങളും ഘടിപ്പിച്ച ബോട്ടുകളാണ് ഉപയോഗിക്കുക. ഒരേ ടിക്കറ്റ് ഉപയോഗിച്ച് കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും സഞ്ചരിക്കത്തക്കവിധത്തിൽ സംവിധാനം ഉണ്ടായിരിക്കും. വാട്ടർ മെട്രോയുടെ ഒന്നാംഘട്ടത്തിൽ 43 ബോട്ടുകൾ ഉപയോഗിച്ച് 7 റൂട്ടുകളിൽ യാത്ര സൗകര്യമൊരുക്കും. രണ്ടാംഘട്ടത്തിൽ പ്രവർത്തനം പൂർത്തീകരിക്കുമ്പോൾ 78 ബോട്ടുകളിലായി 16 പാതകളിൽ യാത്രാസൗകര്യം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ടൂറിസം മേഖലയിൽ വൻ കുതിപ്പിന് വാട്ടർ മെട്രോ ഉപകരിക്കുമെന്ന് കരുതുന്നു. (അവലംബം: വിക്കിപീഡിയ)

Also Read: കാസര്‍കോട് മുണ്ടത്തടം ക്വാറി സമരം: രണ്ടു പേര്‍ അറസ്റ്റില്‍, സിപിഎം നേതാവായ ക്വാറി മുതലാളിയെ പഞ്ചായത്ത് സംരക്ഷിക്കുന്നെന്ന് സമരക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍