UPDATES

ട്രെന്‍ഡിങ്ങ്

ശശികലയ്ക്കും മദനിക്കുമിടയിലെ സജീവമായ വയലന്റ് അന്തര്‍ധാര

മദനിയുടെ വയലന്റ് റെട്ടറിക്കിനെ ന്യായീകരിക്കുന്നവരും ശശികലയ്ക്കു കൈയടിക്കുന്നവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിനു മുന്‍പ് ജവഹര്‍ലാല്‍ നെഹ്രു ബോംബെയിലെ കടപ്പുറത്ത് വോട്ടു ചോദിച്ചു നടത്തിയ ഒരു പ്രസംഗത്തെ കുറിച്ച് രാമചന്ദ്ര ഗുഹ എഴുതുന്നുണ്ട്. കൗതുകകരമായ കാര്യം ആ പ്രസംഗത്തിലെവിടെയും നെഹ്രു, കോണ്‍ഗ്രസിന് എക്‌സ്പ്ലിസിറ്റ് ആയി വോട്ടു ചോദിക്കുന്നില്ല എന്നതാണ് (പ്രസംഗത്തെ കുറിച്ച് രാമചന്ദ്ര ഗുഹ പരാമര്‍ശിക്കുന്ന പത്രറിപ്പോട്ട് വളരെ രസമുള്ളതാണ്). കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്നു പറയാതെ, നാടകീയവും വൈകാരികവുമായ പ്രകടനത്തിലൂടെ, പ്രസംഗം കേള്‍ക്കാന്‍ വന്ന ലക്ഷക്കണക്കിനാളുകളെ നെഹ്രു കയ്യിലെടുത്തു. അവര്‍ അവരുടെ ആയുഷ്‌കാലത്തില്‍ കോണ്‍ഗ്രസിനല്ലാതെ വേറൊരു പാര്‍ട്ടിക്ക് വോട്ട് ചെയ്യില്ല എന്ന രീതിയില്‍ അവരെ മാറ്റിയെടുത്തു. പ്രസംഗിക്കുന്നയാള്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് പ്രസംഗത്തില്‍ എക്‌സ്പ്ലിസിറ്റ് ആയി പറയണ്ട കാര്യമില്ല.

തീവ്ര ഹിന്ദുത്വ നിലപാടുള്ള ശശികലക്കെതിരെ ഈയടുത്ത് റജിസ്റ്റര്‍ ചെയ്ത കേസ് എന്തായി എന്നറിയില്ല. അവരുടെ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ അവരെ ശിക്ഷിക്കാന്‍ പറ്റുമോ എന്നു സംശയമാണ്. അതിന്റെയര്‍ത്ഥം അവര്‍ ആളുകളെ അക്രമകാരികളാക്കാന്‍ പോന്ന വിധത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ല എന്നല്ല. അവരുടെ വാചകങ്ങള്‍ക്കുള്ളില്‍ പ്രകോപനപരതയെ കൃത്യമായി പിന്‍പോയിന്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നാണ്. മുസ്ലിങ്ങളെ കൊല്ലാന്‍ അവര്‍ പ്രസംഗിച്ചിരുന്നോ? ഇല്ല. ക്രിസ്ത്യാനികളെ അടിച്ചോടിക്കാന്‍? ഇല്ല. പക്ഷെ അവര്‍ പ്രസംഗിക്കുമ്പോള്‍ വാക്കുകളേക്കാള്‍ അപകടകരമായ ഒന്നുണ്ട്. പ്രസംഗം എന്ന ആക്റ്റ് തന്നെയാണത്. പ്രസംഗത്തില്‍ അവര്‍ പറയുന്ന വാക്കുകളേക്കാള്‍ അപകടം ആ പെര്‍ഫോമന്‍സ് തന്നെയാണ്. പതിഞ്ഞ ശബ്ദത്തില്‍ തുടങ്ങുന്ന പ്രസംഗത്തിന് പതുക്കെ വേഗവും ശബ്ദവും ഏറി വരുന്നു. ഉച്ചസ്ഥായിയില്‍ പെട്ടെന്ന് അവര്‍ നിശ്ശബ്ദയാവുന്നു. പെട്ടെന്ന് ശബ്ദം താഴ്ത്തി ഓഡിയന്‍സിനോട് എന്തെങ്കിലും ചോദിക്കുന്നു. വീണ്ടും നാടകീയമായി ശബ്ദമുയര്‍ത്തുന്നു. ശബ്ദക്രമീകരണത്തിലൂടെ, ശരീരഭാഷയിലൂടെ, അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ, സട്ട്ല്‍ ആയുള്ള പരിഹാസത്തിലൂടെ, ഇങ്ങനെയൊക്കെയും ആളുകളെ പ്രകോപിപ്പിക്കാം. ഇങ്ങനെയൊക്കെയാണ് അവരതു ചെയ്യുന്നതും. അവര്‍ പ്രസംഗത്തില്‍ അഹിംസയെ കുറിച്ചു പോലും പറഞ്ഞേക്കാം. പക്ഷെ അവരുടെ പ്രസംഗം എന്ന ആക്റ്റ് നൂറു ശതമാനവും ഹിംസാത്മകം തന്നെയാവും. ആ പ്രസംഗം കേള്‍ക്കുന്നവര്‍, അതിന്റെ സ്വാധീനത്തില്‍ പെട്ടു പോവുന്നവര്‍, വയലന്റാവാന്‍ എല്ലാ സാധ്യതയുമുണ്ട്.

ഇതിന്റെ ഒരു സൗകര്യമെന്താണെന്നു വെച്ചാല്‍, ഇത് വ്യക്തമായും ഹെയ്റ്റ് സ്പീച്ചാവുമ്പോഴും അങ്ങനെയല്ല എന്നു വാദിക്കാന്‍ സാധിക്കും എന്നതാണ്. ഇതില്‍ വെറുപ്പുണ്ടാക്കുന്ന വാക്കും വാചകവുമെവിടെ എന്നു പ്രസംഗിക്കുന്നയാള്‍ക്ക് ചോദിക്കാം. അതു കൃത്യമായി പിന്‍പോയിന്റ് ചെയ്യാന്‍ സാധിക്കുകയുമില്ല. ഇത് ഹെയ്റ്റ് സ്പീച്ചാണെന്നു പറയുന്നവര്‍ക്ക് വാക്കുകളുടെയപ്പുറം, ഇതുണ്ടാക്കുന്ന ഫീല്‍, ഇതുണ്ടാക്കുന്ന ക്ഷോഭം, എവിടെ നിന്നു വന്നു എന്ന് യുക്തിപൂര്‍വ്വം വിശദീകരിക്കാന്‍ സാധിക്കുകയില്ല. വാക്കുകള്‍ക്കപ്പുറത്ത് പ്രസംഗം എന്ന ആക്റ്റിലുള്ള ഈ വയലന്‍സ് കോടതിയില്‍ പ്രൂവ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാവും. കോടതിയില്‍ മാത്രമല്ല കോടതിക്കു പുറത്തും വേണമെങ്കില്‍ ഒരാള്‍ക്ക് അവരുടെ പ്രസംഗം മുഴുവന്‍ ക്വോട്ട് ചെയ്തു കൊണ്ട് അവര്‍ ഹിംസാത്മകമായി പ്രസംഗിച്ചിട്ടേയില്ല എന്നു പോലും വാദിച്ചു ജയിക്കാന്‍ പറ്റും. അവരുടെ പ്രസംഗം എന്ന ആക്റ്റിനെ, വോയ്സ് മോഡ്യുലേഷനെ, കേള്‍ക്കുന്നവരില്‍ അതുണ്ടാക്കുന്ന ക്ഷോഭത്തെ, അതേപടി എഴുത്തില്‍ റീപ്രൊഡ്യൂസ് ചെയ്യാന്‍ പറ്റില്ല.

അബ്ദുള്‍ നാസര്‍ മദനിയെ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റ് ചെയ്യുന്നതിനൊക്കെ മുന്‍പ് എന്റെ നാട്ടില്‍ അയാള്‍ പ്രസംഗിച്ചത് കുറച്ചു നേരം കേട്ടു നിന്നിട്ടുണ്ട്. ആ പ്രസംഗം കേള്‍ക്കുന്നവര്‍ക്കറിയാം അത് ഹെയ്റ്റ് സ്പീച്ച് ആണ് എന്ന്. അപ്പോഴും പക്ഷെ അയാള്‍ എക്‌സ്പ്ലിസിറ്റ് ആയി അക്രമത്തെ അനുകൂലിക്കില്ല, അക്രമത്തിന് ആഹ്വാനം ചെയ്യില്ല. അക്രമമരുത് എന്നു പോലും പറഞ്ഞേക്കും. പക്ഷെ സാമൂഹികമായ ഇഴയടുപ്പത്തില്‍ ഗുരുതരമായ വിള്ളലുകള്‍ വീഴ്ത്താന്‍ പോന്നതാണ് അയാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് അന്ന് മുതിര്‍ന്നിട്ടില്ലാത്ത എനിക്കു പോലും മനസ്സിലാക്കാമായിരുന്നു. പ്രവാചകനെ നിന്ദിച്ചയാളുടെ ‘തല ഫുട്ബാളു പോലെ അന്തരീക്ഷത്തിലൂടെ പറന്നു പോവുന്ന’തിനെ കുറിച്ച് മദനി പ്രസംഗിച്ചതിനെ വ്യാഖ്യാനിച്ച് വെടിപ്പാക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ കാണുമ്പോള്‍ തമാശയാണു തോന്നുന്നത്! ആ പ്രസംഗം എല്ലാ വിധത്തിലും വയലന്റ് തന്നെയാണ്. ‘ന്യൂമാന്‍ കോളേജിലെ നക്കാപ്പിച്ചാ ശമ്പളം വാങ്ങി ജീവിക്കുന്ന നാണംകെട്ട എമ്പോക്കി പ്രഫസര്‍’ എന്നാണ് പ്രൊഫ. ടി.ജെ ജോസഫിനെ അയാള്‍ വിശേഷിപ്പിക്കുന്നത്. ‘പുസ്തകം വിറ്റു കിട്ടുന്ന നാണയത്തുട്ടുകള്‍ കൊണ്ട് അരി വാങ്ങി കഞ്ഞി വെച്ചു കഴിക്കേണ്ട ഗതികേടനുഭവിക്കുന്ന പാസ്റ്റര്‍’ എന്ന് വേറെയാരെയോ കുറിച്ചു പറയുന്നു. (അങ്ങനെ കഞ്ഞി വെച്ചു കുടിക്കുന്നത് എന്തോ നാണംകെട്ട ഏര്‍പ്പാടാണ് എന്നാണു ധ്വനി. ഈ ധ്വനിയോടെ പ്രസംഗിക്കുന്നയാളെയാണ് കീഴാളരുടെയും മര്‍ദ്ദിതരുടെയും ഭാഗത്തു നിന്നു സംസാരിക്കുന്നയാളായി പ്രൊജക്റ്റ് ചെയ്യുന്നത്.)

പ്രവാചകനെ നിന്ദിച്ചയാളുടെ തലയറുത്ത സംഭവം മദനി ഉദാഹരിക്കുന്നത്, ‘തന്നെ അധിക്ഷേപിച്ച് വെല്ലുവിളിച്ചയാളുടെ വധത്തില്‍ മുഹമ്മദ് സന്തോഷിക്കുകയല്ല ചെയ്തത് എന്നു സമര്‍ത്ഥിക്കാനാണ്’ എന്നൊക്കെ ചിലര്‍ വ്യാഖ്യാനിച്ചു കാണുന്നു. ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഇത്? ‘അബു ഉബൈദ രണാങ്കണത്തിലേക്ക് ചാടിയിറങ്ങി’ എന്നും പറഞ്ഞു തുടങ്ങുന്ന ഏറ്റുമുട്ടലിന്റെ വിവരണം വളരെ വിശദമായും വൈകാരികമായും മദനി പറഞ്ഞു വെക്കുന്നുണ്ട്. ആ സംഭവത്തെ കുറിച്ചുള്ള വിവരണത്തിന്റെ ഊന്നല്‍ മുഴുവനും പ്രവാചകനോട് അബു ഉബൈദക്കുള്ള തീക്ഷ്ണമായ സ്‌നേഹത്തിനാണ്. സ്വന്തം അച്ഛനായിട്ടു പോലും അബു ഉബൈദ പ്രവാചകനിന്ദ നടത്തിയയാളെ കൊന്നു എന്നതാണ് ആ സംഭവത്തിന്റെ വിവരണത്തിലൂടെ മദനി കമ്യൂണിക്കേറ്റ് ചെയ്യുന്ന ഒരേയൊരു പോയിന്റ്. ‘തീപ്പൊരി പറക്കുന്ന യുദ്ധ’ത്തില്‍ സ്വന്തം പിതാവിന്റെ തല ഫുട്ബാളു പോലെ പറപ്പിച്ചിട്ടും മതിയാവാതെ പിടച്ചു കൊണ്ടിരിക്കുന്ന തല വാള്‍ത്തുമ്പില്‍ കോര്‍ത്തെടുത്ത് പ്രവാചകനു മുന്നില്‍ കാഴ്ച വെച്ചു’ എന്നതാണ്, മദനിയുടെ വാക്കുകളില്‍ ആ സംഭവം. ആ സംഭവത്തിലെ വയലന്‍സ് മദനി വളരെ കളര്‍ഫുളായി പ്രെസന്റ് ചെയ്യുന്നുണ്ട്. ആ ഏറ്റുമുട്ടലില്‍ പ്രവാചകനുള്ള വിഷമമായിരുന്നില്ല, മറിച്ച് സ്വന്തം പിതാവിനെ പോലും കൊല്ലാനൊരുമ്പെടുന്നിടത്തോളം തീക്ഷ്ണമാണ് പ്രവാചകനോടുള്ള വികാരം എന്നതാണ് – അതു മാത്രമാണ് – മദനി പറയാനുദ്ദേശിച്ചത്. അബു ഉബൈദ ചെയ്തതറിഞ്ഞ പ്രവാചകന്റെ മനസ്സു വേദനിച്ചെങ്കിലും, അബു ഉബൈദക്ക് അനുകൂലമായിരുന്നു ഖുര്‍ആന്‍ എന്നും മദനി പറയുന്നുണ്ട്. അബു ഉബൈദയുടെ തീക്ഷ്ണമായ പ്രവാചകസ്‌നേഹമാണ് മാതൃക എന്നതു തന്നെയാണ്, അല്ലാതെ പ്രവാചകന്റെ മനസ്സു വേദനിച്ചതല്ല ദ പോയിന്റ് ടു ടേക്ക് ഹോം.

തീക്ഷ്ണമായ പ്രവാചകസ്‌നേഹം കാരണം പിതാവിന്റെ തല വെട്ടിയയാളെ ‘ഹൃദയാന്തരാളങ്ങളില്‍ ഈമാന്‍ രേഖപ്പെടുത്തപ്പെട്ടവന്‍’ എന്നു ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നതായും മദനി ഇതേ പ്രസംഗത്തില്‍ പറയുന്നു. ‘ചിന്‍വാദ് പാലം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു പ്രവാചകനിന്ദ നടത്തിയവരെ അറസ്റ്റു ചെയ്താല്‍ മാത്രം പോര, അവരെ തൂക്കിക്കൊല്ലുക കൂടി വേണം, അതിനു തക്കവണ്ണമുള്ള കുറ്റമാണ് പ്രവാചകനിന്ദ എന്നും ഇതേ പ്രസംഗത്തില്‍ മദനി പറയുന്നുണ്ട്. ഇതില്‍ കൂടുതല്‍ വയലന്‍സിനെ എങ്ങനെ ന്യായീകരിക്കാനാണ്? പക്ഷെ ആരെയും കൊല്ലാന്‍, ആരെയും ആക്രമിക്കാന്‍, മദനി എക്‌സ്പ്ലിസിറ്റ് ആയി ആഹ്വാനം ചെയ്യുന്നില്ല. അക്രമമരുതെന്നും നമ്മള്‍ സ്വയം നിയന്ത്രിച്ചു നിര്‍ത്തണമെന്നും പറയുന്നുമുണ്ട്. അതു കൊണ്ട്, ‘ഇതെങ്ങനെ ഹെയ്റ്റ് സ്പീച് ആവും’ എന്നു ചോദിക്കാന്‍ അതില്‍ ചെറിയൊരു പഴുതുണ്ട്. (അക്രമം പാടില്ല എന്നു മദനി പറയുന്നതും പക്ഷെ കണ്ടീഷണലാണ്. ‘ഈ പാതയില്‍ ഞങ്ങള്‍ മരിച്ചാല്‍ ഞങ്ങള്‍ക്ക് രക്തസാക്ഷിത്വത്തിന്റെ പുണ്യമാണ് കിട്ടുന്നത് എന്ന വിശ്വാസമുള്ളപ്പോഴാണ് ഞങ്ങളുടെ നേതാക്കള്‍ ഞങ്ങളോട് പരമാവധി ക്ഷമിച്ച്, സഹിച്ച് സമാധാനത്തിന്റെ മാര്‍ഗമവലംബിച്ചു സമരരംഗത്തിറങ്ങാന്‍ പറയുന്നത്’ എന്നാണു മദനി പറയുന്നത്. അക്രമം പാടില്ല എന്നു പറയുമ്പോഴും മരിച്ചാല്‍ ലഭിക്കുന്ന രക്തസാക്ഷിത്വത്തിന്റെ പുണ്യത്തെ കുറിച്ച് മദനി ഓര്‍മ്മിപ്പിക്കുന്നുണ്ട് എന്നു സാരം.)

ഈ പറയുന്നതിനെല്ലാമപ്പുറം, മദനിയുടെ പ്രസംഗത്തിന്റെ രീതി, മന്ദസ്ഥായിയില്‍ തുടങ്ങി പതുക്കെ ഉയര്‍ന്നുയര്‍ന്നു വന്ന് ഒടുക്കം ഉച്ചസ്ഥായിയില്‍ വികാരവിക്ഷുബ്ധതയോടെ പൂത്തുലയുന്ന ശൈലി, ശബ്ദമിടറിയും കോപിഷ്ഠനായും പ്രാര്‍ത്ഥനാനിരതനായും പരിഹസിച്ചും പൊട്ടിക്കരഞ്ഞുമെല്ലാമുള്ള ശൈലി, പ്രസംഗം കേള്‍ക്കുന്നയാളില്‍ കൊണ്ടുവരുന്ന ഒരു മാനസികാവസ്ഥയുണ്ട്. ആ ശൈലിയിലൂടെ പ്രസംഗിക്കുന്നയാള്‍ പെട്ടെന്ന് പ്രസംഗം കേട്ടു നില്‍ക്കുന്നയാളുമായി ഒരു ഇമോഷണല്‍ ബോണ്ടിങ്ങില്‍ എത്തുന്നു. പിന്നെ കടിഞ്ഞാണ്‍ പ്രസംഗിക്കുന്നയാളുടെ കൈയിലാണ്. കേട്ടു നില്‍ക്കുന്നവര്‍ക്ക് വാക്കുകള്‍ക്കപ്പുറം പലതും പ്രസംഗത്തില്‍ നിന്നു വായിക്കാം. പറയുന്നതില്‍ എന്തിനാണ് ഊന്നല്‍ നല്‍കേണ്ടത് എന്ന് പ്രസംഗിക്കുന്നയാള്‍ക്കറിയാം. അയാള്‍ അക്രമമരുത് എന്നും പറഞ്ഞിട്ടുണ്ടാവും. പക്ഷെ അയാള്‍ പറയുന്നതില്‍ എന്തിനെയാണ് ആളുകള്‍ അവഗണിക്കുക എന്ന്, എന്തിനെയാണ് ആളുകള്‍ ആവേശപൂര്‍വ്വം സ്വീകരിക്കുക എന്ന് കൃത്യമായി പ്രസംഗിക്കുന്നയാള്‍ക്കറിയാം. എന്താണ് ഉറക്കെപ്പറയേണ്ടത് എന്നും എന്താണ് പതുക്കെപ്പറയേണ്ടത് എന്നും ഏതു വികാരത്തെയാണ് ടാപ്പ് ചെയ്യേണ്ടത് എന്നും അയാള്‍ക്കറിയാം.

ഈ തരത്തിലുള്ള റെട്ടറിക്കാണ് ഏറ്റവും ഡെയ്ഞ്ചറസ് ആയിട്ടുള്ളത്, ഏറ്റവും ഡിസ്റ്റബിംഗ് ആയിട്ടുള്ളത്. എക്‌സ്പ്ലിസിറ്റ് ആയി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രസംഗമാണെങ്കില്‍, അതു കേള്‍ക്കുന്നയാള്‍ അതിലെ വയലന്‍സിനെ കുറിച്ചു കോണ്‍ഷ്യസാവും. പറയുന്നത് അപകടമാണ് എന്ന് അയാള്‍ക്കു മനസ്സിലാവും. എന്നാല്‍ ഈ തരത്തിലുള്ള റെട്ടറിക്ക് അങ്ങനെയല്ല. അതിലെ വയലന്‍സ് എക്‌സ്പ്ലിസിറ്റ് അല്ല, കേള്‍ക്കുന്നയാള്‍ അതിന്റെ അപകടം അതു കേള്‍ക്കുമ്പോള്‍ തിരിച്ചറിഞ്ഞു കൊള്ളണമെന്നുമില്ല. വയലന്‍സിനെ ഗ്ലോറിഫൈ ചെയ്തു പറഞ്ഞു കൊണ്ടേയിരിക്കുകയും, വയലന്‍സിന് തുറന്ന് ആഹ്വാനം ചെയ്യാതിരിക്കുകയുമാണ് മദനി ചെയ്തത്.

മദനിയെ വിചാരണത്തടവുകാരനായി വളരെക്കാലം വെച്ചു കൊണ്ടിരുന്നതില്‍ – ഇപ്പോഴും വെച്ചു കൊണ്ടിരിക്കുന്നതില്‍ – അനീതി തീര്‍ച്ചയായുമുണ്ട്. പക്ഷെ കേരളത്തിലെ രാഷ്ട്രീയ/സാമൂഹിക ഇടങ്ങളില്‍ മദനിയെപ്പോലൊരാള്‍ ഒരു പ്രാമുഖ്യവും അര്‍ഹിക്കുന്നില്ല. മദനിയുടെ വയലന്റ് റെട്ടറിക്കിനെ ന്യായീകരിക്കുന്നവരും ശശികലയ്ക്കു കൈയടിക്കുന്നവരും തമ്മില്‍ ഒരു വ്യത്യാസവുമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രജേഷ് പണിക്കര്‍

പ്രജേഷ് പണിക്കര്‍

ബ്രിട്ടനിലെ കാർഡിഫ് സർവ്വകലാശാലയിൽ ഫിലോസഫി വിഭാഗം ഗവേഷകൻ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍